മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -5

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -5
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -5
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -5

തമ്മിൽ അലതല്ലി ഫെമിനിസ ‘തരംഗങ്ങൾ’

സിംഹങ്ങളാൽ സ്ഥിരമായി വേട്ടയാടപ്പെടുന്ന മാൻകൂട്ടം ഒരുദിവസം സംഘടിച്ചു ശക്തരായി. തങ്ങൾക്കെതിരെയുള്ള വേട്ടയെ നിരോധിക്കുക എന്ന ആവശ്യത്തിനു പകരം മാൻകൂട്ടം ഒരുമിച്ചെടുത്ത തീരുമാനം സിംഹങ്ങളെപോലെ വേട്ടയാടാനുള്ള തുല്യ സ്വാതന്ത്ര്യം വേണമെന്നാണ്. ഫലമോ, അവർക്കെതിരെയുള്ള വേട്ട തുടർന്നുകൊണ്ടേയിരുന്നു. മാൻകൂട്ടത്തിനാകട്ടെ വേട്ടമൃഗങ്ങളായി മാറാനും കഴിഞ്ഞില്ല. കഷ്ടപ്പെട്ട് വേട്ടയാടി കൊന്നിട്ട ചില മൃഗങ്ങളെ ഭക്ഷിച്ച് ആസ്വദിക്കാൻ കഴിയാത്ത വിധം അവർ സസ്യഭുക്കുകളായിരുന്നു താനും. തങ്ങളുടെ പ്രകൃതത്തെ തിരിച്ചറിയാതെ മറ്റുള്ളവരുടെ പ്രകൃതത്തെ അനുകരിക്കാൻ ശ്രമിക്കുക വഴി മാനുകൾക്കെന്ത് ഫലമുണ്ടായി? ഗുണമുണ്ടായത് സിംഹങ്ങൾക്കാണ്. തങ്ങളുടെ വേട്ടക്ക് ‘സമത്വ‘മെന്ന ന്യായവാദം മാനുകൾതന്നെ കൊണ്ടുവന്നു ഏൽപ്പിച്ചതിനാൽ വേട്ട എളുപ്പമായി. തങ്ങൾ ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും സിംഹങ്ങൾക്ക് തുല്യമായി വേട്ടക്കുള്ള അവകാശം തങ്ങൾക്കുമുണ്ടല്ലോ എന്ന സ്വപ്നാടനത്തിൽ അഭിരമിച്ച് മാൻപേടകൾ ‘അഭിമാനം‘ പൂണ്ട് ജീവിക്കുന്നു. ഇതാണ് ഫെമിനിസം. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയവും ലഭ്യവുമാക്കുക എന്ന അജണ്ടയുടെ അറിഞ്ഞോ അറിയാതെയോ ഉള്ള അപ്പോസ്തലന്മാരാണ് ഫെമിനിസ്റ്റുകൾ. വേട്ടയാടി തിന്നാൻ വരുന്ന ശത്രുവിന്റെ നേരെ, തങ്ങളുടെ ശരീരത്തിൽ മസാല തേച്ച് വേട്ടക്കാരന് സമർപ്പിക്കാനുള്ള അവകാശത്തിനായി ഉഗ്രമായി സമരം ചെയ്യുന്ന മാൻപേടകൾ!

വിദ്യാഭ്യാസം, ജീവിതനിലവാരം, സുരക്ഷ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ സ്ത്രീ സമുദ്ധാരണത്തിന്റെ നൂറായിരം മേഖലകൾ നിലനിൽക്കെ ഫെമിനിസ്റ്റുകളുടെയും ലിബറലിസ്റ്റുകളുടെയും സമരങ്ങളുടെയും ചർച്ചകളുടെയും കേന്ദ്ര ബിന്ദുക്കൾ ലൈംഗിക സ്വാതന്ത്ര്യവും (അവിവാഹിത ബന്ധം) വസ്ത്ര സ്വാതന്ത്ര്യവുമായി (നഗ്നതാ സ്വാതന്ത്ര്യം) നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടരുന്നു എന്നത് എത്ര പരിഹാസ്യജനകമാണ്! പുരുഷനെ തൃപ്തിപ്പെടുത്തുന്ന ഇത്തരം ‘സ്ത്രീ സ്വാതന്ത്ര്യ‘ത്തിനുള്ള വ്യഗ്രത അവസാനിക്കുന്നേടത്താണ് സ്ത്രീ സമുദ്ധാരണത്തിന്റെ ആരംഭം. ഇങ്ങ്, കേരളത്തിൽ നഗ്ന വീഡിയോകൾ പോസ്റ്റ് ചെയ്ത് ഫസ്റ്റ് വേവ് ഫെമിനിസത്തിന് പ്രാരംഭം കുറിക്കാൻ ചില ഫെമിനിസ്റ്റുകൾ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോൾ അങ്ങ് അമേരിക്കയാകുന്ന ഫെമിനിസ്റ്റ് സ്വപ്നനഗരിയിൽ നഗ്നത മറക്കാൻ വേണ്ടി മുതലാളിത്ത കുത്തകകളോട് സമരം ചെയ്യുകയാണ് സമൂഹത്തിലെ പ്രബലകളായ സ്ത്രീകൾ. ആദ്യം വസ്ത്രം ഊരാനുള്ള അവകാശത്തിനുവേണ്ടി മുതലാളിത്ത ഉപഭോഗ സംസ്കാരത്തോടൊപ്പം സഖ്യം ചേർന്ന് യുദ്ധം ചെയ്യുകയും വിജയത്തിലൂടെ ആർജിച്ച സ്വാതന്ത്ര്യം സ്ത്രീലൈംഗിക ചൂഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നാണം മറക്കാനുള്ള അവകാശത്തിനായി തിരിച്ചു യുദ്ധം ചെയ്യുകയും മുതലാളിത്തത്തിന് മുമ്പിൽ അടിയറവ് വെക്കുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ ദുഃഖ കഥകളാണ് അമേരിക്കയിൽ നിന്നും ഇപ്പോൾ കേൾക്കുന്നത്.

ഒരു ഉദാഹരണം പറയാം. അമേരിക്കയിലെ പ്രമുഖ ചാനലായ ‘ഫോക്സ്‘ നെറ്റ് വർക്കും (Fox Network) ഫോക്സ് വാർത്താ ചാനലും (Fox News) രാജ്യത്ത് പ്രചാരത്തിലും പ്രാബല്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. അമേരിക്കയിലെ 8,71,18000 വീടുകളിൽ ഫോക്സ് ചാനൽ ലഭ്യമാണ്. 2019ലെ കണക്കെടുപ്പ് പ്രകാരം 2.5 ദശലക്ഷം കാഴ്ചക്കാർ ഉള്ള ഫോക്സ് വാർത്തകളാണ് അമേരിക്കയിലെ ഏറ്റവും തലപ്പത്തു നിൽക്കുന്ന കേബിൾ നെറ്റ്‌വർക്ക്. (Mark Joyella, Dec 11, 2019, “Fox News Ends 2019 with Biggest Prime time ratings ever”, Forbes). 2019 ഡിസംബർ 2ന് ചാനലിന്റെ വിപണിമൂല്യം 21.98 ബില്യൺ ഡോളറാണ് (16,67,93,03,20,000 ഇന്ത്യൻ രൂപ – finance.yahoo.com). ഈ കോർപ്പറേറ്റ് ഭൂതത്തിനായി ജോലിചെയ്യുന്നവരിൽ ഒരുപാട് സ്ത്രീകളുമുണ്ട്. ഫോക്സ് ന്യൂസിന്റെ സി.ഇ.ഒ. ആയിരുന്ന റോജർ ഐലസ് എന്ന മുതലാളിത്ത ചൂഷകന്റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അയാൾ അനുദിനം ലൈംഗികമായി ചൂഷണം ചെയ്തു കൊണ്ടിരുന്നു. ജോലി നഷ്ടപ്പെടാതിരിക്കാൻ, പ്രമോഷൻ ലഭിക്കാൻ, ഉപദ്രവം ഏൽക്കാതിരിക്കാൻ ഒക്കെവേണ്ടി വനിതാ സ്റ്റാഫുകൾ ലൈംഗിക അതിക്രമത്തിന് വിധേയരായി കൊണ്ടിരുന്നു. ചാനലിലെ സഹപ്രവർത്തകരായ പുരുഷന്മാരുടെ ലൈംഗികചുവയുള്ള കമൻറുകളും നോട്ടങ്ങളും, ആകർഷണീയവും അർദ്ധനഗ്നവുമായ വസ്ത്രശൈലി, സി.ഇ.ഓയുടെ കാമകേളികൾ തുടങ്ങി പലതും…. എന്തെങ്കിലും പ്രതിഷേധങ്ങളും പരാതികളും സ്ത്രീകളുടെ പക്ഷത്തു നിന്നും വന്നാൽ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് അവ എഴുതിത്തള്ളും. കാല് മുഴുവൻ മറച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ പ്രേക്ഷകർ കുറയുമെന്ന് ആക്രോശിച്ച് റോജർ ഐലസ് മിനിസ്കർട്ട് നിർബന്ധിച്ച് ധരിപ്പിക്കും. കേസ് കൊടുക്കുന്ന സ്ത്രീകൾക്ക് മറ്റു ചാനലുകളിൽ ജോലി ലഭിക്കാറില്ല. കാരണം അവിടെയും പുരുഷ കാമ ഭ്രാന്തരുടെ കണ്ണിലെ കരടായി ഇത്തരം സ്ത്രീകൾ നിലകൊള്ളുമല്ലോ. സ്വാതന്ത്ര്യത്തിന്റെ അമേരിക്കൻ മാതൃക! അവസാനം മെജിൻ കെല്ലി എന്ന വാർത്താ അവതാരക്കൊപ്പം ഇരുപത് സ്ത്രീകൾ നിയമനടപടിക്ക് സധീരമായി തയ്യാറായി. ഫലമോ റോജർ ഐലസ് സി.ഇ.ഓ സ്ഥാനം രാജിവെച്ചു. അയാൾക്ക് നഷ്ടപരിഹാരമായി ഫോക്സ് ചാനൽ 40 ദശലക്ഷം ഡോളർ (3035360000 ഇന്ത്യൻ രൂപ) നൽകി ‘ശിക്ഷിച്ചു‘. ഇതാണ് ഫെമിനിസ്റ്റുകൾ സ്വപ്നം കാണുന്ന ‘വണ്ടർലാൻഡ്‘; അഥവാ വെള്ളരിക്കാപട്ടണം! (vox.com)

പ്രമുഖ ഫെമിനിസ്റ്റ് ബുദ്ധിജീവികളെല്ലാം – വലതുപക്ഷ ഇടതുപക്ഷ വ്യത്യാസമില്ലാതെ – വിവാഹത്തെയും കുടുംബ വ്യവസ്ഥയേയും അവമതിക്കുന്നവരാണ്. ശെയ്‌ലാ ക്രോണൽ തൻറെ “Marriage“ എന്ന ഗ്രന്ഥത്തിൽ പറയുന്നത് “വിവാഹ വ്യവസ്ഥയുടെ ഉന്മൂലനത്തിലൂടെയല്ലാതെ സ്ത്രീസ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുകയില്ല“ എന്നാണ്. “സ്ത്രീകളെ അടിച്ചമർത്തുന്നതിനുള്ള ഏറ്റവും പ്രധാന മാർഗമാണ് വിവാഹ വ്യവസ്ഥ. ഭാര്യയുടെ ‘റോളി‘ലൂടെ പുരുഷൻ സ്ത്രീകളെ കീഴ്‌പ്പെടുത്തുന്ന വ്യവസ്ഥയാണത്.“ എന്ന് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റുകളും അമേരിക്കയിലെ മാർക്സിസ്റ്റ് പാർട്ടിയായ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ ഉന്നത നേതാവുമായ മാർലിൻ ഡിക്സൺ അഭിപ്രായപ്പെടുന്നു. “വിവാഹമെന്ന സ്ഥാപനം ബലാൽസംഗത്തിൽനിന്നും വളർന്നുവന്ന ഒരു സമ്പ്രദായമാകുന്നു“ എന്നാണ് മറ്റൊരു പ്രശസ്ത ഫെമിനിസ്റ്റ് ആൻഡ്രൂ ഡ്വർകിന്റെ അഭിപ്രായം. പാശ്ചാത്യ ലോകത്തെ ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ രണ്ടാം തരംഗം വിവാഹ വ്യവസ്ഥക്കെതിരെ ശക്തമായി അലയടിക്കുന്നു. കേയ്റ്റ് മില്ലറ്റ് തൻറെ ‘Sexual Politics’ (1969) ലും, ഗർമൈൻ ഗ്രീർ ‘The Female Ennuch’ (1977) ലും, മെർലിൻ ഫ്രഞ്ച് “The Women’s Room’ (1977) ലും ജെസ്സി ബർണാഡ് ‘The Future of Marriage”(1972)ലും ശുലാമിത് ഫൈർസ്റ്റോൺ “The Dialectic of Sex: The Case of Feminist Revolution”(1970)ലും വിവാഹ വ്യവസ്ഥയെ സ്ത്രീപീഡനത്തിന്റെ മുഖ്യ സ്രോതസ്സായി അവതരിപ്പിക്കുന്നു. ഇപ്പറഞ്ഞ എല്ലാ ഫെമിനിസ്റ്റുകളുടെയും വ്യക്തിജീവിതം പരിശോധിച്ചാൽ വിവാഹത്തിനും കുടുംബത്തിനും എതിരെയുള്ള ഈ കടുത്ത കോപത്തിന്റെ കാരണം നമുക്ക് പിടികിട്ടും. പിതാവിനാലോ ഭർത്താവിനാലോ തികച്ചും അസംതൃപ്തമായ ജീവിതം നയിച്ചവരാണ് ഇവരിൽ ഓരോരുത്തരും. തങ്ങൾക്ക് ലഭിക്കാതെപോയ സന്തുഷ്ട കുടുംബ ജീവിതത്തോടുള്ള അടക്കാനാവാത്ത അസൂയ പരിണാമത്തിന്റെ ഉഗ്രദശയിൽ വിവാഹ വിരോധമായി മഷിപുരണ്ടതാണ്.

കുടുംബത്തിൽ നിന്നും വിട്ടകന്ന് വ്യത്യസ്ത ആർമികളിൽ ജോലി ചെയ്തുകൊണ്ടിരുന്ന പേരിനൊരച്ഛനാൽ ദൈന്യതയിലാണ്ടുപോയ ബാല്യകാലവും മാനസികരോഗത്താൽ പരാജിതമായിപോയ ദാമ്പത്യജീവിതവും അനുഭവിച്ച പ്രശസ്ത റാഡിക്കൽ ഫെമിനിസ്റ്റായ ‘കെയ്‌റ്റ് മില്ലറ്റി‘ന് വിവാഹം ഒരു ബാർട്ടർ സിസ്റ്റമാണ് (മാറ്റക്കച്ചവട വ്യവസ്ഥ). ഭാര്യ നൽകുന്ന ലൈംഗികസുഖത്തിന് പകരം ഭർത്താവ് സുരക്ഷ (security) നൽകിക്കൊണ്ട് നടത്തപ്പെടുന്ന വിവാഹ ‘കച്ചവടത്തെ‘ കേറ്റ് മില്ലറ്റ് ‘ലഹരിയുടെ സ്വാധീനം കെട്ടടങ്ങിയപ്പോൾ പുരുഷന്റെ തലയിലുദിച്ച ഗുഹാ സിദ്ധാന്തം‘ (sober doctrine of the cave) എന്നാണ് വിളിക്കുന്നത്. (sexual politics: page:9)

എല്ലാം കച്ചവടമായി കാണുന്ന കാപ്പിറ്റലിസത്തിന്റെ മുഖച്ഛായ ഫെമിനിസത്തിലും കാണുന്നതിൽ കൗതുകപ്പെടേണ്ട. അച്ഛനും മകളും തമ്മിലുള്ള ജനിതകപരമായ സാമ്യതയാണത്. ഏറ്റവും രസകരമായ മറ്റൊരു കാര്യം, ദാമ്പത്യത്തിൽ സ്ത്രീയിൽ നിന്നും ലഭിക്കുന്ന ലൈംഗികതക്ക് പകരം ഭർത്താവ് സുരക്ഷയാകുന്ന വില നൽകുന്ന കച്ചവടമാണ് വിവാഹമെന്ന് പറയുന്ന പ്രസ്താവനയിലെ അപാകതയാണ്. കാരണം, ഭർത്താവിൽനിന്നും ഭാര്യയും ലൈംഗികസുഖം അനുഭവിക്കുന്നില്ലെ? അപ്പോൾ ഭാര്യക്ക് ലൈംഗികസുഖവും സുരക്ഷയും, ഭർത്താവിന് ലൈംഗികസുഖം മാത്രവും?! എങ്കിൽ സ്ത്രീകൾക്കല്ലേ ഈ ‘കച്ചവട‘ത്തിൽ ‘ലാഭം‘?! ഇനി വിവാഹിതരാകുന്നതോടെ സ്ത്രീക്ക് ഭർത്താവാകുന്ന പുരുഷനിൽ നിന്നും ലൈംഗിക ആസ്വാദനം ഇല്ലാതെയാകുന്നു എന്ന് വല്ല ക്യാപിറ്റലിസ്റ്റ് ഫെമിനിസ്റ്റുകളും വല്ല രസതന്ത്രശാലയിലും കണ്ടെത്തിയോ ആവോ?!

ക്യാപിറ്റലിസ്റ്റ് ഉപഭോഗ സംസ്കാരം സൃഷ്ടിച്ച അസന്തുഷ്ടകരമായ കുടുംബങ്ങളിൽ വളർന്നവരാണ് പല പാശ്ചാത്യ ഫെമിനിസ്റ്റുകളും. വൈകാരികമായി പ്രക്ഷുബ്ധമായ, കോപ പാരവശ്യവും അസന്തുലിതവുമായ ജീവിതാനുഭവങ്ങളുടെ മസ്തിഷ്കോദ്ദീപനമാണ് ഫെമിനിസം. മുതലാളിത്തത്തിനും സോഷ്യലിസത്തിനും അവിഹിത ബന്ധത്തിലുണ്ടായ, മാനസിക വളർച്ച മുരടിച്ച ജാരസന്താനമാണ് ഫെമിനിസം. രണ്ടാം തരംഗ ഫെമിനിസ്റ്റുകൾ (Second wave feminism) ശക്തമായി വാദിച്ച്, യാഥാർത്ഥ്യ വൽക്കരിച്ച ‘ലൈംഗിക സ്വാതന്ത്ര്യം‘ സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള മാർഗ്ഗമായി ആധുനിക ഫെമിനിസ്റ്റുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പൂർവ്വ തലമുറക്കാരായ ഫെമിനിസ്റ്റുകളുടെ അബദ്ധജടിലമായ തത്ത്വങ്ങളുടെയും സാമൂഹിക പുനഃസ്ഥാപനത്തിന്റെയും തിക്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറയിലെ ഫെമിനിസ്റ്റുകൾ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിത്തുടങ്ങി. ഓസ്ട്രേലിയൻ എഴുത്തുകാരിയും സാമൂഹിക വിമർശകയുമായ ‘വനേസ വാൻ ബാദ്ദം‘, എഴുതിയ ഒരു ലേഖനം ‘ദ ഗാർഡിയനിൽ‘ “അതാണ് പുരുഷാധിപത്യം: സ്ത്രീകളുടെ ലൈംഗിക വിമോചനം എങ്ങനെയാണ് പുരുഷ ലൈംഗിക കുത്തകയിലേക്ക് നയിച്ചത്?“ (That’s Patriarchy: How female sexual liberation led to male sexual entitlement) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലേഖനത്തിൽ വാൻ ബാദ്ദം പറയുന്നു “പത്രപ്രവർത്തകയായ ‘ജൂലിയ ബെയ്‌ർഡ്‘ ട്വിറ്ററിൽ ഇങ്ങനെയൊരു ചോദ്യം തൊടുത്തുവിട്ടു. “യുവ ഫെമിനിസ്റ്റുകൾ: പഴയ തലമുറയിലെ ഫെമിനിസ്റ്റുകൾ മനസ്സിലാക്കാതെ പോയ അല്ലെങ്കിൽ മനസ്സിലാക്കുന്നതിൽ തെറ്റ് സംഭവിച്ച കാര്യമെന്താണ്? ലൈംഗിക അതിക്രമത്തിന് ഇരയായവർ തങ്ങളുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസ് #metoo (ഹാഷ്ടാഗ് ഞാനും) എന്നു മാറ്റി സംഘടിപ്പിക്കുന്ന പുതുതലമുറ ഫെമിനിസ്റ്റുകളുടെ ക്യാമ്പയിനിനെപ്പറ്റി പഴയ തലമുറക്ക് മനസ്സിലാകാതെ പോയതെന്താണ്? അറിയാൻ ജിജ്ഞാസയുള്ളതുകൊണ്ട് ചോദിക്കുകയാണ്.“ #metoo സോഷ്യൽ മീഡിയ ക്യാമ്പയിനെ സംബന്ധിച്ച് പഴയതലമുറയിലെയും യുവതലമുറയിലെയും ഫെമിനിസ്റ്റുകൾ തമ്മിൽ നിലനിൽക്കുന്ന ശക്തമായ വിയോജിപ്പിന്റെ സാഹചര്യത്തിലാണ് ‘ബെയ്‌ർഡി‘ന്റെ ഈ ചോദ്യം പ്രത്യക്ഷപ്പെടുന്നത്. ഈ ചോദ്യം അന്തർ തലമുറ ഫെമിനിസങ്ങളിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന വൈരുദ്ധ്യങ്ങൾ മാത്രമല്ല, തലമുറകൾ തമ്മിലുള്ള വിശാലമായ അനുഭവപരമായ വ്യത്യാസങ്ങളും പര്യവേഷണം ചെയ്യുന്നുണ്ട്. പുരുഷാധിപത്യ വിലക്കുകളെ ധിക്കരിച്ചുകൊണ്ട് ഫെമിനിസം ഉയർത്തിപ്പിടിച്ച കാഷ്വൽ സെക്സ് (casual sex – താൽക്കാലിക ലൈംഗികബന്ധം), ഒന്നിലധികം ലൈംഗിക പങ്കാളികൾ, വിവാഹേതര ലൈംഗിക ബന്ധങ്ങൾ എന്നിവ സമൂഹത്തിൽ നടപ്പാക്കിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് #metoo വിരുദ്ധ വിശകലനം ഉടലെടുക്കുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാശ്ചാത്യനാടുകളിൽ എത്രമാത്രം പരിവർത്തനങ്ങൾ ഉണ്ടായി എന്ന് നാം മറക്കുന്നു.

സംസ്കാരം അനുശാസിക്കുന്ന നിഷ്ക്രിയ ലൈംഗിക പങ്കാളിത്തത്തിൽ നിന്ന് സ്ത്രീകൾക്ക് വിമോചനം നൽകി ലൈംഗിക സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു, ശക്തയായ ഫെമിനിസ്റ്റ് ‘ഗ്രീറി‘ന്റെ 1970-ലെ പ്രകടനപത്രികയിലെ കേന്ദ്രബിന്ദു. എന്നാൽ തുടർന്നുള്ള ദശകങ്ങളിൽ സംഭവിച്ചത് പുരുഷാധിപത്യത്തെ കീഴടക്കാൻ ഫെമിനിസ്റ്റുകൾ ആവിഷ്കരിച്ച ലൈംഗികസ്വാതന്ത്ര്യം, പുതുതലമുറയിലെ സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊടുക്കുകയാണ്. പഴയ തലമുറയിലെ ഫെമിനിസ്റ്റുകൾ ലൈംഗികസ്വാതന്ത്ര്യം എന്ന അവകാശം നേടിയെടുത്ത ഉടനെ പുരുഷാസക്തി അതിനെ പുരുഷൻമാർക്കുള്ള ലൈംഗിക ലഭ്യതയുടെ എളുപ്പ മാർഗ്ഗമായി പുനർനിർമ്മാണം നടത്തി. എഴുത്തുകാരനായ ഡേവിഡ് ക്വിൻ ‘ദ ടൈംസിലെ‘ #metoo ഫെമിനിസത്തിൽ ഒന്ന് എത്തിനോക്കി പോയതാണെങ്കിലും ഒരു സ്പഷ്ടമായ പരമ സത്യത്തിലേക്ക് കാൽ വഴുതി വീണു: ലൈംഗികബന്ധത്തിന് ഇന്ന് ആകെക്കൂടിയുള്ള ഒരേ ഒരു നിയമം ‘ഉഭയകക്ഷി സമ്മത‘മായി മാറിക്കഴിഞ്ഞു. പുരുഷന്മാർ പഠിപ്പിക്കപ്പെട്ടിരിക്കുന്നത് സ്ത്രീകൾ എല്ലായ്‌പ്പോഴും ലൈംഗികമായി ലഭ്യമാണ് എന്നാണ്. കാരണം അതാണല്ലോ ‘സ്ത്രീവിമോചനം‘ കൊണ്ട് അർത്ഥമാക്കുന്നത്.“ (theguardian.com)

അമേരിക്കയിലെ പ്രശസ്ത സിനിമാ നിർമ്മാതാവായ ഹാർവി വെയിൻസ്റ്റൈനെതിരെ 2017 ഒക്ടോബറിൽ ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിനാണ് #metoo. പിന്നീട് ലോകമെമ്പാടും ഇത് വ്യാപിച്ചു. ലോകത്തെ ലൈംഗിക അതിക്രമത്തിന്റെ ഇരകളെല്ലാം – പ്രത്യേകിച്ച് പാശ്ചാത്യലോകത്തെ – ഈ കാമ്പയിനിൽ ‘ഞാനും‘ (ഇരയാണ്) എന്ന് കുറിച്ചിട്ടു. ഹാർവി വെയിൻസ്റ്റൈനിൽ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായ അമേരിക്കൻ നടി ‘അലിസ്സ മിലാനോ‘ ട്വിറ്ററിൽ #metoo കുറിച്ചിട്ട അന്നുതന്നെ അമേരിക്കയിൽ രണ്ട് ലക്ഷം ഇരകൾ ‘ഞാനും‘ എന്ന് ട്വീറ്റ് ചെയ്തു. പിറ്റേദിവസം ആയപ്പോഴേക്കും #metoo 5 ലക്ഷമായി മാറി. ഫെയ്‌സ്ബുക്കിൽ 24 മണിക്കൂറിനുള്ളിൽ 12 ദശലക്ഷം പോസ്റ്റുകളിലൂടെ 4.7 ദശലക്ഷം ജനങ്ങൾ ഈ ഹാഷ് ടാഗ് ഉപയോഗിച്ചു. അമേരിക്കയിലെ 45% ഉപയോക്താക്കളും ഈ ഹാഷ്ടാഗ് ഉപയോഗിച്ച് തങ്ങളുടെ കഥകൾ പോസ്റ്റ് ചെയ്തത്രേ. (“More than 12 million ‘metoo’ Facebook posts, comments, reactions in 24 hours”, CBS News, October 17, 2017) അമേരിക്കയിലെ പതിനായിരക്കണക്കിന് സ്ത്രീ സെലിബ്രിറ്റികൾ, ഹോളിവുഡ് നടിമാർ തങ്ങളുടെ #metoo കഥകൾ പങ്കുവെച്ചു. ഹോളിവുഡിന് പുറമേ സംഗീത വ്യവസായമേഖല, ശാസ്ത്രം, പഠന ഗവേഷണ മേഖല, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്ത്രീകൾ #metoo-വിൽ പങ്കാളികളായി. ഇവരെല്ലാവരും ബലാത്സംഗത്തിന്റെ (Rape) ഇരകളല്ല എന്നോർക്കണം. അധികവും ലൈംഗികാതിക്രമങ്ങളുടെ (sexual harassment) ഇരകളാണ്. ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അനിഷ്ടകരമായ ലൈംഗിക സൂചനകൾ, ലൈംഗിക ആനുകൂല്യങ്ങൾക്കായുള്ള അഭ്യർത്ഥനകൾ, ജോലിസ്ഥലത്തോ പഠന അന്തരീക്ഷത്തിലോ ഉള്ള ലൈംഗിക സ്വഭാവത്തിലുള്ള വാക്കാലുള്ളതോ ശാരീരികമോ ആയ ഉപദ്രവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ‘സെക്ഷ്വൽ ഹറാസ്‌മെന്റ്‘ എന്ന് ‘ഇ. ഇ. ഓ. സി‘ (Equal Employment Opportunity Commission) നിർവചിക്കുന്നു. പഴയ തലമുറയിലെ ഫെമിനിസ്റ്റുകൾ ‘സമരം‘ ചെയ്തു നേടിയെടുത്ത ‘ലൈംഗിക സ്വാതന്ത്ര്യ‘ത്തിന് ‘ലൈംഗിക ലഭ്യത‘ എന്ന മറുപുറമുണ്ട് എന്ന് തിരിച്ചറിഞ്ഞതും തിക്ത ഫലം അനുഭവിക്കുന്നതും പാശ്ചാത്യ ലോകത്തെ പുതുതലമുറയിലെ സ്ത്രീകളാണ്. ഇത് ഫെമിനിസത്തിനും ‘ലൈംഗിക സ്വാതന്ത്ര്യത്തി‘നുമെതിരെ, ധിഷണാവിലാസമുള്ള ഒരുപറ്റം സ്ത്രീകളെ വിറളി പിടിപ്പിക്കുന്നത്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.