മതസ്വാതന്ത്ര്യവും പൂത്തുലയട്ടെ

//മതസ്വാതന്ത്ര്യവും പൂത്തുലയട്ടെ
//മതസ്വാതന്ത്ര്യവും പൂത്തുലയട്ടെ
ആനുകാലികം

മതസ്വാതന്ത്ര്യവും പൂത്തുലയട്ടെ

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ സ്‌മരണ പുതുക്കി നാം ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയെപ്പോലുള്ള സമരനായകർ ഏറെ ത്യാഗങ്ങൾ സഹിച്ച് നേടിത്തന്ന സ്വാതന്ത്ര്യം നാം ഇന്ന് അനുഭവിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി സ്വാതന്ത്രഭാരതത്തെ നമുക്കായി സമ്മാനിച്ച ആ മഹാവ്യക്തിത്വങ്ങൾ പകർന്നു നൽകിയ “നാനാത്വത്തിൽ ഏകത്വം” എന്ന സന്ദേശത്തെ പ്രയോഗവൽക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ ഭാരതീയന്റെയും കർത്തവ്യമാണ്. വിവിധ സംസ്‌കാരങ്ങൾ, വിവിധ ഭാഷകൾ, വിവിധ മതങ്ങൾ… ഇങ്ങനെ നിരവധി വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ. ഈ വൈവിധ്യങ്ങൾക്കെല്ലാമതീതമായി നാമെല്ലാം ഒന്നാണ് – നാമെല്ലാം ഭാരതീയരാണ് – എന്ന സാഹോദര്യബോധം ഓരോ ഇന്ത്യക്കാരനിലും സൃഷ്ടിച്ചെടുക്കുവാൻ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾക്ക് സാധിച്ചു. ഭഗവത് ഗീതയ്ക്ക് വ്യാഖ്യാനമെഴുതിയ മഹാത്മാ ഗാന്ധിയും ഖുർആനിന് വ്യാഖ്യാനമെഴുതിയ മൗലാനാ അബുൽ കലാം ആസാദും തോളോടു തോൾ ചേർന്ന് പടുത്തുയർത്തിയ സ്വതന്ത്ര ഭാരതത്തിന്റെ മഹത്തായ പൈതൃകത്തെ കാത്തുസൂക്ഷിക്കേണ്ടത് ഇന്ത്യൻ പൗരന്മാരായ നാമോരോരുത്തരുമാണ്.

നമ്മുടെ രാഷ്‌ട്രത്തിന്റെ ആധാരശിലയാണ് മതേതരത്വം. വിവിധ മതവിശ്വാസികൾ ഇന്ത്യയിലുണ്ട്. ഭാരതത്തിന് ഒരു ഔദ്യോഗിക മതം ഇല്ല. വിവിധ മതവിശ്വാസികൾ സഹോദര്യത്തോടെ ജീവിക്കുന്നതിലാണ് ഭാരതീയരായ നമ്മുടെ വിജയം. നമ്മുടെ ഭരണഘടനയുടെ ഒരു സുപ്രധാന ഘടകമാണ് മതേതരത്വം. ഭരണഘടനയുടെ ആമുഖം തന്നെ ഇക്കാര്യം സാക്ഷീകരിക്കുന്നുണ്ട്. ഇഷ്‌ടമുള്ള മതത്തിൽ അല്ലെങ്കിൽ മതങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. അതുപോലെത്തന്നെ തങ്ങളുടെ മതവിശ്വാസം സമാധാനപരമായ രീതിയിൽ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന നമുക്ക് ഉറപ്പു നൽകുന്നു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള അനുഛേദങ്ങൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. മതപരമായ വിവേചനങ്ങൾ പാടില്ലെന്നും ഭരണഘടന അനുശാസിക്കുന്നു.

മത തത്ത്വങ്ങൾ ആരോഗ്യകരമായ രീതിയിൽ പരസ്‌പരം പങ്കുവയ്‌ക്കുവാനും അതുവഴി സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുവാനുമാണ് മത പണ്ഡിതരും പ്രബോധകരുമെല്ലാം പരിശ്രമിക്കേണ്ടത്. മതപ്രബോധനത്തെക്കുറിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്‌ എന്താണെന്ന് പൊതുസമൂഹത്തിന് വിശദീകരിച്ചുകൊടുക്കേണ്ടത് ഇസ്‌ലാമിക പ്രബോധകരുടെ ബാധ്യതയാണ്. തീർത്തും സമാധാനപരമായ പ്രബോധനമാർഗമാണ് ഇസ്‌ലാമിന്റേതെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ കടന്നുപോയാൽ നമുക്ക് മനസിലാകും. ഖുർആൻ വ്യക്തമാക്കുന്നത് കാണുക: “യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക…”(16:125). ഇസ്‌ലാമിന്റെ സന്ദേശം സമാധാനപരമായ രീതിയിൽ ജനങ്ങളിലേക്കെത്തിക്കുകയെന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയായി ഇസ്‌ലാം കാണുന്നു. കൃത്യമായ ബോധ്യത്തിന്റെയടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതാണിസ്‌ലാം. അതിനാൽ നിർബന്ധിത മതപരിവർത്തനമെന്നത് ഇസ്‌ലാം ഒരു വിധത്തിലും അംഗീകരിക്കുന്നില്ല. ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം എന്ന് പറയാം. സ്രഷ്ടാവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയെന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റമുണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ഖുര്‍ആനിന്റെ വീക്ഷണം. മതത്തില്‍ നിര്‍ബന്ധിച്ച് ആളെ ചേര്‍ക്കുന്നതിന് ഖുര്‍ആന്‍ ആരോടും ആവശ്യപ്പെടുന്നില്ലെന്നു മാത്രമല്ല, നിര്‍ബന്ധ മതപരിവര്‍ത്തനം ശരിയല്ലെന്ന നിലപാട് അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു: “മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ഖുർആൻ 2: 256)

‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത് പ്രവാചകന്റെ മദീനാ ജീവിത കാലഘട്ടത്തിലായിരുന്നു. അഥവാ മുസ്‌ലിം സമൂഹം മദീനയിൽ ഒരു ഇസ്‌ലാമിക ഭരണം സ്ഥാപിച്ചതിനു ശേഷമാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നർത്ഥം. അതിനൊരു പ്രത്യേക പശ്ചാത്തലവുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിച്ച മദീനാ നിവാസികളായ ചിലർക്ക് ജൂത, ക്രൈസ്തവ മതങ്ങൾ സ്വീകരിച്ചിരുന്ന മക്കളുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്ന പിതാക്കന്മാർ മക്കളെ അവരുടെ മതം ഉപേക്ഷിക്കുവാനും ഇസ്‌ലാം സ്വീകരിക്കുവാനും നിർബന്ധിക്കുകയുണ്ടായി. ആ അവസരത്തിലാണ് ‘മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല’ എന്ന ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത്. മുൻഗാമികളും പിൻഗാമികളുമായ നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ ഉദ്ധരിച്ച പ്രസ്തുത പശ്ചാത്തലം, ഇസ്‌ലാം ഒരിക്കലും നിർബന്ധിത മതപരിവർത്തനത്തെ അനുവദിച്ചിട്ടില്ലെന്നതിന്റെ ചരിത്രരേഖകളിൽ പെട്ടതാണ്. അതിനാലാണ് പ്രാമാണിക ഖുർആൻ വ്യാഖ്യാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇബ്നു കഥീർ (റ) തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയത്: “അതായത്, ഇസ്‌ലാം മതത്തിൽ പ്രവേശിക്കുവാൻ നിങ്ങൾ ആരെയും നിർബന്ധിക്കരുത്. കാരണം അതിന്റെ ലക്ഷ്യങ്ങളും തെളിവുകളും വ്യക്തമാണ്. അതിൽ പ്രവേശിക്കുവാൻ നിർബന്ധിക്കേണ്ട ആവശ്യമില്ല. എന്നാൽ അല്ലാഹു ആരെയെങ്കിലും ഇസ്‌ലാമിലേക്ക് വഴിചേർക്കുകയും അവന്റെ ഹൃദയത്തിനു വികാസം നൽകുകയും അവന്റെ അന്തർദൃഷ്ടിക്ക് പ്രകാശം നൽകുകയും ചെയ്യുന്ന പക്ഷം അവൻ അതിൽ വ്യക്തമായ തെളിവോടെത്തന്നെ പ്രവേശിച്ചുകൊള്ളും. ആരുടെ അന്തർദൃഷ്ടിക്ക് അല്ലാഹു അന്ധത നൽകുകയും അവന്റെ കേൾവിക്കും കാഴ്ചക്കും മുദ്ര വെക്കുകയും ചെയ്തുവോ അവൻ നിർബന്ധത്തിനും ബലാൽക്കാരത്തിനും വിധേയനായിക്കൊണ്ട് മതത്തിൽ പ്രവേശിക്കുന്നതിൽ അവന് പ്രയോജനമില്ല.” പ്രബോധനരംഗത്ത് നിര്‍ബന്ധത്തിന്റെ ഒരു ചെറു ലാഞ്ചന പോലും കടന്നുവരാന്‍ പാടില്ലെന്നത് ഇസ്‌ലാമിന്റെ കണിശമായ താല്‍പര്യമാണ്. ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വമെന്ന ആശയത്തിന് ഇസ്‌ലാമിക പ്രബോധനം അൽപംപോലും അപകടം ചെയ്യുന്നില്ലെന്നർത്ഥം.

വിവിധ മതവിശ്വാസികൾ തമ്മിലെ സാഹോദര്യവും മതേതര ഇന്ത്യയിൽ നിലനിൽക്കേണ്ട സുപ്രധാനമായ മൂല്യങ്ങളിൽ പെട്ടതാണ്. ഗാന്ധിജിയും മൗലാനാ ആസാദുമെല്ലാം ഇന്ത്യയിലെ ഹിന്ദു-മുസലിം ഐക്യം ശക്തിപ്പെടുത്തുന്നതിന് അഹോരാത്രം പണിയെടുത്ത മഹത് വ്യക്തിത്വങ്ങളാണ്. ഭാരതമണ്ണിലെ ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന് പ്രവാചക കാലഘട്ടത്തോളം പഴക്കമുള്ളതായി കാണാം. പ്രവാചക കാലഘട്ടത്തിൽ തന്നെ മലബാർ മേഖലയിലേക്ക് ഇസ്‌ലാം എത്തിയിരിക്കണമെന്നാണ് ചരിത്രകാരന്മാരുടെ പൊതുവായ നിഗമനം. ഇസ്‌ലാമികപ്രബോധനത്തിനായി ഇവിടേക്ക് വന്ന മാലിക് ഇബ്‌നു ദീനാറിനും സംഘത്തിനും നല്ല സ്വീകരണമാണ് ഇവിടത്തെ ഹൈന്ദവ ജനത നൽകിയതെന്നും രാജകീയ സംരക്ഷണത്തോടെയാണ് ഇവിടെ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നുമാണ് കരുതപ്പെടുന്നത്. ഇന്നത്തെ കാലത്ത് മത പ്രമാണങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് വിദ്വേഷങ്ങൾ സൃഷ്‌ടിക്കുന്നതിനായി ചിലർ നടത്തുന്ന ശ്രമങ്ങളെ മത പ്രമാണങ്ങളുടെ ശരിയായ വായന സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട് തന്നെ നാം നേരിടേണ്ടതുണ്ട്.

മത കാര്യത്തിൽ മുസ്‌ലിംകളോട് യുദ്ധം ചെയ്യുകയോ മുസ്‌ലിംകളെ അവരുടെ സ്വഭവനങ്ങളിൽനിന്ന് ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്ത എല്ലാ അമുസ്‌ലിംകൾക്കും നന്മ ചെയ്യണമെന്നും അവരോട് നീതി പാലിക്കണമെന്നും ഖുർആൻ മുസ്‌ലിംകളെ പഠിപ്പിക്കുന്നു. “മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (ഖുർആൻ 60:8). ഇസ്‌ലാമിക ജീവിതം നയിക്കുന്നതിന്റെ പേരിൽ മുസ്‌ലിംകളെ ദ്രോഹിക്കാത്തവർക്ക് നന്മ ചെയ്യുന്നതും അവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല എന്ന് പ്രതിപാദിച്ച ശേഷം ഖുർആൻ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു -“തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” ഇത്തരം അമുസ്‌ലിം സഹോദരന്മാരോടെല്ലാം നീതിയോടെ വർത്തിക്കുന്നതാണ് അല്ലാഹുവിനിഷ്ടം എന്നർത്ഥം. അവർക്ക് നന്മ ചെയ്യുന്നതും അവർക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കവാടങ്ങൾ തുറന്നുകൊടുക്കുന്നതുമെല്ലാം ഈ നീതിയുടെ ഭാഗമാണ്. മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കാരുണ്യം ചൊരിയണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മുഹമ്മദ് നബിﷺ പറയുന്നത് കാണുക: “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവൻ (അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും.” (ത്വബ്റാനി). അയൽവാസിയെ പരിഗണിക്കുന്നതിനെക്കുറിച്ച് ധാരാളം നബിവചനങ്ങളുണ്ട്. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷിക്കുന്നവൻ സത്യവിശ്വാസിയല്ല” എന്നാണ് നബിﷺ പറഞ്ഞത് (ത്വബ്റാനി). അയൽവാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകൻﷺ പഠിപ്പിച്ചത്. അമുസ്‌ലിംകളുമായി സൗഹൃദം പുലർത്തുവാൻ ഇസ്‌ലാം മുസ്‌ലിമിനെ അനുവദിക്കുന്നു. ആ സൗഹൃദം വളരെ ആഴത്തിലുമാകാവുന്നതാണ്. എത്രത്തോളമെന്നാൽ, തന്റെ ഒരമുസ്‌ലിം സുഹൃത്തിന് ഒരപകടം സംഭവിച്ചാൽ അതിൽനിന്നവനെ രക്ഷപ്പെടുത്തുന്നതിനായി തന്റെ ജീവൻ ബലിയർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ അതിനുവരെ ഒരു മുസ്‌ലിം സന്നദ്ധമാകുന്ന അവസ്ഥവരെ ആ സൗഹൃദം നീണ്ടുപോകാം. എന്നാൽ, ഏകദൈകവിശ്വാസത്തിനു കളങ്കമേൽപ്പിക്കുന്ന യാതൊരു പ്രവർത്തനത്തിലും ആരുമായും സഹകരിക്കരുതെന്നാണ് ഇസ്‌ലാം മുസ്‌ലിമിനെ ഉണർത്തുന്നത്. സൃഷ്ടിപൂജയുടെ എല്ലാ തലങ്ങളിൽ നിന്നും മുസ്‌ലിം വിട്ടുനിൽക്കേണ്ടതാണ്. വൈയക്തികമോ ഗോത്രപരമോ വർഗീയമോ ആയ വിട്ടുനിൽക്കലല്ല അത്. ഏകദൈവവിശ്വാസത്തിന്റെ പരിരക്ഷയിൽ ഇസ്‌ലാം പുലർത്തുന്ന നിഷ്‌കർഷയാണത്.

മനുഷ്യർ തമ്മിൽ നിരവധി വ്യതിരിക്തതകളുണ്ടെന്നത് ഒരു വസ്തുതയാണ്. അവരുടെ തൊലിയുടെ നിറം വ്യത്യസ്തമായിരിക്കാം, അവർ സംസാരിക്കുന്ന ഭാഷകൾ വ്യത്യസ്തമായിരിക്കാം, അവരുടെ രാജ്യങ്ങൾ വ്യത്യസ്തമായിരിക്കാം, അവരുടെ മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം…എന്നാൽ ഈ വ്യൈജാത്യങ്ങൾക്കെല്ലാമതീതമായി മനുഷ്യർക്കിടയിൽ ഒരിക്കലും വേർപ്പെടുത്താനാവാത്ത സാഹോദര്യബോധം സൃഷ്ടിക്കുവാൻ പര്യാപ്തമാണ് മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെന്ന ഇസ്‌ലാമികാധ്യാപനം. ഖുർആൻ പറയുന്നത് കാണുക: “ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 49:13). മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ജനങ്ങളേ, അറിഞ്ഞുകൊള്ളുക: നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന്ന് കറുത്തവനെക്കാളോ കറുത്തവന്ന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിങ്കൽ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രെ.” (ബൈഹഖി)

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന് മതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു തന്നെ ഭാരതത്തിലെ വിവിധ മതവിശ്വാസികൾ തമ്മിലെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനായി ഏറെ പ്രയത്നിക്കുവാനും ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ചരിത്രത്തിന്റെ താളുകളിൽ തിളങ്ങിനിൽക്കുന്ന സന്ദേശങ്ങൾ ഭാരതീയ ജനതയ്‌ക്ക്‌ പകർന്നു നൽകുവാനും സാധിച്ചു. ഇസ്‌ലാമിക തത്ത്വങ്ങളുടെ പ്രയോഗവൽക്കരണം വഴിയാണ് അദ്ദേഹത്തിനിത് സാധിച്ചത്. എവിടെയും ഏവർക്കും സ്‌നേഹവും സമാധാനവും ലക്ഷ്യമിടുന്ന ഇസ്‌ലാം വെറുപ്പും വിദ്വേഷവും പഠിപ്പിക്കുന്നില്ല. ഭീകരതയും വർഗീയതയുമെല്ലാം ഇസ്‌ലാമിന് തീർത്തും അന്യമാണ്. മതമൂല്യങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിച്ചുകൊണ്ടും മതപ്രബോധനം നിർവഹിച്ചുകൊണ്ടും തന്നെ മതേതര ഇന്ത്യയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ മുസ്‌ലിമിന് സാധിക്കും. മതത്തിന്റെ പേരിൽ വിഭാഗീയതകൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കുള്ള ഏറ്റവും നല്ല മറുപടി മതം അനുശാസിക്കുന്ന ജീവിതരീതിയും യാഥാർത്ഥരൂപത്തിലുള്ള മത പ്രബോധനവും തന്നെയാണ്. “ഭഗവത് ഗീതയെ വിശ്വാസ പ്രമാണമായി സ്വീകരിച്ച മഹാത്മാഗാന്ധിയും മതരഹിതനായി ജീവിച്ച ജവഹർലാൽ നെഹ്‌റുവും ഖുർആനിനെ വിശ്വാസ പ്രമാണമായി സ്വീകരിച്ച മൗലാനാ ആസാദുമെല്ലാം തോളോടുതോൾ ചേർന്ന് പരസ്പരവിദ്വേഷമില്ലാതെ ഐക്യത്തിന്റെ പാതയിൽ ഭാരത ജനതയെ നയിച്ചുവെങ്കിൽ, നമുക്കും ആ ഐക്യത്തിന്റെ പാതയിൽ മുന്നേറാൻ സാധിക്കും” എന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം..

print

No comments yet.

Leave a comment

Your email address will not be published.