ശിശുഹത്യകൾ: പറയാൻ മറന്ന ചില പാഠങ്ങൾ

//ശിശുഹത്യകൾ: പറയാൻ മറന്ന ചില പാഠങ്ങൾ
//ശിശുഹത്യകൾ: പറയാൻ മറന്ന ചില പാഠങ്ങൾ
ആനുകാലികം

ശിശുഹത്യകൾ: പറയാൻ മറന്ന ചില പാഠങ്ങൾ

താനും ദിവസങ്ങൾക്ക് മുമ്പ് ഒരു മാനസിക അസ്വാസ്ഥ്യമുള്ള മാതാവ് സ്വന്തം കുഞ്ഞിനെ കൊന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. മാതാവ് ഒരു മുസ്‌ലിമാണെന്ന് കേട്ടതും സംഘ് പരിവാറുകാരും ഭൗതികവാദികളുമടക്കം പലരും മതം തപ്പി പിടിച്ചിരുന്നു. അതും ‘ജിഹാദിന്റെ’ ഒരു ശാഖയായി വ്യാഖ്യാനിക്കപ്പെട്ടു. ഖുർആനിലെ ആഴക്കടലിൽ മുങ്ങി താഴുകയായിരുന്ന ജബ്ബാർ മാഷ് പൊങ്ങി വന്ന് ഈ നരബലിക്ക് ഇബ്രാഹീം പ്രവാചകന്റെ കഥയോട് സാമ്യമുണ്ടെന്ന് തട്ടിവിട്ടു. പൊലീസ് തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചു. ഒരു തുമ്പും കിട്ടാകെ ആ വിവാദം സ്വയം കെട്ടടങ്ങി. ഇപ്പോഴിതാ മറ്റൊരു മാതാവ് കുഞ്ഞിനെ കൊന്ന വാർത്ത കാണുന്നു. (ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്തത് കൊണ്ട് വാർത്ത ഇവിടെ ഉദ്ധരിക്കുന്നില്ല.) വിവാദങ്ങളില്ല, ചർച്ചകളില്ല… കാരണം മാതാവ് ഒരു ഹൈന്ദവ സ്ത്രീയാണ്.  സംഘ് പരിവാറുകാർ ഇത് ചർച്ചയാക്കാത്തതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. പക്ഷെ കേരളത്തിലെ ഭൗതികവാദികളുടെ മൗനം അതിഗുരുതരമായ ഒരു സാമൂഹിക രോഗത്തിന്റെ പ്രത്യക്ഷമായ ലക്ഷണമായി വേണം മനസ്സിലാക്കാൻ. ഒരു മുസ്‌ലിം സ്ത്രീ സന്താനത്തെ വധിച്ചത് വിവാദമാക്കുകയും ഒരു ഹിന്ദു സ്ത്രീയുടെ വധത്തെ വിവാദമാക്കാതിരിക്കുകയും ചെയ്ത ഇരട്ടത്താപ്പിനെയല്ല നാം ഇവിടെ വിമർശിക്കുന്നത്. അത്തരം ഇരട്ടത്താപ്പുകളുടെ ആധിക്യം കാരണം അവ മുസ്‌ലിംകൾക്ക് ഒരു പുത്തരിയല്ലാതായിക്കഴിഞ്ഞു. എന്തിനേയും ഏതിനേയും വർഗീയതയുടെ കണ്ണട വെച്ച് മാത്രം വീക്ഷിക്കുന്ന ഒരു വലിയ വിഭാഗം കേരള സമൂഹത്തിൽ ഇടം പിടിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ശിശുഹത്യ വാർത്തകളുമായി ബന്ധപ്പെട്ട് അതിഗൗരവകരമായി അഭിമുഖീകരിക്കേണ്ടിയിരുന്ന ഗുരുതരമായ രണ്ട് പ്രശ്നങ്ങൾ ഈ വർഗീയതയുടെ അതിപ്രസരത്തിൽ ചർച്ച ചെയ്യപ്പെടാതെ പോയി. പ്രസവത്തോട് അനുബന്ധമായി സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദരോഗങ്ങളും അതിനെ തുടർന്ന് സംഭവിക്കാവുന്ന ആത്മഹത്യയും ശിശുഹത്യയുമാണ് ഒന്നാമത്തെ ചർച്ചാ വിഷയം. മാനസിക രോഗങ്ങളെ സംബന്ധിച്ച സമൂഹത്തിന്റെ തെറ്റായ സങ്കൽപവും പ്രതികരണവുമാണ് രണ്ടാമത്തെ വിഷയം. മനസ്സിന് ബാധിക്കുന്ന രോഗങ്ങളെല്ലാം ഭ്രാന്തായി മാത്രം കാണുന്ന ഒരു സമൂഹത്തിൽ മാനസിക രോഗ ബാധിതരോട് പുലർത്തുന്ന അസഹിഷ്ണുതയും അതിനെ തുടർന്ന് വരുന്ന പല ദാരുണമായ പ്രത്യാഘാതങ്ങളും നാം ഇനിയും ചർച്ച ചെയ്യുന്നില്ല. ഇവിടെയാണ് യുക്തിവാദികളുടെ ‘ശാസ്ത്രീയ ചിന്താ’ മുദ്രാവാക്യങ്ങളൊക്കെ രാഷ്ട്രീയ മുദ്രാവാക്യങ്ങളേക്കാൾ കപടമാണെന്ന് നാം തിരിച്ചറിയുന്നത്. സമൂഹത്തിൽ ശാസ്ത്രീയചിന്തയും പുരോഗമന ചിന്തയുമൊക്കെ പ്രചരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെറ്റിയിൽ തിലകക്കുറി പോലെ എഴുതി വെച്ചവർ ഈ വിഷയത്തിൽ ആകെ ചെയ്തതെന്താണ് ? ഒരു ‘ഉമ്മ’ സന്താനത്തെ വധിച്ചപ്പോൾ അതിനെ മതത്തെ കുത്താനുള്ള അവസരമാക്കി മുതലെടുത്തു ! കേരളത്തിലെ ഏറ്റവും വലിയ മത വർഗീയവാദികൾ മത നിഷേധികളാണെന്ന വിരോധാഭാസമല്ലേ ഇതിൽ നിന്ന് തെളിയിക്കപ്പെടുന്നത് ?! സവർണ ഫാഷിസത്തിന്റെയും വർഗീയ അതിപ്രസരത്തിന്റെയും പാർശ്വഫലം മാത്രമാണ് ഭൗതികവാദം. ഒന്ന് മുരടിച്ചാൽ മറ്റേതിന്റെ വളർച്ച താനെ നിൽക്കും. വളക്കൂറുള്ള സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലെ അത് വളരുകയുള്ളു. കാരണം ഭൗതികവാദത്തിന് സ്വന്തമായി ഒന്നും അവതരിപ്പിക്കാനില്ല. ഭൗതികവാദം യഥാർത്ഥത്തിൽ ഒരു നിരൂപണ പ്രസ്ഥാനമാണ്. നിരൂപണത്തിന് സ്വന്തമായി അസ്തിത്വമില്ല. ശാസ്ത്രത്തെ അജണ്ടയായി ഭൗതികവാദികൾ ചിത്രീകരിക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ശാസ്ത്രം അവർക്ക് മതനിരൂപണത്തിന്റെ അളവുകോൽ മാത്രമാണ്. മത സഹിഷ്ണുതയിൽ അധിഷ്ടിതമായ ഒരു സാമൂഹികാന്തരീക്ഷം പത്ത് വർഷം ശക്തമായി ഒരു സമൂഹത്തിൽ നില നിന്നാൽ വറ്റിവരളുന്നതാണ് ഭൗതികവാദത്തിലേക്കുള്ള നീർച്ചാല്.

ഈ അടുത്ത് സൈന്റിഫിക് ടെമ്പർ എന്ന ഫെയ്സ്ബുക്ക് പേജിൽ ഒരു ഭൗതികവാദിയുടെ ‘ഒച്ചയും കൂക്കുവിളിയും’ കേട്ടു. (പ്രസംഗമെന്നതിനേക്കാൾ ആ സംസാരത്തിന് യോജിക്കുന്ന പേര് ഉപയോഗിച്ചുവെന്ന് മാത്രം) പ്രസംഗത്തിന്റെ വിഷയം വൈക്കം മുഹമ്മദ് ബഷീർ മാനസിക രോഗിയായിരുന്നു എന്നതാണ്.(https://www.facebook.com/watch/?v=887884111697565) നോബൽ സമ്മാന ജേതാക്കൾ തുടങ്ങി എത്രയെത്ര സാഹിത്യകാരന്മാരും സംഗീതജ്ഞരും കലാകാരന്മാരും ഫിലോസഫർമാരും ശാസ്ത്രജ്ഞരും മാനസികവും വൈകാരികവുമായ അസന്തുലിതാവസ്ഥ അനുഭവിച്ചിരുന്നതായുണ്ട് ?! ഷെല്ലി, സാമുവൽ ടെയ്‌ലർ കോളറിഡ്ജ്, വിൻസെന്റ് വാൻ ഗോ, ഫ്രാൻസ് കാഫ്ക, എഡ്വേർഡ് മഞ്ച്, എസ്ര പൗണ്ട്, ഡെൽമോർ ഷ്വാർട്സ്, വില്യം കോപ്പർ, ഏണസ്റ്റ് ഹെമിംഗ് വേ, വിർജീനിയ വൂൾഫ്, ടോൾസ്റ്റോയ്, ഫ്രീഡ്രിക്ക് നീഷെ, യൂജിൻ ഓ നീൽ, ചാൾസ് ഡിക്കൻസ്, ചാൾസ് ഡാർവിൻ, ദസ്തയേവ്‌സ്‌കി, റോബർട്ട് ലോവൽ, സിൽവിയ പ്ലാത്ത് തുടങ്ങി ഇത്തരക്കാരുടെ നീണ്ടനിര കാരണം തന്നെ സർഗ്ഗാത്മകതയും മാനസിക അസന്തുലിതാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുവോ എന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഗവേഷണങ്ങൾ നടക്കുന്നു. പക്ഷെ ഭൗതികവാദികൾ വൈക്കം മുഹമ്മദ് ബഷീറിനെ അതിൽ നിന്ന് തിരഞ്ഞുപിടിച്ചതിലെ ‘ഗുട്ടൻസ് ‘ മനസ്സിലാക്കാമല്ലോ. ഒരുപാട് പ്രേമ നോവലുകൾ എഴുതിയിട്ടുള്ള ബഷീറിനെ ലൗ ജിഹാദിന്റെ ആചാര്യനായി വ്യഖ്യാനിക്കാതിരുന്നത് ഭാഗ്യമെന്ന് പറയാം. ഇതിനെയൊക്കെ ‘ശാസ്ത്രീയ രോഷം’ (scientific temper) എന്നല്ല വിളിക്കേണ്ടത്, വർഗീയ വിധ്വേഷം എന്നാണ് എന്നതിൽ സംശയമില്ല. മാനസിക രോഗങ്ങളോടും രോഗികളോടുമുള്ള ഏറ്റവും അശാസ്ത്രീയമായ നിലപാട് എന്താണെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിലെ ഭൗതികവാദികൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഷയത്തിലും രണ്ട് അനീതികൾ ആവർത്തിക്കപ്പെടുകയാണ് ഉണ്ടായത്. മാനസിക രോഗികളുടെ വർഗീയവൽക്കരണമാണ് ഒന്നാമത്തെ പ്രശ്നം. കുറ്റവാളിയുടെ പേര് നോക്കി ‘മതഭ്രാന്ത’നാണോ, ‘സാധാരണ’ ഭ്രാന്തനാണോ എന്ന് വേർത്തിരിക്കുന്ന ഏർപ്പാടിനെതിരെ വൈദ്യ സമൂഹം ശക്തമായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു. രണ്ടാമത്തെ അനീതി, മുമ്പ് സൂചിപ്പിച്ചത് പോലെ മാനസിക രോഗികളോടുള്ളതാണ്. മനസ്സിന് ബാധിക്കുന്ന രോഗങ്ങളെല്ലാം ഭ്രാന്തായി മാത്രം കാണുന്നതും മാനസിക രോഗ ബാധിതരോട് പുലർത്തുന്ന അസഹിഷ്ണുതയും അവസാനിപ്പിക്കാറായി എന്ന ബോധമാണ് ശിശുഹത്യ വാർത്തകൾ നമുക്ക് പ്രദാനം ചെയ്യേണ്ടത്. പ്രസവത്തെ തുടർന്ന് മാതാവിൽ ഉണ്ടാകാറുള്ള പെരിപാർട്ടം ഡിപ്രഷൻ (Peripartum depression) അല്ലെങ്കിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ (postpartum depression) എന്നീ വിഷാദരോഗങ്ങൾ സാധാരണയായി ആറു മാസം വരെ ദൈർഘ്യമുള്ളതാകാം. അങ്ങേയറ്റത്തെ സങ്കടം, നിസ്സംഗത, ഉത്കണ്ഠ, അതുപോലെ ഊർജ്ജ കുറവ്, ഉറക്കം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടുന്ന ഗുരുതരമായ, എന്നാൽ ചികിത്സിക്കാവുന്ന ഒരു രോഗമാണ് പെരിപാർട്ടം ഡിപ്രെഷൻ. ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യതകൾ വഹിക്കുന്ന ഒരു രോഗമാണെന്നതിൽ സംശയമില്ല. പ്രസവത്തെ തുടർന്ന് ഏഴു സ്ത്രീകളിൽ ഒരാൾ പെരിപാർട്ടം വിഷാദ രോഗം അനുഭവിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
(https://www.psychiatry.org/patients-families/postpartum-depression/what-is-postpartum-depression)

മറ്റ് ഏത് തരത്തിലുള്ള വിഷാദരോഗം പോലെ, സൈക്കോതെറാപ്പി (ടോക്ക് തെറാപ്പി), മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, പിന്തുണയേകുന്ന അന്തരീക്ഷം എന്നിവ കൊണ്ട് പെരിപാർട്ടം വിഷാദരോഗം ഭേദമാക്കാൻ കഴിയും. ഗർഭിണികൾ മരുന്നുകളുടെ അപകടസാധ്യതകളും ഗുണങ്ങളും ഡോക്ടർമാരുമായി ചർച്ച ചെയ്യണം എന്ന് മാത്രം. എന്നാൽ മറ്റേത് രോഗം പോലെയും അവഗണനയും അടിച്ചമർത്തലുകളും രോഗത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചേക്കാം. സാധാരണ ഗതിയിൽ, പ്രസവാനന്തരം ആറു മാസത്തിൽ പോസ്റ്റ്പാർട്ടം ഹോർമോണുകൾ സന്തുലിതാവസ്ഥ കൈവരിക്കാറുണ്ടെങ്കിലും വളരെ അപൂർവ്വം സ്ത്രീകളിൽ അസന്തുലിതാവസ്ഥ ഒരുപാടു കാലം തുടർന്നെന്നും വരാം എന്ന് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ സൂചിപ്പിക്കുന്നുണ്ട്.

പോസ്റ്റ്പാർട്ടം സൈക്കോസിസ് ബാധിച്ച അമ്മമാർ ചിലപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുകയോ വധിക്കുകയോ തന്നെ ചെയ്തതായ കേസുകൾ ലോകമെമ്പാടും കോടതികളെ കുഴക്കുന്ന ഒരു സമസ്യയാണ്. ഇത്തരം കുറ്റകൃത്യത്തിന് മാതാവിന് നൽകുന്ന ശിക്ഷാവിധി പല രാജ്യങ്ങളും പല തരത്തിലാണ്. ബ്രസീൽ, കൊളംബിയ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ഫിലിപ്പീൻസ്, തുർക്കി എന്നിവയുൾപ്പെടെ പല രാജ്യങ്ങളിലും ഇത്തരം ‘ശിശുഹത്യ നിയമങ്ങൾ’ ഉണ്ട്. പ്രസവാനന്തരം അമ്മയ്ക്ക് മാനസികരോഗം ഉണ്ടെന്ന് കോടതി നിർണ്ണയിക്കുന്ന കേസുകളിൽ കൂടുതൽ മൃദുലമായ ശിക്ഷാനടപടികൾ അനുവദിക്കുന്നതിനാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
(https://amp.theatlantic.com/amp/article/569386/)

ആറു മാസമോ അതിലധികമോ വിഷാദത്തിനടിമപ്പെട്ട് വീട്ടിൽ കഴിയുന്ന ഈ സ്ത്രീകൾ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു ?! ആത്മഹത്യയിലൊ ശിശുഹത്യയിലൊ അവസാനിക്കുമ്പോൾ മാത്രം അവരുടെ രോഗം അറിയപ്പെടുന്നതിന് കാരണം എന്താണ് ?!, മാനസിക രോഗങ്ങളെ സംബന്ധിച്ച നമ്മുടെ തെറ്റിദ്ധാരണകളും അബദ്ധ സങ്കൽപങ്ങളും അസഹിഷ്ണുതയും തന്നെ. ശരീരത്തിലെ ഹോർമോണുകളുടെ അവസ്ഥാന്തരങ്ങളിലൂടെ സംഭവിക്കാവുന്ന നൈമിഷികമായ മാനസിക അസന്തുലിതാവസ്ഥയെ പോലും പേടിയോടെ മാത്രമാണ് നാം കാണുന്നത്. നമ്മുടെ അടുക്കൽ മാനസിക രോഗങ്ങളെല്ലാം ഭ്രാന്താണ്. അപ്പോൾ മകൾക്ക്, ഭാര്യക്ക്, സഹോദരിക്ക് പ്രസവാനന്തരം ‘ഭ്രാന്തായി’ എന്ന് അംഗീകരിക്കാൻ ചുറ്റുമുള്ളവർ വിസമ്മതിക്കുന്നു. ഫലമായി രോഗം അടിച്ചമർത്തപ്പെടുന്നു. ഡോക്ടറില്ല, ചികിത്സയില്ല… ഭേദമായാൽ നന്ന് !
ശാരീരിക രോഗങ്ങളുടെ കാര്യമാണെങ്കിലോ, ഒരു ജലദോഷവും തലവേദനയും പോലും പറഞ്ഞ് ക്ലിനിക്കുകളും ഹോസ്പിറ്റലുകളും കയറിയിറങ്ങും. ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് വൈദ്യ സഹായം തേടുന്നതോടെ ഭ്രാന്ത് സ്ഥിരപ്പെട്ടതായി നിഗമിക്കുന്ന സമൂഹികാന്തരീക്ഷങ്ങളിലാണ് ശിശുഹത്യകൾ പെരുകുന്നത്. ഒരു തെറാപിസ്റ്റിനെ കണ്ടെന്നറിഞ്ഞാൽ തന്നെ വിവാഹാന്വേഷണങ്ങൾ മുടങ്ങുന്ന ദുരവസ്ഥ. ലൈംഗിക ശേഷിക്കുറവ്, കാൻസർ, അംഗവൈകല്യങ്ങൾ തുടങ്ങി ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ ശാരീരിക രോഗങ്ങൾ കാരണം വിവാഹ അന്വേഷണങ്ങൾ തിരസ്ക്കരിക്കപ്പെടാറുണ്ട്. പക്ഷെ ഇടക്കൊക്കെ ജലദോഷ പനി വരാറുള്ളതു കൊണ്ടോ, ഡയബറ്റീസോ തൈറോയ്ഡ് രോഗങ്ങളോ കാരണം പറഞ്ഞ് വിവാഹബന്ധങ്ങൾ തിരസ്ക്കരിക്കപ്പെട്ടതായി കേട്ടിട്ടില്ല. അതിനർത്ഥം ശരീരവുമായി ബന്ധപ്പെട്ട രോഗങ്ങൾ അതിന്റെ ഗൗരവവും നിസ്സാരതയുമനുസരിച്ച് കാറ്റഗറൈസ് (ഇനങ്ങളായോ വർഗ്ഗങ്ങളായോ തിരിക്കുക) ചെയ്യാൻ നാം ശ്രദ്ധിക്കുന്നുണ്ട് എന്നാണ്. മാനസിക രോഗങ്ങളിലും ഈ കാറ്റഗറൈസിംഗ് വരേണ്ടതില്ല!?

നമ്മുടെ ശരീരത്തിന് രോഗം ബാധിക്കുന്നത് പോലെ ജീവിതത്തിലെ വ്യത്യസ്ഥ സന്ദർഭങ്ങളിൽ നമ്മുടെ മനസ്സിനും രോഗങ്ങൾ ബാധിക്കുന്നുണ്ട് എന്നത് തീർച്ച; ശാരീരിക രോഗത്തിന്റെ കാര്യത്തിലെന്നപോലെ മാനസിക രോഗങ്ങളിൽ നിന്ന് വിശ്വാസി സമൂഹവും സുരക്ഷിതരല്ല. ശരീരത്തിനകത്തോ (ഹോർമോണുകളുടെ അവസ്ഥാന്തരങ്ങൾ ഉദാഹരണം) പുറത്തോ നടക്കുന്ന സൂക്ഷ്മവും സ്ഥൂലവുമായ പല മാറ്റങ്ങളും നമ്മുടെ വൈകാരികവും മാനസികവുമായ സന്തുലിതാവസ്ഥയിൽ വലിയ സ്ഥിതിഭേദം സൃഷ്ടിച്ചേക്കാം. മരുന്ന് കഴിച്ചിട്ടോ, അറിയാതെ വിഷം കലർന്ന വെള്ളം കുടിച്ചിട്ടോ, ഉയരത്തിൽ ചാടിയിട്ടോ, തലകീഴായി കിടന്നിട്ടോ ഒക്കെ ബുദ്ധി തിരിഞ്ഞവരുടെ നമസ്ക്കാരത്തിന്റെ വിധിയെ സംബന്ധിച്ച് ഇമാം ശാഫിഈ തന്റെ കർമ്മശാസ്ത്ര ഗ്രന്ഥമായ അൽ ഉമ്മിൽ ചർച്ച ചെയ്തത് വായിച്ചതായി ഓർക്കുന്നു. ജീവിതത്തിൽ പൊടുന്നനെ വന്നുഭവിക്കുന്ന പരീക്ഷണങ്ങളിൽ പലരിലും വിചിത്രമായ മാനസിക പ്രത്യാഘാതങ്ങൾ  സൃഷ്ടിക്കാറുണ്ടല്ലോ. ശരിയായി ഒന്ന് ഉറങ്ങിയില്ലെങ്കിൽ, ഭക്ഷണം കഴിച്ചില്ലെങ്കിൽ, അത്യധികം കാര്യങ്ങൾ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടി വന്നാലൊക്കെ ‘ഭ്രാന്തുപിടിക്കുന്ന’വരല്ലേ നാം ?!

“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.)” (ഖുർആൻ: 10:57 )

ഏറ്റവും നല്ല (ഭൗതിക) ജീവിത ശൈലിയിലൂടെ ശാരീരിക രോഗങ്ങളിൽ നിന്ന് സുരക്ഷ നേടാം എന്നത് പോലെ ഖുർആൻ പഠിപ്പിക്കുന്ന, ഏറ്റവും നല്ല ആത്മീയ ജീവിതത്തിലൂടെ ആത്മീയവും മാനസികവുമായ രോഗങ്ങളിൽ നിന്ന് സുരക്ഷ നേടാം എന്നല്ലെ ഈ ഖുർആനിക വചനം തെളിയിക്കുന്നത് ?

‘ത്വിബ്ബുൽ കുലൂബ് അഥവാ ‘മാനസിക ചികിത്സ’ എന്ന ഒരു ഗ്രന്ഥം ഇമാം ഇബ്നുൽ ഖയ്യിമിനുണ്ട്. അതേ വിഷയത്തിൽ ഒട്ടനവധി മഹാ പണ്ഡിതരുടെ ഗ്രന്ഥങ്ങൾ കാണാം: ത്വിബ്ബുൽ കുലൂബ്: ഇബ്നു തീമിയ്യ, അംറാദുൽ കുലൂബ് വശിഫാഉഹാ: ഇബ്നു തീമിയ്യ, ഇഗാസത്തുല്ലിഹാഫ്‌: ഇമാം ഇബ്നുൽ ഖയ്യിം, മിൻഹാജുൽ കാസിദീൻ: മക്ദസി, തഹ്ദീബു മൗഇദത്തുൽ മുഅ്മിനീൻ: കാസിമി, മൗസൂഅത്തു ഫിക്ഹിൽ കുലൂബ്: തുവൈജീരി, മഫ്സദാത്തുൽ കുലൂബ്: മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്.
അവയെല്ലാം അഭിസംബോധനം ചെയ്യുന്നത് ഭ്രാന്തന്മാരെയല്ല, വിശ്വാസി സമൂഹത്തെയാണ്.

print

No comments yet.

Leave a comment

Your email address will not be published.