മുസ്‌ലിമാകുന്നതുവരെ യുദ്ധം!

//മുസ്‌ലിമാകുന്നതുവരെ യുദ്ധം!
//മുസ്‌ലിമാകുന്നതുവരെ യുദ്ധം!
ആനുകാലികം

മുസ്‌ലിമാകുന്നതുവരെ യുദ്ധം!

: وعَن ابن عُمَر رَضِيَ اللَّه عنْهَما، قَالَ: قَالَ رَسُولُ اللَّهِ ﷺ

…أُمِرْتُ أَن أُقاتِلَ النَّاسَ حَتَّى يَشْهَدُوا أَن لا إِلهَ إِلاَّ اللَّه وأَنَّ مُحَمَّدًا رَسُولُ اللّ

ബ്‌നു ഉമർ (റ) നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ”അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാൻ കല്‍പിക്കപ്പെട്ടിരിക്കുന്നു….”

ഇസ്‌ലാം ഭീകരതയുടെയും തീവ്രതയുടെയും പ്രത്യയശാസ്ത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സാധാരണയായി ദുര്‍വ്യാഖ്യാനിക്കപ്പെടാറുള്ള ഒരു പ്രവാചകവചനമാണിത്. സാക്ഷ്യവചനമുച്ചരിച്ച് ഇസ്‌ലാമിലേക്കു കടന്നുവരാത്ത എല്ലാവരെയും കൊല്ലണമെന്നാണ് പ്രവാചക കല്‍പനയെന്ന് ഹദീഥിന്റെ (പവാചക വചനത്തിന്റെ) വിവര്‍ത്തനാര്‍ത്ഥവും പ്രത്യക്ഷാര്‍ത്ഥവും മുതലെടുത്ത് അവതരിപ്പിക്കുകയാണ് ദുര്‍വ്യാഖ്യാനക്കാർ ചെയ്യുന്നത്. അഥവാ ‘കാഫിറാ’യ അല്ലെങ്കില്‍ സത്യനിഷേധിയായ ഏതൊരുവനെയും വധിക്കണമെന്നും അയാള്‍ സമാധാനചിത്തനോ അക്രമിയോ എന്നൊന്നും അന്വേഷിക്കേണ്ടതില്ലെന്നും മുസ്‌ലിം നാമധാരികളായ ചില അല്‍പജ്ഞാനികളും ഹദീഥിനെ തെറ്റായി മനസ്സിലാക്കുന്നു.

വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായ ഹദീഥിലെ അഥവാ പ്രവാചകവചനത്തിലെ ഓരോ പദവും അതിന്റെ മൂലഭാഷയായ അറബിയില്‍ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ ഈ തെറ്റിദ്ധാരണകള്‍ മാറ്റാൻ സാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. പ്രവാചകവചനങ്ങളുടെ ശൈലീ വൈശിഷ്ട്യം, ഭാഷാസൂചനകള്‍, അറബി വ്യാകരണം, അലങ്കാര ശാസ്ത്രങ്ങള്‍, ഇസ്‌ലാമിക പ്രമാണങ്ങളുടെ അന്തഃസത്ത എന്നീ ചേരുവകള്‍ ചേര്‍ത്തുകൊണ്ടാണല്ലോ ഈ ഹദീഥിനെ നാം അവലോകനം ചെയ്യേണ്ടത്. ഈ ചേരുവകളെ മാറ്റിനിര്‍ത്തി കേവല വിവര്‍ത്തനത്തെ നിരൂപണം ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. മാത്രമല്ല ഹദീഥിന്റെ ഉദ്ദേശലക്ഷ്യവും സാഹചര്യവും പശ്ചാത്തലവും വളരെ പ്രസക്തമാണ്. നമ്മുടെ ദേശീയ ഗാനത്തിന്റെ കാര്യം തന്നെ നോക്കുക. ബ്രിട്ടീഷ് വൈസ്രോയിയെ പുകഴ്ത്തിക്കൊണ്ടാണ് യഥാര്‍ത്ഥത്തിൽ ദേശീയഗാനം ടാഗോർ രചിച്ചതെന്ന് ചില തല്‍പര കക്ഷികൾ ചമച്ചുണ്ടാക്കിയ വിവാദം ഉദാഹരണം. ടാഗോറിന്റെ കവിതയിലെ വരികളെ തെറ്റായി വ്യാഖ്യാനിക്കുകയോ അര്‍ത്ഥാന്തരങ്ങള്‍ കണ്ടെത്തുകയോ ഒന്നും ഈ ചരിത്ര ദുര്‍വ്യാഖ്യാനികള്‍ ചെയ്തില്ല. മറിച്ച് പശ്ചാത്തലവും സാഹചര്യവും ഉദ്ദേശവും ലക്ഷ്യവും മാറ്റികൊടുക്കുക മാത്രം ചെയ്തു. ഫലമോ, അലങ്കാരഭൂഷിതവും മഹാത്മങ്ങള്‍ക്കുടമയുമായ ഭാരതഭൂമിയുടെ വര്‍ണശബളവും ചേതോഹരവുമായ ഓരോ വിശേഷണങ്ങളും വാഴ്ത്തലുകളും ഒരു ബ്രിട്ടീഷ് അധികാരിയുടെ വിശേഷണങ്ങളും വര്‍ണനകളും വാഴ്ത്തലുകളുമായി പരിണമിച്ചു. അതാകട്ടെ ദേശീയ ഗാനത്തിന്റെ അന്തഃസത്തക്കും ദൗത്യത്തിനും നേര്‍വിപരീതവും! ഇതാണ് പശ്ചാത്തലത്തിന്റെ പ്രസക്തി.

അതുകൊണ്ട് തന്നെ മേല്‍സൂചിപ്പിച്ച നിരൂപണ ഉപാദികള്‍ എല്ലാം മാനിച്ചുകൊണ്ടുള്ള ഒരു അവലോകനമാണ് ഇവിടെ നാം ഉദ്ദേശിക്കുന്നത്.

‘ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’ (أُمِرْتُ ഉമിര്‍ത്തു) എന്നു പറഞ്ഞുകൊണ്ടാണ് ഹദീഥ് ആരംഭിക്കുന്നത്. അഥവാ ‘അല്ലാഹുവാല്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നര്‍ത്ഥം. ഇവിടെ ‘നിങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നോ ‘നാം കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നോ അല്ല ഹദീഥില്‍ വന്നിരിക്കുന്നത്. പ്രവാചക കാലഘട്ടത്തിലെ സവിശേഷമായ സാഹചര്യവുമായി ഹദീഥ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഈജിപ്തിലെ പരമോന്നത പണ്ഡിതസഭയിലെ (هيئة كبار العلماء ) അംഗമായ ഡോ.അലി ജുമുഅ അഭിപ്രായപ്പെട്ടിരിക്കുന്നത്.

(https://www.google.com/amp/s/m.youm7.com/amp/2016/7/18/)

ഇസ്‌ലാമിക ജീവിതവും പ്രബോധനവും അസാധ്യമോ ദുഷ്‌കരമോ ആക്കുന്നിടത്തോളം സാമൂഹിക വ്യവസ്ഥയും രാഷ്ട്രഘടനയും കിരാതമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. മുസ്‌ലിംകൾ നിരന്തരം വേട്ടയാടപ്പെട്ടു. മതസ്വാതന്ത്ര്യത്തിനായി പലായനം ചെയ്യേണ്ടിവന്നു പ്രവാചകനും അനുചരന്‍മാര്‍ക്കും. മദീനയില്‍ മതസ്വാതന്ത്ര്യവും സ്ഥിരതയുമുള്ള ഒരു ഇസ്‌ലാമിക സമൂഹം നിലവില്‍വന്നപ്പോൾ അതിനെയും തകര്‍ക്കാൻ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ശ്രമിക്കുകയുണ്ടായി. സ്വന്തം അസ്ഥിത്വ-വ്യക്തിത്വ പരിരക്ഷക്കായി മുസ്‌ലിംകൾ സായുധ പ്രതിരോധനത്തിനു നിര്‍ബന്ധിതരായി.

ഇനി ഇസ്‌ലാമിക പ്രബോധനത്തിന്റെ കാര്യമെടുക്കുക. താന്‍ വിശ്വസിക്കുന്ന ആദര്‍ശം ആചരിക്കലും പ്രചാരണം ചെയ്യലും ഒരു മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഐക്ക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ പ്രഖ്യാപനം പോലും ഉൽഘോഷിക്കുന്നു.

ഇസ്‌ലാം അനുസരിച്ചു ജീവിക്കാനും ഇസ്‌ലാമിക മതനിയമങ്ങളും ചിഹ്‌നങ്ങളും ആചരിക്കാനും അദര്‍ശ പ്രബോധനവും ഇസ്‌ലാമിക രാഷ്ട്രത്തിനപ്പുറം മറ്റു സമൂഹങ്ങളിലേക്കോ രാഷ്ട്രസീമകളിലേക്കോ വിട്ടുകടക്കാന്‍ കഴിയുന്നതായിരുന്നില്ല അക്കാലഘട്ടത്തിലെ രാഷ്ട്രീയ വ്യവസ്ഥ. മറിച്ച് രാജഭരണത്തിനോ കുലവാഴ്ചക്കോ കീഴില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലാത്ത കിരാതവും പ്രാകൃതവുമായിരുന്നു ഓരോ നാടും. ഇന്നത്തെപോലെ മറ്റൊരു നാട്ടില്‍ ചെന്ന് മതനിയമങ്ങളും ചിഹ്‌നങ്ങളും ആചരിച്ചും അനുസരിച്ചും ജീവിക്കുവാനോ പ്രചരിപ്പിക്കുവാനോ കഴിയാതിരുന്ന ഓട്ടോക്രാറ്റിക് രാജ്യങ്ങളോടുള്ള സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ധര്‍മസമരത്തിനു മുസ്‌ലിംകൾ നിര്‍ബന്ധിതരായി.

മേല്‍സൂചിപ്പിച്ച സായുധ സമരങ്ങള്‍ക്ക് രണ്ടിനുമുള്ള സാഹചര്യമോ കാരണമോ ഇന്നത്തെ ലോകരാഷ്ട്രങ്ങളുടെ വ്യവസ്ഥയിലോ വാഴ്ചയിലോ സ്വഭാവത്തിലോ പൊതുവേ നാം കാണുന്നില്ല. ഇസ്‌ലാമിക ജീവിതവും പ്രബോധന പ്രചാരണങ്ങളും അനുവദിക്കുന്ന സമാധാന സ്‌നേഹികളായ അമുസ്‌ലിംകളോടോ അവരുടെ രാഷ്ട്രങ്ങളോടോ യുദ്ധം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അപ്പോള്‍ ‘ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്ന പ്രയോഗത്തിലെ സൂചന കാലഘട്ടവുമായും ആ കാലഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയുടെ കിരാതവും പ്രാകൃതവുമായ സ്വഭാവവുമായും ബന്ധിതമായിരിക്കുന്നു എന്നര്‍ത്ഥം.

ഇനി (أَن أُقاتِلَ അ൯ ഉക്വാത്തില) ‘ഞാന്‍ യുദ്ധം ചെയ്യാൻ’ എന്ന അറബി പദമെടുക്കുക. ശഹാദത്ത് അഥവാ സാക്ഷ്യവചനങ്ങള്‍ ചൊല്ലാത്ത എല്ലാ അമുസ്‌ലിംകളെയും മനുഷ്യരെയും കൊല്ലണമെന്ന ഒരു സൂചന പോലും ഈ പദത്തിലില്ല. (أن أقتل അന്‍ അക്വ് തുല) ‘ഞാന്‍ കൊല്ലാൻ’ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നല്ല, മറിച്ച് (أَن أُقاتِلَ അന്‍ ഉക്വാത്തില) ‘ഞാന്‍ യുദ്ധം ചെയ്യാൻ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് പ്രവാചക വചനത്തിലുള്ളത്. ഈ വ്യത്യാസം ഇമാം ഇബ്‌നു ഹജർ അല്‍ അസ്ഖലാനി തന്റെ ‘ഫത്ഹുല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പ്രത്യേകം എടുത്തു പറയുന്നത് നമുക്ക് കാണാം.

”യുദ്ധം അനുവദിക്കപ്പെട്ടതുകൊണ്ട് വധിക്കാന്‍ അനുവദിക്കപ്പെടുന്നില്ല. കാരണം ‘യുദ്ധം’ (എന്നര്‍ത്ഥ വിവര്‍ത്തനം നല്‍കപ്പെടുന്ന) ‘മുക്വാത്തല’ (المقاتلة) എന്ന പദം ‘മുഫാഅല’ എന്ന ക്രിയാരൂപത്തിലാണ് (المفاعلة) വന്നിരിക്കുന്നത്. ഈ ക്രിയാരൂപമനുസരിച്ച് ക്രിയ (യുദ്ധം) രണ്ടു ഭാഗത്തുനിന്നും സംഭവിക്കണം. ‘ക്വത്‌ല്’ അഥവാ വധം എന്ന ക്രിയ (‘ക്രിയാ’രൂപമനുസരിച്ച്) ഒരാളില്‍നിന്നും സംഭവിച്ചാൽ മതി. ഇതേ അഭിപ്രായം തന്നെ ഇമാം ശാഫിഈയില്‍ നിന്നും ബൈഹക്വി ഉദ്ധരിക്കുന്നുണ്ട്. (ഫത്ഹുല്‍ ബാരി)

ഇമാം ഇബ്‌നു ദഖീഖുൽ ഈദ് ഇബ്‌നു ഹജറിന്റെ ഇതേ അഭിപ്രായം ഹദീഥിന്റെ വ്യാഖ്യാന മധ്യേ ആവര്‍ത്തിക്കുന്നുണ്ട്.

‘ക്വത്‌ല്’ വധം എന്ന പദവും ‘മുക്വാത്തല’ യുദ്ധം എന്ന പദവും (അറബി ഭാഷാ വ്യാകരണ നിയമമനുസരിച്ച്) അര്‍ത്ഥത്തിൽ വലിയ അന്തരമുണ്ട്. ‘മുക്വാത്തല’ എന്ന ഹദീഥില്‍ വന്ന പദം ‘മുഫാഅല’ എന്ന ക്രിയാരൂപത്തില്‍ നിന്നും വന്നതാണ്. രണ്ടു കക്ഷികള്‍ തമ്മിൽ പോരാടുമ്പോള്‍ മാത്രമേ ഈ ക്രിയാരൂപം ഉപയോഗിക്കൂ. ‘ക്വത്‌ല്’ (വധം) ഒരു കക്ഷിയില്‍ നിന്നും മാത്രം സംഭവിക്കുന്നതുമാണ്.” (ഇഫ്ഖാമുല്‍ അഹ്ഖാം ശര്‍ഹു ഉംദത്തുല്‍ അഹ്ഖാം)

‘കാഫിറു’കളെയെല്ലാം കൊല്ലണമെന്ന് പ്രവാചകവചനത്തിനു ഭാഷ്യം ചമക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ‘ഉക്വാതിലു’ എന്ന പദം. കൊലപാതകങ്ങള്‍, ചാവേറാക്രമണങ്ങൾ, വര്‍ഗീയ കലാപങ്ങൾ, ഒളി കൊലകള്‍, അക്രമ പടയോട്ടങ്ങൾ തുടങ്ങി ഏകപക്ഷീയമായ പോരാട്ടങ്ങൾ ഒന്നുമല്ല ‘മുക്വാത്തല’, രണ്ടു കക്ഷികള്‍ തമ്മിൽ രണഭൂമിയില്‍ ഏറ്റുമുട്ടുന്നതാണത്. യുദ്ധത്തിനു ഇസ്‌ലാം നിശ്ചയിച്ച നിര്‍ബന്ധ നിബന്ധനകളിൽ ഒരു രാഷ്ട്രവും നേതൃത്വവും ഉണ്ടാവുക എന്ന നിബന്ധന ഇവിടെ സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ രണ്ടു രാഷ്ട്രങ്ങള്‍ യുദ്ധത്തിനായി ഏറ്റുമുട്ടുന്നു എന്നതാണ് ഹദീഥിന്റെ പ്രമേയം. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നതോ, ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അക്രമിക്കുന്നതോ, ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിക്കുന്നതോ അല്ല ഹദീഥിലെ സന്ദര്‍ഭം.

ഹദീഥിലെ (حَتَّى) ‘വരെ’ എന്ന ദ്യോതകത്തെ വിശകലനം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല എന്നു സാക്ഷ്യം വഹിക്കുന്നതുവരെ യുദ്ധം ചെയ്യാന്‍… എന്നതിലെ ‘വരെ’ (حَتَّى ഹത്താ) എന്ന ദ്യോതകം രണ്ട് അര്‍ത്ഥത്തിലും വരാം; കാരണത്തെ സൂചിപ്പിക്കാനും (التعليل, അത്തഅ്‌ലീല്‍), സീമയെ അല്ലെങ്കില്‍ അറ്റത്തെ സൂചിപ്പിക്കാനും (الغاية അല്‍ഗായ) വരാം. ഇവിടെ കാരണത്തെ സൂചിപ്പിക്കാനല്ല, സീമയെ സൂചിപ്പിക്കാനാണ് ഹദീഥിന്റെ വാചകത്തില്‍ വന്നിരിക്കുന്നതെന്ന് എല്ലാ വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട് എന്ന് ശൈഖ് സ്വാലിഹ് അല്‍ ഉസൈമിന്‍ തന്റെ ‘ശര്‍ഹുൽ അര്‍ബഈന്‍’ എന്ന ഗ്രന്ഥത്തിൽ ഹദീഥിനെ വ്യാഖ്യാനിച്ചുകൊണ്ട് സൂചിപ്പിക്കുന്നതു കാണാം. അതായത് യുദ്ധം ഏതുവരെ ചെയ്യണം? യുദ്ധം അവസാനിപ്പിക്കേണ്ട സീമയേത്? എന്നൊക്കെയാണ് ഈ ഹദീഥ് ചര്‍ച്ച ചെയ്യുന്നത് എന്നര്‍ത്ഥം; യുദ്ധം ചെയ്യേണ്ടതിന്റെ കാരണമല്ല. ഇസ്‌ലാമിക രാഷ്ട്രവും ശത്രുരാഷ്ട്രവും തമ്മില്‍ യുദ്ധഭൂമിയിൽ ഏറ്റുമുട്ടുകയാണെങ്കില്‍ അവർ സത്യസാക്ഷ്യം നാവുകൊണ്ട് ഉരുവിടുന്നത് വരെ യുദ്ധം ചെയ്യാനേ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളൂ. അവര്‍ ആ സാക്ഷ്യം ആത്മാര്‍ത്ഥമായാണോ ഉച്ചരിച്ചത്, അവരുടെ മനസ്സില്‍ വിശ്വാസം ഉറച്ചിട്ടാണോ, അതോ മരണഭയത്താലാണോ അവര്‍ സാക്ഷ്യം ഉച്ചരിച്ചത് എന്നൊന്നും അന്വേഷിക്കേണ്ടതോ ചിന്തിക്കേണ്ടതോ ഇല്ല. യുദ്ധം പെട്ടെന്ന് അവസാനിപ്പിച്ചു കൊള്ളുക. ഈ പരിധി വരെ യുദ്ധം തുടരാനേ ഞാൻ കല്‍പിക്കപ്പെട്ടിട്ടുള്ളൂ, അതിനപ്പുറം പോകേണ്ടതില്ല എന്നാണ് ഹദീഥിന്റെ ചുരുക്കം. യുദ്ധപോരാട്ടത്തിനിടയില്‍ ശത്രുപക്ഷത്തെ ഒരാൾ സത്യസാക്ഷ്യം ഉച്ചരിച്ചിട്ടും അയാള്‍ താൻ വധിക്കുമെന്ന് ഭയപ്പെട്ടിട്ടാണ് സത്യസാക്ഷം ഉച്ചരിച്ചത്, ആത്മാര്‍ത്ഥമായല്ല എന്ന ന്യായം പറഞ്ഞ് ഒരാളെ വധിച്ച അനുചരനോട് പ്രചാവചകന്‍ ക്ഷുഭിതനായത് ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യം വ്യക്തമാണ്. ലോകത്തുള്ള കാഫിറുകളെല്ലാം (സത്യനിഷേധികള്‍) സത്യസാക്ഷ്യം ഉരുവിട്ട് ഇസ്‌ലാം സ്വീകരിപ്പിക്കാൻ വേണ്ടി യുദ്ധം ചെയ്യാനല്ല ഹദീഥ് കല്‍പിക്കുന്നത്. മറിച്ച് യുദ്ധമുണ്ടാവുകയാണെങ്കില്‍ ശത്രുക്കൾ സത്യസാക്ഷ്യം വഹിച്ചാൽ യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന കല്‍പനയും പാഠവുമാണ് ഹദീഥിലുള്ളത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യ പറയുന്നതു കാണുക:”ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അനുവദനീയമായ സീമയാണ് ഹദീഥ് സൂചിപ്പിക്കുന്നത്. അവര്‍ സത്യസാക്ഷ്യം വഹിച്ചുകഴിഞ്ഞാൽ പിന്നീട് അവരോടുള്ള യുദ്ധം അനുവദനീയമല്ല.

അപ്പോള്‍ ഹദീഥിന്റെ അര്‍ത്ഥം ഇതാണ്. ഈ അറ്റം വരെ യുദ്ധം ചെയ്യാനേ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളൂ; അതിനപ്പുറം യുദ്ധം ചെയ്യാൻ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല.

ലോകത്തുള്ള എല്ലാ മനുഷ്യരും ഈ സീമയിലെത്തുന്നതു വരെ (അഥവാ സാക്ഷ്യം ഉച്ചരിച്ചു മുസ്‌ലിമാകുന്നതുവരെ) അവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നല്ല ഈ ഹദീഥിനര്‍ത്ഥം. അപ്രകാരമൊരു അര്‍ത്ഥം സങ്കല്‍പിക്കൽ പ്രമാണങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിന്റെ ഏകാഭിപ്രായത്തിനും ഏതിരാണ്.

അങ്ങനെ, എല്ലാവരോടും അവര്‍ സാക്ഷ്യം വഹിക്കുന്നത് വരെ യുദ്ധം ചെയ്യുക എന്നത് പ്രവാചക ശ്രേഷ്ഠന്‍ ഒരിക്കലും ചെയ്തിട്ടില്ല. എന്നുമാത്രമല്ല തന്നോട് യുദ്ധം ചെയ്യാത്തവരോട് സമാധാനസന്ധിയുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം സൂചിപ്പിക്കുന്നു.”

(മിന്‍ഹാജുസ്സുന്ന: 8/516, കാഇദ: മുഖ്തസ്വ: ഫീ ക്വിതാലില്‍ കുഫ്ഫാർ വ മുഹാദനത്തിഹിം: 95, 96)

സത്യസാക്ഷ്യം ഉച്ചരിച്ചവന്റെ ഹൃദയത്തിലെന്താണ് വിശ്വാസമെന്ന് ചൂഴ്ന്നന്വേഷിക്കാതെ വെറുതെ വിടുകയും യുദ്ധമവസാനിപ്പിക്കുകയും വേണമെന്നാണ് ഹദീഥില്‍ നിന്നും മനസ്സിലാകുന്നതെന്ന് ഇമാം ക്വസ്ത്വല്ലാനി ‘ഇര്‍ശാദുസ്സാരി’യിലും വ്യക്തമാക്കുമ്പോള്‍ ഹദീഥിനെ നേര്‍വിപരീതാര്‍ത്ഥത്തിലാണ് പലരും മനസ്സിലാക്കിയതെന്നു സുതരാം വ്യക്തമാകുന്നു.

(‘വിശപ്പ്‌ മാറുന്നത്‌ വരെ കഴിക്കുക’ എന്ന് പറഞ്ഞാൽ കഴിക്കുന്നത്‌ അവസാനിപ്പിക്കാനുള്ള സീമയെ കുറിച്ച്‌ മാത്രമല്ല എന്നു കഴിക്കുന്നതിന്റെ കാരണം വിശപ്പാണെന്നും മനസ്സിലാക്കി കൂടെ ? എന്നൊരാൾ ചോദിച്ചാൽ അതിനുള്ള ഉത്തരമിതാണ്:

റമളാൻ മാസത്തിലെ രാവുകളിൽ ഭാര്യമാരോടുള്ള സംസർഗ്ഗം പുലർച്ച ‘വരെ’ ഖുർആൻ അനുവദിച്ചു. നേരം പുലരും ‘വരെ’ തിന്നുകയും കുടിക്കുകയും ചെയ്യുക എന്നും ഖുർആൻ കൽപ്പിക്കുന്നുണ്ട്. (വിശുദ്ധ ഖുർആൻ: 1:187)

നേരം പുലരും ‘വരെ’ തിന്നാനും കുടിക്കാനും സംയോഗിക്കാനും പറഞ്ഞത് കേട്ട് ആരെങ്കിലും നേരം പുലരാൻ ‘വേണ്ടി’ തിന്നുകയും കുടിക്കുകയും സംയോഗിക്കുകയും ചെയ്യുമോ?!

“പുലരും വരെ തിന്നുക” എന്നതിലെ ‘ വരെ’യും “വിശപ്പു മാറുന്നതു വരെ തിന്നുക” എന്നതിലെ ‘വരെ’യും രണ്ടും രണ്ടർത്ഥത്തിലാണെന്നാണ് ലേഖനത്തിൻറെ ചുരുക്കം. ഇതു മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും കഴിയും.

‘വരെ’ എന്ന ദ്യോതകം അറബിയിലും ഈ രണ്ട് അർഥത്തിലും വരാം. ‘നേരം പുലരും വരെ തിന്നുക’ എന്ന വിശുദ്ധ ഖുർആനിലെ കല്പനയിലെ ‘വരെ’ ‘കാരണം പറയാൻ’ അല്ലല്ലോ (നേരം വെളുക്കാൻ വേണ്ടി തിന്നുക എന്നർത്ഥം വെക്കാൻ പറ്റില്ലല്ലോ) മറിച്ച് സീമയെ സൂചിപ്പിക്കാനാണ്. അത്താഴം കഴിക്കുകയാണെങ്കിൽ നേരം പുലരുംവരെ കഴിക്കുക, അതിനപ്പുറം പോകരുത് എന്നാണ് ആയത്തിലെ ‘വരെ’.

ഇതുപോലെതന്നെ “ശഹാദത്ത് ചൊല്ലും വരെ യുദ്ധം ചെയ്യുക” എന്നതിലെ വരെ സീമയെ സൂചിപ്പിക്കാനാണ്. അഥവാ യുദ്ധമുണ്ടായാൽ ശത്രുക്കൾ ശഹാദത്ത് ചൊല്ലുന്നത് വരെ യുദ്ധം ചെയ്താൽ മതി. അതിനപ്പുറം അവർ മനസ്സിനുള്ളിൽ ഈമാൻ സ്വീകരിച്ചുവോ അതോ വാളിനെ ഭയപ്പെട്ടാണോ മുസ്‌ലിമായത് എന്നൊന്നും നോക്കേണ്ട എന്നതാണ് ഹദീസിന്റെ ഉദ്ദേശം. അതല്ലാതെ ലോകത്തുള്ള എല്ലാവരും ഇസ്‌ലാം സ്വീകരിക്കുന്നതുവരെ യുദ്ധം ചെയ്യണം, അതാണ് യുദ്ധത്തിന് കാരണം എന്നല്ല…
ഇതാണ് ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ്യ അടക്കം പല പണ്ഡിതന്മാരും ഹദീസിന് നൽകിയ വ്യാഖ്യാനം.
ഇസ്‌ലാം സ്വീകരിക്കാൻ ‘വേണ്ടി’/ ശഹാദത്ത് ഉച്ചരിക്കാൻ ‘വേണ്ടി’ ആയിരുന്നു യുദ്ധംചെയ്യാൻ കൽപ്പിച്ചത് എങ്കിൽ പുരോഹിതന്മാരെയും, മഠങ്ങളിലെ സന്യാസിമാരെയും, കൊല്ലരുതെന്ന് സൈന്യത്തോട് പ്രവാചകൻ എന്തിന് കല്പിച്ചു? പുരോഹിതന്മാരും സന്യാസികളുമല്ലെ ശിർക്കിന്റെയും കുഫ്‌റിന്റെയും അപ്പോസ്തലന്മാർ? കുട്ടികളോടും സ്ത്രീകളോടും യുദ്ധം ചെയ്യരുതെന്ന് എന്തിന് പറഞ്ഞു? മദീനയിൽ ജൂത ഗോത്രങ്ങളുമായി എന്തിന് സന്ധിയുണ്ടാക്കി അവരെ പൊറുപ്പിച്ചു? മക്കയിലെ മുശ്രിക്കുകളോട് എന്തിന് സമാധാന സന്ധിയുണ്ടാക്കി? മക്കാ വിജയദിവസം മുശ് രിക്കുകളെ എന്തിനു വെറുതേവിട്ടു?
ഉത്തരം ലളിതം. ശഹാദത്ത് ഉച്ചരിക്കാൻ വേണ്ടി, ഇസ്‌ലാം സ്വീകരിപ്പിക്കാൻ വേണ്ടി ഒരു യുദ്ധം ഇസ്‌ലാമിൽ ഇല്ല.

വരെ (حَتَّى)എന്ന ദ്യോതകം ഹദീസിൽ വന്നിരിക്കുന്നത് ‘സീമയെ സൂചിപ്പിക്കാനാണ്’ (الغاية) അല്ലാതെ ‘കാരണം പറയാനല്ല’ (التعليل) എന്ന് എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കി.

ഈ ഹദീഥിൽ വന്ന ‘ജനങ്ങള്‍’ (النَّاسَ അന്നാസ്) എന്ന പദം പരിശോധനാ വിധേയമാക്കുകകൂടി ചെയ്യേണ്ടതുണ്ട്. സത്യസാക്ഷ്യം ഉരുവിടുന്നതു വരെ ‘ജനങ്ങളോടു ഞാന്‍ യുദ്ധം ചെയ്യാൻ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നതിലെ ‘ജനങ്ങള്‍’ (النَّاسَ) അഥവാ ‘അന്നാസ്’ എന്ന പദം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ‘പൊതുവായ’ (العام) പദമാണെങ്കിലും ആ പദം കൊണ്ടുദ്ദേശിച്ചത് ‘പ്രത്യേക’ (الخاص) വിഭാഗക്കാരെയാണ്. ഇങ്ങനെ പൊതുവായ പദം പ്രയോഗിച്ച് പ്രത്യേക വിഭാഗത്തെ ഉദ്ദേശിക്കുന്ന ശൈലി (اللفظ العام أريد به الخاص) അറബിയില്‍ സാധാരണമാണ്. وَيُكَلِّمُ النَّاسَ فِي الْمَهْدِ…

മഹാനായ പ്രവാചകന്‍ ഈസ (അ) തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ ‘ജനങ്ങളോട്’ സംസാരിച്ചു (ആലു ഇംറാൻ:46) വെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അവിടെ പ്രയോഗിച്ച ‘അന്നാസ്’ അഥവാ ‘ജനങ്ങള്‍’ കൊണ്ടുദ്ദേശം ലോകത്തുള്ള സര്‍വ ജനങ്ങളുമല്ലല്ലോ. ഈസാ നബി (അ) സംസാരിച്ചത് ഇസ്‌റാഈല്യരാകുന്ന ‘ജനങ്ങളോ’ടാണ്.

وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ

‘ജനങ്ങളോട്’ ഹജ്ജിന്റെ വിളംബരം ചെയ്യാന്‍ പ്രവാചകനോട് അല്ലാഹു കല്‍പിക്കുന്നുണ്ട്. (ഹജ്ജ്:27) ഇവിടെ ‘അന്നാസ്’ അഥവാ ‘ജനങ്ങള്‍’ എന്നതുകൊണ്ടുദ്ദേശ്യം ഹജ്ജിനായി ഉദ്ദേശിക്കുന്ന മുസ്‌ലിംകളാണ്.

മറ്റൊരിടത്ത് ഖുര്‍ആൻ ഇപ്രകാരം പ്രസ്താവിക്കുന്നു: ”ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണം എന്നു ‘ജനങ്ങള്‍’ അവരോട് പറഞ്ഞപ്പോൾ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്…” (ആലു ഇംറാൻ: 173)

ഇവിടെ സൈന്യത്തെ ശേഖരിച്ച ‘ജനങ്ങള്‍’ അഥവാ ‘അന്നാസ്’ പ്രവാചകനോടും അനുചരന്‍മാരോടും യുദ്ധം പ്രഖ്യാപിച്ച അക്കാലഘട്ടത്തിലെ മക്കയിലെ അക്രമികളായ സത്യനിഷേധികളാണ്. അവരെ ഭയപ്പെടണമെന്ന് വിശ്വാസികളെ ഭയപ്പെടുത്തിയ ‘ജനങ്ങള്‍’ അഥവാ ‘അന്നാസ്’ മദീനയിലുണ്ടായിരുന്ന കപടവിശ്വാസികളാണ്.

ചുരുക്കത്തില്‍ ‘ജനങ്ങള്‍’ എന്ന് അര്‍ത്ഥ വിവര്‍ത്തനം വരുന്ന ‘അന്നാസ്’ എന്ന അറബി പദം കൊണ്ട് ലോകത്തെ എല്ലാ ജനങ്ങളെയും ഉദ്ദേശിക്കുന്നില്ല. ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തെയാണ്. ഇത് എല്ലാ ഭാഷയിലും സാധാരണമായി കണ്ടുവരുന്ന ഒരു ശൈലിയാണ്. ‘ഹെലന്റെ സൗന്ദര്യം കണ്ട് ‘മാലോകര്‍’ നിർനിമേഷരായി നിന്നു പോയി എന്നു ഹോമർ പാടുമ്പോള്‍ അവിടെ ഉദ്ദേശിക്കപ്പെ ടുന്ന ‘മാലോകര്‍’ ഹെലനെ നേരിട്ടുകണ്ട ഗ്രീസിലെ ജനക്കൂട്ടം മാത്രമാണല്ലോ.

‘ജനങ്ങളോട്’ യുദ്ധം ചെയ്യാന്‍ ഞാൻ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നതിലെ ‘ജനങ്ങള്‍’ (النَّاسَ) എന്ന പദത്തിനുപകരം ബഹുദൈവാരാധകര്‍ (المشركين അല്‍ മുശ്‌രിക്കീന്‍) എന്ന പദത്തോടെയാണ് ഇമാം നസാഈ ഈ ഹദീഥിനെ നിവേദനം ചെയ്തിരിക്കുന്നത്. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വേദക്കാർ അഥവാ ജൂതക്രൈസ്തവർ ഹദീഥിലെ യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ട ‘ജനങ്ങളില്‍’ നിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് ഏതാണ്ടെല്ലാ ഹദീഥ് വ്യാഖ്യാതാക്കളായ മുസ്‌ലിം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. (ഫത്ഹുല്‍ ബാരി)

മുസ്‌ലിംകളുമായി യുദ്ധനിരോധന കരാറിലോ സമാധാന സന്ധിയിലോ (അല്‍ മുആഹദ المعاهدة، അല്‍ മുഹാദന المهادنة ) ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ മുസ്‌ലിംകളുടെ സംരക്ഷണത്തിൽ പൂര്‍ണ മത സ്വാതന്ത്ര്യത്തോടെ ‘ജിസ്‌യ’ അഥവാ ‘കപ്പം’ നല്‍കി കഴിയുന്നവരായ (أهل الذمة) ബഹുദൈവാരാധകനും ഈ യുദ്ധം പ്രഖ്യാപിക്കപ്പെട്ട ‘ജനങ്ങളില്‍’ നിന്നും ഒഴിവാണെന്നതിലും ലോക മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയിൽ ഏകാഭിപ്രായം (ഇജ്മാഅ് الإجماع) ഉണ്ടെന്നും ഇമാം ബദറുദ്ദീന്‍ അല്‍ ഐനി, ‘ഉംദത്തുല്‍ ഖാരി’യില്‍ വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ചക്കു വിധേയമായ ഹദീഥ് ‘ജിസ്‌യ’, മുഹാദന, മുആഹദ തുടങ്ങിയ യുദ്ധവര്‍ജന മാര്‍ഗങ്ങൾ ഇസ്‌ലാം ആവിഷ്‌കരിക്കുന്നതിന് മുമ്പുള്ളതാണെന്നും ഇത്തരം സമാധാന കരാറുകളും ഉടമ്പടികളും ആവിഷ്‌കരിക്കപ്പെട്ടപ്പോൾ ഹദീഥിൽ അടങ്ങിയ യുദ്ധനിയമത്തിൽ ലഘൂകരണമുണ്ടാവുകയും ചെയ്തുവെന്നും ഇമാം ബദറുദ്ദീന്‍ അൽ ഐനി നിരീക്ഷിക്കുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ യുദ്ധത്തിന് മുസ്‌ലിംകൾ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് പ്രവാചകന്റെ ഈ പ്രസ്താവനയെന്നര്‍ത്ഥം!

ചുരുക്കത്തില്‍ വേദക്കാരും, യുദ്ധ നിരോധന കരാറിലോ സമാധാന സന്ധിയിലോ കഴിയുന്ന ബഹുദൈവാരാധകരും യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ട ജനങ്ങളിൽ ഉള്‍പ്പെടുന്നില്ല. എന്നു മാത്രമല്ല സമാധാന കരാറില്‍ ജീവിക്കുന്ന അമുസ്‌ലിംകളെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്നു പ്രവാചകൻ താക്കീത് ചെയ്തു.(ബുഖാരി:2947)

എങ്കില്‍ ജനങ്ങളിലെ ഏതു വിഭാഗത്തോടാണ് യുദ്ധം ചെയ്യാൻ കല്‍പിക്കപ്പെട്ടത് എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനുത്തരം ഇമാം ഇബ്‌നുൽ അറബി പറയുന്നത് കാണുക:

”ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാനുള്ള കല്‍പന പൊതുവായ ഭാഷയിലാണ് പ്രയോഗിക്കപ്പെട്ടതെങ്കിലും പ്രവാചകവചനം അത് ഒരു പ്രത്യേക വിഭാഗം ബഹുദൈവാരാധകരോടാണ് എന്നു സ്ഥാപിക്കുന്നു. സ്ത്രീകള്‍, കുട്ടികൾ, മതപുരോഹിതർ, സാധാരണക്കാർ എന്നിവർ യുദ്ധം ചെയ്യപ്പെടുന്നവരില്‍ നിന്നും പ്രവാചകൻ (സ) പ്രത്യേകമായി ഒഴിവാക്കി. അപ്പോള്‍ അവശേഷിക്കുന്നവര്‍: യുദ്ധം ചെയ്യുന്ന അല്ലെങ്കില്‍ യുദ്ധത്തിനും ഉപദ്രവത്തിനും തയ്യാറായ ബഹുദൈവാരാധകരാണ്. അപ്പോള്‍ ‘ബഹുദൈവാരാധകരോട് യുദ്ധം ചെയ്യുക’ എന്നതിനര്‍ത്ഥം ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരായ ബഹുദൈവാരാധകരാണ്’. (അഹ്കാമുല്‍ ഖുര്‍ആ൯: 4/177)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ്യ (റ) പറയുന്നു: ”പ്രവാചക വചനത്തില്‍ ‘ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാൻ കല്‍പിക്കപ്പെട്ടിരിക്കുന്നു’ എന്നതിലെ ‘ജനങ്ങള്‍’ കൊണ്ടുദ്ദേശം; മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്നവരോട് എന്നാണ്. ഇത്തരക്കാരോട് യുദ്ധം ചെയ്യാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. സമാധാന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമുസ്‌ലിംകളോട് യുദ്ധം ചെയ്യാനല്ല ഹദീഥിന്റെ ഉദ്ദേശം; അത്തരക്കാരോട് കരാര്‍ പാലിക്കാനാണ് അല്ലാഹു കല്‍പിച്ചിരിക്കുന്നത്.” (മജ്മൂഉല്‍ ഫതാവാ 20/19)

ഇബ്‌നുല്‍ ഖയ്യിം (റ) പറയുന്നു: ”മതത്തില്‍ ബലാല്‍ക്കാരമില്ല; സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു” (അല്‍ ബക്വറ: 256) എന്ന അല്ലാഹുവിന്റെ കല്‍പനയെ പ്രവാചകൻ ശിരസാവഹിച്ചു. മതത്തിന്റെ കാര്യത്തില്‍ ആരെയും ഒരു നാളും അദ്ദേഹം നിര്‍ബന്ധം ചെലുത്തിയില്ല. തന്നോട് യുദ്ധം ചെയ്തവരോട് മാത്രമേ അദ്ദേഹം യുദ്ധം ചെയ്തുള്ളൂ. ആരൊക്കെ അദ്ദേഹത്തോട് സമാധാന സന്ധിയിലോ ഉടമ്പടിയിലോ വര്‍ത്തിച്ചുവോ അവരോട് അദ്ദേഹം യുദ്ധം ചെയ്തില്ല; അവരെ തന്റെ മതത്തിലേക്ക് നിര്‍ബന്ധപൂര്‍വം പ്രവേശിപ്പിക്കാൻ ശ്രമിച്ചതുമില്ല….. അദ്ദേഹം ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയിട്ടില്ല എന്നുള്ളത്‌ പ്രവാചകന്റെ (സ) ജീവചരിത്രത്തെ സംബന്ധിച്ച് ചിന്തിക്കുന്നവര്‍ക്കെല്ലാം വ്യക്തമാകുന്ന കാര്യമാണ്. ഇങ്ങോട്ട് യുദ്ധം ചെയ്തവരോട് അങ്ങോട്ടും യുദ്ധം ചെയ്തു. സന്ധിയിലേര്‍പ്പെട്ടവരുമായി അവർ സമാധാന കരാർ ലംഘിക്കുന്നതുവരെ ഒരിക്കലും യുദ്ധം ചെയ്തതുമില്ല. അദ്ദേഹം മദീനയിലെത്തിയപ്പോള്‍ ജൂതന്‍മാരുമായി സന്ധിയുണ്ടാക്കി, അവരുടെ മതസ്വാതന്ത്ര്യം അവര്‍ക്കംഗീകരിച്ചുകൊടുത്തു. എന്നാല്‍ ജൂതന്മാർ അദ്ദേഹത്തോട് യുദ്ധം ചെയ്യുകയും കരാര്‍ കാറ്റിൽ പറത്തുകയും ചെയ്തപ്പോള്‍ അദ്ദേഹം തിരിച്ചും യുദ്ധം ചെയ്തു. പ്രസ്തുത യുദ്ധത്തിൽ തന്നെ ചിലരോട് അദ്ദേഹം ഔദാര്യം ചെയ്ത് വിട്ടയച്ചു. ഖുറൈശികളുമായി പത്തുവർഷത്തോളം യുദ്ധ നിരോധ കരാറിൽ ഏർപ്പെട്ടപ്പോഴുമുള്ള അവസ്ഥയും അതുതന്നെയായിരുന്നു. അദ്ദേഹം യുദ്ധമാരംഭിച്ചില്ല. ഖുറൈശികളാണ് കരാർ ലംഘിക്കുകയും യുദ്ധമാരംഭിക്കുകയും ചെയ്തത്. അപ്പോൾ മാത്രമാണ് അദ്ദേഹം തിരിച്ചും അവരോട് യുദ്ധം ചെയ്തത്. സത്യനിഷേധികൾ തന്നെയാണ് ഉഹ്ദിലും ഖൻദക്കിലും ബദ്റിലും അദ്ദേഹത്തോട് യുദ്ധംചെയ്യാൻ പുറപ്പെട്ടത്. അവർ യുദ്ധം ചെയ്യാതെ മടങ്ങി പോയിരുന്നെങ്കിൽ അവരുമായി അദ്ദേഹം യുദ്ധം ചെയ്യുമായിരുന്നില്ല. ചുരുക്കത്തിൽ പ്രവാചകൻ (സ) ആരെയും തൻറെ മതത്തിലേക്ക് നിർബന്ധിച്ച് പരിവർത്തിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. മറിച്ച് ജനങ്ങളാണ് തങ്ങളുടെ തിരഞ്ഞെടുപ്പാലോ അനുസരണ പൂർവമോ ഇസ്‌ലാം ആശ്ലേഷിച്ചത്”.(ഹിദായത്തുൽ ഹയാറ: 1/12)

print

9 Comments

  • സൂറത്തുൽ അൻഫൽ 12 റാം ആയത്തും ഇസ്ലാം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുരുപയോഗം ചെയ്യുന്തിതിന്റെ വസ്തുത എന്ത്

    Sakkeer 04.03.2019
  • വളരെ വളരെ മികച്ച ന്യായീകരണം…😂
    ശഹാദത്ത്‌ പറയുന്നത്‌ വരെ യുദ്ധം ചെയ്യണമെന്നത്‌ കൊണ്ടുള്ള വിവക്ഷ അത്‌ അവസാനിപ്പിക്കേണ്ട സീമയെ കുറിച്ചാണു അല്ലാതെ യുദ്ധത്തിന്റെ കാരണത്തെ കുറിച്ചല്ലാത്രെ😂 ‘വിശപ്പ്‌ മാറുന്നത്‌ വരെ കഴിക്കുക’ എന്ന് പറഞ്ഞാൽ കഴിക്കുന്നത്‌ അവസാനിപ്പിക്കാനുള്ള സീമയെ കുറിച്ച്‌ മാത്രമല്ലാന്നും കഴിക്കുന്നതിന്റെ കാരണം വിശപ്പാണെന്നും മനസ്സിലാക്കാനുള്ള സാമാന്യ യുക്തി പൊതുജനത്തിനു ഉണ്ട്‌ ഹേ… നിങ്ങൾ പറയുന്നതെന്തും അണ്ണാക്ക്‌ തൊടാതെ വിഴുങ്ങുന്നവർക്ക്‌ ഇത്‌ മികച്ച ഒരിതാകും, അത്യാവശ്യം വിവേകമുള്ള പൊതുജനത്തിന്റെ അടുക്കൽ ഇത്‌ കൊണ്ട്‌ വരല്ലേ…
    എന്ത്‌ പ്രഹസനമാണു ബ്രോ…😂

    Muneer 04.03.2019
    • റമളാൻ മാസത്തിലെ രാവുകളിൽ ഭാര്യമാരോടുള്ള സംസർഗ്ഗം പുലർച്ച ‘വരെ’ ഖുർആൻ അനുവദിച്ചു. നേരം പുലരും ‘വരെ’ തിന്നുകയും കുടിക്കുകയും ചെയ്യുക എന്നും ഖുർആൻ കൽപ്പിക്കുന്നുണ്ട്. (വിശുദ്ധ ഖുർആൻ: 1:187  )

      നേരം പുലരും ‘വരെ’ തിന്നാനും കുടിക്കാനും സംയോഗിക്കാനും പറഞ്ഞത് കേട്ട് ആരെങ്കിലും നേരം പുലരാൻ ‘വേണ്ടി’ തിന്നുകയും കുടിക്കുകയും സംയോഗിക്കുകയും ചെയ്യുമോ, ബ്രോ?

      “പുലരും വരെ തിന്നുക” എന്നതിലെ ‘ വരെ’യും “വിശപ്പു മാറുന്നതു വരെ തിന്നുക” എന്നതിലെ ‘വരെ’യും രണ്ടും രണ്ടർത്ഥത്തിലാണെന്നാണ് ലേഖനത്തിൻറെ ചുരുക്കം. ഇതു മനസ്സിലാക്കാൻ -താങ്കൾ പറഞ്ഞതുപോലെ -സാമാന്യ ബുദ്ധിയുള്ള പൊതുജനത്തിന് കഴിയും എന്നു പ്രതീക്ഷിക്കുന്നു.

      ‘വരെ’ എന്ന ദ്യോതകം അറബിയിലും ഈ രണ്ട് അർഥത്തിലും വരാം. ‘നേരം പുലരും വരെ തിന്നുക’ എന്ന വിശുദ്ധ ഖുർആനിലെ കല്പനയിലെ ‘വരെ’   ‘കാരണം പറയാൻ’ അല്ലല്ലോ (നേരം വെളുക്കാൻ വേണ്ടി തിന്നുക എന്നർത്ഥം വെക്കാൻ പറ്റില്ലല്ലോ) മറിച്ച് സീമയെ സൂചിപ്പിക്കാനാണ്. അത്താഴം കഴിക്കുകയാണെങ്കിൽ നേരം പുലരുംവരെ കഴിക്കുക, അതിനപ്പുറം പോകരുത് എന്നാണ് ആയത്തിലെ ‘വരെ’.
      ഇതുപോലെതന്നെ “ശഹാദത്ത് ചൊല്ലും വരെ യുദ്ധം ചെയ്യുക” എന്നതിലെ വരെ സീമയെ സൂചിപ്പിക്കാനാണ്. അഥവാ യുദ്ധമുണ്ടായാൽ ശത്രുക്കൾ ശഹാദത്ത് ചൊല്ലുന്നത് വരെ യുദ്ധം ചെയ്താൽ മതി. അതിനപ്പുറം അവർ മനസ്സിനുള്ളിൽ ഈമാൻ സ്വീകരിച്ചുവോ അതോ വാളിനെ ഭയപ്പെട്ടാണോ മുസ്ലിമായത് എന്നൊന്നും നോക്കേണ്ട എന്നതാണ് ഹദീസിന്റെ ഉദ്ദേശം. അതല്ലാതെ ലോകത്തുള്ള എല്ലാവരും ഇസ്ലാം സ്വീകരിക്കുന്നതുവരെ യുദ്ധം ചെയ്യണം, അതാണ് യുദ്ധത്തിന് കാരണം എന്നല്ല…
      ഇതാണ് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ്യ അടക്കം പല പണ്ഡിതന്മാരും ഹദീസിന് നൽകിയ വ്യാഖ്യാനം.
      ഇസ്ലാം സ്വീകരിക്കാൻ ‘വേണ്ടി’/ ശഹാദത്ത് ഉച്ചരിക്കാൻ ‘വേണ്ടി’ ആയിരുന്നു യുദ്ധംചെയ്യാൻ കൽപ്പിച്ചത് എങ്കിൽ പുരോഹിതന്മാരെയും, മഠങ്ങളിലെ സന്യാസിമാരെയും, കൊല്ലരുതെന്ന് സൈന്യത്തോട് പ്രവാചകൻ എന്തിന് കല്പിച്ചു? പുരോഹിതന്മാരും സന്യാസികളുമല്ലെ ശിർക്കിന്റെയും കുഫ്‌റിന്റെയും  അപ്പോസ്തലന്മാർ? കുട്ടികളോടും സ്ത്രീകളോടും യുദ്ധം ചെയ്യരുതെന്ന് എന്തിന് പറഞ്ഞു? മദീനയിൽ ജൂത ഗോത്രങ്ങളുമായി എന്തിന് സന്ധിയുണ്ടാക്കി അവരെ പൊറുപ്പിച്ചു? മക്കയിലെ മുശ് രിക്കുകളോട് എന്തിന് സമാധാന സന്ധിയുണ്ടാക്കി? മക്കാ വിജയദിവസം മുശ് രിക്കുകളെ എന്തിനു വെറുതേവിട്ടു?
      ഉത്തരം ലളിതം. ശഹാദത്ത് ഉച്ചരിക്കാൻ വേണ്ടി, ഇസ്ലാം സ്വീകരിപ്പിക്കാൻ വേണ്ടി ഒരു യുദ്ധം ഇസ്ലാമിൽ ഇല്ല, ബ്രോ.

      വരെ (حَتَّى)എന്ന ദ്യോതകം ഹദീസിൽ വന്നിരിക്കുന്നത് ‘സീമയെ സൂചിപ്പിക്കാനാണ്’ (الغاية) അല്ലാതെ ‘കാരണം പറയാനല്ല’ (التعليل) എന്ന് എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയത് ലേഖനത്തിൽ സൂചിപ്പിച്ചിട്ടുമുണ്ട്, ബ്രോ..

      Mishal Salem 04.03.2019
      • Good reply👍

        Favas 14.03.2019
  • good… Masha Allah…shukran jazakallahu khair…

    AFREEN 04.03.2019
  • good replay MaSha Allah

    abu barza 04.03.2019
  • Masha Allah… Good Ariticle

    Abu Fatih 05.03.2019
  • മിഷാൽ സാലിമിന്റെ മറുപടി മുനീറിന്റെ വായടക്കിയിട്ടുണ്ട്. മിഷാലേ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. മുനീറിനെ ഓർമ്മിപ്പിക്കാനുള്ളത് വിശുദ്ധ ഖുർആനിലെ അദ്ധ്യായം 61 ലെ 8,9 വചനങ്ങളാണ്.

    Muhsin 05.03.2019
  • 👍

    Salil P. M. 05.03.2019

Leave a comment

Your email address will not be published.