വിഷാദം, ആത്മഹത്യ: ശാശ്വത പരിഹാരം

//വിഷാദം, ആത്മഹത്യ: ശാശ്വത പരിഹാരം
//വിഷാദം, ആത്മഹത്യ: ശാശ്വത പരിഹാരം
ആനുകാലികം

വിഷാദം, ആത്മഹത്യ: ശാശ്വത പരിഹാരം

ടനും, നർത്തകനും, സംരംഭകനുമായ സുഷാന്ത് സിങ്‌ രജ്‌പുത്തിൻ്റെ ആത്മഹത്യ വലിയ ചർച്ചയിലേക്കാണ് ബോളിവുഡും മറ്റു സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തിട്ടുള്ളത്. സുമുഖൻ, കോടിക്കണക്കിനു രൂപയുടെ ആസ്തി, ആഡംബര ഫ്ളാറ്റ്, ലോകനിലവാരത്തിലുള്ള വാഹനങ്ങൾ, പ്രശസ്തി, ഇഷ്ട കാമുകിയും പിന്നേ ചുറ്റിലും പരിചാരകർ, ആരാധക വൃന്ദങ്ങൾ, ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിയിലേറെ ഫോളോവേർസ്, ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച ചിത്രങ്ങൾ തരക്കേടില്ലാത്ത വിജയങ്ങൾ, കൂടാതെ ജ്യോതി ശാസ്ത്രത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചതിനോടൊപ്പം ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഏക നടനെന്ന ബഹുമതിയും, അങ്ങനെ സാധാരണ ഒരു ഇന്ത്യക്കാരൻ സ്വപ്‍നം കാണുന്നതിലേറെ സഞ്ചരിച്ച 34 വയസുള്ള ആരോഗ്യമുള്ള ആ ചെറുപ്പക്കാരൻ വെറും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാൻ എന്താണ് കാരണം? കുറച്ചു കാലങ്ങളായി അദ്ദേഹം വിഷാദരോഗത്തിന് (Depression) അടിമപ്പെട്ടിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ആഗോളതലത്തിൽ ആത്മഹത്യ ചെയ്യുന്നവർ ചെറുതൊന്നുമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം (WHO) ഓരോ വർഷവും ശരാശരി ഏകദേശം എട്ടു ലക്ഷത്തോളം ആളുകൾ അഥവാ ഓരോ നാൽപ്പതു സെക്കന്ററിലും ഒരാൾ വീതം മരണപ്പെടുന്നുണ്ട്, വരും വർഷങ്ങളിൽ തന്നേ മരണ നിരക്ക് ഇതിലും ഗണ്യമായി കൂടാനുള്ള സാധ്യതകളാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിഷാദരോഗം, മദ്യമുൾപ്പെടെ പല രൂപത്തിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പരമ്പരാഗത പാഠ്യ പദ്ധതിയുടെ അമിത ഭാരവും പരീക്ഷാ പേടിയും, എയിഡ്‌സും മറ്റു പലവിധ അസുഖങ്ങളാലും ജീവിതം തള്ളി നീക്കുന്നവർ, അപ്രതീക്ഷിതമായി കുറ്റ കൃത്യങ്ങൾ ചെയ്തുപോയവർ, പ്രേമ നൈരാശ്യം, ജോലി ഇല്ലായ്മ, അഭിമാനക്ഷതം, ആകസ്‌മികമായി പലവിധ കച്ചവടങ്ങളിൽ ഉണ്ടാവുന്ന തിരിച്ചടികൾ, കൃഷിയിൽ വിചാരിച്ചത്ര വിളവ് കിട്ടാതെ വരുകയും തുടർന്ന് ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി, ജീവിതത്തിനു യാതൊരു ലക്ഷ്യബോധവും ഇല്ലാത്തവർ, അങ്ങനെ ആത്മഹത്യക്കു കാരണങ്ങൾ പലതാകാം.

ഇതിൽ പ്രധാനം വിഷാദ രോഗം തന്നെ, ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് മാനസിക സമ്മർദ്ദം. അനാവശ്യ ഉൽകണ്ഠ, ഭക്ഷണരീതി, ഉറക്കം, ലൈംഗികത തുടങ്ങിയവയെ പല രീതിയിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, പുതിയ കോവിഡ് പോലെയുള്ള സാഹചര്യത്തിൽ അസുഖങ്ങൾ തന്നെ ബാധിക്കുമോ എന്ന ഭയത്താൽ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി മാറ്റാറുണ്ട്. ചിലപ്പോൾ ജോലി ചെയ്യാനോ ആരെങ്കിലുമായി സംസാരിക്കാനോ താല്‍പര്യമില്ലാതിരിക്കുക, ദിവസം മുഴുവന്‍ വീടുകളിൽ കഴിച്ചുകൂട്ടുക, ചെയ്യുന്നതെല്ലാം തെറ്റായി തോന്നുക, ഞാന്‍ ഒരു വിലയില്ലാത്തവനും ഒന്നിനും കൊള്ളാത്തവനുമാണെന്ന് തോന്നലുണ്ടാകുക, എന്നെ ആരും മനസിലാക്കുന്നില്ല എന്നിവയൊക്കെ ഇതിൻ്റെ ലക്ഷണങ്ങളാണ്.

വിഷാദത്തിൻ്റെ കാഠിന്യം കൂടുമ്പോൾ ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുക, അവ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ദിവസം മുഴുവന്‍ ഒരു പ്രസരിപ്പില്ലായ്മ അനുഭവപ്പെടുക, മുമ്പ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ വരിക, പഴയ കാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുക തുടങ്ങി അവസാനം ഇനി മരണത്തിന് മാത്രമേ എന്നെ ഈ കഷ്ടതകളിൽ നിന്നും രക്ഷിക്കാൻ സാധിക്കൂ എന്ന തോന്നൽ ഉണ്ടാകുകയും, അതിനു വേണ്ടിയുള്ള മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ആഗോള തലത്തിൽ പലരും ഈ രംഗത്ത് പഠനം നടത്തിയിട്ടുണ്ട്, അവയൊക്കെ സംഗ്രഹിച്ചാൽ വിഷാദം ഒഴിവാക്കാൻ താഴെ കൊടുക്കുന്ന ചില നിർദ്ദേശങ്ങളാണ് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്.

1. മുകളിൽ പറഞ്ഞ ഏതെങ്കിലും മാനസികാവസ്ഥയിൽ കൂടിയാണ് താൻ കടന്നു പോകുന്നതെന്നു മനസ്സിലായാൽ ലോകത്തു ഇതേ പ്രശ്‍നം അലട്ടുന്നവരിൽ ഒരാൾ മാത്രമാണ് താൻ എന്നും, ഈയൊരവസ്ഥ ആരുടേയും ജീവിതത്തിൽ ഏതു സമയത്തും വന്നു ചേരാമെന്നും ഇതിനു ചികിത്സയുണ്ടെന്നും മനസ്സിലാക്കുകയും തനിക്ക് ഒരു സാന്ത്വനം ലഭിക്കുമെന്നുറപ്പുള്ള അടുത്ത ബന്ധുക്കളോടോ, സുഹൃത്തുക്കളോടോ കാര്യങ്ങൾ തുറന്നു സംവദിക്കുകയും ചെയ്യുക. അതുപോലെ ഇവ്വിഷയകമായി ആരെങ്കിലും നമ്മെ സമീപിച്ചാൽ അവരെ ഒന്ന് കേൾക്കാൻ നമ്മുടെ ചെവിയും, മനസ്സും ഒന്ന് തുറന്നു വെക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും, യഥാർത്ഥ ജീവിത ലക്ഷ്യത്തെക്കുറിച്ചു ഓർമ്മപ്പെടുത്തുകയും വേണ്ട നിർദ്ദേശങ്ങളും, ചികിത്സ കൊടുക്കുകയും ചെയ്യുക. സ്റ്റീഫൻ ആർ. കോവേ തന്റെ “The seven habits of highly effective people” എന്ന പ്രശസ്തമായ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നത് നമ്മൾ പലപ്പോഴും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഉദ്ദേശത്തോടെ അവരെ ശ്രദ്ധിക്കുന്നില്ല; പകരം മറുപടി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാം ശ്രദ്ധിക്കുന്നു എന്ന് വരുത്തിത്തീർക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. തൻ്റെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ, ഇനി ഒരു വഴിപോക്കനാണെങ്കിൽ കൂടി നമ്മുടെ ഒരു ചെറിയ തലോടലോ, ഉപദേശമോ മതിയാകും അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ, ഇനി വാക്കുകളിലോ, പ്രവർത്തികളിലോ മറ്റോ ആത്മഹത്യാ പ്രേരണ പ്രകടിപ്പിക്കുക ചെയ്യുകയാണെങ്കിൽ അവരെ എത്രയും വേഗം ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ (Mental psychiatrist) അടുത്ത് ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യുക.

2. ലഹരി വസ്തുക്കൾ ഉപേക്ഷിക്കുക. മദ്യപാനം, പുകയില, പാൻമസാലകൾ തുടങ്ങി വിവിധ തരം ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം മാനസിക വിഭ്രാന്തി, മനോരോഗങ്ങള്‍, ആകാംക്ഷ, വിഷാദം, ഭയം, അപകര്‍ഷതാബോധം, അമിതമായ കുറ്റബോധം എന്നിവക്ക് കാരണമാകുന്നു. ഒരു ആകാംക്ഷയിൽ തുടങ്ങി ഘട്ടം ഘട്ടമായി ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗത്തിലേക്കും പിന്നീട് തിരിച്ചുവരാനാകാത്ത വിധം അതിന് അടിമപ്പെടുകയും അവസാനം മറ്റുള്ളവര്‍ തന്നെ വെറുക്കുന്നു എന്ന തിരിച്ചറിവുണ്ടാകുകയും സ്വയം വെറുപ്പിലേക്കും പിന്നീട് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

3. വ്യായാമം – സ്ഥിരമായിട്ടുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടു വരുകയും തുടർന്ന് ശരീരത്തിലും ജോലിയിലും ഊര്‍ജ്ജസ്വലത പ്രധാനം ചെയ്യുന്നതിനോടൊപ്പം തലച്ചോറിനും വളരെ ഗുണപ്രദമാണ്.

4. വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, ഉറക്കം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുന്നു.

5. ആവശ്യത്തിന് ആരോഗ്യദായകമായ ഭക്ഷണം ഉറപ്പുവരുത്തുക.

മറ്റുള്ളവർക്ക് വളരെ നിസ്സാരം എന്ന് തോന്നുന്ന കാര്യങ്ങൾ കൊണ്ടാകാം ഒരാൾ സർവ പ്രതീക്ഷയും നശിച്ചു വിഷാദ രോഗത്തിന് അടിമപ്പെടുന്നതും പിന്നീട് ആത്മഹത്യയിലേക്കു എത്തിച്ചേരുന്നതും. ഈയടുത്തു നമ്മുടെ കേരളത്തിൽ നടന്ന ചില ആത്മഹത്യയുടെ കാരണങ്ങൾ നോക്കുക, തൻ്റെ ഓൺലൈൻ പഠനം മുടങ്ങുമോ എന്ന് കരുതി, ഒരു പരീക്ഷയിൽ കോപ്പിയടിച്ചു പിടിച്ചതിൻ്റെ പേരിൽ, കോവിഡ് – 19 എന്ന വൈറസ് തൻ്റെ ശരീരത്തെ കീഴടക്കുമോ എന്ന ഭയത്താൽ, ഭവന വായ്‌പ കൃത്യമായി അടക്കാത്തതിൻ്റെ പേരിൽ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് അങ്ങനെ പോകുന്നു ആത്മഹത്യയുടെ കാരണങ്ങൾ.

അമേരിക്കൻ കനേഡിയൻ ആക്ടറും, സംരംഭകനും, ഫുട്ബോൾ പ്ലേയറും, റെസ്‌ലിങ് ചാമ്പ്യനുമായിരുന്ന വെയ്ൻ ജോൺസൺ, ഹാരി പോർട്ടർ രചിച്ച ജെ. കെ റൗളിങ്, അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ, ഇന്ത്യൻ ആക്ടർ അമിതാഭ് ബച്ചൻ തുടങ്ങി പല പ്രശസ്തരെയും കാര്യമായി വിഷാദം പിടികൂടുകയും പിന്നീട് അവരവരുടെ മേഖലയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തിട്ടുണ്ട്.

മത ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ വിഷാദത്തിൽ അടിമപ്പെട്ടു പ്രതിസന്ധികൾ നിറഞ്ഞു നിൽക്കുന്ന ചില സാങ്കൽപ്പിക കഥാപത്രങ്ങളേയും, ചരിത്ര പുരുഷന്മാരെയും കാണാൻ സാധിക്കും.

ഭഗവത്ഗീതയുടെ ആദ്യ അധ്യായത്തിന്റെ പേരു തന്നെ അർജുനവിഷാദ യോഗം എന്നാണ്, യുദ്ധത്തില്‍ ജയം സുനിശ്ചിതമായതോടു കൂടി അനിവാര്യമായ ബന്ധു വധത്തെ മുന്നിൽ കണ്ട അര്‍ജുനന്‍ വിഷാദത്തിന് അധീനനായിത്തീര്‍ന്നു. അര്‍ജുനന്റെ ആ വിഷാദം മാറ്റുവാനായിട്ടാണ് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചതെന്നു പറയപ്പെടുന്നു.

അതുപോലെ ബൈബിളിൽ ഒരിക്കൽ അതീവദുഃഖിതനായ ഏലിയാപ്രവാചകൻ തന്‍റെ ജീവനെ എടുത്തുകൊൾവാനായി യഹോവയോടു പ്രാർത്ഥിച്ചു. താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. (1 രാജാക്കന്മാർ 19:4).

സമൂഹത്തിലെ സർവ്വ വിധ തിന്മകളിൽ നിന്നും മാറി ഹിറയെന്ന ഗുഹയിൽ ഏകനായ സ്രഷ്ടാവിനെ സ്മരിച്ചുകൊണ്ടിരുന്ന അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുടെ മുന്നിൽ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് മാർഗനിർദ്ദേശവുമായി ജിബ്‌രീൽ എന്ന മലക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ സന്ദേശമായി എത്തിയപ്പോൾ പേടിച്ചു വിറച്ചു വിഷാദ മൂകനായി ഏതാനും ദിവസങ്ങൾ തള്ളി നീക്കിയതായി ചരിത്രങ്ങളിൽ കാണാം, അപ്പോൾ താങ്ങും തണലുമായി ഭാര്യയായിരുന്ന ഖദീജ (റ) കൂടെ നിൽക്കുകയും, സാന്ത്വനിപ്പിക്കുകയും പിന്നീട് തന്നിൽ അർപ്പിതമായ ദിവ്യ സന്ദേശം ലോകർക്കെത്തിക്കാൻ പ്രവാചകൻ (സ) ഇറങ്ങിത്തിരിക്കുകയും ചെയ്തു.

ഇസ്‌ലാമിലെ വിശ്വാസപ്രകാരം സൃഷ്ടികളിൽ ശ്രേഷ്ഠനാണ് മനുഷ്യൻ, അവൻ ആദരണീയനാണ്, അതുകൊണ്ട് തന്നെ സ്വയം ജീവൻ ഹനിക്കുന്നതു അതിഗുരുതരമായ അപരാധമായാണ് കണക്കാക്കുന്നത്. നിങ്ങൾ നിങ്ങളുടെ കൈകളാൽ നിങ്ങളെതന്നെ നാശത്തിലകപ്പെടുത്തരുത്, നന്മ ചെയ്യുക തീർച്ചയായും നന്മ ചെയ്യുന്നവരെ അള്ളാഹു ഇഷ്ട്ടപെടുന്നു. (ഖുർആൻ 2:195)

നബി (സ) പറഞ്ഞു: “ഒരാൾ മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ അവൻ നരകത്തിലും അപ്രകാരം വീണുകൊണ്ടിരിക്കും. വിഷം കഴിച്ചു ആത്മഹത്യ ചെയ്തവൻ നരകത്തിൽ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും, അവൻ്റെ കയ്യിൽ അവൻ്റെ വിഷം എപ്പോളും ഉണ്ടായിരിക്കും. ഒരാൾ ആയുധം വെച്ച് സ്വശരീരത്തെ വധിച്ചാൽ അവൻ കാലാ കാലവും നരകത്തിൽ വെച്ച് ആയുധം കൊണ്ട് തൻ്റെ വയർ കുത്തികീറികൊണ്ടിരിക്കും, ആ ആയുധം അവൻ്റെ കയ്യിൽ എപ്പോഴും ഉണ്ടായിരിക്കും. (ബുഖാരി)

2018 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തു ഏറ്റവും കൂടുതൽ ആത്മഹത്യ നടന്ന രാജ്യങ്ങൾ യഥാക്രമം ലിത്വാനിയ(യൂറോപ്പ്), റഷ്യ (യൂറോപ്പ്), ഗുയാന (സൗത് അമേരിക്ക) എന്നിവയാണ്. സാമ്പത്തിക സാധ്യതകളുടെ അഭാവവും സാംസ്കാരികവും ആത്മീയവുമായ ശൂന്യതയാണ് ഈ രാജ്യങ്ങളിലൊക്കയും ഉയർന്ന ആത്മഹത്യയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പക്ഷെ പലവിധ പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഇസ്‌ലാമിക രാജ്യങ്ങളിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ആത്മഹത്യ തുലോം കുറവാണന്നു കണക്കുകൾ ബോധ്യപ്പെടുത്തുന്നു.

ആരോഗ്യ വിദഗ്ധരും, ആ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും ആത്മഹത്യ വർധിക്കാനുള്ള കാരണങ്ങളും, അതിനെ പ്രതിരോധിക്കാൻ പല പോം വഴികളും നിർദ്ദേശിക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്രപരവും, വിശ്വാസപരവുമായ പ്രതിസന്ധിയാണ് സത്യത്തിൽ വിഷാദത്തിലേക്കും, ഒരുവേള മരണക്കയത്തിലേക്കും നയിക്കുന്നത്. മരണത്തോടുകൂടി താൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെറുതും, വലുതുമായ എല്ലാത്തിനും പരിഹാരമാകും എന്ന അബദ്ധ ധാരണയിൽ നിന്നുമാണ് കേവലം ഒരു മുഴം കയറിലോ, മറ്റേതെങ്കിലും വിഷവസ്തുക്കൾ ഉപയോഗിച്ചോ, ഉയരങ്ങളിൽ നിന്ന് ചാടിയോ, ആയുധം കൊണ്ടൊക്കെ ജീവിതം അവസാനിപ്പിക്കാൻ തുനിയുന്നത്.

ഏകനായ സ്രഷ്ടാവ് നമുക്ക് ഓരോരുത്തർക്കും നൽകിയിട്ടുള്ള ഈ ജീവിതവും, സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണ്. നാം ജനിച്ച തൻ്റെ കാലമോ, വർഗമോ, വർണമോ, മാതാപിതാക്കളോ, കൗമാരം വരെയുള്ള വിദ്യാഭ്യാസമോ ഒന്നും തന്നെ നമ്മുടെ പരിധിയിലുള്ള കാര്യങ്ങളല്ലല്ലോ, ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ നമ്മുടെ ഈ ഇഹലോക ജീവിതം ഹ്രസ്വമായ ഒരു കാലഘട്ടം മാത്രമാണ്. അതിനു ശേഷം മരണമില്ലാത്ത മറ്റൊരു പരലോക ജീവിതമുണ്ട്. ആദ്യ ജീവിതത്തെയും രണ്ടാമത്തെ ജീവിതത്തെയും വേര്‍പ്പെടുത്തുന്നത് മരണം എന്ന പ്രതിഭാസമാണ്. ഇഹലോക ജീവിതം ഒരു പരീക്ഷണം മാത്രമാണ്. ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചടത്തോളം അവനു ഈ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ നന്മയും, തിന്മയും സ്രഷ്ടാവിൽ നിന്നുള്ളതാണെന്നു മനസ്സിലാക്കുന്നു, തന്നെ എന്തെങ്കിലും പ്രതികൂലമായി ബാധിച്ചാൽ ക്ഷമ കൈക്കൊണ്ട് മുന്നോട്ടുപോകുമ്പോൾ നാളെ മരണാനന്തരമുള്ള പരലോക ജീവിതത്തിൽ അർഹമായ പ്രതിഫലം ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസിക്ക് ജീവിതത്തിൽ എന്ത് തന്നെ പ്രതിസന്ധിയുണ്ടെങ്കിലും അവൻ്റെ മനസ്സ് ശാന്തമായിരിക്കും, അവനു ഈ ലൗകീക ജീവിതവും ആസ്വദിച്ചു മുന്നോട്ടുപോകാൻ സാധിക്കും. നബി (സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്, ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. സന്തുഷ്ടനാകുമ്പോൾ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോൾ ക്ഷമ പാലിക്കും. അപ്പോൾ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്‌ലിം)

താൻ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയാലും അത് പരലോക ജീവിതത്തിൽ തനിക്കു ഉന്നത ശ്രേണിയിൽ എത്താനുള്ള പരീക്ഷണങ്ങൾ മാത്രമാണെന്നും ആകാശ ലോകത്തുള്ള എൻ്റെ സ്രഷ്ടാവ് എന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും തനിക്കു എന്തും തുറന്നു സംസാരിക്കാൻ സദാ അവൻ സന്നദ്ധനാണെന്നുമുള്ള വിശ്വാസം കൈവരുമ്പോൾ മനോമുകരം ശാന്തമായി തീരുന്നു.

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ആ ക്ഷമാശീലര്‍ പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌, അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌, അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുർആൻ 2: 155-157)

print

2 Comments

  • മാ ഷാ അല്ലാഹ്…
    വളരെ നല്ലെഴുത്ത്.
    അല്ലാഹു അനുഗ്രഹിക്കട്ടെ!
    ആമീൻ.

    Abdul Majeed valappil 16.07.2020
  • Masha Allah…
    It is a very good Article especially in the current circumstances.
    Keep it up!

    Mubarack 02.08.2020

Leave a comment

Your email address will not be published.