മദീന കരഞ്ഞപ്പോൾ…

//മദീന കരഞ്ഞപ്പോൾ…
//മദീന കരഞ്ഞപ്പോൾ…
ആനുകാലികം

മദീന കരഞ്ഞപ്പോൾ…

തൊരു സഫർ മാസം അവസാനം ആയിരുന്നു. പ്രവാചകനെ(സ) രോഗം ബാധിച്ചു തുടങ്ങി. മൈമൂന(റ)യുടെ വീട്ടിൽ വെച്ച് രോഗം മൂർച്ഛിച്ചു. റസൂൽ (സ) തന്റെ പ്രിയ പത്നിമാരെയെല്ലാം വിളിച്ചു കൂട്ടി, രോഗത്തിന്റെ നാളുകളിൽ ആയിഷാ ബീവിയുടെ വീട്ടിൽ നിൽക്കാൻ അനുവാദം ചോദിച്ചു. അവരുടെ സന്തോഷപൂർവമായ സമ്മതത്തിനൊടുവിൽ, അലി(റ) യുടെയും ഫദ്ൽബിന് അബ്ബാസിൻറെയും(റ) തോളിൽ കയ്യിട്ട് കൊണ്ട് ആയിഷാബീവിയുടെ വീട്ടിലേക്ക് നീങ്ങി. ആ പോക്കിൽ തിരുപാദങ്ങൾ നിലത്തുകൂടെ ഇഴയുന്നുണ്ടായിരുന്നു.

രോഗം തിരുശരീരമാകെ പടരുകയാണ്. അതിനിടയിലും തന്റെ കയ്യിൽ സമ്പത്ത് അവശേഷിക്കുന്നതിനെ റസൂൽ (സ) വെറുത്തിരുന്നു. കയ്യിലുണ്ടായിരുന്ന ആറോ ഏഴോ ദീനാർ ദാനം ചെയ്യാൻ ആയിഷാ ബീവിയോട് കല്പിച്ചു. അലമാരയിൽ കുറച്ചു ഗോതമ്പ് ഒഴികെ ബാക്കിയൊന്നും അവശേഷിക്കാത്തത് വരെ ആ ദാനം തുടർന്നു…

വേദന അധികരിക്കുകയാണ്. അതിന്റെ കഠിന്യത്തിലും ചുറ്റും നിൽക്കുന്നവരോട് അവിടുന്ന് അന്വേഷിച്ചു.

‘ജനങ്ങൾ നമസ്കരിച്ചോ?’

അവർ പറഞ്ഞു; ‘ഇല്ല, അവർ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയാണ്’

ഒരു ചരുവം വെള്ളം കൊണ്ടുവരാൻ തിരുമേനി (സ) ആവശ്യപ്പെട്ടു. അവിടുന്ന് അതിൽ കുളിച്ചു. തുടർന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും ബോധക്ഷയമുണ്ടായി. കുറച്ചു കഴിഞ്ഞു ബോധം വീണപ്പോൾ അവിടുന്ന് വീണ്ടും ജനങ്ങൾ നമസ്കരിച്ചോ എന്നു ചോദിച്ചു. വീണ്ടും അവർ അതേ മറുപടി പറഞ്ഞു. പ്രവാചകൻ എഴുന്നേറ്റു ഇശാ നമസ്കാരത്തിനായി തന്നെ പ്രതീക്ഷിച്ചിരിക്കുന്ന സ്വഹാബികളുടെ അടുത്തേക്ക് മെല്ലെ നടന്നു. അബൂക്കറിനെ (റ) നോക്കി ഇമാം നിൽക്കാൻ ആവശ്യപ്പെട്ടു. അബൂബക്കറിന് അത് സാധിക്കുമായിരുന്നില്ല. അദ്ദേഹം ഉമറിനെ നോക്കി. തന്നെക്കാൾ യോഗ്യൻ താങ്കൾ തന്നെയാണ് എന്നായിരുന്നു ഉമറിന്റെ മറുപടി.

അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഫജർ നമസ്കരിക്കുന്ന തന്റെ അനുയായീവൃന്ദത്തെ വിരിപ്പ് നീക്കി കൺകുളിർക്കെ ഒരുപാട്നേരം നോക്കിയിരുന്നു റസൂൽ. ശേഷം കിടക്കയിലേക്ക്‌തന്നെ. അവസാന നാളുകളിൽ ജനങ്ങളെ ഖബറാരാധനയുടെ ഗൗരവം ബോധ്യപ്പെടുത്തി. സ്വന്തം നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കിയ ജനതയെ അല്ലാഹു ശപിക്കട്ടെ എന്ന് അരുളി. ശിർക്കിന്റെ ഗൗരവത്തെക്കുറിച്ചു മുസ്‌ലിംകളെ ഉണർത്തുവാനാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്…

തിരുശിരസ്സ് ആയിഷാബീവിയുടെ മടിയിലാണ്. മിസ് വാക്ക് ചെയ്ത ശേഷം അത് തിരിച്ചു കൊടുക്കാൻ പോലും ആവതില്ലാതെ പ്രവാചകന്റെ ശരീരം മുഴുവൻ രോഗം ബാധിച്ചിരുന്നു. മുന്നിലുള്ള പാത്രത്തിലെ വെള്ളം കൊണ്ട് അവിടുന്ന് മുഖം തടവി. തുടർന്ന് പറഞ്ഞു;

‘ലാ ഇലാഹ ഇല്ലല്ലാഹ്! തീർച്ചയായും മരണത്തിന്റെ വെപ്രാളം സത്യം തന്നെ!!’

ശേഷം വലതുവിരൽ മുകളിലേക്ക് ഉയർത്തി അരുളി;

‘ഫിൽ റഫീഖിൽ അഅ്ലാ…’ (സമുന്നത കൂട്ടുകാരന്നരികിൽ…) അവസാനശ്വാസം വരെ അത് തുടർന്ന് കൊണ്ടിരുന്നു. ഒടുക്കം തിരുദൂതരുടെ കൈ ഒരു ഭാഗത്തേക്ക് ചരിഞ്ഞു.

വിയോഗവാർത്തയറിഞ്ഞ സ്വഹാബികൾക്ക് അത് താങ്ങാൻ ആയില്ല. അവരുടെ നെഞ്ചിലേക്ക് ഒരിടിത്തീ പോലെ അത് വന്നു പതിച്ചു. തന്നോട് പ്രവാചകന്റെ മരണവാർത്ത അറിയിച്ച സ്വഹാബിയെ ഉമർ (റ) വിമർശിച്ചു. എന്റെ പ്രവാചകൻ മരിച്ചിട്ടില്ല. ഉമറിന് അതൊരിക്കലും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹം അത് ജനങ്ങളോട് പറഞ്ഞു കൊണ്ടേ ഇരുന്നു. അവർക്കിടയിലൂടെ അബൂബക്കർ (റ) നടന്നു ആയിഷാ ബീവിയുടെ വീട്ടിലേക്ക് കയറി. മുഖത്ത് നിന്ന് തുണിമാറ്റി ആ തിരുനെറ്റിയിൽ ഒരു ചുംബനം നൽകി. ശേഷം ഇറങ്ങിവന്ന് ജനങ്ങളോടായി പറഞ്ഞു;

‘ജനങ്ങളെ, ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിച്ചിട്ടുണ്ടെങ്കിൽ മുഹമ്മദ് നബി ഇതാ മരിച്ചു പോയിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചത് എങ്കിൽ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവൻ ഒരിക്കലും മരിക്കുന്നവനല്ല’

ശേഷം അദ്ദേഹം ഈ ഖുർആൻ ആയത്ത് പാരായണം ചെയ്തു;

‘മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌.’ (വിശുദ്ധ ഖുർആൻ 3:144)

ജനങ്ങൾ അതേറ്റു ചൊല്ലി. അവർ അത് പാരായണം ചെയ്തു കൊണ്ടേ ഇരുന്നു. ഉമർ (റ) സ്തബ്ധനായി. അദ്ദേഹത്തിന്റെ കാലുകൾ വിറച്ചു. അദ്ദേഹം ഭൂമിയിലേക്ക് മറിഞ്ഞു വീണു. തന്റെ പുണ്യ റസൂൽ (സ) ഈ ഭൂമിയിൽ നിന്ന് വിടവാങ്ങി എന്ന് ഉമർ (റ) തിരിച്ചറിയുകയായിരുന്നു.

മദീന മുഴുവൻ ദുഖത്തിലാണ്ടു. സ്വരമാധുര്യത്താൽ കേളികേട്ട ബിലാലിന് (റ) ബാങ്ക് വിളിക്കിടയിൽ കണ്ഠമിടറി. അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കണ്ടുനിന്ന ജനങ്ങൾ മുഴുവൻ കരയാൻ തുടങ്ങി. അവർക്ക് നഷ്ടപ്പെട്ടത് മാതാപിതാക്കളേക്കാൾ മക്കളേക്കാൾ സ്വന്തത്തേക്കാൾ തങ്ങൾ സ്നേഹിച്ച മുത്തുനബിയെയായിരുന്നല്ലോ. അതിൽ ബാക്കിയെല്ലാ ദുഖങ്ങളും എത്ര നിസ്സാരം.

പ്രവാചകന്റെ ഖബറടക്കം കഴിഞ്ഞു വന്ന അനസിനോട്(റ) പ്രവാചകപുത്രി ഫാത്തിമ (റ) ചോദിച്ചു; ‘അനസേ, ആ പരിശുദ്ധ ശരീരത്തിൽ മണ്ണിടാൻ നിങ്ങളുടെ മനസ്സനുവദിച്ചോ?’

പക്ഷേ പ്രവാചകനുമായുള്ള ബന്ധം അവരെ അതിൽ നിന്ന് തടഞ്ഞില്ല. മോശമായ വിലാപമോ അച്ചടക്കമില്ലാത്ത കൂട്ടക്കരച്ചിലുകളോ അവരിൽ നിന്നുയർന്നില്ല. തങ്ങളുടെ പ്രിയ പ്രവാചകൻ കൂടെയുള്ള 23 വർഷങ്ങൾ കൊണ്ട് അവർ മരണമെന്തെന്നും ജീവിതമെന്തെന്നും ശരിക്കും പഠിച്ചിരുന്നു. തിന്മകളുടെ കാണാക്കയങ്ങളിൽ നിന്ന് നന്മയുടെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയതിന് ശേഷമാണല്ലോ അവരുടെ പ്രവാചകൻ അവരെ വിട്ടു പിരിഞ്ഞത്..!

‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.’ (വിശുദ്ധ ഖുർആൻ 33:21)

print

1 Comment

  • Good

    Anshif 01.11.2020

Leave a comment

Your email address will not be published.