മഹാമാരി: പ്രവാചക പാഠങ്ങളും, സൗദി നടപടികളും!

//മഹാമാരി: പ്രവാചക പാഠങ്ങളും, സൗദി നടപടികളും!
//മഹാമാരി: പ്രവാചക പാഠങ്ങളും, സൗദി നടപടികളും!
ആനുകാലികം

മഹാമാരി: പ്രവാചക പാഠങ്ങളും, സൗദി നടപടികളും!

‘ഒരിടത്ത് മഹാമാരി പിടിപെട്ടാൽ നിങ്ങളവിടേക്ക് യാത്ര പോകരുത്, നിങ്ങളധിവസിക്കുന്നിടത്താണ് മാറാരോഗം പടർന്നു പിടിക്കുന്നത് എങ്കിൽ നിങ്ങൾ അവിടെ നിന്ന് ഓടിപ്പോവുകയുമരുത്’. (മുസ്‌ലിം)

‘മാറാരോഗം പകരുന്നത് ഒഴിവാക്കാന്‍ അതുള്ള സ്ഥലത്തു നിന്നും പുറത്തു പോകാതിരിക്കുന്നവർ രക്തസാക്ഷിയെ പോലെയാണ്’, നിര്‍ദേശം അവഗണിച്ച് ഓടിപ്പോകുന്നയാള്‍ യുദ്ധത്തില്‍നിന്ന് ഓടിപ്പോകുന്നവനെ പോലെയാണ്’ (ഇമാം – അഹ്മദ്).

രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് കോവിഡ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ ലോക മനസ്സാക്ഷിക്കു പാഠമാകേണ്ടതാണ് മുകളിലെ രണ്ടു പ്രവാചക സന്ദേശങ്ങൾ.

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ, ഹുബേയ് സിറ്റികളെ നക്കിതുടക്കുന്ന രീതിയിൽ കോവിഡ് – 19 എന്ന ഭീകരൻ രംഗപ്രവേശം ചെയ്തു. മുവ്വായിരത്തിയഞ്ഞൂറോളം ചൈനീസ് പൗരൻമാരെ കൊന്നൊടുക്കിയ മഹാമാരി ഇറ്റലിയെയും, സ്പെയിനിനെയും യൂറോപ്യൻ രാജ്യങ്ങളെയും കാർന്നു തിന്നുകയാണ്. അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളെപ്പോലും ഇപ്പോൾ കോവിഡ്- 19 പിടിച്ചു കുലുക്കുകയാണ്. ആരാണ് കുറ്റവാളികൾ!

ചൈനയിൽ നിന്നും ഈ രോഗമെങ്ങനെ ഇറ്റലിയിലെത്തി, സ്പെയിനിലെത്തി, ജർമ്മനിയിലും, അമേരിക്കയിലും നമ്മുടെ കൊച്ചു കേരളത്തിലുമെത്തി, ഉത്തരമൊന്നേയുള്ളൂ…രോഗമുള്ളിടത്ത് നിന്നും വിമാനത്തിൽ വന്നവരാണ് മിക്ക നാടുകളിലും കോവിഡെന്ന ഈ ഭീകരവൈറസ് പടർത്തിയിരിക്കുന്നത്. രോഗബാധയുള്ളവരെ തിരിച്ചറിയും മുമ്പ് അവരുമായി സമ്പർക്കം പുലർത്തിയ എത്രയെത്ര പേരാണിപ്പോൾ ലോകത്ത് ഐസോലേഷനിലും സ്വന്തം വീട്ടിനുള്ളിൽ ക്വാറൻ്റൈനിലുമായി കഴിയുന്നത്.

ചൈനയിൽ നിന്നും ഈ വൈറസിനെ ചൈനയിൽ തന്നെയന്ന് പിടിച്ചു കെട്ടിയിരുന്നെങ്കിൽ…! അന്ന് ചൈനയിൽ നിന്നും ഇറ്റലിയിലേക്ക് തിരിച്ച ആ ടൂറിസ്റ്റുകൾ ആ യാത്രയന്ന് മാറ്റി വെച്ചിരുന്നെങ്കിൽ…എല്ലാവരുമിപ്പോൾ അങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാവുമല്ലേ… ശരിയാണ്, രോഗമുള്ളിടത്തു നിന്നും യാത്ര ചെയ്ത അനേകം പേരാണീ രോഗസംക്രമണത്തിലെ പ്രധാന കുറ്റവാളികൾ.

അവരോരോരുത്തരും യാത്ര ചെയ്യുമ്പോൾ അവരോടൊപ്പം അവരറിയാതെ ഈ വൈറസും വിമാനം കയറിയിട്ടുണ്ടാവണം. അങ്ങനെയങ്ങനെ പടർന്നു പടർന്നാണ് മറ്റൊരു വിമാനയാത്രികനിലൂടെ മാരക വൈറസിപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നത്.

മഹാമാരി പടർന്നു പിടിക്കുമ്പോൾ എന്തു ചെയ്യണമെന്ന പ്രവാചക സന്ദേശങ്ങൾക്ക് ഇപ്പോൾ ഏറെ പ്രസക്തി കൈവന്നിരിക്കുന്നു. കേരളത്തിലടക്കം ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധകളിൽ 90 ശതമാനവും വിദേശങ്ങളിൽ നിന്നും വന്നവരോ, അവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്. മാർച്ച് 23 നു കേരളത്തിൽ റിപ്പോർട് ചെയ്യപ്പെട്ട 29 കോവിഡ് കേസുകളിൽ 25 ഉം ദുബായിൽ നിന്നും വന്നവരാണ് എന്നത് ഈ വിഷയത്തിലെ ഗൗരവമാണ് നമ്മെ ഉണർത്തേണ്ടത്. മിണ്ടാപ്രാണികൾക്കിടയിൽ കണ്ടു വരുന്നതു പോലൊരു ഭീകരമായ സാംക്രമിക രോഗം മനുഷ്യർക്കിടയിൽ പടരുമ്പോൾ ഒരാവർത്തി ചിന്തിക്കുക. ചില യാത്രകളെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ഒഴിവാക്കാമായിരുന്നില്ലേ.

ഖത്തർ എയർവേയ്സിൽ ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളിൽ നിന്നാണ് കേരളത്തിൽ കോവിഡ് -19 എന്ന ഭീകരൻ ഗെയിം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമായി എമിറേറ്റ്സിലും എയർ ഇന്ത്യയിലുമായി വന്നിറങ്ങിയത് അമ്പതോളം കോവിഡ് ബാധിതരാണ്. ലോകത്തെ 150 ൽപ്പരം രാജ്യങ്ങളിൽ സർവ്വീസ് നടത്തുന്ന വൻകിട വിമാന കമ്പനികൾ പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ദുബായ് വഴിയും, ഖത്തർ വഴിയും, അബൂദബി വഴിയുമുള്ള കണക്ഷൻ ഫ്ലൈറ്റുകളിലാണ് സ്വന്തം നാട്ടിലെത്തിക്കുന്നത്. കോവിഡ് മാരകമായി പടരുന്ന പല രാജ്യങ്ങളിൽ നിന്നായി പലരും ഇത്തരം വിമാനങ്ങളിൽ ഈ കാലയളവിൽ യാത്ര ചെയ്യുകയുണ്ടായി. അവരിൽ കോവിഡ് ബാധിച്ചവരും ബാധിക്കാത്തവരും തമ്മിൽ വിമാനത്തിലും, വിമാനത്താവളങ്ങളിലും വെച്ച് ഇടകലരാനുണ്ടായ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ.. ഒരു സംശയവും വേണ്ട ആ വിമാനയാത്രകൾ തന്നെയാണ് പലർക്കുമിന്ന് ഐസോലേഷൻ വാർഡിൽ കിടക്കേണ്ടി വന്നതും. ഒന്നുമറിയാത്ത മറ്റു പലർക്കും 14 ദിവസം ക്വാറൻ്റൈൻ വിധിക്കപ്പെട്ടതും!

സൗദി നടപടികളിലേക്ക് ഒരു ശ്രദ്ധ

വിമാനയാത്ര രോഗം പരത്തുന്ന ഭീതിക്കിടയിലാണ് സൗദി ഗവൺമെൻ്റ് ചില മുൻകരുതലുമായി രംഗത്തു വരുന്നത്. മക്കയിലെ ഉംറയും, ത്വവാഫും വരെ പൂർണമായും നിർത്തിവെച്ചതോടെ വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം പാടെ നിലച്ചു. കോവിഡ് തടയുന്നതിനായുള്ള ആദ്യഘട്ട നടപടികളായിരുന്നു ഇത്. പിന്നീട് ആഭ്യന്തര തീർത്ഥാടനങ്ങൾക്കും വിലക്കേർപ്പെടുത്തി. വിവിധ രാജ്യക്കാർ സംഗമിക്കുന്ന പുണ്യ പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ലോകരാജ്യങ്ങൾ സൗദിയെ അഭിനന്ദിക്കുകയാണ്.

മറ്റുള്ള വിമാനയാത്രക്കാരെയും നിയന്ത്രിക്കുന്നതിനായിരുന്നു അടുത്ത നീക്കങ്ങൾ….കഴിഞ്ഞ മാർച്ച് 12 ന് വിദേശത്തും, സ്വദേശത്തുമുള്ള എല്ലാവർക്കും ഗവൺമെൻ്റ് 72 മണിക്കൂർ സമയപരിധി നൽകി. അതിനിടയിൽ സൗദിയിൽ നിന്നും പോകാനുദ്ദേശിക്കുന്നവർക്കു പോകാമെന്നും, തിരിച്ചു വരാനുള്ളവർക്കു സ്വന്തം നാടുകളിൽ നിന്നും തിരിച്ചു വരാമെന്നുമുള്ള സമയ പരിധി ഗവൺമെൻ്റ് നിശ്ചയിച്ചു. അതിനു ശേഷം സൗദിയിൽ നിന്നും പുറത്തേക്കും തിരിച്ച് സൗദിയിലേക്കുമുള്ള എല്ലാ അന്താരാഷ്ട്ര സർവ്വീസുകളും നിർത്തി വെക്കാൻ വേണ്ടിയായിരുന്നു ഇത്. മഹാമാരി തടയുന്നതിനുള്ള ഇസ്‌ലാമിക നിർദ്ദേശങ്ങൾ നടപ്പാക്കാനായുള്ള സുപ്രധാന നടപടിയായിരുന്നു അത്.

സൗദിയിലേക്കും, തിരിച്ചുമുള്ള അന്താരാഷ്ട്ര സർവ്വീസുകൾ നിർത്തലാക്കിയതോടെ ഒരു പാട് പേർ വിസ കാലാവധിയുടെയും മറ്റും പ്രയാസങ്ങളിലായിട്ടുണ്ടാവാം. അവർക്കൊക്കെ ആശ്വാസം നൽകുന്ന രീതിയിൽ ഒരു പാട് ഇളവുകളാണ് പിന്നീടുള്ള ദിവസങ്ങളിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിൽ “നിശ്ചയമായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ടെന്ന” ഖുർആൻ വചനം ഉരുവിട്ടു കൊണ്ടാണ് രാജാവ് പ്രസംഗം ആരംഭിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്, ഒരു ജനതയെ മൊത്തം ഭീതിയിലാഴ്ത്തുന്നതിനു പകരം സ്വദേശികൾക്കെന്ന പോലെ വിദേശികൾക്കും രാജാവ് പ്രതീക്ഷകൾക്കൊപ്പം ജാഗ്രതക്കുള്ള നിർദ്ദേശങ്ങളും നൽകി.

അടിയന്തിരമായി വിമാന സർവ്വീസുകൾ നിർത്തലാക്കുക വഴി മാരക രോഗം മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരരുതെന്ന മുൻകരുതലായിരുന്നു അത്. സൗദിയിൽ നിന്നും ഇന്ത്യയിൽ വന്നവരിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൂടി പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. സൗദി അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തുന്നതിനു മുമ്പ് നെടുമ്പാശേരിയിൽ ചെന്നിറങ്ങിയ രണ്ട് ഉംറ യാത്രക്കാരാണ് അവരിൽ ഏറ്റവും അവസാനത്തേത്.

സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ കോവിഡ് ബാധിതരെ ഇവിടെത്തന്നെ ചികിത്സിക്കാനും സൗദി ഗവൺമെൻ്റ് സൗകര്യങ്ങളൊരുക്കി. പ്രധാന നഗരങ്ങളിലെ വൻകിട ഹോട്ടലുകൾ വരെ ഐസോലേഷൻ കേന്ദ്രങ്ങളാക്കിയിരിക്കുന്നു. മാറാവ്യാധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ സ്വദേശികൾക്കും, വിദേശികൾക്കും ആശ്വാസം പകരുന്ന വാർത്തകളാണ് സൗദിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.

രോഗമുള്ളവർ രോഗമില്ലാത്ത ഇടങ്ങളിലേക്കും, തിരിച്ചും യാത്ര ചെയ്യരുതെന്ന കർശനമായ പ്രവാചക നിർദ്ദേശമാണിവിടെ പാലിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിമാന സർവ്വീസ് നിർത്തിയതിനു പിന്നാലെ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ വരെ നിർത്തിവെച്ചതും ഇതിൻ്റെ ഭാഗമായി തന്നെയാണ്.

മക്കയും മദീനയും ഉൾപ്പെട്ട ഏതു സമയവും വിവിധ രാജ്യങ്ങളിലെ തീർത്ഥാടകരാൽ നിറയുന്ന ഒരു പ്രദേശം. മറ്റു നാടുകളിൽ ഏറെവ്യത്യസ്ഥമാണ് സൗദി. പല രാജ്യക്കാരായ വിദേശികൾ സ്വദേശികളെപ്പോലെ തിങ്ങിപ്പാർക്കുന്ന ഒരു രാജ്യമാണിത്. ഇത്തരമൊരു നിയന്ത്രണങ്ങൾ നേരത്തെ കൈകൊണ്ടില്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ ഇപ്പോഴുള്ളതിനേക്കാൾ മോശമാകുമായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗം പടരാതിരിക്കാൻ സൗദിയിൽ പള്ളികളിൽ ജമാഅത്ത് നമസ്കാരങ്ങളും വെള്ളിയാഴ്ച ജുമുഅകളും വരെ നിർത്തിവെച്ചിരുന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാര സമയത്ത് കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം എന്ന നിയമമുള്ള നാട്ടിലാണിപ്പോൾ ഒരു മഹാമാരിയെ പ്രതിരോധിക്കാൻ ആരാധനകൾക്കു വരെ നിയന്ത്രണങ്ങൾ വരുത്തിയിരിക്കുന്നത്. ഷോപ്പിംഗ് മാളുകൾ നേരത്തെ തന്നെയടച്ചിട്ട സൗദിയിലിപ്പോൾ രാത്രികാല കർഫ്യുവും ഏർപ്പെടുത്തിയിരിക്കുന്നു. സാമൂഹിക അകലത്തിനു പര്യാപ്തമായ എല്ലാ നടപടികളും ഈ രാജ്യം കൈ കൊള്ളുന്നുവെങ്കിൽ, അതിനു പിന്നിൽ ചരിത്രത്തിൽ നിന്നുള്ള മഹത്തായ പാഠവുമുണ്ട്.

ഹിജ്റ18-ാം വര്‍ഷം ഖലീഫാ ഉമറിന്റെ ഭരണകാലത്തുണ്ടായ ഒരു മഹാമാരി അംവാസ് എന്നായിരുന്നു അതിൻ്റെ പേര്, കാൽ ലക്ഷം പേര്‍ മരിക്കാൻ വരെ കാരണമായ ഒരു പകർച്ചവ്യാധി ! അംറുബ്‌നുല്‍ ആസ് ജനങ്ങളോട് വന്നു കൽപിച്ചു.. നിങ്ങൾ കൂട്ടംകൂടി കഴിയുന്നതിനുപകരം മലകളില്‍ പോയി ഒറ്റക്കൊറ്റക്ക് കഴിയാൻ ഉപദേശിക്കുകയുണ്ടായി. അത് ഫലവും കണ്ടു. ആ മഹാമാരി അതോടെ നിശ്ചലമായി, സമ്പൂര്‍ണ മരണം ഒഴിവാക്കാനുമായി..!

മാരകമായ കോവിഡ് വൈറസിനെ കൂടുതൽ പേരിലേക്ക് പടരാതെ നിയന്ത്രിക്കുന്നതിനു പ്രവാചക പാഠങ്ങൾ ഉൾക്കൊണ്ട് ഏറ്റവും നല്ല നടപടികളാണ് സൗദി ഗവൺമെൻ്റ് കൈകൊണ്ടു കൊണ്ടിരിക്കുന്നത്.

സൗദിയിൽ ചെയ്തതു പോലെ എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സർവ്വീസുകളും, പൊതുയാത്രാ സംവിധാനങ്ങളും അടിയന്തിരമായി നിർത്തി വെച്ചിരുന്നെങ്കിൽ, സാമൂഹിക അകലം പാലിക്കുന്നതിനുള്ള കർശന നടപടികൾ അന്നേ കൈ കൊണ്ടിരുന്നുവെങ്കിൽ, ഒഴിവാക്കാമായിരുന്ന എല്ലാ യാത്രകളും മാറ്റി വെച്ചിരുന്നെങ്കിൽ ഈ മഹാമാരിയിങ്ങനെ നമ്മളറിയാതെ നമ്മുടെ വീട്ടിൽ കയറി വരുമായിരുന്നോ, നമ്മളെയെല്ലാം ഇങ്ങനെ വല്ലാതെ ഭീതിപ്പെടുത്തുമായിരുന്നോ.. അതിൻ്റെ ഉത്ഭവസ്ഥാനത്തു തന്നെയത് കെട്ടടങ്ങുമായിരുന്നില്ലേ!

print

3 Comments

  • 👍

    Anonymous 25.03.2020
  • നന്നായി വിവരിച്ചു … 👍👍

    Shinu 25.03.2020
  • nannai manassilavunnund👍
    jazakallah
    iniyum ithu pole ulla leganangal eyuthan allahu thowfeek cheyyatte
    Ameen🤲

    Afeera 29.03.2020

Leave a comment

Your email address will not be published.