ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം-2

//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം-2
//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം-2
ചരിത്രം

ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം-2

ഒരു സംഭവം കൂടി പറയട്ടെ.
പ്രവാചക പത്നി ആയിഷ (റ) യാണ് സംഭവം വിശദീകരിക്കുന്നത്.
പേരും പെരുമയുമുള്ള മഖ്സൂം ഗോത്രം. ആ ഗോത്രത്തിലെ ഒരു സ്ത്രീ.
അവള്‍ മോഷണം പതിവാക്കി. ഒരു സന്ദര്‍ഭത്തിൽ അവള്‍ പിടിക്കപ്പെട്ടു.
കുറ്റം തെളിയുകയും ചെയ്തു. അവളുടെ കൈമുറിക്കണം. അതാണ്
ഇസ്‌ലാമിലെ വിധി. പ്രവാചകന്‍ വിധിച്ചു.
പക്ഷെ, മഖ്സൂം ഗോത്രക്കാര്‍ക്ക് അതൊരു കുറച്ചിലായി അനുഭവപ്പെട്ടു.
തങ്ങളുടെ കുടുംബത്തില്‍ നിന്നും ഒരു പെണ്ണ് മോഷണക്കുറ്റത്തിന്
കൈമുറിച്ച് ശിക്ഷിക്കപ്പെടുക!
അവര്‍ കൂടിയിരുന്നു. പലരുമായി കൂടിയാലോചിച്ചു. പ്രവാചകനോട്
പറയുക തന്നെ; അവര്‍ തീരുമാനിച്ചു! പക്ഷെ, ശിക്ഷയില്‍ നിന്ന് ഇളവ്
ചോദിച്ച് പ്രവാചകന്റെ അടുക്കൽ ആര് പോകും?
അവസാനം അവരൊരാളെ കണ്ടെത്തി; ഉസാമത്ത് ബ്നു സൈദ്!
പ്രവാചക തിരുമേനി (സ്വ) യുടെ പ്രിയങ്കരന്‍. ഉസാമ പറഞ്ഞാല്‍ പ്രവാചകന്‍ കേള്‍ക്കാതിരിക്കില്ല എന്നവര്‍ ഉറപ്പിച്ചു..
ഉസാമ ചെന്നു. പ്രവാചകനോട് കാര്യം പറഞ്ഞു. ശിക്ഷിക്കപ്പെട്ട മഖ്സൂം
ഗോത്രക്കാരിയെ ഇളവു നല്‍കി വെറുതെ വിടുമോ റസൂലേ എന്ന് ശുപാര്‍ശ
പറഞ്ഞു.
നബി തിരുമേനി (സ്വ) യുടെ മുഖം ചുവന്നു. അദ്ദേഹം ഉസാമയോട് പറഞ്ഞു:
അല്ലാഹുവിന്‍റെ കണിശമായ ഒരു ശിക്ഷാനടപടി ഒഴിവാക്കുന്നതിനു
വേണ്ടിയാണൊ നീ ശുപാര്‍ശയുമായി വന്നത്?
പ്രവാചകന്‍ നേരെ മിമ്പറില്‍ കയറി. സ്വഹാബികള്‍ കേള്‍ക്കെ സഗൗരവം
ഇപ്രകാരം പറഞ്ഞു:
നിങ്ങളുടെ പൂര്‍വ്വിക സമൂഹം നശിച്ചു പോയതെങ്ങനെയെന്ന്
നിങ്ങള്‍ക്കറിയുമൊ? പ്രമാണിമാര്‍ മോഷണം ചെയ്താല്‍ അവരെയവര്‍
ശിക്ഷിക്കാതെ വെറുതെ വിടും. എന്നാല്‍ അവരിലെ ദരിദ്രന്മാരാണ്
മോഷണം നടത്തിയതെങ്കില്‍ ആ പാവങ്ങള്‍ക്കെതിരിൽ അവര്‍ ശിക്ഷാമുറകള്‍
നടപ്പിലാക്കും. അല്ലാഹുവാണെ, സത്യം, നിങ്ങള്‍ ഒരു കാര്യം അറിയുക;
മുഹമ്മദിന്‍റെ മകള്‍ ഫാത്വിമയാണ് മോഷണം ചെയ്തത് എങ്കില്‍
ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും. (ബുഖാരി-3475, മുസ്ലിം-1688)
ഏറ്റവും അടുത്തവര്‍, ഏറ്റവും പ്രിയപ്പെട്ടവര്‍ എല്ലാവര്‍ക്കും
വൈകാരികതയാണ്.
ആ അനര്‍ഘമായ വൈകാരികതയാണ് പ്രവാചകന് തന്‍റെ പുത്രി
ഫാത്വിമ (റ).
പക്ഷെ, അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്കു മുന്നില്‍ ആ വൈകാരികതക്ക്
യാതൊരു വിലയുമില്ലെന്ന് തന്‍റെ കരള്‍ക്കഷ്ണത്തെ മുന്നില്‍ നിര്‍ത്തി
ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചക തിരുമേനി (സ്വ).

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

ഫാത്വിമക്ക് വിവാഹ പ്രായമാകുന്നു. വിവാഹാലോചനയുമായി
പ്രവാചകനെത്തേടി പലരും വരുന്നുണ്ട്. അവരില്‍ തന്‍റെ സ്വഹാബികളുണ്ട്.
ഉന്നതകുലജാതരായ പലരുമുണ്ട്.
നബി (സ്വ) നിശ്ശബ്ദനാണ്. പ്രവാചക തിരുമേനി (സ്വ) ആരെയൊ
പ്രതീക്ഷിക്കുന്നുണ്ടൊ? അവര്‍ക്ക് വാക്കു കൊടുക്കാനായി
കാത്തിരിക്കുന്നുണ്ടൊ? ഉണ്ടാകാം.
അന്നൊരു ദിവസം തന്‍റെ പിതൃവ്യ പുത്രന്‍ അലിയ്യ് ബ്ന്‍ അബീ
ത്വാലിബ് (റ) പ്രവാചകനെ സമീപിച്ചു.
നല്ല ചെറുപ്പക്കാരന്‍
ക്ഷമാ ശീലന്‍
സൗമ്യന്‍
ധീരന്‍
തന്‍റെ പ്രവാചകത്വത്തില്‍ ആദ്യമായി വിശ്വാസം കൊണ്ട കൗമാരക്കാരില്‍
പ്രഥമന്‍
അലി (റ) തന്‍റെ ഇംഗിതം പ്രവാചകനെ അറിയിച്ചു: റസൂലേ, എനിക്ക്
ഫാത്വിമയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ട്.
പ്രവാചകന്‍ അലിയുടെ മുഖത്തേക്ക് നോക്കി. അലി കാതോര്‍ത്തു നിന്നു.
എന്തായിരിക്കും പ്രവാചകന്‍റെ പ്രതികരണം? നബി (സ്വ) പുഞ്ചിരിച്ചു.
സമ്മതപൂര്‍വ്വം തലയാട്ടി.
സമൂഹത്തിലെ പ്രസിദ്ധര്‍, ധനാഡ്യര്‍, യുവ കോമളന്മാര്‍ എല്ലാവരും അലിയുടെ
മുന്നില്‍ തോറ്റുപോയി.
അലി യുവാവായിരുന്നു
അലി ദരിദ്രനായിരുന്നു
അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടുപോലും സ്വന്തമായില്ലാത്ത
ദരിദ്രന്‍.
വിവാഹദ്രവ്യം പോലും കയ്യിലില്ലാതിരുന്ന ചെറുപ്പക്കാരന്‍!
പക്ഷെ, പ്രവാചക തിരുമേനി (സ്വ) തന്‍റെ കരള്‍ക്കഷ്ണത്തിനു വരനായി
അലിയെ തെരഞ്ഞെടുത്തു.
വാത്സല്യ നിധിയായ ആ പിതാവ് ഫാത്വിമയെ അരികിലിരുത്തി ചോദിച്ചു.
ക്വിത്അത്ത കബ്ദീ, അലിയെ നിനക്കുള്ള വരനായി ഞാന്‍ ഇഷ്ടപ്പെടുന്നു.
മോളെന്തു പറയുന്നു?
ഫാത്വിമയെന്തു പറയാന്‍. അവര്‍ പുഞ്ചിരിച്ചു. സ്നേഹനിധിയായ തന്‍റെ
പിതാവിന്‍റെ ഇഷ്ടത്തിനപ്പുറം മറ്റൊരിഷ്ടം ജീവിതത്തിലുണ്ടായിട്ടില്ലല്ലോ
ഇതുവരെ. ഫാത്വിമയുടെ മൗനം പുതഞ്ഞ പുഞ്ചിരിയില്‍ നിന്ന് ആ പിതാവ്
സമ്മതമറിഞ്ഞു. പിന്നെ അലിയുമായുള്ള തന്‍റെ പ്രിയപുത്രിയുടെ
വിവാഹമായിരുന്നു.
അലിയും ഫാത്വിമയുമായുള്ള വിവാഹത്തെ സംബന്ധിച്ച് ചരിത്രകൃതികളും
ഹദീസുകളും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
ഹിജ്റയുടെ രണ്ടാം വര്‍ഷമായിരുന്നു അലീ-ഫാത്വിമയുടെ വിവാഹം.
ബദര്‍ യുദ്ധം കഴിഞ്ഞതിന്‍റെ അല്‍പദിവസങ്ങള്‍ക്കു ശേഷമായിരുന്നു ആ
മംഗളകരമായ മുഹൂര്‍ത്തമെന്ന് ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്തും ലളിതമായ വിവാഹം.
വിവാഹത്തിനു മുമ്പ് പ്രവാചകന്‍ (സ്വ) പ്രിതിശ്രുതവരനോടായി
ചോദിക്കുന്നുണ്ട്: ഫാത്വിമക്ക് മഹര്‍ നല്‍കാന്‍ നിന്‍റെ കയ്യില്‍ എന്താണുള്ളത്?
അലി(റ) പറഞ്ഞു: റസൂലേ, ഒന്നുമില്ല കയ്യില്‍. ഉള്ളത്, ഇതാ ഈ ഹുത്വമിയ്യ
പരിച മാത്രം. ഇത് വിറ്റാല്‍ നാലു ദിര്‍ഹം കിട്ടുമായിരിക്കും.
പ്രവാചകന്‍ പറഞ്ഞു: മതി, അതു മതി, അതവള്‍ക്കു മഹറായി നല്‍കുക!
(റത്തുന്നബവിയ്യ-ഇബ്നു കഥീര്‍, അദ്ദലാഇല്‍-ബൈഹക്വി)
വിവാഹത്തില്‍ വരന്‍ വധുവിന് വിവാഹമൂല്യം നല്‍കണമെന്നാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്.
ക്വുര്‍ആനത് കണിശമായി പറയുന്നുമുണ്ട്.
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി
നിങ്ങള്‍ നല്‍കുക. (നിസാഅ്:4)
വിവാഹരംഗത്ത് മനുഷ്യരിന്ന് ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.
വരന് താങ്ങാനാകാത്ത മഹര്‍! വധു നല്‍കേണ്ടതില്ലാത്ത ഭാരിച്ച സ്ത്രീധനം!
കോലാഹങ്ങള്‍ നിറഞ്ഞ വിവാഹം! ധൂര്‍ത്തും പൊങ്ങച്ചവും നിറഞ്ഞ
ആഘോഷം!
വിവാഹം രണ്ടു ഹൃദയങ്ങളുടെ വിശുദ്ധമായ സംഗമമമാണ്
വിവാഹം പവിത്രമായ ജീവിതത്തിനുള്ള അണിയറയാണ്
വിവാഹം തലമുറകളുടെ പകര്‍ച്ചകള്‍ക്കു വേണ്ടിയുള്ള അനുഗ്രഹമാണ്
അതിനെയാണ്, മനുഷ്യന്‍ ആഭാസങ്ങള്‍ കൊണ്ട് മലിനമാക്കുന്നത്.

                                   (അവസാനിക്കുന്നില്ല)

print

1 Comment

  • Subhanallah 😍

    Afsal 21.03.2019

Leave a Reply to Afsal Cancel Comment

Your email address will not be published.