യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ !

//യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ !
//യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ !
മതതാരതമ്യ പഠനം

യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ !

ക്രിസ്താബ്ദം നാലാം നൂറ്റാണ്ട്; കൃത്യമായിപറഞ്ഞാല്‍ ക്രി. 325 ക്രൈസ്തവ ദൈവസങ്കല്‍പത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. അന്നാണ് സൂര്യഭഗവാന്റെ അവതാരമായ മിത്രദേവന്റെ പുരോഹിതന്മാരുടെ പുരോഹിതനും, ബഹുദൈവ വിശ്വാസിയുമായ കോണ്‍സ്റ്റാന്റയിൻ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ നിഖിയാ സുന്നഹദോസില്‍വെച്ച് സൃഷ്ടിയായ യേശുവിനെ സ്രഷ്ടാവായി അഥവാ ദൈവമായി അവരോധിക്കുന്നത്. യേശുവിനെ ദൈവ പദവിയിലേക്ക് ഉയര്‍ത്തുന്നതിൽ ഈ ചക്രവര്‍ത്തിക്ക് വലിയൊരു പങ്കുണ്ടായിരുന്നു. ഈ സുന്നഹദോസില്‍ പുറപ്പെടുവിച്ച വിശ്വാസപ്രമാണത്തില്‍ പുത്രന്‍ ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന ദൈവത്തോടുള്ള യേശുവിന്റെ ബന്ധത്തെ പ്രകടമാക്കുന്ന നിര്‍ണായക ഫോര്‍മുല ചക്രവര്‍ത്തി വ്യക്തിപരമായി നിര്‍ദേശിച്ചു. അപ്രകാരം ചക്രവര്‍ത്തി യേശുവിനെ ദൈവപദവിയിലേക്ക് ഉയര്‍ത്തി. ക്രൈസ്തവ സഭയുടെ ഒന്നാമത്തെ സാര്‍വ്വത്രിക സുന്നഹദോസ് എന്ന പേരിലാണ് നിഖിയാ സുന്നഹദോസ് അറിയപ്പെടുന്നത്.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഇന്ന് ക്രൈസ്തവരുടെ കൈകളില്‍ കാണുന്ന പുതിയനിയമത്തിന്റെ കാനോന്‍ തീരുമാനിക്കുന്നത് നിഖ്യാസുന്നഹദോസിന് ശേഷമാണ്. അന്ന് നാല് സുവിശേഷങ്ങള്‍ക്ക് പുറമേ ബര്‍ണബാസ് സുവിശേഷം ഉള്‍പ്പെടെ ഇരുപതില്‍പരം സുവിശേഷങ്ങള്‍ വിവിധ സഭകള്‍ കാനോനായി അംഗീകരിച്ചിരുന്നു. മാത്രമല്ല, അപ്പോക്രിഫാ വിഭാഗത്തില്‍പ്പെട്ട മറ്റനേകം സുവിശേഷങ്ങളും അന്ന് നിലവിലുണ്ടായിരുന്നു. അവിടുന്നും രണ്ടുമൂന്ന് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇന്ന് കാണുന്ന 27 പുസ്തകങ്ങൾ ഉള്‍ക്കൊള്ളുന്ന പുതിയനിയമ പുസ്തകം രൂപംകൊണ്ടത്.

മത്തായി, മാര്‍ക്കേസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിപ്പെടുന്ന സുവിശേഷങ്ങള്‍ ആദ്യം എഴുതപ്പെട്ടത് ക്രിസ്താബദം 65 നും 110 നും ഇടയിലാണെന്നാണ് പണ്ഡിതപക്ഷം. എന്നാല്‍ അതിന്റെ ഒരു താളുപോലും ഇന്ന് നിലവിലില്ല. അവ എന്നേ നഷ്ടപ്പെട്ടുപോയി. ഈ വസ്തുത എല്ലാ സഭാ വിഭാഗങ്ങളിലുംപെട്ട ബൈബിള്‍ പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്. അപ്പേള്‍ ഇന്ന് കാണുന്ന സുവിശേഷങ്ങൾ ഉള്‍ക്കൊള്ളുന്ന പുതിയനിയമ പുസ്തകം ഏത് രേഖകളില്‍ നിന്നാണ് പകര്‍ത്തിയെഴുതിയത്? അന്നും ഇന്നും എന്നും അതൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരു പക്ഷെ കോഡക്‌സ് വത്തിക്കാനസ്, കോഡക്‌സ് സീനായിറ്റിക്കസ്, കോഡക്‌സ് അലക്‌സാണ്ട്രിയസ് തുടങ്ങിയ രേഖകള്‍ ചൂണ്ടിക്കാണിച്ചേക്കാം. എന്നാല്‍ അവയെല്ലാം നാലാം നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ടതും വ്യക്തമായ പരസ്പര വൈരുദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. മാത്രമല്ല, അവയും ഏത് രേഖകയുടെ അടിസ്ഥാനത്തിലാണ് പകര്‍ത്തിയെഴുതിയത് എന്നതിനെ സംബന്ധിച്ചും വ്യക്തമായ ധാരണ അവര്‍ക്കില്ല.

ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ളത് കത്തോലിക്കാ സഭയിലാണ്. അവര്‍ വിശ്വാസ കാര്യങ്ങളില്‍ ഒന്നാസ്ഥാനം നല്‍കുന്നത് സഭക്കാണ്. സഭാ വിശ്വാസങ്ങള്‍ക്കാണ്. ബൈബിളിന് അവര്‍ രണ്ടാം സ്ഥാനമേ നല്‍കുന്നുള്ളു. യേശുവിനെ ദൈവ പദവിയിലേക്ക് ഉയര്‍ത്തിയത് സഭയാണെന്നത് നാം കണ്ടു. പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളാകട്ടെ വിശ്വാസ കാര്യങ്ങളില്‍ ഒന്നാം സ്ഥാനം നല്‍കുന്നത് ബൈബിളിനും രണ്ടാം സ്ഥാനം സഭക്കുമാണ്. യേശുവിന്റെ ദൈവത്വം സ്ഥാപിക്കുവാന്‍ ബൈബിള്‍ വചനങ്ങളാണ് അവര്‍ മുന്നോട്ടു വെക്കുന്നത്.

പുതിയനിയമത്തിലെ ആദ്യത്തെ നാല് പുസ്തകങ്ങള്‍ മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ പേരില്‍ അറിയപ്പെടുന്ന സുവിശേഷങ്ങളാണ്. ഈ നാല് സുവിശേഷങ്ങളെ നാല് കോണില്‍നിന്ന് കൊണ്ടാണ് ക്രൈസ്തവ പണ്ഡിതന്‍മാർ വീക്ഷിക്കുന്നത്. മത്തായി സുവിശേഷത്തെ ‘ദാവീദിന്റെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ രാജത്വം’ എന്നും മാര്‍ക്കോസ് സുവിശേഷത്തെ ‘ദാസനായ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ ദാസത്വം’ എന്നും ലൂക്കോസ് സുവിശേഷത്തെ ‘പുരുഷനായ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ മനുഷ്യത്വം’ എന്നും യോഹന്നാന്‍ സുവിശേഷത്തെ ‘യഹോവയുടെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ ദൈവത്വം’ എന്നിവയെ കുറിക്കുന്നുവെന്നാണ് പണ്ഡിതമതം. മത്തായി, മാര്‍ക്കോസ്, ലൂക്കോസ് എന്നീ സുവിശേഷങ്ങളിലെ പണ്ഡിതന്‍മാർ പറയുന്ന ‘മുളകള്‍’ ആ സുവിശേഷകരുടെ ഉദ്ധരണികളില്‍നിന്നും കണ്ടെത്താന്‍കഴിയും. എന്നാല്‍ യോഹന്നാന്‍ സുവിശേഷത്തിലെ ‘മുള’ യായ ‘യേശുവിന്റെ ദൈവത്വം’ യോഹന്നാന്റെ ഉദ്ധരണികളില്‍ നിന്നും കണ്ടെത്താന്‍ കഴിയുമോ? അതാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

പുരാതന ഗ്രീക്ക്‌ കയ്യെഴുത്ത്പ്രതികളില്‍ യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത് ΚΑΤΑ ΙΩΑΝΝΗΝ (kata looannen) എന്ന തല വാചകത്തോടെയാണ്. ‘Kata’ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം ‘according to’ അല്ലെങ്കില്‍ ‘അയാളില്‍ പ്രകാരം’ എന്നാണ്. kata Iooannen എന്ന പദത്തിന്റെ അര്‍ത്ഥം ‘according to John’ അല്ലെങ്കില്‍ ‘യോഹന്നാന്‍ പ്രകാരം’ അഥവാ ‘യോഹന്നാന്റെ വീക്ഷണത്തില്‍’ എന്നുമാണ്. ‘kata’ എന്ന പ്രയോഗംകൊണ്ട് അതിന്റെ ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് വ്യക്തമാക്കുന്നില്ല.(1) അതുകൊണ്ട് യോഹന്നാന്റെ പേരിലുള്ള സുവിശേഷം നമുക്ക് അജ്ഞാതനായ മറ്റേതോ ഗ്രന്ഥകാരനാല്‍ രചിക്കപ്പെട്ടതാണ്, എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിനെ സംബന്ധിച്ച് ബൈബിള്‍ പണ്ഡിതന്‍മാര്‍ എന്ത് പറയുന്നുവെന്ന് നോക്കാം.

മാര്‍ത്തോമാസഭയിലെ ബൈബിള്‍ പണ്ഡിതനായ റവ. വി. തോമസ് പറയുന്നു: ‘യോഹന്നാന്റെ സുവിശേഷം എഴുതിയതാരാണെന്നതിനെപ്പറ്റി വേദപണ്ഡിതന്‍മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. യേശു സ്‌നേഹിച്ച ശിഷ്യനും സെബദിയുടെ മകനുമായ യോഹന്നാന്‍ എഴുതി എന്ന പാരമ്പര്യവിശ്വാസം എല്ലാ പണ്ഡിതന്‍മാരും അംഗീകരിക്കുന്നില്ല. മാത്രമല്ല, യേശു സ്‌നേഹിച്ച ശിഷ്യന്‍ യോഹന്നാന്‍ ആണെന്നു തെളിയിക്കുന്നതിന് പ്രയാസവുമാണ്’. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ‘ഈ സുവിശേഷം വിരുദ്ധോപദേശകരായ ജ്ഞാനമതവാദികളുടെ രചനയാണെന്ന് വിശ്വസിച്ചിരുന്നവര്‍ 3-ാം നൂറ്റാണ്ടുമുതല്‍ സഭയിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്’. അതിന്റെ അടിക്കുറിപ്പായി അദ്ദേഹം എഴുതുന്നു: ‘റോമിലെ സഭാ ശുശ്രൂഷകനായിരുന്ന ഗയോസ്, മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതുമ്പോള്‍ സെറിന്തസ് എന്ന വിരുദ്ധോപദേശകന്‍ ആണ് ഈ സുവിശേഷം എഴുതിയത് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഐറേനിയസ് എന്ന സഭാപിതാവിന് ഇതേപ്പറ്റി അറിവുണ്ടായിരുന്നു.(2)

ബൈബിള്‍ വിജ്ഞാനകോശത്തിൽ ഡേവിഡ്‌ജോയി പറയുന്നു: ‘1945-ല്‍ ഈജിപ്റ്റിലെ നാഗ്ഹമ്മാദിയില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ക്രിസ്ത്യന്‍ ജ്ഞാനവാദക്കാരുടെ രചനകളെല്ലാം അടങ്ങിയിട്ടുണ്ട്. അവയില്‍ പലതും യോഹന്നാന്‍ സുവിശേഷത്തിലുമുണ്ട്. സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്ന ഒരു രക്ഷകന്‍ (The Saviour myth) എന്ന ചിന്ത ജ്ഞാനവാദത്തില്‍ പ്രബലമാണ്.’(3)

പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ റവ. എ. സി. ക്ലയ്റ്റന്‍ പറയുന്നു: ‘ഇതിന്റെ കര്‍ത്താവാരാണെന്നും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നവ യാഥാര്‍ത്ഥ ചരിത്ര സംഭവങ്ങളാണോ അല്ലയോ എന്നും സംഹിത സുവിശേഷങ്ങള്‍ക്കും വെളിപാടു പുസ്തകത്തിനും ഇതിനും തമ്മിലുള്ള ബന്ധമെന്താണെന്നും ഇതില്‍ എഴുതപ്പെടുന്ന യേശു സാക്ഷാല്‍ അപ്രകാരമുള്ളവനാണോ എന്നുമുള്ള പലമാതിരി തര്‍ക്കങ്ങളും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ വൈദിക പണ്ഡിതന്‍മാരുടെ ഇടയിലുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെ സംബന്ധിച്ച് ചില സംശയങ്ങള്‍ തീര്‍ന്നിട്ടില്ല.’(4)

മേല്‍ സൂചിപ്പിച്ച പണ്ഡിതന്മാര്‍ ക്രിസ്തുവിരുദ്ധരോ, ക്രൈസ്തവവിമര്‍ശകരോ അല്ല. ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ യോഹന്നാന്‍ സുവിശേഷത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നുവെങ്കില്‍ ‘യഹോവയുടെ മുള’ അല്ലെങ്കില്‍ ‘യേശുവിന്റെ ദൈവത്വത്തിന്’ അത് തെളിവായി എടുക്കുന്നതെങ്ങനെ? മുമ്പ് സൂചിപ്പിച്ചത് പോലെ ‘Kata’ അല്ലെങ്കില്‍ ‘according to’ എന്ന പ്രയോഗവും യോഹന്നാന്റെ പേരിലുള്ള സുവിശേഷം അദ്ദേഹത്തിന്റേതല്ലെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു.

അത്‌പോലെ യോഹന്നാന്‍ എഴുതി എന്ന് പറയപ്പെടുന്ന ഒന്നാം ലേഖനവും വെളിപാടുപുസ്തകവും യോഹന്നാന്റെ കൃതികളായി ക്രൈസ്തവര്‍ പാരമ്പര്യമായി വിശ്വസിച്ചുവരുന്നു. അവയില്‍നിന്നും യേശുവിന്റെ ദൈവത്വത്തിനായി മിഷണറിമാര്‍ ഉദ്ധരിക്കുന്ന വചനങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യുകയാണ്. അതിന് മുമ്പ് ഈ ലേഖനത്തെപ്പറ്റി റവ. വി. തോമസ് എന്താണ് പറയുന്നതെന്ന് നോക്കാം. ‘യോഹന്നാന്റെ സുവിശേഷവും ഒന്നാം ലേഖനവും ഒരാള്‍ തന്നെ എഴുതിയതാണെന്ന അഭിപ്രായം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ഗ്രന്ഥകാരന്‍ എന്നതിനെപ്പറ്റി വേദപണ്ഡിതന്‍മാരുടെയിടയില്‍ അഭിപ്രായഐക്യം ഇല്ല. ഏറ്റവും പുരാതനമായ പാരമ്പര്യം അനുസരിച്ച് സുവിശേഷകന്‍ തന്നെയാണ് ഒന്നാം ലേഖനവും എഴുതിയതെന്നല്ലാതെ എഴുതിയ ആളിനെപ്പറ്റി വ്യക്തമായ തെളിവുകളൊന്നും നല്‍കുന്നില്ല’.(5) അതുപോലെ വെളിപാടു പുസ്തകത്തിന്റെ കര്‍ത്താവ് ആരാണെന്ന് ഖണ്ഡിതമായി പറയാന്‍ സാധ്യമല്ലെന്ന വസ്തുതയിലേക്ക് ബൈബിള്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും നിഘണ്ടുകളെല്ലാം വിരല്‍ചൂണ്ടുന്നുണ്ട്.

എങ്കിലും, ക്രൈസ്തവര്‍ ഈ സുവിശേഷവും ലേഖനവും വെളിപാടുപുസ്തകവും അവരുടെ വേദഗ്രന്ഥത്തിന്റെ ഭാഗങ്ങളായി കാണുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ പുസ്തകങ്ങളില്‍ നിന്നും യേശുവിന്റെ ദൈവത്വത്തിനായി മിഷണറിമാര്‍ മുന്നോട്ടുവെക്കുന്ന വചനങ്ങള്‍ ബൈബിളിന്റെ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് ഗ്രീക്കു മൂലങ്ങളുടെ സഹായത്താല്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
ഈ ലേഖനത്തില്‍ യേശുവിന്റെ ദൈവത്വം സ്ഥാപിക്കാന്‍ മിഷണറിമാര്‍ ഉന്നയിക്കന്ന ‘ലോഗൊസ്’ അല്ലെങ്കില്‍ യോഹന്നാന്‍ ‘1:1 വചനവും’, ‘ഞാനും പിതാവും ഒന്നാകുന്നു’ അല്ലെങ്കില്‍ യോഹന്നാന്‍ 10:30 വചനവുമാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ ഉന്നയിക്കുന്ന മറ്റു വചനങ്ങള്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യാം. ഇന്‍ശാ അല്ലാഹ്. ആദ്യം ഈ സുവിശേഷത്തിലെ ഒന്നാം അധ്യായം ഒന്നാം വാക്യം കൊണ്ടു തന്നെ തുടങ്ങാം.

(തുടരും)

 

കുറിപ്പ്

    1. മത്തായി, മാര്‍ക്കോസ്, ലൂക്കോസ്‌സുവിശേഷങ്ങളുടെ തലവാചകത്തിലും ‘Kata’എന്ന ഗ്രീക്ക്പദമാണ് കൊടുത്തിട്ടുള്ളത്.
    2. പുതിയനിയമ പ്രവേശിക, ദൈവശാസ്ത്ര സാഹിത്യസമിതി, റവ. വി.തോമസ്, പുറം 49-51.
    3. ബൈബിള്‍ വിജ്ഞാനകോശം, ഏകവാല്യ വേദപുസ്തക നിഘണ്ടു, ചീഫ് എഡിറ്റര്‍ റവ. ഡോ. ഇ.സി.ജോണ്‍, പുറം 848.
    4. ബൈബിള്‍ നിഘണ്ടു, റവ. എ.സി. ക്ലയ്റ്റണ്‍ പുറം 497.
    5. പുതിയനിയമ പ്രവേശിക, റവ. വി. തോമസ്, പുറം 201.
print

5 Comments

  • മാഷാ അല്ലാഹ്. വ്യക്തവും കൃത്യവുമായ മൂലരേഖകൾ ഉദ്ധരിച്ചു തെറ്റിദ്ധാരണാദുരീകരണത്തിന് ഉതകുന്ന വിശദീകരണത്തിനായി കാത്തിരിക്കുന്നു.

    മുഹമ്മദ് ശാഫി പറമ്പിൽ പീടിക 01.07.2019
  • കാത്തിരിക്കുന്നു ബാക്കി വായിക്കാൻ

    Kamarudheen 01.07.2019
  • പഠനാർഹമായ ലേഖനത്തിന്റെ ബാക്കി ഭാഗം ഒരു മുതൽകൂട്ടാകും.ഇൻ ഷാ അല്ലാഹ്

    Riyas K Abbas 02.07.2019
  • മിഷണറി: പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിച്ചേർന്നതാണ് ദൈവം.
    ചോദ്യം: യേശു അങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ?
    മിഷണറി: ഇല്ല
    ചോദ്യം: ബൈബിളിൽ അങ്ങനെ പറയുന്ന ഒരു പചന മെങ്കിലും ഉണ്ടോ?
    മിഷണറി: ഇല്ല
    ചോദ്യം: പിന്നെ നിങ്ങൾ എന്തടിസ്ഥാനത്തിലാണ് അങ്ങനെ വിശ്വസിക്കുന്നത്?
    മിഷണറി: ഞങ്ങളങ്ങനെയാണ്😆😆😆

    Ibrahim cm 03.07.2019
  • Alhamdulillah. Very good article. May Allah help us to understand and propagate the real message to those who are in ignorance….

    Siyad. PM 19.07.2019

Leave a comment

Your email address will not be published.