മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -2

//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -2
//മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -2
ഖുർആൻ / ഹദീഥ്‌ പഠനം

മുഹമ്മദ് നബി (ﷺ) ഉന്നതസ്വഭാവം, അനുപമ വ്യക്തിത്വം -2

ആരോടും മുഖം കറുപ്പിച്ചില്ല. എല്ലാവരോടും എപ്പോഴും പുഞ്ചിരി തൂകി

അബ്ദുല്ലാഹ്‌ബ്‌നു ഹാരിസ് (റ) നിവേദനം: ‘റസൂലിനേ(ﷺ)ക്കാൾ പുഞ്ചിരിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല.’
മറ്റൊരു നിവേദനത്തിൽ ‘റസൂലിന്റെ (ﷺ) ചിരി പുഞ്ചിരി മാത്രമായിരുന്നു’ എന്നാണുള്ളത്. (തിർമിദി)

ജരീർ(റ)നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഇസ്‌ലാമാശ്ലേഷിച്ചത് മുതൽ നബി (ﷺ) എന്നെ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിട്ടില്ല. പുഞ്ചിരിച്ചു കൊണ്ടല്ലാതെ അവിടുന്ന് എന്നെ എതിരേറ്റിട്ടില്ല…
(ബുഖാരി, മുസ്‌ലിം)

അബൂദർറ് (റ) നിവേദനം: എന്നോട് നബി(ﷺ)പറഞ്ഞു: നീ നന്മയിൽ നിന്നും യാതൊന്നും നിസ്സാരമായി കാണരുത്. പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നത് പോലും. (മുസ്‌ലിം)

വെറുപ്പിക്കാനും അകറ്റാനുമല്ല സന്തോഷിപ്പിക്കാനും അടുപ്പിക്കാനുമാണ് പഠിപ്പിച്ചത്

അബൂമൂസൽ അശ്അരി (റ) നിവേദനം: നബി (ﷺ) അവിടുത്തെ എന്തെങ്കിലും കാര്യത്തിന് സ്വഹാബികളിൽ പെട്ട ഒരാളെ അയക്കുമ്പോൾ ഇങ്ങനെ പറയാറുണ്ടായിരുന്നു. നിങ്ങൾ സന്തോഷിപ്പിക്കുവിൻ അകറ്റി കളയരുത്. എളുപ്പമുണ്ടാക്കിക്കൊടുക്കുവിൻ പ്രയാസമുണ്ടാക്കരുത്. (മുസ്‌ലിം)

അനസ് (റ) നിവേദനം: പ്രവാചകൻ (ﷺ) പറഞ്ഞു: നിങ്ങൾ ആശ്വാസം പകരുക; ഞെരുക്കാതിരിക്കുക, അവർക്ക് സംതൃപ്തി കൈവരുത്തുക. അസന്തുഷ്ടി ഉണ്ടാക്കാതിരിക്കുക. (ബുഖാരി, മുസ്‌ലിം)

പാവങ്ങളുടെ സംരക്ഷകനും പരോപകാരിയുമായിരുന്നു.
സഹജീവികളോട് കാരുണ്യം കാണിച്ചു

ആയിശ (റ) നിവേദനം: ഖദീജ (റ) (നബിﷺയെ ആശ്വസിപ്പിച്ചുകൊണ്ട്) പറഞ്ഞു: ഇല്ല ഒരിക്കലുമില്ല. അല്ലാഹുവാണെ സത്യം. അവനൊരിക്കലും താങ്കളെ കൈവെടിയുകയില്ല. (കാരണം) താങ്കൾ കുടുംബബന്ധം പുലർത്തുന്നവനും, ആലംബഹീനരുടെ ഭാരം ചുമക്കുന്നവനും, അഗതികൾക്ക് (അർഹതപ്പെട്ടത്) നേടികൊടുക്കുന്നവനും, അതിഥികളെ സൽക്കരിക്കുന്നവനും, കാലവിപത്തു ബാധിച്ചവനെ സഹായിക്കുന്നവനുമാകുന്നു….. (ബുഖാരി)

ഇബ്‌നു ഉമർ (റ) നിവേദനം: തന്റെ കൂടെ ഭക്ഷിക്കാൻ ഒരു പാവപെട്ടവനെ കൊണ്ട് വരാതെ തിരുമേനി (ﷺ) ഭക്ഷണം കഴിക്കുക പതിവില്ല….(ബുഖാരി)

സഹ്ൽബ്‌നു ഹുനൈഫ് (റ) നിവേദനം: ദരിദ്രരായ ഒരു സ്ത്രീക്ക് രോഗം ബാധിച്ചു. അവരുടെ രോഗവിവരം നബി(ﷺ)ക്ക് കിട്ടി. പാവപെട്ടവരെ രോഗാവസ്ഥയിൽ സന്ദർശിക്കുകയും അവരെകുറിച്ച് അന്വേഷിച്ചറിയുകയും ചെയ്തിരുന്ന ആളായിരുന്നു അവിടുന്ന്…. (നസാഇ, മുവത്വ)

അബൂദർറ് (റ) നിവേദനം: നബി (ﷺ) പറഞ്ഞു: നിങ്ങൾ എന്നെ പാവങ്ങൾക്കിടയിൽ അന്വേഷിക്കുക; ദരിദ്രർ കാരണമാണ് നിങ്ങൾക്ക് ഭക്ഷണം നൽകപ്പെടുന്നതും സഹായം ലഭിക്കപ്പെടുന്നതും. (അബൂദാവൂദ്)

ജാബിർ ഇബ്‌നു അബ്ദുല്ല (റ) നിവേദനം: (നബി (ﷺ) ഖുത്വ്‌ബയിൽ പറഞ്ഞു) ആരെങ്കിലും സമ്പത്തുപേക്ഷിച്ച് മരണപ്പെട്ടാൽ അത് അയാളുടെ ബന്ധുക്കൾക്ക് അവകാശപെട്ടതാണ്. ആരെങ്കിലും കടമോ മറ്റു ബാധ്യതകളോ അവശേഷിപ്പിച്ച് മരണപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വവും നിർവ്വഹണവും നാം ഏറ്റെടുക്കും. (മുസ്‌ലിം)

സാമ്പത്തിക ഇടപാടുകളിൽ ഏറ്റവും നല്ല മാതൃക

സാഇബ് (റ) നിവേദനം: അദ്ദേഹം നബി(ﷺ)യോടു പറയാറുണ്ടായിരുന്നു: നിങ്ങൾ ജാഹിലിയത്തിൽ എന്റെ കൂട്ടു കച്ചവടക്കാരനായിരുന്നു. നിങ്ങൾ തർക്കിക്കുകയോ എതിർക്കുകയോ ചെയ്യാത്ത നല്ല പങ്കാളിയായിരുന്നു.
(ഇബ്നുമാജ)

ജാബിറുബ്നു അബ്ദില്ല (റ) പറയുന്നു: അവിടുന്നു (ﷺ) എനിക്ക് കടം തിരിച്ച് തരാനുണ്ടായിരുന്നു. അപ്പോൾ എനിക്കതു തിരിച്ചു തന്നു. കുറച്ചു കൂടുതലും തന്നു. (ബുഖാരി)

ഏറ്റവും വലിയ ധർമ്മിഷ്ഠനും ദാനശീലനും

ഇബ്‌നുഅബ്ബാസ് (റ) നിവേദനം: നബി (ﷺ) ജനങ്ങളിലേറ്റവും വലിയ ദാനശീലനായിരുന്നു….(ബുഖാരി, മുസ്‌ലിം)

ജാബിറുബ്നു അബ്ദില്ലാ (റ) നിവേദനം: റസൂലിനോട് (ﷺ) എന്ത് ചോദിച്ചാലും അവിടുന്ന് ഇല്ല എന്ന് പറയാറില്ല. (തിർമിദി)

ജീവിതത്തിൽ അങ്ങേയറ്റത്തെ ലാളിത്യം

ആഇശ (റ) നിവേദനം: മദീനയിൽ എത്തിയശേഷം നബി മരണപ്പെടുന്നത് വരെ, അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടർച്ചയായി മൂന്ന് ദിവസം വയറു നിറയെ കഴിച്ചിട്ടില്ല. (ബുഖാരി, മുസ്‌ലിം)

ലജ്ജയും മര്യാദയും മാന്യതയും എപ്പോഴും കാത്തു സൂക്ഷിച്ചു

അബൂ സഈദുൽ ഖുദ്രി (റ) നിവേദനം: കൂടാരത്തിൽ പുറത്തിറങ്ങാതെ ഇരിക്കുന്ന കന്യകമാരേക്കാൾ ലജ്ജയുള്ള വ്യക്തിയായിരുന്നു നബി (ﷺ). അവിടുന്ന് ഒരു കാര്യം വെറുത്താൽ അവിടുത്തെ മുഖത്ത് ഞങ്ങളറിയും. (മുസ്‌ലിം)

അബ്ദുല്ല (റ) നിവേദനം: നബി (ﷺ) ഏതെങ്കിലും സമൂഹത്തിന്റെ വീടിന്റെ വാതിൽ എത്തിയാൽ വാതിലിന്റെ നേരെ അഭിമുഖമായി നിൽക്കുമായിരുന്നില്ല. വാതിലിന്റെ വലതു ഭാഗത്തോ ഇടതു ഭാഗത്തോ ആണ് നിൽക്കുക.
കാരണം അന്ന് വീടുകൾക്ക് വിരികളുണ്ടായിരുന്നില്ല. (അബൂദാവൂദ്)

വിനയത്തിന്റെയും ലാളിത്യത്തിന്റെയും നിറകുടം

അനസ് (റ) നിവേദനം: റസൂലിനേ(ﷺ)ക്കാൾ പ്രിയപ്പെട്ടവരായി മറ്റാരെയും ഞങ്ങൾ കണ്ടിരുന്നില്ല. എന്നാൽ അവിടുത്തെ കാണുമ്പോൾ അവർ എഴുന്നേറ്റു നിൽക്കുമായിരുന്നില്ല. കാരണം അവിടുത്തേക്ക് അതിഷ്ടമല്ലെന്ന് അറിയാമായതിനാൽ. (തിർമിദി)

അനസ് (റ) നിവേദനം: നബി (ﷺ) ആരെയെങ്കിലും ഹസ്തദാനം ചെയ്താൽ അയാൾ കൈ വിട്ടാലല്ലാതെ അവിടുന്ന് ആദ്യം കൈ വിട്ടിരുന്നില്ല. അയാൾ തിരിഞ്ഞ് പോവുകയല്ലാതെ അവിടുന്ന് ആദ്യം അയാളിൽ നിന്ന് മുഖം തിരിക്കുമായിരുന്നില്ല കൂടെയിരിക്കുന്ന ആളെക്കാൾ കാൽമുട്ടുകൾ മുന്നോട്ട് വെക്കാതിരിക്കാൻ അവിടുന്നു ശ്രദ്ധിച്ചിരുന്നു. (തിർമിദി)

അസ്വദ് (റ) നിവേദനം: നബി വീട്ടിൽ എന്തൊക്കെ ജോലികളാണ് ചെയ്തിരുന്നതെന്ന് ഞാൻ ആഇശ(റ)യോടു ചോദിച്ചു. അവർ പറഞ്ഞു: നബി വീട്ടു ജോലികളിൽ തന്റെ ഭാര്യമാരെ സഹായിക്കുമായിരുന്നു. എന്നാൽ നമസ്കാരത്തിന് സമയമായാൽ നബി (ﷺ) ജോലിനിർത്തി നമസ്കാരത്തിന്നായി പുറപ്പെടുമായിരുന്നു.
(ബുഖാരി, തിർമിദി, അഹ്മദ്)

കുഞ്ഞുങ്ങളോട് വാത്സല്യം കാണിച്ചു, കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു

അനസ് (റ)നിവേദനം: നബി(ﷺ) ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എനിക്ക് അബൂ ഉമൈർ എന്ന് പറയുന്ന ഒരു(കുഞ്ഞ്)സഹോദരനുണ്ടായിരുന്നു… അങ്ങനെ നബി(ﷺ)യുടെ അടുക്കൽ ചെന്നാൽ നബി പറയും. അബൂ ഉമൈർ നുഗൈർ എന്തായി. (നുഗൈർ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്) നബി (ﷺ) കളിതമാശയായിട്ടാണ് ഇത് പറഞ്ഞിരുന്നത്. (മുസ്‌ലിം)

അനാഥമക്കളെ കാരുണ്യത്തോടെ ചേർത്തു പിടിച്ചു

അസ്മാഅ് ബിൻത് ഉവൈസ് (റ) പറയുന്നു: റസൂൽ (ﷺ) എന്റെ അടുക്കൽവന്നു. (രക്തസാക്ഷിയായ) ജഅ്‌ഫറിന്റെ മക്കളെ(അടുത്തിരുത്തി)വാത്സല്യത്തോടെ മുഖത്തേക്കടുപ്പിക്കുന്നത് ഞാൻ കണ്ടു. നബി(ﷺ)യുടെ
കൺതടങ്ങൾ കവിഞ്ഞൊഴുകി….(തിർമിദി, ഇബ്‌നുമാജ)

സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്തു കൊണ്ട് സ്നേഹ ബന്ധങ്ങൾ നിലനിർത്തി

ആയിശ (റ) പറയുന്നു: നബി (ﷺ) പാരിതോഷികം സ്വീകരിക്കുകയും പകരം നൽകുകയും ചെയ്യുമായിരുന്നു.
(ബുഖാരി)

(തുടരും)

print

1 Comment

  • ഇങ്ങനെ നുണകൾ എഴുതാൻ നാണമില്ലേ?

    Vinod Kumar Edachery 03.05.2019

Leave a comment

Your email address will not be published.