മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം

//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം
//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം
ഖുർആൻ / ഹദീഥ്‌ പഠനം

മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം

സ്വജീവിതം കൊണ്ട് വിശുദ്ധ ക്വുർആനിന് ആധികാരികവും പ്രായോഗികവുമായ വ്യാഖ്യാനം രചിക്കാനും, അന്ത്യനാളുവരെയുള്ള മനുഷ്യർക്ക് മാതൃകയാവാനും, സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനുമായി അല്ലാഹു നിയോഗിച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബി (ﷺ).

നീ മഹത്തായ സ്വഭാവത്തിലാകുന്നു (68:4)എന്ന് സർവ്വലോക രക്ഷിതാവായ അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ സ്വഭാവ സാക്ഷ്യപത്രം നൽകി അനുഗ്രഹിച്ച മുഹമ്മദ് നബി(ﷺ)യുടെ സ്വഭാവസവിശേഷതകളെ, കൂടെ സഹവസിച്ച പത്നിമാരും അനുചരന്മാരും നമുക്ക് പറഞ്ഞു തരുന്നു. സ്വഹീഹായ ഹദീസുകളിൽ വന്ന ഈ ഭാഗങ്ങൾ നബി(ﷺ)യെ അറിയാനും അനുധാവനം ചെയ്യുവാനും അതുവഴി ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വത രക്ഷയും ആഗ്രഹിക്കുന്ന സത്യാന്വേഷികളായ സഹോദരങ്ങൾക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.

നബി(ﷺ)ദുസ്വാഭാവിയോ നിർദയനോ ആയിരുന്നില്ല.

തിന്മയെ തിന്മ കൊണ്ടല്ല നന്മ കൊണ്ട് നേരിട്ടു.

മനുഷ്യർക്ക് മാപ്പുനൽകി.

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ)യുടെ വിശേഷണത്തെക്കുറിച്ച് തൗറാത്തിൽ പറഞ്ഞതെന്തെന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ പറയാം: അല്ലാഹുവാണ് സത്യം! ക്വുർആനിൽ പറയപ്പെട്ട ചില വിശേഷണങ്ങൾ തൗറാത്തിലും വിശേഷിപ്പിച്ച് പറഞ്ഞിട്ടുണ്ട്. “അല്ലയോ പ്രവാചകരേ, താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് സാക്ഷിയായും, സന്തോഷവാർത്തയറിയിക്കുന്നവനായും മുന്നറിയിപ്പ് നൽകുന്നവനായും നിരക്ഷരർക്ക് സംരക്ഷകനുമായിട്ടാണ്. നീ എന്റെ ദാസനും ദൂതനുമാണ്. ‘മുതവക്കിൽ’ (അല്ലാഹുവിൽ ഭരമേല്പിക്കുന്നവൻ) എന്ന് നാം നിനക്ക് പേര് നൽകി.
നീ ദുഃസ്വഭാവിയോ കഠിന ഹൃദയനോ അല്ല,
അങ്ങാടിയിൽ ബഹളമുണ്ടാക്കുന്നവനല്ല.
തിന്മയെ തിന്മകൊണ്ട് തടുക്കുന്നവനല്ല.
മറിച്ച് വിട്ട് വീഴ്ച ചെയ്യുന്നവനും മാപ്പ് ചെയ്യുന്നവനുമാണ്….
(ബുഖാരി)

ജീവിതം കൊണ്ട് വിശുദ്ധ ക്വുർആനിന് വ്യാഖ്യാനം രചിച്ചു

സുറാറ (റ) നിവേദനം: സഅ്ദ്ബ്നു ഹിശാമിബ്നു ആമിർ (റ) …. ആയിശ(റദിയല്ലാഹു അൻഹ)യോടു ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ നബി(ﷺ)യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ.

അവർ (ആയിശ റദിയല്ലാഹു അൻഹ) ചോദിച്ചു: നീ ക്വുർആൻ പാരായണം ചെയ്യാറില്ലേ? ഞാൻ പറഞ്ഞു: അതെ ഞാൻ പാരായണം ചെയ്യാറുണ്ട്. അവർ (ആയിശ റദിയല്ലാഹു അൻഹ) പറഞ്ഞു: നിശ്ചയം നബി(ﷺ)യുടെ സ്വഭാവം ക്വുർആനായിരുന്നു….
(മുസ്‌ലിം)

അൽഭുതപ്പെടുത്തുന്ന സ്വഭാവത്തിന്റെ ഉടമ

അനസ്(റ)നിവേദനം: നബി (സ) മദീനയിൽ വന്നപ്പോൾ അബൂത്വൽഹ എന്റെ കൈപിടിച്ച് കൊണ്ട് നബി(ﷺ)യുടെ അടുത്തേക്ക് കൊണ്ട് പോയി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ അനസ് സമർത്ഥനായ കുട്ടിയാണ്. അവൻ താങ്കൾക്ക് സേവനം ചെയ്യും. അങ്ങനെ ഞാൻ നബി(ﷺ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം)

അനസ്(റ)നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ദേഹം എന്നോട് ഛെ എന്നോ, നീ എന്തിനിത് ചെയ്തു. നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല.
(ബുഖാരി, മുസ്‌ലിം)

കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവും

മാലിക്ബുനുൽ ഹുവൈരിഖി(റ) പറയുന്നു. ….ഞങ്ങൾ കുറച്ചു പേർ റസൂൽ(ﷺ)യുടെ അടുക്കൽ ചെല്ലുകയും അദ്ദേഹത്തിന്റെ അടുക്കൽ ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. നബി(ﷺ) കരുണാമനസ്കനും ലോലഹൃദയനുമായിരുന്നു…
(ബുഖാരി, മുസ്‌ലിം)

ആഇശ(റ)നിവേദനം: (അനുചരനായിരുന്ന)ഉസ്മാനുബ്‌നു മദ്ഊൻ മരിച്ചപ്പോൾ നബി(ﷺ) അദ്ദേഹത്തിന്റെ മൃതശരീരം കെട്ടിപ്പിടിച്ച് ചുംബിക്കുകയും കരയുകയും ചെയ്തു. നബി(ﷺ)യുടെ കവിളിലൂടെ കണ്ണീരൊഴുകുന്നത് ഞാൻ കണ്ടു. (തിർമിദി, അബൂദാവൂദ്)

അനസ്‌ബ്‌നു മാലിക് (റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ)യുടെ ഒരു പുത്രിയുടെ മരണ സംസ്കരണ വേളയിൽ ഞങ്ങൾ പങ്കെടുത്തു…. അപ്പോൾ അവിടുത്തെ ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു….(ബുഖാരി)

കലഹപ്രിയനോ പ്രതികാര ദാഹിയോ ആയിരുന്നില്ല. വിട്ടുവീഴ്ചയുടെയും വിശാലമനസ്സിന്റെയും പ്രതീകം

ആയിശ (റ) നിവേദനം: റസൂൽ (ﷺ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ട് വീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി)

ഉപദ്രവിച്ചവരോട് ഒരിക്കലും പ്രതികാരം ചെയ്തില്ല

ആഇശ(റ)നിവേദനം: വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി (ﷺ) ആരോടും പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്‌ലിം)

ആഇശ(റ)യിൽ നിന്ന് നിവേദനം: റസൂൽ (ﷺ) ഏതെങ്കിലും അക്രമത്തിന് പ്രതികാരം ചെയ്യുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അല്ലാഹുവിന്റെ പവിത്രതകൾ ഏതെങ്കിലും ലംഘിക്കപ്പെടുമ്പോഴല്ലാതെ. അല്ലാഹുവിന്റെ പവിത്രതകൾ വല്ലതും ലംഘിച്ചാൽ അതിൽ കഠിനമായി കോപിക്കുന്നയാൾ
അവിടുന്നാകുമായിരുന്നു… (തിർമിദി)

ആഇശ (റ) നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്ന സന്ദർഭത്തിലല്ലാതെ റസൂൽ ഒരു സ്ത്രീയേയോ ഒരു ഭൃത്യനെയോ മറ്റോ തന്റെ വിശുദ്ധകരം കൊണ്ട് അടിച്ചിട്ടില്ല. റസൂൽ(ﷺ)യെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാൾക്ക് നേരെ പ്രതികാരം ചെയ്തിരുന്നില്ല. പ്രത്യുത, അല്ലാഹു പവിത്രത കല്പിച്ചവ അനാദരിക്കപ്പെട്ടാൽ, അല്ലാഹുവിന് വേണ്ടി പ്രതികാരനടപടി സ്വീകരിച്ചിരുന്നു. (മുസ്‌ലിം)

പ്രതികാരം ചെയ്യരുതെന്നും വിട്ടു വീഴ്ച്ച ചെയ്യണമെന്നും അനുയായികളെ പഠിപ്പിച്ചു

അനസ് (റ) നിവേദനം: പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് നബി(ﷺ)യുടെ അടുക്കൽ സമർപ്പിക്കപ്പെട്ട കേസുകളിലൊന്നും നബി (ﷺ) വിട്ടുവീഴ്ച ചെയ്യാൻ നിർദ്ദേശികാത്ത നിലക്ക് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. (അബൂദാവൂദ്)

ഒരാളെയും ഒരിക്കലും അടിച്ചില്ല

ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധത്തിലേർപെടുമ്പോളല്ലാതെ, റസൂൽ(ﷺ) തന്റെ കൈ കൊണ്ട് ഒന്നിനെയും അടിച്ചിട്ടില്ല. ഭൃത്യരെയും ഭാര്യയെയും അടിച്ചിട്ടില്ല. (തിർമിദി)

ഒരിക്കൽ പോലും അസഭ്യം പറയുകയോ തിന്മ പ്രവർത്തിക്കുകയോ ചെയ്തില്ല

അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം: അദ്ദേഹം പറഞ്ഞു: നബി (ﷺ) അസഭ്യം പറയുകയോ മ്ലേഛത പ്രവർത്തിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. അവിടുന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നു: നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി, മുസ്‌ലിം)

ഞാൻ ശപിക്കാനല്ല, കാരുണ്യമായിട്ടാണ് വന്നതെന്ന് പഠിപ്പിച്ചു

ആഇശ(റ)നിവേദനം: നബിയോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക. നബി (ﷺ) പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല; കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്.
(മുസ്‌ലിം)

ജരീറുബ്‌നു അബ്ദുല്ല (റ) നിവേദനം: നബി (ﷺ) പറഞ്ഞു: കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി, മുസ്‌ലിം)

അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം: നബി (ﷺ) പറഞ്ഞു: കാരുണ്യവാന്മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കിൽ ഉപരിയിലുള്ളവൻ(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും. (അബൂദാവൂദ്, തിർമിദി)

എത്ര നീചരായ ആളുകളോട് പോലും ഏറ്റവും നന്നായി പെരുമാറി

അംറ്ബ്‌നുആസ് (റ) നിവേദനം: റസൂൽ (ﷺ) ജനങ്ങളിൽ ഏറ്റവും ദുഷ്ടരായ ആളുകളോടു പോലും സംസാരിക്കുമ്പോൾ അവരെ ഇണക്കിയെടുക്കാൻ വേണ്ടി അവർക്കഭിമുഖമായി ഇരിക്കുമായിരുന്നു. (തിർമിദി)

ആഇശ (റ) പറയുന്നു: ….. (ദുർവൃത്തനായ ആൾ) കടന്നു വന്നപ്പോൾ നബി (ﷺ) അയാളോട് വളരെ സൗമ്യമായി പെരുമാറി…..(ബുഖാരി, മുസ്‌ലിം)

ഏറ്റവും സൗന്ദര്യവാനും സൽസ്വഭാവിയും ധൈര്യശാലിയുമായിരുന്നു

അനസ്(റ) നിവേദനം: നബി (ﷺ) മനുഷ്യരിൽ വെച്ച് ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു.
(ബുഖാരി, മുസ്‌ലിം)

ബറാഅ്(റ)പറയുന്നു: നബി (ﷺ) ജനങ്ങളിൽ വെച്ചേറ്റവും മുഖ സൗന്ദര്യമുള്ളവരും സൽസ്വഭാവിയുമായിരുന്നു…. (ബുഖാരി, മുസ്‌ലിം)

അനസ്(റ) നിവേദനം: നബി(ﷺ) ജനങ്ങളിൽ വെച്ചേറ്റവും ഉത്തമനും ധീരനുമായിരുന്നു….
(ബുഖാരി, മുസ്‌ലിം)

ഒരിക്കലും അശ്ലീലം പറയുകയോ ചീത്ത പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല

അനസ്(റ)പറയുന്നു: നബി (ﷺ) ചീത്ത പറയുന്ന ആളായിരുന്നില്ല. അശ്ലീലമായ വാക്കുകൾ പറയുന്ന ആളുമായിരുന്നില്ല. ശപിക്കുന്ന ആളുമായിരുന്നില്ല. ഞങ്ങൾ ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ അവിടുന്ന് പറയും: അവനെന്തു പറ്റി അവന്റെ നെറ്റിയിൽ മണ്ണ് പുരളട്ടെ.
(ബുഖാരി)

ആരെയും കുറ്റം പറയാറില്ല. ആരുടെയും കുറ്റവും കുറവുകളും കേൾക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല

ആയിശ (റ) നിവേദനം: നബി(ﷺ)യോട് ആരെയെങ്കിലും കുറിച്ച് വല്ലതും പറയപ്പെട്ടാൽ, എന്ത് കൊണ്ടാണ് ഈ വ്യക്തി അങ്ങനെ പറഞ്ഞത്. എന്നിങ്ങനെ അവിടുന്ന് പ്രതികരിക്കാറില്ല. മറിച്ച് എന്ത് കൊണ്ടാണ് ആളുകൾ ഇങ്ങനെ എന്ന് പൊതുവായിട്ടായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. (തിർമിദി)

ഇബ്നു മസൂദ്(റ)നിവേദനം: റസൂൽ(ﷺ) പറഞ്ഞു: എന്റെ അനുചരന്മാരിൽ ഒരാളെക്കുറിച്ചുള്ള ഒരു കാര്യവും (കുറ്റവും കുറവും) ആരും എന്നെ ധരിപ്പിക്കേണ്ടതില്ല. നിർമ്മലവും സുരക്ഷിതവുമായ ഹൃദയത്തോടെ നിങ്ങൾക്കിടയിലേക്ക് ഇറങ്ങിവരാനാണ് ഞാനാഗ്രഹിക്കുന്നത്. (അബൂദാവൂദ്, തിർമിദി)

അബൂഹുറയ്‌റ (റ) നിവേദനം: നബി(ﷺ)പറഞ്ഞു: “പരദൂഷണം എന്തെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: “നിന്റെ സഹോദരനെകുറിച്ച് അവൻ ഇഷ്ടപ്പെടാത്തത് പറയുക.” അപ്പോൾ ആരോ പറഞ്ഞു: “ഞാൻ
പറയുന്നത് എന്റെ സഹോദരനിൽ ഉണ്ടെങ്കിലോ? നബി(ﷺ)പറഞ്ഞു: “നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെക്കുറിച്ച് പരദൂഷണം പറഞ്ഞു. അത് അവനിൽ ഇല്ലെങ്കിൽ നീ അവനെക്കുറിച്ച് കളവ് പറഞ്ഞു.” (മുസ്‌ലിം)

(തുടരും)

print

2 Comments

  • Subhanallah 😍

    Afsal 07.05.2019
  • Perfect role model

    Ajmal 17.10.2020

Leave a Reply to Ajmal Cancel Comment

Your email address will not be published.