ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -1

//ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -1
//ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -1
ആനുകാലികം

ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -1

‘എന്റെ രണ്ട് പെൺകുട്ടികളെ കാക്കമാർ കൊത്തിക്കൊണ്ട് പോകാതിരിക്കുവാനാണ് ഞാൻ സിന്ദൂരമിടുന്നത്’.
ഒരു ഹിന്ദു സഹോദരിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട വാചകം. നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്‌ലിം ധ്രുവീകരണം എത്ര മാത്രം ഭീഷണമാണെന്ന് വ്യക്തമാക്കുന്ന വാക്കുകൾ. 2008-2009 കാലയളവിൽ തുടങ്ങുകയും കുറ്റാന്വേഷണ ഏജൻസികൾ അന്വേഷിക്കുകയും കോടതികൾ മിഥ്യയാണെന്ന് വിധിക്കുകയും ചെയ്തതാണ് ലൗ ജിഹാദ് ആരോപണം. പക്ഷെ ഹിന്ദുത്വശക്തികൾ വളരെ രഹസ്യമായി അത് ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സഹോദരിയുടെ രോഷപ്രകടനം. ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുവാനായി മുസ്‌ലിംയുവാക്കൾ സജ്ജരായിരിക്കുകയാണെന്നും അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഹിന്ദുത്വവാദിയാകണമെന്നുമുള്ള ബോധം വളരെ സമർത്ഥമായി ഹിന്ദുഅമ്മമാരുടെ മനസ്സുകളിലേക്ക് സന്നിവേശിപ്പിച്ചതിന്റെ ബഹിർപ്രകടനമാണത്. കേരള കാത്തലിക് ബിഷപ് കൗൺസിൽ തുടക്കം കുറിക്കുകയും ഹിന്ദുത്വസംഘടനകൾ ഏറ്റെടുക്കുകയും കേരളശബ്ദത്തെയും കലാകൗമുദിയെയും പോലെയുള്ള ആനുകാലികങ്ങൾ അപസർപ്പക കഥകളെപ്പോലെയുള്ള റിപ്പോർട്ടുകൾ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുഅമ്മമാരുടെ മനസ്സിലുണ്ടാക്കിയ മുസ്‌ലിംഭീതിയാണ് പ്രത്യേകമായ സാഹചര്യത്തിൽ ആ സഹോദരിയുടെ വായിലൂടെ രോഷമായി പുറത്തുവന്നത്. അവരെ ട്രോളിയതുകൊണ്ടോ വിമർശിച്ചതുകൊണ്ടോ കാര്യമൊന്നുമില്ല. ലൗ ജിഹാദ് കഥകൾ വഴി സമൂഹത്തിൽ ഭീതിപടർത്തിയവരെല്ലാം, ആരോപണം ആദ്യം ഉന്നയിച്ച കെസിബിസി മുതൽ അത് ഏറ്റെടുത്ത ഹിന്ദുത്വസംഘടനകൾ വരെയും ഇസ്‌ലാമിനെതിരെ കിട്ടിയ വടിയായി അതിനെ ഉപയോഗിച്ച നാസ്തികന്മാർ മുതൽ മതനിരപേക്ഷമെന്ന ലേബലൊട്ടിച്ച കേരളശബ്ദത്തെപ്പോലെയുള്ള ആനുകാലികങ്ങൾ വരെയും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. എല്ലാവരും കൂടി നിർമ്മിച്ചെടുത്ത ഇസ്‌ലാംഭീതിയുടെ പരിസരത്തെയാണ് ഇന്ന് സംഘശക്തികൾ സമർത്ഥമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

കാത്തലിക് കൗൺസിൽ സിനഡിന്റെ ലൗ ജിഹാദ് ആരോപണം ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് കലൂരിലെ സഹോദരിയുടെ രോഷപ്രകടനമുണ്ടായത് എന്നത് യാദൃശ്ചികമാകാം. പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ നാടൊട്ടുക്കും നടക്കുന്നതിനിടയിൽ സിനഡിന്റെ ലൗ ജിഹാദ് ചർച്ച എന്തിനാണെന്ന് മൂക്ക് കീഴോട്ടുള്ളവരെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. കേരള കാത്തലിക് ബിഷപ് കൗൺസിൽ തുടക്കം കുറിക്കുകയും ഹിന്ദുത്വസംഘടനകൾ ഏറ്റെടുക്കുകയും ചെയ്ത ലൗ ജിഹാദ് ആരോപണത്തെക്കുറിച്ച വിശദമായ അന്വേഷണങ്ങൾ നടന്നു. കേരളത്തിന്റെ പോലീസും ദേശീയ അന്വേഷണപ്പോലീസും വിശദമായിത്തന്നെ അന്വേഷിച്ച് ലൗ ജിഹാദ് കഥകളെല്ലാം സാങ്കല്പികമാണെന്ന് റിപ്പോർട്ടുകൾ നൽകി. സുപ്രീം കോടതിയടക്കമുള്ള നിയമകൂടങ്ങൾ ലൗ ജിഹാദ് ആരോപണത്തിൽ കഥയൊന്നുമില്ലെന്ന് വിധിയെഴുതി. മുസ്‌ലിംയുവാക്കൾക്ക് നേരെയുള്ള ലൗ ജിഹാദ് എന്ന ഏറുപടക്കം അങ്ങനെ പരസ്യവേദികളിൽ കെട്ടടങ്ങി. എങ്കിലും ഹിന്ദുമാതാപിതാക്കളുടെ മനസ്സുകളിൽ അത് നീറിപ്പുകയിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നതായി സഹോദരിയുടെ രോഷപ്രകടനം. ഇങ്ങനെ എപ്പോഴെങ്കിലും ആരുടെയെങ്കിലും വായിൽ നിന്ന് പുറത്തുചാടുമ്പോഴാണ് എത്രമാത്രം ഭീഷണമാണ് ലൗ ജിഹാദ് ആരോപണമെന്ന സത്യം തിരിച്ചറിയപ്പെടുന്നത്.

കെട്ടുപോയതെന്ന് കരുതിയിരുന്ന ലൗ ജിഹാദ് ആരോപണം വീണ്ടും കത്തിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കാത്തലിക് കൗൺസിൽ. പൗരത്വഭേദഗതിനിയമത്തോടനുബന്ധിച്ച ചർച്ചകളെ വഴിമാറ്റുവാൻ മാത്രമാണിതെന്ന് കരുതാനാവില്ല. സഭയും ഹിന്ദുത്വവാദികളും കൂടി പുതിയ വല്ല കെണികളും ഈ സമയത്ത് ഒരുക്കുന്നുണ്ടോയെന്ന് കണ്ട് തന്നെ അറിയണം. വരും ദിവസങ്ങളിൽ ഏതെങ്കിലും പുതിയ കേസുകൾ ചർച്ചയാകുമോ? അപസർപ്പകകഥകളുമായി മാധ്യമങ്ങൾ വീണ്ടും ലൗ ജിഹാദ് ചർച്ച പൊലിപ്പിക്കുമോ? കാത്തിരുന്നു തന്നെ കാണണം.

മുമ്പെങ്ങുമില്ലാത്തവിധം ആകാശത്ത് അസഹിഷ്ണുതയുടെ ചുവപ്പ് പടരുന്ന ഇക്കാലത്ത് ഇത്തരം കഥകൾ വീണ്ടും വീണ്ടും അസഹിഷ്ണുത പൊലിപ്പിക്കുക മാത്രമേയുള്ളൂവെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?. നാം ചുറ്റും കാണുന്നതെന്താണ്? ഭൂരിപക്ഷ വര്‍ഗീയത ഈ രാജ്യം തങ്ങളുടേതു മാത്രമാണെന്ന് ന്യൂനപക്ഷങ്ങളെ കണ്ണുരുട്ടിക്കാണിക്കുന്നു. നിങ്ങൾ പൗരത്വം ഉപേക്ഷിക്കുകയോ രണ്ടാം തരം പൗരന്മാരായി ജീവിക്കുകയോ ചെയ്യണമെന്ന് യാതൊരു ഉളുപ്പുമില്ലാതെ മുസ്‌ലിംകളോട് പറഞ്ഞുകൊണ്ടിരിക്കുന്നു. തീന്‍മേശയില്‍ പോലും അവകാശത്തോടെ കയറിയിരുന്ന് മൂന്നുനേരവും ഫാഷിസം ചേരുവകള്‍ പരിശോധിക്കുന്നു. ഭരണകൂടം ഭീഷണിയുടെ പുതപ്പുകൊണ്ട് പൗരന്‍മാരെ ‘ചേര്‍ത്തുപിടിക്കുന്നു.’ ഭീകരാക്രമണങ്ങളില്‍ നിന്നും ചിതറിത്തെറിക്കുന്ന കനല്‍ച്ചീളുകള്‍ ഇന്‍ഡ്യന്‍ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനുമേല്‍ നിരന്തരം വന്നടിയുന്നു. തോക്കും ബോംബും ചാവേറുകളും നിഷ്പ്രഭമാകുന്നു; മതപ്രബോധകര്‍ ഉടനടി നിര്‍വീര്യമാക്കേണ്ടുന്ന അത്യപകടകാരികളുടെ രൂപം പ്രാപിക്കുന്നു. മതപരിവര്‍ത്തനത്തിന് രാജ്യദ്രോഹമെന്ന് പുതിയ പേരുചാര്‍ത്തപ്പെടുന്നു. മീഡിയ ഫാഷിസത്തിനു മുമ്പില്‍ സാഷ്ടാംഗം നമിച്ചുകൊണ്ട് രാജ്യ‘സ്‌നേഹ’ത്തിലേര്‍പ്പെടുക കൂടിയാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ജനാധിപത്യം പകച്ചുനില്‍ക്കുന്നു.

പഴയ രാജ്യം, പുതിയ ഭരണകൂടം. പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് ചരിത്രസത്യങ്ങള്‍ക്കിവിടെ കൂട്ടക്കശാപ്പ്. മതനിരപേക്ഷതയ്ക്ക് വര്‍ഗീയത കാവല്‍ നില്‍ക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം. വൈദേശികമെന്ന് ഇസ്‌ലാമിനെ ആട്ടിയോടിക്കുന്നതെന്തിനെന്ന് മറ്റു കാരണങ്ങള്‍ ആവശ്യമില്ലാത്തവിധം സുവ്യക്തം. കണ്ണില്‍ പൊടിയിട്ടും കാലില്‍ ചങ്ങലയിട്ടും അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് വഴിതെറ്റിക്കുന്ന പലവിധ ‘ജിഹാദുകളാ’ണിവിടെ നടക്കുന്നതെന്ന് നാലുപാടു നിന്നും ‘സാക്ഷികളു’ടെ മുറവിളികള്‍. ആളുകളെ ഇസ്‌ലാമിലേക്ക് മതം മാറ്റുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യങ്ങളെക്കുറിച്ച് വാചാലരാകുന്നവര്‍ പക്ഷേ ഇസ്‌ലാം സ്വീകരിച്ച് പൊതുസമൂഹത്തില്‍ തെളിഞ്ഞു തന്നെ ജീവിക്കുന്നവരെ തമസ്‌കരണത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ ഒളിപ്പിച്ചുനിര്‍ത്തുന്നു. അതുകൊണ്ടാണ് ക്വുര്‍ആനും നബിചര്യയുമടങ്ങുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ പിന്തുടരുന്ന മുസ്‌ലിംകളെന്നോ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തവരെന്നോ കേള്‍ക്കുമ്പോഴേക്ക് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് കപ്പലു കയറാന്‍ പെട്ടിയൊരുക്കി കാത്തിരിക്കുന്ന ചില രൂപങ്ങള്‍, രാജ്യത്തിനെതിരെ ഒളിവില്‍ യുദ്ധസന്നാഹം നടത്തുന്ന ചില മുഖങ്ങള്‍, പ്രണയം വിചാരത്തെ അന്ധമാക്കിയ ഒരു നിമിഷത്തില്‍ ‘ലൗ ജിഹാദി’ന്റെ കുരുക്കിലകപ്പെട്ടു പോയ ചില ദയനീയ ഭാവങ്ങള്‍ നമ്മുടെ ഭാവനയില്‍ തെളിയിക്കാന്‍ മീഡിയയ്ക്ക് എളുപ്പത്തില്‍ സാധിക്കുന്നത്. നുണപ്രചരണം നടത്തി സംഘ്പരിവാര്‍ ശക്തികളുടെ ആയുധം മൂര്‍ച്ച കൂട്ടിക്കൊടുക്കുന്ന ഗീബല്‍സിന്റെ ഈ മാധ്യമ അനുജന്‍മാര്‍ ഫാഷിസത്തിന്റെ അതിഭീകരതയെ സത്യസന്ധമായി ഇഴകീറി പരിശോധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടോ?

ഭീകരവാദ കേന്ദ്രങ്ങളിലേക്ക് പോയെന്ന് ആരോപിക്കപ്പെടുന്ന മലയാളി യുവാക്കളില്‍ ഇസ്‌ലാം സ്വീകരിച്ചവരുണ്ടാകാം. അതുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം തീവ്രതയിലേക്ക് രാജ്യദ്രോഹത്തിന്റെ വണ്ടി കയറുകയാണെന്ന പ്രചരണം സത്യമായിത്തീരുമോ? ഇസ്‌ലാം സ്വീകരിക്കുകയെന്നാല്‍ ഒളിസങ്കേതങ്ങളില്‍ ആയുധപരിശീലനത്തിലേര്‍പ്പെടുകയല്ലെന്ന് ജീവിച്ചു തെളിയിക്കുന്ന ഒരു മഹാഭൂരിപക്ഷമുണ്ട് നമുക്കിടയില്‍. ചാനല്‍ ക്യാമറകള്‍ ലോകത്തെ കാണിക്കാത്ത മുഖങ്ങള്‍. പത്രമാധ്യമങ്ങള്‍ മത്സരിച്ച് ലേഖനങ്ങളെഴുതാത്ത ജീവിതങ്ങള്‍. അവരെക്കുറിച്ച് അവരല്ലാത്തവരെല്ലാം പിറുപിറുക്കുന്നത് നമ്മള്‍ കേട്ടുകഴിഞ്ഞു. തങ്ങളുടെയുള്ളിലെ രാജ്യസ്‌നേഹത്തിന്റെ ചൂട് തെര്‍മോമീറ്റര്‍ വെച്ചളക്കുന്നവരോട് ഇനിയെങ്കിലുമവര്‍ വാക്കുകളായി പൊട്ടിത്തെറിക്കട്ടെ!!

നാളെ നമുക്കത് കേൾക്കാം

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.