ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം -3

//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം -3
//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം -3
ചരിത്രം

ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം -3

വിവാഹത്തെക്കുറിച്ച് ഇസ്‍ലാം നല്‍കുന്ന പവിത്രവും മൂര്‍ത്തവുമായ ഒരു അറിവുണ്ട്. ആ അറിവ് മുസ്‌ലിം യുവതയുടെ മനസ്സിൽ അനുഭാവപൂര്‍വ്വം ഗുണകാംക്ഷയോട ബോധിപ്പിക്കാന്‍ രക്ഷിതാക്കളും പ്രബോധകരും ശ്രമിക്കുമെങ്കില്‍ വിവാഹത്തിലെയും വിവാഹ ആഘോഷങ്ങളിലെയും അനാവശ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാൻ അവര്‍ക്കാകും. രണ്ട് അപരിചിതരുടെ ചിരകാല പരിചിതത്വത്തിലേക്കുള്ള വിവാഹബന്ധത്തിന്‍റെ കാമ്പ് ക്വുര്‍ആൻ പറയുന്നത് ഇങ്ങനെയാണ്:നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും,നിങ്ങള്‍ക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീര്‍ച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (റൂം:21)

ഇണകളുടെ ഒത്തുചേരല്‍ സമാധാനപൂരിതമായ ഒരു ജീവിതത്തിനാണ്. അതിന്ന് സാധ്യമാകുന്നത് ഇണകളിലെ സ്നേഹവും കരുണയും അവർ ഇരുവരിലും സജീവമായിത്തന്നെ നിലനില്‍ക്കുമ്പോഴാണ്. ശരി, നമുക്ക് അലി-ഫാത്വിമ വിവാഹ മംഗളത്തിലേക്കു തന്നെ വരാം. അലി (റ) പിതാവ്,അബൂത്വാലിബ് എന്ന നാമത്തില്‍ പ്രസിദ്ധനായ അബ്ദുമനാഫ്. പ്രവാചക തിരുമേനി (സ്വ) യുടെ പിതൃവ്യനാണ് അദ്ദേഹം. അബുല്‍ ഹസൻ എന്നും അബൂ തുറാബ് എന്നും അലി (റ) സ്നേഹപൂര്‍വ്വം വിളിക്കപ്പെട്ടിരുന്നു.

പ്രവാചകന്‍റെ നുബുവ്വത്തിൽ ആദ്യമായി വിശ്വസിച്ച കൗമാരക്കാരനായിരുന്നു അലി (റ) എന്ന് നാം നേരത്തെ വായിച്ചിട്ടുണ്ട്. പ്രായത്തേക്കാള്‍ പക്വതയും നിലപാടുമുണ്ടായിരുന്ന വ്യക്തിത്വം. നബി തിരുമേനി (സ്വ) ക്ക് അദ്ദേഹത്തെ പ്രത്യേകം ഇഷ്ടമായിരുന്നു. ‘അലിയെ വേദനിപ്പിക്കുന്നവന്‍ എന്നെയാണ് വേദനിപ്പിക്കുന്നത്’ എന്ന് പ്രവാചകനൊരിക്കല്‍ പ്രഖ്യാപിക്കുക പോലുമുണ്ടായിട്ടുണ്ട്. ‘അലിയെ സ്നേഹിക്കാന്‍ ഒരു മുഅ്മിനിനേ സാധിക്കൂ. അലിയെ വെറുക്കാന്‍ ഒരു മുനാഫിക്വിനേ കഴിയൂ’ എന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്. അലിയ്യിബ്നു അബീത്വാലിബ്: ഘോരവനത്തിലെ ധീരനായ സിംഹം എന്നര്‍ത്ഥം വരുന്ന ഹൈദർ എന്നാണ് അദ്ദേഹത്തിന്‍റെ ഉമ്മ സ്നേഹത്തോടെ വിളിച്ചിരുന്നത്.

ഇസ്‍ലാമിക രാഷ്ട്രത്തിന്‍റെ നീതിമാനായ നാലാം ഖലീഫയായിരുന്നു അദ്ദേഹം.

ജീവിച്ചിരിക്കെത്തന്നെ, പ്രവാചകനാൽ സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാളാണ് മഹാനായ അലി (റ).

എണ്ണിപ്പറഞ്ഞാല്‍ ഇനിയുമേറെയുണ്ട് അലി (റ) യുടെ ശ്രേഷ്ഠതകളും മഹിമകളും.

ഇവിടെയിതാ മഹാനായ അലി ഇബ്ന്‍ അബീത്വാലിബ്, സൃഷ്ടിശ്രേഷഠനായ മുഹമ്മദു നബി (സ്വ) യുടെ മരുമകനായിത്തീര്‍ന്നിരിക്കുന്നു.

പ്രവാചക തിരുമേനി (സ്വ) യുടെ കരള്‍ക്കഷ്ണമായ സഹ്റാ ബത്തൂലിന്‍റെ പ്രിയതമനായിരിക്കുന്നു.

ലളിതമായ വിവാഹം മംഗളകരമായി നടന്നു കഴിഞ്ഞു. ഇനി, ഒരു പറിച്ചു നടല്‍ നടക്കുകയാണ്. പിതാവിന്‍റെ സ്നേഹലാളനകളും ആദരവുകളും അടുത്തിരുന്ന് ആവോളം അനുഭവിച്ച ഫാത്വിമ (റ) ക്ക് അതിന്‍റെ വേദനകൾ അനുഭവപ്പെട്ടു കാണണം. പക്ഷെ, തന്‍റെ ഇണയായി വന്നയാൾ അന്യനല്ല, അപരിചിതനല്ല, വിദൂരസ്ഥനല്ല. തങ്ങളോടൊപ്പമുള്ളയാള്‍, സുപരിചിതന്‍, മാന്യന്‍, സമീപവാസി, പിതാവിന്‍റെ സ്നേഹാദരവുകള്‍ ആര്‍ജ്ജിച്ചെടുത്ത ആദരണീയന്‍. അതോര്‍ത്തപ്പോൾ തീര്‍ച്ചയായും ഫാത്വിമ (റ) ആശ്വസിച്ചിരിക്കണം.

വിവാഹം കഴിഞ്ഞു. ഇരുവരും വീടു മാറുകയാണ്. വീട്: അതൊരു കൊട്ടാരമല്ല. സാധാ മണ്ണുമെഴുകിയ കുടിലുപോലുമല്ല. ഈന്തപ്പനകള്‍ കൊണ്ട് മേല്‍പ്പുര പണിത ഒരു കൂര. അതില്‍ നല്ലൊരു കട്ടിലില്ല. വിരിക്കാന്‍ നല്ലൊരു വിരിപ്പില്ല. തലക്കു വെക്കാന്‍ നല്ലൊരു തലയിണയില്ല. ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങളില്ല.

ലോക ശ്രേഷ്ഠന്‍റെ റൈഹാൻ പുഷ്പത്തിന്‍റെ ഭര്‍തൃവീടാണിത്.

ഈ ‘കൊട്ടാര’ത്തിലേക്കാണ് ഫാത്വിമ (റ) വീടുകൂടാനായി കാലെടുത്തു വെക്കുന്നത്.

ഈ ‘കൊട്ടാര’ത്തിലേക്ക് തന്‍റെ പ്രിയതമയുടെ കൈപിടിച്ച് ചെല്ലാൻ ആ മണവാളന് മടിയില്ലായിരുന്നു.

ആ ‘കൊട്ടാര’ത്തിലേക്ക് പ്രിയതമന്‍റെ കൈപിടിച്ചു കയറാൻ ആ മണവാട്ടിക്ക് ഒരു പരിഭവവുമില്ലായിരുന്നു.

വിവാഹത്തേക്കാള്‍, വിവാഹാനന്തര മനോഹര ജീവിതത്തേക്കാൾ മണിയറയും മണിയറച്ചമയങ്ങളും ആടയാഭരണങ്ങളും അലങ്കാരവര്‍ണ്ണങ്ങളും സ്വപ്നം കണ്ടുറങ്ങുന്ന യുവതീ യുവാക്കള്‍ക്ക് വെറുതെ പോലും ഓര്‍ക്കാൻ കഴിയാത്ത യാഥാര്‍ത്ഥ്യങ്ങളാണ് അലി (റ) യുടേയും ഫാത്വിമ (റ) യുടേയും ജീവിതത്തില്‍ നാം കാണുന്നത്.

രണ്ടു ജീവിതങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും തന്‍റെ മരുമകന്‍റെ പക്കലില്ല എന്നറിയാവുന്ന പ്രവാചകന്‍(സ്വ) അവര്‍ക്കായി ചില വീട്ടുപകരണങ്ങൾ കൂടെ നല്‍കി.
ഒരു പരുക്കന്‍ വിരിപ്പ്! ഒരു തോല്‍പ്പാത്രം! ഒരു മണ്‍കോപ്പ! ഈന്തനാരുകള്‍ നിറച്ച ഒരു തലയിണ!
അലിക്കു സന്തോഷമായി; ഫാത്വിമക്കും.
അവരിരുവരും അല്ലാഹുവിന്‍റെ റസൂലിന്‍റെ ആശിര്‍വാദത്തോടെ ദാമ്പത്യജീവിതം ആരംഭിച്ചു. ആഹ്ലാദം നിറഞ്ഞ നാളുകളിലൂടെയുള്ള കുടുംബ ജീവിതം.

അലി-ഫാത്വിമ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ, ഇസ്‌ലാമിന്‍റെ ദാമ്പത്യജീവിത വീക്ഷണം പറയാതെ പോകുന്നത് സംഗതമല്ലെന്ന് തോന്നുന്നു.

ദാമ്പത്യ ജീവിതമെന്നത്, രണ്ട് മലര്‍വാടികളുടെ ഒന്നിച്ചു ചേരലാണ്. കണ്ണിന് ഇമ്പം നല്‍കുന്ന പൂക്കൾ രണ്ടിലുമുണ്ട്. കാതിന് ഈണം പകരുന്ന മാരുതസംഗീതവും അവയിലുണ്ട്. കരളിന് കുളിരേകുന്ന സുഗന്ധ വെവിധ്യവും രണ്ടിലും ധാരാളം.

ഒരു പുരുഷന്‍ ഭര്‍ത്താവാകുക എന്നാൽ ഒരു അടിമപ്പെണ്ണിന്‍റെ യജമാനനാകുക എന്നതല്ല. ഒരു സ്ത്രീ ഭാര്യയാവുക എന്നാല്‍ ഒരു യജമാനന്‍റെ അടിമപ്പെണ്ണാവുക എന്നതുമല്ല.

പുരുഷനും സ്ത്രീയും വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതോടെ അവർ ഇണകളാകുകയാണ്. ഭാര്യയും ഭര്‍ത്താവും എന്നു പറയുന്നതിനേക്കാൾ ഭംഗി ഇണകള്‍ എന്നു പറയുന്നതിലാണ്. ക്വുർആൻ പഠിപ്പിക്കുന്നത് അങ്ങനെയാണ്.

ചെറുപ്പത്തില്‍ ഉമ്മൂമ്മമാർ നവവധൂവരന്മാരെ ശിരസ്സിൽ കെവെച്ച് കൊണ്ട് ‘രണ്ടു പേരും ‘രണ്ടിണണക്കിളികളെപ്പോലെ വാഴണംട്ടൊ’ എന്നു പറഞ്ഞ് ആശിര്‍വദിക്കുന്നത് കണ്ടിട്ടുണ്ട്.

പരസ്പരം കൊക്കുരുമ്മിയും കളിപറഞ്ഞും കഥമൊഴിഞ്ഞും ജീവിക്കേണ്ടവര്‍. പരസ്പരം പഴിപറഞ്ഞും പതംപറഞ്ഞും പിണങ്ങിയും ഇണങ്ങിയും ജീവിക്കേണ്ടവര്‍.

ഇണ നോവിച്ചാൽ, ‘നീയെന്നെ നോവിച്ചു’ എന്ന് പറയാന്‍ ദാമ്പത്യത്തിൽ സ്വാതന്ത്ര്യമുണ്ടാകണം. ‘നിന്നെ നോവിച്ചുവെങ്കിൽ, സോറി, ഇനിയങ്ങനെ ഉണ്ടാകില്ലെടാ’ എന്ന് ഹൃദയപൂര്‍വം പറയാൻ ദമ്പതികള്‍ക്ക് മനസ്സുണ്ടാകണം. ഒരാളുടെ മൗനത്തിന്‍റെ അര്‍ത്ഥം പോലും മറ്റെയാള്‍ക്ക് അറിയാനായാൽ പരസ്പരം പരിഗണിക്കുന്നൂ എന്നാണതിന്‍റെ അര്‍ത്ഥം.

ഭര്‍ത്താവ് തന്‍റെ ഇണയെ അനാവശ്യമായി പ്രകോപിപ്പിച്ചുകൂടാ. പ്രവാചകൻ ‍(സ്വ) വിലക്കിയതാണത്. എന്തുകൊണ്ട് അത് പാടില്ല എന്നതിന് റസൂല്‍ (സ്വ) കാരണവും പറഞ്ഞു തന്നിട്ടുണ്ട്.

അബൂ ഹുറയ്റ (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതൻ അരുളി: ഒരു സത്യവിശ്വാസിയും ഒരു സത്യവിശ്വാസിനിയെ പ്രകോപിപ്പിക്കരുത്. അവളില്‍ അനിഷ്ടകരമായ സ്വഭാവങ്ങള്‍ മാത്രമല്ല ഉള്ളത്. ഇഷ്ടകരമായ സ്വഭാവങ്ങളും അനേകം അവളിലുണ്ട്. (മുസ്‌ലിം)

ഒരു ഭാര്യ തിരിച്ചും തന്‍റെ ഇണയോട് ഇപ്രകാരമായിരിക്കണം. അതേ സമയം, അനിഷ്ടങ്ങളെ ഗുണകാംക്ഷയോടെ പറയാം. തിരുത്താം. അത് സ്നേഹമാണ്. പരസ്പര ബഹുമാനമാണ്.

ദാമ്പത്യത്തിന്‍റെ സ്വച്ഛത രണ്ട് മൗലികമായ ആധാരങ്ങളിലാണ് നിലകൊള്ളുന്നത്.

ഒന്ന്: സ്നേഹം

രണ്ട്: കരുണ

പ്രപഞ്ച സ്രഷ്ടാവ് സ്ത്രീയിലും പുരുഷനിലും പ്രകൃത്യാ സംവിധാനിച്ച രണ്ട് മൗലിക ഗുണങ്ങളാണ് സ്നേഹവും കരുണയും. ഒന്നില്ലെങ്കില്‍ മറ്റൊന്നുണ്ടാകില്ല. സ്നേഹത്തിന്‍റെയും കരുണയുടെയും ഇരിപ്പിടം മനസ്സാണ്. ഈ രണ്ടു സര്‍ഗ്ഗ ഗുണങ്ങളേയും അനുഗുണമാം വിധം ജീവിത്തിൽ ഉപയോഗിക്കാത്തവര്‍ക്ക് നല്ല ഇണകളായി വാഴുക സാധ്യമല്ല.

ജീവിതത്തിലെ ഏതവസരങ്ങളിലും ആനന്ദിക്കാനും ഉല്ലസിക്കാനും ക്ഷമകെക്കൊള്ളാനും പരിഗണനകൾ പരസ്പരം ഉള്ളുതുറന്ന് കൈമാറാനും ഇണകള്‍ക്കാകണം. പ്രണയവും കരുണയും ഹൃദയത്തില്‍ സദാ കത്തിച്ചു നിര്‍ത്താനാകുമെങ്കിൽ മുകളിൽ പറഞ്ഞതിനു സാധ്യമാകുമെന്നത് അനുഭവമാണ്.

പരസ്പരം അറിയുക

പരസ്പരം അറിയിക്കുക

‘വര്‍ഷങ്ങളായില്ലെ നീ എന്നോടൊപ്പമായിട്ട്, എന്തേ എന്‍റെ നിഷ്ഠകളും താത്പര്യങ്ങളും സ്വഭാവങ്ങളും ഇനിയും നിനക്ക് അറിയാനായിട്ടില്ലെ’ എന്ന് പഴിപറയുന്ന ഇണ, ഇണയല്ല!

‘കല്ല്യാണം കഴിഞ്ഞിട്ട്, വര്‍ഷം നാലുകഴിഞ്ഞു, ഇനിയും എന്നെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കായിട്ടില്ലല്ലൊ’ എന്ന് പഴിപറയുന്ന ഇണ, ഇണയല്ല!

പരസ്പരം കരാറിലെത്തിയ വെറും രണ്ടു തുണ എന്നു വേണമെങ്കില്‍ അവരെപ്പറ്റി പറയാം.

ദാമ്പത്യത്തിലെ പ്രണയമാണ് സാക്ഷാല്‍ പ്രണയം. ദാമ്പത്യത്തിലെ പ്രണയമാണ് ഇണകളിലെ കരുണയെ ഉത്തോജിപ്പിച്ചു നിര്‍ത്തുന്നത്.

‘പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിന്‍ നാളത്തെ
അണയിച്ചു, നാമൊന്നായ്ത്തീരും മുന്നെ’ എന്നാകരുത്.

ഇണകളൊന്നിക്കും മുന്നെ പ്രണയം പ്രണയിച്ചു തീര്‍ന്നാൽ, തുടർ ജീവിതത്തില്‍ ഹൃദയം വരണ്ടുണങ്ങിപ്പോകും. മുളകാണാതെ കരുണ കരിഞ്ഞുതീരും. ദാമ്പത്യം മരുഭൂമിയാകും

പിന്നെ പരസ്പരം അഭിനയമാകും
പിന്നെ, പരസ്പരം പഴിപറയലുകളാകും
പിന്നെ പരസ്പരം ശപിക്കലാകും
പിന്നെ വീടകം നരകമായനുഭവപ്പെടും
ചിരിയും കളിയും വര്‍ത്തമാനങ്ങളും പിണങ്ങലും ഇണങ്ങലും രതിയും ചുംബനവുമൊന്നുമില്ലാത്ത ദാമ്പത്യപരിസരം എന്തിനു കൊള്ളും!
യന്ത്രങ്ങള്‍ക്ക് വികാരമുണ്ടാകില്ല. ആര്‍ക്കു വേണമെങ്കിലും പിന്നെയതെടുത്തുപയോഗിക്കാം!
പ്രണയം വാങ്ങാനാകില്ല. പ്രണയം വില്‍പനക്കു വെച്ചവര്‍ക്കൊന്നും അത് നല്‍കാനുമാകില്ല.
ദാമ്പത്യ ജീവിതത്തില്‍ സന്തോഷങ്ങളും സന്താപങ്ങളുമുണ്ടാകും. ഭാര്യാ ഭര്‍ത്താക്കള്‍ക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാകും.

print

5 Comments

  • Subhanallah 😍

    Afsal 28.03.2019
  • അറിഞ്ഞ കാര്യങ്ങളാണെങ്കിലും, വാക്കുകളുടെ ക്രോഡീകരഞങ്ങളും, പ്രയോഗത്തിലെ പുതുമകളും ആഘർഷണീയമായാണ് അനുഭവപ്പെട്ടത്.. നന്ദി

    മുഹമ്മദ് കുഞ്ഞി, 28.03.2019
  • Masha allah

    ASHRAF P.P 28.03.2019
  • Good 👌👌

    Mubashira N 28.03.2019
  • Masha Allah

    Ansar km 29.03.2019

Leave a Reply to Ansar km Cancel Comment

Your email address will not be published.