വർണവിവേചനം എന്ന ക്രൂരത

//വർണവിവേചനം എന്ന ക്രൂരത
//വർണവിവേചനം എന്ന ക്രൂരത
ആനുകാലികം

വർണവിവേചനം എന്ന ക്രൂരത

“പൊലീസിന്റെ കൊടും ക്രൂരത; കറുത്ത വർഗക്കാരന് യുഎസിൽ ദാരുണാന്ത്യം…കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കറുത്തവർഗക്കാരന്റെ മരണത്തിനിടയാക്കി പൊലീസ്…”(1) “പ്ലീസ്.. പ്ലീസ്… പ്ലീസ്.. എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ കഴുത്ത് വേദനിക്കുന്നു. വയറ് വേദനിക്കുന്നു. എന്നെ വിടൂ.. പ്ലീസ്.. പ്ലീസ്… പ്ലീസ്.. എനിക്ക് ശ്വാസം മുട്ടുന്നു..”ഇത് ജോർജ് ഫ്ലോയ്‌ഡ് എന്ന 46-കാരനായ ആഫ്രിക്കൻ അമേരിക്കൻ പൗരൻ, തന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിച്ച ഡെറിക് ചൗവിൻ എന്ന മിനിയാപോളിസ്‌ പൊലീസ് ഓഫീസറോട് നടത്തിയ അപേക്ഷയായിരുന്നു..(2)

അമേരിക്കയിൽ പതിറ്റാണ്ടുകളായി കറുത്ത വർഗക്കാർക്ക് നേരെ തുടരുന്ന അതിക്രമങ്ങളുട ദാരുണമായ ഒരു ചിത്രം ലോകത്തിനു പകർന്നുനൽകിക്കൊണ്ടുള്ള വാർത്തയിലൂടെ കടന്നു പോയവരാണ് നാം. 2020 മെയ് 26 ചൊവ്വാഴ്ചയാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്. ജോർജ് ഫ്ലോയ്‌ഡ് എന്ന കറുത്ത വർഗക്കാരനായ നിരപരാധിയായ മനുഷ്യനെ കൈകൾ കെട്ടി ശ്വാസം മുട്ടിച്ച് കൊന്നിരിക്കുകയാണ് അമേരിക്കയിലെ വെളുത്ത വർഗക്കാരനായ പൊലീസുകാരൻ. വേദനയെടുക്കു​ന്നുവെന്നും ശ്വാസം മുട്ടു​ന്നുവെന്നും വെള്ളം വേണമെന്നും കര​ഞ്ഞപേക്ഷിച്ചിട്ടും അഞ്ചു മിനി​റ്റോളം പൊലീസ്​ ഫ്ലോയിഡി​​ന്റെ കഴുത്തിൽ കാൽമുട്ട്​ അമർത്തിനിന്നു. റസ്​റ്ററൻറിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഫ്ലോയിഡ്​. കറുത്ത വർഗക്കാർക്ക്​ നേരെയുള്ള വെളുത്ത വർഗക്കാരുടെ അതിക്രമത്തി​​ന്റെ അവസാന ഇര.(3)

ജന്മത്തിന്റെയടിസ്ഥാനത്തിൽ മനുഷ്യർക്കിടയിൽ യാതൊരു ഉച്ച-നീചത്വങ്ങളുമില്ല എന്ന് പ്രഖ്യാപിക്കുകയും അത് പ്രയോഗവൽക്കരിക്കുകയും ചെയ്ത അത്യുന്നതമായ ആദർശത്തിന് മാത്രമേ ഇത്തരം ക്രൂരതകൾക്ക് അറുതി വരുത്തുവാൻ സാധിക്കുകയുള്ളൂ. മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ അഥവാ ആദമിന്റെയും ഹവ്വയുടെയും സന്തതികളാണെന്നും അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അടിസ്ഥാനപരമായി സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദർശനമാണ് ഇസ്‌ലാം. ‘ഒരേയൊരു ദൈവം, ഒരൊറ്റ ജനത’ എന്ന ഏകമാനവികതയുടെ സന്ദേശമാണ് വിശുദ്ധ ഖുർആൻ മുന്നോട്ടുവയ്ക്കുന്നത്. “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”(4) മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക; നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന്ന് കറുത്തവനെക്കാളോ കറുത്തവന്ന് വെളുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രെ.”(5) ശ്രേഷ്ഠമായ ഈ ആശയം കേവലം വാക്കുകളിലൊതുക്കുകയല്ല; മറിച്ച് അവ ജീവിതത്തിൽ പൂർണമായി പ്രയോഗവൽക്കരിച്ച ഒരു സമൂഹത്തെ സൃഷ്ടിച്ച് ലോകത്തിന് മാതൃകയായി കാണിച്ചുകൊടുക്കുകകൂടി ചെയ്തു പ്രവാചകൻ ﷺ. ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ ബിലാലിനെയും (റ) സൽമാനുൽ ഫാരിസിയെയുമെല്ലാം (റ) വർണവിവേചനത്തിനെതിരെ ജ്വലിച്ചുനിൽക്കുന്ന താരകങ്ങളായി നമുക്ക് ദർശിക്കാം. ഈ സാഹോദര്യം നടപ്പിൽ വരുത്തുവാൻ അറേബ്യൻ ജനതയ്ക്ക് സാധിച്ചത് ഇസ്‌ലാമിക തത്ത്വങ്ങളുടെ പ്രയോഗവൽക്കരണം വഴിയായിരുന്നു. കറുത്തവനായതിന്റെ പേരിൽ മർദ്ദനങ്ങൾ മാത്രം ഏറ്റു വാങ്ങിയ നീഗ്രോ അടിമയായിരുന്ന ബിലാലിനെ (റ) മനുഷ്യനായി അംഗീകരിച്ച് സംരക്ഷിച്ചത് മുഹമ്മദ് നബിﷺയായിരുന്നു. ആദ്യമായി ബാങ്ക് വിളിക്കുക എന്ന പവിത്രമായ കർമം നിർവഹിക്കുവാൻ പ്രവാചകൻ ﷺ തിരഞ്ഞെടുത്തതും ബിലാലിനെത്തന്നെ. നബി ﷺ മക്കയുടെ ഭരണാധികാരിയായപ്പോൾ വിശുദ്ധ കഅ്ബയ്‌ക്കകത്തേക്ക് അദ്ദേഹത്തിന്റെ കൂടെ പ്രവേശിച്ചത്‌, ആഭിജാതരെന്ന് അറിയപ്പെട്ടവരെല്ലാം നോക്കിനിൽക്കെ, ബിലാലും അടിമയായി മക്കയിലെത്തിയ സയ്ദ്‌ ഇബ്നു ഹാരിഥയും.. അബൂദര്‍റ് (റ) എന്ന സ്വഹാബി ഒരിക്കല്‍ ബിലാലിനെ (റ) ‘കറുത്തവളുടെ മകനേ’ എന്ന് ആക്ഷേപഭാവത്തില്‍ വിളിച്ചതറിഞ്ഞപ്പോള്‍ നബി ﷺ അബൂദര്‍റില്‍ നിന്ന് മുഖം തിരിക്കുകയും “മുഹമ്മദിന് ഖുര്‍ആന്‍ അവതരിപ്പിച്ചുതന്ന അല്ലാഹു തന്നെയാണ് സത്യം; കര്‍മം കൊണ്ടല്ലാതെ ഒരാളും മറ്റൊരാളേക്കാള്‍ ഉന്നതാകുന്നില്ല” എന്ന് ക്ഷുഭിതനായി പറയുകയും ചെയ്‌ത് പ്രതികരിക്കുകയാണുണ്ടായത്.(6) കറുത്തവനും വെളുത്തവനും തോളോടു തോൾ ചേർന്ന് പ്രാർത്ഥിക്കുന്ന ഇസ്‌ലാം ബിലാലിന് ഏറെ പ്രിയപ്പെട്ടതായി മാറിയെന്നത് ചരിത്രം. ആധുനിക കാലഘട്ടത്തിൽ മാൽക്കം എക്‌സിനെപ്പോലുള്ള വ്യക്തിത്വങ്ങളെയും നമുക്ക് ദർശിക്കാനാകും.

ദേശ-ഭാഷാ-വർണ-വർഗ വ്യത്യാസങ്ങൾക്കെല്ലാമതീതമായുള്ള മാനവികസഹോദര്യമാണ് ഇസ്‌ലാമിക പ്രമാണങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യർ തമ്മിൽ നിരവധി വ്യതിരിക്തതകളുണ്ടെന്നത് ഒരു വസ്തുതയാണ്. അവരുടെ തൊലിയുടെ നിറം വ്യത്യസ്തമായിരിക്കാം, അവർ സംസാരിക്കുന്ന ഭാഷകൾ വ്യത്യസ്തമായിരിക്കാം, അവരുടെ രാജ്യങ്ങൾ വ്യത്യസ്തമായിരിക്കാം, അവരുടെ മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം…എന്നാൽ ഈ വ്യൈജാത്യങ്ങൾക്കെല്ലാമതീതമായി മനുഷ്യർക്കിടയിൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത സാഹോദര്യബോധം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെന്ന ഇസ്‌ലാമികാധ്യാപനം. ഖുർആൻ പറയുന്നത് കാണുക: “മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍..”(7) വർണ, വർഗ വ്യത്യാസങ്ങൾക്കെല്ലാം അതീതമായി മാനവകുലത്തോട് സ്വീകരിക്കേണ്ട സഹിഷ്ണുതാമനോഭാവത്തെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ ഏറെ ഉദാത്തമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും ആവശ്യമായ നിയമനിർദേശങ്ങളുൾക്കൊള്ളുന്ന മതമായ ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള സമീപനങ്ങളിൽ നിന്ന് ഇത് സ്പഷ്ടമാണ്.

ഒരു മനുഷ്യനെ വധിക്കുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണെന്നും ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നത് ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിക്കുന്നതിന് തുല്യമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു. “അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരു മനുഷ്യന്റെ ജീവന്‍ ആരെങ്കിലും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.”(8) നിരപരാധിയായ ഒരു മനുഷ്യന്റെ ജീവൻ അപഹരിക്കുന്നതിന്റെ ഗൗരവത്തെയും അവന്റെ ജീവൻ രക്ഷിക്കുന്നതിന്റെ മഹത്വത്തെയും കുറിച്ച് ഇസ്രായേൽ ജനതയ്ക്ക് അല്ലാഹു നൽകിയ നിർദേശം എടുത്തുദ്ധരിച്ചിരിക്കുകയാണ് ഖുർആൻ ഈ സൂക്തത്തിൽ. ‘ഒരു മനുഷ്യനെ കൊലപ്പെടുത്തിയാൽ’ എന്നാണ് ഖുർആൻ പറയുന്നത്. തുടർന്ന് ‘ഒരു മനുഷ്യന്റെ ജീവന്‍ ആരെങ്കിലും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു’ എന്ന് പ്രഖ്യാപിക്കുക വഴി ഒരു മനുഷ്യജീവൻ രക്ഷിക്കുന്നതിന്റെ മഹത്വം ഖുർആൻ വ്യക്തമാക്കുന്നു.

ഏകദൈവവിശ്വാസത്തിലധിഷ്‌ഠിതമായ മതമാണിസ്‌ലാം. സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നു. മനുഷ്യർ ഒരു സമൂഹമാണെന്നും അല്ലാഹുവാണ് അവരുടെ രക്ഷിതാവെന്നും പഠിപ്പിക്കുന്ന ഖുർആൻ വർണവെറിയുടെയും വംശീയതയുടേയുമെല്ലാം ചങ്ങലക്കെട്ടുകളെ തകർക്കുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനും കറുത്തവനും വെളുത്തവനുമെല്ലാം ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നും, ഒരേ ആദിമാതാപിതാക്കളിൽ നിന്നുള്ളവരാണെന്നും മനസ്സിലാക്കുന്ന ഒരു മുസ്‌ലിമിൽ ഇത്തരം ചങ്ങലക്കെട്ടുകൾക്ക് യാതൊരു സ്ഥാനവുമുണ്ടാവില്ല.

വർണം, വർഗം, ഭാഷ, ദേശം തുടങ്ങിയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി മനുഷ്യർക്കിടയിൽ പക്ഷപാതിത്വങ്ങൾ കൽപിക്കപ്പെടുന്ന പതിവ് പൗരാണികജനതകളിൽപോലും നടപ്പിലുണ്ടായിരുന്നു. ഇന്നും ഇതിന്റെ പല ഭവിഷ്യത്തുകളും ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുമതവിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ‘ഉന്നതകുലജാതരെ’യപേക്ഷിച്ച് മറ്റെല്ലാ മനുഷ്യരെയും നീചരായി കണക്കാക്കി. ശൂദ്രർ നിന്ദ്യതയുടെ പ്രതീകമായി മാറി. വർണവിവേചനങ്ങൾ മൂലം അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം കറുത്ത വർഗക്കാർ അനുഭവിച്ച യാതനകൾ ഇന്നും ചരിത്രത്താളുകളിൽ മായാതെ നിലകൊള്ളുന്നു. ഇത്തരം വിഭാഗീയതകൾക്കെതിരെയെല്ലാം ശക്തമായി ശബ്ദമുർത്തിയതോടൊപ്പംതന്നെ സമത്വസുന്ദരമായ ഒരു ജനതയെ സൃഷ്ടിച്ച് കാണിച്ചുതരികകൂടി ചെയ്തു ഇസ്‌ലാം. കറുത്തവനും വെളുത്തവനും മുതലാളിയും തൊഴിലാളിയും രാജാവും പ്രജയുമെല്ലാം അല്ലാഹുവിന് മുന്നിൽ തുല്യരാണ്‌ എന്ന സന്ദേശം അഞ്ചു നേരത്തെ നമസ്കാരങ്ങളുൾപ്പെടെയുള്ള ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങൾ തന്നെ ലോകത്തോട് വിളിച്ചുപറയുന്നു. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന വിശ്വസാഹോദര്യത്തിന്റെ പ്രകാശത്തിലേക്ക് മടങ്ങുകയാണ് വിഭാഗീയ ചിന്തകളെയെല്ലാം ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

Ref:

1) https://www.manoramaonline.com/news/
world/2020/05/28/tragic-death-for-black-in-us.html

2) https://www.asianetnews.com/web-specials-magazine/when-racism-chokes-african-americans-to-death-in-minneapolis-qb2zs2

3) https://www.madhyamam.com/world/
americas/protests-us-after-death-george-floyd-minneapolis-world-news/686778

4) ഖുർആൻ 49:13

5) ബൈഹഖി

6) ബൈഹഖി

7) ഖുർആൻ 4:1

8) ഖുർആൻ 5:32

print

1 Comment

  • അർത്ഥ വത്തായ ലേഖനം

    aboobaker vp 30.05.2020

Leave a comment

Your email address will not be published.