മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -2

//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -2
//മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -2
ശാസ്ത്രം / തത്ത്വശാസ്ത്രം

മുതലാളിത്തത്തിന്റെ കെണിയാണ് ഫെമിനിസം -2

അരക്ഷിതത്വത്തിന്റെ നാൾവഴി

ഇനി ഈ ദാരുണമായ സ്ഥിതിവിശേഷത്തിലേക്ക് അമേരിക്കയെ എത്തിച്ച നാൾവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നമുക്ക് നടത്തി നോക്കാം.

അമേരിക്കയിലെ കോളനിവൽക്കരണ കാലഘട്ടത്തിൽ ‘പിതാവ്’ എന്നത് സന്താന പരിപാലനത്തിന്റെ പ്രാഥമിക ഘടകമായിരുന്നു, കുടുംബത്തിന്റെ പകരംവെക്കാനില്ലാത്ത രക്ഷാധികാരിയും റോൾ മോഡലും ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ കുട്ടികളുമായി ബന്ധപ്പെട്ട ഗവൺമെൻറ് രേഖകളും എഴുത്തുകുത്തുകളും സന്താന പരിപാലനവുമായി ബന്ധപ്പെട്ട ‘മാന്വലു‘കളുമെല്ലാം പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അയക്കപ്പെട്ടിരുന്നത്. വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ കസ്റ്റഡി പിതാക്കന്മാർക്കായിരുന്നു നൽകപ്പെട്ടിരുന്നത്. എന്നുവെച്ചാൽ സന്താനങ്ങളുടെ മത-സാമൂഹിക-ധാർമിക ഭാവങ്ങളെ രൂപീകരിക്കുന്നതിലും അവയുടെ നിർമ്മാണ-രക്ഷാകർതൃത്വത്തിലും പ്രഥമവും അടിസ്ഥാനപരവുമായ സ്ഥാനം പിതാവിനായിരുന്നു. മക്കൾക്ക് ജീവിത ദിശയും ശിക്ഷണവും തൊഴിൽ അഭിരുചിയും പരിശീലനവും പിതാവ് നേരിട്ട് പ്രദാനം ചെയ്യുന്ന സാമൂഹിക സ്ഥിതിവിശേഷമാണ് നിലനിന്നിരുന്നത്. (John Demos: ‘Past, Present and personal: The family and life course in American history‘, Oxford University press, 1986, Page: 44-46)

ഉദാഹരണത്തിന് ഒരു ആശാരിയുടെ മകനായി ജനിച്ച സന്താനം പിതാവിൻറെ തൊഴിൽ കണ്ടാണ് വളരുന്നത്. വീടിനടുത്തുള്ള പിതാവിൻറെ പണിശാലയിലും പരിസരത്തും കളിച്ചു വളരുന്ന, പിതാവിൻറെ കരകൗശല മികവിൽ ആകർഷണീയനാവുന്ന സന്താനത്തിന് സ്വാഭാവികമായും പിതാവിന്റെ തൊഴിലിനോട് അഭിരുചി ജനിക്കുന്നു. കുറച്ചുകൂടി വളർച്ചയെത്തുമ്പോൾ പിതാവ് തന്റെ തൊഴിലിൽ കൗതുകക്കാരനായ മകനെ പങ്കാളിയാക്കുന്നു. സ്വാഭാവികമായും മകനും പിതാവിനെപ്പോലെയോ അതിലധികമോ പിതാവിന്റെ തൊഴിലിൽ വൈദഗ്ദ്യം നേടുന്നു. തനിക്ക് ജീവിതോപാധിയും തൊഴിൽപരിശീലനവും ഉപജീവനവും നൽകിയ പിതാവിനെ സന്താനം മാതൃകയായി സ്വീകരിക്കുന്നു. ജീവിത മാതൃകയായി പിതാവിനെതന്നെ പരിഗണിക്കുന്നു. കൃഷിക്കാരന്റെയും വേട്ടക്കാരന്റെയും ബെയ്ക്കറിന്റെയും സന്താനങ്ങളുടെയും അവസ്ഥയും മുമ്പ് വിവരിച്ചത് പോലെ തന്നെയാണ്.

വ്യവസായ വിപ്ലവം അമേരിക്കയിലെ കുടുംബ വ്യവസ്ഥയെ പരോക്ഷമായി സ്വാധീനിച്ചു. വ്യവസായവൽകരണം വീടും തൊഴിലിടവും തമ്മിലുള്ള ദൂരം കൂട്ടി. ഉദാഹരണത്തിന് ആശാരി തന്റെ വീട്ടിൽ നിന്നും ദൂരെ തൊഴിലനുഷ്ടിക്കാൻ തുടങ്ങി. വീടും തൊഴിൽശാലകളും തമ്മിലുള്ള ഈ ദൂരം കുടുംബത്തിലെ പിതാവിന്റെ സാന്നിദ്ധ്യത്തെ കുറച്ചു. പിതാവ് കൂടുതൽ സമയവും തൊഴിൽശാലയിലോ ഫാക്ടറിയിലോ ഓഫീസിലോ ഒക്കെയായി. സന്താനങ്ങളുടെ ജീവിതത്തിൽ മാതാവിന്റെ സാന്നിധ്യവും സ്ഥാനവും അധികരിക്കുകയും പിതാവിന്റേത് സാരമായി കുറവ് വരികയും ചെയ്തു. സന്താന പരിപാലനത്തിന്റെ പ്രാഥമിക ഘടകവും പകരം വെക്കാനില്ലാത്ത രക്ഷാധികാരിയും മാതാവായി. പിതാവ് കുടുംബത്തിന്റെ അത്താണിയും അന്നദാതാവുമായി ചുരുങ്ങി. (Alexander Mitcherlich, ‘Society without the Father: A contribution to social psychology’. New York, Harper Collins, 1993, Page: 147)

സൂസൻ ജസ്റ്ററും മാരിസ് വിനോവ്സ്കിയും പറഞ്ഞു: പത്തൊമ്പതാം നൂറ്റാണ്ടോടെ കുട്ടികളെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന പ്രാഥമിക ഘടകവും ശിക്ഷകരുമായി പിതാവിൽ നിന്നും മാതാക്കളുടെ പരിണാമം പൂർണ്ണമായി. കുട്ടികളുടെ പ്രാഥമിക മേൽനോട്ടക്കാർ മാതാക്കളായി മാറി. വീട്ടിലെ അച്ചടക്കത്തിന്റെ ആത്യന്തിക നടത്തിപ്പുകാരൻ കുടുംബത്തിൻറെ നടത്തിപ്പുകാരൻ എന്ന പാത്രധർമ്മത്തിലേക്ക് പിതാവ് ഒതുങ്ങി (“Changing perspectives on the American family in Past”, in Y.V. Richard Scott And James F.Short, Jr, eds, Annual review of Sociology, Vol. 13 (Palo Alto California: Annual Reviews. 1987). Page: 203)

കുടുംബത്തിൻറെ നേതാവ്, ഉപജീവന സമ്പാദകൻ എന്ന ഉത്തരവാദിത്വം പിതാവിനായി മാറി. കുട്ടികളുമായി ബന്ധപ്പെട്ട രേഖകൾ അമ്മയെ അഭിസംബോധന ചെയ്യുന്നതാവാൻ തുടങ്ങി. വിവാഹമോചനത്തിൽ കസ്റ്റഡിയും അമ്മക്കുള്ളതായി മാറി. “കുടുംബത്തിലെ കൈകാര്യ കർതൃത്വം, നായകത്വം എന്ന ചുരുങ്ങിയ ‘റോളിൽ‘ നിന്നും പൗരുഷത്വത്തിന്റെ മറ്റു തലങ്ങളിൽ പുരുഷന്മാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം സാമൂഹിക വ്യവസ്ഥ മാറിത്തുടങ്ങി. വ്യക്തിഗത നേട്ടങ്ങളിലും അഭിലാഷങ്ങളിലും അവർ ജീവിത ലക്ഷ്യത്തെ കേന്ദ്രീകരിക്കാൻ തുടങ്ങി“ (Demos, ‘Past, Present, and Personal’, Page: 60)

ഡാനിയൽ യാൻകെലോവിച്ച് (Daniel Yankelovich) പറയുന്നു: “1960-കളിൽ യഥാർത്ഥ പുരുഷനാവുക എന്നാൽ കുടുംബത്തിന് നല്ല നാഥനാവുക, ചെലവ് വഹിക്കുന്നവനാകുക എന്നതായിരുന്നു സങ്കല്പം. 1970കളിൽ ഒരു യഥാർത്ഥ പുരുഷന്റെ ഈ നിർവചനം അതിൻറെ ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. 1968 ൽ 86% ജനങ്ങളും ഈ അർത്ഥം സങ്കൽപ്പിച്ചിരുന്നെങ്കിൽ എഴുപതുകളിൽ അത് 67% ജനങ്ങളുടെ അഭിപ്രായമായി കൂപ്പുകുത്തി. ആ അഭിപ്രായം ഇപ്പോഴും താഴ്ന്നുകൊണ്ടിരിക്കുന്നു.“
(“How changes in Economy are Re-shaping American Values”, Values and public policy, Washington D.C: Brookings Institution, 1994, Page: 34)

വ്യവസായ വിപ്ലവ കാലഘട്ടത്തിൽ വ്യവസായ പ്രഭുക്കൾ വ്യാപാരികളെയും വാണിഭക്കാരെയും മുതലാളിത്ത വ്യവസ്ഥിതിയുടെ അവിഭാജ്യഘടകമായി അവരോധിച്ചു. പരമ്പരാഗത കരകൗശല വസ്തുക്കളോടൊപ്പം കൈവേലക്കാർ കമ്മാളൻമാർ തൊഴിലാളി സമാജങ്ങൾ കൂലി തൊഴിലാളികൾ എല്ലാം അപ്രസക്തമായി. വാണിജ്യ കൃഷിയിൽ നിന്നും വ്യുൽപ്പന്നമായ അധികലാഭം കൃഷിയുടെ യന്ത്രവൽക്കരണം വർദ്ധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. വ്യാവസായിക മുതലാളിത്തം ഫാക്ടറി നിർമ്മാണ സമ്പ്രദായത്തിന്റെ വികാസത്തെ അടയാളപ്പെടുത്തി. ഒടുവിൽ വ്യവസായ വിപ്ലവം മുതലാളിത്ത ഉൽപ്പാദന രീതിയുടെ ആധിപത്യത്തിന്റെ അടിത്തറ ഉറപ്പിച്ചു. (Burham, Peter (1996).”Capitalism”. In McLean, Lain, McMillan, Alistar (eds). The concise Oxford dictionary of politics)

ആഗോളവൽക്കരണമെന്ന വിശാലമായ പ്രക്രിയയിലൂടെ മുതലാളിത്തം ലോകമെമ്പാടും പടർന്നുപന്തലിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശക്തമായ ബന്ധമില്ലാതെ വിഘടിച്ചു നിന്നിരുന്ന കമ്പോള പരമ്പരയെ ഒത്തു ചേർത്ത് ആഗോളവൽക്കരണ പ്രക്രിയയെ തീവ്രമാക്കി. (James, Paul; Gills, Barry (2007). Globalization and economy, Vol 1: Global markets and capitalism. Landon: Sage Publication)

ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും മുതലാളിത്തം, കേന്ദ്ര ആസൂത്രിത സമ്പദ്‌വ്യവസ്ഥയിലൂടെ വെല്ലുവിളികളെ മറികടന്നു ലോകം മുഴുവൻ ഉൾക്കൊള്ളുന്ന വ്യവസ്ഥയായി. (Capitalism, Encyclopedia Britannica, 10 November 2014, britannica.com/topic/capitalism)

പാശ്ചാത്യ വ്യാവസായിക ലോകത്ത് മുതലാളിത്തം സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെ അതിന്റെ പ്രധാന രൂപമായി സ്വീകരിക്കുക കൂടി ചെയ്തു. അമേരിക്കയിലും മിശ്ര സമ്പദ് വ്യവസ്ഥയാണ് നിലനിൽക്കുന്നതെങ്കിലും അതിന്റെ ആത്മാവ് നിഷ്ഠൂരവും ഹീനവുമായ മുതലാളിത്തമാണെന്ന് അമേരിക്കയിലെ തന്നെ സാമ്പത്തിക വിദഗ്തർ തുറന്നു സമ്മതിക്കുന്നുണ്ട്. മുതലാളിത്തം അതിന്റെ അസംസ്കൃതവും ക്രൂരവുമായ രൂപത്തിൽ തന്നെ അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങളിൽ താണ്ഡവമാടി കൊണ്ടിരിക്കുകയാണ്. ‘സ്വാർത്ഥത‘യേയും “അത്യാർത്തി“യേയും അതിൻറെ കിരാതവും മനുഷ്യത്വരഹിതവുമായ രൂപത്തിൽ അമേരിക്കൻ മുതലാളിത്തം അംഗീകരിക്കുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ‘American Capitalism is Brutal’ (അമേരിക്കൻ കാപിറ്റലിസം അതി ക്രൂരമാണ്) എന്ന ലേഖനത്തിൽ (www.nytimes.com/14-aug-2019) മാത്യു ഡസ്മണ്ട് പറയുന്നു.

“സുരക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കുറ്റം ചുമത്തപ്പെടുന്നതിനും ഏതാനും വർഷം മുമ്പ് മാർട്ടിൻ ശക്രേലി ഒരു ഔഷധ നിർമ്മാണ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം വഹിച്ചിരുന്നു. ജീവരക്ഷകമായ ആന്റി പാരാസിറ്റിക് മരുന്നായ “ഡാറാപ്രിം“ നിർമ്മാണാവകാശം ഉടമപ്പെടുത്തുന്ന കമ്പനിയാണിത്. പ്രസ്തുത മരുന്നിൻറെ ഒരു ഗുളികക്ക് 13.50 ഡോളർ ആയിരുന്നു വില. പക്ഷേ ശക്രേലിയുടെ കമ്പനി സാരഥ്യ കാലത്ത് മരുന്നിൻറെ വില 56 ഇരട്ടി വർദ്ധിച്ചു. ഒരു ഗുളികയുടെ വില 570 ഡോളർ ആയി മാറി! ഒരു ആരോഗ്യ സുരക്ഷാ സമ്മേളനത്തിൽ ഈ അധികവിലയെപ്പറ്റി ചോദ്യമുയർന്നപ്പോൾ ശക്രേലി ശ്രോതാക്കൾക്ക് നൽകിയ മറുപടി ഇതായിരുന്നു: “ആർക്കും ഇത് പറയാൻ താല്പര്യമില്ല. ആരും ഇതിൽ അഭിമാനിക്കുന്നുമില്ല. എങ്കിലും പറയട്ടെ, ഇതൊരു ക്യാപിറ്റലിസ്റ്റ് സമൂഹമാണ്. മുതലാളിത്ത വ്യവസ്ഥയും ഭരണവുമുള്ള മുതലാളിത്ത രാജ്യം.“ (ന്യൂയോർക്ക് ടൈംസ് മാഗസിൻ, 14 ഓഗസ്റ്റ് 2019)

ജീവരക്ഷാ ഉപാധികളിലും സേവനങ്ങളിലും അവശ്യ വസ്തുക്കളിലും പോലും കൊള്ളലാഭം ഉണ്ടാക്കുന്ന അമേരിക്കൻ തീവ്ര ക്യാപിറ്റലിസത്തെയാണ് പ്രിൻസ്റ്റൺ സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗം പ്രൊഫസർ മാത്യു ഡെസ്മണ്ട് ഈ ലേഖനത്തിലൂടെ നിരൂപണം ചെയ്യുന്നത്. മുതലാളിത്തം അതിൻറെ മാനവിക മുഖംമൂടി അഴിച്ചുവെച്ച കിരാതവാഴ്ച.

വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാല സോഷ്യോളജിസ്റ്റ് ജോയൽ റോജേഴ്സ് ഇത്തരം ക്രൂരവും അന്ധവുമായ ക്യാപിറ്റലിസത്തിന് “Low-road Capitalism“ (ചെറ്റ മുതലാളിത്തം) എന്നാണ് വിശേഷിപ്പിച്ചത്. ചെറുകിട ബിസിനസ് ഉടമകൾക്ക് ലിറ്റിൽ ഹായ്റ്റിയിലെ തങ്ങളുടെ കടകളെല്ലാം നഷ്ടമാവുന്നതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ ഒരു റിയൽ എസ്റ്റേറ്റ് പ്രമാണി ‘ദ മയാമി ഹെറാൾഡ്‘ പത്രത്തിന് നൽകിയ മറുപടിയും ‘നമ്മൾ ജീവിക്കുന്നത് ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്താണ്‘ എന്നായിരുന്നു എന്നുള്ളതും ഇതിനോട് ചേർത്തുവായിക്കുക. അക്ഷരാർത്ഥത്തിൽ ‘ചെറ്റ മുതലാളിത്തം‘!

ബിസിനസ് കുത്തകകൾ വിലയിൽ മത്സരിക്കുന്നതുമൂലം കൂലിയിൽ പ്രതിദിനം താഴ്ച സംഭവിക്കുന്ന, പണിക്കാരെ ‘പ്രമോഷ‘നുകൾക്ക് പകരം ശിക്ഷകൾകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന, അസമത്വവും ദാരിദ്ര്യവും പരത്തുന്ന തരംതാഴ്ന്ന സാമ്പത്തിക വ്യവസ്ഥ. അമേരിക്കൻ ഐക്യനാടുകളിൽ, സമ്പന്നരായ ഒരു ശതമാനം, രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഉടമപ്പെടുത്തുന്നു. അതേസമയം തൊഴിലാളി വർഗ്ഗത്തിൽ (18-65 പ്രായമുള്ളവർ) വലിയൊരു പങ്കും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. (ന്യൂയോർക്ക് ടൈംസ് മാഗസിൻ: 14, Aug, 2019)

അമേരിക്കയിലെ കാപ്പിറ്റലിസത്തിന്റെ വിത്തുതന്നെ അത്യാഗ്രഹം, സ്വാർത്ഥത, ക്രൂരത എന്നിവയായിരുന്നു. “അമേരിക്കയിൽ നിലനിന്നിരുന്ന ക്രൂരമായ അടിമത്തം അമേരിക്കൻ മുതലാളിത്തത്തിന്റെ ഡി. എൻ. എ. യിൽ ഉല്ലേഖനം ചെയ്യപ്പെട്ടു കിടക്കുന്നു“ എന്ന് ചരിത്രകാരന്മാരായ സ്വെൻ ബെക്കെർട്ടും സെത്ത് റോക്ക്മാനും പറയുന്നു. ഇന്ന് അമേരിക്കൻ മുതലാളിത്തം പെട്രോളിൽ കണ്ണ് നട്ടിരിക്കുന്നത് പോലെ പത്തൊമ്പതാം നൂറ്റാണ്ടിൽ അവർ കണ്ണുനട്ടിരുന്നത് പരുത്തിയിലായിരുന്നു. പരുത്തികൃഷിക്ക് എണ്ണമറ്റ പണിക്കാരും ഭൂമിയും ആവശ്യമായിരുന്നു. ഒരു ഭൂമിയിൽ ഏതാനും വർഷങ്ങൾ പരുത്തി കൃഷിചെയ്യുമ്പോഴേക്കും പ്രസ്തുത ഭൂമി ഫലശൂന്യമായി മാറുമായിരുന്നു. അതിനാൽതന്നെ കൂടുതൽ കൂടുതൽ ഭൂമി ആവശ്യമായി വന്നു കൊണ്ടിരുന്നു. അമേരിക്കൻ മുതലാളിത്തത്തിന്റെ ‘അത്യാഗ്രഹ‘ ചരിത്രം (History of Greed) ഇങ്ങനെയാണ്: ആയിരക്കണക്കിന് അമേരിക്കൻ ആദിവാസികളുടെ ഭൂമി വെള്ളക്കാർ കൊന്നും കൊലവിളിച്ചും നിർബന്ധം ചെലുത്തിയും സ്വന്തമാക്കി. ദശലക്ഷക്കണക്കിന് ഏക്കറുകൾ പരുത്തികൃഷിക്കും മറ്റു പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയും കൊള്ളയടിച്ച് കൈക്കലാക്കി. ജോർജ്ജിയ, അലബാമ, ടെന്നസി, ഫ്ലോറിഡ തുടങ്ങിയ തെക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം ഇങ്ങനെയാണ് വെള്ളക്കാർ കൈക്കലാക്കിയത്. പരുത്തി കൃഷികഴിഞ്ഞ് വർഷങ്ങൾ കൊണ്ട് ഫലപുഷ്ടി നഷ്ടപ്പെട്ട ഭൂമി വളരെ കുറഞ്ഞ വിലക്ക് – ഒരു ഏക്കറിന് ഒന്നേകാൽ ഡോളർ – ആയിരത്തി എണ്ണൂറ്റി മുപ്പതുകളിൽ വെള്ളക്കാരായ കുടിയേറ്റക്കാർക്ക് താമസിക്കാനായി വിൽക്കുകയും ചെയ്തുകൊണ്ടിരുന്നു. (അന്നത്തെ ഒന്നേകാൽ ഡോളർ ഇന്നത്തെ 38 ഡോളർ മൂല്യം കണക്കാക്കാം. അതായത് കേവലം 2924.48 രൂപയ്ക്ക് (21 ഏപ്രിൽ 2020ലെ രൂപയുടെ മൂല്യം അനുസരിച്ച്) ഒരു ഏക്കർ വിറ്റു കൊണ്ടിരുന്നു!)

പട്ടാളവും ആയുധവുമുപയോഗിച്ച് കരസ്ഥമാക്കിയ ഈ ഭൂമിയിൽ ബാക്കി പണികളെല്ലാം ചെയ്യാനായി കറുത്ത വർഗ്ഗക്കാരായ അടിമകളെ ഉപയോഗപ്പെടുത്തി. മഴു ഉപയോഗിച്ച് എണ്ണിയാലൊടുങ്ങാത്ത അത്രയും ഏക്കർ കാടുകൾ അവരെക്കൊണ്ട് വെട്ടിനിരത്തി. ജൈവവൈവിധ്യത്തെയും സസ്യ ബാഹുല്യത്തെയും ഏതാനും വർഷങ്ങൾ കൊണ്ട് വെട്ടിയും കത്തിച്ചും നാമാവശേഷമാക്കി അമേരിക്കൻ മുതലാളിത്തം സ്വാർത്ഥതയുടെ പാരമ്യത്തിൽ എത്തിച്ചേർന്നു.

“ഭൂമിയിലെ ഏറ്റവും സമ്പന്നമായ കാർഷികമേഖലയെ വിറ്റു തുലച്ചപ്പോൾ ഭക്ഷണത്തിനായി വ്യാപാരത്തെ അവലംബിക്കേണ്ടി വന്നു“ എന്ന് ചരിത്രകാരനായ വാൾട്ടർ ജോൺസൺ വിവരിക്കുന്നു.

ഇനി അമേരിക്കൻ മുതലാളിത്തത്തിന് ‘ക്രൂരത‘യുടെ കഥ പറയാം. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്നും അടിമകളാക്കി കൊണ്ടുവന്ന കറുത്തവർഗ്ഗക്കാരെ തല്ലിയും കൊന്നും പാടങ്ങളിലും കൃഷിയിടങ്ങളിലും പണിയെടുപ്പിച്ച് സവർണ്ണ മുതലാളിത്തം കൊഴുത്തു തടിച്ചു. 1831 ആയപ്പോഴേക്കും ലോകത്തെ പരുത്തി ഉൽപാദനത്തിന്റെ പകുതിയിലേറെ ഉൽപാദനവും അമേരിക്കയിൽനിന്നായി മാറി. 350 ദശലക്ഷം പൗണ്ട് പരുത്തി ആണ് ആ വർഷം അമേരിക്ക ഉൽപ്പാദിപ്പിച്ചത്. നാലു വർഷം കഴിഞ്ഞപ്പോഴേക്കും ഉൽപാദന നിരക്ക് 500 ദശലക്ഷം പൗണ്ട് ആയി മാറി. 1810 ൽ 87000 ഉൽപ്പാദന കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 50 വർഷത്തിനുശേഷം അത് 5 ദശലക്ഷമായി വളർന്നു. തെക്കൻ സവർണ വരേണ്യ വർഗ്ഗവും വടക്കൻ സവർണ്ണ വരേണ്യ വർഗ്ഗവും പരുത്തി ഉല്പാദനത്തിലൂടെയും വ്യാപാരത്തിലൂടെയും കോടീശ്വരന്മാരായി മാറി. “ഈ സാമ്പത്തിക മുതലാളിത്ത വ്യവസ്ഥയുടെ സ്പന്ദിക്കുന്ന ഹൃദയം അടിമത്തമായിരുന്നു“ എന്ന് ചരിത്രകാരൻ സ്വെൻ ബെക്കർട്ട് പറയുന്നു. ഓരോ അടിമക്കും ഇത്രയിത്ര പൗണ്ട് പരുത്തി പറിക്കാൻ പണി ഏൽപ്പിക്കുമായിരുന്നു. അതിൽ വരുത്തുന്ന കമ്മിക്കനുസരിച്ച് അടിമയുടെ പുറത്ത് ചാട്ടവാർ അടികൾ പതിയുമായിരുന്നു“ എന്ന് ഒരിക്കൽ അടിമയായിരുന്ന ഹെൻട്രി വാട്സൺ 1848 ൽ എഴുതുകയുണ്ടായി. കമ്മി വരുന്ന എണ്ണം പിറ്റേ ദിവസത്തേക്ക് കൂട്ടിച്ചേർക്കും ഇങ്ങനെ കൂട്ടി ചേർക്കപ്പെടുന്ന ക്വാട്ട തീർത്തേ പറ്റൂ. അതിനായി വിശ്രമമില്ലാതെ രാപകൽ പണിയെടുത്തില്ലെങ്കിൽ യജമാനൻ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്. അടിമക്ക് ഏൽപ്പിക്കുന്ന തീവ്ര വേദനയ്ക്കും മനഃപീഡനത്തിനുമനുസരിച്ച് ഉൽപാദന നിരക്ക് കൂടുന്നുവെന്ന കണ്ടെത്തലുകൾ അന്നത്തെ മുതലാളിത്തത്തിന്റെ സവിശേഷ പഠനങ്ങളിൽ രേഖപ്പെടുത്തപ്പെട്ടു. ഇംഗ്ലണ്ടിലെ മാർക്കറ്റിൽ പരുത്തിയുടെ വില കൂടുന്നത് ഞൊടിയിടയിൽ അടിമകൾക്ക് അനുഭവഭേദ്യം ആയിരുന്നുവെന്ന് മറ്റൊരു അടിമയായിരുന്ന ജോൺ ബ്രൗൺ ഓർക്കുന്നു. “കൂടുതൽ തീവ്രമായ അധ്വാനവും ചാട്ടവാർ അടികളുടെ ആധിക്യവുമായിരുന്നു സൂചനകൾ“.

കരളലിയിപ്പിക്കുന്ന ക്രൂരതകളുടെ ഒരുപാട് കഥകൾ ഇനിയുമുണ്ടെങ്കിലും വിഷയത്തിൽ നിന്നും അകലാതിരിക്കാൻ അമേരിക്കൻ മുതലാളിത്തത്തിന്റെ ഭൂതകാല വിവരണം മതിയാക്കുകയാണ്. ചുരുക്കത്തിൽ മുതലാളിത്തം അതിന്റെ അസംസ്കൃത അവസ്ഥയിൽ മൂന്ന് സ്വഭാവത്തെ ഉൾക്കൊള്ളുന്നു: അത്യാഗ്രഹം, മനുഷ്യത്വരഹിതമായ സ്വാർത്ഥത, ക്രൂരത. അതിന്റെ മൂർത്തീഭാവമാണ് അമേരിക്കൻ മുതലാളിത്തം. ഒരു സാമ്പത്തിക വ്യവസ്ഥയായി മാത്രം ഒതുങ്ങിനിൽക്കുന്നതല്ല മുതലാളിത്തം. മനുഷ്യന്റെ വ്യക്തിജീവിതത്തെയും ധാർമികതയെയും സാമൂഹിക പരിപ്രേക്ഷ്യത്തേയുമെല്ലാം ഉടച്ചുവാർക്കുന്നതാണത്. പരമാവധി ലാഭമാണ് അത് ജീവിതത്തിലെ എല്ലാത്തിൽനിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാത്തിനെയും അത് കച്ചവടക്കണ്ണോടെ കാണുന്നു. മനുഷ്യരെയും മനുഷ്യബന്ധങ്ങളെയും പോലും കച്ചവടക്കണ്ണോടെ അല്ലാതെ ആധുനിക മുതലാളിത്തത്തിന് കാണാൻ കഴിയില്ല. ലാഭം വേണമെങ്കിൽ കച്ചവടം പൊടിപൊടിക്കണം. കച്ചവടം കെങ്കേമമാകണമെങ്കിൽ ഉപഭോഗ തൃഷ്ണ മൂർധന്യാവസ്ഥയിൽ നിലനിൽക്കണം. അപ്പോൾ ഉപഭോഗ സംസ്കാരത്തിന് മുതലാളിത്തത്തിന്റെ ജീവവായുവിന്റെ സ്ഥാനമാണുള്ളത്. ഇവിടെ കുടുംബ വ്യവസ്ഥയുമായി മുതലാളിത്തം കൊമ്പുകോർക്കുന്നു. കുടുംബം ഒരു നഷ്ട കച്ചവടമാണ്. തനിക്ക് ഭാര്യയിലൂടെ സിദ്ധിക്കുന്ന സൗഹൃദത്തിനും രതി സുഖത്തിനും പകരമായി ഭാര്യയും സന്താനങ്ങളും അടങ്ങുന്ന അവരുടെ പരിപാലനവും ഉത്തരവാദിത്വങ്ങളും കഷ്ടതകളും ഏറ്റെടുക്കുന്നതിൽ പുരുഷൻ നഷ്ടമാണ് കാണുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ആധുനിക സാമൂഹിക വ്യവസ്ഥയിൽ കുടുംബത്തിലെ പുരുഷൻറെ ‘റോൾ‘ നന്നേ കുറഞ്ഞുവെന്ന് നാം മുമ്പ് സൂചിപ്പിച്ചല്ലോ. പിതാവിന്റെ റോൾ കേവലം നേതൃത്വത്തിലും അന്നദാനത്തിനും ചുരുങ്ങി. ഇത് പുരുഷനെ പൗരുഷത്തിൻറെ മറ്റു തലങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിച്ചു. വ്യക്തിഗത നേട്ടങ്ങൾ അഭിലാഷങ്ങൾ എന്നിവ ജീവിത ലക്ഷ്യത്തിൻറെ കേന്ദ്രബിന്ദുക്കളായി മാറി. മുമ്പ് കുടുംബപരിപാലനത്തിനും ദാമ്പത്യ ബന്ധത്തിലും ഉണ്ടായിരുന്ന പുരുഷന്റെ പ്രസക്തിയും ആസ്വാദനവും ഉത്തരവാദിത്വ ബോധവും പയ്യെ പയ്യെ അവന് നഷ്ടമായി തുടങ്ങി. മുതലാളിത്തം പുരുഷ സിരയിൽ അതിന്റെ മൂന്നുതരം ലഹരിയും കുത്തി വെച്ചു; അത്യാഗ്രഹം, മനുഷ്യത്വരഹിതമായ സ്വാർത്ഥത, ക്രൂരത. പൊടുന്നനെ അവന് വിവാഹത്തെയും കുടുംബത്തെയും അതിനഷ്ടകരമായ കച്ചവടമായേ കാണാൻ സാധിക്കൂ എന്ന അവസ്ഥ സംജാതമായി. പിതൃത്വത്തിൻറെ സാമൂഹികതലം സമൂഹമനസ്സിൽ നിന്നും പ്രത്യേകിച്ച് പുരുഷ സമൂഹത്തിന്റെ മനസ്സിൽ അപ്രസക്തമായി തുടങ്ങി. പിതൃത്വത്തിന്റെ ജൈവശാസ്ത്രതലം മാത്രം നിലനിൽക്കുന്ന അവസ്ഥ സംജാതമായി. കുട്ടിയുണ്ടാവണമെങ്കിൽ ഒരു പിതാവ് വേണമെന്ന് മനസ്ഥിതിയിൽ കാര്യങ്ങളെത്തി. “Sperm bank“ (ശുക്ല ബാങ്കുകൾ) എന്ന നവ പ്രതിഭാസം പിതൃത്വത്തെ അജ്ഞാത ബീജദാതാവ് എന്ന അർത്ഥത്തിലേക്ക് എത്തിച്ചു. ഇതിനേക്കാൾ നന്നേ ചെറിയ നിർവചനം പിതൃത്വത്തിന് വന്നുചേരാൻ ഇല്ലാത്ത അവസ്ഥ“ (Fatherless America: 16) രണ്ടാനച്ഛന്മാരും മാതാവിന്റെ ബോയ്ഫ്രണ്ടുകളും പിതൃസ്ഥാനത്ത് ധാരാളമായി അവരോധിക്കപ്പെട്ടു.

അവിവാഹിതരായ മാതാക്കളുടെ (Single mothers) എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. 1993 ൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിന്റെ തലക്കെട്ട് ബാക്കി സംഭവിച്ച പിതൃത്വ- കുടുംബ പരിണാമത്തിന്റെ ആകെ തുക നമുക്ക് മനസ്സിലാക്കിത്തരുന്നു. ലേഖനത്തിന്റെ തലക്കെട്ട് ഇതാണ്: “Who is my Daddy? Can be answered in different ways.“ – “ആരാണ് എൻറെ അച്ഛൻ ? എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ ഉത്തരം നൽകാൻ കഴിയും.”, (Carol Lawson, New York Times: August 5, 1993, C-7).

ഇരുപതാം നൂറ്റാണ്ടിൽ ശക്തമായി മുതലാളിത്ത സംസ്കാരം പുരുഷ സമൂഹത്തിന്റെ പ്രകൃതിയെ മൊത്തം മലിനീകരിച്ചുവെന്ന് നാം പറയുമ്പോൾ രണ്ടു കാര്യങ്ങൾ നമ്മുടെ മനസ്സിലുണ്ടാകണം.

ഒന്ന്, ഈ മുതലാളിത്തത്തിന് സ്വന്തമായ ഒരു അസ്തിത്വമില്ല എന്ന് നമുക്കേവർക്കും അറിയാമല്ലോ. മുതലാളിത്തം ഒരു ആദർശമാണ്. ഒരു ജീവിത പദ്ധതിയാണ്. മുതലാളിത്തമെന്ന ആശയത്തിന്റെ ജഡികമായ രൂപം പുരുഷസമൂഹമാണ്. വ്യവസായ വിപ്ലവത്തോടെ അമേരിക്കയിൽ അരക്കിട്ടുറപ്പിച്ച മുതലാളിത്ത പുരുഷ വൃന്ദം, മാറിയ സാമൂഹിക വ്യവസ്ഥയിൽ തങ്ങളുടെ ആർത്തിക്കും സ്വാർത്ഥതയ്ക്കും ക്രൂരതക്കും ഇണങ്ങുന്നത് ഉത്തരവാദിത്വങ്ങളില്ലാത്ത ലൈംഗികത ആണെന്നും കുടുംബ വ്യവസ്ഥ തടസ്സമാണെന്നും സ്വയം തീരുമാനിക്കുകയാണ് ഉണ്ടായത് എന്നർത്ഥം. അഥവാ കുടുംബ ശിഥിലീകരണവും പിതൃ രാഹിത്യവും മുതലാളിത്തത്തിന്റെ വളർച്ചാകാലഘട്ടങ്ങളിലെ ഒരു പരിണാമ ഭാവം മാത്രമാണ്.

രണ്ട്, മുതലാളിത്തം സ്ത്രീ ചൂഷണത്തിൽ അധിഷ്ഠിതമാണ് എന്നതാണ് നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത. സ്ത്രീ ചൂഷണത്തിനും മുതലാളിത്തത്തിനും തമ്മിലുള്ള ബന്ധം ഒരുപാട് ഗവേഷണങ്ങൾക്കും ചർവ്വിതചർവ്വണങ്ങൾക്കും വിധേയമായ ഒരു വിഷയമാണ്. മുതലാളിത്തം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ഒരുപാട് സാമൂഹ്യശാസ്ത്രജ്ഞരുണ്ട്. മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഈ വകുപ്പിൽ പെടുന്നു. മുതലാളിത്തം സ്ത്രീവിരുദ്ധമല്ല മറിച്ച് സ്ത്രീകൾക്ക് വളരെയധികം സ്വാതന്ത്ര്യവും അവകാശങ്ങളും അവസരങ്ങളും നൽകുന്ന വ്യവസ്ഥയാണെന്ന് മറ്റൊരു വിഭാഗത്തിന്റെ പക്ഷം. മുതലാളിത്തം സ്ത്രീവിരുദ്ധമാണെന്ന് വാദിക്കുന്ന മാർക്സിസ്റ്റ് ചിന്തകർക്ക് മുന്നോട്ട് വെക്കാനുള്ള തത്ത്വത്തിന്റെ ആകെ തുക ഇതാണ്: ഏതുകാലത്തും സ്വകാര്യ സ്വത്തിന് കുത്തകാവകാശം പുരുഷന്മാരായ മുതലാളിത്തത്തിന്റെ കൈയിലായിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയിൽ ഒരു സ്ത്രീ എന്നും പരാധീനത അനുഭവിക്കുന്നു. സാമൂഹികമായ തന്റെ സുരക്ഷയും ക്ഷേമവും പുരുഷനിലാണെന്ന അന്തർമുഖത സൃഷ്ടിക്കപ്പെടുന്നു. ഇതിലൂടെ പുരുഷന് സ്ത്രീയേയും വിവാഹത്തിലൂടെ തന്റെ സ്വകാര്യസ്വത്തായി സ്വന്തമാക്കാൻ സാധിക്കുന്നു. കുടുംബ വ്യവസ്ഥയിലൂടെ തൻറെ സ്വകാര്യ സ്വത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കുന്നു. അനന്തരാവകാശ വ്യവസ്ഥയിലൂടെ തലമുറകളിലേക്ക് സ്വാർത്ഥമായി ഈ സ്വകാര്യസ്വത്ത് കൈമാറാൻ അവന് സാധിക്കുന്നു.

ഫ്രെഡറിക് എംഗൽസ് എഴുതിയ ‘The Origin of the family, private property and the state’ എന്ന പുസ്തകത്തിൻറെ മൂലവാദം ഇതാണ്. ‘സോഷ്യലിസ്റ്റ് ഫെമിനിസ‘ത്തെ സംബന്ധിച്ച് ‘Capitalist Patriarchy and the case for socialist feminism’ എന്ന വിഖ്യാത ഗ്രന്ഥത്തിലൂടെ സില്ലാ ആർ ഐസൻസ്റ്റൈനും വാദിച്ചത് ഇതുതന്നെയാണ്. മുതലാളിത്ത സ്ത്രീ ചൂഷണത്തെ നിശിതമായി വിമർശിച്ച ഐസെൻസ്റ്റൈൻ പുരുഷനോട് സമ്പൂർണ്ണ തുല്യത സ്ത്രീക്കും ലഭ്യമാകുമ്പോഴാണ് പുരോഗമനവാദം സാക്ഷാത്കരിക്കപ്പെടുക എന്ന് ഗ്രന്ഥത്തിലൂടെ വാദിക്കുന്നു. മുതലാളിത്തം സ്ത്രീക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും അകമഴിഞ്ഞ് നൽകുകവഴി സ്ത്രീവിമോചന വ്യവസ്ഥയായി നിലനിൽക്കുന്നു എന്ന ആദ്യത്തെ വാദവും മുതലാളിത്തം വിവാഹവും കുടുംബവും വഴി സ്ത്രീയുടെ മേൽ സ്ത്രീ വിരുദ്ധ പുരുഷാധിപത്യം നടപ്പാക്കുന്നു എന്ന് മാർക്സിസ്റ്റ് വാദഗതിയും, രണ്ടും ശുദ്ധ അസംബന്ധമാണ്.

കേവല താത്ത്വിക യുദ്ധങ്ങൾ മാത്രം. ഒരു ആശയത്തിന്റെ സ്വഭാവഗുണങ്ങളും സമൂഹത്തിൽ അത് നടപ്പാക്കുന്ന പരിണതഫലങ്ങളും മനസ്സിലാക്കാൻ ആയിരം രാത്രികൾ ചിന്തിച്ചു തള്ളേണ്ട കാര്യമൊന്നുമില്ല. അത്തരം ആശയത്തെ സമഗ്രമായി ഉൾക്കൊണ്ട, സമ്പൂർണ്ണ രൂപത്തിൽ പ്രാവർത്തികമാക്കിയ സമൂഹത്തെ എടുത്തു നോക്കിയാൽ പോരേ? അടുപ്പത്തെ ചട്ടിയിൽ അമ്മ എന്തോ പാകംചെയ്തു, മൂടി വെച്ചിരിക്കുന്നത് കണ്ട മക്കൾ സംവാദത്തിലും ഗവേഷണത്തിലും ഏർപ്പെട്ടു. പാത്രത്തിനുള്ളിൽ എന്തായിരിക്കും? എന്താണ് ഇന്ന് അമ്മ നമുക്ക് വിളമ്പുക? എന്നതൊക്കെയാണ് ചോദ്യങ്ങൾ. ഒരുവൻ മണംപിടിച്ച് ചിന്തിച്ചു. മറ്റൊരുവൻ പുറത്തു തെറിച്ചു കിടക്കുന്ന അവശിഷ്ടങ്ങളെ പറ്റി പഠനം നടത്തിയപ്പോൾ മറ്റൊരുവൻ ഇന്നത്തെ ദിവസത്തിൽ സാധാരണ അമ്മ പാകം ചെയ്യാറുള്ളത് എന്താണെന്ന് ചിന്തിച്ചുകൊണ്ടിരുന്നു. സംവാദങ്ങൾ കൊടുമ്പിരികൊണ്ടു. വാദപ്രതിവാദങ്ങൾക്ക് ഒച്ചകൂടി. മക്കളിൽ ഏറ്റവും ഇളയവൻ വന്ന് ചട്ടിയുടെ മൂടി നീക്കി നോക്കി, ‘പോത്തിറച്ചിയാണെന്ന്‘ പറഞ്ഞ്, സ്ഥലം വിട്ടു. ഇതുപോലെയാണ് ഒരുപറ്റം ‘ബുദ്ധിജീവി‘കളുടെ കഥ! അമേരിക്കയെന്ന ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തെ തന്നെ എടുക്കുക. മാർക്സിസം സിദ്ധാന്തിക്കും പോലെ കുടുംബ വ്യവസ്ഥയിലൂടെ സ്ത്രീയെ സ്വകാര്യസ്വത്തായി ചങ്ങലക്കിട്ടിരിക്കുന്ന കാഴ്ച അല്ലല്ലോ ഇതുവരെ വിവരിച്ചതിൽ നിന്നും നാം കാണുന്നത്. മറിച്ച് അവിവാഹിത ബന്ധങ്ങളുടെ ആധിക്യവും കുടുംബ ശിഥിലീകരണവുമാണ്. ഉത്തരവാദിത്വങ്ങളുടെ നൂലാമാലകൾ പൊട്ടിച്ചെറിഞ്ഞുള്ള ലൈംഗിക സ്വാതന്ത്ര്യം അതിശക്തമായി സമൂഹമനസ്സിൽ കുത്തി നിറക്കാനുള്ള ബദ്ധപ്പാടുകളാണ് നാം കാണുന്നത്. സമൂഹത്തിൽ ഉപഭോഗസംസ്കാരം വളർത്തിയെടുക്കാൻ സകല മാധ്യമങ്ങളും അമേരിക്കൻ മുതലാളിത്തം ഉപയോഗപ്പെടുത്തി. സാഹിത്യങ്ങൾ, ഹോളിവുഡ് സിനിമകൾ, ഫാഷൻ ട്രെൻഡുകൾ എല്ലാം അവിവാഹിത ലൈംഗികതയെ ഗ്ലാമർവൽക്കരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തി. അവശ്യവസ്തുക്കളല്ലാത്ത ചരക്കുകൾ വിൽക്കപ്പെടണമെങ്കിൽ പുരുഷ ഉപഭോക്താക്കളെ – അവരുടെ അടുക്കലാണല്ലോ ചരക്കുകൾ വാങ്ങാനുള്ള ധനത്തിന് കൂടുതൽ പങ്കും നിലകൊള്ളുന്നത് – ആകർഷിക്കുന്ന പ്രധാന ഘടകമായ സ്ത്രീയേയും സ്ത്രീ നഗ്നതയും ഉപയോഗപ്പെടുത്തണം. സൗന്ദര്യവർദ്ധക വസ്തുക്കളിലേക്ക് സ്ത്രീകളാകുന്ന ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കണമെങ്കിലും സ്ത്രീ സൗന്ദര്യത്തിന് അർദ്ധ നഗ്നതയും കോസ്മെറ്റിക് റോൾ മോഡലും സൃഷ്ടിച്ചെടുക്കുക ആവശ്യമാണെന്ന് മുതലാളിത്തം മനസ്സിലാക്കി. ഇത് സാധ്യമാകണമെങ്കിലും ‘നിരുപാധിക സ്ത്രീസ്വാതന്ത്ര്യം‘ പ്രചരിപ്പിച്ചേ പറ്റൂ. ഭൂരിഭാഗം വരുന്ന പുരുഷ ഉപഭോക്താക്കളുടെ അടുക്കൽ ആവശ്യകതയിൽ (Demand) മുന്തി നിൽക്കുന്നതും, വളരെ ലാഭകരവുമായ കച്ചവടത്തിൽ ഒന്നാണ് ലൈംഗിക കച്ചവടം.
ലൈംഗിക കച്ചവടത്തിലൂടെ കുമിഞ്ഞുകൂടുന്ന ലാഭം വമ്പിച്ചതാണ്. പ്രസ്തുത കച്ചവടത്തിന് ഉപഭോക്താക്കളുടെ അടുക്കലുള്ള ഡിമാൻഡ് അധികരിക്കാനായി അവിവാഹിത ലൈംഗിക സംസ്കാരത്തെ മുതലാളിത്തം വെള്ളവും വളവും നൽകി വളർത്തുന്നു.

*പ്രമുഖ വ്യവസായ മേഖലയായ ടൂറിസം അഭിവൃദ്ധിപ്പെടുത്താൻ പ്രധാന ആകർഷണീയത സൗജന്യവും ഉത്തരവാദിത്തങ്ങളുമില്ലാത്ത ലൈംഗികതയുമാണെന്ന് മുതലാളിത്തം മനസ്സിലാക്കുന്നു. അതിനായി സർവ്വ സാഹചര്യങ്ങളും സൃഷ്ടിക്കുന്നു.

*അവിവാഹിത ലൈംഗിക സംസ്കാരങ്ങൾ സമൂഹ മനസാക്ഷിയുടെ – പ്രത്യേകിച്ച് സ്ത്രീ മനസാക്ഷിയുടെ – ഉള്ളിൽ സ്വാതന്ത്ര്യത്തിന്റെയും ജീവിതാസ്വാദനത്തിന്റെയും അഭിവാജ്യ ഘടകമായി അവരോധിക്കാൻ ഉതകുമാറ് ആചാരങ്ങളും ചടങ്ങുകളും സാമൂഹിക ശീലങ്ങളും വളർത്തിക്കൊണ്ടു വരുന്നു.

(തുടരും)

print

1 Comment

  • ഒന്നാം ഭാഗത്തേക്കാൾ സരളവും എന്നാൽ നമ്മുടെ ചുറ്റുപാടിന് ഏറെ പ്രസക്തവുമായി തോന്നി ഈ രണ്ടാം ഭാഗം. അള്ളാഹു അനുഗ്രഹിക്കട്ടെ !

    AHMED SAIF 16.06.2021

Leave a comment

Your email address will not be published.