ലൗ ജിഹാദ് ആരോപണവും ഇസ്‌ലാമിന്റെ നിലപാടും

//ലൗ ജിഹാദ് ആരോപണവും ഇസ്‌ലാമിന്റെ നിലപാടും
//ലൗ ജിഹാദ് ആരോപണവും ഇസ്‌ലാമിന്റെ നിലപാടും
ആനുകാലികം

ലൗ ജിഹാദ് ആരോപണവും ഇസ്‌ലാമിന്റെ നിലപാടും

ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയിരിക്കുന്നു.(1) കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നുവെന്നാണ് സഭയുടെ ആരോപണം.(2) ഇതുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിൽ നിന്നു തന്നെ എതിരഭിപ്രായങ്ങളും ഉയർന്നുവരികയുണ്ടായി. സഭയുടെ നിലപാടിൽ വിശ്വാസികൾക്ക്​ ആശങ്കയുണ്ടെന്നും സഭാനിലപാട്​ മതസൗഹാർദ്ദം തകർക്കുമെന്നുമാണ് സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ ‘സത്യദീപ’ത്തിലെ ലേഖനത്തിൽ ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ വ്യക്തമാക്കിയത്. 2010ൽ ഹൈകോടതി ഇടപെട്ട്​ നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദ്​ ഇല്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻ.ഐ.എ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സത്യദീപത്തിലെ ലേഖനത്തിൽ പറയുന്നു. പ്രണയത്തിൻെറ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽ നിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.(3) ലൗ ജിഹാദ് ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും ആർ.എസ്.എസിനെ സംതൃപ്തരാക്കുന്നതിന്റെ ഭാഗമായാണ് സിറോ മലബാർ സഭ ഇപ്പോൾ ഈ വിഷയം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയുടെ നിരീക്ഷണം. 2014ൽ ഉത്തർപ്രദേശിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും ഇതിനായി ആരോപണവിധേയരായ അഞ്ചു പെൺകുട്ടികളെക്കുറിച്ച് വിശദമായി തെളിവെടുപ്പ് നടത്തിയ ശേഷം ഈ അഞ്ചു പേരും സ്വന്തം താല്പര്യപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്നും സ്ഥിരീകരിക്കപ്പെട്ടതായുമാണ് അദ്ദേഹം ചാനൽ ചർച്ചയിൽ വ്യക്തമാക്കിയത്.(4)

മതനിഷ്ഠ പുലർത്താത്ത ആളുകൾ മതനിയമങ്ങളൊന്നും പാലിക്കാതെ പ്രണയബന്ധങ്ങളിലേർപ്പെടുകയെന്നത് സ്വാഭാവികമാണ്. സിറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണങ്ങളെ വിമർശിച്ചുകൊണ്ട് ‘ക്രിസ്ത്യൻ പെണ്ണുങ്ങളും ലൗ ജിഹാദും’ എന്ന തലക്കെട്ടിൽ ജോമോൾ ജോസഫ് എഴുതിയ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ: “വിദേശത്തുനിന്നും ക്രിസ്ത്യൻ മിഷണറിമാർ കടലുകടന്ന് ഭാരതത്തിൽ വന്ന്, ഇവിടുണ്ടായിരുന്ന അക്രൈസ്തവരായ മനുഷ്യരെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിക്കൊണ്ട് തന്നെയാണ് ക്രിസ്ത്യൻ സഭ ഭാരതത്തിലുണ്ടായത്. ഇങ്ങനെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ ആണുങ്ങൾ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ ആ പെൺകുട്ടികളെ ക്രിസ്ത്യാനികളാക്കാൻ സഭ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. ആ പെൺകുട്ടികൾക്ക് അവരുടെ മതമുപേക്ഷിക്കാതെ വേറെ വഴികളൊന്നുമില്ലതാനും. ഇതുപോലെ തന്നെ, ക്രിസ്ത്യൻ പെൺകുട്ടികളുടെ കാര്യത്തിൽ നടക്കണമെന്ന് സഭ വാശി പിടിച്ചിട്ട് വലിയ ഗുണമൊന്നും കിട്ടിയിട്ടില്ല, കാരണം ക്രിസ്ത്യൻ പെൺകുട്ടികൾ മറ്റുമതങ്ങളിൽ പെട്ട പുരുഷൻമാരെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ, ആ പുരുഷൻമാരുടെ മതം സ്വീകരിക്കേണ്ട അവസ്ഥയാണ് പെൺകുട്ടികൾക്ക്. ഇത് ക്രിസ്ത്യൻ പെൺകുട്ടികളുടെ മാത്രം വിഷയമല്ല, പുരുഷമേധാവിത്വം പിന്തുടർച്ചാവകാശമായി കൊണ്ടുനടക്കുന്ന എല്ലാ മതങ്ങളിലും ഇതാണ് അവസ്ഥ. പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ, ഭർത്താവിന്റെ മതം സ്വീകരിക്കാനും തന്റെ മതമുപേക്ഷിക്കാനും വിധിക്കപ്പെടുന്ന പാവം മതജീവികൾ മാത്രമാണ് എല്ലാ മതങ്ങളിലും പെട്ട സ്ത്രീകൾ. ഇനി വിഷയത്തിലേക്ക് വരാം, കഴിഞ്ഞ ദിവസം അവസാനിച്ച സിറോ മലബാർ സഭയുടെ സിനഡിൽ സഭയിലെ പെൺകുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കി മുസ്‌ലിം തീവ്ര ആശയങ്ങളുടെ വക്താക്കൾ തട്ടിക്കൊണ്ടുപോകുന്നു എന്നതാണ് സഭാ സിനഡിന്റെ കണ്ടെത്തൽ. ഇതിൽ ക്ലാരിറ്റി വരുത്താനായി സിറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ.

1. സിനഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്ന ലൗ ജിഹാദിന് ഇരയായി ISIS ലേക്ക് പോയ ക്രിസ്ത്യൻ പെൺകുട്ടികൾ ആരൊക്കെ? 2. അവരുടെ പേരും അഡ്രസ്സും പറയാൻ സഭ തയ്യാറാണോ? 3. ആ പെൺകുട്ടികളെ ലൗ ജിഹാദിന് ഇരയാക്കിയ മുസ്‌ലിം പുരുഷൻമാർ ആരൊക്കെ? 4. അവരുടെ പേരും അഡ്രസ്സും പറയാൻ സഭ തയ്യാറാണോ? 5. രാജ്യത്തെ ജനങ്ങളേയും സഭാമക്കളേയും നേരിട്ടു ബാധിക്കുന്ന പൗരത്വ നിയമ വിഷയത്തിൽ സിനഡിൽ ചർച്ച നടന്നോ? 6. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് വല്ല ആശങ്കളും സഭാസിനഡ് പുറപ്പെടുവിച്ച പത്രക്കുറുപ്പിലോ, പ്രസ്താവനകളിലോ കണ്ടിരുന്നോ? 7. രാജ്യത്തെ സമ്പദ്ഘടന തകർന്നടിയുന്നതിലും, തൊഴിൽനഷ്ടം സംഭവിക്കുന്നതിലും സഭാസിനഡ് അഭിപ്രായം വല്ലതും പറഞ്ഞോ? 8. മാസങ്ങളായി കാശ്മീരി ജനത അനുഭവിക്കുന്ന നീതിനിഷേധത്തിൽ സഭാ സിനഡ് വേവലാതിപ്പെട്ടോ? 9. രാജ്യത്തെ കലാലയങ്ങളിൽ നടക്കുന്ന പോലീസ് ഭീകരതയെ കുറിച്ച് സഭ ചർച്ചചെയ്തോ?…ഇവിടെ മറ്റൊരു വിഷയം കൂടി നമ്മൾ കാണേണ്ടതുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്ത് ബിജെപി ആരംഭിച്ച പൗരത്വനിയമ ഭേദഗതിക്ക് അനുകൂലമായ പ്രചരണം ഉദ്ഘാടനം ചെയ്തത് ആരാണ്? അത് ഈ പോസ്റ്റിനൊപ്പം പങ്കുവെക്കുന്ന ചിത്രം കണ്ടാൽ സഭാവിശ്വാസികൾക്കും നാട്ടുകാർക്കും ബോധ്യപ്പെടും. അപ്പോൾ സഭയുടെ യഥാർത്ഥവിഷയം എന്താണ്? രാജ്യത്തെ ജനങ്ങളെയോ, സഭാവിശ്വാസികളേയോ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ സഭ അഡ്രസ്സ് ചെയ്യാൻ തയ്യാറാകാതെ, എന്തിന് സഭ ബിജെപിക്കൊപ്പം നിലകൊള്ളണം? വിഷയം സിമ്പിളാണ്, കൊള്ളയും തീവെട്ടികൊള്ളയും നടത്തുന്ന സഭക്ക് കേന്ദ്രസർക്കാർ ഏജൻസികളെ പേടിക്കേണ്ടിയിരിക്കുന്നു. എൻഫോഴ്സ്മെന്റിനെയും, ഇൻകം ടാക്സിനെയും ചൂണ്ടിക്കാണിച്ച് പേടിപ്പിക്കുന്ന ബിജെപിയോടൊപ്പം നിൽക്കാൻ സഭാ നേതാക്കൾ തയ്യാറായില്ലേൽ, സഭാനേതാക്കളുടെയും അവരുടെ ബന്ധുക്കളുടേയും സ്ഥാവര ജംഗമ വസ്തുക്കളിലേക്ക് ഒരു അന്വേഷണം വന്നാൽ, ഇന്നത്തെ പല സഭാനേതാക്കളും തട്ടിപ്പുകാരാണെന്നും കള്ളൻമാരാണെന്നുമുള്ള സത്യം ലോകമറിയും. അതോടെ സഭാവിശ്വാസികൾക്ക് സഭാനേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. അതോടെ ഇവരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകും. അകത്ത് പോകാൻ തക്ക വിധത്തിൽ കേസുണ്ടായതുകൊണ്ട് ആലഞ്ചേരിക്ക് ബിജെപിയുടെ ഭാഷയിലേ സംസാരിക്കാനാകൂ. പക്ഷെ വിശ്വാസികൾക്ക് ആ ഭാഷ ഏറ്റുപിടിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ക്രിസ്ത്യൻ പെമ്പിള്ളേരെ മുസ്‌ലിം ചെക്കൻമാർ വിവാഹം കഴിച്ചാൽ അത് ലൗജിഹാദ്, ക്രിസ്ത്യൻ ചെക്കൻമാർ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ചാൽ അത് സുവിശേഷപ്രവർത്തനം!!”(5)

ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നവരുടെ ആരോപണമാണ് ലൗ ജിഹാദ് എന്ന് തെളിഞ്ഞതാണ്. ലൗ ജിഹാദ് എന്നൊരു സംഭവം ഉണ്ടെന്നു ഔദ്യോഗികമായി ഒരു സർക്കാരും കണ്ടെത്തിയിട്ടില്ല. സിറോമലബാർ സഭയ്ക്ക് താഴെ പറയുന്ന സംഭവത്തോട് എന്താണ് പറയാനുള്ളത്? സഭ ഈ പ്രചരണം നടത്തിയ കൃത്യ സമയത്ത് തന്നെയാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ കന്യാസ്ത്രീ യുവതി ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഹിന്ദു യുവാവിനെ വിവാഹം ചെയ്തത്. മറുപടി കൃത്യസമയത്ത് തന്നെ. രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തെരുവിൽ സമരത്തിലാണ്. ബിജെപിയെയും ആർ.എസ്. എസിനെയും ജനങ്ങൾ തെരുവിൽ ബഹിഷ്ക്കരിക്കുന്നു. ഈ സമയത്താണ് കേരളത്തിൽ ക്രിസ്ത്യൻ സിറോമലബാർ സഭ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി കൊണ്ട് കോടതിയും പോലീസും പലകുറി തള്ളിക്കളഞ്ഞ ആർ.എസ്.എസിന്റെ ലവ് ജിഹാദ് പ്രചാരണം പൊടി തട്ടി എടുത്ത് സംഘപരിവാരത്തിനു സേവ ചെയ്യുന്നത്.(6)

സിറോ മലബാര്‍ സഭയുടെ ആരോപണത്തിന്റെ ചുവടുപിടിച്ച് ‘ക്രിസ്ത്യൻ സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനും അതുവഴി അവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നതിനും ഇസ്‌ലാം മുസ്‌ലിം പുരുഷന് അനുവാദം നൽകുന്നുണ്ടെ’ന്ന് ചില ക്രൈസ്തവ സഹോദരന്മാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. യഥാർത്ഥത്തിൽ ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ സമീപനമെന്താണ്? നമുക്ക് പരിശോധിക്കാം.

വിവാഹപൂര്‍വ പ്രണയം: ഇസ്‌ലാമിന്റെ സമീപനം

വിവാഹപൂർവ പ്രണയബന്ധങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നത് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. മുസ്‌ലിം സ്ത്രീയെപ്പോലും വിവാഹത്തിനു മുമ്പ് പ്രണയിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. വിവാഹത്തിന് ശേഷമുള്ള പ്രണയത്തെ ഇസ്‌ലാം അനുവദിക്കുകയും വളരെയേറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹപൂർവ പ്രണയബന്ധങ്ങളെയാകട്ടെ വ്യഭിചാരത്തിലേക്കുള്ള മാർഗങ്ങളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: “നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.”(17:32). വ്യഭിചരിക്കരുത്‌ എന്ന്‌ പറയാതെ, അതിനെ സമീപിക്കരുതെന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്‌. വളരെ ശ്രദ്ധേയമാണിത്‌. വ്യഭിചാരത്തിലേക്ക്‌ നയിക്കുന്നതോ, അതിന്‌ വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീപുരുഷന്മാർ തനിച്ചാവൽ, പ്രകോപനപരമായ സൗന്ദര്യപ്രകടനം തുടങ്ങി തെറ്റിന് സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഇസ്‌ലാം കർശനമായ മുന്നറിയിപ്പ് നൽകുന്നു. മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ഒരു പുരുഷൻ ഒരു സ്ത്രീയുമായി ഒരിക്കലും തനിച്ചാവരുത്. അവളുടെ മഹ്‌റം (അവളുമായി രക്തബന്ധമുള്ള ഒരാൾ) കൂടെയുണ്ടെങ്കിലല്ലാതെ.”(ബുഖാരി 1862, മുസ്‌ലിം 1341). അന്യരായ സ്ത്രീപുരുഷന്മാർ തനിച്ചാകുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്ന മറ്റൊരു പ്രവാചകവചനം ഇങ്ങനെയാണ്: “ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവർക്കിടയിൽ മൂന്നാമനായി പിശാചുണ്ടായിട്ടല്ലാതെ.” (തിർമിദി 1171). ലൈംഗികജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധിക്കായി ഇത്ര സുവ്യക്തമായ നിർദേശങ്ങൾ ഇസ്‌ലാമിലുണ്ടെന്നിരിക്കെ മതനിഷ്ഠയുള്ള ഒരു മുസ്‌ലിംപുരുഷന് എങ്ങനെയാണ് വിവാഹത്തിന് മുമ്പുള്ള പ്രണയബന്ധങ്ങളെ പുൽകുവാൻ സാധിക്കുക? ‘ലൗ ജിഹാദ്’ എന്ന പ്രയോഗം തന്നെ ഇസ്‌ലാമിക സംസ്കാരവുമായി നാമമാത്രമായ ബന്ധംപോലുമില്ലാത്തതാണ്.

അന്യ സ്ത്രീകളെ വികാരപൂർവം നോക്കുന്നതും അവരുമായി കൊഞ്ചിക്കുഴഞ്ഞുള്ള സംസാരങ്ങളുമെല്ലാം ഇസ്‌ലാം വിലക്കിയിട്ടുണ്ട്. “(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ഖുർആൻ 24:30,31).

പുരുഷൻ സ്ത്രീയിലേക്കും സ്ത്രീ പുരുഷനിലേക്കും ആകർഷിക്കപ്പെടുകയെന്നത് അല്ലാഹു നിർണയിച്ച പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് പ്രണയമെന്ന വികാരത്തെ ഇസ്‌ലാം ഉൾക്കൊള്ളുകയും അതിന്റെ പൂർത്തീകരണത്തിനായി വിവാഹമെന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം പുരുഷന് ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ വിവാഹാലോചനയ്ക്കായി അവളുടെ രക്ഷകർത്താവിനെ സമീപിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം. വിവാഹം കഴിക്കുന്നതിന് മുമ്പ് അവളെ പ്രണയിച്ച് കറങ്ങി നടക്കുന്ന രീതിയെ മ്ലേച്ഛവൃത്തിയായാണ് ഇസ്‌ലാം കണക്കാക്കുന്നത്. “നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.” (ഖുർആൻ 30:21). ഇതിൽനിന്നെല്ലാം ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ സമീപനം വ്യക്തമാണല്ലോ?

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന നിരവധി സ്ത്രീകൾ ഇസ്‌ലാം ആണ് സത്യമാർഗമെന്ന് മനസിലാക്കി ഇസ്‌ലാമിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അത്തരം സ്ത്രീകളെ മുസ്‌ലിം പുരുഷന്മാർ വിവാഹം കഴിക്കുന്നതും സ്വാഭാവികം മാത്രം. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമൊതുങ്ങുന്ന ഒരു പ്രതിഭാസമല്ല. മറിച്ച് ഇതൊരു ആഗോള പ്രതിഭാസമാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഫെയ്ത്ത് മാറ്റേഴ്‌സ് 2011 പ്രസിദ്ധീകരിച്ച ‘എ മൈനോറിറ്റി വിത്തിന്‍ എ മൈനോറിറ്റി’ എന്ന പഠനം ലൗ ജിഹാദ് വാദികൾ ഒന്നു വായിച്ചുനോക്കുന്നത് നന്നായിരിക്കും. ഇസ്‌ലാമിലേക്കുള്ള വെള്ളക്കാരുടെ മതംമാറ്റത്തെ കുറിച്ച് പഠിക്കുന്ന സ്വാന്‍സിയ സര്‍വകലാശാലയില്‍ നിന്നുള്ള എം.എ കെവിന്‍ ബ്രൈസ് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 2001ല്‍ ബ്രിട്ടണില്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത 60,669 പേരില്‍ 55 ശതമാനവും വെള്ളക്കാരായ ഗോത്ര സംഘങ്ങളില്‍പെട്ടവരായിരുന്നു. പത്തു വര്‍ഷത്തിനുള്ളിലെ പരിവര്‍ത്തനം ഒരു ലക്ഷം കവിഞ്ഞു. 2010ല്‍ മാത്രം 5,200 പേരാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ഇതില്‍ സ്ത്രീ-പുരുഷ അനുപാതം 2:1 ആണ്. യുഎസിലും ഇതേ പ്രവണത തന്നെ കാണാം. 2015ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഉള്ള 3.3 ദശലക്ഷം മുസ്‌ലിംകളില്‍ 23 ശതമാനവും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവരാണെന്ന് പേവ്‌സ് റിസേര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ 93 ശതമാനവും യു.എസില്‍ ജനിച്ചവരാണ്. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവരില്‍ 27 ശതമാനവും വെള്ളക്കാരാണ്. അമേരിക്കയില്‍ ഒരു പുരുഷന് നാല് സ്ത്രീകള്‍ എന്ന നിലയിലാണ് പരിവര്‍ത്തന അനുപാതം.(7)

ഇസ്‌ലാമിനെതിരെ പാശ്ചാത്യ മീഡിയകൾ എല്ലാ വിധത്തിലുമുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തിയിട്ടും ഇസ്‌ലാമിനെക്കുറിച്ച് ആത്മാർത്ഥമായി പഠിക്കുന്ന വ്യക്തികൾ അവസാനം സത്യസന്ദേശത്തിലെത്തിച്ചേരുന്ന കാഴ്ചയാണിന്ന് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കടുത്ത ഇസ്‌ലാം വിമർശകനായിരുന്ന അർണോൾഡ് വാൻ ഡൂണിനെപ്പോലുള്ളവരുടെ ഇസ്‌ലാം സ്വീകരണങ്ങൾ അതാണ് കാണിക്കുന്നത്. സ്ത്രീലോകത്തും ഇതുതന്നെയാണ് അവസ്ഥ. പെണ്ണിനെ അടിമപ്പെടുത്തുന്നതാണ് അവളുടെ ഇസലാമിക വസ്ത്രധാരണമെന്ന് പഠിപ്പിക്കാനായി പാശ്ചാത്യലോകം അതിന്റെ ബുദ്ധിയും സ്രോതസ്സുകളുമെല്ലാം പരമാവധി ചെലവഴിച്ചിട്ടും ഇസ്‌ലാം സ്വീകരിക്കുന്ന പാശ്ചാത്യരായ അഞ്ചുപേരില്‍ നാലും സ്ത്രീകളാണെന്ന വസ്തുത തന്നെ ആശ്ചര്യപ്പെടുത്തുന്നതായി നെതര്‍ലന്റിലെ സോഷ്യല്‍ ആന്ത്രോപ്പോളജിസ്റ്റായ കരെന്‍ വാന്‍ ന്യൂക്കെര്‍ക്ക് തന്റെ ‘വിമെന്‍ എംബ്രെയ്‌സിംഗ് ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

വേദക്കാരികളുമായുള്ള വിവാഹം

ജൂത-ക്രൈസ്തവ മതങ്ങളിൽപ്പെട്ടവരെയാണ് ‘വേദക്കാർ’ എന്ന് ഖുർആൻ അഭിസംബോധന ചെയ്യുന്നത്. മുസ്‌ലിം പുരുഷന്മാർക്ക് വേദക്കാരികളെ വിവാഹം ചെയ്യുവാൻ ഇസ്‌ലാം അനുവാദം നൽകുന്നുണ്ട്. “എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും – നിങ്ങളവര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ – (നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.”(ഖുർആൻ 5:5)

‘സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും’ വിവാഹത്തിനായി അനുവദിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഖുർആനിന്റെ പ്രസ്താവന. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകൾ എന്നതുകൊണ്ട് മുസ്‌ലിം സ്ത്രീകളെയാണുദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകൾ എന്നാൽ ജൂതസ്ത്രീകളും ക്രൈസ്തവസ്ത്രീകളും. സത്യവിശ്വാസിനികളായ സ്ത്രീകളാണെങ്കിലും ജൂത-ക്രൈസ്തവ സ്ത്രീകളാണെങ്കിലും അവർ പരിശുദ്ധരായിരിക്കണമെന്ന നിബന്ധന ഖുർആൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹപൂർവ പ്രണയബന്ധങ്ങളിലേർപ്പെട്ടതായി അറിയപ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് ഇതിൽനിന്നു തന്നെ വ്യക്തമാണല്ലോ! അപ്പോൾ പിന്നെ വിവാഹപൂർവ പ്രണയബന്ധങ്ങളെ ഇസ്‌ലാം എങ്ങനെയാണംഗീകരിക്കുക? വിവാഹം കഴിക്കപ്പെടുന്ന വേദക്കാരിയായ സ്ത്രീ ദൈവത്തിലും അന്ത്യദിനത്തിലുമെല്ലാം വിശ്വസിച്ചിരിക്കണമെന്നും ദൈവനിഷേധിയോ മതപരിത്യാഗിണിയോ ഒന്നും ആയിരിക്കരുതെന്നും ഇസ്‌ലാമിക പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

വേദക്കാരിയെ വിവാഹം ചെയ്യാന്‍ മാത്രമാണ് മുസ്‌ലിം പുരുഷനെ ഖുര്‍ആന്‍ അനുവദിക്കുന്നത്. വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്‌ലിം സ്ത്രീയെ അനുവദിച്ചിട്ടില്ല. സ്ത്രീയുടെ ആവശ്യങ്ങളെയും അബലതകളെയുംകുറിച്ച് ശരിക്കും അറിയാവുന്ന അല്ലാഹുവില്‍നിന്ന് അവതരിപ്പിച്ചതാണ് ഖുര്‍ആന്‍ എന്ന വസ്തുത വ്യക്തമാക്കുന്നതാണ് മുസ്‌ലിം സ്ത്രീക്ക് വേദക്കാരെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കാതിരുന്ന ഖുര്‍ആന്റെ നടപടിയെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യപ്പെടും. സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന മഹത്വം മറ്റൊരു മതവും അവള്‍ക്ക് നല്‍കുന്നില്ല. അവള്‍ക്ക് ഇസ്‌ലാം അനുവദിച്ച അവകാശങ്ങളും നിരവധിയാണ്. മറ്റു മതങ്ങളിലെല്ലാം ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായിട്ടാണ് അവള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമാകട്ടെ സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും അവകാശങ്ങളുമുള്ളവളായാണ് സ്ത്രീയെ കാണുന്നത്. ബൈബിള്‍ പഴയ നിയമവും പുതിയ നിയമവുമെല്ലാം പാപത്തിന് കാരണക്കാരിയായ കൊടുംപാപിയായാണ് അവളെ അഭിവീക്ഷിക്കുന്നത്.

ഒരു മുസ്‌ലിം സ്ത്രീ വേദക്കാരന്റെ വധുവായി ഭര്‍തൃഗൃഹത്തിലെത്തിയാല്‍ അയാള്‍ നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിക്കുവാന്‍ അവള്‍ വിധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്‌ലാം അവള്‍ക്ക് നല്‍കുന്ന അവകാശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ നല്‍കുന്ന അവകാശങ്ങള്‍ തുലോം പരിമിതമായിരിക്കും. ഇസ്‌ലാം അവള്‍ക്ക് നല്‍കിയ രീതിയിലുള്ള മഹത്വം പരിഗണിച്ചുകൊണ്ടാവുകയില്ല അയാളുടെ പെരുമാറ്റം. (അങ്ങനെ പെരുമാറാന്‍ മതപരമായി അയാള്‍ ബാധ്യസ്ഥനുമല്ലല്ലോ) അതുകൊണ്ടുതന്നെ ഇസ്‌ലാമികമായ ചുറ്റുപാടുകളില്‍ വളര്‍ന്നുവന്ന അവള്‍ക്ക് ഭര്‍ത്തൃഗൃഹത്തിലെ പെരുമാറ്റവും അവിടെനിന്ന് ലഭിക്കുന്ന പരിഗണനയുമെല്ലാം ദുസ്സഹമായി ഭവിക്കും. അവള്‍ അനുഭവിച്ചുവന്ന അവകാശങ്ങളിലധികവും അവിടെ പരിഗണിക്കപ്പെടുകയില്ല. അതുകൊണ്ടുതന്നെ അവിടെയുമായി പൊരുത്തപ്പെട്ടുപോകാന്‍ അവള്‍ക്ക് പ്രയാസമായിരിക്കും.

എന്നാല്‍, മുസ്‌ലിം വീട്ടിലേക്ക് കൊണ്ടുവരപ്പെടുന്ന വേദക്കാരിയുടെ അവസ്ഥ ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. അവള്‍ സ്വന്തം ഗൃഹത്തില്‍ പരിഗണിക്കപ്പെട്ടതിനേക്കാള്‍ ഉന്നതയായിട്ടാണ് ഭര്‍തൃഗൃഹത്തില്‍ പരിഗണിക്കപ്പെടുക. അവിടെ അവള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ സ്വന്തം വീട്ടില്‍ കിട്ടിപ്പോന്ന അവകാശങ്ങളേക്കാള്‍ ഉയര്‍ന്നതായിരിക്കും. അതു കൊണ്ടുതന്നെ ഭര്‍തൃഗൃഹത്തിലെ ജീവിതം അവള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടാക്കുകയില്ല.

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ സ്വന്തത്തേക്കാളും സ്വന്തം സമ്പാദ്യത്തേക്കാളും സ്വന്തം കുടുംബത്തേക്കാളുമെല്ലാം സ്നേഹിക്കുന്നത് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയുമാണ്. ഈ സ്നേഹം അവന്റെ മതവുമായി ബന്ധപ്പെട്ടതാണ്. അല്ലാഹുവിനെയും പ്രവാചകനെയുമെല്ലാം നിന്ദിച്ചു സംസാരിക്കുന്നത് കേള്‍ക്കുന്നത് അവന് സ്വന്തം ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ പ്രയാസകരമാണ്. യഹൂദന്മാരും ക്രൈസ്തവരും വിശ്വസിക്കുന്നത് നബിﷺ ഒരു വ്യാജവാദിയാണെന്നാണ്. അദ്ദേഹത്തെ അന്തിക്രിസ്തുവായിപ്പോലും വിശേഷിപ്പിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ അവര്‍ മുഹമ്മദ് നബിﷺയെ നിന്ദിച്ചും മോശമായി ചിത്രീകരിച്ചും സംസാരിക്കുക സ്വാഭാവികമാണ്. ഒരു മുസ്‌ലിം സ്ത്രീയെ വേദക്കാരില്‍നിന്ന് ആരെങ്കിലും വിവാഹം ചെയ്താല്‍ അയാളോടൊപ്പം അയാളുടെ ഗേഹത്തിലുള്ള ജീവിതം അവള്‍ക്ക് നരകതുല്യമായിരിക്കും. അയാളുടെയും അയാളുടെ കുടുംബത്തിലെ അംഗങ്ങളുടെയും സംസാരത്തിലുടനീളം മുഹമ്മദ് നബിﷺയെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ അവള്‍ക്ക് ഒരിക്കലും അയാളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല.

എന്നാല്‍, മുസ്‌ലിം ഗേഹത്തിലേക്ക് വിവാഹം ചെയ്യപ്പെടുന്ന വേദക്കാരിയുടെ അവസ്ഥയിതല്ല. അവള്‍ക്ക് ഒരിക്കലും ഇത്തരം മതനിന്ദ അനുഭവപ്പെടുകയില്ല. മുസ്‌ലിമിനെസംബന്ധിച്ചിടത്തോളം എല്ലാ പ്രവാചകന്മാരെയും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും അവന്റെ മതപരമായ ബാധ്യതയാണ്. യഹൂദ മതക്കാരി ബഹുമാനിക്കുന്ന മോശെയുടെയും ക്രൈസ്തവ മതക്കാരി ബഹുമാനിക്കുന്ന യേശുവിന്റെയും പേരു കേള്‍ക്കുമ്പോള്‍ മുസ്‌ലിം അവര്‍ക്ക് ‘ശാന്തിയുണ്ടായിരിക്കട്ടെ’ എന്നു പ്രാര്‍ഥിക്കുകയാണ് ചെയ്യുക. അവര്‍ ബഹുമാനിക്കുന്നവരെക്കുറിച്ച് സദ്‌വർത്തമാനങ്ങള്‍ മാത്രമേ അവര്‍ക്ക് കേള്‍ക്കേണ്ടിവരികയുള്ളൂ. അതുകൊണ്ടുതന്നെ മുസ്‌ലിമിനോടൊപ്പമുള്ള ജീവിതം അവള്‍ക്ക് ദുസ്സഹമായി അനുഭവപ്പെടുകയില്ല.
വേദക്കാരിയെ വിവാഹം ചെയ്യാമെന്നത് ഒരു അനുവാദം മാത്രമാണ്. എന്നാല്‍, ‘മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യുക’യെന്ന് ഉപദേശിച്ച പ്രവാചകന്റെﷺ പാത പിന്‍പറ്റുന്നവര്‍ സത്യവിശ്വാസിനികളായ സ്ത്രീകളെയായിരിക്കും ഇണയായി ഇഷ്ടപ്പെടുക. മതത്തിലെ കൂട്ടുകാരിതന്നെ ജീവിതത്തിലെയും കൂട്ടുകാരിയായി മതിയെന്നായിരിക്കും അവരുടെ നിലപാട്.(8)

നിർബന്ധിത മതപരിവർത്തനം ഇസ്‌ലാമിന്റേതല്ല

ഇസ്‌ലാമിന്റെ സന്ദേശം സമാധാനപരമായ രീതിയിൽ ജനങ്ങളിലേക്കെത്തിക്കുകയെന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. കൃത്യമായ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതാണിസ്‌ലാം. അതിനാൽ നിർബന്ധിത മതപരിവർത്തണമെന്നത് ഇസ്‌ലാം ഒരു വിധത്തിലും അംഗീകരിക്കുന്നില്ല. മുസ്‌ലിം പുരുഷനാൽ വിവാഹം ചെയ്യപ്പെട്ട ക്രൈസ്തവ സ്ത്രീക്ക് സ്വാഭാവികവുമായും ആ പുരുഷൻ ഇസ്‌ലാമിക സന്ദേശമെത്തിച്ച് കൊടുക്കുമല്ലോ. ഇങ്ങനെ ഇസ്‌ലാമിക സന്ദേശമെത്തിച്ചു കഴിഞ്ഞാൽ പിന്നെ ഇസ്‌ലാം സ്വീകരിക്കണോ വേണ്ടേ എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ സ്ത്രീക്കുണ്ട്. ക്രിസ്തുമതത്തിൽ തന്നെ തുടരുവാനാണ് അവളുടെ തീരുമാനമെങ്കിൽ അതിനുള്ള പൂർണസ്വാതന്ത്ര്യം അവൾക്കു നൽകണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അങ്ങനെ ഭർത്താവ് ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ചും ഭാര്യ ക്രൈസ്തവ പ്രമാണങ്ങളനുസരിച്ചുമുള്ള ജീവിതമാണ് അവിടെയുണ്ടാവുക എന്നർത്ഥം.

നിർബന്ധിത മതപരിവർത്തനം മൂലം ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ എന്നതിന് നല്ലൊരു തെളിവാണ് ആധുനിക ക്രിസ്തുമതം. ക്രൈസ്തവ ചരിത്രം തന്നെ അതു പറയട്ടെ: “റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയാണ് കോൺസ്റ്റന്റൈൻ. എ,ഡി.324-ൽ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ട ക്രിസ്തുമതം ജനങ്ങളെല്ലാം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എങ്കിലും മുഴുവൻ ജനങ്ങളും ആ മതം സ്വീകരിക്കാൻ തയ്യാറായില്ല. വിജാതീയ ക്ഷേത്രങ്ങളും ദേവന്മാരും പിന്നെയും തുടർന്നു. എ.ഡി.394-ൽ അന്നത്തെ ചക്രവർത്തി തിയോഡോഷ്യസ് പുരാതന ദേവന്മാരെ നിരോധിക്കുകയും അവരുടെ ക്ഷേത്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. എല്ലാവരും നിർബന്ധമായും ക്രിസ്തുമതം സ്വീകരിച്ചുകൊള്ളണമെന്ന രാജകല്പനയും അദ്ദേഹം പുറപ്പെടുവിച്ചു. ജനങ്ങൾക്കു മനസുണ്ടായിട്ടല്ലെങ്കിലും ദേവീവിഗ്രഹങ്ങൾ എടുത്തുമാറ്റപ്പെട്ടു. വിജാതീയക്ഷേത്രങ്ങൾ പല സ്ഥലങ്ങളിലും ക്രൈസ്തവദേവാലയങ്ങളായി മാറി. പൂർവമതക്കാരുടെ ആരാധനാ സ്വാതന്ത്ര്യം അങ്ങനെ നിർത്തലാക്കപ്പെട്ടു.”(9)
പുതിയ മതത്തിലേക്ക് പറിച്ചുനടപ്പെട്ടുവെങ്കിലും പഴയ മതത്തിലെ പല ആചാരാനുഷ്ഠാനങ്ങളും ജനങ്ങൾ തുടർന്നുപോന്നു. സൂര്യദേവനോടുള്ള ബഹുമാനാർത്ഥം വിജാതീയർ കൊണ്ടാടിയിരുന്ന ഉത്സവത്തെ ക്രിസ്തുവിന്റെ പേരിലാക്കി ക്രിസ്‌മസ്‌ എന്ന് നാമകരണം ചെയ്തതും സൂര്യാരാധനാദിനമായ ഞായറാഴ്ച (Sun-day) ക്രൈസ്തവരുടെ പ്രാർത്ഥനാദിനമായി പ്രഖ്യാപിക്കപ്പെട്ടതുമെല്ലാം അവയിൽ ചിലതു മാത്രം.(10)

ഇസ്‌ലാം നിർബന്ധിത മതപരിവർത്തനം അനുവദിക്കുന്നില്ല. അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കണമെന്ന് അനുശാസിക്കുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല. നിര്‍ബന്ധ മതപരിവര്‍ത്തനം എന്ന ആശയത്തോടുതന്നെ ഖുര്‍ആന്‍ യോജിക്കുന്നില്ല.

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം എന്ന് പറയാം. ദൈവം തമ്പുരാന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയെന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ഖുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല. സത്യവിശ്വാസത്തിലേക്ക് കടന്നുവരുന്നതിനായി സ്വന്തം സമുദായത്തെ ഉല്‍ബോധിപ്പിക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്ത പ്രവാചകന്ﷺ സത്യനിഷേധികളുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് മനസ്സിലായപ്പോള്‍ ഉണ്ടായ മനോവ്യഥയെ ചോദ്യം ചെയ്തുകൊണ്ട് ഖുര്‍ആന്‍ പറയുന്നത് കാണുക:
“നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? (10:99).

സത്യമതപ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്ന ബാധ്യത മതപ്രചാരണം മാത്രമായിരുന്നുവെന്നും നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നില്ലെന്നുമുള്ള വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: “എന്നാല്‍ ദൈവദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലതെ വല്ല ബാധ്യതയുമുണ്ടോ?” (16:36).

“ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധനബാധ്യത മാത്രമേയുള്ളൂ” (വി.ഖു 42:48).

സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയല്ലാതെ അവരെ നിര്‍ബന്ധിച്ച് മാറ്റുന്നതിനുവേണ്ടി പ്രവാചകന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് ഖുര്‍ആന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ചു പറയുന്നുണ്ട്”. പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളതാവുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ” (18:29)
.
“അതിനാല്‍ (നബിയേ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല” (88:21,22)

ചുരുക്കത്തില്‍ പ്രവാചകന്മാരെല്ലാം സത്യമതപ്രബോധകര്‍ മാത്രമായിരുന്നു. അന്തിമ പ്രവാചകനും തഥൈവ. ജനങ്ങളുടെ മുമ്പില്‍ സത്യമേതെന്ന് തുറന്നു കാണിക്കേണ്ട ഉത്തരവാദിത്തം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അന്തിമ പ്രവാചകനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട സത്യമതത്തിന്റെ പ്രചാരണം ഉത്തരവാദിത്തമായി ഏല്‍പിക്കപ്പെട്ട സത്യവിശ്വാസികളുടെ ബാധ്യതയും ഇതുമാത്രമാണ്. അസത്യത്തില്‍നിന്ന് സത്യത്തെ വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയെന്ന ബാധ്യത മാത്രം. മതത്തില്‍ നിര്‍ബന്ധിച്ച് ആളെ ചേര്‍ക്കുന്നതിന് ഖുര്‍ആന്‍ ആരോടും ആവശ്യപ്പെടുന്നില്ലെന്നു മാത്രമല്ല, നിര്‍ബന്ധ മതപരിവര്‍ത്തനം ശരിയല്ലെന്ന നിലപാട് അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേയില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു.” (2:256)(11)

‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത് പ്രവാചകന്റെ മദീനാ ജീവിത കാലഘട്ടത്തിലായിരുന്നു. അഥവാ മുസ്‌ലിം സമൂഹം മദീനയിൽ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിച്ചതിനു ശേഷമാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നർത്ഥം. അതിനൊരു പ്രത്യേക പശ്ചാത്തലവുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ച മദീനാ നിവാസികളായ ചിലർക്ക് ജൂത, ക്രൈസ്തവ മതങ്ങൾ സ്വീകരിച്ചിരുന്ന മക്കളുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന പിതാക്കന്മാർ മക്കളെ അവരുടെ മതം ഉപേക്ഷിക്കുവാനും ഇസ്‌ലാം സ്വീകരിക്കുവാനും നിർബന്ധിക്കുകയുണ്ടായി. ആ അവസരത്തിലാണ് ‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. മുൻഗാമികളും പിൻഗാമികളുമായ നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ ഉദ്ധരിച്ച പ്രസ്തുത പശ്ചാത്തലം, ഇസ്‌ലാം ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തെ അനുവദിച്ചിട്ടില്ലെന്നതിന്റെ ചരിത്രരേഖകളാണ്. അതിനാലാണ് പ്രാമാണിക ഖുർആൻ വ്യാഖ്യാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇബ്നു കഥീർ (റ) തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയത്: “അതായത്, ഇസ്‌ലാം മതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ആരെയും നിർബന്ധിക്കരുത്. കാരണം അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതിൽ പ്രവേശിക്കുവാൻ നിർബന്ധിക്കേണ്ട ആവശ്യമില്ല. എന്നാൽ അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴിചേർക്കുകയും അവന്റെ ഹൃദയത്തിനു വികാസം നൽകുകയും അവന്റെ അന്തർദൃഷ്ടിക്ക് പ്രകാശം നൽകുകയും ചെയ്യുന്ന പക്ഷം അവൻ അതിൽ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തർദൃഷ്ടിക്ക് അല്ലാഹു അന്ധത നൽകുകയും അവന്റെ കേൾവിക്കും കാഴ്ചക്കും മുദ്ര വെക്കുകയും ചെയ്തുവോ അവൻ നിർബന്ധത്തിനും ബലാൽക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തിൽ പ്രവേശിക്കുന്നതിൽ അവന് പ്രയോജനമില്ല.” പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടാണ്.(12) ക്രിസ്ത്യൻ സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനും അതുവഴി അവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നതിനും ഇസ്‌ലാം മുസ്‌ലിം പുരുഷന് അനുവാദം നൽകുന്നുണ്ടെന്ന വാദത്തിൽ യാഥാർത്ഥ്യത്തിന്റെ ലാഞ്ചനപോലുമില്ലെന്ന് സാരം.

കുറിപ്പുകൾ

1) ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമായ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ.

2) https://www.manoramaonline.com/news/latest-news/2020/01/14/syro-malabar-church-comes-out-against-love-jihad.html

3) https://www.madhyamam.com/kerala/love-jihad-satyadeepam-criticize-catholic-church-kerala-news/661488

4) https://qrgo.page.link/wX49b

5) https://www.marunadanmalayali.com/scitech/cyber-space/jomol-jospeh-fb-post-against-zero-malabar-sabha-love-jihad-statement-173500

6) https://boolokam.com/the-nun-converted-and-married-a-hindu-man/257943

7 ) http://www.chandrikadaily.com

8) http://www.malayalamquransearch.com/docs/?p=296

9 ) The History of Europe and The Church. By Keith W.Stump

10) Encyclopædia Britannica, New Catholic Encyclopedia

11) http://www.malayalamquransearch.com/docs/?p=286

12) സ്നേഹസംവാദം മാസിക(2016 സെപ്റ്റംബർ)

print

No comments yet.

Leave a comment

Your email address will not be published.