വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -3

//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -3
//വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -3
ആനുകാലികം

വാളയാറുകൾ പെണ്ണുടൽ വിപണിയുടെ ഉപോൽപന്നമാണ് -3

കാഴ്ചാഭ്രാന്ത് തകർക്കുന്നത് സെക്സിനെത്തന്നെയാണ് !!

മാധ്യമങ്ങളിലൂടെയുള്ള പെണ്ണുടലിന്റെ വസ്തുവൽക്കരണമാണ് പെൺപീഡനങ്ങളുടെ പ്രധാന പ്രതിയെന്നു പറയുമ്പോൾ മാധ്യമലോകത്തുള്ളവരാരെങ്കിലും ചെന്ന് സൂര്യനെല്ലി മുതൽ വാളയാർ വരെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കണമെന്ന് പീഡകരെ ഉപദേശിച്ചുവെന്നോ പ്രേരിപ്പിച്ചുവെന്നോ അല്ല അർത്ഥമാക്കുന്നത്. പെണ്ണുടലിനെ കേവലം ഒരു ചരക്ക് മാത്രമായി പൊതുമനസ്സിൽ മുദ്രീകരിക്കുകയെന്ന തികച്ചും ‘നിർദോഷ’കരമായ കാര്യം മാത്രമാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അവരുടെ നില നിൽപ്പിന് അത് അനിവാര്യമാണെന്ന ന്യായീകരണവുമുണ്ട്. ഒരു ലക്ഷം കോടിയോടടുത്ത് വിറ്റുവരവുള്ള ഒരു മഹാവ്യവസായത്തെ പ്രതികൂട്ടിൽ നിർത്തുന്നത് പോലും മുതലാളിത്തലോകത്ത് അക്ഷന്തവ്യമായ അപരാധമായിത്തീരും. പക്ഷെ, എന്തിനെയും എങ്ങനെയും വിപണനം ചെയ്യുന്ന ഈ പൈശാചികലോകം മനുഷ്യർക്ക് നഷ്ടങ്ങൾ മാത്രമേ നൽകൂവെന്ന സത്യം ആരെങ്കിലും തുറന്നു പറയാതിരിക്കുന്നതെങ്ങനെ?! പെണ്ണുടൽ വിപണി സംതൃപ്ത ലൈംഗികതയെങ്കിലും നല്കുന്നുവെങ്കിൽ ന്യായീകരണത്തിന് ചെറിയൊരു വകുപ്പെങ്കിലുമുണ്ടാകുമായിരുന്നു. എന്നാൽ സന്തോഷകരവും സംതൃപ്തവുമായ ലൈംഗികതയെപ്പോലും അനുഭവിക്കാൻ സമ്മതിക്കാത്ത മുശടൻ മുത്തച്ഛനാണ് സ്വാതന്ത്രവിപണിയെന്ന സുന്ദരനാമത്താൽ അറിയപ്പെടുന്ന ആർത്തിപ്പണ്ടാരമെന്നുള്ളതാണ് വസ്തുത.

ലൈംഗികതയുടെ അതിപ്രസരം സൃഷ്ടിക്കുന്ന പരസ്യങ്ങളിലൂടെ ലൈംഗികാഭിനിവേശവും കുറ്റകൃത്യങ്ങളും വര്‍ധിക്കുക മാത്രമല്ല ചെയ്യുന്നതെന്ന സത്യം വിളിച്ച് പറയുന്നത് മുതലാളിത്തലോകത്ത് നിന്ന് പുറത്തുവരുന്ന പഠനങ്ങൾ തന്നെയാണ്. പരസ്യങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ലൈംഗികതയാണ് യഥാര്‍ഥമെന്ന അവബോധം മനസ്സുകള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കുന്നതു വഴി അസംതൃപ്ത ലൈംഗികതയെ വൈയക്തികവും സാമൂഹികവുമായ ഒരു വ്യാപക പ്രശ്‌നമാക്കിത്തീര്‍ക്കുന്നതിനുകൂടി ഇതു നിമിത്തമാകുന്നുവെന്നാണ് ആ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. വിപണിയുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെ വിപണിയെ സജീവമാക്കാം എന്ന നന്മ ഇതിനുപിന്നിലുണ്ടായിരിക്കാം. എന്നാല്‍ വൈയക്തികവും സാമൂഹികവുമായ കാഴ്ചപ്പാടില്‍ ഇതൊരു വലിയ ക്രൂരതയാണ്. കളങ്കരഹിതവും സ്വച്ഛവുമായ ലൈംഗികത അനുഭവിക്കുവാന്‍ വ്യക്തികളെ സമ്മതിക്കുന്നില്ലെന്നത് അവരോട് ചെയ്യുന്ന ക്രൂരത; അസംതൃപ്ത ലൈംഗികതയില്‍ നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളാല്‍ സമൂഹത്തെ പൊറുതിമുട്ടിക്കുന്നുവെന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരത.

ജീന്‍ കില്‍ ബോണ്‍ എഴുതുന്നു: “വസ്തുവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് ലൈംഗികതയിലും അഭിനിവേശത്തിലും അത് ചെലുത്തുന്ന സ്വാധീനം എന്ന കാര്യത്തില്‍ സംശയമില്ല. പരസ്യങ്ങളിലെ ലൈംഗികത ധാര്‍മ്മികമായ പരിപ്രേക്ഷ്യത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. അതെ! ലജ്ജയില്ലാത്തതും കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നതുമായ നിരവധി സംഗതികള്‍ പരസ്യങ്ങളിലുണ്ട്. എന്നാല്‍ പരസ്യങ്ങളിലെ ലൈംഗികത ഇതിനേക്കാള്‍ അപകടകരമായ ഒരു ഫലം കൂടിയുണ്ടാക്കുന്നു. ഉന്നതമായ ലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുകയും ബന്ധങ്ങളില്‍ അധിഷ്ഠിതമാക്കുന്നതിനു പകരം വാങ്ങിപ്പിക്കുകയും ചെയ്തുകൊണ്ട് യഥാര്‍ഥ രതിക്ക് പകരം ആത്മാരാധനയാണ് അത് ഉല്‍പാദിപ്പിക്കുന്നത്. അത് തിന്മകളെ ഉല്‍പാദിപ്പിക്കുന്നു എന്നതിനേക്കാള്‍ അപകടകരമാണ് ലൈംഗികതയെ കൃത്രിമമാക്കുകയും സ്വയം അത് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന ബോധമുണ്ടാക്കുകയും ചെയ്യുന്നുവെന്നത്.”(Jean Kilbourne: Can’t buy my love (2000) page 186)

പെണ്ണിനെ ഒരു കച്ചവടവസ്തുവും അവളുടെ സൗന്ദര്യത്തെ കേവലം ഒരു ‘ചരക്കും’ മാത്രമാക്കിത്തീര്‍ക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് പെണ്‍പക്ഷവാദികള്‍ക്കോ പെണ്ണെഴുത്തുകാര്‍ക്കോ യാതൊന്നും പറയാനില്ലെന്നതാണ് ഏറെ വിചിത്രം. സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നതു മാത്രമല്ല പരസ്യവിപണി പെണ്ണുങ്ങളോടു ചെയ്യുന്ന അക്രമം; അവളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് അവളുടെ ചര്‍മ്മമാണെന്ന ധാരണയുണ്ടാക്കുകയും ചര്‍മ്മസൗന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പെണ്ണിനെ അളക്കുന്ന അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അത് പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം. മാതൃത്വത്തെ പാപമായികാണുന്ന സംസ്‌കാരത്തിന്റെ ഉറവിടം അവളിലെ ലൈംഗികത മാത്രം കാണുന്ന രീതിയുടെ ഉപോല്‍പന്നമാണ്. മാതൃത്വവും വാര്‍ധക്യവുമെല്ലാം അവളുടെ തൊലിയഴകിനെ ബാധിക്കുമെന്നതിനാല്‍ മുതലാളിത്തത്തിന്റെ നിഘണ്ടുവില്‍ അവയൊന്നും ഉല്‍പാദനപരമല്ലാത്തതാണ്.

പെൺകണ്ണിലൂടെ നോക്കുമ്പോൾ പരസ്യവിപണി അവളോട് ചെയ്യുന്നത് ചെറിയ കുറ്റമൊന്നുമല്ല. അവൾക്ക് ലൈംഗികത ആസ്വദിക്കാനാവാത്ത അവസ്ഥയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്.. വസ്തുപ്രധാനമായ ലൈംഗികതയല്ല, വികാരസാന്ദ്രമായ ലൈംഗികതയാണ് പെണ്‍മനസ്സിനും ശരീരത്തിനും ആവശ്യമെന്നതിനാല്‍ തന്നെ രതിയെ വസ്തുവല്‍കരിക്കപ്പെടുന്ന സാമൂഹ്യ സംവിധാനത്തില്‍ സ്ത്രീക്ക് യഥാരൂപത്തില്‍ അത് ആസ്വദിക്കാനാവില്ല. പരസ്യവിപണി പെണ്‍വിരുദ്ധമാണെന്ന് ജീന്‍കില്‍ബോണിനെപോലുള്ളവര്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. പരസ്യങ്ങള്‍ വഴി പെണ്ണുടലിനെ വസ്തുവത്ക്കരിക്കുകയും തനിക്ക് ആസ്വദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുരുഷന്‍ അതിനെ മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തതാണ് അവളെ നേടിയെടുക്കാന്‍ എന്തു മാര്‍ഗവുമുപയോഗിക്കാമെന്ന് കരുതുന്നതിലേക്ക് ആണ്‍മനസ്സിനെ നയിച്ചതെന്നുമാണ് ഈ പഠനങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. ഈ മനഃശാസ്ത്രമാണ് ഡൽഹിയിലെ കൂട്ടബലാൽസംഗത്തിന് പിന്നിലുള്ളത്; വാളയാറിലെ പ്രതികളുടെ മനഃശാസ്ത്രവും മറ്റൊന്നല്ല.

പെണ്‍ശരീരത്തിന്റെ സാമീപ്യവും സ്പര്‍ശവും രതിയുമാസ്വദിക്കുവാന്‍ സാധിക്കാത്തവര്‍ക്കും സ്വന്തം പെണ്ണില്‍ നിന്നുള്ള രതിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ക്കും വേണ്ടി മുതലാളിത്തം തുറന്നിട്ട വാതിലുകളിലൊന്നാണ് ലൈംഗിക പ്രദര്‍ശനത്തിന്റേത്. പുരുഷനെ പ്രലോഭിപ്പിക്കുന്ന ലൈംഗിക പ്രദര്‍ശനങ്ങളുടെ വാതിലുകള്‍ തുറന്നുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളെ തങ്ങള്‍ക്കുള്ള ലൈംഗികാസ്വാദന കേന്ദ്രങ്ങളാക്കിത്തീര്‍ക്കാന്‍ സാമ്രാജ്യത്വം കെണികള്‍ തീര്‍ത്തത്. ഇടമറുക് തന്റെ മലേഷ്യന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലെത്തിയ ഒരു ഏജന്റ് തന്നെ ലൈംഗികത കണ്ട് ആസ്വദിക്കാനായി ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. രതിയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയച്ചപ്പോള്‍ അയാള്‍ ചോദിച്ചതായി ഇടമറുക് എഴുതുന്നു: “സ്ത്രീ-പുരുഷ ബന്ധം നേരിട്ടുകണ്ട് ആസ്വദിക്കാം. അതിനു വെറും അഞ്ചു ഡോളറേയുള്ളു. നായയും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം കാണണമെങ്കില്‍ പത്തു ഡോളര്‍. ഒറാങ്ങ്ഒട്ടാനും (ഒരുതരം ആള്‍ക്കുരങ്ങ്) പെണ്ണും തമ്മിലുള്ള ബന്ധം കാണണോ? അതിനും സ്ഥലമുണ്ട് പക്ഷെ, പതിനഞ്ച് ഡോളര്‍ കൊടുക്കണം” (ഇടമറുക് & ഗീതാ ഇടമറുക്: തായ്‌ലന്റിലൂടെ ഒരു യാത്ര, ന്യൂഡല്‍ഹി, 1992, ഭാഗം രണ്ട്, പുറം 21)

ലൈംഗികദൃശ്യങ്ങളുടെ പ്രദര്‍ശനം പൗരാണിക സംസ്‌കാരങ്ങളില്‍ പലതിലും നിലനിന്നിരുന്നുവെങ്കിലും ഇന്നത്തേതുപോലെ അതിന്റെ വ്യാപകവത്ക്കരണം മുമ്പൊന്നും തന്നെയുണ്ടായിട്ടില്ല. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പോര്‍ണോഗ്രഫി ലാഭം കൊയ്യുന്ന ഏര്‍പ്പാടാണെന്ന് മനസ്സിലായതോടെ മുതലാളിത്ത രാജ്യങ്ങളില്‍ പ്ലേബോയ് മാഗസിനുകളുടെ വേലിയേറ്റം തന്നെയുണ്ടായി. സിനിമയും റ്റെലിവിഷന്‍ സീരിയിലുകളും രതിയുടെ പച്ചയായതും അല്ലാത്തതുമായ ദൃശ്യവത്ക്കരണമുള്‍ക്കൊള്ളുന്നവയായപ്പോള്‍ സ്വീകരണമുറികളില്‍ വെച്ചുതന്നെ ലൈംഗിക വൈകൃതങ്ങള്‍ ആസ്വദിക്കാമെന്ന അവസ്ഥയുണ്ടായി. അമേരിക്കന്‍ മാധ്യമഭീമന്‍മാരായ ടൈം വാര്‍ണര്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ് പോര്‍ണോഗ്രഫി ചാനലുകള്‍ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ഏരിയയില്‍ ഇരുപത് ലക്ഷവും മൊത്തത്തില്‍ ഒന്നേകാല്‍ കോടിയും വരിക്കാരുള്ള ടൈം വാര്‍ണര്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് 2010ല്‍ പുതുതായി എട്ട് ചാനലുകള്‍ കൂടി ലൈംഗികദൃശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത ഹര്‍ഷാരവങ്ങളോടെയാണ് അമേരിക്കന്‍ യുവത്വം സ്വീകരിച്ചത്. (T.w cable adds porn after Disneydeal, Newyork Post, Sep 15, 2010.) ഓരോ ആഴ്ചയിലും അമേരിക്കയില്‍നിന്ന് 211 പുതിയ പോര്‍ണോഗ്രഫിക് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. (With pot and porn outstripping corn, America’s black economy is flying high’The Guardian, May 2, 2003) ഇത് മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കയുടെ മാത്രം കണക്കാണ്. യൂറോപ്യന്‍ നാടുകളും ഏഷ്യന്‍ നാടുകളുമെല്ലാം പുറത്തുവിടുന്ന ലൈംഗികാഭാസ സിനിമകളുടെ കണക്ക് കൂടി കൂട്ടുമ്പോള്‍ മാത്രമേ ഓരോ ദിവസവും പുറത്തിറങ്ങുന്നത് എത്രമാത്രം അപകടകരമായ ‘ദൃശ്യവിരുന്നു’കളാണെന്ന് മനസ്സിലാവൂ. 1969ല്‍ പോര്‍ണോഗ്രഫിയെ ആദ്യമായി നിയമവിധേയമാക്കിയ ഡെന്‍മാര്‍ക്കിന്റെ പാത പിന്‍പറ്റിക്കൊണ്ട് ആര്‍ എങ്ങനെ നശിച്ചാലും തുണിയുരിഞ്ഞും രതിദൃശ്യങ്ങള്‍ കാണിച്ചും പണമുണ്ടാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് മുതലാളിത്ത ലോകത്തെ രാജ്യങ്ങളെല്ലാം തന്നെ.

ഇന്റര്‍നെറ്റിന്റെ ആഗമനത്തോടെ ആര്‍ക്കും എവിടെവെച്ചും പോര്‍ണോഗ്രഫി ആസ്വദിക്കാമെന്ന അവസ്ഥ സംജാതമായി. 2011 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 36,68,48,493 വെബ്‌സൈറ്റുകളും 314.6 കോടി ഇ.മെയില്‍ വിലാസങ്ങളുമുള്ള വലിയൊരു ലോകമാണ് ഇന്റര്‍നെറ്റിന്റേത്. വൈജ്ഞാനിക വിസ്‌ഫോടനമെന്നാണ് ഇന്റര്‍നെറ്റിന്റെ ലോകത്തെക്കുറിച്ച് പറയാറുള്ളതെങ്കിലും അത് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് വളരുന്ന തലമുറയെ തിന്‍മകളിലേക്കു നയിക്കുവാനും തലച്ചോറിനെ വാണിജ്യവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്. ആകെയുള്ള വെബ്‌സൈറ്റുകളില്‍ പന്ത്രണ്ട് ശതമാനത്തോളം പച്ചയായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയാണ്. പോര്‍ണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവ കൂടാതെ എന്റര്‍ടൈന്‍മെന്റും, മാട്രിമോണിയല്‍, ഡേറ്റിംഗ് തുടങ്ങിയ തലക്കെട്ടിനു കീഴെ ലൈംഗികതയിലേക്ക് നയിക്കുന്ന സൈറ്റുകളുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. വെബ്‌സൈറ്റുകളില്‍ സേര്‍ച്ച് ചെയ്യപ്പെടുന്നതില്‍ 25 ശതമാനവും പോര്‍ണോഗ്രാഫിയാണ് എന്ന കണക്ക് നല്‍കുന്ന ഭീഷണമായ അറിവ് വിജ്ഞാനവിസ്‌ഫോടനമല്ല, പ്രത്യുത ധാര്‍മികത്തകര്‍ച്ചയാണ് ഇത് കൊണ്ട് ഉണ്ടാവാന്‍ പോകുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 15 മുതല്‍ 17 വരെ വയസ്സുകള്‍ക്കിടയിലുള്ളവരില്‍ 80 ശതമാനം പോര്‍ണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നും അത്തരക്കാര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നത് ശരാശരി പതിനൊന്നാം വയസ്സിലാണെന്നുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഓരോ സെക്കന്റിലും 28,258 പേര്‍ ഇന്റര്‍നെറ്റ് പോര്‍ണോഗ്രഫി ആസ്വദിക്കുമ്പോള്‍ അത് വിറ്റ് കാശാക്കുന്നവരുടെ മേശവലിപ്പിലെത്തുന്നത് 3075.64 കോടി ഡോളറാണെന്നാണ് കണക്ക്. ഓരോ ദിവസവും 27 കോടിയോളം ഡോളര്‍ (1328 കോടി ഇന്ത്യന്‍ രൂപ) ക്യാമറക്കു മുന്നില്‍ വെച്ച് തുണിയഴിക്കുന്നവര്‍ സമ്പാദിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികതയാണ് യഥാര്‍ഥത്തില്‍ അഴിഞ്ഞുപോകുന്നതെന്നും അതുവഴി ഉണ്ടാകാന്‍ പോകുന്ന ദുരന്തം കണക്കു കൂട്ടാവുന്നതിലുമപ്പുറമാണെന്നുമുള്ള വസ്തുതുകള്‍ എല്ലാവരും വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിൽ ഐടി നിയമത്തിലെ 67 (എ) (ബി) (സി) വകുപ്പുകൾ പ്രകാരം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സൂക്ഷിക്കുന്നതുമെല്ലാം കടുത്ത കുറ്റകൃത്യങ്ങളാണ്. പിടിക്കപ്പെടുന്നത് ആദ്യ തവണയാണെങ്കിൽ അഞ്ചു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും, ആവർത്തിക്കുകയാണെങ്കിൽ തടവു ശിക്ഷ ഏഴു വർഷം വരെയാകുമെന്നുമെല്ലാം നിയമത്തിലുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈലിലോ കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതിനു മൂന്നു വർഷം വരെ ശിക്ഷ നൽകാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഡേറ്റയിൽ 40 ശതമാനത്തിലേറെ ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ടതാണെന്ന മനോരമ വാർത്ത (https://www.manoramaonline.com/news/latest-news/2019/10/15) ശരിയാണെങ്കിൽ ഈ നിയമങ്ങളൊന്നും തന്നെ കാര്യമായ സ്വാധീനങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന സത്യമാണ് വെളിപ്പെടുന്നത്. 1.16 ലക്ഷം അന്വേഷണങ്ങളാണത്രെ ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ടു ദിവസവും വെബ്‍സൈറ്റുകളിൽ ഉണ്ടാകുന്നത്. ഓരോ സെക്കൻഡിലും 380 മലയാളികളാണ് പോൺ തിരയുന്നത് എന്നും ആകെ സെർച്ചിന്റെ 25 ശതമാനത്തിലേറെ, അതായത് 6.8 കോടി പോർണോഗ്രഫിയാണെന്നുമുള്ള സത്യം കൂടി അറിയൂമ്പോഴേ മലയാളിയുടെ കാഴ്ചാഭ്രാന്ത് എത്രത്തോളം ഭീകരവും മാരകവുമാണെന്ന് മനസ്സിലാവൂ.

കേരളത്തിൽ ഓരോ മണിക്കൂറിലും 30 മുതൽ 40 വരെ ആളുകൾ കുട്ടികളുടെ ദൃശ്യങ്ങൾ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി ഓൺലൈനിലെത്തുന്നുണ്ട് എന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ ഓരോ നാല്പത് മിനിറ്റിലും ഒരു ബാല അശ്ലീല വിഡിയോ നിർമ്മിക്കപ്പെടുന്നുണ്ടെന്നും ചൈൽഡ് പോർണോഗ്രഫി അപ്‍ലോഡ് ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ സാക്ഷരകേരളത്തിലുള്ളവരാണെന്നുമുള്ള സത്യങ്ങൾ നാം അറിഞ്ഞേ പറ്റൂ. തന്റെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരിൽ ഒരു കൗമാരക്കാരി ഭുവനേശ്വറിൽ ആത്മഹത്യ ചെയ്തത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. ഈ രംഗത്ത് കേരളം മുന്നേറുമ്പോൾ നമ്മുടെയെല്ലാം പെണ്മക്കൾക്കും പെങ്ങന്മാർക്കുമാണ് നാളെ ഭുവനേശ്വർ പെൺകുട്ടിയുടെ ഗതിയുണ്ടാവാൻ പോകുന്നതെന്ന തിരിച്ചറിയാൻ മുഴുവൻ മലയാളീമാതാപിതാക്കൾക്കും കഴിയണം. വാളയാർ പെൺകുട്ടികൾ മലയാളീസമൂഹത്തിനേറ്റ മാരകമായ രോഗത്തിന്റെ ലക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. രോഗത്തിനാണ് രോഗലക്ഷണത്തിനല്ല ചികിൽസിക്കേണ്ടത് എന്നറിയാത്തവരല്ലല്ലോ മലയാളികൾ.

ലൈംഗികതയുടെ പച്ചയായ ആവിഷ്‌കാരമുള്ള സിനിമകളെയും വെബ്‌സൈറ്റുകളെയും മാത്രമെ പോര്‍ണോഗ്രഫിക് എന്ന വിശേഷത്തോടുകൂടി പരാമര്‍ശിക്കാറുള്ളൂ. പുറത്തിറങ്ങുന്ന സിനിമകളിലും സീരിയലുകളിലും ലൈംഗികമായി ഉത്തേജിപ്പിക്കുന്ന തരം ദൃശ്യങ്ങളില്ലാത്തവ വളരെ അപൂര്‍വമാണെന്ന് ആ രംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. (Study: Movies with sex, Nudity don’t sell” CP Entertainment Jan 22, 2013, (www.christianpost.com).) പോര്‍ണോഗ്രഫിക് സിനിമകളെയും വെബ്‌സൈറ്റുകളേയും അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് ഇത്തരം സിനിമയും ഗാനദൃശ്യങ്ങളുമെന്നാണ് പൊതുവായ വിലയിരുത്തലെങ്കിലും യഥാര്‍ഥത്തില്‍ വസ്തുത അതല്ല. പരസ്യമായി പോര്‍ണോഗ്രഫി പ്രഖ്യാപിക്കുന്ന സൃഷ്ടികള്‍ വ്യക്തികളുടെ സ്വകാര്യതകളിലോ അതിനുവേണ്ടി മാത്രമായുള്ള കൂട്ടായ്മകളിലോ മാത്രമായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന അര്‍ധനഗ്നരംഗങ്ങളും ചുംബനദൃശ്യങ്ങളും ഗാനനൃത്ത പ്രദര്‍ശനങ്ങളുമെല്ലാം കാണുന്നത് കുടുംബം ഒരുമിച്ചിരുന്നാണ്. ചെറിയ കുട്ടികളില്‍ വരെ ഇതൊന്നും തെറ്റല്ലെന്ന ബോധം വളരാന്‍ ഇത് കാരണമാകുന്നു. വളരെയേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാവുക.

മക്കളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും അമ്മയെ വിവാഹം ചെയ്യുന്ന മക്കളും പരസ്പരം കിടപ്പറകള്‍ പങ്കിടുന്ന സഹോദരി-സഹോദരന്മാരും ഉണ്ടാവുന്നത് ഈയൊരു ധാര്‍മികപരിസരത്തുനിന്നാണ്. ഒന്നിച്ചിരുന്ന് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഒന്നിച്ചുകിടന്നുകൂടേയെന്ന് സ്വന്തം അന്തരംഗം ചോദിക്കുമ്പോള്‍ സഹോദരീ-പുത്രീ ബന്ധങ്ങളും സാമൂഹ്യമര്യാദകളുമെല്ലാം അവരുടെ മുമ്പില്‍ അപ്രത്യക്ഷമാവുന്നു. കൗമാരപ്രായത്തിലുള്ളവര്‍ കുറ്റവാളികളായിത്തീരുന്ന സാഹചര്യത്തിന് കളമൊരുക്കുന്നത് ലൈംഗികോത്തേജനത്തിന് കാരണമാകുന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സിനിമകളും സീരിയലുകളുമാണെന്ന വസ്തുത നിഷേധിക്കാന്‍ കടുത്ത മുതലാളിത്ത പക്ഷപാതികള്‍ക്കുപോലും കഴിയില്ല. ദല്‍ഹി പീഡനക്കേസിലെ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അയാളാണ് ഇരയോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നുമുള്ള വസ്തുതകള്‍ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിച്ചത് സ്വന്തം ബന്ധുക്കൾ തന്നെയാണെന്ന വെളിപ്പെടുത്തൽ നൽകുന്ന അറിവ് അതിഭീകരമാണ്. സ്നേഹത്തിന്റെയും ബന്ധുത്വത്തിന്റെയുമെല്ലാം സാമൂഹ്യവിലക്കുകളെപ്പോലും ഭേദിക്കാൻ മാത്രം ശക്തമാണ് പെണ്ണുടൽ വിപണി മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രക്ഷാളനം എന്നാണ് ഇതിന്നർത്ഥം. ശക്തമായ പ്രവർത്തങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെയെല്ലാം പെങ്ങന്മാർക്കും പെൺകുട്ടികൾക്കുമൊന്നും സ്വന്തം വീട്ടിൽ പോലും ജീവിക്കാനാവാത്ത സ്ഥിതിയാണ് സംജാതമാവുകയെന്ന സൂചനയാണ് ഇത് നൽകുന്നത്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.