ലൗ ജിഹാദ്; ഇരകൾ പറയുന്നു… (1)

//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (1)
//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (1)
ആനുകാലികം

ലൗ ജിഹാദ്; ഇരകൾ പറയുന്നു… (1)

പ്രണയം തന്നെയാണ് ഞങ്ങളെ പരിവർത്തിപ്പിച്ചത് !!!

ഇതൊരു നനവുള്ള സംസാരമാണ്. ഭൗതികതയുടെ കണ്ണഞ്ചിപ്പിക്കുന്ന പളപളപ്പില്‍ നിന്നും വികല വിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ നിന്നും രക്ഷപ്പെട്ട് ധവളശോഭയാര്‍ന്ന ഇസ്‌ലാമിന്റെ സുന്ദരതീരത്തേക്ക് നടന്നുകയറിയ ഒരുകൂട്ടം പെണ്‍കുട്ടികളുടെ അനുഭവങ്ങളുടെ കഥ. റോക്കും പോപ്പും സിനിമാറ്റിക് ഡാന്‍സും മാത്രമല്ല കൊന്തയും ജപമാലയും കളിമണ്‍ പ്രതിമകളുമൊന്നും ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ് ഏകനും അദ്വിതീയനുമായ സ്രഷ്ടാവിന്റെ ആദര്‍ശത്തെ പ്രണയിച്ച് സര്‍വ്വവും ഉപേക്ഷിച്ചുപോന്ന ഒരു പറ്റം ‘ജിഹാദികളുടെ’ തുറന്നുപറച്ചില്‍. സൃഷ്ടിച്ച് സംരക്ഷിച്ച് വഴിനടത്തുന്ന ലോകരക്ഷിതാവിന്റെ ദര്‍ശനങ്ങളെ നെഞ്ചേറ്റി എന്നതിന്റെ പേരില്‍, പിറന്നുവീണ വീടും കളിച്ചുവളര്‍ന്ന മണ്ണും വെടിഞ്ഞ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പരുപരുത്ത ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് കാലെടുത്തുവെച്ച ഏതാനും മലയാളി പെണ്‍കുട്ടികളുടെ അനുഭവങ്ങളുടെ പങ്കുവെക്കല്‍. ഇതില്‍ സെന്‍സേഷനുകള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല; എക്‌സ്‌ക്ലുസീവുകളും ‘ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും’ കണ്ടെത്താന്‍ കഴിഞ്ഞെന്നും വരില്ല. ശീതികരിച്ച അരമനകളിലിരുന്ന് ‘പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ’ കുറിച്ച് തുടര്‍ലേഖനമെഴുതുന്ന മാധ്യമതമ്പുരാക്കന്മാരുടെ മാധ്യമഭാഷയോളം എരിവും പുളിയും കണ്ടെത്താനും കഴിഞ്ഞേക്കില്ല. ഒരു പതിറ്റാണ്ട് മുൻപ് സ്റ്റേജുകളും ചാനല്‍മുറികളും ആഘോഷിച്ചതും ഒടുവില്‍ ‘കേരളത്തില്‍ ലൗ ജിഹാദ് കണ്ടെത്തിയില്ല’ എന്ന കോടതിയുടെ പ്രയോഗത്തെ കുറ്റസമ്മതമെന്നോണം മൂന്ന് കോളം തലക്കെട്ടാക്കി ഫയല്‍ മടക്കിയതുമായ ഒരു വിഷയത്തെ വീണ്ടും എടുത്ത് പ്രയോഗിക്കാൻ ശ്രമിക്കുന്നവരോടുള്ള വിദ്വേഷമല്ല ഈ വരികളുടെ പ്രചോദനം. ഇരുട്ടിൽ തപ്പുന്ന അവരോട് സഹതാപം മാത്രമേ നമുക്കുള്ളൂ. നാടിനെ വിഭജിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർക്കും അവർക്ക് കുട പിടിക്കുന്ന മതമേലധ്യക്ഷന്മാർക്കും കാണാൻ കഴിയാത്ത ഗദ്ഗദങ്ങളുടെയും നെടുവീര്‍പ്പിന്റെയും അടക്കിപ്പിടിച്ച തേങ്ങലുകളുടെയും കഥകള്‍ കരളുള്ളവരുടെ മുന്നിൽ നിവർത്തിവെക്കുക മാത്രമാണ് ലക്ഷ്യം.

2008-2009 കാലത്ത് മാസങ്ങളോളം ആനുകാലികങ്ങളിലൂടെ മലയാളികൾ കണ്ട ലൗ ജിഹാദിന്റെ ഇരകളുടെ യഥാർത്ഥ ചിത്രമറിയാൻ ഈ തുറന്നു പറച്ചിൽ സഹായിക്കും. ലൗ ജിഹാദികളുടെ കെണിയിൽ പെട്ട് ഐ എസിലേക്ക് നാട് വിട്ടവർ എന്ന് സിറോ മലബാർ സഭ പറഞ്ഞത് ഞങ്ങളെപ്പോലെയുള്ളവരെക്കുറിച്ചാണ്. നാടുവിടാനല്ല ഇസ്‌ലാമിൽ നിന്ന് ഞങ്ങളൊന്നും പഠിച്ചത്; ജനിച്ചു വളർന്ന നാടിനെയും ചുറ്റുമുള്ള നാട്ടുകാരെയും സ്നേഹിക്കാനാണ്. അത് തന്നെയാണ് ഇസ്‌ലാമിന്റെ വെളിച്ചം കിട്ടിയത് മുതൽ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന സത്യം ഞങ്ങളെ അറിയുന്നവർക്കെല്ലാം അറിയാവുന്നതുമാണ്; ലൗ ജിഹാദിന്റെ ഇരകളെന്നും ഐഎസിൽ പോയി ചാവേറുകളാകാനുള്ള ഈയാംപാറ്റകളെന്നും, അപക്വപ്രണയത്തിന്റെ ബലിയാടുകളെന്നും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചവരാണ് ഞങ്ങൾ; അവരുടെ ഭാഷയിൽ ‘ജിഹാദീ പെണ്‍കുട്ടികൾ’; ലൗ ജിഹാദിന്റെ ഇരകൾ!!! ഞങ്ങൾക്ക് ലൗ ഉണ്ടായിയെന്നത് ശരിയാണ്; പക്ഷെ, അത് പടച്ചവനെയാണ്. അവനെ സ്നേഹിച്ചതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഇസ്‌ലാമിലെത്തിയത്. ജിഹാദികളാകാൻ കൊതിക്കുന്നവരാണ് ഞങ്ങളെന്നതും സത്യമാണ്; പൈശാചികപ്രേരണകളോടും ഭൗതികപ്രമത്തതയോടുമുള്ള സമരമാണ് ഞങ്ങളുടെ ജിഹാദ് എന്ന് മാത്രമേയുള്ളൂ. ഇത് ഞങ്ങളുടെ സൗഹൃദ സംഭാഷണം; ഇസ്‌ലാമിനെ പ്രണയിച്ച കുറ്റത്തിന് മതമുള്ളവരും മതേതരന്മാരും വിചാരണ ചെയ്യുന്നവരുടെ പച്ചയായ തുറന്നുപറച്ചിലുകള്‍.

ഇത് ഡോക്ടര്‍ മീന. പ്രണയ റിക്രൂട്ടിംഗിന് കേരളത്തില്‍ നേതൃത്വം നല്‍കിയവളെന്ന് ലൗ ജിഹാദ് ചർച്ചാകാലത്ത് ഒരു മലയാള പത്രം രണ്ടുകോളം ഫോട്ടോസഹിതം വിശേഷിപ്പിച്ച യുവതി. സ്വവസതിയിലിരുന്ന് മേല്‍ ആരോപണങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുമ്പോള്‍ മീനയുടെ വാക്കുകള്‍ക്ക് രോഷത്തിന്റെ ചൂട്. തന്റെ പ്രസംഗം കേരളത്തിലെ യുവതികളെ പ്രണയകുരുക്കില്‍ പെടുത്താനാണെങ്കില്‍ അത് യൂടൂബില്‍ അപ്‌ലോഡ് ചെയ്യുമായിരുന്നോ? രഹസ്യമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നില്ലേ ചെയ്യുക! മീന ചോദിക്കുന്നു. തീര്‍ച്ചയായും മതപ്രബോധനം ആ പ്രസംഗത്തിന്റെ ഭാഗം തന്നെയായിരുന്നു. മതപ്രബോധനരംഗത്തേക്ക് കടന്നുവരാന്‍ അതില്‍ സദസ്സിനെ ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്. മതപ്രബോധനം ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണുതാനും. പക്ഷേ ഇവരീ പ്രചരിപ്പിക്കുന്ന ഏതെങ്കിലും ഹിഡണ്‍ പ്രബോധനത്തിനോ ജിഹാദിനോ അതില്‍ പ്രേരിപ്പിക്കുന്നില്ല.’ജിഹാദ്’ എന്ന സംജ്ഞ ഇസ്‌ലാമില്‍ പരമപരിശുദ്ധമായ ഒന്നിനെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പദത്തെ ഏറ്റവും തരംതാഴ്ന്ന നിലവാരത്തിലേയ്ക്ക് കൊണ്ടുവന്നുവെന്നതാണ് വിമര്‍ശകര്‍ ചെയ്ത ഒന്നാമത്തെ തെറ്റ്.

ഒരു തികഞ്ഞ യാഥാസ്തിക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മീന തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ”ഹൈന്ദവാചാരങ്ങള്‍ കണിശമായി പുലര്‍ത്തിപ്പോരുന്ന കുടുംബമായിരുന്നു എന്റേത്. സ്വന്തമെന്ന് പറയാനുള്ള വിശ്വാസാചാരങ്ങളെല്ലാം അച്ഛനമ്മമാരില്‍ നിന്നാണ് പകര്‍ന്നു കിട്ടിയത്. തങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കപ്പുറത്ത് മറ്റൊരു മതവിശ്വാസം സമൂഹത്തിലുണ്ടെന്ന് ചിന്തിച്ചിട്ട് പോലുമില്ലാതിരുന്ന കുട്ടിക്കാലം. ഇതര മതദര്‍ശനങ്ങളെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്നതുതന്നെ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍. പലപ്പോഴും മറ്റുപല മതദര്‍ശനങ്ങളുമായി മാറ്റുരച്ചുനോക്കുമ്പോള്‍ തന്റെ വിശ്വാസത്തിലെ പരാധീനതകള്‍, ഹിന്ദുദര്‍ശനങ്ങളെ കുറിച്ചുള്ള തന്റെ അജ്ഞത കൊണ്ടു കൂടിയല്ലേ എന്ന് ആശ്വസിക്കാന്‍ ശ്രമിച്ചിട്ടുണ്ട്; പ്രത്യേകിച്ച് ഏകദൈവാരാധനയേയും മരണാനന്തരജീവിതത്തെയും കുറിച്ച്. അപ്പോള്‍ ഹിന്ദുദര്‍ശനത്തെക്കുറിച്ചുള്ള തന്റെ അജ്ഞതക്കുള്ള പരിഹാരം കൂടി തേടിയാണ് എം.ബി.ബി.എസ് പഠനകാലത്ത് ഗീതാക്ലാസില്‍ ചേരാന്‍ ആരംഭിച്ചത്. ഭഗവത്ഗീതയെ കുറിച്ചെങ്കിലും ആഴത്തില്‍ പഠിക്കണമെന്നും അതുവഴി ഇതര മതദര്‍ശനങ്ങളെ തടയാനുള്ള കരുത്താര്‍ജ്ജിക്കണമെന്നുമായിരുന്നു ഉദ്ദേശം. അന്നുവരെ മനസ്സിനെ അലട്ടിയിരുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയായിരുന്നു പഠനം. പക്ഷെ പഠിക്കുംതോറും ചോദ്യങ്ങള്‍ സര്‍പ്പാകാരം പൂണ്ട് തന്നെത്തന്നെ തിരിഞ്ഞുകൊത്താന്‍ തുടങ്ങുകയാണ് ചെയ്തത്.

എം.ബി.ബി.എസ് അവസാന വര്‍ഷമാവുമ്പോഴേക്കും അത്‌വരെ അവഗണിച്ചിരുന്ന ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനുള്ള അഭിവാഞ്ച കൂടിക്കൂടി വന്നു. മരണാനന്തരജീവിതത്തെ കുറിച്ചുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ ഏതൊരു പരിതസ്ഥിതിയില്‍ ജീവിക്കുന്ന മനുഷ്യന്റെയും ചോദനകളെ തൃപ്തിപ്പെടുത്താന്‍ പോന്നത് തന്നെയാണ്. ആയിടക്ക് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ‘ജ്യോതിര്‍ഗമയ’ എന്ന പ്രോഗ്രാം ജീവിതത്തിനു വലിയൊരു വഴിത്തിരിവായി. പ്രഥമ ചോദ്യകര്‍ത്താവായി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത തന്റെ സംസാരങ്ങള്‍ ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ‘മീറ്റ് ദ റിവേര്‍ട്ട്’ പരിപാടികളെ പ്രണയ മതംമാറ്റത്തിന്റെ ശംഖൊലിനാദമായി പരിചയപ്പെടുത്തുന്ന മാധ്യമ നിരൂപകരെന്തേ ഈ വീഡിയോ ക്ലിപ്പ് കാണാതെപോയത്? “മീന വീണ്ടും പുതിയ സംഭവവികാസങ്ങളിലേക്ക് മനം തുറക്കുന്നു.

”കാത്തോലിക് ബിഷപ്പ് കൗണ്‍സിലിന്റെ അരമനയില്‍ നിന്ന് കുത്തിക്കുറിച്ച കണക്കുമായി നടന്നവര്‍ക്കെന്തേ വസ്തുതാപരമായി ഈ വിഷയങ്ങളോട് സംവദിക്കുന്നവരുടെ മുമ്പില്‍ നാവിറങ്ങിപ്പോകുന്നത്? ”തിരുവനന്തപുരത്തു നിന്നും എഞ്ചിനീയറിംഗ് പഠനവേളയില്‍ ഇസ്‌ലാം സ്വീകരിച്ച വിധുവിന്റേതാണ് ചോദ്യം. ”കൂട്ടിയിണക്കാന്‍ കഴിയാത്ത അക്കങ്ങള്‍ കൊണ്ടോ വിളക്കിയിണക്കാന്‍ കഴിയാത്ത വാക്കുകള്‍ക്കൊണ്ടോ തമസ്‌കരിക്കാന്‍ കഴിയുന്ന ഒന്നല്ല ഇസ്‌ലാമികദര്‍ശനം. ഒരിക്കലെങ്കിലും അതിന്റെ മാധുര്യം അനുഭവിച്ചവര്‍ക്കറിയാം അത് ജീവിതത്തില്‍ നല്‍കുന്ന ശാന്തിയും സമാധാനവും. കേവലം ചില പ്രണയനാടകങ്ങളിലൂടെ മതതീവ്രവാദത്തില്‍ ചെന്നുവീഴാന്‍ മാത്രം ദുര്‍ബലരാണൊ അഭ്യസ്തവിദ്യരായ ക്യാംപസിലെ പെണ്‍കുട്ടികള്‍. സര്‍ക്കാര്‍ നിശ്ചയിച്ച പ്രായപൂര്‍ത്തി വയസ്സെങ്കിലും പരിഗണിക്കാന്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതില്ലേ!” ഇലക്ട്രോണിക് എഞ്ചീനിയറിംഗില്‍ റാങ്കുകാരിയായ മറിയം വിധു ചോദിക്കുന്നു.

ഹിന്ദുമതവിശ്വാസി കൂടിയായ അച്ഛന്റെ സഹോദരപുത്രന്റെ വാക്കുകള്‍ സത്യമതത്തിലേക്കെത്തിക്കാന്‍ പ്രേരകമായ കഥയാണ് മറിയം വിധു വിജയന് പറയാനുള്ളത്. അച്ഛന്റെ മരണം തളര്‍ത്തിയ ശോകമൂകമായ ഒരു സായംസന്ധ്യയിലായിരുന്നു മനുവിന്റെ ചോദ്യം. താനിതുവരെ ആരാധിച്ചുകൊണ്ടിരുന്ന കല്ലില്‍ കൊത്തിയ മുഴുവന്‍ വിഗ്രഹങ്ങളും നിരുപകാരികളാണെന്ന് ആദ്യമായി തോന്നിത്തുടങ്ങിയ നിമിഷം! തന്നോട് ഏതൊരു കാര്യത്തിനു വേണ്ടിയാണോ ക്ലാസിലെ മുസ്‌ലിം സുഹൃത്തുക്കള്‍ വീറോടെ വാദിച്ചത് അതേ കാര്യം ഒരു ഹിന്ദുവിശ്വാസി; അതും, തന്നെ ഏറെ അറിയുന്ന തന്റെ അച്ഛന്റെ സഹോദരപുത്രന്‍ പറഞ്ഞപ്പോഴുണ്ടായ അത്ഭുതം! സത്യത്തില്‍ അതായിരുന്നു തന്റെ ഗൗരവപരമായ ഇസ്‌ലാമിക പഠനത്തിനുള്ള ആദ്യ പ്രേരണ.

വിഗ്രഹങ്ങളില്ലാത്ത, കല്ലും മരവും ചന്ദനധൂപവും മധ്യവര്‍ത്തികളുമില്ലാത്ത ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ ആരാണ് പ്രണയിക്കാതിരിക്കുക. അടിമ-ഉടമ സമത്വവും, സ്ത്രീ-പുരുഷ സമത്വവുമെല്ലാം മറ്റേത് മതത്തിലാണ് ഇതിലേറെ കണ്ടെത്താന്‍ കഴിയുക…” ഇസ്‌ലാമികദര്‍ശനത്തെ കുറിച്ചു പറയുമ്പോള്‍ വിധു വാചാലയാവുന്നു.

കര്‍ണാടകാ സംസ്ഥാനത്ത് പ്രണയമതംമാറ്റത്തിന്റെ പേരില്‍ നടന്ന നാടകകോലാഹലങ്ങളുടെ നിജസ്ഥിതി, കണക്കുകള്‍ നിരത്തി പൊളിച്ചെഴുതുകയാണ് അവിടെ നിന്നും ഇസ്‌ലാംമതം ആശ്ലേഷിച്ച ഡോക്ടര്‍ റസിയ. ”2008ൽ മതം മാറ്റ പ്രണയത്തിന്റെ ആദ്യ വാര്‍ത്തകള്‍ എത്തിയത് മംഗലാപുരത്തു നിന്നാണ്. ഇതിനായി മുഖം മറച്ച് ചാനലുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട പലരുടെയും തനിനിറം തനിക്ക് വ്യക്തമായി അറിയാം.” റസിയ അവകാശപ്പെടുന്നു. ”നാലാള്‍ കേള്‍ക്കെ പറയാന്‍ കഴിയാത്ത ചില വൈയക്തിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഇതിനെ ജനമധ്യത്തിലേക്ക് ഇറക്കാന്‍ നേതൃത്വം നല്‍കിയ പലരും പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരടക്കം ഇതില്‍ തെറ്റുധരിക്കപ്പെട്ട മുഴുവനാളുകള്‍ക്കും അല്ലാഹു സന്മാര്‍ഗം നല്‍കട്ടെ എന്നേ പ്രാര്‍ഥിക്കാനുള്ളൂ.” റസിയ പറഞ്ഞുനിര്‍ത്തുന്നു.

കാറും ബൈക്കും മൊബൈലും പോക്കറ്റുമണിയുമടങ്ങുന്ന മോഹനവാഗ്ദാനങ്ങളാണ് ചെറുപ്പക്കാരെ ഇത്തരം കര്‍മ്മങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന മാധ്യമകണ്ടുപിടുത്തങ്ങളെ റസിയ പരിഹസിക്കുകയാണ്. ഇസ്‌ലാമിന്റെ ശീതളച്ഛായയില്‍ നിന്ന് ലഭിക്കുന്ന ഈ സമാധാനം ഏതു ഭൗതികസുഖങ്ങളില്‍ നിന്നാണ് നേടാനാവുക?

സ്വന്തമെന്ന് പറയാനുള്ളത് മുഴുവന്‍ ഉപേക്ഷിച്ച് ഉടുത്ത ഡ്രസ്സ് മാത്രമായി പടിയിറങ്ങിയപ്പോഴും ഞാനനുഭവിച്ച അവാച്യമായ ആനന്ദം! പിന്നിട്ട ഇരുപത് വര്‍ഷത്തിനിടയിലെ ജീവിതത്തില്‍ എനിക്ക് കൈവന്നിട്ടില്ലാത്ത ഒന്നായിരുന്നു അത്. മാത്രമല്ല, നാളെ മരണാനന്തരജീവിതത്തെ കുറിച്ച സുന്ദരപ്രതീക്ഷകളും.

ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളായിരുന്നു റസിയയുടെ ഹൃദയം കീഴടക്കിയത്. എം.ബി.ബി.എസ് പഠനരംഗത്തുപോലും ഏറെ തലവേദന സൃഷ്ടിച്ച ഭ്രൂണശാസ്ത്രവിഷയങ്ങള്‍ അബദ്ധങ്ങളൊന്നുമില്ലാതെ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നിരക്ഷരനായ ഒരു ആട്ടിടയന്റെ നാവിലൂടെ ലോകം ശ്രവിക്കുക! എന്നെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു അത്. പരമാവധി വായിക്കാനും അറിയാനുമുള്ള ജിജ്ഞാസയായിരുന്നു അക്കാലത്ത്. പടച്ചവന്‍ അതിന് തക്കതായ പ്രതിഫലവും തന്നു. അവന്റെ ഇഷ്ടപ്പെട്ട അടിമകള്‍ക്കുമാത്രം നല്‍കുന്ന സന്മാര്‍ഗദര്‍ശനം. ഭൗതിക സൗഭാഗ്യങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുമ്പോഴും പടച്ചവന്‍ നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിന്റെ ആഹ്ളാദത്തില്‍ ജീവിതത്തെ സ്വയംസമര്‍പ്പിക്കുകയാണ് റസിയ. ഇസ്‌ലാമികപ്രബോധനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കണമെന്ന ആഗ്രഹവുമായാണ് റസിയ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിന്ന് സർവശക്തൻ അവരെ അനുഗ്രഹിക്കട്ടെ, ആമീൻ.

മതംമാറിയ തന്നെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ അരലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട സങ്കടത്തിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രുതി. എറണാകുളത്തെ ഒരു പ്രശസ്ത അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഭർത്താവിന് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടായ മോശം പ്രതികരണമാണ് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് ഷിപ്പ് ഡിസൈനിംഗ് പാസായ ഭർത്താവിന് ക്യാമ്പസ് സെലക്ഷന്‍ വഴിയാണ് കാക്കനാട്ടുള്ള അന്താരാഷ്ട്ര കമ്പനിയില്‍ ജോലി കിട്ടിയത്. കമ്പനി ആവശ്യത്തിനായി അള്‍ജീരിയയില്‍ വിസിറ്റിലായിരുന്ന അദ്ദേഹത്തിന്, അതേ യാത്ര തീവ്രവാദത്തിനു വേണ്ടിയാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള പോലീസുകാരുടെ സംസാരം തുടര്‍ജോലിക്ക് വിഘാതമായി മാറി. ഒരു ‘അമുസ്‌ലിം പെണ്‍കുട്ടി’യാണ് തന്റെ ഭാര്യ എന്നതാണ് തീവ്രവാദത്തിന്റെ പ്രത്യക്ഷരേഖയായി ഇന്റലിജന്‍സ് കണ്ടെത്തിയത്..

”കല്യാണാലോചനയുമായല്ലാതെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത തന്റെ ഭര്‍ത്താവുമായുള്ള വിവാഹബന്ധത്തെ ‘ലൗ മാര്യേജ്’ എന്നാണ് അവരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ത്തത് എന്നതാണ് ഏറ്റവും സങ്കടകരം. എന്റെ പഠനകാര്യങ്ങളും സ്വമേധയാ ഉള്ള മതാശ്ലേഷവുമെല്ലാം കൃത്യമായി വിവരിച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരാണ് ഈ റിപ്പോര്‍ട്ട് കൊടുത്തതെന്നോര്‍ക്കണം. ശ്രുതി പറയുന്നു.

ഒരു ഇടത്തരം നായര്‍ കുകുടുംബത്തിലാണ് ശ്രുതിയുടെ ജനനം. ദൈവവിശ്വാസിയായ അമ്മയുടേയും ഇടതുപക്ഷക്കാരനായ അച്ഛന്റേയും ആദ്യ മകള്‍. തിരവനന്തപുരത്തെ പ്രശസ്തമായ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ക്രൈസ്തവവിശ്വാസത്തോട് ആഭിമുഖ്യം തോന്നി; അവരുടെ ആചാരങ്ങള്‍ പിന്തുടരുകയും ചര്‍ച്ചില്‍ പോകുകയുമൊക്കെ ചെയ്യുമായിരുന്നു അന്ന്.

തിരുവനന്തപുരത്തെ ഒരു എഞ്ചിനീയറിംഗ് കോളജില്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുത്തതോടെ ദൈവവിശ്വാസത്തെ കുറിച്ചുള്ള സങ്കല്‍പമെല്ലാം മാറി. നിരീശ്വരവാദത്തിനു വേണ്ടി വാദിച്ചു നടന്നൊരുകൂട്ടം ചങ്ങാതിമാരായിരുന്നു അന്ന് കൂട്ട്. അത്തരമൊരു ചൂടുപിടിച്ച ചര്‍ച്ചയിലൊരിക്കല്‍ സ്രഷ്ടാവിന്റെ പ്രസക്തി വിവരിക്കുന്ന കഥയോട് കൂടിയ ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ ചില ചോദ്യങ്ങളാണ് ജീവിതത്തെ മാറ്റിമറിച്ച തീരുമാനത്തിന് നാന്ദിയായി വര്‍ത്തിച്ചത്. യഥാര്‍ഥ ദൈവസങ്കല്‍പം ഇസ്‌ലാമില്‍ മാത്രമേയുള്ളൂവെന്ന തിരിച്ചറിവിന് അത് കാരണമായി.

ഇസ്‌ലാമികവിശ്വാസങ്ങളും കര്‍മങ്ങളും പഠിക്കാന്‍ നിരവധി പുസ്തകങ്ങളും പ്രസംഗ സി ഡികളും ഇന്റര്‍നെറ്റ് സൈറ്റുകളും ഉപയോഗപ്പെടുത്തിത്തുടങ്ങി. ഓര്‍ക്കൂട്ടില്‍ മുസ്‌ലിം പേരില്‍ ഒരു ഐഡി ക്രിയേറ്റ് ചെയ്ത് മുസ്‌ലിം കമ്യൂണിറ്റികളില്‍ സന്ദര്‍ശനം പതിവാക്കി. ഇസ്‌ലാംമതം സ്വീകരിച്ചതോടെ സ്വാഭാവികമായുണ്ടായേക്കാവുന്ന ചില പൊട്ടലും ചീറ്റലുകളുമൊക്കെ വീട്ടിലുമുണ്ടായി. അല്‍ഹംദുലില്ലാഹ്! ഇപ്പോൾ വീട്ടുകാരുമായി പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നു. തന്നോടും ഭർത്താവിനോടും മക്കളോടുമെല്ലാം വീട്ടുകാർക്ക് നല്ല വാത്സല്യമാണെന്ന് ശ്രുതി പറയുന്നു. ‘മാതാപിതാക്കളോടുള്ള കടമയെക്കുറിച്ച് ഖുർആനിൽ നിന്നും നബിയുടെ ഉപദേശങ്ങളിൽ നിന്നും മനസ്സിലാക്കിയിട്ടുള്ള തന്റെ അവരോടുള്ള കരുണാർദ്രവും സ്നേഹത്തോടെയുമുള്ള സമീപനമായിരിക്കണം അവരിലും മാറ്റങ്ങളുണ്ടാക്കിയത്. തനിക്ക് ലഭിച്ച വെളിച്ചത്തെ അവർക്കു കൂടി ലഭിക്കേണമേയെന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന” ശ്രുതി പറഞ്ഞു നിർത്തുന്നു.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.