മനുഷ്യക്കടത്തിന് മതപരിവേഷം നൽകുന്നവരോട്…

//മനുഷ്യക്കടത്തിന് മതപരിവേഷം നൽകുന്നവരോട്…
//മനുഷ്യക്കടത്തിന് മതപരിവേഷം നൽകുന്നവരോട്…
ആനുകാലികം

മനുഷ്യക്കടത്തിന് മതപരിവേഷം നൽകുന്നവരോട്…

അബൂ ഹുറൈറ (റ) നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ”നിങ്ങളുടെ അടുക്കലിതാ യമനുകാര്‍ വന്നിരിക്കുന്നു. അവര്‍ ഏറ്റവും മൃദുലമായ മനസ്സുകള്‍ക്കുടമകളാണ്. വിശ്വാസം യമനിലേതാണ്. മതവിജ്ഞാനം യമനിലേതാണ്. വിവേകം യമനിലേതാണ്.” (ബുഖാരി: 4388, മുസ്‌ലിം: 52, അഹ്മദ്: 13212)

ആധുനിക യമനിലേക്ക് കുടിയേറി പാര്‍ക്കാൻ ഇസ്‌ലാം മുസ്‌ലിംകളോട് അനുശാസിക്കുന്നുവെന്നൊരു തെറ്റിദ്ധാരണ പൊതുവെ നമ്മുടെ നാട്ടില്‍ ഉടലെടുത്തിട്ടുണ്ട്. നാടും വീടും കുടുംബവുമൊക്കെ വിട്ടെറിഞ്ഞ് യമനിലേക്ക് പോകുന്നതും അവിടെ അറിവും പഠനവുമായി ജീവിതം ചെലവഴിക്കുന്നതുമൊക്കെ ശ്രേഷ്ഠമായ ഒരു ജീവിതശൈലിയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു ഇസ്‌ലാമിക പ്രമാണങ്ങളെ പഴിചാരാൻ യാതൊരു നിര്‍വാഹവുമില്ല. ബ്രഹ്മചര്യമോ സന്യാസമോ വാനപ്രസ്ഥമോ ഒന്നും ഇസ്‌ലാമിക പ്രമാണങ്ങൾ ചികഞ്ഞാല്‍ കണ്ടെത്താനും സാധിക്കില്ല. മുകളിലുദ്ധരിച്ച ഹദീഥ് ആധുനിക യമന്റെ ശ്രേഷ്ഠതയും അവിടെ ജീവിതം നയിക്കുന്നതിന്റെ മഹത്വവും പഠിപ്പിക്കുന്ന ഒന്നാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് അവർ ഹദീഥിനെ ഗ്രഹിക്കുന്നതില്‍ സംഭവിച്ച വ്യക്തിപരമായ പിഴവായി കൂട്ടാനേ സാധിക്കൂ എന്നര്‍ത്ഥം. പ്രവാചക വചനത്തിന്റെ കാലഘട്ടവും ഭൂമികയും പശ്ചാത്തലവും പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യമാകും. പ്രവാചകന്‍ ഈ വചനമരുളുമ്പോൾ ഇന്നത്തേതിലും തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രഘടനയും രാജ്യാതിര്‍ത്തികളുമാണ് നിലനിന്നിരുന്നത് എന്ന് ഓര്‍ക്കുക. അന്ന് ‘യമന്‍’ എന്ന് – ഒരു രാജ്യമെന്ന നിലക്ക് – പറയുമ്പോൾ ഉദ്ദേശിക്കപ്പെട്ടിരുന്നത് ആധുനിക യമന്റെ അതിര്‍ത്തികള്‍ക്കപ്പുറം പടര്‍ന്നു പരന്നു കിടക്കുന്ന വ്യത്യസ്തമായ ഒരു ‘യമന്‍’ ആണ്. ശൈഖ് അബ്ദുര്‍റഹ്മാൻ അസ്സുഹൈം (റിയാദിലെ ദഅ്‌വ കേന്ദ്രസമിതി അംഗം) ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ”ഇന്നത്തെ രാഷ്ട്രീയ അതിര്‍ത്തികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രാജ്യത്തെയാണ് ഹദീഥിലെ ‘യമന്‍’ കൊണ്ടുദ്ദേശിക്കുന്നത്. അന്നത്തെ യമന്റെ അതിര്‍ത്തി വിവരിച്ചുതരുന്ന ഏറ്റവും വ്യക്തമായ വിവരണം പ്രവാചകന്റെ, ”യമന്‍കാർ ‘യലംലം’ എന്ന സ്ഥലത്തുനിന്ന് ഹജ്ജിനായി ഇഹ്‌റാം കെട്ടണം” എന്ന വചനമായിരിക്കാം. അപ്പോള്‍ പൗരാണിക യമൻ എന്നാല്‍ ‘യലംലമി’നപ്പുറമുള്ള മുഴുവന്‍ നാടും ഉള്‍പ്പെടുന്നു.”

ഭൂവിവരണ ശാസ്ത്രത്തിലെ ഏറ്റവും വിശ്രുത ഗ്രന്ഥമായ, യാകൂത്തുല്‍ ഹമവിയുടെ ‘മുഅ്ജമുല്‍ ബുല്‍ദാന്‍’ (5/44) പൗരാണിക യമന്റെ അതിര്‍ത്തി വരമ്പുകൾ ഇപ്രകാരം വിവരിക്കുന്നു: ”അസ്മാഈ പറഞ്ഞു: യമനും അതിര്‍ത്തികളും ഒമാൻ മുതൽ നജ്‌റാൻ വരെ പരന്നു കിടക്കുന്നു. ശേഷം അറബിക്കടലിനോട് ചേര്‍ന്നു വളഞ്ഞ് അദ്ന്‍ മുതൽ ശഹർ വരെയും ശേഷം വീണ്ടും നീണ്ട് ഒമാൻ വരെയും എത്തുന്നു. ബൈനൂനയുടെ അടുത്തായി ഈ അതിര്‍ത്തി മുറിയും. ബൈനൂന ഒമാനിനും ബഹ്‌റൈനും ഇടയിലാണ്; ബൈനൂന യമനില്‍പെട്ടതല്ല. യമന്റെ അതിര്‍ത്തി തസ്‌ലീസിനപ്പുറം സ്വന്‍അ (San’A) വരെയുള്ള ഉയര്‍ന്ന പ്രദേശങ്ങളും, അതിനടുത്തുള്ള ഹളര്‍മൗത്ത് ശഹര്‍ ഒമാൻ അദ്ൻ, അവയുടെ തൊട്ടടുത്തായി വരുന്ന പ്രദേശങ്ങളും താഴ്‌വരകളുമെല്ലാം കൂടിയതാണ് എന്നു പറയപ്പെടുന്നു.”

ഈ വിവരണത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങൾ വെച്ച് നോക്കുകയാണെങ്കില്‍ ആധുനിക യമൻ, ഒമാൻ, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പല ഭാഗങ്ങളും പൗരാണിക ‘യമനി’ല്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ആധുനിക യമനിലേക്കുമാത്രം അറിവിനെയും വിശ്വാസത്തെയും ലക്ഷ്യംവെച്ചുള്ള ഒരു യാത്രയുടെ പ്രസക്തി എന്താണ്?

ഹദീഥിന് വ്യാഖ്യാനമെഴുതിയ പ്രസിദ്ധരായ പല പണ്ഡിതരും സൂചിപ്പിച്ച മറ്റു ചില വസ്തുതകളും കൂടി ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.

  1. ഹദീഥില്‍ ‘യമന്‍’ എന്നതുകൊണ്ട് പ്രവാചകൻ ഉദ്ദേശിച്ചത് മക്കയും മദീനയുമടങ്ങുന്ന ‘ഹിജാസ്’ (അറബ് ഉപഭൂഖണ്ഡം) ആണെന്ന് ഒരു സംഘം പണ്ഡിതര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് യമനിന് ആ പേര് ലഭിച്ചത് എന്ന് ശര്‍കി പറയുന്നു. പ്രവാചകാനുചരന്‍ ഇബ്‌നു അബ്ബാസ് പറയുന്നു: അറബികളില്‍ ദക്ഷിണഭാഗത്ത് ജീവിക്കുന്നവരുടെ (‘ദക്ഷിണ ഭാഗത്തുകാര്‍’ ‘വലതുഭാഗത്തുകാര്‍’ എന്ന അര്‍ത്ഥത്തില്‍) നാടിനെ ‘യമന്‍’ എന്നു നാമകരണം ചെയ്യപ്പെട്ടു.

മക്കയില്‍ ജനസംഖ്യ അധികരിച്ചപ്പോൾ ദക്ഷിണദിക്കിലേക്ക് മാറി താമസിച്ചവരുടെ നാടിനെ, ഭൂമിയുടെ ദക്ഷിണ ഭാഗമായതിനാല്‍ ‘യമന്‍’ എന്നു വിളിച്ചു എന്നു പറയപ്പെടുന്നു. (മുഅ്ജമുല്‍ ബുല്‍ദാന്‍)

ഇതനുസരിച്ച് മക്കയും മദീനയുമടങ്ങുന്ന ഹിജാസ് ദക്ഷിണ ദിക്കിലായതിനാല്‍ ‘യമന്‍’ എന്ന നാമത്തിന് അര്‍ഹത നേടുന്നു. ഉത്തര ദിശയിലുള്ള മറ്റു രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി നാം ഉത്തര ദിശയിലെയും ദക്ഷിണ ദിശയിലെയും രാജ്യങ്ങളെ ഭാഗിക്കുകയാണെങ്കില്‍ ആധുനിക യമൻ, യു.എ.ഇ, ഒമാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളെല്ലാം ‘യമന്‍’ (ദക്ഷിണ ദിക്കിലുള്ള രാജ്യം) എന്ന നാമത്തിന് അര്‍ഹത നേടുന്നു. ഈ അര്‍ത്ഥത്തിൽ മക്കയും മദീനയും ‘യമന്‍’ ആകുന്നു. പ്രവാചകനെ സംബന്ധിച്ച് ‘അന്നബിയുല്‍ യമാനി’ (യമന്‍ പ്രവാചകന്‍) എന്നു പരിചയപ്പെടുത്തുമ്പോള്‍ ഉദ്ദേശിക്കുന്ന ‘യമന്‍’ ഈ ആശയത്തിലാണ്; ആധുനിക യമന്‍ അല്ല. കഅ്ബയുടെ മൂലകളില്‍ ഒന്നിനെ ‘റുക്‌നൂൽ യമാനി’ എന്നു പറയുന്നതും വലതുഭാഗത്തെ അറ്റം/മൂല എന്ന അര്‍ത്ഥത്തിലാണ്.

‘യമനി’നെ പറ്റിയുള്ള ഹദീഥ് പ്രവാചകന്‍ പ്രസ്താവിക്കുന്നത് ‘തബൂക്കി’ല്‍ വെച്ചാണ്. തബൂക്കില്‍വെച്ചാണ് അദ്ദേഹം യമന്റെ ദിക്കിലേക്ക് ചൂണ്ടിക്കൊണ്ടു ‘വിശ്വാസം യമനിലേതാണ്. മതവിജ്ഞാനം യമനിലേതാണ്’ എന്ന് പറഞ്ഞത് എന്നാണ് ഹദീഥില്‍ വന്നിരിക്കുന്നത്. യമന്റെ ദിശയിലേക്ക് തബൂക്കില്‍നിന്നു ചൂണ്ടുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് മക്കയും മദീനയുമാണ്. കാരണം ഈ രണ്ടു നാടുകളും തബൂക്കില്‍നില്‍ക്കുന്ന ഒരാള്‍ക്ക് യമൻ (ദക്ഷിണ രാജ്യം) ആകുന്നുവെന്ന് ഇമാം ബദറുദ്ദീന്‍ അൽ ഐനി പറയുന്നു. (15/192)

ഇമാം ശാഫിഈ തന്റെ ‘അല്‍ ഉമ്മ്’ (1/162) എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച നിവേദനത്തില്‍ “മദീനയുടെ ദിക്കിലേക്ക് അദ്ദേഹം കൈചൂണ്ടിക്കൊണ്ട് പറഞ്ഞു” വെന്നാണ് ഉള്ളത്.

ഇമാം അഹ്മദ് നിവേദനം ചെയ്തത് ‘വിശ്വാസം ഹിജാസുകാരുടേതാണ്’ എന്ന് പ്രവാചകന്‍ പറഞ്ഞുവെന്നാണ്. (മുസ്‌നദ് അഹ്മദ്: 3/335)

ഇബ്‌നു ഹിബ്ബാൻ തന്റെ ‘സ്വഹീഹില്‍’ ഹദീഥ് ഉദ്ധരിച്ചിരിക്കുന്നത് ‘ഹിജാസുകാരുടെ മേല്‍ വിശ്വാസത്തെ സ്മരിക്കുന്ന അധ്യായം’ എന്ന തലക്കെട്ടിലാണ് (16/285).

യമനിലെ തന്നെ ഏറ്റവും പ്രസിദ്ധനായ ഹദീഥ് പണ്ഡിതനായ ത്വാവൂസ് ഈ ഹദീഥ് ഉദ്ധരിച്ചപ്പോള്‍ ‘ഹന്‍ളല’ ചോദിച്ചു, ‘യമന്‍’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്? അദ്ദേഹം പറഞ്ഞു: ‘മദീന’.

ഈ വാഖ്യാനങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ മനസ്സിലാകുന്നത്, ഹദീഥില്‍ പ്രസ്താവിക്കപ്പെട്ട ‘യമന്‍’ കൊണ്ടുദ്ദേശം മക്കയും മദീനയുമടങ്ങുന്ന ദക്ഷിണ ദിക്കിലെ അറബ് ഉപഭൂഖണ്ഡം മൊത്തമാണ് എന്നാണ്. അവിടെ നിന്നാണ് വിശ്വാസവും മതവിജ്ഞാനവും വിവേകവുമെല്ലാം പൊട്ടിയൊഴുകി ലോകത്തെല്ലാം പരന്നത് എന്നാണ് പ്രവാചക വചനത്തിന്റെ ഉദ്ദേശം.

  1. മക്കയിലേക്ക് മതസ്വാതന്ത്ര്യത്തിനായി പലായനം ചെയ്‌തെത്തിയ ‘മുഹാജിറുകളെ’ (പലായനം ചെയ്‌തെത്തിയ പ്രവാചകാനുചരന്‍മാര്‍) എല്ലാം നല്‍കി സഹായിച്ച ‘അന്‍സ്വാറുകളെ’ (സഹായികളായ പ്രവാചകാനുചരന്‍മാർ) ആണ് ഹദീഥില്‍ ‘യമനു’കാ൪ എന്നതുക്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ചില പണ്ഡിതര്‍ വ്യാഖ്യാനിച്ചു. അബൂ ഉബൈദ് തന്റെ ‘ഗരീബുല്‍ ഹദീഥി’ല്‍ ഈ അഭിപ്രായം പറയുന്നുണ്ട്. ഇത് മുമ്പ് ഉദ്ധരിച്ച അഭിപ്രായത്തോട് എതിരാകുന്നില്ല.
  2. മറ്റു ചില പണ്ഡിതര്‍ പറഞ്ഞത് ഇത് യമൻ നിവാസികളെപ്പറ്റി തന്നെയാണെന്നാണ്. അബൂമൂസ ഉള്‍പ്പെടുന്ന അശ്അരി ഗോത്രക്കാർ യമനില്‍നിന്നും പ്രവാചകനും അനുചരന്‍മാര്‍ക്കും സഹായങ്ങൾ വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ സന്നിധിയില്‍ വരുകയുണ്ടായി. ഈ സംഘത്തിന്റെ ജ്ഞാന കൗതുകത്തെയും ദൃഢവിശ്വാസത്തെയും പ്രവാചകന്‍ പുകഴ്ത്തിക്കൊണ്ട് പറഞ്ഞതാണ് ചര്‍ച്ച ചെയ്യപ്പെടുന്ന ഹദീഥ് എന്നാണ് ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഇബ്‌നു സ്വലാഹ് തന്റെ ‘സ്വിയാനത്തു സ്വഹീഹു മുസ്‌ലിം’ (209-213) എന്ന ഗ്രന്ഥത്തില്‍ ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തിയിരിക്കുന്നത്.

”പ്രവാചകന്റെ കാലത്തുണ്ടായിരുന്ന യമന്‍കാരായ അനുചരന്‍മാരുടെ അവസ്ഥയും വിശ്വാസവും അപ്രകാരമായിരുന്നു. ഇത് അക്കാലഘട്ടത്തിലെ യമന്‍കാരുടെ പ്രത്യേകതയാണ്. അല്ലാതെ എല്ലാ കാലത്തെയും മുഴുവന്‍ യമന്‍കാര്‍ക്കും ഈ ശ്രേഷ്ഠതകൾ അര്‍ഹമല്ല.”

ഇമാം മുനാവി പറയുന്നു: “ഹദീഥില്‍ പ്രസ്താവിക്കപ്പെടുന്നത് പ്രവാചകകാലഘട്ടത്തിലുണ്ടായിരുന്ന അനുചരന്‍മാരെ പറ്റിയാണ്. ഏതുകാലത്തും എല്ലാ യമന്‍കാരെയും സംബന്ധിച്ചല്ല ഈ ഹദീഥ്.” (3/186)

എല്ലാ കാലഘട്ടത്തിലെയും യമൻ നിവാസികളെ പ്രവാചകനുദ്ദേശിക്കാനുള്ള സാധ്യത ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്ക് വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള കേവലാഭിപ്രായത്തിനപ്പുറം ബലമേകുന്ന മറ്റു തെളിവുകളില്ല. ഡോ. ഖാലിദ് ഹായിക് ഈ അഭിപ്രായങ്ങളെല്ലാം പഠനവിധേയമാക്കിയശേഷം മൂന്നാമത്തെ അഭിപ്രായത്തെ തെളിവ് സഹിതം ബലപ്പെടുത്തുകയും ഭൂരിപക്ഷം പണ്ഡിതരുടെ അഭിപ്രായവും അതാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.( http://www.feqhweb.com/vb/t17681.html#ixzz5itNmNZv4)

ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തിൽ വിശ്വാസ പ്രചാരണത്തിലും ജ്ഞാനകൗതുകത്തിലും മുന്നില്‍ നിന്നിരുന്ന അറേബ്യക്കാരെ അല്ലെങ്കില്‍ യമനിലെ അശ്അരി ഗോത്രക്കാരെ പ്രശംസിക്കുക മാത്രമാണ് ഹദീഥിന്റെ ഉദ്ദേശ്യം. യമനിനെ ഒരു ബ്രഹ്മചര്യ ആശ്രമമോ കേന്ദ്രമോ ആയി ഇസ്‌ലാമോ ഇസ്‌ലാമിക പ്രമാണങ്ങളോ പഠിപ്പിച്ചിട്ടില്ല.

പുണ്യമാഗ്രഹിച്ചുകൊണ്ടുള്ള തീര്‍ത്ഥയാത്രകൾ പോലും മൂന്ന് ഇടങ്ങളിലായി പരിമിതപ്പെടുത്തിയ മതമാണ് ഇസ്‌ലാം. അതും ആരാധനകളുമായി ബന്ധിതമായ തീര്‍ത്ഥാടനങ്ങളെ ഇസ്‌ലാമിലുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരുപാട് പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ത്യാഗോജ്വല നിമിഷങ്ങള്‍ക്കും സാക്ഷിയായ പ്രദേശങ്ങളും സ്ഥലങ്ങളും ഇസ്‌ലാമിക ചരിത്രത്തിലുണ്ടെങ്കിലും അവ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാനുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെ പ്രവാചകൻ (സ) എതിര്‍ത്തിട്ടുണ്ട്. അനുവദിച്ച തീര്‍ത്ഥാടന കേന്ദ്രങ്ങൾ മൂന്നു പള്ളികള്‍ മാത്രമാണ്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്ത്വീനിലെ മസ്ജിദുൽ അക്വ്‌സ. ഇവ മൂന്നും ആരാധനകളുമായി ബന്ധിതമായ പള്ളികളാണ്.

പ്രചകന്‍ മൂസ(അ)യോട് അല്ലാഹു സംസാരിച്ച ത്വൂര്‍ പര്‍വതത്തിലേക്ക് തീര്‍ത്ഥാടനം നടത്താമോ എന്നു പ്രവാചകനാനുചരന്‍ ഇബ്‌നു ഉമറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിപ്രകാരമാണ്. ‘ത്വൂറിനെ നീ വെടിയുക, മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ത്ഥാടനമില്ല’ (ഇബ്‌നു അബീ ശൈബഃ)

മഹാന്‍മാരുടെ ഖബറിടങ്ങൾ, ശ്രേഷ്ഠമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം തീര്‍ത്ഥാടനയാത്ര നടത്തൽ നിഷിദ്ധമാണെന്നും മൂന്നു പള്ളികളിലേക്കേ തീര്‍ത്ഥാടനയാത്ര ഉള്ളുവെന്നും ശൈഖ് അബൂ മുഹമ്മദ് അല്‍ ജുവൈനിയും ഖാളി ഇയാദും പറഞ്ഞതായി ഇമാം നവവി വിശദീകരിക്കുന്നു. (ശര്‍ഹു മുസ്‌ലിം: 9/106) മൂന്നു പള്ളികളിലേക്കല്ലാത്ത പുണ്യം പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്രകളെല്ലാം നിഷിദ്ധമാണെന്നും മഹാന്‍മാരുടെ ശ്മശാനങ്ങളിലേക്കും ചരിത്രപ്രദാനമായ സ്ഥലങ്ങളിലേക്കും മറ്റും തീര്‍ത്ഥയാത്രകൾ നടത്തൽ പ്രവാചകൻ (സ) വിരോധിച്ചിട്ടുണ്ടെന്നും ലോകത്തെ പ്രസിദ്ധരായ ഒരുപാട് മുസ്‌ലിം പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ഇബ്‌നു ഹജര്‍:ഫത്ഹുല്‍ ബാരി: 3/25, ഇബ്‌നു ഖുദാമ: മുഗ്‌നി: 2/100, ഇബ്‌നുല്‍ അസീര്‍: ജാമഉല്‍ ഉസ്വൂല്‍: 9/283, ഇബ്‌നു ബത്വ : അല്‍ ഇബാനത്തുസുഹ്‌റ: 92, ഇമാം മുനാവി: ശര്‍ഹു ജാമിഉസ്വഗീര്‍: 6/140).

ഹജ്ജ്, ഉംറ എന്നീ ഇസ്‌ലാമിലെ മഹത്തായ രണ്ട് ആരാധനകളുടെ വേദിയാണ് മക്കയിലെ മസ്ജിദുല്‍ ഹറാം. അവിടെയുള്ള നമസ്‌കാരം മറ്റു പള്ളികളിലുള്ള നമസ്‌കാരത്തെക്കാൾ ഒരു ലക്ഷമിരട്ടി പ്രതിഫലമുണ്ട്. (അഹ്മദ്: 16117, ഇബ്‌നു ഹിബ്ബാന്‍: 1620). മദീന പള്ളിയിലെ നമസ്‌കാരമാകട്ടെ മറ്റു പള്ളികളിലുള്ളതിനെക്കാൾ ആയിരം ഇരട്ടി പ്രതിഫലവുമുണ്ട്. (ഇബ്‌നു മാജ: 1406, അഹ്മദ്:14694) ഫലസ്ത്വീനിലെ അഖ്‌സാ പള്ളിയിലെ നമസ്‌കാരത്തിനും സമാനമായ ശ്രേഷ്ഠതയുണ്ട്. ഈ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളും ഏതെങ്കിലുമൊരു വ്യക്തിയോടോ സംഭവത്തോടോ ബന്ധപ്പെട്ട് മാത്രം നിലകൊള്ളുന്ന ഒന്നല്ല. മറിച്ച് മഹത്തായ ആരാധനകളുമായി ബന്ധപ്പെട്ടവയാണ്. ഇത്തരത്തില്‍ തീര്‍ത്ഥാടനങൾക്ക് പരിധി നിശ്ചയിച്ചതിലെ യുക്തിയെന്താണെന്ന് വിശുദ്ധ ക്വുര്‍ആൻ തന്നെ സൂചന നല്‍കുന്നുണ്ട്. ”അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് തേടികൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആൻ 62:10)

ഇത്രയും ശ്രേഷ്ടമായ പള്ളികളായിട്ടും മഹത്തായ ആരാധനകള്‍ നിര്‍വഹിച്ചു ശിഷ്ടജീവിതം തീര്‍ത്ഥാടന കേന്ദ്രങ്ങളിലായി കഴിച്ചുകൂട്ടാനല്ല ക്വുര്‍ആൻ കല്‍പിക്കുന്നത്. ഭൂമിയില്‍ വ്യാപിച്ചുകൊള്ളാനാണ്. ഏതെങ്കിലും പുണ്യഭൂമിയില്‍ വിശ്വാസത്തിനും അറിവിനുമായി ഭജനമിരിന്ന് ജീവിതം ത്യജിക്കേണ്ടവനല്ല മുസ്‌ലിം. അവര്‍ക്കൊരു വാഗ്ദത്ത ഭൂമിയും ഇല്ല. ഭൂമി മുഴുവന്‍ ദൈവത്തിന്റെതാണ്. സത്യവിശ്വാസവും സല്‍കര്‍മങ്ങളും ജ്ഞാനവും വിവേകവും ഏതു നാട്ടുകാരനും ആര്‍ജിക്കാവുന്നതേയുള്ളൂ. നാടും വീടും വിട്ടെറിഞ്ഞ ബ്രഹ്മചര്യമോ ഏകാന്ത ജീവിതമോ ഇസ്‌ലാം മാതൃകാവിശേഷണങ്ങളായി കാണുന്നില്ല; അത് തീര്‍ത്ഥയാത്രയുടെ പേരിലായാലും ശരി.

‘ഒളിച്ചോട്ടം’ ഒരു വ്യക്തിദൗര്‍ബല്യമാണ്. ഭൗതികമോ മതപരമോ ആയ വെല്ലുവിളികളെ ഭയപ്പെടുന്ന ഭീരുക്കളുടെ ആദര്‍ശമാണത്. അതിന് തീര്‍ത്ഥാടനത്തിന്റെയും പലായനത്തിന്റെയും മതപരിവേഷം നല്‍കുന്നവർ സ്വന്തം ദുര്‍ബലതയെ മറച്ചുപിടിക്കുകയും ജീവിതഭൂമികയെ പഴിക്കുകയുമാണ് ചെയ്യുന്നത്. ഭൂമികയുടെ മാറ്റം മിക്കവാറും ഇത്തരം ദൗര്‍ബല്യത്തെ പരിഹരിക്കുകയില്ലെന്നു മാത്രമല്ല അവശേഷിക്കുന്ന പ്രതീക്ഷകളെയും ചിലപ്പോള്‍ തകര്‍ത്തെറിയുകയാണ് ചെയ്യാറ് എന്നതാണ് അനുഭവപാഠം.

ഭൂമിയിലെ സ്വര്‍ഗം തേടി പോകുന്നവര്‍ക്കുള്ള സ്വപ്നയാത്രയല്ല ഇസ്‌ലാമിലെ തീര്‍ത്ഥയാത്രയും പലായനവും. മഹത്തായ ആരാധനകള്‍ നിര്‍വഹിക്കാനുള്ള ഇടവേളയോ വേദികയോ മാത്രമാണ് തീര്‍ത്ഥയാത്രകള്‍. മതജീവിതം നയിക്കാന്‍ ഇടമില്ലാത്തവന്റെ നിസ്സാഹയതയാണ് ഇസ്‌ലാമിലെ പലായനം. ഏകദൈവ വിശ്വാസത്തിലധിഷ്ഠിമായി ജീവിക്കാനും ബഹുദൈവാരാധനയെ വെടിയാനും സാധ്യമല്ലാത്ത, മതം പ്രബോധനം ചെയ്യാനോ മതചിഹ്നങ്ങൾ ആചരിക്കാനോ കഴിയാത്ത അനിസ്‌കമിക രാജ്യത്തുനിന്നുമാണ് അല്ലാഹു ‘ഹിജ്‌റ’ അഥവാ പലായനം ചെയ്യാനായി കല്‍പ്പിച്ചത്. ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നും പലായനത്തെ സൂചിപ്പിക്കുന്ന വാക്യങ്ങളും പ്രവാചക വചനങ്ങളും പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും വ്യക്തമാകുന്ന കാര്യമാണിത്. മതസ്വാതന്ത്ര്യമുള്ള ഒരു അനിസ്‌ലാമിക രാജ്യത്ത് ജീവിക്കുന്നതിൽ നിന്നും ഒരു വിശ്വാസിയെ തടയുന്ന ഒന്നും ഇസ്‌ലാമിക അധ്യാപനങ്ങളിലില്ല.

”അവിശ്വാസികളുടെ ഇടയില്‍ തന്നെ (ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകൾ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടിൽ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! (ക്വുര്‍ആൻ 4:97)

ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ശാഫിഈ പറഞ്ഞു: ”കഴിവ് ഉള്ളവരുടെ മേല്‍ മാത്രമേ ഹിജ്‌റ (പലായനം) നിര്‍ബന്ധമുള്ളൂ എന്ന കാര്യത്തിൽ അല്ലാഹുവിന്റെ തിരുദൂതരുടെ ചര്യ തെളിവാകുന്നു. ഏതു രാജ്യത്തുനിന്നാണോ ഒരാൾ ഇസ്‌ലാം സ്വീകരിക്കുന്നത് ആ രാജ്യത്ത് അയാള്‍ മതത്തിന്റെ പേരിൽ പരീക്ഷിക്കപ്പെടുന്നെങ്കില്‍ മാത്രമാണ് പലായനം എന്നും തിരുചര്യ സൂചിപ്പിക്കുന്നു. കാരണം മതത്തിന്റെ കാര്യത്തില്‍ പരീക്ഷണങ്ങൾ അനുഭവിക്കുന്നില്ല എന്നതിനാല്‍ ഇസ്‌ലാം സ്വീകരിച്ചതിനുശേഷവും ഒരു വിഭാഗം മുസ്‌ലിംകളെ മക്കയിൽ തന്നെ താമസിക്കാൻ പ്രവാചകന്‍ അനുവാദം നല്‍കുകയുണ്ടായി. അക്കൂട്ടത്തില്‍ അബ്ബാസിബ്‌നു അബ്ദുൽ മുത്വലിബും മറ്റും ഉണ്ടായിരുന്നു. (തഫ്‌സീറുൽ ഇമാം ശാഫിഈ 2/648)

”തങ്ങളുടെ രാജ്യത്തെ ബഹുദൈവാരാധകര്‍ അവരുടെ എണ്ണം കൊണ്ടും കഴിവുകൊണ്ടും പ്രബലരായതിനാല്‍ വിശ്വാസത്തില്‍നിന്നും പ്രവാചകനെ അനുദാവനം ചെയ്യുന്നതില്‍ നിന്നും തടയുന്നു” എന്നു പറഞ്ഞവരോടാണ് പലായനത്തിനായി കല്‍പിച്ചത് എന്നും അവരിൽ ചിലര്‍ മതത്തിന്റെ പേരിൽ പീഢനങ്ങള്‍ക്ക് വിധേയരാവുകയും ബഹുദൈവാരാധാകരോടൊപ്പം മുസ്‌ലിംകളോട് യുദ്ധം ചെയ്യാൻ ഹാജരാവുകയും ചെയ്തു എന്നും ഇമാം ത്വബ്‌രി തന്റെ ‘ജാമിഉല്‍ ബയാന്‍’ (9/100-112) എന്ന ക്വുര്‍ആൻ വ്യാഖ്യാനത്തിലും സൂചിപ്പിക്കുന്നു.

”ബഹുദൈവാരാധകര്‍ക്കിടയിൽ താമസിക്കുന്ന എല്ലാ മുസ്‌ലിമില്‍നിന്നും ഞാൻ ബാധ്യത ഒഴിയുന്നു” (അബൂദാവൂദ്: 2645) എന്ന പ്രവാചകവചനം ‘സ്വന്തം മതത്തിന്റെ കാര്യത്തില്‍ നിര്‍ഭയത്വമില്ലാതെ (മതസ്വാതന്ത്ര്യമില്ലാതെ) അവര്‍ക്കിടയിൽ താമസിക്കുന്നവനെ പറ്റിയാണ്’ എന്ന് ഇമാം ഇബ്‌നു ഹജറും വ്യാഖ്യാനിക്കുന്നു. (ഫത്ഹുല്‍ ബാരി: ഹദീഥ് നമ്പര്‍ 2823 ന്റെ വ്യാഖ്യാനം).

‘ഹിജ്‌റ’ അഥവാ പലായനത്തെ സംബന്ധിച്ച് ലോക മുസ്‌ലിം പണ്ഡിതരുടെയെല്ലാം അഭിപ്രായം സമാനമാണ്. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന, വിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങളും പരീക്ഷണങ്ങളും അനുഭവിക്കേണ്ടി വരുന്ന അനിസ്‌ലാമിക രാജ്യത്ത് നിന്നു മാത്രമേ ഇസ്‌ലാം പലായനത്തിന്റെ വാതിൽ തുറക്കുന്നുള്ളു എന്നതാണ് ലോക മുസ്‌ലിം പണ്ഡിതരുടെയെല്ലാം അഭിപ്രായം.

സക്കരിയ്യ അല്‍ അന്‍സ്വാരി പറയുന്നു: ”മതം അനുഷ്ഠിക്കുന്നതില്‍ നിന്നും അശക്തമാക്കപ്പെട്ട രാജ്യത്തെ മുസ്‌ലിംകൾ അവര്‍ക്ക് കഴിവുണ്ടെങ്കില്‍ അവിശ്വാസത്തിലധിഷ്ഠിതമായ രാജ്യത്തുനിന്നും ഇസ്‌ലാമിക രാജ്യത്തേക്ക് പലായനം ചെയ്യൽ നിര്‍ബന്ധമാണ്.” (അസ്‌നൽ മത്വാലിബ്: 4/207)

ഇബ്‌നുൽ അറബി പറഞ്ഞു: ”ഇസ്‌ലാമിനോട് യുദ്ധം പ്രഖ്യാപിച്ച രാജ്യത്ത് നിന്നും ഇസ്‌ലാമിക രാജ്യത്തിലേക്കുള്ള പലായനമാണ് ഹിജ്‌റ. പ്രവാചക കാലഘട്ടത്തില്‍ അത് നിര്‍ബന്ധമായിരുന്നു. സ്വന്തത്തിന്റെ മേല്‍ (അപകടം) ഭയപ്പെടുന്നവരുടെ മേലും അത് ബാധ്യതയായി തുടരുന്നു.” (നൈലുല്‍ ഔത്വാര്‍: 8/33)
പ്രവാചകാനുചരന്‍മാർ മക്കയിൽ നിന്നും അബ്‌സീനിയയിലേക്കും മദീനയിലേക്കും മറ്റു നാടുകളിലേക്കുമെല്ലാം പലായനം ചെയ്തത് മതസ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു; മക്ക ഒരു അനിസ്‌ലാമിക രാജ്യമായതുകൊണ്ടല്ല; മക്കയില്‍ ഇസ്‌ലാം അനുസരിച്ചു ജീവിക്കാനും പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ -അത് ഒരു അനിസ്‌ലാമിക രാജ്യമായി അവശേഷിച്ചാലും- പ്രവാചകാനുചരന്‍മാർ ‘ഹിജ്‌റ’ പോകില്ലായിരുന്നു. ഇതിനും വ്യക്തമായ തെളിവാണ് ഇമാം ബുഖാരി തന്റെ ‘സ്വഹീഹി’ല്‍ (2176) ഉദ്ധരിച്ച ഹദീഥ്: ”മുസ്‌ലിംകൾ കടുത്ത പരീക്ഷണത്തിന് വിധേയരായപ്പോൾ അബൂബക്കർ അബ്‌സീനിയയുടെ ഭാഗത്തേക്ക് പലായനം ചെയ്യാനായി പുറപ്പെട്ടു. യാത്രാമധ്യേ ‘ബര്‍കുൽ ഗിമാദ്’ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഖാറ ഗോത്രത്തലവനായ ഇബ്‌നുദ്ദഗിന അദ്ദേഹവുമായി കണ്ടുമുട്ടി. അദ്ദേഹം അബൂബക്കറിനോട് ചോദിച്ചു: ‘എങ്ങോട്ടാണ് അബൂബക്കർ പുറപ്പാട്? അബൂബക്കർ പറഞ്ഞു: എന്റെ ജനത എന്നെ പുറത്താക്കി. അതിനാല്‍ ഭൂമിയിലൂടെ സഞ്ചരിച്ച് എന്റെ നാഥൻ ആരാധന ചെയ്ത് ജീവിക്കാന്‍ ഞാൻ ഉദ്ദേശിക്കുന്നു. അപ്പോള്‍ ഇബ്‌നുദ്ദഗിന പ്രതികരിച്ചു: അബൂബക്‌റേ താങ്ങളെപ്പോലുള്ളവർ പുറത്തുപോകരുത്; പുറത്താക്കപ്പെടുകയും അരുത്. താങ്കള്‍ നിരാലംബര്‍ക്ക് സഹായിയാണ്. കുടുംബബന്ധം ചേര്‍ക്കുന്നവനാണ്. അന്യരുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നവനാണ്. അതിഥികളെ സല്‍ക്കരിക്കുന്നവനാണ്. പ്രകൃതിവിപത്തുകളില്‍ അകപ്പെടുന്നവരെ സഹായിക്കുന്നവനാണ്. ഞാന്‍ താങ്കള്‍ക്ക് അഭയം നല്‍കാം. മടങ്ങിക്കൊള്ളു. താങ്കളുടെ നാട്ടില്‍വെച്ചുതന്നെ താങ്കളുടെ റബ്ബിനെ ആരാധിച്ചുകൊള്ളൂ. ഇങ്ങനെ അബൂബക്കർ മടങ്ങി.

ഇബ്‌നുദ്ദഗിനയും അദ്ദേഹത്തോടൊപ്പം പോയി. അന്നു വൈകുന്നേരം ഖുറൈശി പ്രമാണിമാര്‍ക്കിടയിൽ ചുറ്റിക്കറങ്ങിക്കൊണ്ട് ഇബ്‌നുദ്ദഗിന ഇപ്രകാരം പ്രഖ്യാപിച്ചു: തീര്‍ച്ച! അബൂബക്‌റിനെപ്പോലുള്ളവർ പുറത്തുപോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യാവതല്ല. നിരാലംബരെ സഹായിക്കുകയും കുടുംബബന്ധങ്ങളെ ചേര്‍ക്കുകയും അന്യരുടെ ഭാരങ്ങള്‍ വഹിക്കുകയും അതിഥിയെ സല്‍ക്കരിക്കുകയും പ്രകൃതിവിപത്തുകളിൽ അകപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങള്‍ പുറത്താക്കുകകയോ? ഇബ്‌നുദ്ദഗിന നല്‍കിയ അഭയം ഖുറൈശികളിലാരും നിരാകരിച്ചില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞു: അബൂബക്‌റിനോട് തന്റെ വീട്ടില്‍വെച്ചു തന്നെ ആരാധനകൾ നിര്‍വഹിക്കാൻ താങ്കൾ കല്‍പിക്കണം. സ്വന്തം വീട്ടില്‍ അബൂബക്കർ നമസ്‌കരിച്ചുകൊള്ളട്ടെ. ഇഷ്ടമുള്ളത് പാരായണം ചെയ്തുകൊള്ളട്ടെ. അതുവഴി അദ്ദേഹം ഞങ്ങളെ ശല്യം ചെയ്യരുത്. അത് പരസ്യമായി നിര്‍വഹിക്കുകയുമരുത്. ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും അദ്ദേഹം പിഴപ്പിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഇബ്‌നുദ്ദഗിന കാര്യങ്ങളെല്ലാം അബൂബക്‌റിനോടു പറഞ്ഞു. അങ്ങനെ അബൂബക്കർ തന്റെ വീട്ടില്‍വെച്ച് തന്റെ റബ്ബിനെ ആരാധിച്ചുകൊണ്ട് കഴിച്ചുകൂട്ടി. പരസ്യമായി നമസ്‌കരിക്കുകയോ തന്റെ വീട്ടില്‍വെച്ചല്ലാതെ ക്വുര്‍ആൻ പാരായണം നടത്തുകയോ ചെയ്തില്ല. പിന്നീട് അബൂബക്റിന് പുതിയ ഒരു ആശയം തോന്നി. അങ്ങനെ വീട്ടുമുറ്റത്ത് ഒരു പള്ളി പണിതു. പിന്നെ അതിലായി നമസ്‌കാരവും ക്വുര്‍ആൻ പാരായണവും. മുശ്‌രിക്കുകളില്‍പെട്ട സ്ത്രീകളും കുട്ടികളും അതിനുചുറ്റും തടിച്ചുകൂടാന്‍ തുടങ്ങി. അവരത് കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അബൂബക്കർ ധാരാളമായി കരയുന്ന പ്രകൃതക്കാരനായിരുന്നു. ക്വുര്‍ആൻ പാരായണം ചെയ്യുമ്പോൾ തന്റെ കണ്ണുകളെ അദ്ദേഹത്തിനു നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഖുറൈശി പ്രമാണിമാരെ ഭയപ്പെടുത്തി. അവര്‍ ഇബ്‌നുദ്ദഗിനയെ വിളിച്ചുവരുത്തി പറഞ്ഞു: വീട്ടില്‍വെച്ച് തന്റെ നാഥന് ആരാധന നിര്‍വഹിച്ചുകൊള്ളാം എന്ന ഉപാധിയിൽ അബൂബക്‌റിന് താങ്കൾ നല്‍കിയിരുന്ന അഭയം ഞങ്ങൾ അംഗീകരിച്ചിരുന്നു. പക്ഷേ ഉപാധി മറികടന്ന് അദ്ദേഹം വീട്ടുമുറ്റത്ത് പള്ളി പണിതിരിക്കുകയാണ്. അതില്‍വെച്ച് നമസ്‌കാരവും ക്വുര്‍ആൻ പാരായണവും പരസ്യപ്പെടുത്തിയിരിക്കുകയാണ്. അതുവഴി ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും പിഴപ്പിച്ചുകളയുമെന്ന് ഞങ്ങള്‍ ആശങ്കിക്കുന്നു. താങ്കള്‍ അദ്ദേഹത്തെ തടയണം. ആരാധനകള്‍ വീട്ടിലൊതുക്കുവാൻ അദ്ദേഹം തയ്യാറാണെങ്കില്‍ അങ്ങനെയാവാം. അതല്ല പരസ്യമായി തന്നെ നിര്‍വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ബന്ധ ബുദ്ധിയെങ്കിൽ താങ്കളുടെ സംരക്ഷണക്കരാർ റദ്ദാക്കാൻ ആവശ്യപ്പെടുക. താങ്കളോടുള്ള കരാര്‍ ലംഘിക്കുവാൻ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അബൂബക്‌റിന്റെ പരസ്യമായ ആരാധന അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധ്യവുമല്ല. ആഇള പറയുന്നു: ഇബ്‌നുദ്ദഗിന അബൂബക്‌റിനെ സമീപിച്ച് പറഞ്ഞു: ഏതേത് ഉപാധികളിന്മേലാണ് ഞാന്‍ താങ്കളുമായി ഉടമ്പടി ചെയ്തിരിക്കുന്നതെന്ന് താങ്കള്‍ക്കറിയാമല്ലോ. ഒന്നുകില്‍ താങ്കൾ ആ ഉപാധികള്‍ക്ക് വഴങ്ങണം. അല്ലെങ്കില്‍ ഞാൻ താങ്കള്‍ക്ക് നല്‍കിയ എന്റെ അഭയം തിരിച്ചുതരിക. ഞാന്‍ കരാറിലേര്‍പ്പെട്ടയാളോട് കരാര്‍ ലംഘനം നടത്തിയെന്ന് അറബികൾ കേള്‍ക്കാൻ ഇടവരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അബൂബക്കർ പറഞ്ഞു: എങ്കില്‍ താങ്കളുടെ അഭയം ഞാനിതാ തിരിച്ചുനല്‍കുന്നു. അല്ലാഹുവിന്റെ അഭയം കൊണ്ട് ഞാന്‍ തൃപ്തിയടയുന്നു. നബി അന്ന് മക്കയിലായിരുന്നു. നബി മുസ്‌ലിംകളോട് പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് ഹിജ്‌റ പോകാനുള്ള സ്ഥലത്തെപ്പറ്റി എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. ഇരുകല്‍പ്രദേശങ്ങള്‍ക്കിടക്കുള്ള ഒരു ഈത്തപ്പന പ്രദേശമാണത്. പിന്നീട് ഹിജ്‌റ പോയവരെല്ലാം മദീനയുടെ ഭാഗത്തേക്കാണ് പോയത്. അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയവരിൽ ഭൂരിപക്ഷവും അവിടെനിന്ന് മദീനയിലേക്ക് മടങ്ങി. അബൂബക്‌റും മദീനയിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി. നബി അബൂബക്‌റിനോട് പറഞ്ഞു: പോകാന്‍ വരട്ടെ, ഞാനും അനുമതി പ്രതീക്ഷിച്ചിരിപ്പാണ്. ഇതുകേട്ട അബൂബക്കർ ചോദിച്ചു: എന്റെ ഉപ്പ താങ്കള്‍ക്ക് തെണ്ടം, താങ്കള്‍ അത് പ്രതീക്ഷിക്കുന്നുവോ? നബി പറഞ്ഞു: അതെ. അങ്ങനെ അബൂബക്കർ നബിയോടൊപ്പം പോകുന്നതിനുവേണ്ടി തന്നെ തടഞ്ഞുവെച്ചു (യാത്ര നീട്ടിവെച്ചു). തന്റെ അടുക്കലുണ്ടായിരുന്ന രണ്ട് ഒട്ടകങ്ങള്‍ക്ക് ഇലന്തമരത്തിന്റെ ഇല തീറ്റി കൊടുത്തുകൊണ്ട് അദ്ദേഹം നാലു മാസം പോറ്റി.”

ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പ്രവാചകാനുചരന്‍ അബൂബക്കർ (റ) പലായനത്തിനൊരുങ്ങിയത്. ആരാധനാസ്വാതന്ത്ര്യം ഇബ്‌നുദ്ദഗിന വാഗ്ദാനം ചെയ്തപ്പോൾ മക്കയിലേക്ക് തിരിച്ചുവരാൻ അദ്ദേഹം തയ്യാറായി. പിന്നീട് നമസ്‌കാരം, ക്വുര്‍ആൻ പാരായണം തുടങ്ങിയ ആരാധനകളും മതചിഹ്‌നങ്ങളും പരസ്യമായി ആചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം വീണ്ടും പലായനത്തിനൊരുങ്ങി.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു പൗരാവകാശമായി ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഉദ്‌ഘോഷിക്കുന്ന ഇന്‍ഡ്യ പോലെ ഒരു രാജ്യത്ത് നിന്നും ഒരു പലായനം അപ്രസക്തമാണെന്നതിന് ഇതിലേറെ വല്ല തെളിവും ആവശ്യമുണ്ടോ?

ഒരു അനിസ്‌ലാമിക രാഷ്ട്രത്തിനു കീഴിൽ ജീവിക്കുകയും ഭരണകൂടത്തിന്റെ വളരെ പ്രധാനപ്പെട്ട ചുമതലയും ഉദ്യോഗവും വരിക്കുകയും ചെയ്ത ഒരു പ്രവാചകനെ തന്നെ ഇസ്‌ലാം വിശ്വാസികള്‍ക്ക് മാതൃകയായി എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനിലുണ്ട്; ‘യൂസുഫ്’. പിതാവ് യഅ്ഖൂബിന് മക്കളില്‍ യൂസുഫിനെയും സഹോദരന്‍ ബിൻയാമിനെയുമാണ് കൂടുതൽ വാത്സല്യമെന്നു തോന്നിയ സഹോദരങ്ങള്‍ യൂസുഫിനെ ഒരു പൊട്ടക്കിണറ്റിലിടുകയും, ‘യൂസുഫിനെ ചെന്നായ കടിച്ചുകൊണ്ടുപോയി’യെന്ന് പിതാവിനോട് കളവ് പറയുകയും ചെയ്യുന്നു. പൊട്ടക്കിണറ്റില്‍ നിന്ന് യൂസുഫ് പുറത്തെടുക്കപ്പെടുന്നു. ഈജിപ്തിലെ വലിയ ഒരു പ്രമാണിയുടെ വീട്ടില്‍ യൂസുഫ് (അ) വളരുന്നു. അതിസുന്ദരനായ യൂസുഫിനോടുള്ള അനുരാഗം കൊണ്ട് പ്രമാണിയുടെ ഭാര്യ യൂസുഫിനെ വ്യഭിചാരത്തിനായി പ്രേരിപ്പിക്കുന്നു. താനുമായി ബന്ധത്തിലേര്‍പ്പെട്ടില്ലെങ്കിൽ ജയിലിൽ കഴിയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു. യൂസുഫ് (അ) ജയില്‍ തെരഞ്ഞെടുക്കുന്നു. പിന്നീട് ഒരുപാട് കാലങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും അദ്ദേഹത്തെ രാജാവ് ജയിലില്‍നിന്നും മോചിതനാക്കുകയും ചെയ്യുന്നു. ഭാവിയില്‍ വരാൻ പോകുന്ന മഹാക്ഷാമത്തെ സംബന്ധിച്ച രാജാവിന്റെ സ്വപ്നത്തെ വ്യാഖ്യാനിച്ച് അറിയിച്ചുകൊടുത്തതുമൂലം രാജാവിന്റെ അടുക്കല്‍ വലിയ സ്ഥാനവും അടുപ്പവും സിദ്ധിച്ച യൂസുഫ് (അ) ആ നാട്ടിലെ അഥവാ ഈജിപ്ത് എന്ന അനിസ്‌ലാമിക രാജ്യത്തെ ഭക്ഷ്യവകുപ്പിന്റെ ചുമതല രാജാവില്‍ നിന്നും ചോദിച്ചു വാങ്ങുന്നു.

നാട്ടില്‍നിന്നും ഈജിപ്തിലേക്ക് ഭക്ഷണസാധനങ്ങള്‍ക്കായി എത്തിയ സഹോദരങ്ങള്‍ യൂസുഫിനെ തിരിച്ചറിഞ്ഞില്ലെങ്കിലും അദ്ദേഹം സഹോദരങ്ങളെ തിരിച്ചറിയുന്നു. സഹോദരന്‍ ബിന്‍യാമീനെ മറ്റു സഹോദരങ്ങളുടെ ഉപദ്രവത്തില്‍നിന്നു രക്ഷപെടുത്തി തന്റെ അടുക്കല്‍ താമസിപ്പിക്കാൻ യൂസുഫ് (അ) ആഗ്രഹിക്കുന്നു. അതിനായി അദ്ദേഹമൊരു തന്ത്രം പ്രയോഗിക്കുന്നു. രാജാവിന്റെ ഭക്ഷ്യവസ്തുക്കള്‍ അളക്കുന്ന പാത്രം കളവ് പോയെന്ന് വിളംബരം ചെയ്യുന്നു. ആ പാത്രം ബിന്‍യാമീന്റെ സഞ്ചിയിൽ നിക്ഷേപിക്കുന്നു. അളവ് പാത്രം മോഷ്ടിച്ചവര്‍ക്കുള്ള ശിക്ഷയായി എന്തു വിധിക്കണമെന്ന് സഹോദരങ്ങളോടു തന്നെ ചോദിക്കുന്നു. ‘യഅ്ഖൂബ് കുടുംബത്തിലെ നിയമപ്രകാരം മോഷ്ടിച്ചവനെ പിടിച്ചുവെച്ചുകൊള്ളാന്‍’ സഹോദരങ്ങൾ പറയുന്നു. അവര്‍ അപ്രകാരം പറഞ്ഞില്ലായിരുന്നുവെങ്കില്‍ യൂസുഫിന് (അ) ബിന്‍യാമീനെ പിടിച്ചുവെക്കാൻ കഴിയില്ലായിരുന്നു. കാരണം ക്വുര്‍ആൻ തന്നെ പറയുന്നു: ”അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല.” (ക്വുര്‍ആൻ 12:76)

ഇമാം റാസി എഴുതുന്നു: ”മോഷ്ടിച്ചവനെ അടിക്കുകയും മോഷണവസ്തുവിന്റെ രണ്ട് ഇരട്ടി പിഴ ഈടാക്കുകയും ചെയ്യലായിരുന്നു (ഈജിപ്തിലെ) രാജാവിന്റെ നിയമം. രാജാവിന്റെ കീഴില്‍ അദ്ദേഹത്തിന്റെ നിയമമനുസരിച്ച് യൂസുഫിന് (അ) തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ‘മോഷ്ടിച്ചവനുള്ള പ്രതിഫലം മോഷ്ടാവിനെ പിടിച്ചുവെക്കലാണ്’ എന്നു പറഞ്ഞുപോയത് ഉപയുക്തമാക്കി അല്ലാഹു അദ്ദേഹത്തിനു വേണ്ടി തന്ത്രം പ്രയോഗിച്ചു. (തഫ്‌സീറുത്വബ്‌രി)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ പറഞ്ഞു: ”മോഷ്ടാവിനെ അടിക്കുകയും രണ്ടിരട്ടി പിഴ ഈടാക്കലുമാണ് ഈജിപ്തിലെ രാജാവിന്റെ നിയമമെന്ന് ക്വുര്‍ആൻ വ്യാഖ്യാതാക്കൾ പറഞ്ഞു. ഈ നിയമം തന്നെ തങ്ങളിലും നടപ്പാക്കണമെന്ന് സഹോദരങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ യൂസുഫി(അ)ന് അവരുടെ മേല്‍ മറ്റൊരു നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലായിരുന്നു…” (ഫതാവല്‍ കുബ്‌റ: 6/131, 132)

ഇമാം ശൗഖാനി പറയുന്നു: ”യഅ്ഖൂബ് നബിയുടെ മതവും ശരീഅത്തുമനുസരിച്ച് മോഷ്ടിച്ചവനെ ഒരു കൊല്ലം തടവിലാക്കുക എന്നതായിരുന്നു ശിക്ഷ. എന്നാല്‍ ഈ നിയമം രാജാവിന്റെ നിയമത്തിന് എതിരായിരിക്കെ തന്റെ സഹോദരങ്ങളുടെ മേല്‍ യഅ്ഖൂബി(അ)ന്റെ മതനിയമം നടപ്പിലാക്കാന്‍ യൂസുഫി(അ)ന് സാധിക്കില്ലായിരുന്നു; അല്ലാഹു അദ്ദേഹത്തിനായി ഒരു തന്ത്രം പ്രയോഗിച്ചില്ലായിരുന്നെങ്കില്‍. ‘മോഷ്ടിച്ചവന്റെ ശിക്ഷ ബന്ധിയാക്കപ്പെടലാണ്’ എന്ന് സഹോദരങ്ങളുടെ നാവിലൂടെ പറയപ്പെട്ടു എന്നുള്ളതാണ് ആ തന്ത്രം. അവര്‍ അപ്രകാരം പറഞ്ഞുപോയത് അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്…” (ഫത്ഹുല്‍ ഖദീര്‍)

ഇതില്‍നിന്നും താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:

  1. അക്കാലത്ത് ഈജിപ്ത് ഒരു അനിസ്‌ലാമിക രാജ്യമായിരുന്നു. അവിടുത്തെ രാഷ്ട്രനിയമവും ഇസ്‌ലാമികമല്ലായിരുന്നു.യഅ്ഖൂബി(അ)ന്റെ കുടുംബത്തില്‍ ഇസ്‌ലാമിക നിയമങ്ങളായിരുന്നു നടന്നിരുന്നത്.
  2. യൂസുഫി(അ)ന് പരമാധികാരം ഇല്ലായിരുന്നു. രാജാവിന്റെ നിയമമനുസരിച്ചായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. അതുകൊണ്ടാണ് സഹോദരനെ പിടിച്ചുവെക്കാന്‍ കഴിയാതിരുന്നതും അല്ലാഹുവിന് അദ്ദേഹത്തിനായി തന്ത്രം പ്രയോഗിക്കേണ്ടി വന്നതും.ഈജിപ്തിലെ നിയമമനുസരിച്ച് അടിയും പിഴയും മതിയെന്ന് സഹോദരങ്ങള്‍ പറഞ്ഞിരുന്നുവെങ്കിൽ ആ നിയമം നടപ്പിലാക്കാനേ അദ്ദേഹത്തിന് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
  3. ഇങ്ങനെയൊക്കെ ആയിട്ടും ഈ അനിസ്‌ലാമിക ഭരണകൂടത്തിനുകീഴില്‍ വളരെ വലിയ ഭരണ ചുമതല ചോദിച്ചു വാങ്ങുകയായിരുന്നു അദ്ദേഹം. ”അദ്ദേഹം (രാജാവിനോട്) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാൻ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.” (ക്വുര്‍ആൻ 12:55)

ഭക്ഷ്യവകുപ്പും വാണിജ്യവകുപ്പുമായിരുന്നു അദ്ദേഹം ചോദിച്ചുവാങ്ങിയ ഭരണചുമതലകള്‍ എന്ന് ത്വബ്‌രി പറയുന്നു. ഇബ്‌നു തീമിയ പറഞ്ഞു: ”അപ്രകാരം തന്നെയാണ് യുസുഫ് (അ). അദ്ദേഹം ഈജിപ്തിലെ രാജാവിന്റെ മന്ത്രിയായി; അവിടുത്തെ ജനത ബഹുദൈവാരാധകാരായിട്ടുപോലും. തനിക്ക് സാധിക്കുന്നത്ര നീതിയും നന്മയും അദ്ദേഹം നാട്ടില്‍ നടപ്പാക്കി. കഴിയുവോളം ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു.” (മജ്മൂഉല്‍ ഫതാവ: 28/68)

‘അനിസ്‌ലാമിക വ്യവസ്ഥിതിയോടും ജനതയോടും പങ്ക് ചേരുന്നതിൽ നിന്നും ഉണ്ടാകാവുന്ന ദോഷങ്ങളെക്കാള്‍ അധികം പങ്കുചേരാതെ മാറിനിന്നാല്‍ ഉണ്ടാകാമെങ്കിൽ ഒരു വിശ്വാസി പങ്കുചേരുകയാണ് ചെയ്യേണ്ടത് എന്ന ഗുണപാഠമാണ് അനിസ്‌ലാമിക രാഷ്ട്രത്തിനുകീഴിൽ ഭൂമിയിലെ ഖജനാവുകളുടെ അധികാരം ചോദിച്ചുവാങ്ങിയ യൂസുഫ് നബി(അ)യില്‍ ഉള്ളത്’ എന്നും ഇബ്‌നു തീമിയ നിരീക്ഷിക്കുന്നു. (മജ്മൂഉല്‍ ഫതാവ: 15/325)

ഇമാം ശൗഖാനി പറഞ്ഞു: ”ഒരു അക്രമകാരിയോ അവിശ്വാസിയോ ആയ ഭരണാധികാരിക്ക് കീഴില്‍ സത്യം നടപ്പിലാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുള്ള ഒരാള്‍ക്ക് ഉദ്യോഗം വരിക്കാം എന്നതിന് ഈ ക്വുര്‍ആൻ വചനം തെളിവാകുന്നു…” (ഫത്ഹുല്‍ ഖദീര്‍)

ഖത്തീബ് അല്‍ശര്‍ബിനി ശൈഖ് ഇസ്സുദ്ദീൻ ഇബ്‌നു അബ്ദുസ്സലാമിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ”ഒരു പ്രവിശ്യയില്‍ അമുസ്‌ലിംകൾ ഭരണമേല്‍ക്കുകയും അവിടെ ഭരണചുമതലയിൽ ഒരു മുസ്‌ലിമിനെ നിയോഗിക്കുകയും ചെയ്താൽ; പ്രസ്തുത ഉടമ്പടി സംഭവ്യമാണ്…” (മുഗ്‌നി അൽ മുഹ്താജ്: 4/132)

“പൊതുനന്മയെയും സമൂഹത്തിന്റെ ഉദ്ധാരണത്തെയും കണക്കിലെടുത്ത് അത്തരം ഭരണത്തില്‍ പങ്കാളിയാവുകയാണ് ചെയ്യേണ്ടത്. പൊതുനന്മയെ പരിഗണിക്കാതെ മാറി നില്‍ക്കുകവഴി സമഗ്രമായ ദോഷങ്ങളാണ് സമുദായം വഹിക്കേണ്ടി വരിക” എന്ന് ശൈഖ് അബൂ മനാര്‍ പറയുന്നു.

ഡോ. ഉമ൪ അഷ്ക൪ പറയുന്നു: ”യൂസുഫി(അ)ന്റെ കഥയുടെ അടിസ്ഥാനത്തില്‍ അനിസ്‌ലാമിക വ്യവസ്ഥിതിയിൽ പങ്കാളിയാവൽ അനുവദനീയമാണെന്നാണ് നമുക്ക് മനസ്സിലാകുന്നത്. കാരണം അത്തരത്തിലുള്ള പങ്കാളിത്തത്തില്‍ മഹാനന്മയുണ്ട്; വന്‍ദോഷത്തിൽ നിന്നുള്ള പ്രതിരോധവുമുണ്ട്.” (ഹുക്മുല്‍ മുശാറക ഫിൽ വിസാറ: 41, 42)

  1. മരണം വരെയും ഈജിപ്തിന്റെ പരമാധികാരം യൂസുഫി(അ)ന് ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ അവസാനദശയില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയിൽ അക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. ”(യൂസുഫ് പ്രാര്‍ത്ഥിച്ചു:) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (ക്വുര്‍ആൻ 12:101)

”ഭരണാധികാരത്തില്‍നിന്ന് (ഒരംശം) നല്‍കുകയും ചെയ്തു” (آتَيْتَنِي مِنَ الْمُلْكِ ) എന്നതിലെ ‘മി൯’ (مِن) എന്ന ദ്യോതകം ‘തബ്ഈളിന്റെ'(التبعيض) അഥവാ അംശം, കുറച്ച്, ചിലത്, എന്നെല്ലാം അര്‍ത്ഥം വരുന്നതാണ് എന്നു സമഖ്ശരി, റാസി, ഖുര്‍തുബി, ബൈളാവി, ഖാസിന്‍, അബൂ ഹയ്യാൻ, ശൗഖാനി തുടങ്ങി ഒരുപാട് ക്വുര്‍ആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

“അദ്ദേഹത്തിന് ഈജിപ്തിലെ മൊത്തഭരണം ലഭിച്ചില്ല; ഭാഗികമായ ആധികാരമേ ലഭിച്ചിള്ളൂ. അദ്ദേഹത്തിനുമുകളില്‍ പരമാധികാരിയായി രാജാവുണ്ടായിരുന്നു” എന്നെല്ലാം അവര്‍ വ്യക്തമാക്കി.

അപ്പോള്‍ അവസാനകാലത്തും പരമാധികാരമോ ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കാനുള്ള അധികാരമോ ഇല്ലാതിരുന്നിട്ടും സമുദായത്തിനും സമൂഹത്തിനുമൊത്തവും പരമാവധി നന്മയും നീതിയും തന്റെ ഭരണചുമതല ഉപയോഗിച്ച് സമ്മാനിക്കുകയാണ് യൂസുഫ് (അ) ചെയ്തത്.

  1. യഅ്ഖൂബ് കുടുംബത്തില്‍ ശരീഅത്ത് നിയമങ്ങൾ നടപ്പാക്കപ്പെട്ടിരുന്നു. എന്നിട്ടും ഒരു അനിസ്‌ലാമിക രാഷ്ട്രത്തിനു കീഴില്‍ അദ്ദേഹം എന്തിനു ജീവിച്ചു? കുടുംബങ്ങളിലേക്കും ഇസ്‌ലാമിക വിധികൾ നടപ്പാക്കപ്പെട്ടിരുന്ന നാട്ടിലേക്കും അദ്ദേഹം പലായനം ചെയ്തില്ല എന്നു മാത്രമല്ല ശേഷിക്കുന്ന കുടുംബത്തെ മൊത്തം ഈജിപ്തിലേക്ക് കൊണ്ടുവരികയാണ് ചെയ്തത് (ക്വുര്‍ആൻ 12:90,100) എന്നതും കൂട്ടിചേര്‍ത്തു വായിക്കുമ്പോൾ ഒരു അനിസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്നത് കൊണ്ടുമാത്രം ഒലിച്ചുപോകുന്നതല്ല ഒരു വിശ്വാസിയുടെ ഇസ്‌ലാമും ഈമാനും എന്നു മനസ്സിലാക്കാം.

മക്കയിലെ കൊടിയ പീഢനങ്ങള്‍ സഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകന്‍ ഒരു സംഘം അനുചരന്‍മാരെ നീതിമാനായ അബ്‌സീനിയൻ രാജാവ് നജ്ജാശിയുടെ നാട്ടിലേക്ക് അയച്ചു. പലായനം ചെയ്ത് പ്രവാചകാനുചരന്‍മാർ എത്തിച്ചേര്‍ന്നത് ഒരു ക്രിസ്ത്യൻ രാജ്യമായ അബ്‌സീനിയയിലേക്കാണ്; ഇസ്‌ലാമിക രാജ്യത്തേക്കല്ല. പക്ഷേ മറ്റു അനിസ്‌ലാമിക രാഷ്ട്രത്തിൽ നിന്നും വ്യത്യസ്തമായി ആ നാട്ടിലെ രാജാവ് മതസ്വാതന്ത്ര്യം പ്രവാചകാനുചരന്‍മാര്‍ക്ക് വകവെച്ചു നല്‍കി. നജ്ജാശി പിന്നീട് രഹസ്യമായി ഇസ്‌ലാം സ്വീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാജ്യം അനിസ്‌ലാമിക രാജ്യമായി തുടര്‍ന്നു. മതം ആചരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുള്ള ഒരു അനിസ്‌ലാമിക രാജ്യത്തിനുകീഴിൽ ഒരു വിശ്വാസിക്ക് സംതൃപ്തിയോടെ ജീവിക്കാമെന്നതിന് തെളിവാണ് ജഅ്ഫറി(റ)ന്റെ നേതൃത്വത്തിലുള്ള ഈ സംഘം. നജ്ജാശിക്ക് കീഴില്‍ ജീവിച്ച ഉമ്മു സലമ (റ) പറയുന്നതുകാണുക:

”അങ്ങനെ അദ്ദേഹത്തിന്റെ അടുക്കല്‍ ഉത്തമമായ വാസസ്ഥലത്തും അയല്‍പക്കത്തിലുമായി ഞങ്ങൾ താമസിച്ചു. അല്ലാഹുവാണേ, അദ്ദേഹത്തോട് (നജ്ജാശി) രാജാധികാരത്തിനായി എതിരിട്ട് ആരെങ്കിലും വന്നാല്‍ അതിനേക്കാൾ വലിയ ദുഃഖം ഒരിക്കലും ഞങ്ങള്‍ അറിഞ്ഞിട്ടില്ലയെന്ന് തോന്നുമായിരുന്നു. ആ (എതിരാളി) നജ്ജാശിയുടെ മേല്‍ വിജയം കൈവരിക്കുകയും നജ്ജാശി ഞങ്ങള്‍ക്ക് വകവെച്ചുതന്ന അവകാശങ്ങള്‍ അംഗീകരിച്ചു തരാത്ത ആരെങ്കിലും (ഭരണാധികാരിയായി) വന്നാലോ എന്ന ഭയത്താലായിരുന്നു ഞങ്ങളുടെ ദുഃഖം… അങ്ങനെ നജ്ജാശിക്ക് തന്റെ ശത്രുവിന്റെ മേലുള്ള വിജയത്തിനും, രാജ്യത്തെ അധികാരം സാധ്യമാകാനും അബ്‌സീനിയയുടെ ഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമാകാനുമായി ഞങ്ങൾ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കൽ ഏറ്റവും നല്ല അവസ്ഥയില്‍ ജീവിച്ചു; (ശേഷം) പ്രവാചകന്‍ മക്കയിലായിരിക്കെ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെല്ലുന്നതുവരെ.” (മുസ്‌നദ് അഹ്മദ്: 1740)

അബ്‌സീനിയയിൽ തങ്ങളുടെ അവകാശങ്ങൾ വകവെച്ചു തരുന്ന ഭരണം -അത് അനിസ്‌ലാമികമായിട്ടുകൂടിയും- നിലനില്‍ക്കാൻ വേണ്ടി പ്രവാചകാനുചരന്‍മാർ അല്ലാഹവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു!. മദീനയിലേക്കുള്ള പലായനത്തിനുമുമ്പാണല്ലോ അബ്‌സീനിയയിലേക്കുള്ള പലായനം. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായിട്ടും ജഅ്ഫറി(റ)ന്റെ നേതൃത്വത്തിലുള്ള ഈ സംഘം മദീനയിലേക്ക് ഉടന്‍ പോന്നില്ല എന്നതു ശ്രദ്ധിക്കുക.

ഹിജ്‌റ ഏഴിനു നടന്ന ഖൈബർ യുദ്ധത്തിനോട് ബന്ധപ്പെട്ട് മാത്രമായിരുന്നു ഈ സംഘം മദീനയിലെത്തുന്നത്. ചുരുങ്ങിയത് ഏഴു വര്‍ഷം -മദീനയില്‍ ഒരു ഇസ്‌ലാമിക വ്യവസ്ഥ നിലവിൽ വന്നിട്ടും- അബ്‌സീനിയയെന്ന അനിസ്‌ലാമിക രാഷ്ട്രത്തിൽ പ്രവാചകാനുചരന്‍മാർ ജീവിച്ചു, പ്രവാചകന്‍ അവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. (സിയറു അഅ്‌ലാമിന്നു ബലാഅ്)

ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനം ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയായിരുന്നെങ്കിൽ ഏഴു വര്‍ഷം കഴിവുണ്ടായിട്ടും ആ ബാധ്യത പ്രവാചകാനുചരന്‍മാർ വൈകിപ്പിക്കുമായിരുന്നോ?!

മുകളില്‍ വിവരിച്ച തെളിവുകളെല്ലാം സൂചിപ്പിക്കുന്നത് ഒരു അനിസ്‌ലാമിക രാഷ്ട്രത്തിൽ നിന്നും ഇസ്‌ലാമിക രാഷ്ട്രത്തിലേക്കുള്ള പലായനമല്ല ‘ഹിജ്‌റ’ എന്നാണ്. മറിച്ച് മതത്തിന്റെ നന്മക്കും മതസ്വാതന്ത്ര്യത്തിനുമായുള്ള പലായനമാണ് ഇസ്‌ലാമിലെ ഹിജ്‌റ. ‘സ്വന്തം മതത്തെ കുഴപ്പത്തിലാക്കുന്ന സാഹചര്യങ്ങൾ ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലാണ് സംജാതമാകുന്നതെങ്കിൽ ഇസ്‌ലാമിക രാഷ്ട്രത്തില്‍നിന്നും ഹിജ്‌റ ചെയ്യൽ നിര്‍ബന്ധമാണെന്നും’ പണ്ഡിതന്‍മാർ പറഞ്ഞിട്ടുണ്ട് എന്നത് ഓര്‍ക്കുക. (ഇബ്‌നുബാസിന്റെഫത്‌വ:  (https://binbaz.org.sa/fatwas)

ആവശ്യമായ സന്ദര്‍ഭങ്ങളിൽ ഇസ്‌ലാമിക രാഷ്ട്രത്തിൽ നിന്നും അനിസ്‌ലാമിക രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്നതും അനുവദനീയമാണ്. (ശൈഖ് ഉസൈമീന്റെ ഫത്‌വ സമാഹാരം: 6/131-132)

തീര്‍ത്ഥാടനമോ പലായനമോ മറ്റെന്ത് മഹാഉദ്യമത്തിനുവേണ്ടിയാണെങ്കിലും മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിയുള്ള ഒരു പര്യടനവും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ആധുനിക പണ്ഡിതരില്‍ പ്രമുഖനായ ശൈഖ് ഇബ്‌നു ബാസിനോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ”ഒരു മുസ്‌ലിം യുവാവ് ദൈവമാര്‍ഗത്തിൽ ജിഹാദിനായി (ധര്‍മസമരം) പോകാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മാതാവാകട്ടെ അത് സമ്മതിക്കുന്നുമില്ല. മാതാവിന്റെ കാര്യങ്ങള്‍ നോക്കി നടത്താൻ വേറെയും ആളുകളുണ്ടെങ്കിലും മകന്റെ കാര്യത്തില്‍ മാതാവിന് എപ്പോഴും ഭയമാണ്. ഈ അവസ്ഥയില്‍ എന്താണ് ഈ വ്യക്തി ചെയ്യേണ്ടത്?

അദ്ദേഹം മറുപടി നല്‍കി: മാതാവിനോട് നന്മ ചെയ്യുക എന്ന ജിഹാദ് ആകുന്നു അവന് ഉത്തമം. ജിഹാദിനായി അനുവാദം ചോദിച്ച പല അനുചരന്‍മാരോടും മാതാവിനെ വിടാതെ മുറുകെ പിടിക്കാനും അവരോട് നന്മ ചെയ്തു ബന്ധം ഊഷ്മളമാക്കുക എന്ന ‘ജിഹാദ്’  ചെയ്യാനാണ് പ്രവാചകന്‍ (സ) കല്‍പിച്ചത്…” (ഫതാവാ അല്‍ ജാമിഉല്‍ കബീര്‍)

ഏറ്റവും ശ്രേഷ്ഠമായ കര്‍മമെന്താണെന്ന് പ്രവാചകരോട് ഒരു അനുചരന്‍ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കല്‍. ശേഷമെന്തെന്ന് അനുചരന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: മാതാപിതാക്കളോട് നന്മ ചെയ്യല്‍. ശേഷം ഏതെന്ന് ചോദിച്ചപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്നു പ്രവാചകന്‍ (സ) അരുളി. ജിഹാദിനെക്കാള്‍ പുണ്യമുള്ള സല്‍കര്‍മമാണ് മാതാപിതാക്കളോട് നന്മ ചെയ്യുക എന്നത്. മാതാപിതാക്കളെ വിട്ടെറിഞ്ഞ് മറുനാടുകളിലേക്ക് അറിവിനോ, ജിഹാദിനോ, തീര്‍ത്ഥാടനത്തിനോ, പലായനത്തിനോ ഒന്നും പുറപ്പെടാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുമില്ല. ”ഞാന്‍ താങ്കളോടൊപ്പം ജിഹാദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. എന്റെ മാതാപിതാക്കള്‍ കരയുന്ന അവസ്ഥയിലാണ് ഞാന്‍ താങ്കളുടെ അടുത്തെത്തിയത് എന്നു പറഞ്ഞ അനുചരനോട് പ്രവാചകന്‍ പറഞ്ഞു: ‘അവരിലേക്ക് നീ മടങ്ങിപ്പോവുക. അവരെ കരയിച്ചതുപോലെ അവരെ ചിരിപ്പിക്കുകയും ചെയ്യുക.” (അഹ്മദ്: 2/160, അബൂദാവൂദ്: 3/38) മറ്റൊരു ശിഷ്യനോട് അദ്ദേഹം പറഞ്ഞു: ”അവരോടൊപ്പം (മാതാവിനോടൊപ്പം) നീ വിടാതെ കൂടുക. തീര്‍ച്ചയായും സ്വര്‍ഗം അവരുടെ കാലുകള്‍ക്ക് അടിയിലാകുന്നു.” (അഹ്മദ്: 3/429, നസാഈ: 6/11)

ഒരു വിശ്വാസി അവന്‍ അല്ലാഹുവിന്റെ ഭൂമിയിൽ എവിടെയായിരുന്നാലും സ്വര്‍ഗം അവന്റെ ചെരുപ്പിന്റെ വാറിനോളം അവനോടടുത്തു കിടക്കുന്നു. അതിന് അറേബ്യയിലെ പള്ളികളില്‍ ഭജനമിരുന്ന് ജീവിതം ത്യജിക്കേണ്ടതില്ല, യമനിലോ ദമ്മാജിലോ ഏകാന്ത ജീവിതം നയിക്കേണ്ടതില്ല, നാടും വീടും വിട്ട് പലായനം ചെയ്യേണ്ടതുമില്ല. സ്വന്തം മാതാപിതാക്കളോട് ഒപ്പം കൂടി അവരെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്താല്‍ മതിയെന്നു പറയുന്ന ഇസ്‌ലാമിന്റെ ഉദാത്തമായ പ്രമാണങ്ങൾ സിറിയയിലേക്കും ഇറാഖിലേക്കും യമനിലേക്കും ആളുകളെ കയറ്റുമതി ചെയ്യുന്നുവെന്ന് ആരോപിക്കൽ എത്രമാത്രം അനീതിയാണ്!

print

4 Comments

  • ഫർദ് കിഫായയെ കുറിച് താങ്കൾക് എന്താണ് പറയാനുള്ളത്. ചിലർ പറയുന്നു അവിടെ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല എന്ന. അത് ഇൽമിനെ മറച്ചു വെക്കലാണെന്. അത് ശെരിയാണോ.

    ahammed 04.04.2019
    • ഓരോ വ്യക്തിയുടെ മേലും നിർബന്ധമായ ബാധ്യതയെ ‘ ഫർളുൽ ഐൻ’ എന്നു പറയുന്നു.  മുസ്‌ലിംകളിലെ ഏതെങ്കിലും ഒരു സംഘം നിർവ്വഹിച്ചാൽ തന്നെ മുഴുവൻ മുസ്‌ലിംകളിൽ നിന്നും ബാധ്യത നീങ്ങുന്ന കാര്യങ്ങളാണ്   ‘ഫർളുൽ കിഫായ’. മാതാപിതാക്കളെ സംരക്ഷിക്കലും അവർക്ക്‌ നന്മ ചെയ്യലും ‘ഫർളുൽ ഐൻ’ ആകുന്നു അഥവാ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. യുദ്ധമാകട്ടെ അനിവാര്യഘട്ടത്തിൽ മാത്രമാണ്  ഇസ്‌ലാം അനുവദിക്കുന്നത്‌.  അതു തന്നെ ‘ഫർളുൽ കിഫായ’യുമാകാം ‘ഫർളുൽ ഐനു’മാകാം.  ‘ഫർളുൽ കിഫായ’യായ യുദ്ധത്തിനു പോലും മാതാപിതാക്കളുടെ സമ്മതം വേണം. കാരണം മാതാപിതാക്കളെ സംരക്ഷിക്കുക എന്ന ‘ഫർളുൽ ഐൻ’ ഉപേക്ഷിച്ച്‌ ‘ഫർളുൽ കിഫായ’ ചെയ്യാൻ പറ്റില്ലല്ലൊ.  ദഅ് വത്തിനു വേണ്ടി അല്ലെങ്കിൽ ക്വുർആൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി ഫർളുൽ ഐൻ ആയ നമസ്‌കാരം ഉപേക്ഷിക്കുന്നതു പോലെ വിഡ്ഢിത്തരമാണ് അത്‌.

      എന്നാൽ ഒരു ഇസ്‌ലാമിക രാഷ്ട്രത്തെ അനിസ്ലാമിക രാഷ്ട്രങ്ങൾ ആക്രമിക്കുകയും രാജ്യത്തിലെ പൗരന്മാർ തങ്ങളുടെ രാഷ്ട്രത്തെ പ്രതിരോതിക്കാൻ ബാധ്യസ്ഥരാവുകയും ചെയ്യുംബോൾ യുദ്ധം ‘ഫർളുൽ ഐൻ’ ആയി മാറും.  ഇത്തരം സന്ധർഭത്തിൽ മാത്രമാണ് മാതാപിതാക്കളുടെ സമ്മതമില്ലാതെ യുദ്ധത്തിനു പോകൽ അനുവധിക്കപെട്ടിട്ടുള്ളത്‌.

      ഇമാം മുനാവി തന്റെ ‘ ഫൈളുൽ കദീറി’ലും, സർക്കാനി ‘ ശർഹുൽ മുവത്ത്വ’യിലും , ഇമാം ശൗകാനി ‘നെയിലുൽ ഔത്താറി’ലും ഇക്കാര്യം അർത്ഥശങ്കക്കിടയില്ലാത്ത വിതം വ്യക്തമാക്കുന്നുണ്ട്‌.

      فِيهِ دَلِيلٌ عَلَى أَنَّهُ يَجِبُ اسْتِئْذَانُ الْأَبَوَيْنِ فِي الْجِهَادِ، وَبِذَلِكَ قَالَ الْجُمْهُور، وَجَزَمُوا بِتَحْرِيمِ الْجِهَادِ إذَا مَنَعَ مِنْهُ الْأَبَوَانِ، أَوْ أَحَدُهُمَا، لِأَنَّ بِرَّهُمَا فَرْضُ عَيْنٍ، وَالْجِهَادُ فَرْضُ كِفَايَةٍ، فَإِذَا تَعَيَّنَ الْجِهَادُ فَلَا إذْنَ.

      ഇന്ത്യൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നേ ഇല്ല.

      Mishal Salem 06.04.2019
  • മൂന്ന് പള്ളിയിലേക്കല്ലാതെ പുണ്യത്തിന് വേണ്ടി പോകാന്‍ പാടില്ലാന്ന് പറഞ്ഞു,മസ്ജിദുല്‍ ഖുബായിലേക്ക് ഉംറയുടെ പുണ്യം കിട്ടുന്ന രണ്ട് റകഅത്തിനും പോകാന്‍ പാടില്ലേ

    SAifar 06.04.2019
    • وقال شيخ الإسلام ابن تيمية رحمه الله في مجموع الفتاوى 27/21: (لا يجب بالنذر السفر إلى غير المساجد الثلاثة لأنه ليس بطاعة لقول النبي: “لا تشد الرحال إلا إلى ثلاثة مساجد.” فمنع من السفر إلى مسجد غير المساجد الثلاثة فغير المساجد أولى بالمنع؛ لأن العبادة في المساجد أفضل منها في غير المساجد وغير البيوت بلا ريب، ولأنه قد ثبت في الصحيح عنه أنه قال: 
      “أحب البقاع إلى الله المساجد.” مع أن قوله: “لا تشد الرحال إلا إلى ثلاثة مساجد.” يتناول المنع من السفر إلى كل بقعة مقصودة بخلاف السفر للتجارة وطلب العلم ونحو ذلك فإن السفر لطلب تلك الحاجة حيث كانت، وكذلك السفر لزيارة الأخ في الله فإنه هو المقصود حيث كان. 
      وقد ذكر بعض المتأخرين من العلماء أنه لا بأس بالسفر إلى المشاهد واحتجوا :”بأن النبي صلى الله عليه وسلم كان يأتي قباء كل سبت راكباً وماشياً.” أخرجاه في الصحيحين ولا حجة لهم فيه لأن قباء ليست مشهدا بل مسجد، وهي منهي عن السفر إليها باتفاق الأئمة لأن ذلك ليس بسفر مشروع، بل لو سافر إلى قباء من دويرة أهله لم يجز، ولكن لو سافر إلى المسجد النبوي ثم ذهب منه إلى قباء فهذا يستحب، كما تستحب زيارة قبور أهل البقيع وشهداء أحد.)

      പുണ്ണ്യം പ്രതീക്ഷിചുള്ള തീർത്ഥയാത്ര മൂന്നു പള്ളികളിലേക്കെ ഉള്ളു. എന്നാൽ ഒരാൾ മസ്‌ജിദുന്നബവിയിലേക്ക്‌ തീർത്ഥയാത്ര നടത്തിയാൽ കൂട്ടത്തിൽ കുബാ പള്ളിയിലെ നിസ്കാരത്തിന്റെ കൂലി കിട്ടാൻ വെണ്ടി പോയി നമസ്കരിച്ചാൽ അത്‌ സ്വീകാര്യമാകുന്നു. അല്ലെങ്കിൽ നാട്ടുകാരനായ ഒരാൾ വീട്ടിൽ നിന്നും കുബാ പള്ളിയിൽ പോയി നമസ്കരിച്ചാൽ അതും പ്രതിഫലാർഹമാകുന്നു. അതല്ലാതെ കുബാ പള്ളിയിലേക്ക്‌ ഒരു തീർത്ഥയാത്ര ചെയ്യാൻ വകുപ്പില്ല. തീർത്ഥയാത്രയും നിസ്കാരത്തിനു പുണ്യം ലഭിക്കാൻ പള്ളിയിൽ പോകലും രണ്ടും രണ്ടാകുന്നു. ജമാഅത്ത്‌ നമസ്കാരത്തിന്റെ പ്രതിഫലം കിട്ടാൻ പള്ളിയിൽ പോകുന്നതിനെ തീത്ഥയാത്ര എന്ന് ആരും പറയാറില്ലല്ലൊ… എന്നൊക്കെ യാകുന്നു ശൈഖുൽ ഇസ്‌ലാം ഇബ്‌നു തീമിയ പറയുന്നത്‌… والله أعلم

      Mishal Salem 06.04.2019

Leave a Reply to ahammed Cancel Comment

Your email address will not be published.