വിവാഹപ്രായപരിഷ്‌കാരം: സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല

//വിവാഹപ്രായപരിഷ്‌കാരം: സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല
//വിവാഹപ്രായപരിഷ്‌കാരം: സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല
ആനുകാലികം

വിവാഹപ്രായപരിഷ്‌കാരം: സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നമ്മുടെ നാട്ടിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ പ്രായമല്ല, വിവാഹമാണ് യഥാര്‍ഥത്തില്‍ ‘സ്ത്രീപക്ഷ’ത്തു നില്‍ക്കുന്നവരെന്നവകാശപ്പെടുന്നവരുടെ ഉറക്കം കെടുത്തുന്ന പ്രശ്‌നമെന്ന് വ്യക്തമാകും. വിവാഹം കഴിക്കുന്നതും അമ്മയാവുന്നതുമാണ് ഒരു സ്ത്രീക്ക് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ അത്യാഹിതങ്ങളെന്ന് തോന്നിപ്പോവും, ‘പുരോഗമനവാദ’ത്തിന്റെ അങ്ങേത്തലയ്ക്കലെത്തിനില്‍ക്കുന്നവരുടെ വാദം കേട്ടാല്‍! മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം മാത്രം ചര്‍ച്ചയിലും വാര്‍ത്തയിലും നിറഞ്ഞു നില്‍ക്കുകയും ഇതര സമുദായങ്ങള്‍ ഇക്കാര്യത്തില്‍ മാത്രമെങ്കിലും ‘പാര്‍ശ്വവല്‍കരിക്ക’പ്പെട്ടുപോവുകയും ചെയ്യുന്ന സാഹചര്യവും കാണാനുണ്ട്! വസ്തുതകളെയും യഥാര്‍ഥ്യങ്ങളെയും തമസ്‌കരിച്ചുകൊണ്ട്, ‘പുരോഗമനമുഖ’ത്തിന്റെ പരിരക്ഷ മാത്രം ലക്ഷ്യം വെച്ച്, ഈ പ്രശ്‌നത്തെ സമീപിക്കരുതെന്നാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരോട് സ്‌നേഹപൂര്‍വം അപേക്ഷിക്കാനുള്ളത്.

ഋതുമതികളാവുന്നതോടു കൂടി ഇന്ത്യയിലെ സകല പെണ്‍കുട്ടികളെയും വിവാഹത്തിനു നിര്‍ബന്ധിക്കാനുള്ള ഗൂഢതന്ത്രമാണ് മുസ്‌ലിംകള്‍ മെനഞ്ഞെടുത്തിരിക്കുന്നതെന്നാണ് പലരും പ്രചരി പ്പിക്കുന്നത്. ഇരുപത്തിയൊന്ന് എന്ന പ്രായത്തോടോ ഇരുപത്തൊന്നും കഴിഞ്ഞ് നീണ്ടേക്കാവുന്ന സ്ത്രീവിദ്യാഭ്യാസത്തോടോ അല്ല, മറിച്ച് ഇരുപത്തിയൊന്നിന് മുമ്പ് കടന്നുവന്നേക്കാവുന്ന ചില അനിവാര്യ സാഹചര്യങ്ങളോടാണ് മതസംഘടനകള്‍ ഏറ്റുമുട്ടുന്നതെന്ന കാര്യം പലര്‍ക്കും മനസ്സിലായിട്ടില്ല. മുസ്‌ലിംകളെ മാത്രമായി വേട്ടയാടുന്ന എന്ത് അനിവാര്യ സാഹചര്യമാണ് മതേതര ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നാണ് പല ബുദ്ധിജീവികളും ചോദിച്ചുകാണുന്നത്. പതിനഞ്ച് വയസ്സിലും പതിനാറ് വയസ്സിലുമെല്ലാം വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവകാശമുള്ള ഒട്ടേറെ രാജ്യങ്ങളുണ്ടെന്നിരിക്കെ ഇരുപത്തിയൊന്ന് എന്ന അത്ഭുതസംഖ്യയില്‍ കടിച്ചുതൂങ്ങാന്‍ മാത്രം എന്ത് അനിവാര്യ സാഹചര്യമാണ് മതേതര ഇന്ത്യയിലുള്ളത് എന്ന് പക്ഷേ, അവരാരും ഇതുവരെ അന്വേഷിച്ചുപോയിട്ടില്ല!

ഇരുപത്തിയൊന്ന് വയസ്സിലോ അതിനുശേഷമോ വിവാഹം കഴിക്കുന്നതിന് എതിരായിട്ടല്ല ഇതു പറയുന്നത്, ഇരുപത്തിയൊന്ന് വയസ്സിനു മുമ്പ് വിവാഹം കഴിക്കേണ്ടിവരുന്ന പെണ്‍കുട്ടികളെ, അവരെ വിവാഹം കഴിപ്പിക്കേണ്ടിവരുന്ന മാതാപിതാക്കളെ, വിവാഹത്തിന് പങ്കാളിത്തത്തിലൂടെ മൗനാനുവാദം നല്‍കുന്ന ബന്ധുക്കളെ, സുഹൃത്തുക്കളെ, നിയമം അതിന്റെ പേരില്‍ വേട്ടയാടുന്നത് ചിലപ്പോഴെങ്കിലും നീതിനിഷേധമായിപ്പോവും എന്ന അര്‍ഥത്തിലാണ്. വിവാഹപ്രായം ഇരുപത്തിയൊന്നാണെന്നു വെച്ച് എല്ലാ പെണ്‍കുട്ടികളെയും ഇരുപത്തിയൊന്ന് വയസ്സു തികയുമ്പോഴേ കെട്ടിച്ചയക്കുന്നുണ്ടോ ഇന്ത്യയില്‍? പഠിക്കണമെന്നുള്ളവര്‍ ഇരുപത്തിയൊന്ന് വയസ്സു കഴിഞ്ഞും പഠിക്കുന്നില്ലേ? വിവാഹം കഴിഞ്ഞിട്ടും പഠിക്കുകയും ജോലി നേടുകയും ചെയ്യുന്നവരില്ലേ? അപ്പോള്‍ വിവാഹപ്രായം പതിനാറാക്കിയാലും പഠനത്തിനും ജോലിക്കും പ്രധാന്യം കൊടുക്കുന്നവര്‍ ഇരുപത്തൊന്നും ഇരുപത്തഞ്ചും കഴിഞ്ഞാലും പഠിക്കും. കുടുംബജീവിതത്തിനു കൂടി പ്രാധാന്യം നല്‍കുന്നവര്‍ വിവാഹം കഴിക്കുകയും, അതോടൊപ്പം പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യും. പഠനത്തിനും ജോലിക്കും അപ്പുറവും ജീവിതമുണ്ടെന്ന് മനസ്സിലാക്കുന്നവരില്‍ ഇരുപത്തൊന്നാവും വരെ കാത്തിരിക്കാന്‍ കഴിയാത്തവര്‍ക്ക് തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് രണ്ടുവര്‍ഷം നേരത്തെ നിയമാനുമതി ലഭിക്കുകയും ചെയ്യും. ഇതിനെയൊക്കെയാണോ ഇന്ത്യയുടെ സാംസ്‌കാരികോന്നമനത്തിന്റെ അടിത്തറ തകര്‍ത്തു കളയാനിടയുള്ള ഭൂകമ്പമെന്ന് വിശേഷിപ്പിക്കുന്നത്?

സ്ത്രീ-പുരുഷന്മാരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു നിശ്ചിതപ്രായം ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിര്‍ണയിച്ചു കാണുന്നില്ല. എന്നാല്‍ സ്ത്രീയുടെ സമ്മതപ്രകാരമല്ലാതെ അവളെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ പാടില്ലെന്ന കാര്യത്തില്‍ സംശയവുമില്ല. പെണ്ണിനെ പോറ്റാനുള്ള പ്രായവും പക്വതയും സാമ്പത്തികശേഷിയുമെത്തുന്നതിനു മുമ്പ് വിവാഹം കഴിക്കാന്‍ ഇസ്‌ലാം പുരുഷനോട് പറയുന്നുമില്ല. ഒരു ഇസ്‌ലാമികേതര രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിം പൗരന്മാര്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും അതിനോടു സഹകരിച്ചും ജീവിക്കണമെന്നുതന്നെയാണ് ഇസ്‌ലാം അനുശാസിക്കുന്നത്. നിയമവ്യവസ്ഥയെ മാനിക്കുന്നവര്‍ നിയമപരിഷ്‌കരണത്തിനാണല്ലോ, നിയമലംഘനത്തിനല്ലല്ലോ, മുതിരേണ്ടത്!

മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള പുരുഷ പണ്ഡിതരുടെ നീക്കമായി വിവാഹപ്രായത്തില്‍ ഇളവുവരുത്തണമെന്ന കേരളത്തിലെ പണ്ഡിതന്മാരുടെ ആവശ്യത്തെ പലരും വിലയിരുത്തിക്കണ്ടു. മെഡിക്കല്‍ കോളജുകളിലും എഞ്ചിനീയറിംഗ് കോളജുകളിലും ആര്‍ട്‌സ് കോളജുകളിലുമെല്ലാം വര്‍ഷംതോറും കൂടിവരുന്ന തട്ടമിട്ട പെണ്‍കുട്ടികളുടെ എണ്ണം സ്ത്രീ വിദ്യഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി രാപകല്‍ അധ്വാനിച്ച സമുദായനേതാക്കളുടെ കൂടി നേട്ടമാണെന്ന ചരിത്രസത്യമല്ലേ ഇവിടെ വിസ്മരിക്കപ്പെടുന്നത്? മതം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീ വിദ്യാഭ്യാസത്തെ അനാചാരങ്ങളുടെ കെട്ടുപാടുകള്‍ക്കുള്ളില്‍ കുരുക്കിയ പൂര്‍വകാലത്തോട് നിതാന്തം ആദര്‍ശയുദ്ധം ചെയ്തുതന്നെയാണ് പ്രവാചകന്‍ (സ) പഠിപ്പിക്കാത്ത സ്ത്രീവിരുദ്ധത മുസ്‌ലിം നവോത്ഥാന നായകര്‍ കുപ്പത്തൊട്ടിയിലെറിഞ്ഞത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ ആസ്വദിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന മുസ്‌ലിം സമുദായം ഒരു സുപ്രഭാതത്തില്‍ ഇതിനെല്ലാം കടക വിരുദ്ധമായ തീരുമാനങ്ങളെടുത്തുവെന്ന് മനസ്സിലാക്കുന്നത് എന്തുമാത്രം വലിയ വിഢ്ഢിത്തമല്ല?

ജോലിക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തെ ബിംബവല്‍കരിച്ച് പൂജിക്കുകയും കുടുംബജീവിതത്തെ നിര്‍ദയം പരിഹസിക്കുകയും ചെയ്യുന്നവരോട് ഒന്ന് ചോദിക്കട്ടെ: സമൂഹത്തിലെ നൂറുശതമാനം പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസം വഴിയുള്ള തൊഴില്‍ സ്വപ്‌നം കാണുന്നവരും ജോലി ചെയ്ത് കുടുംബം പോറ്റണമെന്ന് ആഗ്രഹിക്കുന്നവരുമാണെന്ന് ഇത്ര തറപ്പിച്ചു പറയാന്‍ കഴിയുമോ? തന്റെ വ്യക്തിത്വത്തിനഭിമാനവും അഭികാമ്യവും നേരത്തെയുള്ള വിവാഹജീവിതമാണെന്ന് തീരുമാനിക്കുന്ന ഒരു പെണ്‍കുട്ടിപോലും ഇന്ത്യയിലില്ലെന്ന് ഇങ്ങനെ തൊണ്ട കീറാനാവുമോ? വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിക്കുന്നതുപോലെത്തന്നെ സ്ത്രീവിരുദ്ധവും പെണ്ണവകാശങ്ങളുടെ ധ്വംസനവുമല്ലേ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം മാറ്റിവെച്ചുകൊണ്ട് പഠിക്കാനും ജോലിചെയ്യാനും നിര്‍ബന്ധിക്കുന്നതും വികാരങ്ങളെയും അഭിലാഷങ്ങളേയും ഇരുപത്തിയൊന്ന് വയസ്സുവരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് അവളോട് ആവശ്യപ്പെടുന്നതും? ഇത്തരമൊരു അനിവാര്യ സാഹചര്യത്തിന്റെ സാധ്യതയെ സംശയലേശമന്യേ തള്ളിക്കളയാന്‍ ‘പുരോഗമനവാദി’കള്‍ക്ക് കഴിയുമോ? മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായത്തെക്കുറിച്ചു മാത്രമെന്താണ് ഇത്രത്തോളം കോലാഹലങ്ങള്‍? ഇസ്‌ലാം വിവാഹത്തിനും കുടുംബജീവിതത്തിനും ഇതര മതങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ് അതിനു കാരണം. ബ്രഹ്മചര്യത്തേയും സന്യാസത്തെയും മോക്ഷപ്രാപ്തിക്കുതകുന്ന ജീവിതരീതികളായി വിലയിരുത്തുന്ന ഹിന്ദുമതത്തില്‍ നിന്ന് ഏറെ അകലെയാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനം. ജീവിതനിരാസം വഴി കര്‍ത്താവിന്റെ മണവാട്ടിമാരും സ്വര്‍ഗത്തിലെ മാലാഖമാരുമാവാമെന്ന ക്രിസ്തുമത വാഗ്ദാനങ്ങള്‍ക്ക് നേരെ എതിര്‍പക്ഷത്താണ് ഇസ്‌ലാമിക പ്രമാണങ്ങള്‍. ഒരു വിശ്വാസിയുടെ മതം പൂര്‍ത്തിയാക്കിക്കൊടുക്കുന്നപുണ്യ പ്രവൃത്തിയാണ് ഇസ്‌ലാമില്‍ വിവാഹം. ദമ്പതികളുടെ ലൈംഗികജീവിതം ലോകസ്രഷ്ടാവായ അല്ലാഹുവിന്റെ അടുക്കല്‍ എണ്ണപ്പെടുന്ന സല്‍പ്രവൃത്തികളിലൊന്നാണെന്നാണ് ഇസ്‌ലാം മനുഷ്യരെ പഠിപ്പിക്കുന്നത്. ബ്രഹ്മചര്യമെന്നും വ്യഭിചാരമെന്നുമുള്ള ‘എക്‌സ്ട്രീമു’കളില്‍ അഭിരമിക്കാതെ മനുഷ്യന്റെ ലൈംഗികവികാരങ്ങളെ വിവാഹത്തിലൂടെ നേര്‍ദിശയിലേക്ക് തിരിച്ചുവിടുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മനുഷ്യരുടെ ജൈവികമായ ആവശ്യങ്ങളെ അടിച്ചമര്‍ത്തുന്ന ബ്രഹ്മചര്യവും അവയെ ദുരുപയോഗം ചെയ്യുന്ന വ്യഭിചാരവും മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രകടനങ്ങളല്ല, ദൈവികകല്‍പനകളോടുള്ള വെല്ലുവിളിയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

വിവാഹപ്രായം നീട്ടിവെക്കുന്നത് തങ്ങളുടെ ‘തക്വ്‌വ'(വിശുദ്ധി) പരിശോധിക്കുന്ന കഠിന പരീക്ഷയായി മാറുന്ന മുസ്‌ലിം സ്ത്രീയും പുരുഷനും എന്തുചെയ്യണമെന്ന ചോദ്യമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ യഥാര്‍ഥ മര്‍മം. വിവാഹം നീളുന്നിടത്തോളം സ്വന്തം വികാരവിചാരങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്തേണ്ടത് അവരുടെ മതപരമായ ബാധ്യതയായിത്തീരുന്നു. നിയന്ത്രണം വിട്ടുപോകുന്ന വികാര, വിചാര, കര്‍മങ്ങള്‍ വലിയ പാപങ്ങളില്‍ അവസാനിക്കുകയും ചെയ്യുന്നു. അതിനാല്‍, നിയമമനുശാസിക്കുന്ന പ്രായം വരെ വിവാഹം നീട്ടിവെക്കാന്‍ തങ്ങളുടെ വികാരങ്ങളനുവദിക്കുന്നില്ലെന്ന് തോന്നുന്ന മുസ്‌ലിം സ്ത്രീ-പുരുഷന്മാര്‍ എന്തുചെയ്യണം?

പോണോഗ്രഫി സൈറ്റുകളില്‍ നടക്കുന്നത് ഉദാത്തമായ ലൈംഗികമൂല്യങ്ങളുടെ പ്രകടനങ്ങളല്ലെന്നും റെഡ് സ്ട്രീറ്റുകളില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത് സ്ത്രീയുടെ ആവിഷ്‌കാര സ്വാതന്ത്ര്യമല്ലെന്നും മനസ്സിലാക്കുന്ന, ഇവയിലേക്കെല്ലാം നടന്നടുക്കുന്നത് ദൈവിക കല്‍പനകള്‍ക്ക് വിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് തിരിച്ചറിയുന്ന, മനുഷ്യര്‍ക്കു മുമ്പില്‍ വിവാഹമെന്ന ലളിതവും സുരക്ഷിതവുമായ മാര്‍ഗം കൊട്ടിയടക്കുന്നവര്‍ക്ക് ഏതു നിയമത്തിന്റെ പേരിലാണ് തത്പ്രവൃത്തിയെ ന്യായീകരിക്കാനാവുക?

ഇസ്‌ലാമിലെ പ്രണയം വിവാഹത്തിനു ശേഷമാണ്. വിവാഹത്തിനു മുമ്പുള്ള പ്രണയം ഇസ്‌ലാമിനെതിരാണ്. എന്നാല്‍ പ്രണയത്തില്‍ കുടുങ്ങുന്ന മുസ്‌ലിം യുവതീയുവാക്കളുണ്ട്. ഇവിടെ അവരുടെ മാതാപിതാക്കള്‍ക്ക് ആകെ ചെയ്യാനാവുക അവരുടെ വിവാഹം നടത്തിക്കൊടുക്കുക എന്നതു മാത്രമാണ്. നിയമത്തിന്റെ ഭാഷയില്‍ പ്രായം തികയാത്തവരാണ് പ്രണയിതാക്കളെങ്കില്‍ പ്രായം തികയും വരെ അവരെ പ്രണയിക്കാന്‍ വിടുകയെന്നുള്ളത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനാവാത്ത കാര്യമാണ്. ഇങ്ങനെയൊരു ‘അനിവാര്യ സാഹചര്യ’ത്തെ നേരിടാന്‍ നിലവിലുള്ള നിയമത്തില്‍ ഇളവുവേണമെന്നേ
നിയമലംഘനം മതലംഘനമാണെന്നറിവുള്ള മുസ്‌ലിംകൾ പറഞ്ഞിട്ടുള്ളൂ. പ്രായവിവാദത്തില്‍ മതസ്വാതന്ത്ര്യം ഒരു ഘടകമായി വരുന്നതും ഈയൊരു പശ്ചാതലത്തിലാണ്.

പുരുഷന് മരണം വരെ വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനില്‍ക്കുന്ന ലൈംഗികശേഷിയുള്ളപ്പോള്‍, മുപ്പത്തിയഞ്ചോ നാല്‍പതോ വയസ്സു കഴിയുന്നതോടെ സ്ത്രീലൈംഗികതയുടെ ഗ്രാഫ് താഴോട്ടുപോകുന്നുവെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. പ്രായം വൈകിയുള്ള വിവാഹവും ഗര്‍ഭധാരണവും സ്ത്രീകളില്‍ സ്തന-ഗര്‍ഭാശയ കാന്‍സറിനു കാരണമാകുന്നുവെന്നും ശാസ്ത്രം പറയുന്നു. ആര്‍ത്തവവിരാമത്തോടുകൂടി ഏകദേശം പൂര്‍ണമായിത്തന്നെ ലൈംഗികതയില്‍ നിന്ന് സ്ത്രീക്ക് പിന്മാറേണ്ടി വരുന്നുവെന്നുള്ളതും സത്യം. ഇതെല്ലാം തെളിയിക്കുന്നത് വൈകിയുള്ള സ്ത്രീവിവാഹങ്ങള്‍ സ്ത്രീവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണെന്നല്ലേ? ആരോഗ്യത്തോടെ ജീവിക്കാനും ലൈംഗികത ആസ്വദിക്കാനുമുള്ള പെണ്ണിന്റെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമല്ലേ സ്ത്രീവിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്തണമെന്ന് വാദിക്കുന്നവരുടേത്? ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ സ്ത്രീവിരുദ്ധമോ ശാസ്ത്രവിരുദ്ധമോ പ്രകൃതിവിരുദ്ധമോ അല്ലെന്നു തന്നെയല്ലേ മേല്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത്?

വിവാഹപ്രായം ഉയര്‍ത്തുക വഴി തങ്ങളുടെ ലൈംഗിക ചോദനകളെ അടിച്ചമര്‍ത്തിവെക്കാന്‍ സ്ത്രീയും പുരുഷനും നിര്‍ബന്ധിതരാവില്ലേ എന്ന ചോദ്യമൊന്നും ഇവരുടെയടുത്ത് വിലപ്പോകാന്‍ സാധ്യതയില്ല. സ്വതന്ത്രമായ ലൈംഗികജീവിതത്തിന് തടസ്സം നില്‍ക്കുന്ന, ഏതു വിധേനയും തട്ടിമാറ്റേണ്ടുന്ന പ്രതിബന്ധം മാത്രമാണിവര്‍ക്ക് വിവാഹം. പൂവില്‍ നിന്ന് പൂവിലേക്ക് പറക്കുന്ന പൂമ്പാറ്റയുടെ ലാഘവത്തോടെ പങ്കാളികളില്‍ നിന്ന് പങ്കാളികളിലേക്ക് നീളുന്ന ആനന്ദലഹരിയുടെ പൂന്തോപ്പാണവര്‍ക്ക് വിവാഹേതര ജീവിതം. വിവാഹം കഴിക്കുക വഴി ഭര്‍ത്താവിനു മാത്രം സ്വശരീരം ‘കാഴ്ചവെക്കേണ്ടുന്ന ഗതികേടിലേക്ക്’ സ്ത്രീ എത്തിച്ചേരുമോ എന്നതാണവരുടെ ഭയം! ഭൗതികജീവിതത്തില്‍ ആസ്വാദ്യകരമായതെല്ലാം അളവിലധികം ആസ്വദിച്ചു മടുക്കുമ്പോള്‍ വേണമെങ്കില്‍ എടുത്തണിയാവുന്നൊരു പഴഞ്ചന്‍ ‘കുപ്പായം’ മാത്രമാണിവര്‍ക്ക് വിവാഹം!! ഇതിന്റെ പേരാണ് ‘പുരോഗമനം’ എങ്കില്‍, ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് തല്‍കാലം ആ ‘സല്‍പേര്’ വേണ്ടെന്നുമാത്രമേ പറയാനുള്ളൂ.

സ്ത്രീക്കുവേണ്ടി വര്‍ത്തമാനം പറയുകയും, പുരുഷനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് നമ്മുടെ ‘പുരോഗമനവാദികള്‍’ ചെയ്യുന്നത് എന്ന വസ്തുതയാണ് ഇതില്‍നിന്നെല്ലാം അനാവൃതമാകുന്നത്. വിവാഹം കഴിക്കാതെ, ഭാര്യയുടെയോ മക്കളുടെയോ ഉത്തരവാദിത്തമേറ്റെടുക്കേണ്ടതില്ലാതെ, തന്റെ കാമാര്‍ത്തി യഥേഷ്ടം പൂര്‍ത്തീകരിക്കാനുള്ള എളുപ്പവഴിയൊരുക്കിക്കൊടുക്കുകയാണ് ഉദാരലൈംഗികത പുരുഷന്. എന്തു ചെയ്താലും വിവാഹം കഴിക്കണമെന്ന് മാത്രം ‘വാശിപിടിക്കാത്ത’ പെണ്‍കൊടികള്‍ എന്തുമാത്രം ജീവിത സുഖമല്ല പുരുഷന് പ്രദാനം ചെയ്യുന്നത്!!!

print

1 Comment

  • ആൺകുട്ടികൾക്കും പ്രായപൂർത്തിയാവുന്നത് 18 വയസ്സിൽ തന്നെയാണ്. പക്ഷേ നിയമപ്രകാരം വിവാഹപ്രായം 21 വയസ്സാണ്.. ഇതിനർത്ഥം വിവാഹം എന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല.. കേവലം 18 വയസ്സാവുമ്പോൾ ഒരു വ്യക്തിക് ജീവിതത്തെകുറിച്ചുള്ള കാഴ്ചപാട് വളരെ ചെറുതാണ് ( ആൺ പെൺ വ്യത്യാസമില്ലാതെ)
    ഇത്തരമൊരു അവസരത്തിൽ വിവാഹപ്രായം ഉയർത്തുന്നതുതന്നെയാണ് ഉചിതം.. നിങ്ങൾക് മനസ്സിലായി എന്ന് പ്രതീക്ഷിക്കുന്നു ഇല്ലാത്തപക്ഷം തുടരുക

    Jasik 27.12.2021

Leave a comment

Your email address will not be published.