മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -6

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -6
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -6
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -6

ഫെമിനിസം: മുതലാളിത്ത ചതുരംഗപ്പലകയിലെ ‘രാജ്ഞി’

സ്ത്രീക്കും പുരുഷനും തുല്യമായ ലൈംഗികസ്വാതന്ത്ര്യം നൽകണമെന്ന് വാദിക്കുമ്പോൾ ആ ‘തുല്യമായ സ്വാതന്ത്ര്യ‘ത്തിൽ നിന്നും വ്യുൽപ്പന്നമാകുന്ന അനന്തരഫലവും ഇരു കക്ഷികളിലും ഉളവാക്കുന്ന സ്വാധീനവും സമമാകേണ്ടതുണ്ട്. എന്നാൽ ഇത്തരം ലൈംഗികബന്ധത്തിലൂടെ പുരുഷനുണ്ടാകുന്ന ശാരീരികവും മാനസികവുമായ അനന്തരഫലവും സ്വാധീനവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അനന്തരഫലത്തോടും സ്വാധീനത്തോടും പ്രകൃതിപരമായി വ്യത്യസ്തപ്പെടുന്നു. മാനസികമായി വൈകാരിക പ്രഹേളികയിൽ സ്ത്രീ അകപ്പെടുമ്പോൾ പുരുഷന് അനായാസം മനസ്സിൽ നിന്നും ഇത്തരം ബന്ധങ്ങളെ വലിച്ചെറിയാൻ കഴിയുന്നു. ശാരീരികമായാണെങ്കിൽ സ്ഖലനത്തോടെ ഈ ‘ബന്ധത്തോടു‘ള്ള പുരുഷന്റെ ബന്ധം അവസാനിക്കുമ്പോൾ സ്ത്രീയുടെ ശരീരത്തിൽ അതിന്റെ ജൈവശാസ്ത്രപരമായ സ്വാധീനം ആരംഭിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ഇത്തരം പ്രകൃതിപരമായ വ്യത്യാസം പരിഗണിക്കാതെ പോയതാണ് സ്ത്രീ പുരുഷ സമത്വമെന്ന ഫെമിനിസ്റ്റ് വാദഗതിയെ ഒരു ഉട്ടോപ്യൻ ആശയമാക്കുന്നതെന്ന് ‘കാതറിൻ കെർസ്റ്റെൻ‘ അഭിപ്രായപ്പെടുന്നു. (False feminism: How we got from sexual liberation to #metoo”, Feb 2019, firstthings.com) ‘ലൈംഗിക വിമോചന‘ത്തിൽ നിന്നും ‘#metoo‘വിലേക്ക് സ്ത്രീസമൂഹം എത്തിച്ചേരാൻ കാരണം ഫെമിനിസത്തിന്റെ ‘സ്ത്രീപുരുഷ സമത്വവാദ‘മെന്നതാണ് ലേഖനത്തിൻറെ പ്രമേയം.

കാതറിൻ കെർസ്റ്റൺ എഴുതുന്നു: “സിനിമകൾ, ടെലിവിഷൻ ഷോകൾ, വീഡിയോ ഗെയിമുകൾ എന്നിവ പതിവായി സ്ത്രീകളെ പുരുഷ കളിപ്പാവകളായി ചിത്രീകരിക്കുന്നു, സ്ത്രീകൾ സ്വമേധയാ ഈ സംസ്കാരത്തെ സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വനിതാ മാസികയായ ‘കോസ്മോപൊളിറ്റൻ‘, പുരുഷന്മാർക്ക് ലൈംഗികമായി ആകർഷകത്വവും ലഭ്യതയും പ്രകടിപ്പിക്കുന്ന വിധം എങ്ങനെ സ്വന്തത്തെ പ്രക്ഷേപിക്കാം എന്ന് സ്ത്രീകളെ പരിശീലിപ്പിച്ച് കൊണ്ടിരിക്കുകയാണ്, എങ്ങനെ സ്വയം ‘Hot‘(അത്യാകർഷണീയ) ആവാമെന്ന് സ്ത്രീകളെ പഠിപ്പിക്കുകയാണ്. സ്ത്രീ പ്രേക്ഷകർക്കായി രചിക്കപ്പെട്ട ജെയിംസിന്റെ ‘Fifty Shades of Gray‘ പ്രസിദ്ധീകരണരംഗത്ത് വിൽപ്പനയുടെ വിസ്ഫോടനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അബലയായ ഒരു യുവതിയെ സാമൂഹികമായി ശക്തനായ ഒരു പുരുഷൻ ‘സാഡോമാസോചിസ്റ്റി‘ക്കായി ലൈംഗികബന്ധത്തിലൂടെ ലൈംഗികമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതിനെ ‘ഗ്ലാമറൈസ്‘ ചെയ്യുന്നതാണ് പുസ്തകം. ‘ഫോബ്സ്‘ പുറത്തുവിട്ടു കണക്കുകൾ പ്രകാരം പുസ്തകത്തിൻറെ വമ്പിച്ച വിൽപ്പനയിലൂടെ ജെയിംസിന് സ്വന്തമാക്കാൻ കഴിഞ്ഞത് 95 ദശലക്ഷം ഡോളറാണ്.

#metoo പ്രസ്ഥാനം ഒരു കാര്യം അവിതർക്കിതമായി തെളിയിച്ചുകഴിഞ്ഞു: ലൈംഗികത, ലൈംഗിക ബന്ധങ്ങൾ, ലൈംഗികതയുടെ സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് ആഴത്തിലുള്ള ആശയക്കുഴപ്പത്തിലും വൈരുദ്ധ്യത്തിലുമാണ് സമകാലിക അമേരിക്ക. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള അടുത്ത ബന്ധങ്ങളുടെയും അവയെ നയിക്കേണ്ട സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെയും കാര്യത്തിൽ അമേരിക്കയിലെ സ്ത്രീകൾ ആശയക്കുഴപ്പത്തിലെത്തിക്കഴിഞ്ഞു. ചിലപ്പോഴെല്ലാം ഈ സ്കീസോഫ്രനിക് (Schizophrenic) പ്രവണതകൾ ഒരേ വ്യക്തിയിൽ തന്നെ പ്രകടമാകുന്നു. ഉദാഹരണമായി, പ്രസിദ്ധ മോഡലും നടിയുമായ ‘എമിലി റതാജ്കോവ്‌സ്‌കി‘ യു.എസ് സെനറ്റ് കെട്ടിടത്തിനു മുന്നിൽ വെച്ച് ‘കാവാനോഗ്‘ വിരുദ്ധ പ്രകടനത്തിനിടെ അറസ്റ്റിലായത് വാർത്തയാവുകയുണ്ടായി. “ഒന്നിലധികം സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബ്രെറ്റ് കാവനോഗിനെ സുപ്രീംകോടതി നാമനിർദ്ദേശം ചെയ്തതിൽ പ്രതിഷേധിച്ച എന്നെ ഇന്ന് അധികാരികൾ അറസ്റ്റ് ചെയ്യുകയുണ്ടായി“ എമിലി ട്വീറ്റ് ചെയ്തു. “സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരെ ഇനി അധികാര സ്ഥാനങ്ങളിൽ തുടരുന്നത് സമ്മതിക്കില്ല“. ഇതേ എമിലി റതാജ്കോവ്‌സ്‌കി തന്റെ കരിയർ ആരംഭിച്ചത് ‘ആർ ആന്റ് ബി‘ മ്യൂസിക് വീഡിയോയിൽ നഗ്നനൃത്തം ചെയ്തു കൊണ്ടാണ്. താൻ പ്രതിഷേധിക്കുന്ന ലൈംഗികാതിക്രമ സംസ്കാരത്തെ ഉത്തേജിപ്പിക്കുന്ന, പുരുഷ കാമചോദനയെ പ്രചോദിപ്പിക്കുന്ന നഗ്നദൃശ്യങ്ങൾ ഒരുവശത്ത് നടത്തുകയും മറുവശത്ത് അവയുടെ ഉൽപ്പന്നമായ പുരുഷാധിപത്യ ലൈംഗികതയെ അപലപിക്കുകയും ചെയ്യുക എന്ന വൈരുദ്ധ്യം.“ (ibid)

#metoo ചലനത്തിന് തിരികൊളുത്തിയ അമേരിക്കൻ നടിയും ഗായികയുമായ ‘ആലിസ്സ ജെയിൻ മിലാനോ‘യെ എടുക്കുക. അനവധി സിനിമകളിലും സീരിയലുകളിലും പൂർണനഗ്നയായി പരപുരുഷന്മാരോടും സ്ത്രീകളോടുമൊപ്പം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന രംഗങ്ങൾ ധാരാളമായി അഭിനയിച്ചിട്ടുള്ള ഒരു സ്ത്രീയാണവർ. ഒരുഭാഗത്ത് സ്ത്രീയെ നിരന്തരമായി പദാർത്ഥ വൽക്കരിച്ചു പുരുഷന്മാരുടെ ലൈംഗിക കളിപ്പാട്ടമായി ചിത്രീകരിച്ചു സ്ത്രീകൾ തന്നെ അവതരിപ്പിക്കുന്നു. തുടർന്ന് തീർത്തും പ്രാകൃതവും കാമാതുരവും ആയി പരിണമിക്കുന്ന പുരുഷ ലൈംഗിക സംസ്കാരത്തെ ഓർത്ത് കണ്ണീരൊഴുക്കുക!?

കാതറിൻ കെർസ്റ്റൺ എഴുതുന്നു: “അമേരിക്കയിലെ പ്രസിദ്ധ ഫിലോസഫറും അക്കാദമിഷനുമായ അലൻ ഡേവിഡ് ബ്ലൂം ഈ ‘ഡൈനാമിക്കി‘നെ ഇങ്ങനെ വിശദീകരിച്ചു: ലൈംഗിക ബന്ധങ്ങളിലെ ഈ ദ്രുതഗതിയിലുള്ള മാറ്റം നമ്മുടെ സമൂഹത്തിലേക്ക് അനുസ്യൂതമായ തരംഗങ്ങളിലൂടെ ആണ് വന്നുചേർന്നത്. ലൈംഗിക വിപ്ലവവും ഫെമിനിസവുമാണവ. ‘ലൈംഗിക വിപ്ലവം‘ ‘സ്ത്രീ സ്വാതന്ത്ര്യത്തിന്റെ‘ ബാനറിൽ അണിനിരന്നു. ഫെമിനിസം ‘സ്ത്രീപുരുഷ സമത്വത്തിന്റെ‘ ബാനറിലും. ‘ടോക്വില്ലെ‘ പറഞ്ഞതുപോലെ സ്വാതന്ത്ര്യവും സമത്വവും കുറച്ചുകാലം കൈകോർത്തു പോയെങ്കിലും അവയുടെ വ്യത്യാസങ്ങൾ ഒടുവിൽ പരസ്പര വൈരുദ്ധ്യത്തിലായി. ‘ലൈംഗിക വിമോചനം‘ സ്വന്തത്തെ സ്ത്രീ പ്രകൃതിയിലേക്കുള്ള അലിഞ്ഞു ചേരലായാണ് അവതരിപ്പിച്ചത്. സാമൂഹിക സമ്പ്രദായങ്ങളിൽ നിന്നുമുള്ള മോചനം, സ്വാഭാവികമായി സ്ത്രീകളുടെ മനസ്സിൽ വന്നുചേരുന്നത് പ്രവർത്തിക്കാനുള്ള ധീരമായ തീരുമാനം എന്നിങ്ങനെയൊക്കെ സ്വയം വിശദീകരിച്ചു. ഫെമിനിസം സ്വന്തത്തെ “പ്രകൃതിയിൽ നിന്നുള്ള വിമോചനമായും“ അവതരിപ്പിച്ചു. അതിനാകട്ടെ നിയമ നിരോധനമല്ല, നിയമ സ്ഥാപനവും രാഷ്ട്രീയ ആക്ടിവിസവുമാണ് ആവശ്യം. ലളിതമായി പറഞ്ഞാൽ, ഒരു സ്ത്രീ ഒരു യുവാവിനൊപ്പം ഒരു ഫ്രാറ്റ് പാർട്ടിക്ക് (Frat Party – ഫ്രട്ടേണിറ്റി എന്ന അമേരിക്കയിലെ ആൺകുട്ടികളുടെ വിദ്യാർത്ഥി സംഘടന നടത്തുന്ന നിശാ സംഗീത വിരുന്ന്) ശേഷം വീടിന്റെ മുകൾ നിലയിലെ ഒരു മുറിയിലേക്ക് പോകുമ്പോൾ, അവൾ പ്രവർത്തിക്കുന്നത് ‘ലൈംഗിക വിമോചന’ത്തിന്റെ സ്വാധീനത്തിലാണ്. പിറ്റേന്ന് രാവിലെ, യുവാവ് ഫോണിൽ വിളിച്ച് സംസാരിക്കാതെയാവുമ്പോൾ താൻ ലൈംഗികമായി അതിക്രമത്തിന് ഇരയായി എന്ന് തോന്നുമ്പോൾ ‘ഫെമിനിസം‘ രക്തത്തിൽ തിളക്കാൻ തുടങ്ങുന്നു. എന്തുകൊണ്ടെന്നാൽ, ലൈംഗിക സ്വാതന്ത്ര്യത്തിന്റെ അനന്തരഫലങ്ങളുമായി പൊരുത്തപ്പെടാനുള്ള സ്ത്രീകളുടെ പ്രകൃതിപരമായ കഴിവിനെ മനസ്സിലാക്കുന്നതിൽ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രം പരാജയപ്പെട്ടു. ഈ പരാജയത്തിലെ ന്യൂനതകൾ മൂന്നു തലത്തിലാണ്: ലൈംഗിക സമത്വമെന്ന ഒരു ഉട്ടോപ്യൻ കാഴ്ച്ചപ്പാട് ഫെമിനിസം പുലർത്തുന്നു. ഉത്തരവാദിത്വങ്ങളില്ലാത്ത ലൈംഗിക അവകാശങ്ങളെ സൃഷ്ടിക്കുന്നു. സ്വന്തം താൽപര്യങ്ങളെ സ്ഥിരപ്പെടുത്താൻ കഴിവില്ലാത്ത ഇരകളായി സ്ത്രീകൾ സ്വയം കാണുന്ന ദുരവസ്ഥ സംജാതമാവുന്നു. ലൈംഗിക സമത്വത്തെക്കുറിച്ചുള്ള ഫെമിനിസത്തിന്റെ ഉട്ടോപ്യൻ കാഴ്ച്ചപ്പാട് അതിൻറെ പ്രത്യയശാസ്ത്ര വേരുകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഫെമിനിസം, സ്ത്രീ-പുരുഷ ബന്ധങ്ങളെ ഒരു അധികാര പോരാട്ടമായി ചുരുക്കുന്നു. ഒപ്പം പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശാരീരികവും ലൈംഗികവും വൈകാരികവുമായ വ്യത്യാസങ്ങളുടെ പ്രാധാന്യത്തെ ഫെമിനിസം നിഷേധിക്കുന്നു. തീവ്രമായ പുരുഷ ലൈംഗികതൃഷ്ണക്ക് മുന്നിൽ സ്ത്രീകളുടെ ദുർബലതയെന്ന സ്ത്രീ പ്രകൃതത്തെ ഫെമിനിസം വകവയ്ക്കുന്നില്ല…“ (ibid)

ഫെമിനിസത്തിന്റെ വ്യത്യസ്ത തരംഗങ്ങൾ പരസ്പരം നിരർത്ഥകമായ കലഹത്തിലാണ്. നാലാം തരംഗ ഫെമിനിസ്റ്റുകൾ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ആയുധമായി ഏറ്റെടുത്ത #metoo ചലനത്തിനെതിരെ രണ്ടാം തരംഗ ഫെമിനിസ്റ്റുകളായ കാറ്റി റോയ്‌ഫ്, ബാരി വൈയ്‌സ്, ഗെർമെയ്‌ൻ ഗ്രീർ തുടങ്ങിയവർ ആഞ്ഞടിച്ചു. “എന്നോട് നല്ലോണം നിന്നാൽ ഞാൻ നിനക്ക് ഒരു സിനിമയിൽ ഇടം നൽകാം“ എന്ന് ഒരു പുരുഷൻ പറയുമ്പോഴേക്കും നിങ്ങളുടെ കാലുകൾ നിങ്ങൾ നിവർത്തി കൊടുത്താൽ അത് ‘ഉഭയകക്ഷി സമ്മത‘മായാണ് പരിഗണിക്കപ്പെടുക. അതിൽ പിന്നീട് നിലവിളിച്ചിട്ട് കാര്യമില്ല“ എന്ന് ഗ്രീർ വിമർശിച്ചു. (vox.com)
(ഭാഷയിലെ അശ്ലീലത വായനക്കാർ ക്ഷമിക്കുക. ഫെമിനിസ്റ്റുകൾക്ക് ലൈംഗികചൂഷണത്തിന് ഇരയായ സ്ത്രീകളെ ഇങ്ങനെയൊക്കെ അഭിസംബോധനം ചെയ്യാനുള്ള അവകാശമുണ്ട്; പുരുഷ വർഗത്തിന് അതില്ല) ഇതിന് നാലാം തരംഗ ഫെമിനിസ്റ്റുകൾക്ക് മറുപടിയുണ്ട്: മാറിയ സാമൂഹിക സാഹചര്യത്തിൽ ‘ഉഭയകക്ഷി സമ്മതം‘, ‘അതെ‘ (yes) എന്നു പറയുന്നതിനുമപ്പുറം കൂടുതൽ സങ്കീർണമായി തീർന്നിട്ടുണ്ട്. ‘അതെ‘ എന്ന് ഒരു സ്ത്രീ അംഗീകരിക്കുമ്പോഴും അതിലേക്ക് അവളെ എത്തിച്ചേർക്കുന്ന സാമൂഹ്യവ്യവസ്ഥ, തീക്ഷ്ണമായ പുരുഷ ലിബിഡോയുടെതാണ്. പുരുഷ ലിബിഡോയെ ഇത്രയും ‘അഗ്രസീവായ‘ (Aggressive – ഉഗ്രം) സ്ഥിതിയിലേക്ക് എത്തിച്ചത് രണ്ടാം തരംഗ ഫെമിനിസ്റ്റുകളും ലിബറലിസ്റ്റുകളും അതിതീവ്രമായി ആവിഷ്കരിച്ച ലൈംഗികസ്വാതന്ത്ര്യമാണ്. നിലവിൽ ഉഭയകക്ഷി സമ്മതത്തെ സാംസ്കാരിക സമ്മർദങ്ങൾ സ്വാധീനിക്കുന്നു എന്നർത്ഥം.

‘പോണോഗ്രാഫി‘ ‘പ്രോസ്റ്റിട്യൂഷൻ‘ (Pornography & Prostitution), അഥവാ ലൈംഗികത്തൊഴിൽ, എന്നിവ സ്ത്രീവിരുദ്ധമാണോ അല്ലേ എന്ന ചർച്ചയിൽ ഫെമിനിസ്റ്റുകൾക്കിടയിലെ അഭിപ്രായാന്തരത്തിന് നിദാനം ‘ഉഭയകക്ഷി സമ്മത‘ത്തെ സങ്കീർണമാക്കുന്ന സമകാലീന സ്ത്രീ ചൂഷക സാമൂഹ്യ സ്ഥിതിയാണ്. പോണോഗ്രഫിയിൽ ഉഭയകക്ഷി സമ്മതമുണ്ടെങ്കിലും അത് ലിംഗവിവേചനമാണ്. കാരണം ‘പോണോഗ്രാഫി‘ ആക്രമണാത്മകതയെ (സ്ത്രീയുടെ മേലുള്ള പുരുഷന്റെ ആധിപത്യം, സ്ത്രീയുടെ കീഴ്‌വഴക്കം എന്നിവ)ലൈംഗികവൽക്കരിക്കുന്നു. അത് പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട വിശേഷണങ്ങളാണ്. യഥാർത്ഥ സ്ത്രീ കാമനയുടെ ഭാഗമല്ലാത്തതിനാൽ അത് ലൈംഗികതയുടെ അപനിർമ്മാണമാണ്. (?!) (conflicts in feminism: Marrianne Hirsch & Evely fox keller, 1990. Routledge Publication: page: 309)
ചുരുക്കത്തിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ‘ലൈസൻസ്‘ ആയി മാറി ‘ഉഭയകക്ഷി സമ്മതം‘ (consent) എന്ന് നാലാം തരംഗ ഫെമിനിസ്റ്റുകൾക്ക് കുറേ പേർക്കെങ്കിലും ബോധ്യപ്പെട്ടുവെന്നർത്ഥം. (meanwhile, ‘ഉഭയകക്ഷി സമ്മത‘മൊക്കെ കേരളത്തിലെ ഫെമിനിസ്റ്റുകൾ പരിചയപ്പെട്ടു വരുന്നേയുള്ളു.)

ആക്രമണാത്മകതയിൽ (സ്ത്രീയുടെ മേലുള്ള പുരുഷൻറെ ആധിപത്യം സ്ത്രീയുടെ കീഴ്വഴക്കം എന്നിവ) ആസ്വാദനം കണ്ടെത്തുന്ന സ്ത്രീകൾ ഉള്ളതിനാൽ ‘അഗ്രസീവ്‌നെസും‘ സ്ത്രീ ലൈംഗിക സ്വാതന്ത്ര്യമാണെന്ന് ഒരുകൂട്ടം ഫെമിനിസ്റ്റുകൾ വാദിക്കുന്നു. പോണോഗ്രാഫിയും ‘സാഡോ മസോക്കിസവും‘ (Sadomasochism) സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിൽ പെട്ടതാണെന്നാണ് ഇവരുടെ വാദം. പുരുഷാധിപത്യം, സ്ത്രീകളുടെ കീഴ്‌വഴക്കം എന്നിവ സ്ത്രീകളുടെ അവകാശമായി കണ്ടാൽ ‘ദാമ്പത്യ‘ത്തിന് അത് ന്യായീകരണമാകുമെന്ന് മറ്റു ഫെമിനിസ്റ്റുകൾ വാദിക്കുന്നു. (Conflicts in Feminism: page: 312, 313)

‘Girls Gone Wild‘ എന്ന പുസ്തകത്തിന്റെ രചയിതാവായ വെന്റി ശാലിറ്റ് മൂന്നാം തരംഗ ഫെമിനിസ്റ്റുകളെയാണ് പഴിക്കുന്നത്. തങ്ങളുടെ ലൈംഗിക വിപ്ലവം അതിരുവിട്ട് മുന്നോട്ടു കൊണ്ടുപോവുകയാണ് മൂന്നാം തരംഗ ഫെമിനിസ്റ്റുകൾ ചെയ്തത്. യുവതികളെ, ലൈംഗികമായി കുത്തഴിഞ്ഞവരാക്കി മാറ്റുന്ന വ്യവസ്ഥ സൃഷ്ടിച്ചു. “ചാരിത്ര്യത്തെ സ്വയംനിർണയത്തിന്റെ വഴിയായി കാണുന്ന ചെറുപ്പക്കാരികളായ പെൺകുട്ടികൾ തങ്ങളുടെ മുതിർന്ന സഹോദരിമാരായ ഫെമിനിസ്റ്റുകളുടെ ‘പോൾ ഡാൻസിങ്‘ (pole dancing – ഒരു കമ്പിയിൽ പിടിച്ച് അതിന് ചുറ്റും കറങ്ങി നടത്തുന്ന ലൈംഗിക നൃത്തം. അമേരിക്കയിലെ പല നിശാക്ലബ്ബുകളിലും ഒരു സ്ഥിരം കാഴ്ച) സ്ത്രീശാക്തീകരണമാണെന്ന വാദഗതിയെ സ്ത്രീത്വത്തെ അവഹേളിക്കലായി മനസ്സിലാക്കുന്നിടത്ത് നിന്നാണ് ഫെമിനിസത്തിന്റെ ഒരു ശാന്തമായ നാലാം തരംഗം ഉദയമറിയിക്കുന്നത്“ എന്ന് ശാലിറ്റ് പറയുന്നു. (“What next for the sexual revolution?“ The Guardian, Fri 31 Aug, 2017)

ഈ, എല്ലാ തലമുറയിലെയും ഫെമിനിസ്റ്റുകളും ‘മുറിയിലെ ആനയെ‘ (Elephant in the Room) കണ്ടഭാവം നടിക്കുന്നില്ല; സ്ത്രീയെ ലൈംഗികചൂഷണത്തിന്റെ ഉപാധിയായി മാത്രം പരിഗണിക്കുന്ന പുരുഷ ലിബിഡോയുടെ പരിണാമത്തിൽ അവിവാഹിത ലൈംഗിക സംസ്കാരത്തിനും നഗ്ന സ്വാതന്ത്ര്യത്തിനുമുള്ള പങ്ക്. ലൈംഗിക സമത്വം നേടിയെടുത്തിട്ടും സ്ത്രീ ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായി കൊണ്ടേയിരിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രമുഖ ഫെമിനിസ്റ്റ് സൂസൺ ഫലൂദി തന്റെ ‘Backlash: The Undeclared War Against American Women‘ എന്ന ഗ്രന്ഥത്തിൻറെ ആമുഖത്തിൽ നൽകുന്ന മറുപടി ഇതാണ്: തുല്യവേതനം, തുല്യ തൊഴിലവസരങ്ങൾ, ഗവൺമെന്റ് യാതൊരുവിധത്തിലും ഇടപെടാത്ത അബോർഷൻ അവകാശം, ഭേദപ്പെട്ട ശിശുപരിപാലനം സേവനങ്ങൾ എന്നിവകൂടി ലഭ്യമാകുമ്പോളേ സമത്വം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.(!) ഈ മറുപടിയിൽ നിന്നു താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

1. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും സ്വസ്ഥമായ ജീവിതവുമായി -പേരിൽതന്നെ- ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടനവധി അവകാശങ്ങളും പ്രതിസന്ധികളും വേറെയുണ്ട്. സുരക്ഷ, സാമ്പത്തിക സുസ്ഥിതി, സാമൂഹിക പങ്കാളിത്തം, വിദ്യാഭ്യാസം, തുടങ്ങി നൂറുകണക്കിന് സ്ത്രീവിമോചന സമസ്യകൾ നിലനിൽക്കേ ലൈംഗിക സ്വാതന്ത്ര്യത്തിനുമേൽ സർവ്വ ശ്രദ്ധയും കേന്ദ്രീകരിക്കുക വഴി സ്ത്രീ ചൂഷണ സംസ്കാരത്തെ ശാക്തീകരിക്കുകയാണ് ഫെമിനിസം ചെയ്തത്.

2. ഫെമിനിസം ആദർശിക്കുന്ന സ്ത്രീപുരുഷസമത്വം മുന്നോട്ട് ഗമിക്കുന്തോറും മരീചിക പോലെ ദൂരം കൂടി കൊണ്ടിരിക്കുകയാണ്. ക്യാപിറ്റലിസ്റ്റ് സമൂഹത്തിൽ തുല്യ വേതനവും തുല്യ തൊഴിലവസരവും, തുല്യ കൂലിയുമൊക്കെ കിട്ടുന്ന ഒരു കാലം ഉണ്ടാകുമെന്ന് സ്വപ്നം കാണുന്ന പാർശ്വവൽകൃത സമൂഹങ്ങൾ വേറെയുമുണ്ട്; അവർക്ക് പിന്നിൽ ഫെമിനിസത്തിന് ക്യൂ നിൽക്കാം. നവാനുഭവങ്ങൾക്കുള്ള വ്യക്തിത്വപരമായ ആർജ്ജവം, അന്തഃകരണ വിശുദ്ധി (കാര്യക്ഷമത, സംഘാടന പ്രകൃതി), ഊർജ്ജസ്വലത, സ്വീകാര്യത (സൗഹൃദം, അനുകമ്പ), ആത്മവിശ്വാസം, സുരക്ഷിതബോധം തുടങ്ങി വാണിജ്യ, വ്യാവസായിക, തൊഴിൽ മേഖലകളിൽ നിർണായകമായ വ്യക്തിത്വ സവിശേഷതകൾ പുരുഷന്മാരിലാണെന്ന് മുതലാളിത്ത ബുദ്ധിജീവികൾ ശക്തമായി വാദിക്കുകയും അതിന് ശാസ്ത്രീയമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് തുല്യവേതന ആശയം പ്രതിസന്ധിയാണ് സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുകയെന്ന ജോർഡൻ ബി പീറ്റേഴ്സന്റെ പ്രഭാഷണം യൂട്യൂബ് തരംഗമായി അലയടിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ആഗോളവൽക്കരണത്തോടെ ലോകത്തെ ആസകലം വലയിട്ടു പിടിച്ച് മുതലാളിത്തം താണ്ഡവമാടുന്ന ഈ കാലത്ത് ഈ ഫെമിനിസ്റ്റ് ഉട്ടോപ്പിയക്ക് എന്ത് പ്രസക്തി!?

3. ശിശുപരിപാലന സേവനവും, അബോർഷൻ അവകാശവും നിരുപാധികമായി നൽകപ്പെടുക കൂടി ചെയ്യുന്നതോടെ കൂടുതൽ അരക്ഷിതമായ സമൂഹത്തെ സൃഷ്ടിക്കുകയാണ് ഫെമിനിസ്റ്റുകൾ ചെയ്യുക. സ്ത്രീകൾക്കുമാത്രം അവകാശങ്ങൾ മതിയോ? മാതാവ്, പിതാവ്, കുടുംബം തുടങ്ങി ഒരു സന്താനത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമായ അവകാശങ്ങൾ സന്താനങ്ങൾക്ക് നിഷേധിക്കാൻ സ്ത്രീക്കും പുരുഷനും അവകാശമില്ല. ജനിക്കാൻ, അല്ലെങ്കിൽ ജീവിക്കാനുള്ള അവകാശം മനുഷ്യകുഞ്ഞുങ്ങൾക്ക് നിഷേധിച്ച് അബോർഷൻ സമരങ്ങളിലൂടെ സ്വതന്ത്ര ലൈംഗികത ആസ്വദിക്കാനും ഒരു സ്ത്രീക്കും പുരുഷനും മനുഷ്യത്വമെന്ന
മാനദണ്ഡം ഉപയോഗിച്ച് അളന്നാൽ അവകാശമില്ലെന്ന് മനസ്സിലാക്കാം.

4. ലൈംഗിക സ്വാതന്ത്ര്യമെന്ന ഫെമിനിസം വളർത്തിയെടുത്ത മൂർഖൻപാമ്പ് പാശ്ചാത്യ ലോകത്തെ തിരിച്ചു കൊത്തി കൊണ്ടിരിക്കുകയാണെന്ന് ഫെമിനിസ്റ്റ് സാഹിത്യങ്ങൾ തന്നെ തുറന്നു സമ്മതിക്കുന്നു; അതിന് പരിഹാരമുണ്ടാവാൻ ‘അലാവുദ്ദീന്റെ അത്ഭുത വിളക്ക്‘ കൂടി കിട്ടേണ്ടതുണ്ട് എന്ന് മാത്രമാണ് ആധുനിക പാശ്ചാത്യ ഫെമിനിസ്റ്റുകൾക്ക് പറയാനുള്ളൂ. ഏറ്റവും ചുരുങ്ങിയത് മുതലാളിത്ത പുരുഷവൃന്ദം ലൈംഗിക സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും ചൂഷണോപാധിയായി പുനർ നിർമ്മിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഫെമിനിസ്റ്റുകൾ സമ്മതിക്കുന്നു. വാസ്തവമതല്ല, മുതലാളിത്തത്തിന്റെ ചതുരംഗപ്പലകയിലെ ‘രാജ്ഞി‘യാണ് ഫെമിനിസം. കേരളത്തിലെ സ്ത്രീകളിലെ ഒരു ന്യൂനാൽ ന്യൂനപക്ഷം അനുഭവിക്കുന്ന ഗാർഹിക പീഢനങ്ങളെ പർവ്വതീകരിച്ച് മല്ലു ഫെമിനിസ്റ്റുകൾ ഒരു ബദലായി അവതരിപ്പിക്കാനൊരുങ്ങുന്നത് ഈ നഞ്ചാണ്.

(അവസാനിച്ചു)

print

2 Comments

  • ഫെമിനിസത്തെ പറ്റിയുള്ള ഇത്ര വിശദമായ ലേഖനം വായിച്ചിട്ടില്ല. ഇസ്‌ലാം പക്ഷത്തുള്ള എഴുത്ത് എന്ന് നോക്കിക്കാണുന്നതിനപ്പുറം കേരളം പോലുള്ള ഒരു മിനിമം ധാർമികത പുലർത്തുന്ന സമൂഹം നിർബന്ധമായും വായിച്ചിരിക്കേണ്ട ലേഖനമാണെന്ന് തോന്നി. കേരള ഫെമിനിച്ചികൾ കഥയറിഞ്ഞിട്ടാണോ ആടുന്നത്. എന്തായാലും ലേഖകനെ അഭിനന്ദിക്കുന്നു. പ്രാർത്ഥിക്കുന്നു. ഒഴുക്കുള്ള എഴുത്ത്.. ഇനിയും പഠിക്കാനും എഴുതാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ

    Azeen 19.06.2021
  • പോണോഗ്രാഫിയുടെ സാമൂഹികാഘാതങ്ങളെക്കുറിച്ച് ഇത് പോലെ വിശദമായ ഒരു ലേഖനം പ്രതീക്ഷിക്കുന്നു. ലേഖനത്തിനും ലേഖകനും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ: ആമീൻ.

    Abu Shahbas Doha 31.08.2021

Leave a Reply to Abu Shahbas Doha Cancel Comment

Your email address will not be published.