വായന ഒരു ഒഴിവുകാല വിനോദമല്ല

//വായന ഒരു ഒഴിവുകാല വിനോദമല്ല
//വായന ഒരു ഒഴിവുകാല വിനോദമല്ല
ആനുകാലികം

വായന ഒരു ഒഴിവുകാല വിനോദമല്ല

“വീട്ടിൽ ബോറടിച്ചിരിക്കുകയാണ്.
ലോക്ഡൗൺ കഴിയുന്നതുവരെ എന്തെങ്കിലും പുസ്തകങ്ങൾ വായിക്കണം എന്നാണ് ആലോചിക്കുന്നത്”.

കോവിഡ് 19 വ്യാപനത്തെ തടയിടാൻ വീടിൻ്റെ ചുവരുകൾക്കിടയിൽ താൽക്കാലികമായി ഒതുങ്ങിക്കൂടുന്ന ഈ സമയത്ത് പലരും പങ്കുവെച്ച ഒരു കാര്യമാണ് മുകളിൽ കൊടുത്തിട്ടുള്ളത്. പുസ്തകവായനയിലൂടെ ലോക്ഡൗൺ കാലത്തെ ഉപയോഗപ്പെടുത്തണമെന്ന് കേരള മുഖ്യമന്ത്രിയും ഒരിക്കൽ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. ഒഴിവു സമയ വിനിയോഗത്തെ കുറിച്ച് സംസാരിക്കുന്നവരും എഴുതുന്നവരുമെല്ലാം വായനാശീലത്തെ പറ്റി ഊന്നി പറയുന്നത് കാണാം. വളരെ ഗുണകാംക്ഷയോടെയുള്ള ഈ നിർദേശത്തോടും അഭിപ്രായത്തോടും ചെറിയൊരു വിയോജിപ്പ് തോന്നാറുണ്ട്. പ്രത്യേകിച്ച് പണികളൊന്നുമില്ലാതെ വെറുതെയിരിക്കുന്ന നേരത്ത് സമയം തള്ളി നീക്കാനുള്ള ഒരു ഉപാധി മാത്രമായി ‘വായന’ എന്ന വലിയ ആശയത്തെ മനസിലാക്കാൻ ഇത്തരം അഭിപ്രായങ്ങളും നിർദേശങ്ങളും ഇടവരുത്തുമോ എന്ന സന്ദേഹമാണ് പ്രസ്തുത വിയോജിപ്പിൻ്റെ കാരണം.

സംസാരിക്കാൻ ആരുമില്ലാതാവുമ്പോഴോ സ്ക്രീനിലേക്ക് നോക്കി മടുക്കുമ്പോഴോ ഉപയോഗിക്കാനുള്ളതല്ല പേജുകൾ. മറിച്ച് നിത്യജീവിത വ്യവഹാരങ്ങൾക്കിടയിൽ അല്പം സമയമെടുത്ത് ചെയ്യേണ്ട ഒരു പ്രവർത്തനമാണ് വായന. അക്ഷരങ്ങളുടെ ലോകം ആസ്വദിച്ചു തുടങ്ങിയാൽ പിന്നീട് ജീവിതചര്യയുടെ ഭാഗമായി വായനമാറും. ശ്വസനവും ഭക്ഷണവും പോലെ അത് നമ്മുടെ അനിവാര്യതയായിത്തീരും.

രോഗപ്രതിരോധ വ്യവസ്ഥയുടെ ശക്തി വർധിപ്പിക്കുന്നതിനും പൂർണ്ണാരോഗ്യം നിലനിർത്തുന്നതിനും പേശികൾ ബലപ്പെടുന്നതിനുമെല്ലാം പതിവായും ചിട്ടയായുമുള്ള വ്യായാമങ്ങൾ ശരീരത്തിന് എത്രത്തോളം ആവശ്യമാണോ അത്രതന്നെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യം കൈവരിക്കാൻ ബൗദ്ധിക വ്യായാമങ്ങൾ. ഏറ്റവും മികച്ച ബൗദ്ധിക വ്യായാമമാണ് വായന. വായന പോലുള്ള തലച്ചോറിന് വ്യായാമമാവുന്ന വ്യവഹാരങ്ങൾ അൾഷിമേഴ്സ് അടക്കമുള്ള രോഗങ്ങളെ തടയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്(1).

ശ്രദ്ധയോടെയുള്ള പുസ്തക വായനയും അതിനോടനുബന്ധിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കലുമെല്ലാം മനുഷ്യൻ്റെ വിമർശന- നിരൂപണാത്മക ചിന്തയുടെ ആഴം വർധിപ്പിക്കും.

നിത്യജീവിത തിരക്കുകളും പ്രയാസങ്ങളും കാരണമായുണ്ടാവുന്ന പിരിമുറുക്കങ്ങളും മാനസിക സമ്മർദ്ദങ്ങളും ലഘൂകരിക്കാനും പുസ്തക വായനക്ക് ഒരു പരിധിവരെ സാധിക്കും. ഇൻ്റർനെറ്റ് പ്രോക്ത ആധുനിക ജീവിത ശൈലിയിൽ ഒരേ സമയം വ്യത്യസ്ത പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് നാം.

ഏഷ്യാനെറ്റിൻ്റെ സ്ഥാപകൻ എസ് ശശികുമാർ തൻ്റെ പുസ്തകത്തിലെ ഒരു അധ്യായത്തിന് നൽകിയിരിക്കുന്ന തലക്കെട്ട് Convergence of Media എന്നാണ്(2). ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ വ്യത്യസ്ത കാര്യങ്ങൾ ഒരൊറ്റ സ്ക്രീനിനകത്ത് ലഭ്യമാണ് എന്നാണ് പ്രസ്തുത പ്രയോഗം കൊണ്ട് അദ്ദേഹം വിവക്ഷിക്കുന്നത്.
അതുകൊണ്ടുതന്നെ ഒരു അഞ്ചുമിനുട്ടിനുള്ളിൽ ഇ മെയിൽ നോക്കുക, കണക്ക് കൂട്ടുക, ചാറ്റ് ചെയ്യുക, ഫോൺ വിളിക്കുക, ചിത്രങ്ങളും വീഡിയോകളും കാണുക തുടങ്ങിയ ബഹുമുഖ പ്രവർത്തനങ്ങൾ നാം ചെയ്യാറുണ്ട്.
എന്നാൽ ഒരേ സമയം ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ മാനസിക സമ്മർദ്ദം കൂട്ടുവാനും മനുഷ്യൻ്റെ ഉൽപാദന ക്ഷമത കുറയ്ക്കുവാനും കാരണമാവുന്നുണ്ട് എന്ന് പല ഗവേഷണങ്ങളും അഭിപ്രായപ്പെടുന്നുണ്ട്(3). അതേ സമയം ഒരുപാട് നേരം ഒരേ കാര്യത്തിൽ തന്നെ ഫോക്കസ് ചെയ്യണമെന്നതിനാൽ പുസ്തകവായനയിലൂടെ അത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും പ്രസ്തുത പഠനങ്ങൾ പറയുന്നു.

ജീവിതയാത്രയ്ക്കിടയിൽ നേടിയെടുക്കുന്ന സമ്പാദ്യങ്ങളും അതുകൊണ്ട് പടുത്തുയർത്തുന്ന രമ്യഹർമ്മങ്ങളും സ്വപ്ന സൗധങ്ങളുമെല്ലാം ഒരു പക്ഷേ ഏതെങ്കിലുമൊരു സമയത്ത് നിലംപതിച്ചെന്ന് വരാം. എന്നാൽ വിപുലമായ വായനാ പദ്ധതിയിലൂടെ ആവാഹിച്ചെടുത്ത അറിവും തിരിച്ചറിവും എപ്പോഴും നിഴൽപോലെ നമ്മെ പിന്തുടരും.
നമ്മുടെ വ്യക്തിത്വവും ആത്മവിശ്വാസവും ഉയർത്തും. ബോധന ശക്തിയെ തട്ടിയുണർത്തും. ഭാവനാ – ചിന്താ ശേഷിയെ ഉത്തേജിപ്പിക്കും. സർഗാത്മകതയെ പുനരുജ്ജീവിപ്പിക്കും. മാനസികാരോഗ്യവും മാനസികോൻമേഷവും വർധിപ്പിക്കും. വൈജ്ഞാനികവും ഭാഷാപരവുമായി ശാക്തീകരിക്കും. സൈദ്ധാന്തികമായി നവീകരിക്കും. കർമ്മ നൈരന്തര്യത്തിലേക്ക് നയിക്കും. നമ്മെ വ്യത്യസ്ത സ്ഥലകാലങ്ങളിലേക്ക് കൊണ്ടുപോവും. നമ്മൾ കാണാത്ത, അറിയാത്ത വലിയൊരു ലോകം നമുക്കു മുമ്പിൽ തുറന്നുതരും.

പുകഴ്ത്തി പറയാത്ത ചങ്ങാതിയും മുഷിപ്പിക്കാത്ത സഹയാത്രികനും കുതന്ത്രം കാണിക്കാത്ത കൂട്ടുകാരനുമായിട്ടാണ് ഒരു അറബി സാഹിത്യകാരൻ പുസ്തകത്തെയും വായനയെയും ഉപമിച്ചിട്ടുള്ളത്. നല്ല ഒരു കെട്ടിടം പ്രഭാതവെളിച്ചത്തിലും നട്ടുച്ചയ്ക്കും നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അതുപോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം എന്നാണ് റൊബർട്ട്സെൻ ഡേവിഡ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഒരു പുസ്തകത്തിൻ്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാല് ചുവരുകളും മേൽക്കൂരയുമാകുന്നു. നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിക്കുള്ളിൽ ജീവിക്കുകയാണ് ചെയ്യുന്നത് എന്നാണ് ജോൺബർബറിൻ്റെ വീക്ഷണം. ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമായിട്ടാണ് എഡ്വേഡ് ഗിബൺ പുസ്തകങ്ങളെ കാണുന്നത്. പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നതെന്നാണ് സാമുവൽ ബട്ലറിൻ്റെ വീക്ഷണം. പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയെന്നാണ് ക്രിസ്റ്റഫർ മോർളിയുടെ നിരീക്ഷണം. മറ്റു പ്രവർത്തികൾ ഏത് സമയത്തും ഏത് കാലത്തും ചെയ്യാൻ പറ്റിയെന്നു വരില്ല. എന്നാൽ വായന അങ്ങനെയല്ല. അത് ചെറുപ്പകാലത്ത് മനസിന് പോഷണവും വാർധക്യത്തിൽ സംതൃപ്തിയും ആപത്ത് കാലത്ത് അഭയവും ആശ്വാസവും നൽകുമെന്നാണ് സിസറൊ പറഞ്ഞിട്ടുള്ളത്.

വിജ്ഞാന ദാഹത്തെ ഒരു മതപരമായ ബാധ്യതയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ‘വായിക്കുക’ എന്ന കല്പനയോടെയാണല്ലോ മാനവരാശിയുടെ മാർഗദീപമായ വിശുദ്ധ ക്വുർആൻ അവതരിച്ചിട്ടുള്ളത്. അല്ലാഹു വിജ്ഞാനം നൽകി അനുഗ്രഹിക്കുക എന്നാൽ അപാരമായ നേട്ടം ലഭിക്കുകയാണ് എന്നാണ് ക്വുർആനിക വീക്ഷണം(4).

ക്വുർആൻ പഠനത്തെ കുറിച്ച് പറയുന്ന സന്ദർഭത്തിൽ “എൻ്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വർധിപ്പിച്ചു തരേണമേ” എന്ന് പ്രാർത്ഥിക്കാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്(5).

ഇസ്‌ലാമിക രാജ്യം യുദ്ധത്തിനു പോകുമ്പോൾ എല്ലാ മുസ്‌ലികളെയും യുദ്ധമുഖത്തേക്കുള്ള സൈന്യത്തിൽ കൂട്ടരുതെന്നും വിജ്ഞാനം പ്രസരിപ്പിക്കാൻ കഴിയുന്ന ഒരു വിഭാഗത്തെ നാട്ടിൽ തന്നെ ബാക്കിവെക്കണമെന്നും ആജ്ഞാപിക്കുന്ന ക്വുർആൻ(6) അറിവുള്ളവനും അറിവില്ലാത്തവനും സമമാവുമോ എന്നും ചോദിക്കുന്നുണ്ട്(7).
നമ്മുടെ ബുദ്ധിശക്തിയെയും ധിഷണാ ശേഷിയെയും ഉപയോഗപ്പെടുത്താനുള്ള നിരവധി വചനങ്ങൾ ഇനിയും ക്വുർആനിൽ കാണാം.

അല്ലാഹു പറയുന്നത് നോക്കൂ.

“അവർ ഒട്ടകത്തിൻ്റെ നേർക്ക് നോക്കുന്നില്ലേ?
അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്?

ആകാശത്തേക്ക് നോക്കുന്നില്ലേ? അത് എങ്ങനെ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന്?

പർവ്വതങ്ങളിലേക്ക് നോക്കുന്നില്ലേ? അവ എങ്ങിനെ നാട്ടിനിർത്തപ്പെട്ടിരിക്കുന്നുവെന്ന്?

ഭൂമിയിലേക്ക് നോക്കുന്നില്ലേ?
അവ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.”(8).

രണ്ടു തരം അന്വേഷകർ ഒരിക്കലും സംതൃപ്തരാവുകയില്ല. അവർ അറിവ് നേടാൻ നോക്കുന്നവരും ഈ ലോകം നേടാൻ നോക്കുന്നവരുമാണെന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങളിൽ കാണുവാൻ സാധിക്കും(9). പ്രവാചകൻമാർ വിട്ടേച്ചുപോകുന്ന സ്വത്ത് ദീനാറും ദിർഹമും അല്ല, മറിച്ച് അറിവ് ആണെന്നും, ആ അറിവിൽ പ്രാഗൽഭ്യമുള്ളവർ പ്രവാചകൻമാരുടെ അനന്തരാവകാശികളാണെന്നും റസൂൽ (സ) അരുളിയിട്ടുണ്ട്(10).
അറിവന്വേഷണത്തിനു വേണ്ടി യാത്ര തിരിക്കുന്നവന് അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുമെന്ന് സുവിശേഷമറിയിച്ച പ്രവാചകൻ(11) മറ്റൊരിക്കൽ പറയുകയുണ്ടായി:

“ഒരാൾക്ക് നന്മവരുത്താൻ ഉദ്ദേശിച്ചാൽ അല്ലാഹു അയാൾക്ക് മതത്തിൽ അവഗാഹം നൽകും”(12).

ഫജ്ർ നമസ്കാര ശേഷം പ്രവാചകൻ (സ്വ) പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട പ്രാർത്ഥനയുടെ ആശയമിങ്ങനെയാണ്:
”അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകാര്യമായ കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു”(13).

ഇവിടെ കേവലം ഭൗതികമായ അറിവിനെയല്ല വിജ്ഞാനമായി ഇസ്‌ലാം വിവക്ഷിക്കുന്നത്. മറിച്ച് സർവാധിപതിയായ പ്രപഞ്ച സ്രഷ്ടാവിൻ്റെ അസ്തിത്വം ബോധ്യപ്പെടാനും ഇഹ-പര മോക്ഷം ലഭിക്കാനും നിദാനമാകുന്ന കാര്യങ്ങളാണ് ഇസ്‌ലാമിക വീക്ഷണത്തിലെ വിജ്ഞാനം. ആ ജ്ഞാനമാണ് ഹിദായത്ത് (സൻമാർഗം).

അതിനെ പിന്തുടരുന്നവർ ഭയപ്പെടുകയോ ദു:ഖിക്കുകയോ ചെയ്യേണ്ടതില്ല എന്ന് അല്ലാഹു സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്(14).

അറിവന്വേഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഇസ്‌ലാമിൻ്റെ നിർദേശങ്ങളിൽ ആകൃഷ്ടരായി വൈജ്ഞാനിക നഭോ മണ്ഡലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച അനേകം ചിന്തകരെയും പണ്ഡിതന്മാരെയും നമുക്ക് കാണുവാൻ സാധിക്കും. അത്തരം വിജ്ഞാന പ്രേമികൾ കാരണമാണ് ബാഗ്ദാദും കൊർദോബയും കൈറോയും സമർഖന്തു മെല്ലാം ഒരു കാലത്ത് ഇന്നത്തെ പാരീസിനെയും വാഷിംഗ്ടണെയും കവച്ചു വെക്കുന്ന സ്ഥാനം നേടിയത്. ലോകജനതയ്ക്കാകെ അനുഗ്രഹമായി ഗണിതം, വൈദ്യം, സാഹിത്യം, തത്ത്വചിന്ത തുടങ്ങിയ വിജ്ഞാന ശാഖകളിൽ എത്രയെത്ര സംഭാവനകളും കണ്ടുപിടുത്തങ്ങളുമാണ് മുസ്‌ലിംകളാൽ പുറത്തിറങ്ങിയത്. എന്നും മാനവരാശിക്ക് വെളിച്ചമേകാൻ പോന്ന എത്രയെത്ര ഗ്രന്ഥങ്ങളാണ് മുസ്‌ലിം പ്രതിഭകളാൽ വിരചിതമായത്.
ഇമാം ശാഫിഈ (റ), അബൂ ഹനീഫ (റ), റാസി (റ) ഇബ്നുതൈമിയ (റ) തുടങ്ങിയ മതപണ്ഡിതൻമാർ; ബിറൂനി, ഇബ്നു ബതൂത തുടങ്ങിയ സഞ്ചാരികൾ; ഇബ്നു സീന, ഇബ്നു ഹൈഥം തുടങ്ങിയ ശാസ്ത്രജ്ഞൻമാർ – ഇങ്ങനെ എത്രയെത്ര പ്രതിഭാശാലികളാണ് വിജ്ഞാന വികാസത്തിന് മഹത്തായ സേവനങ്ങൾ അർപ്പിച്ചത്.

“എനിക്ക് ബുദ്ധിയുദിച്ചത് മുതൽ രണ്ട് സമയത്ത് മാത്രമാണ് ഞാൻ വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നത്.
ഒന്നാമത്തേത് എൻ്റെ പിതാവിൻ്റെ അന്ത്യം സംഭവിച്ച ദിവസം, രണ്ടാമത്തേത് എൻ്റെ മധുവിധു ദിവസവും”.
അരിസ്റ്റോട്ടിലിൻ്റെ വ്യാഖ്യാതാവ് എന്ന പേരിൽ പ്രസിദ്ധനായ ഫിഖ്ഹ് വിജ്ഞാന പണ്ഡിതൻ ഇബ്നു റുശ്ദിൻ്റെ വാക്കുകളാണിത്.

ആറരപ്പതിറ്റാണ്ടിനിടയിലെ ജീവിതത്തിനിടയിൽ ഇമാം ഇബ്നുതൈമിയ (റ) 500 ഗ്രന്ഥങ്ങളാണ് വൈജ്ഞാനിക ലോകത്തിന് സംഭാവന ചെയ്തത്.

ഫജ്റ് നമസ്കാരം കഴിഞ്ഞാൽ ഉടനെ ക്വുർആൻ, പിന്നെ ഹദീഥ്, തുടർന്ന് മറ്റു വിജ്ഞാനങ്ങൾ, അതിനിടയിൽ വിവിധ വിജ്ഞാനങ്ങളിൽ വൈദഗ്ധ്യം നേടിയവരുമായുള്ള സംഭാഷണങ്ങളും – ഇങ്ങനെയായിരുന്നു ഇമാം ശാഫിഈ (റ) യുടെ ദിനചര്യകൾ.

6 ലക്ഷം ഹദീഥുകളിൽ നിന്ന് പതിനാറ് വർഷം അദ്ധ്വാനിച്ചാണ് 9397 ഹദീഥുകൾ സ്വീകരിച്ച് ഇമാം ബുഖാരി തൻ്റെ ‘സ്വഹീഹുൽ ബുഖാരി’ രചിക്കുന്നത്.

മലയാളത്തിലെ ആധികാരികമായ ക്വുർആൻ വ്യാഖ്യാനമാണ് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ക്വുർആൻ സമ്പൂർണ്ണ വ്യാഖ്യാനം. നീണ്ട 20 വർഷമാണ് അദ്ദേഹം അത് പൂർത്തിയാക്കാനെടുത്ത സമയം.

ജീവിതത്തിരക്കുകളും പ്രയാസങ്ങളും ‘അഡ്ജസ്റ്റ് ചെയ്ത്’ നമ്മുടെ ഇഹ-പര വിജയത്തിനു വേണ്ടി തയ്യാറാക്കിയ വൈജ്ഞാനിക ഗ്രന്ഥങ്ങളിൽ കുറച്ചെങ്കിലും വായിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ പ്രപഞ്ച രക്ഷിതാവ് നമ്മെ വെറുതെ വിടുമെന്ന് വിചാരിക്കുന്നുണ്ടോ?

ചിട്ടയോടെയുള്ള വായനാ സംസ്കാരം നിത്യജീവിതത്തിൻ്റെ ഭാഗമായിമാറാൻ ഈ ലോക് ഡൗണും അതിലുപരി പരിശുദ്ധ റമദാനും ഒരു നിമിത്തമാവട്ടെ. ആമീൻ.

Ref:

1. Fisher Center For Alzheimer’s Research Foundation: Mental Stimulation Slows Alzheimer’s Progression)
2. Unmediated- Essays on Media, Culture, & Cinema- by S Sashikumar – Thulika Books.3. Why You Should Read Every Day -Catherine Winter https://www.lifehack.org › lifestyle
Web results
4. ക്വുർആൻ: 2: 269
5. ക്വുർആൻ: 20: 114
6. ക്വുർആൻ: 9: 122
7. ക്വുർആൻ: 39: 9
8. ക്വുർആൻ: 80: 20
9. ത്വബ്റാനി
10. അബൂദാവൂദ്
11. സ്വഹീഹ് മുസ്‌ലിം
12. സ്വഹീഹുൽ ബുഖാരി
13. സ്വഹീഹു ഇബ്നുമാജ
14. ക്വുർആൻ: 2: 38

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • അല്ലാഹു പറയുന്നത് നോക്കൂ.

    “ഒട്ടകത്തിൻ്റെ നേർക്ക് അവർ നോക്കുന്നില്ലേ? അത് എങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.
    ആകാശത്തേക്ക് അവർ നോക്കുന്നില്ലേ? അത് എങ്ങിനെ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന്.
    പർവതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ? അവ എങ്ങിനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്(8).

    മുകളിൽ പറഞ്ഞതിൽ പരവതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ ? അവ എങ്ങിനെ നാട്ടപ്പെട്ടത് എന്നല്ലേ വേണ്ടത് ?

    സകരിയ 23.04.2020
  • സാന്ദർഭികമായ ലേഖനം. വായനയെ, മനുഷ്യ ജീവിതവുമായുള്ള അതിൻറെ അവിഭക്ത ബന്ധത്തെ പ്രാമാണികവും ലളിതവുമായ ശൈലിയിൽ അവതരിപ്പിക്കാൻ ലേഖകന് സാധിച്ചിരിക്കുന്നു. ഒരു തിരുത്തുള്ളത്; “പർവതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ? അവ എങ്ങിനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” എന്നതിലാണ്. “…… അവ എങ്ങന നാട്ടപ്പെട്ടിരിക്കുന്നുവെന്ന്” എന്ന് തിരുത്തുമെന്ന് കരുതുന്നു.

    Kabeer M. Parali 23.04.2020

Leave a comment

Your email address will not be published.