വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -5

//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -5
//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -5
ആനുകാലികം

വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -5

പെൺപീഡകർ ശിക്ഷിക്കപ്പെടണം; മാതൃകാപരമായി

പോർണോഗ്രാഫി വെബ്സൈറ്റുകൾ നിരോധിക്കുവാൻ ഫലപ്രദവും നിഷ്‌കൃഷ്ടവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് 2018 സെപ്റ്റംബർ 28 നാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജീവ് ഷാരയും ജസ്റ്റിസ് മനോജ് തിവാരിയുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് 2015 ഓഗസ്റ്റിലെ 857 അശ്ലീലസൈറ്റുകളെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച്ച വരുത്തരുതെന്നും അങ്ങനെ വരുത്തുന്ന പക്ഷം 2000 ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇരുപത്തി അഞ്ചാം വകുപ്പ് പ്രകാരം അവർക്ക് ലൈസൻസ് നഷ്ടപ്പെടുമെന്നും ഇന്റർനെറ്റ് സേവനദാതാക്കളെ (ISPs) അഭിമുഖീകരിച്ചുകൊണ്ട് അതിശക്തമായ ഭാഷയിൽ താക്കീത് നൽകുകയും ചെയ്തു. ഡെറാഡൂൺ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അതേ സ്കൂളിൽ പഠിക്കുന്ന നാല് പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്തത് പോർണോഗ്രാഫിക് സൈറ്റുകൾ കണ്ടതിന് ശേഷമാണെന്ന നിരീക്ഷണത്തിന് ശേഷമാണ് കോടതി ഇങ്ങനെ താക്കീത് നൽകിയത്. സുപ്രീം കോടതി അഭിഭാഷകനായ കമലേഷ് വാസ്വാനി 2014 ഒക്ടോബറിൽ വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന് നൽകിയ പരാതിയിലെ ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 79(3)(b) വകുപ്പ് പ്രകാരം നിരോധിക്കപ്പെടേണ്ട 827 അശ്ലീല വെബ്സൈറ്റുകളുണ്ടെന്ന വാദം അതേപടി ഉൾക്കൊണ്ട് കൊണ്ടാണ് ഈ സൈറ്റുകൾ നിരോധിക്കണമെന്ന 31.07.2015ലെ നോട്ടിഫിക്കേഷൻ മന്ത്രാലയം പുറപ്പെടുവിച്ചത്. നോട്ടിഫിക്കേഷൻ വന്ന് മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും പോൺ സൈറ്റുകൾ വ്യാപകമായി ലഭ്യമാക്കുന്നുണ്ട് എന്ന് ഡെറാഡൂൺ കൂട്ടബലാൽസംഗസംഭവം വ്യക്തമാക്കുന്നുണ്ട് എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

അമേരിക്കയും ബ്രിട്ടനും ശേഷം ലോകത്ത് ഏറ്റവുമധികം പോൺ കാഴ്ചക്കാരുള്ള നാടാണ് നമ്മുടെ ഭാരതം എന്നാണ് പോൺഹബ്ബിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. (“Pornhub’s third largest customer base comes from India”, Times of India, 31.07.2015). ഇന്റർനെറ്റ് ചാർജ് ഗണ്യമായി കുറച്ച റിലയൻസ് ജിയോ നടപടിക്കു ശേഷം 2016 മാർച്ചിനും 2017 മാർച്ചിനുമിടയിൽ അശ്ലീലസൈറ്റുകളുടെ കാഴ്ചക്കാരിൽ 75 ശതമാനം വളർച്ചയാണ് ഇന്ത്യയിലുണ്ടായത്. ഇവിടെ ഡൌൺലോഡ് ചെയ്യപ്പെടുന്ന ഇന്റർനെറ്റ് ഉള്ളടക്കങ്ങളിൽ 35 മുതൽ 40 വരെ ശതമാനം പോർണോഗ്രഫിയുൾക്കൊള്ളുന്നവയാണത്രെ. മൊബൈൽ ഓപ്പറേറ്റർമാർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നാല്പതു ശതമാനവും വരുന്നത് പോൺ വഴി ആയതു കൊണ്ടുതന്നെ എത്ര വലിയ കോടതിവിധികളും സർക്കാർ ഓർഡറുകളുമുണ്ടെങ്കിയിലും പോർണോഗ്രഫി ഇന്ത്യയിൽ തുള്ളിക്കളിച്ചുകൊണ്ടിരിക്കും. വിപണിയിൽ ശക്തമായി ഇടപെടാൻ മാത്രം വളർന്ന സംവിധാനങ്ങളൊന്നും തന്നെ ജനാധിപത്യലോകത്ത് വളർന്നു വികസിച്ചിട്ടില്ല. വളരാൻ ഉദാരമുതലാളിത്തം സമ്മതിക്കുകയില്ല എന്ന് പറയുന്നതാവും ശരി.

നിയമങ്ങളില്ലാത്തതു കൊണ്ടല്ല, ഇന്ത്യയില്‍ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നതെന്ന സത്യം വ്യക്തമാക്കുന്നതാണ് മുകളിലെ സംഭവങ്ങൾ. ഇന്നും പോൺ വിഡിയോകൾ ഇൻറർനെറ്റിൽ സുലഭമാണെന്നാണ് പാഠങ്ങൾ കാണിക്കുന്നത്. നിരോധിച്ച സൈറ്റുകളും നിരോധിക്കാത്ത സൈറ്റുകളിലേക്കും 280 കോടി ഇന്ത്യക്കാരാണ് നിരോധനം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ സന്ദര്‍ശിച്ചത്. ശിക്ഷാസമ്പ്രദായത്തിന്റെ അപര്യാപ്തതയാണ് ലൈംഗിക കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് കാരണമെന്നും പെണ്‍പീഡനത്തിന് ശക്തവും നിഷ്‌കൃഷ്ടവും സമയബന്ധിതവുമായി ശിക്ഷകള്‍ നല്‍കാനായാല്‍ തന്നെ അത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നുമുള്ള വാദങ്ങളും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. 2011ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള 2,28,650 കുറ്റകൃത്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, നമ്മുടെ നാട്ടില്‍. ബലാൽസംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കുകയോ അവരുടെ ലൈംഗികശേഷി മരവിപ്പിക്കുകയോ ചെയ്യുകയെന്ന ശിക്ഷകള്‍ നടപ്പാക്കിയാല്‍ കുറ്റവാളികള്‍ പേടിക്കുകയും കുറ്റകൃത്യങ്ങളുടെ എണ്ണം ചുരുങ്ങുകയും ചെയ്യുമെന്നാണ് ദൽഹി സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഒരുമിച്ചുകൂടിയ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ കാര്യങ്ങളിലൊന്ന്.

ഡൽഹി സംഭവത്തിനുശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെൺസുരക്ഷക്കു വേണ്ടി വിവിധങ്ങളായ നടപടികളെടുത്തുവെന്നത് ശരിയാണ്. പക്ഷെ അതുകൊണ്ടൊന്നും കാര്യമായ ഫലങ്ങളൊന്നുമുണ്ടായിട്ടില്ല. 2015 ആയപ്പോഴേക്കും പെണ്ണിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായിയെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നത്. അഥവാ നാല് വർഷത്തിനുള്ളിൽ നാല്പത്തി നാല് ശതമാനം വളർച്ച! സ്ത്രീകള്‍ക്കെതിരെ ഓരോ രണ്ടു മിനുട്ടിലും ഒരു അക്രമസംഭവങ്ങളെങ്കിലുമുണ്ടാവുന്ന ഒരു രാജ്യത്ത് തങ്ങളെങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുകയെന്ന ഡൽഹിയിൽ ഒരുമിച്ചുകൂടിയ പെണ്‍കൂട്ടത്തിന്റെ ചോദ്യം പ്രസക്തമാണ്. പെണ്ണുടലുകളുടെ വിപണീമൂല്യം മാത്രം അളക്കുന്ന, അവളുടെ ഉണ്മയുടെ പ്രകാശനമായ മാതൃത്വത്തെ അവമതിക്കുന്ന, ആണ്മയെ വിഗ്രഹവൽക്കരിക്കുകയും പെണ്മയെ തമസ്കരിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരികഭൂമികയിൽ പെങ്ങന്മാരേ, നിങ്ങൾ ഭയപ്പാടോടുകൂടിത്തന്നെ ജീവിക്കേണ്ടി വരും എന്ന് മാത്രമേ സങ്കടത്തോട് കൂടി അവരോട് പറയാനാകൂ.

കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള അക്രമസംഭവങ്ങളില്‍ പത്തുശതമാനവും നടന്നത് പതിനാലു വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ക്കു നേരെയാണെന്നും അവയില്‍ 93 ശതമാനം പ്രതികളും അച്ഛന്‍, മുത്തച്ഛന്‍, സഹോദരന്‍, അമ്മാവന്‍, അയല്‍വാസി, സഹപ്രവര്‍ത്തകന്‍, സുഹൃത്ത് തുടങ്ങി അവര്‍ക്ക് നന്നായി പരിചയമുള്ളവരാണെന്നും വസ്തുതകള്‍ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നമ്മുടെ വാളയാർ കേസിലെയും പ്രതികൾ അടുത്ത ബന്ധുക്കളാണല്ലോ. അക്രമിക്കപ്പെട്ടവരില്‍ 19 ശതമാനം പേര്‍ 14നും 18നുമിടക്ക് പ്രായമുള്ളവരും അരശതമാനം പേര്‍ അമ്പതിന് മുകളില്‍ പ്രായമുള്ളവരുമാണെന്നാണ് കണക്ക്. ഓരോ കൊല്ലം കഴിയുമ്പോഴും എണ്ണം വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന വസ്തുതയാണ് ശക്തവും നിഷ്‌കൃഷ്ടവുമായ ശിക്ഷകളെക്കുറിച്ച് ചിന്തിക്കാന്‍ സമാധാനവും സുരക്ഷിതത്വവുമാഗ്രഹിക്കുന്ന ശരാശരി ഇന്ത്യന്‍ പൗരനെ പ്രേരിപ്പിക്കുന്നത്.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ഇസ്‌ലാമിക ശിക്ഷാവിധികളെ പ്രാകൃതവും മാനവവിരുദ്ധവുമെന്ന് മുദ്രയടിക്കാന്‍ മുന്നില്‍ നിന്നവര്‍ പോലും സ്വന്തം പെണ്‍മക്കള്‍ പീഡനം ഭയന്ന് ജീവിക്കേണ്ട സ്ഥിതി സംജാതമാവുമ്പോള്‍ നിഷ്‌കൃഷ്ടമായ ശിക്ഷകളെക്കുറിച്ച് വാചാലരാവുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷെ, ശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ ഇസ്‌ലാം, ആദ്യമായി കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചതെന്നും പ്രസ്തുത സാഹചര്യത്തിലും കുറ്റം ചെയ്യുന്നവരെയാണ് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ചതെന്നുമുള്ള വസ്തുതകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. ആണ്‍ ലൈംഗികതയെ പ്രലോഭിപ്പിക്കാനും പ്രകോപിപ്പിക്കാനും പോന്ന സകല സാഹചര്യങ്ങളും ഒരുക്കിവെച്ചിട്ടുള്ള ഒരു സമൂഹത്തില്‍ കേവലം ശിക്ഷകള്‍ നടപ്പാക്കുന്നതുകൊണ്ടു മാത്രം പെണ്ണിനുനേരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാകുമെന്ന് കരുതാനാവില്ല. ലൈംഗിക കുറ്റകൃത്യങ്ങളെയെല്ലാം ഒരേ പോലെ നോക്കിക്കാണാനും വിവാഹേതര ലൈംഗികബന്ധവും പ്രചോദനവും പ്രലോഭനവുമെല്ലാം തെറ്റാണെന്ന് മനസ്സിലാക്കാനും കഴിയുമ്പോള്‍ മാത്രമെ ഈ രംഗത്തെ ശക്തവും പ്രയോജനപ്രദവുമായ നിയമനടപടികള്‍ക്ക് സാധിക്കുകയുള്ളു.

ലൈംഗികത ഒരു ദൈവികദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ ആധുനിക സംസ്‌കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍. എയ്ഡ്സിനെപ്പോലെയുള്ള മഹാമാരികൾ നാശം വിതച്ചുകൊണ്ടിരുന്നിട്ടും സ്വാതന്ത്രലൈംഗികത സൃഷ്ടിക്കുന്ന അപകടത്തിന്റെ ആഴം മനസ്സിലാക്കാൻ ആധുനികതക്ക് കഴിയാത്തത് പെൺമേനീവിപണിയിൽ ഇടപെടാൻ മാത്രമുള്ള ഇച്ഛാശക്തി മുതലാളിത്തത്തിന്റെ സ്ഥാപനങ്ങൾക്കൊന്നുമില്ലാത്തതിനാലാണ്.

രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനിൽക്കേണ്ട മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍ വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.

പാശ്ചാത്യമൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതിവിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഓരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടെന്നതാണ് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പത്തെ കണക്ക്!(മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99). ഇപ്പോൾ അത് ആയിരങ്ങൾ കവിഞ്ഞിട്ടുണ്ടാവണം. ഇതു കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം കണക്കുദ്ധരിച്ച മാതൃഭൂമി തന്നെ പറയുന്നുണ്ട്. ‘സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്.’

സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യസമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരം സദാചാര ലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്. അതിന് വിവാഹത്തിന് പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്‌ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ക്വുര്‍ആന്‍ അനുശാസിക്കുന്നത്. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ക്വുര്‍ആനിലെ ശിക്ഷകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

ക്വുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്‌ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന കാരണമായതുകൊണ്ടുതന്നെ സ്ത്രീകള്‍ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്.
രണ്ട്: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങള്‍, സൗന്ദര്യ മല്‍സരം, ബാലെ തുടങ്ങിയവ ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.
മൂന്ന്: വ്യഭിചാരത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കം പാടില്ല.
നാല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാള്‍ഗേളുകളോ സെക്‌സ് ബോംബുകളോ നഗ്‌നമോഡലുകളോ ഒന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.
അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് (ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.
ആറ്: അന്യ സ്ത്രീ-പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്.
ഏഴ്: പുരുഷന്‍ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത്.
എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.
ഒമ്പത്: പുരുഷന്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവന്‍ സംസ്‌കാര സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണം.
പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവര്‍ക്ക് ഒന്നിലധികം പേരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹം ചെയ്യുവാന്‍ അനുവാദമുണ്ട്.

ക്വുര്‍ആന്‍ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാര്‍ഗത്തില്‍ വികാരശമനത്തിനാവശ്യമായ തുറന്ന അംഗീകാരം നല്‍കുന്നു. ഇതിനുശേഷവും വികാരശമനത്തിന് അസാന്മാര്‍ഗിക മാര്‍ഗങ്ങളെ അവലംബിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ തകര്‍ക്കുകയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം.

ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെ ജീവിക്കേണ്ട ഗതിയുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത് വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ. ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനവുമെല്ലാം ഏറെ ജീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ക്വുര്‍ആനിക ശിക്ഷാവിധികള്‍ സ്വീകരിച്ചിരിക്കുന്ന നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

ഇസ്‌ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. “നിങ്ങളുടെ സ്ത്രീകളില്‍നിന്ന് നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ.” (ക്വുര്‍ആന്‍ 4:15).
ഈ സൂക്തത്തില്‍ അല്ലാഹു നിങ്ങള്‍ക്കൊരു മാര്‍ഗം നിശ്ചയിക്കുന്നതുവരെയെന്ന് പറഞ്ഞതിനെ അന്വര്‍ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്:”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.” (ക്വുര്‍ആന്‍ 24:2).

കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: “ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് അധര്‍മകാരികള്‍” (ക്വുര്‍ആന്‍ 24:4)

പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല. എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാളുടെ മുമ്പില്‍ നടക്കാന്‍ വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ മീഡിയകള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്‌ലാമിക സമൂഹത്തിന് അന്യമായിരിക്കും. മാന്യന്മാരെ അകാരണമായി ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന അവസ്ഥ ആസമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ് ക്വുര്‍ആനിന്റെ അനുശാസന.

വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി നൽകുക! ഇത്തരം ശിക്ഷകള്‍ വിധിച്ച ഇസ്‌ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. നാലു ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധികൾ ശിക്ഷിക്കപ്പെടുവാന്‍ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.

ബലാൽസംഗം വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുമേലെയുള്ള കയ്യേറ്റവും അതിക്രമവും സമൂഹത്തോടുള്ള വെല്ലുവിളിയും സാമൂഹികധാര്‍മികതക്കുനേരെയുള്ള കടന്നാക്രമണവുമാണ്. അതു ചെയ്യുന്നവന്റെ വ്യക്തിത്വവും ഇരക്കുണ്ടായ നഷ്ടങ്ങളും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമെല്ലാം കണക്കിലെടുത്തു കൊണ്ടാവണം അതിനുള്ള ശിക്ഷ നിര്‍ണയിക്കേണ്ടത്. കൊലപാതകം, മോഷണം, വ്യഭിചാരം എന്നിവയ്ക്കുള്ള ശിക്ഷാവിധികളെന്താണെന്ന് കൃത്യമായി പറഞ്ഞ ഇസ്‌ലാമിക പ്രമാണങ്ങള്‍ ബലാത്സംഗത്തിനുള്ള ശിക്ഷയെന്താണെന്ന് വ്യക്തമാക്കാത്തത് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാവണം അതിന്റെ ശിക്ഷ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടായിരിക്കണം. വിവാഹിതരായ വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിക നിയമത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ബലാൽസംഗത്തെ നോക്കിക്കാണുന്ന ന്യായാധിപന്‍ അതിന്റെ എല്ലാ തലങ്ങളെയും പരിഗണിച്ചുകൊണ്ട് ശിക്ഷ വിധിക്കണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കുകയും അതോടൊപ്പംതന്നെ ബലാൽസംഗം ചെയ്യപ്പെട്ടവള്‍ക്ക് അവളുടെ വിവാഹമൂല്യത്തിന് തുല്യമായ തുക നല്‍കുകയും ചെയ്യുകയാണ് ബലാൽസംഗത്തിനുള്ള ശിക്ഷയെന്ന് ഇമാം മാലിക് (റഹ്) വിധിച്ചത്( ഇമാം മാലിക്: അല്‍മുവത്വഅ് 2/734) ഈ അടിസ്ഥാനത്തിലായിരിക്കണം.

അല്ലാഹുവിനോടും ദൂതനോടും പോരാടുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തവരോടാണ് ബലാത്സംഗക്കാരെ താരതമ്യം ചെയ്യേണ്ടതെന്നും അവര്‍ക്ക് ക്വുര്‍ആന്‍ വിധിച്ച ശിക്ഷയാണ് ഇവര്‍ക്കും വിധിക്കേണ്ടതെന്നും പറഞ്ഞ പണ്ഡിതന്‍മാരുണ്ട്. ക്വുര്‍ആന്‍ പറയുന്നത് കാണുക: “അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.” (ക്വുര്‍ആന്‍ 5:33)

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.