മഹത്വമേറുന്ന വിശുദ്ധ ഗ്രന്ഥം

//മഹത്വമേറുന്ന വിശുദ്ധ ഗ്രന്ഥം
//മഹത്വമേറുന്ന വിശുദ്ധ ഗ്രന്ഥം
ആനുകാലികം

മഹത്വമേറുന്ന വിശുദ്ധ ഗ്രന്ഥം

വിശുദ്ധ ക്വുർആൻ സർവ്വശക്തനായ റബ്ബ് അന്ത്യപ്രവാചകന്(സ്വ) അവതരിപ്പിച്ച മുഅ്ജിസത്താണ്. അതു കൊണ്ടു തന്നെ അടുത്തറിയുംതോറും ആ മഹത്ഗ്രന്ഥം അത്‌ഭുതങ്ങളുടെ അത്‌ഭുതമായേ അനുഭവപ്പെടൂ. ഒരു വിശ്വാസി വിശുദ്ധ ഗ്രന്ഥത്തെ ഏറ്റവും കൂടുതൽ നെഞ്ചോട് ചേർത്തുവെക്കുന്ന പുണ്യമാസത്തിൽ തന്നെ നമുക്ക് ക്വുർആൻ സവിശേഷതകളിലൂടെ കടന്നു പോകാം.

സദുപദേശം:

മനുഷ്യത്വത്തെ ഏറ്റവും ചൊവ്വായ പാതയിലേക്ക് നയിക്കുന്നതാണ് വെളിച്ചത്തിൻ്റെ വെളിച്ചമായ ക്വുർആൻ. അതിനുതകുന്ന സാരോപദേശങ്ങളാണ് വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. “മനുഷ്യരെ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശം നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു” (യൂനുസ്: 57).

സൻമാർഗം:

മാർഗഭ്രംശങ്ങളുടെയും നിരർത്ഥകമായ നാസ്തിത വാദങ്ങളുടെയും ലോകത്ത് ആത്യന്തിക മോക്ഷമാർഗത്തിലേക്കുള്ള വചനങ്ങളാണത്. “ജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ നാം കാര്യങ്ങൾ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവർക്ക് നാം കൊണ്ടുവന്നു കൊടുത്തു. വിശ്വക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമത്രെ അത്” (അൽ അഅറാഫ്: 52).

സത്യം:

ഭീതിയുടെയും പരീക്ഷണങ്ങളുടെയും ഇക്കാലത്തും അസത്യങ്ങളും മിഥ്യകളുമെല്ലാം പ്രചരിപ്പിക്കപ്പെടുമ്പോൾ നിത്യസത്യത്തിൻ്റെ പ്രഘോഷണമാണ് ക്വുർആൻ. “സത്യത്തോടു കൂടിയാണ് നാം അത് (ക്വുർആൻ) അവതരിപ്പിച്ചത്. സത്യത്തോടു കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു (അൽ ഇസ്റാഅ്: 105).

ശിഫാ:

മനസും ശരീരവും രോഗാതുരമായി പിടയുമ്പോൾ വിങ്ങുന്ന മനസുകൾക്കുള്ള മറുമരുന്നാണ് ആ ഗ്രന്ഥം. “മനുഷ്യരെ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും മനസുകളിലുള്ള (രോഗത്തിന്) ശമനവും നിങ്ങൾക്ക് വന്നുകിട്ടിയിരിക്കുന്നു” (യൂനുസ്: 57).

പ്രകാശം:

അന്ധവിശ്വാസങ്ങളുടെയും അധാർമ്മികതകളുടെയും കൂരിരുട്ടിൽ തപ്പിത്തടയുന്നവർക്ക് മുമ്പിൽ ഈമാനിൻ്റെ വെള്ളിവെളിച്ചമാണ് വിശുദ്ധ ഗ്രന്ഥം കാണിച്ചു കൊടുക്കുന്നത്. “മനുഷ്യരെ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ന്യായപ്രമാണം വന്നു കിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു (അന്നിസാഅ്: 174).

അനുഗ്രഹീതം, കാരുണ്യം

“നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിന്നും വേണ്ടി” (സ്വാദ്: 29).
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്പെട്ട് ജീവിക്കുന്നവർക്ക് സന്തോഷ വാർത്തയായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്” (അന്നഹ്ൽ: 89).

തത്ത്വസമ്പൂർണ്ണം:

ഉന്നതമായ സന്ദേശങ്ങളുടെയും തത്ത്വപൂർണമായ വചനങ്ങളുടെയും അതുല്യ വേദഗ്രന്ഥമാണ് ക്വുർആൻ. “തത്ത്വസമ്പൂർണമായ ക്വുർആൻ തന്നെയാണ് സത്യം” (യാസീൻ 1, 2).

മഹാത്ഭുതം:

ദൈവിക വചനങ്ങളെ വിമർശിക്കാൻ ഒരുമ്പെട്ടിറങ്ങിയവർ എക്കാലത്തും പതറി പിൻമാറിയത് അതിലെ ഓരോ വാക്കും അത്ഭുതങ്ങളായി മാറിയതുകൊണ്ടുതന്നെയാണ്. കാലഘട്ടങ്ങൾ, പലതിലെയും ബുദ്ധികേന്ദ്രങ്ങളെന്ന് രേഖപ്പെടുത്തപ്പെട്ടവരുടെ മനം മാറ്റിയത് ആ അത്‌ഭുതം തന്നെയായിരുന്നു. “നബിയേ, പറയുക. ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ക്വുർആൻ ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നൽകപ്പെട്ടിരിക്കുന്നു. എന്നിട്ടവർ (സ്വന്തം സമൂഹത്തോട്) പറഞ്ഞു. തീർച്ചയായും, അത്ഭുതകമായ ഒരു ക്വുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു” (അൽ ജിന്ന് :1).

വക്രതയില്ലാത്ത ഗ്രന്ഥം

അമൂല്യമെന്ന് കൊട്ടിഘോഷിക്കുന്ന പല ഗ്രന്ഥങ്ങളും വൈരുദ്ധ്യങ്ങളുടെയും അപാകതകളുടെയും എണ്ണിയാലൊതുങ്ങാത്തവയുടെ കലവറയായിരിക്കെ ക്വുർആനിൽ വക്രത തെല്ലും ദർശിക്കുക സാദ്ധ്യമല്ല. “അതെ. ഒട്ടും വക്രതയുള്ളതല്ലാത്ത അറബി ഭാഷയിലുള്ള ഒരു ക്വുർആൻ. അവർ സൂക്ഷ്മത പാലിക്കാൻ വേണ്ടി” (അസ്സുമർ:28).

അല്ലാഹുവിൻ്റെ കലാം:

വിശുദ്ധ ക്വുർആനിൻ്റെ മഹത്തായ സവിശേഷതയാണ്, അത് സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നുവെന്നത്. ആ അവകാശ പ്രകാരം തന്നെ അതിലെ ഓരോ സൂക്തങ്ങളും അക്ഷരാർത്ഥത്തിൽ ദൈവികമാണെന്ന് തെളിയിച്ചതുമാണ്. അക്രമപ്രവണതകളിൽ മുന്നോട്ടു പോയ അബൂലഹബിൻ്റെ ഇരുകരങ്ങളും നശിക്കട്ടെയെന്ന് ജീവിതകാലത്ത് പ്രഖ്യാപിച്ച ഖുർആൻ വചനങ്ങൾ, സത്യമായി പുലർന്നതാണ്. അബൂലഹബും വിറകു ചുമട്ടുകാരിയായ ഭാര്യയും പരലോകത്ത് അനുഭവിക്കാനിരിക്കുന്നതുമാണെന്ന സത്യം പ്രസ്താവിച്ച വിശുദ്ധ ഗ്രന്ഥം റബ്ബിൻ്റെ കലാമു തന്നെയെന്നതിന് ഒരു ഉദാഹരണം മാത്രം. ഒരു വചനം ശ്രദ്ധിക്കുക. “ബഹുദൈവ വിശ്വാസികളിൽ വല്ലവനും നിൻ്റെ അടുക്കൽ അഭയം തേടിവന്നാൽ അല്ലാഹു വിൻ്റെ (കലാം) വചനം അവൻ കേട്ടു ഗ്രഹിക്കുവാൻ വേണ്ടി അവന്ന് അഭയം നൽകുക (അത്തൗബ: 6).

നിത്യചൈതന്യ സന്ദേശം:

കറകളഞ്ഞ സത്യവിശ്വാസത്താൽ മനുഷ്യനെ ജീവസ്സുറ്റവനാക്കുകയാണ് ക്വുർആൻ. അതു കൊണ്ടു തന്നെ ക്വുർആനിൻ്റെ വചനങ്ങൾ ജീവിതവഴിയാക്കി ചൈതന്യവത്താക്കാൻ വിശ്വാസിക്ക് കഴിയണം. “അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദ ഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു (അശ്ശൂറാ: 52).

വെല്ലുവിളി ഉയർത്തുന്ന ഗ്രന്ഥം:

ജാഹിലിയ്യാ കാലഘട്ടത്തിലെ ഉക്കാള, ദിൽ മജന്ന തുടങ്ങിയ ചന്തകളിൽ ഉന്നത ശ്രേണിയിലായിരുന്ന സാഹിത്യകാരൻമാർ ആവതു ശ്രമിച്ചതായിരുന്നു. പക്ഷെ, ഒരു വാക്ക് പോലും ക്വുർആനിലുള്ളതിന് പകരമായി കൊണ്ടുവരാൻ സാദ്ധ്യമാവില്ലെന്ന തിരിച്ചറിവാണ് അവർക്കുണ്ടായത്.” (നബിയേ,) പറയുക: ഈ ക്വുർആൻ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും” (അൽ ഇസ്റാഅ്: 88)

ഹൃദയമുറപ്പിക്കുന്നഗ്രന്ഥം:

ഖൽബ് എന്ന പദം അർത്ഥമാക്കുന്നതു തന്നെ മാറി മറിയുന്നതെന്നാണ്. സർവ്വശക്തനായ റബ്ബിൻ്റെ സൃഷ്ടി വൈഭവങ്ങളെ അടുത്തറിഞ്ഞ്, ഹൃദയത്തെ ഈമാനിലൂട്ടി, മാറിമറിയാതിരിക്കാൻ പ്രാർത്ഥനയും ശ്രദ്ധയുമുണ്ടാവണം. പ്രമാണങ്ങൾക്കപ്പുറമുള്ള ചിന്താ വഴികളാണ് ഹൃദയങ്ങളെ പലപ്പോഴും കുഴപ്പങ്ങളിൽ അകപ്പെടുത്തുന്നത്. “സത്യനിഷേധികൾ പറഞ്ഞു: ഇദ്ദേഹത്തിന് ക്വുർആൻ ഒറ്റതവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്? അതു അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിൻ്റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുവാൻ വേണ്ടിയാകുന്നു (അൽഫുർ ക്വാൻ: 32).

അസത്യം കടന്നുവരാത്ത ഗ്രന്ഥം:

സത്യനിഷേധികളും, എന്നും പരാജയമായി മാറുന്ന നാസ്തികരും നിരർത്ഥകത പരത്തുമ്പോൾ വിശുദ്ധ ഗ്രന്ഥം സത്യത്തോടെ നില കൊള്ളുന്നു. അസത്യമോ പാഴ് വാക്കുകളോ അതിൻ്റെ മേൽ ആരോപിക്കുക സാദ്ധ്യമല്ല. “തീർച്ചയായും ഈ ഉൽബോധനം തങ്ങൾക്ക് വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ നഷ്ടംപറ്റിയവർ തന്നെ. തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിൻ്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല… ( ഫുസ്സിലത്ത്:41)

മാറ്റത്തിരുത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടത്:

എത്ര വിഖ്യാതമായ പുസ്തകങ്ങളായാലും മനുഷ്യ കരങ്ങൾ കൊണ്ടായതു കൊണ്ടുതന്നെ തിരുത്തിക്കുറിക്കലുകൾ ഉണ്ടായിട്ടുണ്ട്. കാലോചിതമായ ഭേദഗതികൾക്ക് അവ വിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വിശുദ്ധ ക്വുർആൻ മാറ്റങ്ങൾക്ക് അതീതമാണ്. “തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ് (അൽ ഹിജ് ർ: 9.)

മനസ്സിലേക്കുള്ള എളുപ്പം:

കടുകട്ടിയാലുള്ള പ്രയോഗങ്ങളുടെ കെട്ടിക്കുടുക്കുകളല്ല, മറിച്ച് നിഷ്ക്കളങ്കമായ ഹൃദയവുമായി പഠന മനനത്തിന് മുമ്പോട്ടു വരുന്നവർക്ക് മുമ്പിൽ ക്വുർആൻ എളുപ്പമാണ്. “തീർച്ചയായും ആലോചിച്ചു മനസ്സിലാക്കാൻ ക്വുർആൻ നാം എളുപ്പമാക്കിത്തന്നിരിക്കുന്നു. എന്നാൽ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (അൽ ക്വമർ: 17).

ചരിത്രവിവരണ ഗ്രന്ഥം:

മനുഷ്യ ചിന്തകളെ തട്ടിയുണർത്തി യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതിൽ ചരിത്രത്തിനെന്നും വലിയ സ്ഥാനമുണ്ട്. ക്വുർആനിൻ്റേത് വെറും കഥകളല്ല, മറിച്ച് ഗുണപാഠങ്ങളേറെ പ്രദാനം ചെയ്യുന്ന ജ്വലിച്ചു നിന്ന യാഥാർത്ഥ്യങ്ങളാണ്. “നിനക്ക് ഈ ക്വുർആൻ ബോധനം നൽകിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്” (യൂസുഫ്: 3).

മുൻ വേദങ്ങളെ സത്യപ്പെടുത്തിയ ഗ്രന്ഥം:

നബി(സ്വ)ക്ക് മുൻഗമിച്ച പ്രവാചകൻമാർ ദൈവിക വചനങ്ങളിലൂടെ സത്യമാർഗത്തിലേക്ക് ഉള്ളുണർത്തിയാണ് കടന്നു പോയത്. സബൂറും തൗറാത്തും ഇൻജീലും പറഞ്ഞു വെച്ച മോക്ഷത്തിൻ്റെ മാർഗമാണ് വിശുദ്ധ ക്വുർആനും പരിചയപ്പെടുത്തിയത്. “നിനക്ക് നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിൻ്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്. തീർച്ചയായും അല്ലാഹു തൻ്റെ ദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവും കാണുന്നവനുമാകുന്നു” (ഫാത്വിർ :31).

സത്യപ്രവചനങ്ങളുടെ ഗ്രന്ഥം:

നാളെയുടെ കാര്യങ്ങൾ പ്രതിവചിച്ച് എന്നാൽ അവ ധൂളികളായിപ്പോകുന്ന ലോകത്ത് ക്വുർആനിൻ്റെ പ്രവചനങ്ങൾ സത്യവും വ്യക്തവുമാണ്. വിശുദ്ധ ഗ്രന്ഥം അവതീർണ്ണമായ പ്രവാചക പ്രവചനങ്ങളും യാഥാർത്ഥ്യങ്ങളായിരുന്നു. “റോമക്കാർ തോൽപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത നാട്ടിൽ വെച്ച് തങ്ങളുടെ പരാജയത്തിനു ശേഷം അവർ വിജയം നേടുന്നതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ” (അർറൂം: 2 – 4).

തെളിവുകൾ കണ്ണു തുറപ്പിക്കുന്നവയായ ഗ്രന്ഥം:

മനുഷ്യനോട് സ്വന്തത്തെക്കുറിച്ച് ആലോചിക്കാൻ കൽപിച്ചും പ്രപഞ്ചത്തിലെ എണ്ണിയാലൊതുങ്ങാത്ത ദൈവിക ദൃഷ്ടാന്തങ്ങളിലേക്ക് കണ്ണുകളയക്കാൻ ആഹ്വാനം ചെയ്തും ചിന്തോദ്ധീപകമായ തെളിവുകൾ നിരത്തിയ ഗ്രന്ഥം! “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്കിതാ കണ്ണു തുറപ്പിക്കുന്ന തെളിവുകൾ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാൽ അതിൻ്റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാൽ അതിൻ്റെ ദോഷവും അവന്നു തന്നെ” (അൽ അൻആം: 104).

ഏറ്റവും ചൊവ്വായതിലേക്ക് നയിക്കുന്നത്:

വിശുദ്ധ ഗ്രന്ഥത്തിലേക്ക് മനസിനെ പകുത്ത് നൽകുന്നവർക്ക് ഒരിക്കലും പതറേണ്ടി വരില്ല. കാരണം അതിൻ്റെ മാർഗം വക്രതയില്ലാത്തതാണ്. നിഷേധിച്ചു തള്ളാനാവാത്തതും വാരാനിരിക്കുന്നതുമായ രക്ഷാ ശിക്ഷകളുടെ ലോകത്തിലെ രക്ഷാവഴിയെയാണ് ക്വുർആൻ വിളംബരം ചെയ്യുന്നത്. കണ്ണിൽ കാണാത്ത വൈറസിനു മുമ്പിൽ വാവിട്ടു കരയുന്ന ലോകത്തിന്, അതിൻ്റെ വചനങ്ങൾ ശക്തമായ സന്ദേശങ്ങളാണ്. “തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു” (അൽ ഇസ്റാഅ: 9).

ആദരണീയ സന്ദേശം

ദൈവിക വചനങ്ങളായി ഇന്നിൻ്റെ ഭൂമിയിൽ ഭദ്രമായി നിലകൊള്ളുന്നതു കൊണ്ടുതന്നെ വിശുദ്ധ ക്വുർആൻ അത്യാദരണീയമാണ്. “തീർച്ചയായും ഇത് ആദരണീയമായ ഒരു ക്വുർആൻ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്” (അൽ വാക്വിഅ: 77,78).

മാനവികതക്കുള്ള വിംളംബരം

സത്യാസത്യവിവേചകഗ്രന്ഥമായ ക്വുർആൻ പകർന്നു നൽകുന്ന ഏക ദൈവ വിശ്വാസത്തിൻ്റെയും ധാർമ്മികതയുടെയും നൻമയുടെ പാഠങ്ങൾ മാനുഷികതക്കുള്ള വിളംബരമാണ്. “ഇത് മനുഷ്യർക്കായുള്ള ഒരു വിളംബരവും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു (ആലു ഇംറാൻ: 138).

എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സവിശേഷതകളുടെ പര്യായമായ ക്വുർആൻ ഏതൊരു മനുഷ്യനും ഗുണകാംക്ഷ പുലർത്തേണ്ട ഗ്രന്ഥമാണ്. തമീമുദ്ദാരി(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു. “ഇസ്‌ലാം നസ്വീഹത്താ(ഗുണകാംക്ഷയാ)ണ് “ഞങ്ങൾ ചോദിച്ചു. “ആരോട്?” നബി (സ്വ) പറഞ്ഞു. “അല്ലാഹുവോട്. അല്ലാഹുവിൻ്റെ കിതാബിനോട്, അല്ലാഹുവിൻ്റെ റസൂലിനോട്, മുസ്‌ലിംനേതാക്കളോട്, മുസ്‌ലിംകളിലെ സാധാരണക്കാരോട്” (മുസ്‌ലിം).

മഹാമാരികളുടെ ഭീതിയുടെയും ആശങ്കയുടെയും കാലത്ത് മനുഷ്യ മനസുകളെ യാഥാർത്ഥ്യബോധത്തിൻ്റെ ശാന്തിതീരത്തെത്തിക്കുന്ന പ്രപഞ്ചനാഥൻ്റെ ഗ്രന്ഥത്തെ സവിശേഷതകളറിഞ്ഞ് നമുക്ക് നെഞ്ചോടും ചേർക്കാം.

print

No comments yet.

Leave a comment

Your email address will not be published.