ശ്രീലങ്ക: ചാവേറുകളോടും ഇസ്‌ലാം നിന്ദകരോടും പറയാനുള്ളത്

//ശ്രീലങ്ക: ചാവേറുകളോടും ഇസ്‌ലാം നിന്ദകരോടും പറയാനുള്ളത്
//ശ്രീലങ്ക: ചാവേറുകളോടും ഇസ്‌ലാം നിന്ദകരോടും പറയാനുള്ളത്
ആനുകാലികം

ശ്രീലങ്ക: ചാവേറുകളോടും ഇസ്‌ലാം നിന്ദകരോടും പറയാനുള്ളത്

നഃസാക്ഷിയുള്ളവരെയെല്ലാം വേദനിപ്പിച്ച ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നേരെ നടന്ന ചാവേർ ആക്രമണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു. പ്രസ്തുത ഭീകരാക്രമണത്തിന് പിന്നിലുള്ളതാരെന്ന് ഇതുവരെയും കൃത്യമായി വ്യക്തമായിട്ടില്ല. നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന ശ്രീലങ്കൻ സർക്കാരിന്റെ ആദ്യകണ്ടെത്തൽ അവർ തന്നെ പിൻവലിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ പേര് ഇതിനകത്ത് വലിച്ചിഴക്കാൻ ശ്രമം നടന്നിരുന്നു. അങ്ങനെ വാർത്ത നൽകിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ നിയമനടപടിക്ക് പോവുകയാണെന്ന് തൗഹീദ് ജമാഅത്തിന്റെ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ തന്നെയും വാർത്ത പിൻവലിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് തോന്നുന്നു. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുടെയെല്ലാം പിതൃത്വം സ്വയം ഏറ്റെടുക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അവകാശവാദമാണ് ഇപ്പോൾ പ്രധാനമായും എല്ലായിടത്തുമുള്ളത്. അതിന്റെ ആധികാരികതയും വസ്തുതയും ശ്രീലങ്കയിലെ തന്നെ തമിഴ് ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ മാധ്യമങ്ങളും ക്രിസ്ത്യൻ ആക്ടിവിസ്റ്റുകളും ഈ ഐസിസ് അവകാശവാദം വെള്ളം തൊടാതെ വിഴുങ്ങാൻ ഞങ്ങളില്ല എന്ന് പറയുന്നുണ്ട്. ഗാർഡിയനിലും ന്യൂയോർക് ടൈംസിലും കാരവൻ മാഗസിനിനുമെല്ലാം ഇതേക്കുറിച്ച അപഗ്രഥനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മുസ്‌ലിം തീവ്രവാദം, ന്യൂസിലാൻഡ് ആക്രമണത്തിനുള്ള പകരം വീട്ടൽ എന്നിങ്ങനെയുള്ള ഇപ്പോഴത്തെ ഭാഷ്യങ്ങൾ ഏറ്റവും കൂടുതൽ ഇപ്പോൾ ചെലവാകുന്നത് ഇന്ത്യയിലാണ്. കോപ്പിയടി മാത്രം പരിചയമുള്ള ഇന്ത്യൻ മാധ്യമങ്ങൾ അത് ആവർത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്.

മ്യാന്മാറിലേതിന് സമാനമായി ശ്രീലങ്കൻ മുസ്‌ലിംകൾ വലിയ ഭീകരമായ ഒരു വംശഹത്യ നേരിടാൻ പോവുന്നു എന്ന ലോകമാധ്യമങ്ങളിൽ വരുന്ന വിദഗ്ദരുടെ നിരീക്ഷണങ്ങളൊന്നും കാണാൻ നമ്മുടെ മാധ്യമങ്ങൾക്ക് താല്പര്യമില്ല. ബുദ്ധന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന മ്യാൻമാർ വംശീയ ഉന്മൂലനത്തിനും ഊർജം പകരാൻ  ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നിൽ മുസ്‍ലിം തീവ്രാവാദമാണെന്ന പ്രചാരണം  ഉപയോഗിക്കാമെന്നതിനാൽ ബുദ്ധന്മാരായിരിക്കാം അതിനു പിന്നിൽ എന്ന രീതിയിലുള്ള അപഗ്രഥനങ്ങളും അവരൊന്നും കാണുന്നു പോലുമില്ല. ചാവേർ ആക്രമണത്തിന് പിന്നിൽ ആര് എന്നതിനേക്കാൾ പ്രധാനമാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്താണ് എന്ന അപഗ്രഥനമെന്ന വിദഗ്ദരുടെ അഭിപ്രായം ശ്രദ്ധേയമാണ്. ന്യൂസ്‌ലാന്റിലെ കൂട്ടക്കൊലക്കുള്ള പ്രതികാരമായി ഐഎസുകാരൻ ആസൂത്രണം ചെയ്തതാണ് ഈ കൂട്ടക്കൊലയെന്ന് വിശ്വസിക്കുവാൻ പ്രയാസമാണെന്ന് ഐഎസ് പഠന വിദഗ്ദന്മാർ വ്യക്തമാക്കിയിട്ടുണ്ട്. എന്ത്, എന്തിന്, ആര് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തെളിഞ്ഞു വരുന്നേയുള്ളൂവെന്ന് സാരം.

ഒന്നുറപ്പാണ്. ചാവേർ ആക്രമണം നടത്തിയതും ആസൂത്രണം ചെയ്തതും ആരാണെങ്കിലും അവർക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന വസ്തുതയാണത്. പ്രതികാരത്തിന് വേണ്ടിയുള്ള ആക്രമണം എന്ന ആശയം തന്നെ ക്വുർആൻ പഠിപ്പിക്കുന്ന ഇസ്‌ലാമിന് അന്യമാണ്. ക്രിസ്ത്യൻ ചർച്ചുകളിൽ ആരാധനക്ക് വന്നവരെ ലക്ഷ്യമാക്കി ബോംബെറിയുവാൻ മുഹമ്മദ് നബി(സ)യിൽ നിന്നും ഇസ്‌ലാം പഠിച്ചവർക്കൊന്നും കഴിയുകയില്ല. അനിവാര്യമായ സാഹചര്യത്തിൽ യുദ്ധം ചെയ്യാൻ ഇസ്‌ലാം കല്പിച്ചത് മതസ്വാതന്ത്ര്യം നില നിർത്തുന്നതിന് വേണ്ടിയായാണ്. ശരിയെന്ന് വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കുവാൻ മുസ്‌ലിംകൾക്ക് മാത്രല്ല സ്വാതന്ത്ര്യമുള്ളത്; മുഴുവൻ വിശ്വാസികൾക്കും അതിന് സ്വാതന്ത്ര്യമുണ്ട് എന്ന് തന്നെയാണ് ഇസ്‌ലാമിന്റെ നിലപാട്. അതാണ് യുദ്ധം അനുവദിച്ചു കൊണ്ടുള്ള ആദ്യസൂക്തങ്ങളിൽ തന്നെ ക്വുർആൻ വ്യക്തമാക്കിയിട്ടുള്ള വസ്തുത. പ്രസ്തുത വചനങ്ങളുടെ സാരം കാണുക: “യുദ്ധത്തിന്ന്‌ ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22:39, 40)

കാര്യങ്ങൾ ഇങ്ങനെയെല്ലാം ആണെങ്കിലും ശ്രീലങ്കയിലെ ഭീകരാക്രമണം നടത്തിയത് ക്വുർആനിൽ നിന്നും നബിജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട മുസ്‌ലിംകളാണെന്ന് കേരളത്തിലെ ചിലർ  കണ്ടെത്തിയിരിക്കുന്നു! യുക്തിവാദികൾ എന്നാണ് ഈ പ്രൊഫഷണൽ ഗവേഷകന്മാർ അവർക്ക് സ്വയം നൽകിയിരിക്കുന്ന പേര്. ആക്രമണത്തിന് ചാവേറുകളെ പ്രേരിപ്പിച്ച ക്വുർആൻ ആയത്തും ഈ പ്രൊഫഷണലുകൾ മഹാഗവേഷണം ചെയ്ത് പുറത്തുവിട്ടിരിക്കുന്നു!!! ഒന്നു രണ്ടു ദിവസങ്ങളായി കേരളത്തിലെ ‘ന്യൂജെൻ’ യുക്തിവാദികളുടെ പ്രധാന സേവനം സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ ക്വുർആൻ പ്രചാരണമാണ്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയത്തിലും ഹോട്ടലുകളിലും നടന്ന അക്രമണത്തിന് ചാവേറുകളെ പ്രേരിപ്പിച്ച ക്വുർആൻ വചനങ്ങളുടെ പ്രചാരണം! ഭീകരതയുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂലം ഇസ്‌ലാമിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കണമെന്ന പടിഞ്ഞാറിന്റെ താൽപര്യം തുടങ്ങിയ കാലത്ത് തന്നെ ഈ പഴകിപ്പുളിച്ച ആരോപണത്തിന്റെ മുനയൊടിക്കാൻ ഇസ്‌ലാമിക പണ്ഡിതൻമാർക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ പുതിയകാലത്ത് നവനാസ്തികർ ഇസ്‌ലാമിനെതിരെയുള്ള വസ്തുനിഷ്ഠമായ വിമർശനത്തിന് പകരമായി നടത്തുന്ന ഇസ്‌ലാംപേടി/വെറുപ്പുൽപാദനം മലയാളി യുവഹൃദയങ്ങളെ എത്രത്തോളം മസ്തിഷ്കപ്രക്ഷാളനം ചെയ്തിട്ടുണ്ടെന്ന് ഇത്തരം സോഷ്യൽ മീഡിയ ആന്റി-ഇസ്‌ലാമിക് പോസ്റ്റുകളുടെ കമന്റ്സുകൾ മാത്രം വായിച്ചാൽ മനസിലാവും.

തങ്ങളുടെ കേവല യുക്തി പോലും ഇസ്‌ലാമുമായി ബന്ധപ്പെട്ട ചർച്ചകൾ വരുമ്പോൾ നവനാസ്തികർക്ക് ബോധപൂർവ്വമോ അല്ലാതെയോ നഷ്ടമാവുന്നു എന്നാണ് സത്യം. സാം ഹാരിസൺന്റെയും റിച്ചാർഡ് ഡോക്കിൻസിന്റെയും മുതൽ കേരളത്തിൽ ചുംബന-ബത്തക്ക സമരങ്ങളിലൂടെ വളർന്നുവരുന്ന വിപ്ലവ യുവത്വങ്ങൾ വരെയുള്ള നവനാസ്തികരുടെ പ്രസ്ഥാവനകളിലൂടെ കണ്ണോടിക്കുന്നവർക്കെല്ലാം അത് കൃത്യമായി ബോധ്യപ്പെടും. വലിയ ഗവേഷകരായ മലയാളത്തിലെ ചില യുക്തിവാദികളുടെ ഇസ്‌ലാം വിമർശന ഫേസ്ബുക്ക് പോസ്റ്റെല്ലാം വായിച്ചു കഴിഞ്ഞാൽ അവരോട് സഹതാപം തോന്നിപ്പോവും. ഒരിക്കൽപോലും ക്വുർആനോ നബിവചനങ്ങളോ വായിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമാണ് ലോകത്തെ ഏറ്റവുമധികം തിന്മ നിറഞ്ഞ മതമെന്ന് എഴുതുന്നതിൽ യാതൊരു വൈമനസ്യവും തോന്നാത്ത റിച്ചാർഡ് ഡോക്കിൻസിന്റെ ‘യുക്തി’ബോധത്തെ  നിർബാധം പിന്തുടരുകയാണ് കേരളത്തിലെ നവയുക്തിവാദികളും.

ഇസ്‌ലാം വിരുദ്ധ (കു)പ്രചരണത്തോടുള്ള പ്രതിബദ്ധതയുടെ നൂറിലൊരംശം  തങ്ങൾ തെറ്റുദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ജിഹാദ് പോലുള്ള സംജ്ഞകളുടെ നിജസ്ഥിതി ഇസ്‌ലാമിക പ്രമാണങ്ങളിൽ വസ്തുനിഷ്ഠമായി പഠിക്കാൻ മാറ്റിവെച്ചാൽ ഒലിച്ചുപോകാവുന്നതേയുള്ളൂ ഇവരുടെയൊക്കെ മനസിൽ അടിഞ്ഞുകൂടിയ ഇസ്‌ലാം വെറുപ്പ്.

നാം ഏതെങ്കിലുമൊരു പുസ്തകമെടുക്കുക. ആ പുസ്തകത്തിൽ ‘കൊല്ലുക’ എന്നൊരു ക്രിയ കാണുന്നു. നാം എന്താണ് ചെയ്യുക? ‘കൊല്ലുക’ എന്ന ക്രിയ ആ പുസ്തകത്തിലുള്ളത് കൊണ്ട് മാത്രം ആ പുസ്തകം അപകടകാരിയാണെന്ന് പറയുമോ? അതല്ല ആ ക്രിയ അവിടെ വരാൻ കാരണമായ സന്ദർഭം മനസ്സിലാക്കുവാൻ അതിന് മുമ്പും ശേഷവുമുള്ള വാചകങ്ങൾ വായിക്കുമോ? സാമാന്യ ബുദ്ധിയുള്ള മനുഷ്യൻ രണ്ടാമത് പറഞ്ഞതാണ് ചെയ്യുക.ഒന്നാമത്തെ രീതി സ്വീകരിക്കുക അൽപ ജ്ഞാനവും അഹങ്കാരമുള്ളവർ മാത്രമായിരിക്കും. ഈ ഒന്നാമത്തെ രീതിയാണ് ഇസ്‌ലാമിക പ്രമാണങ്ങളിലെ ചില പ്രയോഗങ്ങളോട് ‘സ്വതന്ത്ര ചിന്തകർ’ എന്ന് സ്വയമവകാശപ്പെടുന്ന യുക്തിവാദികൾ സമീപിക്കുന്ന രീതി.

ആരാധനക്ക് വേണ്ടി കൃസ്ത്യൻ പള്ളിയിൽ വന്ന വിശ്വാസികളെ കൊന്നൊടുക്കുവാൻ ചാവേറുകളെ പ്രേരിപ്പിച്ച ആയത്ത് ഏതാണെന്നറിയേണ്ടേ??!! സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പ്രസ്തുത ആയത്തിന്റെ സാരം ഇങ്ങനെയാണ്:
“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവ വിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കു വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് (ക്വുർആൻ 9: 5)

ഇസ്‌ലാമിലെ വളരെ പവിത്രമായ ഒരു ശബ്ദമാണ് ജിഹാദ്. അതേസമയം ഇന്ന് ഇസ്‌ലാമിനെ ഭീകരവാദവുമായി കൂട്ടിയോജിപ്പിക്കാനുള്ള  ഒരു ‘പാല’മായാണ്  ഇസ്‌ലാം വിരോധികൾ ‘ജിഹാദ്’ എന്ന ശബ്ദത്തെ ഉപയോഗിക്കുന്നത്. ജിഹാദുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഇസ്‌ലാം വിമർശകർ അവരുടെ തുരുപ്പുചീട്ടായി ഉപയോഗിക്കുന്ന വചനമാണ് മുകളിൽ കൊടുത്ത വിശുദ്ധ ക്വുർആനിലെ ഒമ്പതാം അധ്യായത്തിലെ അഞ്ചാം വചനം. ഈ വചനത്തിന്റെ ആദ്യഭാഗം മാത്രമാണ് പലപ്പോഴും അവർ ഉദ്ധരിക്കാറുള്ളത്. ബാക്കി ഭാഗം കൂടി കൊടുത്താല്‍ വിമര്‍ശനത്തിന്‍റെ മൂര്‍ച്ച കുറഞ്ഞാലോ! പ്രസ്തുത വചനത്തിന്‍റെ അവതരണ പശ്ചാത്തലം ഈ അധ്യായത്തില്‍ തന്നെ വ്യക്തമാണ്. ആ ഭാഗങ്ങള്‍ ഇസ്‌ലാമോഫോബിയക്കാര്‍ക്ക് ആവശ്യമില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ചരിത്രപരമായി പരിശോധിച്ചാല്‍ മുസ്‌ലിംകളും ബഹുദൈവ വിശ്വാസികളും പത്ത്  വര്‍ഷത്തെ സമാധാന കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. പരസ്പരം ആക്രമിക്കില്ല എന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ മറുപക്ഷം ഈ കരാര്‍ ഏക പക്ഷീയമായി ലംഘിക്കുകയും മുസ്‌ലിംകളുടെ തമ്പുകള്‍ ആക്രമിക്കുകയും തമ്പുകളിലെ ഏതാണ്ട് എല്ലാവരെയും കൊന്നൊടുക്കുകയും ചെയ്തു. ഈ കരാറിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത് തന്നെ.

“ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു”. (ക്വുർആൻ 9:1)

അവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ കരാര്‍ ലംഘിക്കാത്തവരോട് തുടര്‍ന്നും സമാധാന കരാര്‍ തുടരുമെന്നും ക്വുര്‍ആനില്‍ കരാര്‍ ലംഘിച്ച്‌ അതിക്രമം കാണിച്ചവരോട് മാത്രമാണ് യുദ്ധം ക്വുര്‍ആന്‍ അനുവദിക്കുന്നത്. അക്കാര്യം വ്യക്തമായി വ്യക്തമാക്കുന്നത് കൂടി കാണുക:

“എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട് നിങ്ങളോട് അത് പാലിക്കുന്നതില്‍ യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു”. (ക്വുർആൻ 9: 4)

സമാധാന കരാറില്‍ ഏര്‍പ്പെട്ടവരില്‍ തന്നെ ഒരു വിഭാഗം മാത്രമാണ് കരാര്‍ ലംഘിച്ചതെന്നും അവരോടു മാത്രമാണ് ഇനി കരാര്‍ പ്രകാരമുള്ള ബാധ്യത ഒഴിവാകുന്നത് എന്നും സമാധാന കരാര്‍ പാലിക്കുന്ന അമുസ്‌ലിംകളോട് സമാധാനത്തില്‍ തന്നെ വര്‍ത്തിക്കുമെന്നുമാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. സത്യത്തില്‍ ഇക്കാര്യത്തില്‍ ഇസ്‌ലാമിന്‍റെ വ്യക്തമായ നിലപാടാണ് ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്. സമാധാന കാംക്ഷികളോട് സമാധാനം, യുദ്ധം ചെയ്യുന്നവരോട് മാത്രം പ്രത്യാക്രമണം. ഈ വചനങ്ങളാണ് അമുസ്‌ലിംകളെ എവിടെ കണ്ടാലും കൊല്ലണം എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത് എന്നോര്‍ക്കുക. ഇനി അവരില്‍ നിന്ന് തന്നെ ആരെങ്കിലും അഭയം തേടിയാല്‍ അതും നല്‍കണമെന്നും അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കണമെന്നും കൂടി ഇതേ അദ്ധ്യായത്തില്‍ തൊട്ടടുത്ത്‌ തന്നെ പറയുന്നുണ്ട് എന്നറിയുമ്പോഴാണ് ഇസ്‌ലാം വിമര്‍ശകരുടെ കാപട്യത്തിന്‍റെ ആഴമറിയുക.

“ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്‍റെയടുത്ത് അഭയം തേടിവന്നാല്‍ ‎അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ ‎അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ‎ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് “. ‎ (ക്വുർആൻ 9: 6)

ഈ വചനങ്ങളുടെ തൊട്ടു മുന്‍പും ശേഷവുമുള്ള വചനങ്ങള്‍ എല്ലാം അവരുടെ അതിക്രമത്തെ കുറിച്ചും കരാര്‍ ലംഘനത്തെകുറിച്ചുമാണ് വ്യക്തമാക്കുന്നത്. മാത്രമല്ല അവരാണ് യുദ്ധം തുടങ്ങിയത് എന്നും (9:13) കാണാം.

ഇവിടെ നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം ‘അമുസ്‌ലിംകളെ കണ്ടിടത്ത് വെച്ച് കൊല്ലുക’ എന്ന ക്വുർആനിലെ പ്രഖ്യാപനം എന്തുകൊണ്ട് മുഹമ്മദ് നബി(സ)യോ അവിടുത്തെ അനുചരന്മാരോ പതിനാല് നൂറ്റാണ്ട് കാലമായി ക്വുർആനികാധ്യാപനങ്ങൾ അക്ഷരം പ്രതി ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്ന  മുസ്‌ലിംകളോ സ്വീകരിച്ചില്ല? ഉത്തരം ലളിതമാണ്, യുക്തിവാദികളെപ്പോലെ സന്ദർഭത്തിൽ നിന്നടർത്തി അവ മനസ്സിലാക്കുന്നവരല്ല മുസ്‌ലിംകൾ. ഇസ്‌ലാമികരാഷ്ട്രത്തിൽ ജീവിക്കുകയും മുസ്‌ലിംകളോട് സമാധാനകരാറിൽ ഏർപ്പെടുകയും ചെയ്തതിന് ശേഷവും നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം മുസ്‌ലിം ഭവനങ്ങൾ ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അപായപ്പെടുത്തുകയും ചെയ്യുന്നവരെ കണ്ടിടത്ത് വെച്ച് കൊല്ലാൻ മുസ്‌ലിം പടയാളികൾക്ക് നൽകുന്ന കല്പനയാണിതെന്ന് മുസ്‌ലിംകൾക്കെല്ലാം അറിയാം; അത് കൊണ്ട് തന്നെയാണ് പതിനാല് നൂറ്റാണ്ടുകളായി ഒരൊറ്റ അമുസ്‌ലിമും കണ്ടിടത്ത് വെച്ച് കൊല്ലപ്പെടാത്തത്. അങ്ങനെ കൊല്ലുവാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നതെന്ന് പറയുന്നവർ, പ്രസ്തുത ആഹ്വാനം മുസ്‌ലിംകൾ പ്രാവർത്തികമാക്കിയതിന് ചരിത്രത്തിൽ നിന്ന് ഒരു ഉദാഹരണമെങ്കിലും ഉദ്ധരിക്കുകയാണ് അല്പമെങ്കിലും ‘യുക്തി’ ബാക്കിയുണ്ടെങ്കിൽ ചെയ്യേണ്ടത്.

ഒരു ജീവിത ദർശനമെന്ന നിലക്ക് ഇസ്‌ലാം മുസ്‌ലിംകളോട് ആയുധമെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അത് തോന്നുന്നവർക്കെല്ലാം തോന്നിയ രൂപത്തിൽ നടപ്പിലാക്കാൻ പറ്റുന്ന ഒരു ഏർപ്പാടല്ല. മറിച്ച് അത് ആര് എപ്പോൾ എങ്ങിനെ എവിടെ ചെയ്യണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ കൃത്യമായി പഠിപ്പിക്കുന്നുണ്ട്.

ആദർശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലാമിലെ യുദ്ധം. എതിരാളികളുടെയെല്ലാം ഉന്മൂലനത്തിന് വേണ്ടിയല്ലത്. ലോകത്തിന്റെ മേൽ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശനം സ്ഥാപിക്കാനുമല്ല. അതിൽ പ്രതിരോധമുണ്ട്; പ്രത്യാക്രമണവുമുണ്ട്. നാടിനെ നശിപ്പിക്കാനും ഇസ്‌ലാമികാദർശത്തെ വേരോടെ പിഴുതെറിയാനും വേണ്ടി ഇസ്‌ലാമിക രാഷ്ട്രത്തെ ആക്രമിക്കാനായി വരുന്നവരെ പ്രതിരോധിക്കേണ്ടപ്പോൾ പ്രതിരോധിച്ചും പ്രത്യാക്രമണം നടത്തേണ്ടപ്പോൾ അങ്ങനെ ചെയ്തും നാടിനെ സംരക്ഷിക്കലാണത്. അത് നടക്കേണ്ടത് രാഷ്ട്രത്തലവന്റെ നേതൃത്വത്തിലാണ്.

യുദ്ധത്തിലല്ലാതെ മുസ്‌ലിംകൾക്ക് ആയുധമെടുക്കുവാൻ അനുവാദമുള്ളത് സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി നേർക്കുനേരെ നടത്തുന്ന പോരാട്ടത്തിൽ മാത്രമാണ്.

ആഴ്ചകൾക്കു മുമ്പ് ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയിൽ നടന്ന വെടിവെപ്പിനു പ്രതികാരമായിട്ടാണ് ശ്രീലങ്കയിലെ ചാവേർ ആക്രമണമെന്ന് വാദിക്കുന്നവരോട് ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സംഭവം മാത്രം സൂചിപ്പിച്ച് കുറിപ്പ് അവസാനിപ്പിക്കുന്നു.

രണ്ടാം ഖലീഫ ഉമർ(റ)വിനെ അബൂ ലുഅ ലുഅ എന്നറിയപ്പെട്ട പേർഷ്യൻ അടിമ ഇരുതല മൂർച്ചയുള്ള കത്തികൊണ്ട്  കുത്തിക്കൊലപ്പെടുത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടക്ക് പന്ത്രണ്ട് മുസ്‌ലിംകൾക്ക് അയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരിൽ ഒൻപതു പേർ ഈ പരിക്കിനാൽ പിന്നീട് മരണപ്പെട്ടു. അബൂ ലുഅ ലുഅ സ്വയം തന്നെ കുത്തിച്ചാവുകയും ചെയ്തു. തന്റെ പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ഉബൈദുല്ല (റ) ക്ഷുഭിതനാവുകയും തന്റെ പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ച് പുറത്തിറങ്ങുകയും ചെയ്തു. അബൂ ലുഅ ലുഅയുടെ വീട്ടിലെത്തി അയാളുടെ ഭാര്യയെയും മക്കളെയും അദ്ദേഹം കൊന്നു. വധഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സംശയിച്ച് ക്രൈസ്തവനായിരുന്ന ജാഫ്നയെയും പാർസിയായിരുന്ന ഹുർമുസാനെയും ഉബൈദുല്ല (റ) വധിച്ചു. ഉഥ്മാൻ (റ) ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരമേറ്റശേഷം ആദ്യമായി തീരുമാനിക്കേണ്ടി വന്ന കേസായിരുന്നു ഇത്. വിധി തീരുമാനിക്കാനായി അലി (റ), അംറുബ്നുൽ ആസ് (റ) എന്നിവരടങ്ങുന്ന എന്ന പ്രമുഖ സ്വഹാബിമാരുടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിയമം കയ്യിലെടുത്ത ഉബൈദുല്ല(റ)യെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു അലി(റ)യുടെ അഭിപ്രായം. ഇന്നലെ ഉമറിനെ നഷ്ടപ്പെട്ട കുടുംബത്തിന് ഇന്ന് തന്നെ മകനായ ഉബൈദുല്ലയെകൂടി നഷ്ടപ്പെടുന്നത് സഹിക്കാനാവുകയില്ലെന്നും അതിനാൽ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന് പഴുതുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു അംറുബ്നുൽ ആസ് (റ) അടക്കമുള്ളവരുടെ അഭിപ്രായം. ഉഥ്മാൻ വിഷയം പഠിച്ചു. നിയമം കയ്യിലെടുത്ത ഉബൈദുല്ല കുറ്റവാളി തന്നെയാണെന്നും അദ്ദേഹം വധശിക്ഷ അർഹിക്കുന്നുവെന്നും എന്നാൽ മരണപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് വേണമെങ്കിൽ നഷ്ടപരിഹാരം വാങ്ങി അദ്ദേഹത്തിനു വധശിക്ഷയിൽനിന്ന് ഇളവ് നൽകാമെന്നുമായിരുന്നു ഖലീഫ ഉഥ്മാനിന്റെ വിധി. മരണപ്പെട്ടവർക്ക് അനന്തരാവകാശികളൊന്നുമില്ലാത്തതിനാൽ രാഷ്ട്രത്തിനാണ് നഷ്ടപരിഹാരം സ്വീകരിക്കാനുള്ള അവകാശം. നാലുപേർ വധിക്കപ്പെട്ടതിനാൽ ഓരോരുത്തർക്കും ആയിരം ദീനാർ വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. പത്തു വർഷക്കാലം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധിപനായിരുന്ന ഉമറിന്റെ മകന്റെ പക്കൽ നഷ്ടപരിഹാരമായി നൽകാൻ ഈ തുക ഉണ്ടായിരുന്നില്ല. തന്റെ സ്വന്തം സ്വത്തിൽനിന്ന് ഈ തുക പൊതുഖജനാവിലേക്ക് അടച്ചാണ് ഉഥ്മാൻ (റ) ഉബൈദുല്ലയെ വധശിക്ഷയിൽനിന്ന് നിന്ന് രക്ഷിച്ചത്. സ്വന്തം പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാൻ  ഇസ്‌ലാമികരാഷ്ട്രം അദ്ദേഹത്തിന്റെ മകനെ അനുവദിക്കുന്നില്ലെങ്കിൽ, നിയമം കയ്യിലെടുത്ത് പ്രതികാരം ചെയ്യാൻ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അർത്ഥം. ഇസ്‌ലാമിക രാഷ്ട്രത്തിലില്ലാത്ത ഒരു അവകാശം മുസ്‌ലിമിന് ഇസ്‌ലാമികേതരമായ ഒരു രാജ്യത്തുണ്ടാവുകയില്ലെന്നുറപ്പാണല്ലോ.

നവനാസ്തികരടക്കമുള്ള ഇസ്‌ലാം വിരുദ്ധ പ്രചാരകരും ചാവേർ പ്രേമികളുമെല്ലാം സത്യസന്ധമായും വസ്തുനിഷ്ഠമായും ഇസ്‌ലാമികപ്രമാണങ്ങളെ ഒന്ന് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!! ഇത് ഒരു ആഗ്രഹം മാത്രമാണ്. ഇസ്‌ലാം വിരോധം തലക്ക് കയറി ഭ്രാന്തു പിടിച്ചവർക്ക് അതിന് കഴിയില്ലെന്നറിയാം. അവർക്കാവശ്യം വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കുകയല്ല, മറിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്‌ലാം വിരോധവും വെറുപ്പും പ്രസരിപ്പിക്കുകയും മാത്രമാണ് എന്ന സത്യം അവരെ വായിക്കുന്നവർക്കെല്ലാം മനസ്സിലാവുന്നതാണല്ലോ….

print

6 Comments

  • മാഷാ അള്ളാ
    Alhamdulillah
    ഇത്തരം karmangal ഒരു salihaya amalayi അല്ലാഹ് sweekarikkatte, കൂടുതൽ പ്രവർത്തിക്കാൻ allahu aafiyathum, intellectual properties um nalkatte
    ആമീന്‍

    ഹാജറ 26.04.2019
  • ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണമാറാൻ സഹായിക്കുന്ന കുറിപ്പ്…
    എല്ലാവരും വായിക്കുക സത്യം മനസ്സിലാക്കുക.

    abduljaleel Eriyadan 27.04.2019
  • കൊളംബോ: 250ലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊളംബോ സ്ഫോടനപരമ്പരയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. തീവ്രനിലപാട് പുലർത്തിയിരുന്ന നാഷണൽ തൗഹീദ് ജമാഅത്ത്, ജമാഅത്തെ മില്ലത്തു ഇബ്രാഹിം എന്നീ സംഘടനകളെയാണ് നിരോധിച്ചത്. ശ്രീലങ്കൻ പ്രസിഡൻറ് മൈത്രി പാല സിരിസേന പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

    ABDUL AZEEZ 28.04.2019
  • ഭീകരവാദത്തിന് മതമുണ്ടോ??

    ഓരോ ഭീകരവാദ ആക്രമണങ്ങളും കൂട്ടക്കൊലകളും ഉണ്ടാകുമ്പോൾ പൊതുവിൽ ചോദിയ്ക്കപ്പെടുന്ന ഒരു ചോദ്യമാണ് തലക്കെട്ടിൽ സൂചിപ്പിച്ചിരിയ്ക്കുന്നത്. നമുക്ക് ഈ വിഷയം സംക്ഷിപ്തമായി ഒന്ന് വിശകലനം ചെയ്ത നോക്കാം. ആദ്യമായി മതത്തെയും ഭീകരവാദത്തെയും സാമാന്യമായി ഒന്നു നിർവചിയ്ക്കാം. മതത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറി നൽകുന്ന നിർവചനം ഇതാണ്.

    “The belief in and worship of a superhuman controlling power, especially a personal God or gods”.

    (അതിമാനുഷികമായ ഒരു നിയന്ത്രണ ശക്തിയിൽ, പ്രതേകിച്ചു വ്യക്തിഗത ദൈവത്തിലോ ദൈവങ്ങളിലോ ഉള്ള വിശ്വാസം)

    ഇനി ഭീകരവാദത്തിന്റെ ഓക്സ്ഫോർഡ് ഡിക്ഷണറി നൽകുന്ന നിർവചനം നിർവചനം നോക്കാം.

    “The unlawful use of violence and intimidation, especially against civilians, in the pursuit of political aims”

    (“രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ജനങ്ങൾക്കെതിരായ അക്രമത്തിന്റെയും ഭീകരതയുടെയും നിയമവിരുദ്ധമായ ഉപയോഗം” )

    മേൽ സൂചിപ്പിച്ച നിർവചനകളിൽ നിന്നും നമുക്കൊരു കാര്യം ബോധ്യമാകും. ഭീകരവാദത്തിന് മതം നിര്ബന്ധമൊന്നും അല്ല. മതം ഉണ്ടെങ്കിലേ തീവ്രവാദം ഉണ്ടാകൂ എന്നും ഇല്ല. നിലനിൽക്കുന്ന ഒരു രാഷ്ട്രീയ – സാമൂഹിക – ഭരണ വ്യവസ്ഥയെ ഉന്മൂലനം ചെയ്ത് മറ്റൊരു രാഷ്ട്രീയ – സാമൂഹിക – ഭരണ വ്യവസ്ഥ സ്ഥാപിയ്ക്കാനുള്ള വ്യഗ്രതയോടെ ജനങ്ങൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും അക്രമങ്ങൾ അഴിച്ചുവിടുകയും അവരെ ഭീതിയിലാക്കുകയും ചെയ്യുന്ന പ്രക്രിയയെ ഭീകരവാദം എന്ന് വിളിയ്ക്കാവുന്നതാണ്. ജനങ്ങളിൽ ബഹു ഭൂരിപക്ഷവും ഒരു പ്രത്യേക രാഷ്ട്രീയ – സാമൂഹിക – ഭരണ വ്യവസ്ഥയെ അഭിലക്ഷണീയമായി കാണുകയും മറ്റൊരു ന്യൂനപക്ഷത്തിന് ഈ വ്യവസ്ഥയെ ഉൾക്കൊള്ളാൻ കഴിയാതിരിയ്ക്കുകയും അവർ ആഗ്രഹിയ്ക്കുന്ന ഒരു വ്യവസ്ഥ നടപ്പിലാക്കുന്നതിനു അധികലാശായ അഭിവാഞ്ഛ ഉണ്ടാകുകയും ചെയ്യുന്നതാണ് ഭീകരവാദത്തിലേക്കുള്ള ആദ്യത്തെ തലം എന്ന് പറയുന്നത്. ഇനി ഒരു പ്രത്യേക സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ രാഷ്ട്രീയ – സാമൂഹിക – ഭരണ വ്യവസ്ഥയോട് നീരസം തോന്നുന്ന അസരത്തിൽ ഒരു കൂട്ടർ മുന്നോട്ട് വയ്ക്കുന്ന പുതിയൊരു വ്യവസ്ഥയോട് അനുഭാവം ഉണ്ടാവുകയും അത് സാധ്യമാക്കുന്നതിനു ആ സമൂഹത്തിൽ പ്രാബല്യത്തിൽ ഇരിയ്ക്കുന്ന നിയമവ്യവസ്ഥയ്‌ക്കെതിരെ പോരാടുന്നതിനെ സ്വാതന്ത്ര്യസമരമെന്നോ വിപ്ലവമെന്നോ ഭരണകൂടത്തിനെത്തിനെതിരായ ജനകീയ കലാപമെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാവുന്നതാണ്. രക്തരൂക്ഷിതമായ ഫ്രഞ്ച് വിപ്ലവവും അമേരിക്കൻ ഭൂഖണ്ഡത്തിലെ കോളനി നിവാസികളും ബ്രിട്ടീഷ് കോളണിയലിസ്റ്റ് ഭരണകൂടവും തമ്മിൽ നടന്ന സംഘർഷങ്ങളെയുമൊക്കെ ഈ ഗണത്തിൽപെടുത്താവുന്നതാണ്. ഭീകര വാദപ്രസ്ഥാനങ്ങൾ അവരെ സ്വയം വിശേഷിപ്പിയ്ക്കുന്നത് വിപ്ലവകാരികൾ എന്നോ സ്വാതന്ത്ര്യസമര പോരാളികൾ എന്നോ ഒക്കെയാകും.

    സമൂഹത്തിൽ വിവിധ ചിന്താധാരകളും ജീവിത വീക്ഷണങ്ങളും ഒക്കെ നിലനിൽക്കുന്നത് സ്വാഭാവികമാണ്. കൂടാതെ ജാതി,മതം,വർഗ്ഗം, വർണ്ണം, ഭാഷ, സംസ്‌കാരം എന്നിങ്ങനെ വൈവിധ്യമാർന്ന ഘടകങ്ങളും നിറഞ്ഞുനില്ക്കുന്നു. ഇവയെല്ലാം കൂടി ഉൾക്കൊണ്ട് സമൂഹത്തെ സഹവർത്തിത്തോടെ നിലനിർത്തിക്കൊണ്ട് പോകുന്നതിന് ആധുനീക സമൂഹങ്ങൾ സ്വായത്തമാക്കിയിരിയ്ക്കുന്ന ഒരു ഉപാധിയാണ് ജനാധിപത്യം എന്നുള്ളത്. നമുക്ക് തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാകാമെങ്കിലും നമുക്ക് ഒന്നിച്ച് പോകുന്നതിനു അതൊരു തടസമല്ല എന്നുള്ളതാണ് ജനാധിപത്യത്തിന്റെ പ്രത്യയ ശാസ്ത്രം. ജനത്തിന് അവർക്ക് ഇഷ്ടമുള്ള ഭരണകർത്താക്കളെ തെരെഞ്ഞെടുക്കുന്നതിനും മാറ്റുന്നതിനും ഉള്ള സൗകര്യം ജനാധിപത്യ വ്യവസ്ഥയിൽ ലഭ്യമാണ്. ആശയ കലാപങ്ങൾക്ക് പകരം ആശയ സംവാദങ്ങൾക്കാണ് ജനാധിപത്യത്തിൽ വിലകല്പിയ്ക്കപ്പെടുന്നത്. ആധുനീക സമൂഹം ഉയർത്തിപ്പിടിയ്ക്കുന്ന മറ്റൊരുകൺസെപ്റ്റ് ആണ് മതേതരത്വം. സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് മതത്തെ ഒഴിവാക്കി നിർത്തുകായും വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒതുക്കുകയും എന്നുള്ളതാണ് മതേതരത്വം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വിവിധ മതവിഭാഗങ്ങൾ ഒന്നിച്ച് നിലനിൽക്കുന്ന അവസരത്തിൽ ഇത് അനുപേക്ഷണീയമാണ്.

    ഭീകരവാദത്തിനു ഒരു ആശയസംഹിതയും രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകളും ഉണ്ടായിരിയ്ക്കും. നാസിസം, ഫാസിസം, മാവോയിസം എന്നിങ്ങനെയുള്ള ഇസങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. ഇത്തരം ഒരു ആശയ സംഹിതകളുടെയും സാമൂഹിക – രാഷ്ട്രീയ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണ് ഇസ്‌ലാമിക തീവ്രവാദവും നിലനിൽക്കുന്നത്. ഈ ആശയാടിത്തറ ഇസ്‌ലാമിക്ക് ഭീകരവാദികൾ സ്വയം ഉണ്ടാക്കിയതൊന്നുമല്ല എന്നുള്ളത് ആ മതത്തെക്കുറിച്ച് പ്രാഥമികമായി അറിയാവുന്നവർക്കൊക്കെ ഏകദേശ ധാരണയുണ്ട്. ലോകത്തെ അല്ലാഹുവിന്റെ ആധിപത്യത്തിൽ കൊണ്ടുവരിക എന്നുള്ളതാണ് ഇസ്‌ലാമിക ഭീകരവാദികൾ മുന്നോട്ട് വയ്ക്കുന്ന ആശയം ഇസ്‌ലാമിക ഭീകരവാദം ഇസ്‌ലാമിക് ഐഡിയോളജിയിൽ നിന്ന് തന്നെയാണ് ഉണ്ടാകുന്നത്

    ഇവനോ ഹരാരി പറഞ്ഞതുപോലെ ലോകം ഇന്ന് ഏറ്റവും കുറഞ്ഞ സംഘർഷപാതയിലൂടെയാണ് കടന്നു പോകുന്നത്. പ്രമുഖ ,മതങ്ങളുടെ തീവ്രതയൊക്കെ കുറഞ്ഞുവരുന്ന സമയമാണ് ഇത് .മനുഷ്യരുടെ മനസ്സ് രാജ്യാതിർത്തികൾ വിട്ട് കൂടുതൽ വിശാലമായി മാറിക്കൊണ്ടിരിയ്ക്കുന്നു. പൊതുതാൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ തമ്മിൽ കൂട്ടായ്മകൾ ഉണ്ടാക്കി മുന്നേറുന്നു. സേവനങ്ങളും ഉൽപ്പന്നങ്ങളും പങ്ക് വയ്ക്കുന്നു. ജനാധിപത്യം കൂടുതൽ സ്വീകാര്യമാകുന്നു. ഈ അവസ്ഥയിലാണ് ഒരു മതം പിന്നോട്ട് സഞ്ചരിയ്ക്കുന്നത്, ആധുനീക സംസ്കാരത്തെ അത് ചവിട്ടി മതിയാക്കുന്നു. 1400 വർഷങ്ങൾക്കപ്പുറമുള്ള ഒരു ലോകത്ത് എത്തിയ്ക്കാൻ പൊട്ടിത്തെറിയ്ക്കുന്നു.ആ മതത്തിലേക്ക് ആധുനീകതയുടെ വെളിച്ചം എത്തിയ്ക്കാൻ നമുക്ക് എന്തുകൊണ്ടോ കഴിയുന്നില്ല. ഈ ഇസ്‌ലാമിക ചിന്താ ധാരയ്ക്ക് എതിരായ നീക്കങ്ങളും ലോകമാസകലം ഉണ്ടാകുന്നു. ആന്റി ഇസ്‌ലാം – വലതുപക്ഷ ഗവൺമെന്റുകൾപ്രാമുഖ്യം ലഭിയ്ക്കുന്നു. ഇസ്‌ലാം വിരുദ്ധതയ്ക്ക് സമൂഹത്തിൽ മൈലേജ് കിട്ടുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു ന്യൂസിലാണ്ടിൽ നടന്ന കൂട്ടക്കൊലയും ഇതോടൊപ്പം ചേർത്ത് വായിയ്ക്കണം. ഇസ്‌ലാമിക മത ഫണ്ടമെന്റലിസം ലോകക്രമത്തെ തന്നെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിയ്ക്കുന്ന ഈ അവസരത്തിൽ തീവ്രവാദത്തിനു മതമില്ല എന്ന് പറഞ്ഞു മതത്തെ വെള്ളപൂശി നിലനിർത്തുന്നത് ഒട്ടും ഗുണകരമല്ല

    Sijith S 28.04.2019
    • *ഫാഷിസ,നാസിസ,മാവോയിസങ്ങളെ ഇസ്‌ലാമിന്റെ ആലയിൽ കെട്ടുന്നവരോട്*

      നാസിസവും,ഫാസിസവും,മാവോയിസവും, *ഇസ്‌ലാമും* യുക്തിവാദമെന്ന ഏറെ അതിശയോക്തമായ തലത്തിൽ നിന്ന് വിളക്കി ചേർകാൻ ശ്രമിച്ച സഹോദരൻ സിജിത്തിന്റെ സാഹസികത!!!!!

      *എന്താണ് നാസിസം*
      നിരന്തരമായ യുദ്ധങ്ങൾ നൽകിയ സാമ്പത്തീക മാന്ദ്യത്തിൽനിന്നുടലെടുത്ത പിന്നോക്കാവസ്ഥയും ഒന്നാംലോകമഹായുദ്ധത്തിൽ തങ്ങളുടെ പരാജയം നൽകിയ കൈപുനീരിൽ നിന്ന് ഉൽഭവിച്ച അപകർഷതാബോധവും പേറി നിൽക്കുന്ന ജർമനിയിലെ ബവേറിയൻ ജനതക്കായി മ്യൂണിക്ക് ആസ്ഥാനമായി 1919ൽ രൂപം കൊണ്ട ‘ദ് ജർമൻ വർക്കേഴ്സ് പാർട്ടി’ യിൽ സൈനീകനായിരുന്ന ‘അടോൾഫ് ഹിറ്റ്ലർ’ എന്ന 1889ൽ ഓസ്ട്രിയയിൽ ജനിച്ച ലോകം കണ്ട എക്കാലത്തെയും വലിയ ക്രൂരതയുടെ ആൾരൂപം അംഗത്വമെടുക്കുന്നതോടെയാണ് ‘ നാസി’ ആശയത്തിന് ഉയിരിടുന്നത്. 1920ൽ തന്നെ പാർട്ടിയുടെ പേര് ‘നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി’ എന്ന് രൂപാന്തരപ്പെട്ടു .1921ൽ പാർട്ടിയുടെ തലപ്പത്തേക്ക് അവരോധിദനാവുകയും1923ൽ പട്ടാള വിപ്ലവത്തിലൂടെ ‘വെയ്മർ’ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തതിലൂടെ ഒൻപത് മാസത്തെ ജയിൽവാസം അനുഭവിച്ചു. (ഈ സമയത്താണ് ‘മെയിൻകാഫ്’രചിക്കുന്നത്) ശേഷം 1924ൽ ജയിൽ മോചിതനായ ഹിറ്റ്ലർ തന്റെ ദേശീയതയും,ജൂത, കമ്യൂണിസ്റ്റ് വിരോധവും .അയാളുടെ മനോഹരമായ വാക്ചാരുതയിൽ ചാലിച്ച് ജർമനിയിലെ ജനതയ്ക്ക് മുന്നിൽ സമർപ്പിച്ചു. തങ്ങളുടെ പരിതസ്ഥിതിയിൽ രക്ഷകനായെത്തിയ ഹിറ്റ്ലറിൽ നിന്നും വിധ്വേഷങ്ങളുടെയും വിരോധങ്ങളുടെയും നാസീആശയം ഉൾകൊണ്ട ജർമൻ ജനതക്ക് അവരുടേതല്ലാത്ത വിശ്വാസവും വർഗവും സംസ്കാരവും ശത്രുപക്ഷത്തായി . ഇതിലൂടെ ഹിറ്റ്ലറെന്ന പാർട്ടി നേതാവ് നാസിജർമനിയുടെ “സ്വേച്ഛാധിപതി”യായി . 1933ൽ തുടങ്ങിയ സ്വേച്ഛാധിപത്യ ഭരണത്തണലിൽ ജൂതന്മാരുടെയും,ജിപ്സി കളുടെയും, കമ്യൂണിസ്റ്റുകളുടെയും തുടങ്ങീ തങ്ങളുടെ ആശയങ്ങൾക്ക് നേരെ ഒരു ചെറുവിരലനക്കിയവരെയുൾപ്പടെ 1945 ഏപ്രിൽ 30ന് പോളണ്ടിൽ ഹിറ്റ്ലർ തന്റെ കാമുകിയുമൊത്ത് ആത്മഹത്യ തിരഞ്ഞെടുക്കുന്നത് വരെയുള്ള 12 വർഷത്തെ ഭരണം കൊണ്ട് ഓഷ്വ്വിറ്റ്സ് ഗ്യാസ്ചേമ്പറിലുൾപ്പെടെ ഹോളോകാസ്റ്റ് ലൂടെ #നാസിസം തീർത്ത് കളഞ്ഞത് “#അഞ്ച് കോടിയിലധികം* മനുഷ്യജീവനുകളായിരുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഭീകരതക്ക് നൽകിയ നിർവചനത്തെ അർത്ഥവത്താകുന്ന “The unlawful use of violence and intimidation, especially against civilians, in the pursuit of political aims”

      (“രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ജനങ്ങൾക്കെതിരായ അക്രമത്തിന്റെയും ഭീകരതയുടെയും നിയമവിരുദ്ധമായ ഉപയോഗം” ) മുഴുവൻ വശങ്ങളും നാസിസത്തിൽ ദർശിക്കാം.
      *എന്താണ് ഫാസിസം*
      പ്രാമാണിത്ത ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാഷിസം .  ഫാഷിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു.1883 ജൂലൈ 29ന് ഇറ്റലിയിലെ പ്രിഡോപ്പിയയിൽ ഇരുമ്പ് പണിക്കാരനായ പിതാവിനും ടീച്ചറായ മാതാവിനും ജനിച്ച മുസ്സോളിനിയാണ് ഫാഷിസത്തിന്റെ ഉപഞ്ജാതാവ്. അയാൾ ജീവിതോപാധിയായി അധ്യാപക, സൈനീക, പത്രപ്രവർത്തകൻ എന്നീ തുറകളിൽ പ്രവർതിച്ചു. സോഷ്യലിസ്റ്റ് ചിന്തയിൽ നിന്നും മാറി 1919ൽ ജർമനിയിലെ നാസീ രൂപീകരണസമയത്ത് തന്നെ ഇറ്റലിയിൽ ആ നാണയത്തിന്റെ മറുവശമായ ഫാഷിസം സംഘടിത രൂപം കൊണ്ടു. ഹിറ്റ്‌ലറുമായി ചേർന്ന് ജനദ്രോഹ ഭരണം നടത്തി ചരിത്രത്തിന്റെ ഇരുണ്ട താളുകളിലേക് ചേക്കേറി ചരിത്രം കൂടുതൽ വിശദീകരിക്കേണ്ടതില്ല. ഇതും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഭീകരതയുടെ നിർവചനം ശരി വെക്കുന്നു.ശക്തമായ ദേശീയത,പൊതുശത്രുവിനെ നിർണയിക്കുക,ബുദ്ധിജീവികളോടുള്ള എതിർപ്പ്, മീഡിയകളുംപാഠശാലകളും തങ്ങൾകനുകൂലമാക്കുക, മാനുഷിക മൂല്യങ്ങൾക് നേരെയുള്ള കടന്നു കയറ്റം തുടങ്ങീ അരാജകത്വത്തിന്റെ മൂർത്തരൂപമായ ഫാഷിസത്തിന്റെ ജീവിക്കുന്ന തെളിവുകൾ നിലവിൽ നമുക്ക് മുന്നിലുണ്ട് . ഇന്ത്യയിലെ ആൾകൂട്ടകൊലപാതകങ്ങളും , ബുദ്ധിജീവികളുടെ കൊലകളും എന്ത് കൊണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ തീവ്രതയുടെ നിർവചനത്തിൽ ഇടം നടുന്നില്ല?

      *മാവോയിസം*

      1950കളിലും1960കളിലുമൊക്കെയായി
      ചൈനീസ് നേതാവായ മാവോ സെതൂങ്ങിൽ നിന്ന് ഉൽഭവിച്ച ആശയങ്ങളെയാണ് മാവോയിസമെന്ന് പറയുന്നത്. റിവിഷനിസത്തിന് എതിരായ കമ്യൂണിസ്റ്റ് തത്വചിന്തകൂടിയായ മാവോയിസം 1978ൽ വരുത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ കാരണം ചൈനയിൽ തഴയപ്പെട്ടു. ഭൂർഷ്വകൾകെതിരായ വിപ്ലവങ്ങളും,സോഷ്യലിസം സ്ഥാപിക്കലും പ്രധാന ലക്ഷ്യങ്ങളാണ്. ജനാധിപത്യത്തിനെതിരെ ഗ്രാമീണ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന മാവോയിസം ഭരണകൂട വിരുദ്ധതയുടെ ഭീകര ചിന്താധാര സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്നു. ഇവിടെയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഭീകരതയുടെ നിർവചനം യോജിക്കുന്നു.
      *ഇസ്‌ലാം*
      ഇസ്‌ലാം എന്ന പദത്തിന് അർത്ഥം”സമർപ്പണം” “സമാധാനം”എന്ന് വരുന്നു സർവ്വശക്തനായ അല്ലാഹുവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ കരഗതമാകുന്ന സമാധാനമാണ് ഇസ്‌ലാം സൃഷ്ടാവിന്റെ വിധിവിലക്കുകൾ ജീവിതത്തിന്റെ മുഴുവൻ മേഘലകളിലും പാലിക്കുകയെന്നാണ് ഇസ്‌ലാം കൊണ്ട് വിവക്ഷിക്കുന്നത്. കേവലം 1400 വർഷങ്ങൾക്കു മുമ്പ് മാത്രമല്ല ഇസ്‌ലാം ഭൂമിയിൽ വന്നത് ആദിമ മനുഷ്യനും പ്രവാചകനുമായ ആദം (അ)മുതൽ ഇന്നുവരെയുള്ളതും, ലോകാവസാനം വരെ വരാനുള്ളതുമായ മുഴുവൻ മനുഷ്യരിലേക്കുമുള്ള ദൈവീക മതമാണ് ഇസ്‌ലാം . പ്രവാചകൻമാരിലൂടെയുംഅവർക്ക് നൽകപ്പെടുന്ന വേദഗ്രന്ഥങ്ങളിലൂടെയും ക്ഷണികവും,നശ്വരവുമായ ഈ ജീവിതത്തിൽനിന്നും ആർജിച്ചെടുക്കേണ്ടത് അനശ്വരമായ മരണാനന്തര ജീവിതത്തിലേകുള്ള വിഭവ ങ്ങളാണെന്ന് ഉൽഭോദിപ്പിച്ചു. പരലോക ജീവിതവിജയത്തിലെ മാനദണ്ഡം വിശ്വാസ,കർമങ്ങളിൽ അധിഷ്ഠിതമാണ് . അല്ലാഹുവിലും,അവന്റെ മലക്കുകളിലും,അവന്റെ പ്രവാചകൻമാരിലും, വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലും,അവന്റെ നാമഗുണങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്. സ്വർഗ പ്രവേശനത്തിന് നിദാനം വിശ്വസിക്കുകയും സൽകർമം പ്രവർതിക്കുകയുമാകുന്നു

      അവിശ്വാസവും അധർമവും നരകാവകാശിയുമാക്കുന്നു . സൽകർമവും,ദുഷ്കർമവും ഏതൊക്കെയെന്ന് വേദഗ്രന്ഥം വേർതിരിച്ചു നൽകി. അനാഥനെയും, അഗതിയെയും സംരക്ഷിക്കലും, അയൽവാസിയോട് നല്ലനിലയിൽ വർത്തിക്കലും, അന്യരുടെ രക്തവും, അഭിമാനവും,സമ്പത്തും പവിത്രമാക്കിയതിലൂടെ സംരക്ഷിക്കപ്പെടുന്നതും, സൽകർമമാണെന്നും ഇവയുടെ ലംഘനങ്ങൾ തിന്മയാണെന്നും പഠിപ്പിക്കപ്പെട്ടു. രാജ്യം ഭരിക്കുന്ന ഭരണാധികാരി ആരായാലും അനുസരിക്കണമെന്നും, അന്യായമായി ഒരാളെ കൊന്നാൽ ലോകത്തിലെ മുഴുവൻ ജനങ്ങളെയും കൊന്നവനെപ്പോലെയാണെന്നും ഒരു ജീവൻ രക്ഷിച്ചാൽ ലോകത്തിലെ മുഴുവൻ ജനങ്ങളെയും രക്ഷിച്ചവനെപ്പോലെയാണെന്നും പഠിപ്പിച്ചു. മാനവികതയുടെയും, സമാധാനത്തിന്റെയും സന്ദേശങ്ങൾ ഇനിയുമേറെ.(ആവശ്യമെങ്കിൽ ഇനിയും പറയാം) എന്നാൽ ഇവിടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഭീകരതയുടെ നിർവചനം യോജിക്കുന്നതായി കാണുന്നില്ല.!

      ക്രിസ്ത്യാനിയായ ഹിറ്റ്ലറും,നിരീശ്വരവാദിയായ മുസ്സോളിനിയും, ഭൗതിക വാദിയായ മാവോ സെതൂങ്ങും ചെയ്ത ക്രൂരതകൾ വച്ച് കൊണ്ടും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സമാധാനസേന്ദശത്തിൽ നിന്ന് കൊണ്ടും സഹോദരൻ സജിത്തിനോട് ഞാൻ *ഭീകരവാദത്തിന് മതം നിര്ബന്ധമൊന്നും അല്ല. മതം ഉണ്ടെങ്കിലേ തീവ്രവാദം ഉണ്ടാകൂ എന്നും ഇല്ല* എന്നല്ല. മറിച്ച് *ഭീകര വാദവും തീവ്രവാദവും ഇസ്‌ലാം മതദർശനത്തിന് അന്യമാണെന്ന്* തിരുത്തി വായിക്കാനും മനസ്സിലാക്കാനും ആവശ്യപ്പെടുന്നു.

      ഇവിടെ സഹോദരൻ സിജിത്ത് സമർത്ഥിക്കുന്ന ഒരു വശം (ഭീകരവാദത്തിനു ഒരു ആശയസംഹിതയും രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകളും ഉണ്ടായിരിയ്ക്കും. നാസിസം, ഫാസിസം, മാവോയിസം എന്നിങ്ങനെയുള്ള ഇസങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. ഇത്തരം ഒരു ആശയ സംഹിതകളുടെയും സാമൂഹിക – രാഷ്ട്രീയ വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണ് ഇസ്‌ലാമിക തീവ്രവാദവും നിലനിൽക്കുന്നത്.) എന്നാണല്ലോ?
      1):-നാസിസവും,ഫാസിസവും,മാവോയിസവും എവിടെയാണ് ഇസ്‌ലാമുമായി സമരസപ്പെടുന്നതെന്ന് വ്യക്തമാകണം?
      2):- ഇസ്‌ലാം എങ്ങിനെയാണ് 1400 വർഷം ലോകത്തെ പിറകോട്ട് വലിക്കുന്നത്?
      3):-ജനാതിപത്യ പ്രക്രിയയിൽ ഇസ്‌ലാം ഉയർത്തുന്ന തടസ്സമെന്ത്?

      മുഹമ്മദ് ശാഫി പറമ്പിൽ പീടിക 03.05.2019
  • ഇസ്ലാം ഉള്ള കാലത്തോളം ഭീകരതയും ഉണ്ടാകും.ഓരോ ഭീകരാക്രമണത്തിന് ശേഷവും ഇസ്ലാം സമാധാനമാണ് എന്ന പ്രഖ്യാപനവുമുണ്ടാകും.

    Vinod Kumar Edachery 01.05.2019

Leave a Reply to abduljaleel Eriyadan Cancel Comment

Your email address will not be published.