ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -2

//ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -2
//ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -2
ആനുകാലികം

ലൗ ജിഹാദ്; ഇസ്‌ലാം സ്വീകരിച്ച പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട് -2

വര്‍ ഒരു കൂട്ടം മലയാളി മുസ്‌ലിം വനിതകള്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പോളിംഗ് ബൂത്തുകളിലേക്ക് കടന്നുചെന്ന് ആഇശാ സജ്‌ന, ഖദീജ റുഷ്ന്‍, ഹലീമ ലേഖ, ഫാത്വിമ തുടങ്ങിയ പേരുകള്‍ മുഴങ്ങിയപ്പോള്‍ ചൂണ്ടുവിരലില്‍ ജനാധിപത്യത്തിന്റെ കരിനീലമഷി ചാര്‍ത്തിയവര്‍. ഇസ്‌ലാം സ്വീകരിച്ചവര്‍. വീടും കുടുംബവുമുപേക്ഷിച്ച് ഇസ്‌ലാമിലേക്ക് സധൈര്യം കടന്നു വന്നവര്‍. യഥാര്‍ത്ഥ ദൈവത്തിന്റെ പാത ഇതു തന്നെയാണെന്ന് ബോധ്യപ്പെട്ടവര്‍. ഭീഷണി കൊണ്ടോ പ്രലോഭനങ്ങള്‍ കൊണ്ടോ ആര്‍ക്കും ആട്ടിയിറക്കാനാവാത്തവിധം ഇസ്‌ലാമിനെ ആത്മാവിനോട് ചേര്‍ത്തവര്‍. ഇസ്‌ലാമിലേക്ക് തങ്ങളും ഇസ്‌ലാമിന്റെ വെളിച്ചം തങ്ങളിലേക്കും കടന്നു വന്നതിനെക്കുറിച്ച് വാചാലരാകുന്നവര്‍.

“ഞാന്‍ ആഇശാ സജ്‌ന. ഇസ്‌ലാമിന്റെ മരുപ്പച്ചയില്‍ അഭയം തേടിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ എന്തെങ്കിലും പ്രലോഭനങ്ങളില്‍ മയങ്ങിയോ മതം മാറ്റത്തിനു മുതിര്‍ന്നവളായിരുന്നു ഞാനെങ്കില്‍ പിന്‍മടക്കത്തെക്കുറിച്ചുള്ള നിമിഷനേരത്തെ ആലോചനയെങ്കിലും ഇല്ലാത്തവിധം സംതൃപ്തമായൊരു ജീവിതം ഇസ്‌ലാമില്‍ എനിക്ക് സാധ്യമാകുമായിരുന്നില്ല. ഇസ്‌ലാമിന്റെ സൗന്ദര്യവും യുക്തിഭദ്രതയും എനിക്കുമുമ്പില്‍ ജീവിച്ചു കാണിച്ചുതന്ന എന്റെ അയല്‍വാസികളാണ് ഇസ്‌ലാമിനെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹമെന്നില്‍ ജനിപ്പിച്ചത്. എന്നാല്‍ എന്നെ മുസ്‌ലിമാക്കിയത് വീണുടഞ്ഞ് നാലുപാടും ചിതറിയ ഞങ്ങളുടെ പൂജാമുറിയിലെ കൃഷ്ണവിഗ്രഹമാണ്. അച്ഛനും അമ്മയും ചേച്ചിയും ചേര്‍ന്ന് പശതേച്ച് വിഗ്രഹത്തെ പൂര്‍ണ രൂപത്തിലാക്കാന്‍ പണിപ്പെടുമ്പോള്‍ ഞാന്‍ എങ്ങുമെത്താതെ തിരിച്ചുവന്ന എന്റെ പ്രാര്‍ത്ഥനകള്‍ പെറുക്കിക്കൂട്ടുകയായിരുന്നു. അവയെന്റെ യുക്തിയെ തട്ടിയുണര്‍ത്തി. യഥാര്‍ത്ഥ സ്രഷ്ടാവിലേക്കുള്ള എന്റെ യാത്ര ഞാന്‍ ആ നിമിഷം നിശ്ചയിച്ചുറപ്പിച്ചു.”

‘ഘര്‍വാപസി’യൊരുക്കി തിരികെ വിളിച്ചിട്ടും ചെന്നു കാണാഞ്ഞിട്ടായിരിക്കും സംഘ്പരിവാര്‍ ശക്തികളിപ്പോള്‍ തങ്ങളുടെ മതപരിവര്‍ത്തനത്തിനെതിരെ ഉറഞ്ഞു തുള്ളുന്നതെന്ന് പറയുന്ന ഖദീജ റുഷ്ന്‍ വഴിതെറ്റിയല്ല, സ്വന്തം മനസാക്ഷിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇസ്‌ലാമിലെത്തിച്ചേര്‍ന്നതെന്നു വിശദീകരിക്കുന്നു. “തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന വിശ്വാസത്തിന്റേതായിരുന്നു എന്റെ ബാല്യകൗമാരങ്ങള്‍. കോളേജിലെത്തിയപ്പോള്‍ കൂട്ടുകാരികളുമായി നടന്നിരുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും അവതാര പുരുഷന്‍മാരുടെയും ദേവീദേവന്‍മാരുടെയും ചെയ്തികളെ തള്ളിപ്പറയാനോ ന്യായീകരിക്കാനോ കഴിയാതെ ഞാന്‍ കുഴങ്ങി. മണ്ണും കല്ലും കൊണ്ട് മനുഷ്യര്‍ തന്നെയുണ്ടാക്കിയ ബിംബങ്ങളുടെ മുന്നില്‍ കൈകൂപ്പി ആവലാതി ബോധിപ്പിക്കുന്നതിലെ നിരര്‍ത്ഥകത എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. എങ്കിലും ഹിന്ദുമതത്തെ തള്ളിപ്പറയാന്‍ ഞാന്‍ ശ്രമിച്ചില്ല. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു മുസ്‌ലിം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു പഠിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും അവിടെവെച്ച് ഇസ്‌ലാമിനെക്കുറിച്ചറിയാന്‍ ലഭിച്ച അവസരങ്ങളെല്ലാം ഞാന്‍ തന്ത്രപൂര്‍വം തട്ടി മാറ്റുകയാണ് ചെയ്തത്. എന്നാല്‍ കൂട്ടുകാരിയുടെ വീട്ടില്‍വെച്ചെനിക്കു കിട്ടിയ, ഒരു കടലാസുതുണ്ടിലെഴുതിയ പ്രാര്‍ത്ഥനാശകലം സത്യത്തെ ഇനിയും നിഷേധിക്കാനാവാത്തവിധം എന്റെ കണ്ണു തുറപ്പിച്ചു. എന്തായിരുന്നു, എന്തിനായിരുന്നു, ആരെയായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നതെന്ന എന്റെ മനസാക്ഷിയുടെ ചോദ്യം എന്നെ ഉത്തരം മുട്ടിച്ചു. ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാതെ സമാധാനമടയില്ലെന്ന് എന്റെ മനസ്സ് കിടന്നുപിടഞ്ഞു. പിന്നെ വായന, രാവേറെ നീളുന്ന ചര്‍ച്ചകള്‍, ആശയസംവാദങ്ങള്‍. തെളിഞ്ഞ സത്യങ്ങള്‍ ആര്‍ക്കുമുമ്പിലും തലയുയര്‍ത്തിപ്പിടിച്ച് വിശദീകരിക്കാവുന്ന സമാധാനത്തിന്റെ മതത്തിലേക്കെന്നെ മാടിവിളിച്ചു.”

അമ്പലങ്ങളില്‍, പള്ളി മേടകളില്‍ നിരീശ്വരവാദത്തിന്റെ വിപ്ലവക്കൊടിക്കീഴില്‍ എത്രതിരഞ്ഞിട്ടും കണ്ടെത്താനാവാത്ത സമാധാനം അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്കു കടന്നുവന്നതെങ്ങനെയെന്ന് പറയുകയാണ് ഹലീമ ലേഖ. ”പ്രക്ഷുബ്ധമായൊരു കടലില്‍ ഹതാശരായി മുങ്ങി മരിക്കുംമുമ്പ് ഞാനടിഞ്ഞ ശാന്തിയുടെ തീരമാണ് ഇസ്‌ലാം. ഒരു വശത്ത് പ്രശ്‌നകലുഷിതമായ കുടുംബജീവിതം. മറുവശത്ത് സംതൃപ്തിയോ സമാധാനമോ നല്‍കുകയോ സംശയങ്ങള്‍ ദൂരീകരിക്കുകയോ ചെയ്യാത്ത വിശ്വാസം, മതഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍. ദൈവങ്ങളിലും അമ്പലങ്ങളിലും എല്ലാം സമര്‍പ്പിച്ച, പുരാണങ്ങളും ഗീതയുമെല്ലാം പഠിക്കാന്‍ ആവേശത്തോടെ സമയം കണ്ടെത്തിയ എന്നെ പക്വതയേറുംതോറും അസ്വസ്ഥതകള്‍ വലയം ചെയ്യുകയായിരുന്നു. ദൈവങ്ങളുടെ ബാഹുല്യം, ഇഷ്ടമുള്ള ദൈവത്തിനോട് ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്ന സമ്പ്രദായം, കൂട്ടത്തില്‍ വലിയ ദൈവമാരാണെന്ന ആരും ഇതുവരെ ദൂരീകരിച്ചിട്ടില്ലാത്ത സംശയം. അറ്റമില്ലാത്ത ആലോചനകള്‍ എന്നെ ഒരു തരത്തില്‍ നിരീശ്വരവാദിയാക്കി മാറ്റി. ആയിടയ്ക്ക് അപ്രതീക്ഷിതമായി എന്റെ കൈയ്യിലെത്തിച്ചേര്‍ന്ന പരിശുദ്ധ ക്വുര്‍ആനിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് എന്റെ ജീവിതത്തിന് തണലും തണുപ്പുമായിത്തീര്‍ന്നത്. ഉള്‍പുളകത്തോടെ ഞാന്‍ ഏകനായ ദൈവത്തിന്റെ വാക്കുകളിലൂടെ കടന്നുപോയി. അസമാധാനങ്ങളില്‍ ഞാന്‍ ശാന്തി തേടിയ അമ്പലത്തിണ്ണകളിലും പൂജാവിളക്കുകളിലും പലരൂപ വിഗ്രഹ പ്രതിഷ്ഠകളിലുമല്ല, ദുഖങ്ങളില്‍ പ്രതീക്ഷയും സന്തോഷത്തില്‍ സംതൃപ്തിയുമേകുന്ന വിശ്വാസ-കര്‍മങ്ങളുടെ സംഗ്രഹമായ ഇസ്‌ലാമിലാണ് സമാധാനമന്വേഷിക്കേണ്ടതെന്ന തിരിച്ചറിവെനിക്കുണ്ടായ സന്ദര്‍ഭമായിരുന്നു അത്.”

ഈ സ്ത്രീകള്‍ പല സ്ഥലങ്ങളില്‍ ജനിച്ചവര്‍, ഹിന്ദുമത വിശ്വാസികളായിരുന്നെങ്കിലും പലരീതിയില്‍ ജീവിച്ചവര്‍, പലദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചവര്‍, പല വഴികള്‍ താണ്ടി അവര്‍ ഇസ്‌ലാമിലേക്കെത്തിച്ചേരുന്നു. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗം തെരഞ്ഞെടുക്കുക വഴി അവരുടെ വിശ്വാസകര്‍മങ്ങള്‍ ഏകീകരിക്കപ്പെടുന്നു. ഇസ്‌ലാം മതവിശ്വാസികളാവുന്നതിനു മുമ്പും ശേഷവും ഇന്ത്യൻ പൗരന്‍മാര്‍ തന്നെയാണെങ്കിലും അനുഭവതലത്തില്‍ തങ്ങളുടെ പൗരത്വം വ്യത്യസ്തമാണെന്നവര്‍ തിരിച്ചറിയുന്നു. ഇസ്‌ലാമിക ജീവിതത്തെക്കുറിച്ച്, മുസ്‌ലിമായുള്ള ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് പറയാന്‍ ഇനിയവര്‍ക്കൊരേ സ്വരം.

“ജീവിതത്തിന്റെ ദിശയും ലക്ഷ്യവും വ്യക്തമാക്കിത്തരുന്ന ഇസ്‌ലാമിലേക്ക് ചേക്കേറിയപ്പോഴാണ് യഥാര്‍ത്ഥ സമാധാനം ഞങ്ങള്‍ ആദ്യമായി നുകരുന്നത്. പരമകാരുണികനായ അല്ലാഹുവിന്റെ പ്രീതി നേടുകവഴി പരലോക ജീവിതത്തില്‍ വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള വഴി മനുഷ്യര്‍ക്കു തോന്നുംവിധം വെട്ടിയുണ്ടാക്കാനാവില്ലെന്ന ഇസ്‌ലാമികപാഠം സുപ്രധാനമാണ്. പ്രവാചകന്‍ മുഹമ്മദ് (സ) ജീവിച്ചുകാണിച്ചുതന്ന ദിശ കുടുംബത്തോടും അയല്‍ക്കാരോടും എല്ലാ മനുഷ്യരോടുമുള്ള സ്‌നേഹത്തിന്റേതാണ്; പാവങ്ങള്‍ക്കും പീഢിതര്‍ക്കും നേരെ നീളുന്ന ദയാവായ്പിന്റേതാണ്; നീതിയുടെയും നിയമപാലനത്തിന്റേതുമാണ്; ചതിയില്‍ നിന്നും വഞ്ചനയില്‍ നിന്നും പൂര്‍ണാര്‍ത്ഥത്തില്‍ മുക്തമായതാണ്; മാനവികതയുടെ ഉദാത്തമായ എല്ലാ ഗുണങ്ങളുടെയും മഹാസമ്മേളനമാണത്. ഞങ്ങള്‍ ജീവിച്ചിരിക്കുന്നത് എവിടെയാണോ അവിടെ ഈ ഗുണങ്ങളുടെ പ്രയോക്താവായി മാറുക എന്നുള്ളതാണ് ഇസ്‌ലാം പ്രാഥമികമായി ഞങ്ങള്‍ക്കേകിയ സാമൂഹികപാഠം.

ഇസ്‌ലാം ഞങ്ങളോടാവശ്യപ്പെടുന്ന സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും പരിചിതരെന്നോ അപരിചിതരെന്നോ വ്യത്യാസമില്ലാതെ മനുഷ്യകുലത്തിലെ മുഴുവന്‍ പേരോടുമുള്ള ഗുണകാംക്ഷയിലധിഷ്ഠിതമായ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഫലമായാണ് ഇസ്‌ലാം സ്വീകരിക്കുന്നുതിനുമുമ്പും മുസ്‌ലിമായതിനുശേഷവും പിറന്നുവീണ ഈ രാജ്യം ഞങ്ങള്‍ക്കനുഭവവേദ്യമാകുന്ന വിധം പോലും വ്യത്യസ്തമായിത്തീരുന്നത്. ദേശീയ ഗാനം സിരകളില്‍ നിറയ്ക്കുന്ന ആവേശം മാത്രമല്ല ഞങ്ങള്‍ക്കിന്നു നാട്; ബാറ്റില്‍ നിന്ന് സിക്‌സറിലേക്ക് പന്തുപറക്കുമ്പോള്‍ ഗ്യാലറികളെ പ്രകമ്പനം കൊള്ളിക്കുന്ന ‘ഇന്ത്യ, ഇന്ത്യ’ വിളികളിലെ അണപൊട്ടിയ ആഹ്ലാദവുമല്ല. അമ്മയോ ദൈവമോ അല്ല ഞങ്ങള്‍ക്കിന്ന് മാതൃരാജ്യം. പ്രവാചകന്‍ മുഹമ്മദി(സ)ലൂടെ അല്ലാഹു വ്യക്തമാക്കിത്തന്ന, സ്വന്തം രാജ്യത്തോട് ഒരു മുസ്‌ലിമിനുള്ള ബാധ്യതകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ രാജ്യത്തെ സ്‌നേഹിക്കാന്‍ ഞങ്ങള്‍ക്ക് വഴികാണിക്കുന്നു; രാജ്യം ആത്യാവേശത്തിനോ അക്രമത്തിനോ ഉള്ള ഉപാധിയല്ലാതായിത്തീരുന്നു. പാഠപുസ്തകങ്ങളിലെ മറന്നുപോയ വരികള്‍ക്കിടയിലെവിടെയോ കുടങ്ങിപ്പോയ വെറുമൊരു വാക്കല്ല ഞങ്ങള്‍ക്കിന്ന് ദേശസ്‌നേഹം; ഒരു മുസ്‌ലിം തന്റെ ഓരോ ചെയ്തിക്കുമുമ്പും മറന്നുപോകാന്‍ പാടില്ലാത്ത സൂക്ഷ്മതയാണ്. ഇവിടെ ജീവിക്കുന്ന വിവിധ മതവിഭാഗങ്ങളോടുള്ള സമാധാനപരമായ സഹവര്‍ത്തിത്തം മതപരമായ കടമയാണ് ഞങ്ങള്‍ക്കിന്ന്. ആവശ്യഘട്ടങ്ങളില്‍ രാജ്യപ്രതിരോധത്തിനു സന്നദ്ധരാകലും, കലാപമുണ്ടാക്കുകയോ അതില്‍ ഭാഗഭാക്കാവുകയോ ചെയ്യാതിരിക്കലും ഛിദ്രശക്തികളെ എതിര്‍ക്കലുമെല്ലാം ഇസ്‌ലാം ഞങ്ങളെ ഏല്‍പിച്ച കര്‍ത്തവ്യങ്ങളാണ്. രാജ്യം അന്യമാവുകയല്ല, മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഞങ്ങളുടെ സ്വന്തമാവുകയാണ് ഇസ്‌ലാം സ്വീകരണം വഴി സാധിച്ചതെന്നു സാരം.

ഇസ്‌ലാം ഞങ്ങളിലര്‍പ്പിച്ച പിറന്ന നാടിനോടുള്ള കടമകള്‍ ചെയ്യുന്നതിനുമുമ്പ് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലാത്തവിധം കരുതലോടെയാണ് ഞങ്ങളുടെ മതംമാറ്റത്തെ ഇന്ത്യ ഏറ്റെടുത്തത്. തെറ്റെന്നു തിരിച്ചറിഞ്ഞ ഒരു വഴിയില്‍ നിന്ന് ശരിയെന്നു മനസ്സിലാക്കിയതിലേക്കുള്ള ഈ വഴിമാറ്റത്തെ പൗരന്‍മാരുടെ ചിന്താസ്വാതന്ത്ര്യത്തിന്റെ പ്രകടനമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമായി ഈ നാട് പുലമ്പി നടന്നില്ല. അതുകൊണ്ടാണ് ഇസ്‌ലാം സ്വീകരിച്ചതിനുശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങിച്ചെന്ന് മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമൊപ്പം ദിനരാത്രങ്ങള്‍ ചെലവഴിച്ച ഞങ്ങള്‍ ഇസ്‌ലാം പൂര്‍ണമായ രീതിയില്‍ അനുഷ്ഠിക്കുന്നതിന് വീടൊരുക്കിയ തടസ്സങ്ങളില്‍ നിന്ന് രാജ്യമേകുന്ന സ്വാതന്ത്ര്യത്തിലേക്ക് നടന്നിറങ്ങിയത്. വിവേകികളും ക്രാന്തദര്‍ശികളുമായ നമ്മുടെ പൂര്‍വികര്‍ ദുരുപയോഗങ്ങള്‍ക്കിടം കൊടുക്കാതെ പഴുതടച്ച് തയ്യാറാക്കിയ ഇന്‍ഡ്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്കു സംരക്ഷണമേകിയത്. ഇന്നും ഇസ്‌ലാമിനും മതപരിവര്‍ത്തനത്തിനുമെതിരെ വര്‍ഗീയത പാഞ്ഞടുക്കുമ്പോള്‍ ഭരണഘടനയുടെ 25th അനുഛേദം ഒരു വന്‍മതിലായി വിദ്വേഷങ്ങളെ ചെറുത്തു നില്‍ക്കുന്നു.

എങ്കിലും ഫാഷിസത്തിന്റെ കരിമ്പുക ഭരണഘടനയെ എന്നല്ല, ജനാധിപത്യത്തെ എന്നല്ല, ഈ നാടിന്റെ സകല സത്യങ്ങളെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പൊയ്മുഖം കൊണ്ടുമൂടുമ്പോള്‍, ഇന്ന് ഞങ്ങളുടെ മതപരിവര്‍ത്തനത്തെ ഒരു ‘ദേശീയ ദുരന്ത’മായി ഭരണകൂടം മുതല്‍ മതേതരബുദ്ധിജീവികള്‍ വരെയുള്ളവര്‍ അപലപിക്കുന്നു. കുടുംബത്തോടും ശീലങ്ങളോടും പൊരുതി ഞങ്ങള്‍ അഭിമാനത്തോടെ തലയിലണിഞ്ഞ വലുതല്ലാത്ത ഈ തുണിപോലും രാജ്യദ്രോഹത്തിന്റെയും ദേശവിരുദ്ധതയുടെയും ചിഹ്നമായി മാറുന്നു. ലൗ ജിഹാദികളുടെ പിടിയിലമര്‍ന്നുപോയ ചാപല്യങ്ങളെന്നു ഞങ്ങള്‍ നിന്ദിക്കപ്പെടുന്നു. പ്രണയത്തേക്കാള്‍ അവിവേകമെന്ന് ഞങ്ങളുടെ വിവേകപൂര്‍ണമായ തീരുമാനം തരംതാഴ്ത്തപ്പെടുന്നു. പാര്‍ട്ടി ഓഫീസുകളില്‍ രക്തഹാരമണിഞ്ഞ് വിപ്ലവത്തിന്റെ ‘ബുദ്ധിജീവിത’ത്തിലേക്ക് മതം മാറുന്നവര്‍ ചിന്തിക്കുന്ന കേരളീയ യൗവനത്തിന്റെ പ്രതീകമാകുമ്പോള്‍ ഇസ്‌ലാമിനെ പ്രണയിച്ചു മതംമാറിയ ഞങ്ങള്‍ മതേതര ബുദ്ധിജീവികളെന്നവരുടെ വക്കാലത്തിനുപോലും അനര്‍ഹരായിത്തീരുന്നു.

ദുരാരോപണങ്ങളുടെ ഗ്യാസ് ചേംബറുകളിലിട്ട് ഞങ്ങളെ ശ്യാസം മുട്ടിക്കുന്നത് മരണഭീതിയില്‍ വിശ്വാസത്തെ തുപ്പിക്കളഞ്ഞേക്കാമെന്ന് വ്യാമോഹിക്കുന്നവരാണെന്നറിയാം. ശൂലമുനയില്‍ കമിഴ്ത്തിക്കിടത്തി ഒരാളെ വിടാതെ ഹിന്ദുധര്‍മം പഠിപ്പിക്കുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി ഇന്ത്യയെ മാറ്റുകയെന്ന വലിയ വ്യാമോഹത്തിലേക്കുള്ള ചവിട്ടുപടിയാണ് ഞങ്ങളെന്നതും രഹസ്യമല്ല. ‘ഇന്ത്യ ഹിന്ദുവിന്റേത്’ എന്നു സീല്‍ വെക്കുമ്പോള്‍ അവകാശങ്ങള്‍ ചോദിക്കാന്‍ നാവു പൊങ്ങാത്തവരായി ഇന്ത്യന്‍ മുസ്‌ലിംകളെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഇപ്പോള്‍ നടമാടുന്ന ഭീതിവ്യാപാരം. പക്ഷേ, ആരൊക്കെ ആട്ടിയോടിച്ചാലും ഈ നാടിനോടുള്ള ബന്ധം ഞങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കും. ഭീകരവാദികളെന്ന് അലറിവിളിച്ച് ഞങ്ങളെ ഒളിഞ്ഞിരിക്കാന്‍ പ്രേരിപ്പിക്കുന്നവരോട് ഞങ്ങള്‍ രക്ഷതേടി പോകേണ്ട രാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു തരുന്നവരോട്, ഒന്നുകില്‍ ഇന്ത്യ അല്ലെങ്കില്‍ ഇസ്‌ലാം എന്നു ആക്രോശിക്കുന്നവരോട്, ഞങ്ങളുടെ രാജ്യത്തെ വെറുപ്പിനാല്‍ വിഭജിക്കുന്നവരോട്, ഞങ്ങള്‍ക്ക് രാജ്യത്തോടുള്ള കൂറളക്കാന്‍ ആയിരം കണ്ണുകളുമായി കാവലിരിക്കുന്നവരോട്, ഞങ്ങള്‍ പറയട്ടെ: ഇന്ത്യ ഞങ്ങള്‍ പിറന്നുവീണ മണ്ണാണ്; ഞങ്ങളുടെ സ്വപ്‌നങ്ങള്‍ പറന്നുനടക്കുന്ന പൂവാടിയാണ്, ഈ രാജ്യത്തെ വെയിലും നിലാവും ഞങ്ങളുടേതു കൂടിയാണ്, മണ്ണും മഴയും ഞങ്ങള്‍ക്കു കൂടിയുള്ളതാണ്. യഥാര്‍ത്ഥ മുസ്‌ലിംകളായിക്കൊണ്ടു തന്നെ ഈ രാജ്യത്തെ സ്‌നേഹിക്കാന്‍, സേവിക്കാന്‍ ഇസ്‌ലാം ഞങ്ങളെ അനുവദിക്കുന്നു, അതനുശാസിക്കുന്നു. ഇന്ത്യയിലെ എല്ലാവിധ അവകാശങ്ങളുമുള്ള പൗരന്‍മാരായിരിക്കെത്തന്നെ ഇസ്‌ലാമിന്റെ അനുയായികളാവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഞങ്ങള്‍ക്കുറപ്പു നല്‍കുന്നു. മതവും രാജ്യവും ഞങ്ങള്‍ക്കനുകൂലമെങ്കില്‍ വര്‍ഗീതയുടെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്കു ഞങ്ങളെന്തിനു ചെവി കൊടുക്കണം? ഞങ്ങള്‍ തെരഞ്ഞെടുത്ത മതത്തില്‍ വിശ്വാസിക്കാനും, അത് അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഞങ്ങളെന്തിന് അടിയറവു വെക്കണം?

ഞങ്ങളുടെ മനസ്സ് ഇസ്‌ലാമില്‍തന്നെ ഉറച്ചുനില്‍ക്കും. ഞങ്ങളുടെ ശരീരം ഇസ്‌ലാമിക വേഷത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കും. ഭീകരതയുടെ ഏതന്ധകാരത്തിലും ഞങ്ങള്‍ ഉറക്കെപ്പറയുക തന്നെ ചെയ്യും; ‘ഞങ്ങള്‍ മുസ്‌ലിംകള്‍, ഞങ്ങള്‍ ഇന്ത്യക്കാര്‍’ എന്ന്. ഈ നാട്ടിലെ ഹിന്ദുവിനോട്, ക്രിസ്തുമതവിശ്വാസിയോട്, മതമില്ലാത്തവരോട് തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഞങ്ങള്‍ പഠിക്കും, ജോലി ചെയ്യും. ഫാഷിസത്തിന്റെ ഇരുള്‍മറ നീക്കി ജനാധിപത്യത്തെ ഞങ്ങള്‍ പ്രോജ്വലമാക്കുക തന്നെ ചെയ്യും. നാനാവിധ മതങ്ങളും ദര്‍ശനങ്ങളുമാണ് ഇന്ത്യയുടെ ആകാശത്തെ വര്‍ണാഭമാക്കുന്നത്. ഈ മഴവില്ലിനു കാവിനിറം പടരുമ്പോള്‍ അസ്തമിക്കുന്നത് പാരമ്പര്യവും ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഒരുമിച്ചാണ്. ഭൂരിപക്ഷവാദികളുടെ രാജ്യസ്‌നേഹം നാടിനെ ഇങ്ങനെ നക്കിക്കൊല്ലുമ്പോള്‍ നിഷ്‌ക്രിയതയോ ഭീകരതയോ ആണ് ഒരു മുസ്‌ലിമിന്റെ വഴിയെന്നല്ല ഇസ്‌ലാം ഞങ്ങളെ പഠിപ്പിച്ചത്. ഏതൊരു പ്രതിസന്ധിയിലും ജനാധിപത്യമൂല്യങ്ങള്‍ക്കു വിരുദ്ധമായൊരു മര്‍ഗം ഇന്ത്യയിലെ മുസ്‌ലിമിന് ഭൂഷണമല്ല തന്നെ.

ഫാഷിസത്തിന്റെ വഴികള്‍ തിരിച്ചറിയുന്നതുപോലെത്തന്നെ പ്രധാനമാണ് ഫാഷിസത്തെ എതിരിടാനുള്ള വഴികള്‍ കണ്ടെത്തുന്നതും. തെറ്റായ ഒരു നീക്കം ഫാഷിസത്തെ തകര്‍ക്കുകയല്ല, പുതിയ ഇടങ്ങളില്‍ തളിര്‍പ്പിക്കുകയാണ് ചെയ്യുക. ചുട്ട മാനിറച്ചി കൊതിച്ച് കാട്ടുതീയെ സ്‌നേഹിച്ച കുറുക്കനെപ്പോലെ ചിലരുണ്ട്. ഫാഷിസം മുസ്‌ലിം സമുദായത്തിനുനേരെ ദ്രംഷ്ട നീട്ടുമ്പോള്‍ നടുറോഡിലിറങ്ങി സമുദായനേതൃത്വം സ്വയം ഏറ്റെടുക്കുന്നവര്‍! ‘ഞങ്ങളല്ലാതെ ഇനി നിങ്ങള്‍ക്കാരുണ്ടെ’ന്ന് സമുദായത്തെ ചേര്‍ത്തുപിടിച്ച് തേങ്ങിക്കരയുന്നവര്‍. ഇസ്‌ലാമിനെ നെഞ്ചേറ്റിയവരും ഇന്ത്യയുടെ ആത്മാവിനെയറിഞ്ഞവരും ഫാഷിസത്തിന്റെ ത്രിശൂലമുനകളെ ജനാധിപത്യത്തിന്റെ നീതിവ്യവസ്ഥ കൊണ്ടാണ് ഒടിച്ചുകളയുകയെന്നു മറന്നുപോയവര്‍. വാരിക്കുഴികള്‍ കാണാതെയാണ് ഇവരുടെ ‘പ്രകടന’മെന്നു പറയാതെ വയ്യ. ആശങ്കയിലകപ്പെട്ട സമുദായത്തിന് ആവേശത്തിന്റെ മാര്‍ഗം കാണിച്ചുകൊടുത്ത് പ്രതിസന്ധിയുടെ ആഴംകൂട്ടുന്ന വിലകുറഞ്ഞ തന്ത്രം ഫാഷിസത്തെപ്പോലെ ചെറുതല്ലാത്തൊരു ഭീഷണിക്കു നേരെയാകുമ്പോള്‍ പടുവിഡ്ഡിത്തത്തിന്റെ പര്യായമായി മാറുന്നത് ഇവര്‍ അറിയുന്നുണ്ടോ ആവോ? മാനിനെയും കുറക്കനെയും ഒരുപോലെ കൊതിക്കുന്ന കാട്ടുതീയെ ഇവര്‍ക്കിനിയും മനസ്സിലായിട്ടില്ലെന്നുണ്ടോ?
ആവേശമോ ആലസ്യമോ പരിഹാരമല്ലാത്തതാണ് ഇന്‍ഡ്യയിലെ ഇപ്പോഴത്തെ സാഹചര്യം. വര്‍ഗീയതയുടെ തീപ്പൊരി ഒരുമ വരണ്ടുപോയ മനസ്സുകളില്‍ കാട്ടുതീയായി പടരാന്‍ നിമിഷനേരം മതിയെന്ന് ഭീതി വിറപ്പിക്കുന്ന ചുണ്ടുകളോടെ ഞങ്ങള്‍ പറയട്ടെ, മുഴുവന്‍ ഇന്ത്യക്കാരോടുമായി. മതനിരപേക്ഷതയുടെ നിത്യപ്രതീകമായി പുകള്‍പെറ്റൊരു രാജ്യത്ത് പിറന്നുവീണതിന്റെ സുഖാലസ്യത്തില്‍ നിന്നു നാമിനി ഞെട്ടിയുണരേണ്ടിയിരിക്കുന്നു. ബഹുസ്വരതയെ ചേര്‍ത്തുപിടിച്ച ഭരണകൂടത്തിന്റെ ജാഗ്രത്തായൊരു കാവലേകുന്ന സുരക്ഷിതത്വം അവകാശപ്പെടാനില്ലാത്തവരായി മാറിയിരിക്കുന്നു നാം. നാടിന്, നാടിന്റെ ഐക്യത്തിന്, അഖണ്ഡതയ്ക്ക്, മതേതരത്വത്തിന്, ജനാധിപത്യത്തിന്, ഭരണഘടനയ്ക്ക്, നാം ഉറങ്ങാതെ കാവലിരിക്കേണ്ട കാലമെത്തിയിരിക്കുന്നു. വെറുപ്പിന്റെ കണികകള്‍ ഏതുകോലം വന്നാലും തിരിച്ചറിയാനും ആട്ടിയിറക്കാനുമുള്ള ജാഗ്രതയുടെ ചൂട്ടുവേണം ഇനി നമ്മുടെ ശ്വാസോച്ഛാസത്തിനുപോലും. ഇരുട്ടുപരന്നു തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴേ ഉറങ്ങിയാല്‍ പ്രഭാതം ഏറെ അകലെയായിരിക്കും.”
നമ്മുടെ ഇടയില്‍ തന്നെയുള്ള ഈ സഹോദരിമാര്‍ നമ്മോടെല്ലാവരോടുമായി പറഞ്ഞു നിര്‍ത്തുന്നു!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.