മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -3

//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -3
//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -3
ഖുർആൻ / ഹദീഥ്‌ പഠനം

മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -3

അമുസ്‌ലിംകളുമായി മരണം വരെ നല്ല ബന്ധം നിലനിർത്തി

അനസ് (റ) നിവേദനം: ഒരു ജൂതൻ നബി(ﷺ)യെ ഗോതമ്പ് റൊട്ടിയും മണപ്പകർച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോൾ നബി (ﷺ) ജൂതന് ഉത്തരമേകി. (അഹ്മദ്)

ആഇശ (റ) നിവേദനം: പ്രവാചകൻ (ﷺ) മരണപ്പെടുന്ന സന്ദർഭത്തിൽ അവിടുത്തെ പടയങ്കി മുപ്പത് സാഅ് ബാർലിക്ക് ഒരു ജൂതന്റെ അടുക്കൽ പണയത്തിലായിരുന്നു. (ബുഖാരി)

രഹസ്യമായ പാലായന (ഹിജറ) വേളയിൽ പോലും ഇതരമതസ്ഥനെ വഴികാട്ടിയായി നിശ്ചയിച്ചു

ആയിശ(റ) പറയുന്നു…… (മദീനയിലേക്കുള്ള പാലായനത്തിൽ) ദൈൽ ഗോത്രത്തിലെ ഒരാളെ വഴികാട്ടിയായി അല്ലാഹുവിന്റെ റസൂലും അബൂബക്കറും കൂലിക്ക് വിളിച്ചിരുന്നു. ബനു അബ്ദിയ് ഗോത്രക്കാരനായ അദ്ദേഹം വിദഗ്ദനായ വഴികാട്ടിയായിരുന്നു…. അയാൾ ഖുറൈഷികളുടെ മതത്തിൽ പെട്ടവനായിരുന്നു. നബി(ﷺ)യും അബൂബക്കറും (റ) അയാളിൽ വിശ്വാസം സമർപ്പിച്ച് അവരുടെ ഒട്ടകങ്ങളെ അയാളെ ഏൽപിച്ചു. മൂന്ന് രാത്രികൾക്ക് ശേഷം അവയെ സൗർ പർവ്വതത്തിലെ ഗുഹക്കടുത്ത് കൊണ്ട് വരണമെന്ന് അയാളോട് ഉടമ്പടി ചെയ്തു. മൂന്നാം ദിവസം അയാൾ ഒട്ടകങ്ങളുമായി ഗുഹാമുഖത്തെത്തി. നബി(ﷺ)യുടെയും അബൂബക്കറി(റ)ന്റെയും കൂടെ ആമിറും വഴികാട്ടിയും സഞ്ചരിച്ചു. അവരെ കടൽ തീരത്ത് കൂടെയാണയാൾകൊണ്ട് പോയത്… (ബുഖാരി)

ഒരു ഭക്ഷണത്തെയും കുറ്റം പറയാറില്ല

അബൂഹുറയ്റ (റ) നിവേദനം: നബി (ﷺ) ഒരു ഭക്ഷണത്തെയും കുറ്റം പറയാറില്ല. ഇഷ്ടപ്പെട്ടാൽ കഴിക്കും ഇല്ലെങ്കിൽ വേണ്ടെന്ന് വെക്കും. (ബുഖാരി)

ഏറ്റവും നല്ല സംസാരവും ഉപദേശങ്ങളും

ആയിശ (റ) നിവേദനം: നബി (ﷺ) സംസാരിക്കുമ്പോൾ ഒരാൾക്ക് വേണമെങ്കിൽ അതിലെ വാക്കുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമായിരുന്നു.
(ബുഖാരി, മുസ്‌ലിം)

ആയിശ (റ) നിവേദനം: റസൂൽ (ﷺ) നിങ്ങളീ സംസാരിക്കുന്നത് പോലെ തുരുതുരാ സംസാരിക്കാറില്ലായിരുന്നു. പ്രത്യുത അടുത്ത് ഇരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാവുന്ന തരത്തിൽ സ്പഷ്ടവും വ്യക്തവുമായിരുന്നു അവിടുത്തെ സംസാരം. (തിർമിദി)

ഉപദേശങ്ങളിൽ പോലും മിതത്വം പുലർത്തി

ഇബ്നു മസ്ഊദ് (റ) നിവേദനം: …. ഞങ്ങൾക്ക് മടുപ്പ് തോന്നാതിരിക്കാൻ സ്ഥലവും സന്ദർഭവും നോക്കി ചില പ്രത്യേക ദിവസങ്ങളിൽ മാത്രമാണ് റസൂൽ (ﷺ) ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകിയിരുന്നത്. (ബുഖാരി, മുസ്‌ലിം)

നല്ല തമാശ പറഞ്ഞിരുന്നു. ആസ്വദിച്ചിരുന്നു

അബൂഹുറയ്‌റ (റ) യിൽ നിന്ന് നിവേദനം: റസൂലേ താങ്കൾ ഞങ്ങളോട് തമാശ പറയുന്നല്ലോ എന്ന് അവർ ചോദിച്ചപ്പോൾ റസൂൽ (ﷺ) പറഞ്ഞു: അതെ പക്ഷേ ഞാൻ സത്യമല്ലാതെ പറയുകയില്ല. (തിർമിദി)

അങ്ങേയറ്റത്തെ ദൈവഭക്തിയും ദൈവഭയവും

ഞാൻ അബ്ദുല്ലാഹിബ്‌നു ശിഖ്ഖ് (റ) നിവേദനം: റസൂൽ (ﷺ) നമസ്കരിച്ച്കൊണ്ടിരിക്കെ ഞാൻ അവിടുത്തെ അടുത്തു ചെന്നു. അപ്പോൾ കരച്ചിൽ കാരണം അവിടുത്തെ അന്തർഭാഗത്ത് നിന്ന് തിളക്കുന്ന വെള്ളം കണക്കെ ഒരു തേങ്ങൽ ഉണ്ടായിരുന്നു. (തിർമിദി)

രോഗികളെ സന്ദർശിച്ചു, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുത്തു

അനസ്(റ)നിവേദനം: നബി (ﷺ) രോഗികളെ സന്ദർശിക്കുകയും, മയ്യിത്തിനെ അനുഗമിക്കുകയും, അടിമകളുടെ ക്ഷണം സ്വീകരിക്കുകയും കഴുതപ്പുറത്ത് യാത്ര ചെയ്യുകയും ചെയ്തിരുന്നു.
(ബൈഹഖി, ഇബ്‌നു മാജ)

അനസ് (റ) നിവേദനം: നബി ഒരു രോഗിയെ സന്ദർശിച്ചാൽ നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന് അയാളോട് ചോദിക്കുകയും എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിക്കുന്നപക്ഷം അത് നിറവേറ്റികൊടുത്താൽ
രോഗിക്ക് ഉപദ്രവം ഉണ്ടാവുകയില്ലെന്ന് നബിക്ക് മനസ്സിലാവുകയും ചെയ്താൽ നബി(സ)അതിന് നിർദ്ദേശിക്കുമായിരുന്നു. (തിർമിദി)

എല്ലാത്തരത്തിലുള്ള ദുസ്വാഭാവങ്ങളിൽ നിന്നും അല്ലാഹുവോട് അഭയം തേടിയിരുന്നു

സിയാദ് (റ) തന്റെ പിതൃവ്യൻ ഖുതുബ (റ) യിൽ നിന്ന് നിവേദനം: നബി (ﷺ) പ്രാർത്ഥിക്കാറുണ്ടായിരുന്നു.
“അല്ലാഹുവേ ദുഃസ്വഭാവങ്ങളിൽ നിന്നും, ദുഷിച്ച പ്രവർത്തനങ്ങളിൽ നിന്നും, ദുർവിചാരങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു”. (തിർമിദി)

അനസ്ബ്നു മാലിക് (റ) നിവേദനം: നബി (ﷺ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, ദുർബലതയിൽ നിന്നും, അലസതായിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു …. (മുസ്‌ലിം)

അലിയ്യ്ബ്നു അബീത്വാലിബ് (റ) നിവേദനം: നബി (ﷺ) നമസ്കാരത്തിന് നിന്നാൽ പ്രാർത്ഥന നിർവ്വഹിക്കാറുണ്ടായിരുന്നു…..അല്ലാഹുവേ നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല….. (മുസ്‌ലിം)

സൽസ്വഭാവത്തിന്റെ മഹത്വവും ദുസ്വഭാവത്തിന്റെ അപകടവും ലോകത്തെ പഠിപ്പിച്ചു

നവാസ്ബ്‌നു സൻആൻ (റ) നിവേദനം: ഞാൻ റസൂൽ(ﷺ)യോട് പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിച്ചു. അപ്പോൾ നബി (ﷺ) പറഞ്ഞു: “പുണ്യം സൽസ്വഭാവമാണ്, പാപം നിന്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും മറ്റുള്ളവർ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാണ്.” (മുസ്‌ലിം)

അബൂദർദാഅ് (റ) നിവേദനം: റസൂൽ (ﷺ) പറഞ്ഞു: അന്ത്യനാളിൽ സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തെക്കാൾ കനം തൂങ്ങുന്ന മറ്റൊരു വസ്തുവുമില്ല. അശ്ലീലം കലർന്ന വാക്ക് പറയുന്ന ദുഃസ്വഭാവിയെ അല്ലാഹു വെറുക്കുന്നു. (തിർമിദി)

അബൂഹുറയ്റ (റ)നിവേദനം: ജനങ്ങളെ കൂടുതലായി സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യമേതാണെന്ന് റസൂൽ(ﷺ)യോടു ചോദിച്ചു. റസൂൽ (ﷺ) മറുപടി പറഞ്ഞു ദൈവഭക്തിയും സൽസ്വഭാവവും.” ജനങ്ങളെ കൂടുതലായി നരകത്തിൽ പ്രവേശിപ്പിക്കുന്ന കാര്യമേതെന്ന് ചോദിക്കപ്പെട്ടു. പ്രവാചകൻ (ﷺ)പറഞ്ഞു: വായയും ഗുഹ്യസ്ഥാനവും. (തിർമിദി)

അബൂഹുറയ്റ (റ) നിവേദനം: നബി (ﷺ) പറഞ്ഞു: സത്യവിശ്വാസികളിൽ വിശ്വാസപരമായി ഏറ്റവുമധികം പൂർണ്ണതവരിച്ചവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്. നിങ്ങളിൽ ഏറ്റവും നല്ലവർ തങ്ങളുടെ ഭാര്യമാരോട് കൂടുതൽ നന്നായി വർത്തിക്കുന്നവരാണ്. (തിർമിദി)

ആഇശ (റ) നിവേദനം: റസൂൽ (ﷺ) പറയുന്നതായി ഞാൻ കേട്ടു: “ഒരു സത്യവിശ്വാസി, തന്റെ സൽസ്വഭാവം മുഖേന, വ്രതമനുഷ്ഠിക്കുന്നവന്റെയും നമസ്ക്കരിക്കുന്നവന്റെയും പദവി നേടിയെടുക്കുന്നു. (അബൂദാവൂദ്)

അബൂഉമാമ (റ)നിവേദനം: പ്രവാചകൻ (ﷺ) പറഞ്ഞു: സത്യത്തിന് വേണ്ടിയാണെങ്കിലും തർക്കത്തിൽ നിന്ന് വിട്ട് നിൽക്കുന്നവന് സ്വർഗത്തിന്റെ മുൻവശത്തായി ഒരു ഭവനം നൽകാമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് പോലെ കളവ് ഉപേക്ഷിച്ചവന് -കളവ് തമാശ രൂപത്തിലാണെങ്കിലും ശരി- സ്വർഗത്തിന്റെ മധ്യത്തിലായി ഒരു ഭവനം നൽകാമെന്നും ഞാൻ ഉത്തരവാദിത്വമേൽക്കുന്നു. സൽസ്വഭാവിക്ക് സ്വർഗത്തിന്റെ ഉപരിഭാഗത്ത്
ഒരു ഭവനം നൽകാമെന്നും ഞാൻ ഉറപ്പ് തരുന്നു. (അബൂദാവൂദ്)

ജാബിർ (റ) നിവേദനം: റസൂൽ (ﷺ) പറഞ്ഞു: അന്ത്യനാളിൽ നിങ്ങളിൽ എനിക്ക് പ്രിയങ്കരരും സ്ഥാനത്താൽ എന്നോട് അടുത്തവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്. അന്ത്യനാളിൽ നിങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും വെറുപ്പുള്ളവർ അധികം സംസാരിക്കുന്ന വായാടികളും ആത്മപ്രശംസകരും മുതഫ‌യ്‌ഹിഖുകളുമാണ്.” അവർ ചോദിച്ചു: റസൂലുല്ലാഹ്…. മുതഫ‌യ്‌ഹിഖുകൾ എന്നാൽ എന്താണ്? തിരുമേനി (ﷺ) പറഞ്ഞു:
അഹങ്കാരികൾ. (തിർമിദി)

ഇബ്‌നു മസൂദ്(റ)പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ)പറഞ്ഞു: നരകത്തെ ആർക്ക് നിഷിദ്ധമാക്കുമെന്നും ആര് നരകത്തിന് നിഷിദ്ധമാകുമെന്നും ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ? ജനങ്ങളോട് അടുത്തും
സ്നേഹത്തോടും മൃദുലമായും പെരുമാറുന്നവൻ. (തിർമിദി)

അബൂഹുറയ്റ (റ) നിവേദനം: റസൂൽ (ﷺ) പറഞ്ഞു: നിശ്ചയം അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവർ നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവർ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും. (ത്വബ്റാനി)

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌ .(വിശുദ്ധ ക്വുർആൻ 33:21)

print

2 Comments

  • Excellent

    IBRAHIM CM 04.05.2019
  • Alhamdulillah
    Jazak Allah Khair

    Samariya 21.09.2019

Leave a comment

Your email address will not be published.