ശവഭോഗം: ഇസ്‌ലാമിക വിധികൾ

//ശവഭോഗം: ഇസ്‌ലാമിക വിധികൾ
//ശവഭോഗം: ഇസ്‌ലാമിക വിധികൾ
ആനുകാലികം

ശവഭോഗം: ഇസ്‌ലാമിക വിധികൾ

ചോദ്യം 1:

ഇസ്‌ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ?

പറയാം:

വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ ഭോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. സ്വയം ഭോഗം, അന്യരെ ഉപയോഗപ്പെടുത്തിയുള്ള മൈഥുനം, മൃഗഭോഗം, ശവഭോഗം, പരസ്ത്രീ/പരപുരുഷ ഭോഗം, സമയ ബന്ധിത കരാർ ഭോഗം (മുത്അ), സ്വവർഗ്ഗഭോഗം, കൂട്ടഭോഗം എന്നിവയെല്ലാം നിഷിദ്ധമാകുന്നു. ഇവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ഗൗരവമേറിയ നിഷിദ്ധങ്ങളാണ്. ഇസ്‌ലാം സുരക്ഷിതമായിരിക്കണമെന്നാഗ്രഹിക്കുന്ന വിവിധ കാര്യങ്ങൾ പരിഗണിച്ച് ഇവയുടെ ശിക്ഷകൾക്കും വ്യത്യാസമുണ്ട്. ഇവയോടുള്ള ഖുർആൻ ഹദീസുകളുടെ ഗൗരവ സമീപനവും മൗനവും ശിക്ഷയുടെ ഗൗരവലാഘവങ്ങളെ ബാധിക്കുന്നു.

വിശുദ്ധ ഖുർആനിലെ സൂറ 23 സൂക്തം 5 -7 ലൈംഗിക ഭോഗത്തിനുള്ള അനുവാദം വ്യക്തമാക്കുന്നു: “തങ്ങളുടെ ഗുഹ്യ അവയവങ്ങളെ ദോഷമുക്തമായി കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ(വിജയികളായ സത്യവിശ്വാസികൾ). തങ്ങളുടെ ഇണകളുമായോ, വലതുകരം അധീനപ്പെടുത്തിയവരുമായോ ഉള്ള ലൈംഗിക ബന്ധത്തിനൊഴികെ. ഇവരെ ഭോഗിക്കുന്നത് ആക്ഷേപാർഹമല്ല. എന്നാൽ അതിനപ്പുറം ലൈംഗിക സുഖം തേടുന്നവർ, അവർ തന്നെയാണ് അതിക്രമകാരികൾ”. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ*إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ*فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ﴾[المؤمنون: 5-7]

സൂക്തത്തിൽ നൽകിയിട്ടുള്ള അനുവാദത്തിൽ, ഇണകളുടെയും ദാസികളുടെയും ഗുദം ഉൾപ്പെടില്ലെന്ന്‌, പ്രഥമ ഖുർആൻ അധ്യാപകനും വ്യാഖ്യാതാവുമായ മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കുന്നു. ആർത്തവ സമയത്ത്, അവരെ പ്രയാസപ്പെടുത്തലായതിനാൽ, ലിംഗഭോഗം ഒഴിവാക്കണമെന്ന് വിശുദ്ധ ഖുർആൻ അൽബഖറ 222 ഉദ്‌ബോധനം ചെയ്തു; സഹശയനമോ മറ്റു ശരീര ഭാഗങ്ങളിലെ ആസ്വാദനമോ ഒഴിവാക്കേണ്ടതില്ലെന്ന് തിരുനബി വ്യക്തമാക്കി; ലിംഗാസ്വാദനത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ തുടമുതൽ പൊക്കിൾ വരെ ആസ്വാദനം ഒഴിവാക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതർ കരുതൽ വിലക്ക് പ്രഖ്യാപിച്ചു.

വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നതും അതിനുള്ള ഭൗതിക ശിക്ഷാ നടപടികൾ വിവരിക്കുന്നതുമായ നിരവധി സൂക്തങ്ങൾ ഖുർആനിലും, അവയുടെ വിശദ വിവരങ്ങളും നടപടിക്രമങ്ങളും ഹദീസുകളിലും വന്നിട്ടുണ്ട്. വംശശുദ്ധിയും കുടുംബഭദ്രതയും കാത്തുസൂക്ഷിക്കുകയാണ് വ്യഭിചാര നിരോധനത്തിലൂടെ. പുരുഷന്മാർ തമ്മിലുള്ള ഭോഗത്തെ നിരോധിക്കുകയും, മാനവ ചരിത്രത്തിൽ ഈ സംസ്കാരശൂന്യത ഇദംപ്രഥമമായി പരസ്യമായി കാണിച്ച സദൂം പ്രദേശത്തുകാരുടെ ദുരന്തസമാപനചരിത്രം വിവരിക്കുകയും ചെയ്യുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സംസ്കാര ശൂന്യത, വൃത്തിഹീനത, ലക്ഷ്യം തെറ്റിയുള്ള ദുരുപയോഗവും ദുർവിനിയോഗവും തുടങ്ങിയ മാനങ്ങളാണ് ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

ചോദ്യം 2:

മൃഗഭോഗത്തിനുള്ള ശിക്ഷയെന്താണ് ഇസ്‌ലാമിൽ?

മൃഗഭോഗം നിഷിദ്ധമാണെന്നു മുസ്‌ലിം സമുദായത്തിലെ എല്ലാ ചിന്താധാരകളും ഏകസ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. (أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ തഫ്‌സീർ റാസി, തഫ്‌സീർ ഖത്തീബ് ശിർബീനി). അനുവാദത്തെ അതിക്രമിക്കുന്ന അസാന്മാർഗ്ഗികതയിൽ പെട്ട കാര്യമാണ് മൃഗഭോഗമെന്ന്, 23 / 7 വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമാ സആലബി രേഖപ്പെടുത്തുന്നു: { هُمُ ٱلْعَادُونَ } يقتضي تحريمَ الزِّنا والاستمناءِ ومواقعةِ البهائم، وكُلُّ ذلك داخل في قوله: { وَرَآءَ ذَٰلِكَ } . ഖുർആനിൽ ഇത് സംബന്ധമായ പരാമർശങ്ങൾ കാണുന്നില്ലെങ്കിലും ഹദീസുകളിൽ വന്നിട്ടുള്ള ഗൗരവതരമായ വിലക്കുകളാണ് മൃഗഭോഗ നിരോധനത്തിന് നിദാനം. “മൃഗത്തെ ഭോഗിക്കുന്നവൻ ശപിക്കപ്പെട്ടവനാകുന്നു.” ملعون من وقع على بهيمة (ഇബ്‌നു അബ്ബാസ്/ അഹ്മദ്), “നാല് കൂട്ടർ, അല്ലാഹുവിന്റെ കോപത്തിൽ പുലരുന്നു; അവന്റെ കോപത്തിൽ അസ്തമിക്കുന്നു: സ്ത്രീ പ്രകൃതം നടിക്കുന്ന പുരുഷൻമാർ, പുരുഷ പ്രകൃതം നടിക്കുന്ന സ്ത്രീകൾ, മൃഗഭോഗികൾ, പുരുഷന്മാരെ ഭോഗിക്കുന്ന പുരുഷന്മാർ എന്നിവരാകുന്നു അവർ” أربعة يصبحون في غضب الله ويمسون في سخط الله قلت : من هم يا رسول الله ؟ قال : المتشبهون من الرجال بالنساء والمتشبهات من النساء بالرجال والذي يأتي البهيمة والذي يأتي الرجال (ത്വബ്റാനി) തുടങ്ങിയ ഹദീസുകളാകുന്നു മുഖ്യം. ഹദീസ് കൃതികളിലും ധർമ്മ ശിക്ഷണ കൃതികളിലും ‘മൃഗത്തെ പരിണയിക്കുന്നവൻ’ എന്ന അധ്യായത്തിൽ ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മൃഗ ഭോഗികൾക്കുള്ള ശിക്ഷ ഖുർആനിൽ വ്യക്തമാക്കുന്നില്ല. നബിയുടെ കാലത്ത് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ മൃഗഭോഗിക്കുള്ള ശിക്ഷ ഖണ്ഡിതമല്ല. എന്നാൽ, നബി ശിഷ്യന്മാരിൽ നിന്നും ലഭിച്ചിട്ടുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമായതിനാൽ, മൃഗഭോഗിക്കുള്ള ശിക്ഷയിൽ കർമ്മ ശാസ്ത്രം ഭിന്ന വീക്ഷണത്തിലാണ്. പ്രമാണങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിക്കെ, ഇമാം ശാഫിഈ പലസമയങ്ങളിലായി മൂന്നു നിലപാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മൃഗഭോഗിക്ക് വ്യഭിചാരിയുടെ ശിക്ഷ നൽകണം എന്നതായിരുന്നു ഒരു നിലപാട്. അതായത്, വിവാഹിതനായ മൃഗഭോഗിയെ എറിഞ്ഞുകൊല്ലുകയും അവിവാഹിതനാണെങ്കിൽ നൂറടി നൽകി നാടുകടത്തുകയും വേണം. വ്യഭിചാരത്തോടു സമീകരിച്ചായിരുന്നു ഈ നിലപാട്. താബിഈ പ്രമുഖൻ ഹസൻ അൽ ബസ്വരിയുടെ നിലപാട് ഇതായിരുന്നു. മറ്റൊരിക്കൽ കൂടുതൽ രൂക്ഷമായ നിലപാടായിരുന്നു ഇമാം ശാഫിഈ എടുത്തത്: വിവാഹിതനായാലും അല്ലെങ്കിലും മൃഗഭോഗിയെ വധിക്കണം. ‘മൃഗത്തെ ഭോഗിച്ചവനെ വധിച്ചുകളയുക’ എന്ന നബിവചനം ഇബ്‌നു അബ്ബാസ് ഉദ്ധരിച്ചത് കണ്ടപ്പോഴായിരുന്നു ഈ നിലപാടിലെത്തിയത്. എന്നാൽ, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ ശങ്ക ജനിക്കുകയും, മറ്റു കർമ്മശാസ്ത്ര ധാരകളുടെ വക്താക്കളുടെ വീക്ഷണങ്ങൾ വിശകലനം ചെയ്യുകയും ചെയ്തപ്പോൾ, ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിക്കാതെ ‘തഅസീർ’ നടപ്പിലാക്കേണ്ട അസാന്മാർഗ്ഗികതയായി മൃഗഭോഗത്തെ പ്രഖ്യാപിക്കുകയായിരുന്നു. വ്യത്യസ്ത കർമ്മ ശാസ്ത്ര ധാരകളുടെ വക്താക്കളായ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം സൗരി, ഇമാം അഹ്മദ് തുടങ്ങിയവർ ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്. സാധാരണ മനുഷ്യ വികാരം പ്രേരിപ്പിക്കുന്ന തിന്മകളെ സമൂലം ഇല്ലാതാക്കുവാനാണ് ശരീഅത്ത് ഹദ്ദ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ, മൃഗഭോഗം സാധാരണ മനുഷ്യരുടെ ശാരീരിക തൃഷ്ണ അല്ലെന്നതുകൊണ്ടാണ് അതിനു കൃത്യമായ ഹദ്ദ് ഇല്ലാതിരുന്നത് എന്നും ഇമാമുകൾ വ്യക്തമാക്കുന്നു. (ഇമാം റാസി / തഫ്‌സീർ ). أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ. وَلِلشَّافِعِيِّ رَحِمَهُ اللَّه فِي عُقُوبَتِهِ أَقْوَالٌ: أَحَدُهَا يَجِبُ بِهِ حَدُّ الزِّنَا فَيُرْجَمُ الْمُحْصَنُ وَيُجْلَدُ غَيْرُ الْمُحْصَنِ وَيُغَرَّبُ وَالثَّانِي: أَنَّهُ يُقْتَلُ مُحْصَنًا كَانَ أَوْ غَيْرَ مُحْصَنٍ. لِمَا رُوِيَ عَنِ ابْنِ عَبَّاسٍ رَضِيَ اللَّه عَنْهُمَا قَالَ قَالَ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ: «مَنْ أَتَى بَهِيمَةً فَاقْتُلُوهُ وَاقْتُلُوهَا مَعَهُ» فَقِيلَ لِابْنِ عَبَّاسٍ: مَا شَأْنُ الْبَهِيمَةِ؟ فَقَالَ: مَا أَرَاهُ قَالَ ذَلِكَ إِلَّا أَنَّهُ كَرِهَ أَنْ يُؤْكَلَ لَحْمُهَا، وَقَدْ عُمِلَ بِهَا ذَلِكَ الْعَمَلُ. وَالْقَوْلُ الثَّالِثُ: وَهُوَ الْأَصَحُّ وَهُوَ قَوْلُ أَبِي حَنِيفَةَ وَمَالِكٍ وَالثَّوْرِيِّ وَأَحْمَدَ رَحِمَهُمُ اللَّه: أَنَّ عليه التعزير لِأَنَّ الْحَدَّ شُرِعَ لِلزَّجْرِ عَمَّا تَمِيلُ النَّفْسُ إِلَيْهِ، وَهَذَا الْفِعْلُ لَا تَمِيلُ النَّفْسُ إِلَيْهِ،
.وَضَعَّفُوا حَدِيثَ ابْنِ عَبَّاسٍ رَضِيَ اللَّه عَنْهُمَا لِضَعْفِ إِسْنَادِهِ وَإِنْ ثَبَتَ فَهُوَ مُعَارَضٌ بِمَا رُوِيَ أَنَّهُ عَلَيْهِ السَّلَامُ نَهَى عَنْ ذَبْحِ الْحَيَوَانِ إِلَّا لِأَكْلِهِ

ചുരുക്കത്തിൽ, മുഹമ്മദ് നബിയുടെ കാലത്തും സ്വഹാബികളുടെ കാലത്തും മൃഗഭോഗ സംഭവം ഉണ്ടാവുകയോ അതിനുള്ള ശിക്ഷ നടപ്പാക്കുകയോ ചെയ്ത കാര്യം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ, ശിക്ഷയുടെ കാര്യത്തിൽ ഭിന്ന വീക്ഷണം നിലനിൽക്കുന്നു. വധ ശിക്ഷ വേണമെന്ന് ഒരു വിഭാഗം. എന്ത് ശിക്ഷ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് മറ്റൊരു വിഭാഗം.

وَقَدْ اخْتَلَفَ أَهْلُ الْعِلْمِ فِيمَنْ وَقَعَ عَلَى بَهِيمَةٍ، فَأَخْرَجَ الْبَيْهَقِيُّ عَنْ جَابِرِ بْنِ زَيْدٍ أَنَّهُ قَالَ: مَنْ أَتَى الْبَهِيمَةَ أُقِيمَ عَلَيْهِ الْحَدُّ. وَأَخْرَجَ أَيْضًا عَنْ الْحَسَنِ بْنِ عَلِيٍّ – رَضِيَ اللَّهُ عَنْهُمَا – أَنَّهُ قَالَ: إنْ كَانَ مُحْصَنًا رُجِمَ وَرُوِيَ أَيْضًا عَنْ الْحَسَنِ الْبَصْرِيِّ أَنَّهُ قَالَ: هُوَ بِمَنْزِلَةِ الزَّانِي، قَالَ الْحَاكِمُ: أَرَى أَنْ يُجْلَدَ وَلَا يُبْلَغَ بِهِ الْحَدُّ، وَهُوَ مُجْمَعٌ عَلَى تَحْرِيمِ إتْيَانِ الْبَهِيمَةِ، كَمَا حَكَى ذَلِكَ صَاحِبُ الْبَحْرِ. (نيل الاوطار )

ഇസ്‌ലാമിക ദൃഷ്ടിയിൽ തെറ്റായതും കൃത്യമായ ശിക്ഷ പ്രഖ്യാപിക്കാത്തതുമായ കാര്യങ്ങൾ തടയാൻ ‘ഉത്തരവാദപ്പെട്ട’വർക്ക് നൽകുന്ന ശിക്ഷാ അനുവാദമാണ് തഅസീർ. ഇതിന്റെ പരമാവധി നിലവിൽ നിയമമായിട്ടുള്ള വധം, അടി, നാടുകടത്തൽ തുടങ്ങിയ ഹദ്ദ് പരിധിയാണ്. പ്രസ്തുത അസാന്മാർഗ്ഗികത/ അധാർമികത അവസാനിപ്പിക്കാൻ കേവല താക്കീത് മതിയെങ്കിൽ അതാണ് ചുരുങ്ങിയ രൂപം. ഹദ്ദ് പരിധിയിൽ വരുന്ന ശിക്ഷ നടപ്പിലാക്കാൻ സ്ഥലത്തെ ഖലീഫ/അമീറിന് മാത്രമേ അധികാരമുള്ളൂ. ലളിത ശിക്ഷകൾ രക്ഷാധികാരിക്കും ഗുരുനാഥനും ചെയ്യാവുന്നതാണ്. ചുരുക്കത്തിൽ, ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് മൃഗഭോഗം.

നാല് സാക്ഷികൾ കൊണ്ട് സംഭവം സ്ഥിരീകരിക്കപ്പെടണം അല്ലെങ്കിൽ സ്വയം കുറ്റസമ്മതം നടത്തണം എന്നത് ഹദ്ദും തഅസീറും നടപ്പിലാക്കാൻ നിബന്ധനയുണ്ടെന്നു ശാഫിഈ കർമ്മ ശാസ്ത്രകാരനായ അല്ലാമാ ഇബ്‌നു ഹജർ അൽഹൈതമി രേഖപ്പെടുത്തുന്നു. (وَيُشْتَرَطُ لِلزِّنَا) وَاللِّوَاطِ وَإِتْيَانِ الْبَهِيمَةِ وَوَطْءِ الْمَيِّتَةِ (أَرْبَعَةُ رِجَالٍ) بِالنِّسْبَةِ لِلْحَدِّ أَوْ التَّعْزِيرِ لِقَوْلِهِ تَعَالَى {ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ} [النور: 4]

ചോദ്യം 3:

ശവഭോഗത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

ഇല്ല. ഒരു നിലക്കും അനുവദിക്കുന്നില്ല. ഇസ്‌ലാമിലെ ഭോഗാനുവാദങ്ങളെ കുറിച്ച് മുകളിൽ കുറിച്ചത് മനസ്സിലാക്കിയല്ലോ. അനുവാദങ്ങൾക്കപ്പുറത്തെത്തിയ നിരോധിത കാര്യമാണെങ്കിലും ശവഭോഗത്തിനുള്ള ശിക്ഷയെക്കുറിച്ച് ഖുർആൻ ഹദീസിൽ പ്രത്യേകം പരാമർശങ്ങളില്ല. അക്കാലത്ത് അങ്ങനെയൊരു സംഭവം മനുഷ്യർക്കിടയിൽ കാണപ്പെട്ടിരുന്നില്ല എന്നാണതിനർത്ഥം. മനുഷ്യരിൽ നടമാടിയിരുന്ന അസാന്മാർഗ്ഗികതകളെയാണ് ഇസ്‌ലാം അഡ്രസ് ചെയ്തത്. ചിലതിനു ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിച്ചു. അവയിലടങ്ങിയ പൊതു തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, അസാന്മാർഗ്ഗികതകളുടെ പുതിയ അവതാരങ്ങളെ നേരിടുവാൻ ജ്ഞാന -അധികാര നേതൃത്വങ്ങൾക്ക് അനുവാദം നൽകിയിരിക്കുകയാണ്. തദടിസ്ഥാനത്തിൽ, ശവഭോഗത്തിനുള്ള ശിക്ഷ തീരുമാനിക്കേണ്ടത്, അതാതുകാലത്തെ പരിഗണനകൾക്കും ധാർമ്മിക സാംസ്കാരിക മാനങ്ങൾക്കും വിധേയമായാണ്. ‘ശാരീരികശിക്ഷ’ (ഹദ്ദ്) പ്രഖ്യാപിക്കാത്ത അസാന്മാർഗിക കൃത്യങ്ങൾക്ക് നൽകേണ്ട ശിക്ഷയെക്കുറിച്ച് പ്രമുഖ ഖുർആൻ വ്യാഖ്യാതാവും ശാഫിഈ കർമ്മ ധാരയുടെ വക്താവുമായ അല്ലാമാ ഖത്വീബ് ശർബീനി രേഖപ്പെടുത്തുന്നു: “എന്നാൽ, സ്ത്രീകൾ തമ്മിലുള്ള ഭോഗം, ശവ ഭോഗം, സ്വയം ഭോഗം എന്നിവയ്ക്ക് (വ്യഭിചാരം, സാഡോമി എന്നിവയുടെ ശിക്ഷപോലെ) പ്രഖ്യാപിത ശിക്ഷകളൊന്നും മതനിയമാക്കപ്പെട്ടിട്ടില്ല. അവയ്ക്ക് ‘തഅസീർ’ മാത്രമേ നിയമത്തിലുള്ളൂ”. وأما السحاق من النساء وإتيان المرأة الميتة والاستمناء باليد فلا يشرع فيه شيء من ذلك إلا التعزير (سراج المنير ظ الخطيب الشربيني .

ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് ശവഭോഗം. അത് അവസാനിപ്പിക്കാൻ താക്കീത് മുതൽ ശാരീരിക ശിക്ഷ വരെ ആകാം.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.