തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -1

മതപരിത്യാഗിയും വധശിക്ഷയും -1

ബൂ സഈദ് അല്‍ഖുദ്‌രി (റ) നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ‘ഇഹലോകം മധുര ഹരിതമാണ്. അവിടെ അല്ലാഹു നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു; നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കുന്നതിനായി.’ (സ്വഹീഹു മുസ്‌ലിം)

ഇസ്‌ലാമിലെ ജീവിത സങ്കല്‍പ്പമാണ് പ്രവാചകന്റെ(സ) ഈ ഹദീസിലൂടെ നാം മനസ്സിലാക്കുന്നത്. മനുഷ്യരില്‍ ആരാണ് ദൈവകല്‍പ്പന അനുസരിച്ച് ജീവിക്കുന്നത് എന്നും, ആരാണ് സത്യത്തെ നിഷേധിക്കുകയും സന്മാര്‍ഗം കയ്യൊഴിയുകയും ചെയ്യുന്നത് എന്നും പരീക്ഷിക്കുന്ന കേവല പരീക്ഷണാലയമാണ് ഇഹലോകം. പ്രതിഫലവേദിയായി ഇസ്‌ലാം പരിചയപ്പെടുത്തുന്നത് ‘പരലോകത്തെ’യാണ്. ഇഹലോകത്ത് ആര്‍ക്ക് ഏത് ജീവിത മാര്‍ഗവും തിരഞ്ഞെടുക്കാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നു. വിശ്വാസത്തിന്റെയും നന്മയുടേയും പാന്ഥാവ് തെരഞ്ഞെടുത്തവന് പരലോകത്ത് സ്വര്‍ഗവും ദൈവതൃപ്തിയും ലഭ്യമാകും. സത്യനിഷേധവും ദുർമാർഗവും തിരഞ്ഞെടുത്തവന് നരകവും ദൈവകോപവും ലഭിക്കുന്നു. ജീവിതത്തെ ഒരു പരീക്ഷണ ഗേഹമായി പരിചയപ്പെടുത്തുന്ന ഒരുപാട് വചനങ്ങള്‍ ക്വുര്‍ആനില്‍ നമുക്ക് വായിക്കാം.

‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍.’ (മുല്‍ക്: 2)

‘തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.’ (കഹ്ഫ്: 7)

‘…നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.)…’ (മാഇദ:48)

ജീവിതലക്ഷ്യവും പരലോക സങ്കല്‍പ്പവും ചുരുങ്ങിയ വാക്കുകളില്‍ ഈ ക്വുര്‍ആന്‍ വചനങ്ങള്‍ നമ്മുടെ മുന്നില്‍ വ്യക്തമാക്കുന്നു. അഥവാ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരാശിയെ മൊത്തം ഒരേ ആദര്‍ശക്കാരും വിശ്വാസക്കാരുമാക്കാന്‍ അവനു കഴിയുമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതോടെ ജീവിത ലക്ഷ്യം, പരലോക സങ്കല്‍പ്പം എന്നിവയെല്ലാം വൃഥാവിലാവുന്നു. ബാഹ്യമായ ബലപ്രയോഗങ്ങള്‍ എന്തും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഇഹപരലോകങ്ങളുടെ ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കും. ഇഹലോകത്ത് മനുഷ്യന് തന്റെ വിശ്വാസവും കര്‍മ്മസരണിയും തിരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം ലഭ്യമാകുമ്പോഴെ ഇസ്‌ലാമിലെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ തന്നെ അര്‍ത്ഥ പൂര്‍ണാകുന്നുള്ളു. ഇക്കാര്യം ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

‘മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു…’ (ബക്വറ: 256)

ഈ ക്വുര്‍ആനിക വചനത്തിന്റെ അവതരണ പശ്ചാത്തലമായി പ്രവാചകാനുചരന്‍ ഇബ്‌നു അബ്ബാസില്‍(റ) നിന്നും ഇപ്രകാരം ഉദ്ദരിക്കപ്പെടുന്നു: അന്‍സ്വാരികളായ ചില സ്ത്രീകള്‍ തങ്ങള്‍ക്ക് ജനിക്കുന്നതായ സന്താനങ്ങള്‍ ജീവിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ ജീവിക്കുകയാണെങ്കില്‍ അവരെ യഹൂദ മതത്തില്‍ വളര്‍ത്താം എന്ന് നേര്‍ച്ച ചെയ്യുകയുണ്ടായി. പിന്നീട് മദീനയില്‍ ഇസ്‌ലാം കടന്നു വന്നപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചവരുടെ മക്കളില്‍ പലരും യഹൂദരില്‍ പെട്ടുപോയി. അപ്പോള്‍ മുസ്‌ലിംകളായ അവരുടെ പിതാക്കന്മാര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഞങ്ങളുടെ മക്കളെ യഹൂദര്‍ക്ക് വിട്ടു കൊടുക്കില്ല. ഇസ്‌ലാം സ്വീകരിക്കാന്‍ ഞങ്ങള്‍ അവരെ നിര്‍ബന്ധിക്കും.’ അപ്പോള്‍ അല്ലാഹു അവരെ തിരുത്തി കൊണ്ട് ക്വുര്‍ആനിക വചനം അവതരിപ്പിച്ചു ‘മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു…’ ഈ ക്വുര്‍ആന്‍ വാക്ക്യം അവതരിച്ചതോടെ ഇസ്‌ലാം സ്വീകരിക്കണൊ വേണ്ടേ എന്ന തിരഞ്ഞെടുപ്പ് പ്രവാചകന്‍ (സ) മക്കള്‍ക്ക് ഏല്‍പ്പിച്ചു; അവരെ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചില്ല. ഇബ്‌നു അബ്ബാസില്‍ നിന്നും ഈ നിവേദനം അബൂ ദാവൂദ്, നസാഈ, ത്വബ്‌രി, ഇബ്‌നുല്‍ മുന്‍ദിര്‍, ഇബ്‌നു അബീ ഹാതിം, ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു മര്‍ദൂയ, ളിയാഅ് അല്‍മഖ്ദസി, ബൈഹഖി എന്നിവര്‍ ഉദ്ദരിക്കുന്നുണ്ട്.

‘പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക് അവിശ്വസിക്കാം’ (കഹ്ഫ്:19)

‘നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?’ (യൂനുസ്: 99)

മതആദര്‍ശ സ്വാതന്ത്ര്യം ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളുടെ അനിവാര്യതയാണ്. ജീവിതം പരീക്ഷണാലയമാണെന്ന് അടിസ്ഥാന ആശയമായി സ്വീകരിച്ച ഇസ്‌ലാം എങ്ങനെ അമുസ്‌ലിംകളെ കൊല്ലണം എന്ന് പറയും?!. പരലോകമാണ് പ്രതിഫല വേദിയെന്ന് പഠിപ്പിക്കുന്ന ഒരു പ്രവാചകന്‍ എങ്ങനെ ഇസ്‌ലാം ഉപേക്ഷിച്ചവര്‍ക്ക് വധശിക്ഷ വിധിക്കും?!!. പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക രാഷ്ട്രം സമ്പൂര്‍ണ്ണ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പു നല്‍കിയിരുന്നു എന്നതിന് മദീനയില്‍ ജീവിച്ചിരുന്ന ബനൂ നളീര്‍, ബനൂ ഖൈനുകാഅ്, ബനൂ ക്വുറൈള ജൂത ഗോത്രങ്ങള്‍ മാത്രം വേണ്ടുവോളം തെളിവാണ്. സത്യവും അസത്യവും വ്യക്തമാണ് അതിനാല്‍ ഇഷ്ടമുള്ളവനു ഇഷ്ടമുള്ളത് സ്വീകരിക്കാം, പ്രതിഫലം പരലോകത്ത് എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന ക്വുര്‍ആന്‍ എങ്ങനെ ആദര്‍ശവിയോജിപ്പുകള്‍ക്ക് ശിക്ഷ വിധിക്കും. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയായ പരലോക വിശ്വാസം, ഇഹലോക ജീവിത ലക്ഷ്യം എന്നിവ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ സാക്ഷാല്‍ക്കരണത്തെ അനിവാര്യമാക്കുന്നു. പറഞ്ഞുവരുന്നത് മത പരിത്യാഗികള്‍ക്ക് പ്രവാചകന്റെയും പ്രവാചകാനുചരന്മാരുടേയും കാലഘട്ടങ്ങളിലെ ഇസ്‌ലാമിക ഭരണകൂടം വധശിക്ഷ വിധിച്ചു എന്ന ഇസ്‌ലാം വിമർശകരുടെ വാദത്തിലെ മൗഢ്യത്തെ സംബന്ധിച്ചാണ്.

വിശ്വാസ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ക്വുര്‍ആനിക വചനങ്ങള്‍ നാം വായിച്ചു. ഇനി ക്വുര്‍ആന്‍ മുഴുവന്‍ നാം ഒരു വായനക്ക് വിധേയമാക്കിയാലും ഇസ്‌ലാം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നോ മതപരിത്യാഗത്തിന് വധശിക്ഷയാണ് ഇസ്‌ലാമിക ഭരണകൂടം നടപ്പാക്കേണ്ടത് എന്നോ ഒരു അനുശാസനവും കണ്ടെത്താന്‍ സാധ്യമല്ല. എന്ന് മാത്രമല്ല മതപരിത്യാഗികളെ പറ്റി ക്വുര്‍ആന്‍ ചര്‍ച്ച ചെയ്‌തിട്ടും അവര്‍ക്കെതിരെ ഇസ്‌ലാമിക ഭരണക്കൂടം ഒരു തരത്തിലുമുള്ള ശിക്ഷാ നടപടികളൊ അച്ചടക്ക നടപടികളൊ നടപ്പാക്കുന്നതിനെ സംബന്ധിച്ച ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. ‘അല്ലാഹു അവര്‍ക്ക് മാപ്പു നല്‍കുകയില്ല, അവരെ നേര്‍വഴിയിലാക്കുകയുമില്ല’ എന്ന അവരുടെ ആത്മീയ നഷ്ടങ്ങളെ സംബന്ധിച്ച് മാത്രമെ ക്വുര്‍ആന്‍ വിവരിക്കുന്നുള്ളു:

‘വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്‌തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന്‍ നേര്‍വഴിയിലാക്കുകയുമില്ല.’ (നിസാഅ്: 137)

‘…നിങ്ങളാരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്മാറി സത്യനിഷേധിയായി മരണമടയുകയാണെങ്കില്‍ അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായതുതന്നെ. അത്തരക്കാരെല്ലാം നരകത്തീയിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും.’ (ബക്വറ: 217)

മത പരിത്യാഗികള്‍ക്ക് പരലോകത്ത് നല്‍കപ്പെടുന്ന ശിക്ഷയെ പറ്റിയല്ലാതെ ഭൗതീകമായി അവരില്‍ നടപ്പാക്കേണ്ട ഒരു ശിക്ഷാവിധിയെ പറ്റിയും ഈ ആയത്തിലും ചര്‍ച്ച ചെയ്യുന്നില്ല. ക്വുര്‍ആനില്‍ എവിടെയെങ്കിലും മത പരിത്യാഗത്തിനുള്ള ശിക്ഷാവിധിയെ സംബന്ധിച്ച ഒരു ചര്‍ച്ച കാണിച്ചു തരാന്‍ വിമര്‍ശകര്‍ക്കാര്‍ക്കും തന്നെ സാധ്യമല്ല. പിന്നെ എവിടെ നിന്നാണ് മതപരിത്യാഗികള്‍ക്ക് ഇസ്‌ലാം വധശിക്ഷ നല്‍കുന്നുവെന്ന അര്‍ത്ഥശൂന്യമായ ഒരു വാദം ഉത്ഭവിച്ചത് ?!

(തുടരും)

print

1 Comment

  • Supper

    MUHAMMED FAYAS AV 30.01.2021

Leave a comment

Your email address will not be published.