മോക്ഷം, സമുദായം, ആദർശം

//മോക്ഷം, സമുദായം, ആദർശം
//മോക്ഷം, സമുദായം, ആദർശം
വിശുദ്ധപാത

മോക്ഷം, സമുദായം, ആദർശം

”(മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബിഉകളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സൽകർമ്മം: പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ട്. അവർക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.” (ഖുർആൻ 2:62)

സർവലോക രക്ഷിതാവായ ദൈവത്തിനു സ്വജീവിതം സമർപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു മോക്ഷപ്രാപ്തി ലഭിക്കുകയുള്ളൂ എന്നതാണ് ഭൂലോകത്തേക്കു നിയുക്തരായ സര്‍വ പ്രവാചകന്‍മാരും പഠിപ്പിച്ച തത്വം. മോക്ഷം ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെയോ സമുദായത്തിന്റെയോ കുത്തകയാണെന്ന സങ്കുചിതമായ ചിന്താഗതിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ മിക്ക പ്രവാചകന്മാരുടെയും കാലശേഷം അവരുടെ അനുയായികളിൽ പലരും സാമുദായികവാദം ഉന്നയിക്കുകയുണ്ടായി. തങ്ങളുടെ സങ്കുചിത ചിന്തകള്‍ക്കൊപ്പിച്ച് വേദഗ്രന്ഥങ്ങളില്‍ സാമുദായികവാദം തിരുകികയറ്റുകയും ചെയ്തു അവര്‍. മുഹമ്മദ് നബി (സ) യുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഹൂദരും ക്രൈസ്തവരും ഇത്തരത്തിലുള്ള സാമുദായിക വാദത്തിന്റെ വക്താക്കളായിരുന്നു. ‘മോക്ഷം പ്രാപിക്കണമെങ്കില്‍ യഹൂദനോ ക്രൈസ്തവനോ ആകണം’ എന്നതായിരുന്നു അവരുടെ നിലപാട്. അതിനെതിരെയുള്ള ശക്തമായ പ്രതികരണമായാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. സൂറ: മാഇദയിലെ 69-ാം വചനത്തിലും ഖുര്‍ആൻ ഇതേ പരാമര്‍ശം ആവര്‍ത്തിക്കുന്നുണ്ട്.

സാമുദായികവാദം കടുത്ത അപരാധമായാണ് ഇസ്‌ലാം കാണുന്നത്. ഒരു സമുദായത്തിന്റെ മെമ്പറായാലേ മോക്ഷമുള്ളൂവെന്ന് പ്രവാചകന്‍മാരോ വേദഗ്രന്ഥങ്ങളോ പഠിപ്പിച്ചതല്ല. സാമുദായിക മതത്തിന്റെ വക്താവാകുക എന്നത് ഒരുതരം വര്‍ഗീയ ചിന്താഗതിയായാണ് ഇസ്‌ലാം വിലയിരുത്തുന്നത്. കേവലം ജന്മത്തിന്റെയോ അംഗത്വത്തിന്റെയോ പേരിൽ ഒരാൾ മോക്ഷത്തിനര്‍ഹനാവുക. അതേ മാനദണ്ഡപ്രകാരം മറ്റൊരാള്‍ മോക്ഷപ്രാപ്തിക്ക് അര്‍ഹതയില്ലാത്തവനാവുക. എത്രമാത്രം കടുത്ത മാനസിക നിലപാടാണത്. വിശ്വാസ വിശുദ്ധിക്കും സത്കർമാചരണത്തിനും പകരം ജനനവും അംഗത്വവും മനുഷ്യന്റെ മോക്ഷത്തെ തീരുമാനിക്കുക എന്നത് മാനവികതയുടെ പക്ഷത്ത് നില്‍ക്കുന്ന ഒരു ദര്‍ശനത്തിനും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആൻ സാമുദായിക മതവാദത്തെ ശക്തമായി വിമര്‍ശിച്ചത്. ‘യഹൂദനോ ക്രൈസ്തവനോ ആയാല്‍ മാത്രമേ മോക്ഷപ്രാപ്തി ലഭിക്കുകയുള്ളു’ എന്ന പ്രവാചക കാലഘട്ടത്തിലെ സാമുദായിക മതവാദക്കാരുടെ വീക്ഷണത്തെ ഖണ്ഡിച്ചുകൊണ്ട് ഖുര്‍ആൻ പഠിപ്പിച്ചു. ‘യഹൂദനായാലും ക്രൈസ്തവനായാലും സാബിയായാലും മുഹമ്മദ് നബി(സ)യുടെ അനുയായികളായാല്‍ പോലും മോക്ഷപ്രാപ്തി വിശ്വാസവിശുദ്ധിയും സദ്കർമാനുഷ്ടാനവും കൂടാതെ സാധ്യമല്ലെന്ന്. വിശ്വാസവും കര്‍മവും ശരിയാകാത്തവന്റെ സമുദായ മേല്‍വിലാസത്തിന് ദൈവസമീപം യാതൊരു വിലയുമുണ്ടാവില്ലെന്നര്‍ത്ഥം.
ഇന്നു പലരും തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതുപോലെ ‘സര്‍വമത സത്യവാദ’ത്തെയല്ല ഈ സൂക്തം പ്രതിനിധീകരിക്കുന്നത്. മറിച്ച് മോക്ഷത്തിന്റെ സാമുദായികവല്‍കരണത്തെ തള്ളിപ്പറയുകയാണത് ചെയ്യുന്നത്. ‘സര്‍വമത സത്യവാദ’മെന്നത് ദാര്‍ശനിക രംഗത്ത് മേല്‍വിലാസമില്ലായ്മയെയാണ് പ്രതിനിധീകരിക്കുന്നത്. എന്താണ് ദര്‍ശനം എന്നതിനെപറ്റിയുള്ള വിവരമില്ലായ്മയാണത്. കര്‍ണസുഖം തരുന്നു എന്നതിനപ്പുറം സര്‍വമത സത്യവാദം ദാര്‍ശനിക രംഗത്ത് കപടതയാണ്. ഒരിക്കലും സംയോജിപ്പിക്കാൻ സാധ്യമല്ലാത്ത പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളെയെല്ലാം ഒന്നിച്ചു ശരിവെക്കുന്ന ഏര്‍പ്പാട് ബുദ്ധിയെ ഒരിക്കലും തൃപ്തിപ്പെടുത്താത്ത വ്യവഹാരമാണ്. പ്രപഞ്ചം, ഉല്‍പത്തി, ജീവന്‍, ആത്മാവ്, ജീവിതലക്ഷ്യം, മോക്ഷം തുടങ്ങിയവയാണല്ലോ ദര്‍ശനങ്ങളുടെ മുഖ്യവിഷയം. അവിടെയെല്ലാം ഓരോ ദര്‍ശനങ്ങളും സമര്‍പ്പിച്ച കാഴ്ചപ്പാടുകള്‍ വിലയിരുത്തുന്ന ഒരാള്‍ക്കറിയാം ഒരിക്കലും സംയോജിപ്പിക്കാൻ സാധ്യമല്ലാത്ത പരസ്പരവിരുദ്ധങ്ങളായ വീക്ഷണങ്ങളാണ് ഓരോ ദര്‍ശനങ്ങളും മുന്നോട്ടുവെക്കുന്നതെന്ന്. എങ്ങനെ വ്യാഖ്യാനിച്ചാലും യോജിപ്പിന്റെ ഒരു മേഖല കണ്ടെത്താൻ കഴിയാത്ത ദര്‍ശനങ്ങളുടെ നേരെനോക്കി സര്‍വമത സത്യവാദം അവതരിപ്പിക്കണമെങ്കിൽ ഒന്നുകിൽ അത് കാപട്യമായിരിക്കും അല്ലെങ്കില്‍ അറിവില്ലായ്മയായിരിക്കും. മറ്റൊരു സാധ്യത അവശേഷിക്കുന്നില്ല.

print

1 Comment

  • ത്രിപ്തികരമായ വിശദീകരണം

    Riyas K. Abbas 14.03.2019

Leave a Reply to Riyas K. Abbas Cancel Comment

Your email address will not be published.