റമദാൻ തീരം -29

//റമദാൻ തീരം -29
//റമദാൻ തീരം -29
ആനുകാലികം

റമദാൻ തീരം -29

മദീനയിലെ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീയും പുരുഷനും വ്യഭിചാരത്തിന്റെ പേരിൽ പിടിക്കപ്പെടുകയുണ്ടായി. വ്യഭിചരിച്ചവരെ എറിഞ്ഞു കൊല്ലാനാണ് അവരുടെ വേദഗ്രന്ഥമായ തൗറാത്തിലെ വിധി. എന്നാൽ അതിനുപകരം സ്വന്തമായി നിയമം നിർമ്മിച്ച് നടപ്പിൽ വരുത്തുകയാണ് അവർ ചെയ്തു കൊണ്ടിരുന്നത്. ചമ്മട്ടികൊണ്ട് അടിക്കുക, മുഖത്ത് തീ പൊള്ളിക്കുക, കഴുതപ്പുറത്ത് തിരിച്ചിരുത്തി അങ്ങാടി ചുറ്റിച്ച് അപമാനിക്കുക, ഇതെല്ലാമായിരുന്നു പകരം അവർ തീരുമാനിച്ച ശിക്ഷാരീതികൾ. എന്നാൽ ഇപ്പോൾ പിടിക്കപ്പെട്ട രണ്ടാളുകളുടെ കാര്യത്തിൽ എന്ത് ശിക്ഷ കൈക്കൊള്ളണമെന്ന് തീരുമാനിക്കുവാൻ അവർ നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. അനുകൂലമായ വിധി കിട്ടിയാൽ അത് സ്വീകരിക്കാം. ഒരു പ്രവാചകന്റെ വിധി കിട്ടി എന്ന് തൃപ്തിയടയുകയും ചെയ്യാം. അല്ലാത്തപക്ഷം നബിയുടെ വിധി തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞു തള്ളിക്കളയുകയും ചെയ്യാം. ഇതായിരുന്നു അവരുടെ ലക്ഷ്യം. വ്യഭിചരിച്ചവരുടെ കാര്യത്തിൽ തൗറാത്തിന്റെ നിയമമനുസരിച്ച് അവരെ രണ്ടുപേരെയും എറിഞ്ഞു കൊല്ലുവാൻ തന്നെയാണ് നബി (സ) വിധിച്ചത്. തൗറാത്തിൽ അങ്ങനെ ഒരു വിധിയില്ലെന്ന് ജൂതന്മാർ വാദിച്ചു. തൗറാത്ത് പ്രകാരം എറിഞ്ഞു കൊല്ലുക തന്നെയാണ് വേണ്ടതെന്ന് നേരത്തെ ഇസ്ലാം സ്വീകരിച്ച ജൂതന്മാരിലെ പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാമും വാദിച്ചു. തിരുമേനി അവരോട് തൗറാത്ത് കൊണ്ടുവരുവാൻ കൽപ്പിച്ചു. അവരുടെ കൂട്ടത്തിൽ ഏറ്റവും വലിയ പണ്ഡിതനായ ഇബിനു സീരീൻ തൗറാത്ത് എടുത്ത് വ്യഭിചാരത്തെ സംബന്ധിച്ചു പറയുന്ന ഭാഗം വായിച്ചു. ഇടക്ക് ഒരു സ്ഥലത്തെത്തിയപ്പോൾ അയാൾ അവിടെ കൈവെച്ച് അതിനപ്പുറം വായിക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട തിരുമേനി അവനോട് കൈ മാറ്റുവാൻ ആവശ്യപ്പെട്ടു. ആ ഭാഗം വായിച്ചപ്പോൾ എറിഞ്ഞു കൊല്ലുവാൻ കൽപ്പിക്കുന്ന തൗറാത്തിലെ സൂക്തമായിരുന്നു അത്. അപ്രകാരം തൗറാത്തിന്റെ നിയമമനുസരിച്ച് തന്നെ ആ സ്ത്രീയെയും പുരുഷനെയും എറിഞ്ഞു കൊല്ലുകയുണ്ടായി. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഖുർആനിലെ അഞ്ചാം അധ്യായം സൂറത്ത് മാഇദയിലെ 45, 46 സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

“വ്യാജത്തിന് ചെവി കൊടുത്തു കൊണ്ടിരിക്കുന്നവർ!, നിഷിദ്ധ ധനത്തെ തിന്നുകൊണ്ടിരിക്കുന്നവർ! എന്നാൽ, അവർ നിൻറെ അടുക്കൽ വരുന്ന പക്ഷം, നീ അവർക്കിടയിൽ വിധിച്ചു കൊള്ളുക. അല്ലെങ്കിൽ അവരിൽ നിന്ന് തിരിഞ്ഞു കളയുക. നീ അവരിൽ നിന്ന് തിരിഞ്ഞു കളയുന്ന പക്ഷം അവർ നിനക്ക് യാതൊന്നും ഉപദ്രവം വരുത്തുന്നതേയല്ല. നീ വിധിക്കുകയാണെങ്കിലോ നീതിമുറ അനുസരിച്ച് അവർക്കിടയിൽ നീ വിധിക്കുകയും ചെയ്യുക. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നതാണ്. നിന്നെ എങ്ങനെ അവർ വിധികർത്താവാക്കും? അവരുടെ പക്കൽ തൗറാത്ത് ഉണ്ടായിരിക്കെ?! (അതെ) അല്ലാഹുവിൻറെ വിധി അതിലുണ്ട്; പിന്നെ(യും) അതിനുശേഷം അവർ തിരിഞ്ഞു പോകുന്നു (എന്നിരിക്കെ)! അക്കൂട്ടർ വിശ്വാസികളേ അല്ല.”

ദൈവികമായ നിയമനിർദ്ദേശങ്ങളുടെ സമാഹാരങ്ങളാണ് വേദഗ്രന്ഥങ്ങൾ. മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും സഹായകമാകുന്ന കാര്യങ്ങളാണ് വിധിവിലക്കുകളായി വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കം. എന്നാൽ ആർത്തിയും സ്വാർത്ഥതയും വേദഗ്രന്ഥങ്ങളിലെ കൈകടത്തലുകൾക്ക് മനുഷ്യർക്ക് പ്രേരണയായി. മറച്ചുവെച്ചും മുറിച്ചുമാറ്റിയും വെട്ടി തിരുത്തലുകൾ വരുത്തിയും കൂട്ടിച്ചേർത്തലുകൾ നടത്തിയും വേദഗ്രന്ഥങ്ങളെ മറികടക്കാനുള്ള പരിശ്രമങ്ങൾ എല്ലാകാലങ്ങളിലും മനുഷ്യർ നടത്തി. അവനവൻറെ നന്മയ്ക്കു വേണ്ടിയുള്ള നിയമോപദേശങ്ങളാണ് വേദഗ്രന്ഥങ്ങൾ എന്ന കാര്യം അവർ വിസ്മരിച്ചു. അതുകൊണ്ടുതന്നെ വേദഗ്രന്ഥങ്ങളുടെ പരിസമാപ്തിയായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ കൈകടത്തലുകളിൽ നിന്ന് സുരക്ഷിതമാണ് എന്നത് അതിൻറെ അമാനുഷികതക്കുള്ള തെളിവായി പ്രഖ്യാപിച്ചു. മാറ്റാനും തിരുത്താനും കഴിയാത്ത മഹിതഗ്രന്ഥമായി ഖുർആൻ നൂറ്റാണ്ടുകളെ അതിജീവിച്ചു. കരുത്തുറ്റ മാർഗദർശന ഗ്രന്ഥമായി ഇന്നുമത് നമുക്കു മുമ്പിൽ നിലനിൽക്കുന്നു. നാം ഖുർആൻ പഠിക്കുക, ജീവിതത്തിൽ പകർത്തുക, അതിൻറെ പ്രചാരകരും പ്രബോധകരുമാവുക, സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.