സംസാരമാം സാഗരത്തിലംശാന്തം മുങ്ങൊല

//സംസാരമാം സാഗരത്തിലംശാന്തം മുങ്ങൊല
//സംസാരമാം സാഗരത്തിലംശാന്തം മുങ്ങൊല
ആനുകാലികം

സംസാരമാം സാഗരത്തിലംശാന്തം മുങ്ങൊല

ഭൂമിയെ മുഴുവനും കൈപ്പിടിക്കുള്ളില്‍ തീര്‍ക്കും
ഭാവമായിരുന്നെന്‍റെ നില്‍പ്പിലും നടപ്പിലും
അതിനാണഹോരാത്രം വിയര്‍പ്പില്‍ കുളിച്ചതും
അവയെപ്പുല്‍കാന്‍തന്നെ ധൃതിയില്‍ ചലിച്ചതും

പലതും കിട്ടി, എങ്കില്‍ പലതും കൈവിട്ടുപോയ്
ചിലതിന്നരികത്തേക്കെത്തുവാനിന്നും വയ്യ
ജീവിതം ആഹ്ളാദത്തിന്‍ തേരിലേറുവാനത്രെ
ഈവിധമധ്വാനിച്ചു, കാര്യമെന്തഴല്‍മാത്രം!

തൃപ്തമല്ലൊന്നും വേണമിനിയും, കൂടെക്കൂടെ;
ഹൃത്തിലെമോഹത്തിര ആഞ്ഞടിക്കുന്നൂ നിത്യം!
സംസാരസമുദ്രത്തിലെത്രയൂളിയിട്ടാലും
സര്‍വതും വലയിട്ടുപിടിക്കാന്‍ നമുക്കാക!

എന്നുഞാനറിയുമീസത്യ, മന്നാണീ മണ്ണില്‍
മന്നനുമരയനുമൊന്നെന്നബോധംവരൂ,
സമ്പത്തിന്‍ നികുഞ്ജത്തില്‍ കയ്യിട്ടുവാരിക്കൂട്ടാന്‍
വെമ്പുമെന്‍മനസ്സിനെ പിടിച്ചുകെട്ടാന്‍പറ്റൂ,

മാനവമൂല്യങ്ങളില്‍മാലിന്യം കലര്‍ത്തുമെന്‍
മനസ്സില്‍കുടികൊള്ളുമഹങ്കാരങ്ങള്‍ തീരൂ,
സ്നേഹനൂലിഴ ചേര്‍ക്കുമലിവുംകരുണയും
കിനിയൂ, വിനയമെന്‍യാത്രയില്‍കൂടെച്ചേരൂ!

ആറടിമണ്ണിന്‍മാത്രംജന്മികള്‍നാമെന്തിന്നായ്
വീറോടെപോരാടണംക്ഷിതിയില്‍കിതപ്പോടെ!
ഭൂമിയില്‍ മുഴുവനും കയ്യെത്തിപ്പിടിക്കുവാന്‍
കാമിപ്പതെന്തിന്നുനാം വെറുതെ ശാഠ്യത്തോടെ!

പോകുമീധനച്ചാക്കുംസംസാരസുഖങ്ങളും
പാതിയിലൂപേക്ഷിച്ചുനമ്മളൊക്കെയും, കൂടെ-
പ്പോരികില്ലാരുംസ്വന്തമിണയും മക്കള്‍പോലും
തരുകില്ലൊരുതരിധനവും സ്നേഹത്തോടെ

ആകയാലനുദിനമുള്ളതില്‍ സന്തോഷിപ്പിന്‍,
ഭോഗങ്ങള്‍വരുംപോകും, ദുരയെയുപേക്ഷിപ്പിന്‍
ഈശ്വരകൃപക്കൊത്തേസര്‍വ്വതുംകയ്യില്‍ വരൂ,
ശാശ്വത ലോകത്തത്രെ ജീവിതം; ആലോചിപ്പിന്‍!

സുഗന്ധംപരത്തുന്നമുല്ലയായ്, തഴുകുന്ന
മുകിലായ്, വര്‍ണ്ണംതീര്‍ക്കുംവാര്‍മഴവില്ലിന്‍തെല്ലായ്
ജീവിതംമനോഹരമാക്കുവാനാകട്ടെനാ-
മാവതുംമഹിയിതില്‍മേവുവതനുദിനം

print

No comments yet.

Leave a comment

Your email address will not be published.