മിണ്ടാപ്രാണികളുടെ മതം

//മിണ്ടാപ്രാണികളുടെ മതം
//മിണ്ടാപ്രാണികളുടെ മതം
ആനുകാലികം

മിണ്ടാപ്രാണികളുടെ മതം

തം സംസാരിച്ചത് മനുഷ്യരെ കുറിച്ചു മാത്രമാണോ…? ഉത്തരം അല്ലെന്നാണ്! ആകാശത്തിന് ചുവട്ടിലെ പച്ചക്കരളുള്ള ഏതൊരു ജീവിയേയും മതം ഉൾക്കൊള്ളുന്നുണ്ടെന്ന് പ്രവാചക വചനങ്ങൾ പരിശോധിച്ചാൽ നമുക്ക് ബോധ്യമാകും. “നിങ്ങൾ അവളുടെ കുഞ്ഞിനെ അവൾക്ക് തിരിച്ചു കൊടുക്കുക… “ഈ വചനം പ്രത്യക്ഷത്തിൽ വായിക്കുമ്പോൾ അവിടുന്ന് സംസാരിക്കുന്നത് എതോ മനുഷ്യനെ കുറിച്ചാണെന്ന് പോലും ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ മിണ്ടാപ്രാണികളെ കുറിച്ചായിരുന്നു പ്രസ്തുത വചനത്തിൽ അവിടുന്ന് സംസാരിച്ചതെന്ന് കഥാസന്ദർഭം പരിശോധിച്ചാൽ മനസ്സിലാക്കാം.

അബൂ ദാവൂദ് ഉദ്ധരിക്കുന്ന ഹദീഥിൽ ഇബ്നു മസ്ഊദ് (റ) പറയുന്നുണ്ട്. ഒരിക്കൽ പ്രവാചകനും(സ്വ) അനുചരരും യാത്രയിലായിരുന്നു. യാത്രക്കിടയിൽ ഒരു പക്ഷിക്കൂട് കണ്ട അവരിൽ ചിലർ കൗതുകത്തോടെ കൂട്ടിൽ നിന്ന് കുഞ്ഞുങ്ങളെ എടുത്തു മാറ്റി. പിന്നീട് പരിഭ്രാന്തിയോടെ കൂടിനു ചുറ്റും വട്ടമിട്ട് പറക്കുന്ന തള്ളപ്പക്ഷിയെ കണ്ട പ്രവാചകൻ (സ്വ) “നിങ്ങളിൽ ആരാണ് അവളുടെ കുഞ്ഞുങ്ങളെ അവളിൽ നിന്ന് എടുത്തു മാറ്റി അവളെ ദ്രോഹിച്ചത്..? അവൾക്ക് അവയെ ഉടൻ തിരിച്ചു നൽകൂ…” എന്ന് ശക്തമായ ഭാഷയിൽ അവരെ ശകാരിച്ചു. കുഞ്ഞുങ്ങളെ തിരിച്ചേൽപ്പിച്ച് അവർ യാത്ര തുടർന്നു. ടെന്റുകളിൽ ഉണ്ടായിരുന്ന ഉറുമ്പിൻ പറ്റങ്ങളെ തീയിട്ടു നശിപ്പിച്ചവരോട് തീ കൊണ്ട് ശിക്ഷിക്കാൻ അവകാശം റബ്ബിന് മാത്രമെ ഉള്ളുവെന്ന് പറഞ്ഞ് അവരെ ശകാരിച്ചതായും ഇബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്ന ഹദീഥിൽ തുടർന്നു കാണാം.

ഇസ്‌ലാമിൽ മൃഗ സ്നേഹം കപടമോ ദുരുദ്ദേശപരമോ ആയിരുന്നില്ല, കുഞ്ഞനുറുമ്പും കുഴിയാനയും ‘ആനയോളം’ വലിയ വിഷയങ്ങളായി ഇസ്‌ലാം കാണുന്നത് അതുകൊണ്ടാണ്.

ഭൂമിയിലുള്ള സർവ്വ വസ്തുക്കളും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
“അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌.” (2:29) എന്ന് ഖുർആൻ പറയുന്നതോടൊപ്പം നമുക്ക് ചുറ്റുമുള്ള മിണ്ടാപ്രാണികൾ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന ഒരു അമാനത്ത് ആയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മിണ്ടാപ്രാണികൾ അമാനത്താകുമ്പോൾ അവയോടുള്ള സമീപനം കരുണാർദ്രമായി തീരുന്നു.

ഒരു മനുഷ്യനോട് നന്മ ചെയ്യുന്നത് പോലെ തന്നെയാണ് മിണ്ടാപ്രാണികളോടും നന്മ ചെയ്യുന്നത്, ഒരു മനുഷ്യനോട് അക്രമം പ്രവർത്തിക്കുന്നത് പോലെയാണ് മിണ്ടാപ്രാണികളോടും എന്ന് പ്രവാചകൻ (സ്വ) ഒരിക്കൽ പറയുകയുണ്ടായി. അകാരണമായി ഒരു പക്ഷിയെ കൊന്നുകളഞ്ഞാൽ നാളെ പരലോകത്ത് കാരണം ബോധിപ്പിക്കേണ്ടതായി വരും എന്നുകൂടി അവിടുന്ന് പറഞ്ഞതായി കാണാം.

മൃഗങ്ങളെ മുഖത്തടിക്കുന്നതും ഉപദ്രവിക്കുന്നതും അമിതഭാരം ഏൽപ്പിക്കുന്നതും മാത്രമല്ല, ശകാരിക്കുന്നത് പോലും അവിടുന്ന് വിലക്കിയിരിക്കുന്നു. ഒരിക്കൽ യാത്രക്കിടെ മുട്ടുകുത്തിയിരുന്ന് നടക്കാൻ മടിച്ച പ്രവാചകന്റെ(സ്വ) ഒട്ടകം ‘ഖസ്‌വാഅി’നെ ചിലർ ശകാരിച്ചപ്പോൾ പ്രവാചകൻ (സ്വ) അവരോട് അനിഷ്ടം പ്രകടിപ്പിച്ചായി ഹദീഥിലുണ്ട്.

മൃഗങ്ങളെ സംസാര പീഠങ്ങളാക്കി ഒരുപാട് നേരം സംസാരിച്ചു നിൽക്കുന്നത് നിരോധിക്കുക, ഉരുവിന് ഭക്ഷണവും വെള്ളവും സാവകാശവും നൽകി കരുണ കാണിക്കുക തുടങ്ങി എത്രയോ കൽപ്പനകളാണ് മിണ്ടാപ്രാണികളുമായി ബന്ധപ്പെട്ട് പ്രവാചകൻ (സ്വ) പറഞ്ഞിട്ടുള്ളത്.

പ്രവാചകൻ (സ്വ) മാത്രമായിരുന്നില്ല; അവിടുത്തെ മാർഗം പിൻതുടർന്ന, അചഞ്ചലമായ ദൈവ വിശ്വാസത്തിൽ നിന്ന് രൂപപ്പെട്ട കാരുണ്യ സ്പർശമുള്ളവരെല്ലാം മനുഷ്യനോളം മിണ്ടാപ്രാണികളേയും സ്നേഹിക്കുന്നു. പൊലിഞ്ഞു പോകുന്ന ഓരോ ജീവനിലും അവരുടെ കണ്ണുനിറയുന്നു. വെട്ടിനിരത്തിയ മരങ്ങളും കൊന്നൊടുക്കിയ മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികളാണെന്ന് അവർക്ക് ബോധ്യമുണ്ട്.

ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണത്തിന്റെ പിന്നിൽ രസകരമായൊരു കഥ കേട്ടിട്ടില്ലേ..? ഒരു തള്ളപ്പക്ഷിയുടെ കഥ! ഈജിപ്തിന്റെ വിമോചകൻ അംറിബ്നു ആസും സൈന്യവും ഹിജ്റ 21ാം വർഷം ഈജിപ്ത് കീഴടക്കി തിരിച്ചു പോകാൻ ഒരുങ്ങുകയായിരുന്നു. ടെന്റുകൾ അഴിച്ചുമാറ്റുന്നതിനിടയിൽ ടെന്റിന് മുകളിൽ ഒരു പ്രാവ് കൂടുകൂട്ടിയിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രാവിനെ കണ്ട അമീർ ടെന്റ് ഉപേക്ഷിക്കാനാണ് നിർദ്ദേശിച്ചത്. ടെന്റുപേക്ഷിച്ച് സൈന്യം തിരിച്ചുപോയി. പിന്നീട് ചരിത്ര പുരുഷൻ താമസിച്ച ഒറ്റയായ ടെന്റിനു ചുറ്റും ആളുകൾ കൂട്ടത്തോടെ ടെന്റുകൾ കെട്ടാൻ തുടങ്ങി. ഒടുവിൽ ജനവാസം കൂടുകയും ചരിത്രപ്രസിദ്ധമായ ഫുസ്ത്വാത് പട്ടണം ഉയരുകയും ചെയ്തു. ഫുസ്ത്വാത് എന്ന വാക്കിന് ഭാഷയിൽ “ടെന്റുകൾ” എന്നാണർത്ഥം.

യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിൻ കുട്ടി വിശന്നുവലഞ്ഞു ചത്തുപോയാൽ നാളെ റബ്ബിന്റെ മുന്നിൽ ഞാൻ കാരണം പറയേണ്ടി വരുമല്ലോ എന്ന ഉമറിന്റെ(റ) വാക്കുകൾ വെറുംവാക്കായിരുന്നില്ല. മനുഷ്യനോട് മാത്രമല്ല, പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിക്കാൻ ആണല്ലോ മതം മനുഷ്യനെ പഠിപ്പിക്കുന്നത്….

ഇസ്‌ലാം സഹജീവികളുടെ വിഷയത്തിൽ ഇത്രമേൽ കരുതലും കാരുണ്യം കാണിക്കുന്നുവെങ്കിൽ മനുഷ്യ ജീവന് എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നുണ്ടാകും…? അവനെ അകാരണമായി കൊല്ലാനും അക്രമണം അഴിച്ചുവിടാനും ഇസ്‌ലാം ആക്രോശിക്കുന്നുവെന്ന ആരോപണം എത്രമാത്രം അടിസ്ഥാന രഹിതമായിരിക്കുമല്ലേ……?!

print

1 Comment

  • MaSha Allah..

    Silshij 07.06.2020

Leave a comment

Your email address will not be published.