പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -4

//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -4
//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -4
ആനുകാലികം

പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -4

നാല്) മുസ്‌ലിംകളുടെ സമ്പൂർണമായ ഉന്മൂലനം:

ഭാരതത്തിന്റെ ആന്തരിക ശത്രുക്കളിൽ ഒന്നാമത്തവരാണ് മുസ്‌ലിംകളെന്ന സംഘനിർമ്മാതാക്കളുടെ കാഴ്ചപ്പാടിന് പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിരവധി കാരണങ്ങളുണ്ട്. ഇസ്‌ലാമികതത്ത്വങ്ങളും അതിന്റെ ജീവിതദർശനവുമെല്ലാം സംഘസ്വപ്നമായ വർണാശ്രമവ്യവസ്ഥയോട് കലഹിക്കുന്നതാണ് എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. വർണാശ്രമവ്യവസ്ഥയുടെ സാമൂഹ്യനിമിത്തങ്ങളെ ഇല്ലായ്മ ചെയ്യാൻ പരമാവധി പരിശ്രമിച്ച മുസ്‌ലിംഭരണാധികാരികളോടുള്ള സംഘവിരോധം തീർക്കുന്നത് അവർ ക്രൂരന്മാരായ മതഭ്രാന്തന്മാരായിരുന്നുവെന്ന് വരുത്തിതീർത്തുകൊണ്ടാണ്. “ഉജ്ജയിനിലെ മഹകുലേശ്വര്‍ ക്ഷേത്രം, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗോഹട്ടിയിലെ അംബരാന്ദന ക്ഷേത്രം, ഗത്രഞ്ചയിലെ ജൈനമത ക്ഷേത്രം എന്നിവക്കും നിരവധി ഗുരുദ്വാരങ്ങള്‍ക്കും മറ്റും സ്വത്ത് നൽകിയതായുള്ള രേഖകൾ” താൻ കണ്ടിട്ടുണ്ടെന്ന് ഒറീസാ ഗവർണറും ചരിത്രകാരനുമായിരുന്ന ബി.എൻ. പാണ്ഡെ സാക്ഷ്യപ്പെടുത്തുകയും (B.N. Pande: Aurangzeb and Tipu Sultan: Evaluation of Their Religious Policies, New Delhi, 1996, Pages 11-22) “ചരിത്രകാലത്ത് ഏറ്റവും ഉയർന്ന ജിഡിപിയിലെത്താൻ മാത്രം നല്ല രീതിയിൽ ഇന്ത്യയുടെ സാമ്പത്തികക്രമത്തെ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞയാളെന്ന്” അന്താരാഷ്ട്രവേദികളിൽ ഏറെ തിളങ്ങിയിട്ടുള്ള ശരി തരൂർ (Shashi Tharoor: An Era of Darkness: The British Empire in India, NewDelhi, 2016, Page 27) സ്ഥാപിക്കുകയും ചെയ്ത ഔറംഗസീബ് ‘ഹിന്ദുവിരോധി’യായ ചക്രവർത്തിയായി ചിത്രീകരിക്കപ്പെട്ടത് അടിമകളായി ജീവിച്ചിരുന്ന അടിസ്ഥാനവർഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുവാൻ അദ്ദേഹം സന്നദ്ധമായതുകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. ഉയർന്ന ജാതിക്കാരുടെ മുമ്പിൽ മാറു മറയ്ക്കാതെ പ്രത്യക്ഷപ്പെടണമെന്നും അതല്ലാത്തവരുടെ മുലകൾ അരിഞ്ഞു കളയണമെന്നും നിയമമുണ്ടായിരുന്നിടങ്ങളിൽ അടിസ്ഥാനവർഗസ്ത്രീകൾക്ക് മാറ് മറക്കാൻ അവകാശം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് (Lewin B Bowring: Haidar Ali and Tipu Sultan and the struggle with the Musalman powers of the South, Oxford, 1893, Pages 135- 138) ടിപ്പു സുൽത്താനെ ‘ഹിന്ദുവിരോധി’യാക്കിത്തീർത്ത പല കാരണങ്ങളിലൊന്ന്! വർണാശ്രമവ്യവസ്ഥയെ ദാർശനികമായും പ്രായോഗികമായും പ്രതിയോഗിച്ചവരോടുള്ള പകയാണ് മുസ്‌ലിംവിരോധത്തിന്റെ അടിസ്ഥാനകാരണമെന്ന് മനസ്സിലാകണമെങ്കിൽ വിചാരധാരയുടെ പത്താം അദ്ധ്യായം മാത്രം ഒരു തവണ മനസ്സിരുത്തി വായിച്ചാൽ മതി. വർണാശ്രമവ്യവസ്ഥയുടെ സംരക്ഷണത്തിൽ സസുഖം കഴിഞ്ഞിരുന്ന ഭാരതീയരെ ഭിന്നിപ്പിക്കുകയും വഴി തെറ്റിക്കുകയും ചെയ്തവരോടുള്ള, അതിലെ വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന വിരോധം ആർക്കും വായിച്ചെടുക്കാൻ കഴിയും. പ്രസ്തുത വിരോധം കൊണ്ടുതന്നെയായിരിക്കണം ഭാരതത്തിന്റെ ആന്തരിക ശത്രുക്കളിൽ ഒന്നാമത്തേതാണ് മുസ്‌ലിംകളെന്ന് എഴുതുവാനുള്ള കാരണം.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഏതെങ്കിലുമൊരു സംഘിയുടെ പേര് പറയാൻ കഴിയുമോയെന്ന ചോദ്യത്തിന് മുമ്പിൽ വിയർക്കുന്ന പരിവാരകുടുംബത്തിലെ കാരണവന്മാർ മലയാളം ചാനൽ ചർച്ചകൾ കാണുന്നവരുടെ ദിവസക്കാഴ്ചകളാണ്. സംഘകുടുംബത്തിലുള്ളവരൊന്നും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന് പറയുമ്പോൾ അവരെല്ലാം ബ്രിട്ടീഷ് അനുകൂലികളോ ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കരുതെന്ന് കരുതിയിരുന്നവരോ ആയിരുന്നുവെന്ന് ആരും തെറ്റിദ്ധരിച്ചുകൂടാത്തതാണ്. അവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്നത് സ്വാതന്ത്ര്യം ഇഷ്ടമില്ലാത്തത് കൊണ്ടായിരുന്നില്ല; പ്രത്യുത അവരെല്ലാത്തവരെല്ലാം ഒരുമിച്ച് സമരം ചെയ്ത് സ്വാതന്ത്യം നേടിത്തന്നു കഴിഞ്ഞതിന് ശേഷമാണ് യഥാർത്ഥ സമരം നടക്കാൻ പോകുന്നതെന്നും അതിന്നായി സംഭരിച്ച് വെക്കേണ്ടതാണ് സംഘത്തിന്റെ ഊർജ്ജം എന്നും കരുതിയത് കൊണ്ടായിരുന്നു.

1942ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ തന്നെ ആർഎസ്എസിൽ സജീവമായി പ്രവർത്തിക്കാനാരംഭിക്കുകയും ഗാന്ധിവധത്തോടനുബന്ധിച്ച് നെഹ്‌റുവിനെ കൊല്ലുവാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ പിടിക്കപ്പെടാൻ മാത്രം സംഘഭക്തി കാണിക്കുകയും ജയിലിലെ പരന്ന വായനയിൽ നിന്നുണ്ടായ മനംമാറ്റം വഴി സംഘത്തടവിൽ നിന്ന് ശരീരത്തെയും മനസ്സിനെയും മോചിപ്പിക്കുകയും ചെയ്ത ദേശ് രാജ് ഗോയൽ എഴുതുന്നത് കാണുക: “നേതൃത്വത്തിന്റെ സമീപനം എന്തുതന്നെയായിരുന്നുവെങ്കിലും, നാട്ടിൽ നില നിന്നിരുന്ന സമരത്തിന്റേതായ പൊതുവായ അന്തരീക്ഷത്താലാണെന്ന് തോന്നുന്നു, ആർഎസ്എസിലേക്ക് കടന്നു വന്ന യുവാക്കൾ പലപ്പോഴും അക്ഷമരാകാൻ തുടങ്ങി. അവരോട് പറയപ്പെട്ടത് ഇങ്ങനെയായിരുന്നു: “നാം നമ്മുടെ സമയമെത്തുന്നത് വരെ കാത്തിരിക്കണം. നമ്മുടെ അവസരം വന്നെത്തും; ആ സമയത്തിനു വേണ്ടിയാണ് നാം നമ്മുടെ ശക്തി സംഭരിച്ച് വെക്കേണ്ടത്.” യുവത്വത്തിന്റെ അക്രമണോല്സുകതയുടെ ബഹിസ്ഫുരണത്തെ വികാരതീവ്രമായ പ്രസംഗങ്ങളിലേക്കും ചിലപ്പോഴെല്ലാം മുസ്‌ലിംകളുമായുള്ള സംഘട്ടനങ്ങളിലേക്കും തിരിച്ചു വിട്ടു. അങ്ങനെ ബ്രിട്ടീഷുകാർക്കെതിരെയുള്ള വികാരത്തെ മുസ്‌ലിംകൾക്കെതിരെയുള്ള നടപടികളിലേക്ക് വഴി തിരിക്കുകയാണ് ചെയ്തത്.” (D. R. Goyal: Rashtriya Swayamsevak Sangh,1979, Page 87)

ഇന്ത്യയെ കാർന്നു തിന്നുന്ന ഒരു രോഗമായി മുസ്‌ലിംകളെ കാണണമെന്നും പ്രസ്തുത രോഗത്തെ പൂർണമായി ഉന്മൂലനം ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും പ്രവർത്തകരെ ബോധ്യപ്പെടുത്തുകയുമായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് സംഘത്തിന്റെ സൈദ്ധാന്തികന്മാർ ചെയ്തുവന്നതെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകളുണ്ട്. 1942 മെയ് മാസം മൂന്നാം തിയതി നടന്ന ആർ എസ് എസ് ഓഫീസർമാരുടെ ഒരു ട്രെയിനിങ് ക്യാമ്പിൽ വെച്ച് ഗോൾവാൾക്കർ ഇങ്ങനെ പറഞ്ഞതായി ബ്രിട്ടീഷ് സിഐഡി രേഖകളിൽ കാണാം. “ഈ സംഘമാരംഭിച്ചത് മുസ്‌ലിം അതിക്രമത്തെ പ്രതിരോധിക്കാൻ വേണ്ടി മാത്രമല്ല. പ്രത്യുത ആ രോഗത്തെ പൂർണമായും വേരോടെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്… സംഘത്തിന് സ്വരാജ്യം ആവശ്യമുണ്ട്; പക്ഷെ അവരുടെ ഊർജ്ജം അവർ പാഴാക്കി കളയുകയില്ല; ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനായി അത് അവർ മാറ്റിവെച്ചിരിക്കുകയാണ്” (Home Department Political Proceedings, F. 28/ 8/ 42- Poll (I) Quoted by Bipan Chandra in Communalism in Modern India, New Delhi, 2008, Page 140)

സ്വാതന്ത്ര്യസരത്തിൽ പങ്കെടുക്കാതെ സൂക്ഷിച്ചുവെച്ച സംഘഊർജത്തിന്റെ ബഹിർസ്ഫുരണമാണ് ജബൽപൂരിൽ മുതൽ ഗുജറാത്തിൽ വരെ നടന്ന ആയിരക്കണക്കിന് മുസ്‌ലിംകളുടെ നാശത്തിന് നിമിത്തമായ വർഗീയ കലാപങ്ങളിൽ നാം കാണുന്നത്. ഇന്നിപ്പോൾ ഉത്തർപ്രദേശിൽ കണ്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ലക്ഷ്യം വളരെയേറെ പ്രകടമാണ്; മുസ്‌ലിംകളുടെ ഉന്മൂലനം. ഒരു തരം വംശശുദ്ധീകരണം. ഇത് ഇന്ത്യയിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കാം എന്നാണ് സംഘം കരുതുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ സമരം ഒരു മുസ്‌ലിംസമരമാക്കിത്തീർക്കേണ്ടത് സംഘത്തിന്റെ ആവശ്യമാണ്. അത് വഴി മുസ്‌ലിംകളെ ഒറ്റപ്പെടുത്തി നശിപ്പിക്കാമെന്നാണ് സംഘം കരുതുന്നത്. അതിനവർ പലരെയും വിലക്കെടുക്കാൻ ശ്രമിക്കുന്നുണ്ട്. കുരിശുയുദ്ധകാലം മുതൽക്കുള്ള മുസ്‌ലിംകളോടുള്ള വിരോധം തീർക്കാൻ ഈ അവസരം ഉപയോഗിക്കാമെന്ന് കുഞ്ഞാടുകളെ ഉപദേശിക്കുന്ന ഇടയന്മാർ ഇങ്ങനെ വിലക്കെടുക്കപ്പെട്ടവരാണെന്ന് വ്യക്തമാണ്. തങ്ങൾ കുഴിച്ചുകൊണ്ടിരിക്കുന്നത് സ്വന്തം കുഴിമാടം തന്നെയാണെന്ന് തിരിച്ചറിയാൻ ഇടയൻമാർക്ക് സമയമെടുക്കും. “പിതാവേ, ഇവരോട് ക്ഷമിക്കേണമേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്ക് തന്നെ അറിയില്ല” എന്ന് കരയാനെങ്കിലും യേശുക്രിസ്തു അവർക്കിടയിൽ നിന്ന് എന്നോ പടിയിറങ്ങിക്കഴിഞ്ഞിട്ടുണ്ടല്ലോ.

പൗരത്വനിയമഭേദഗതിയെ മുസ്‌ലിംപ്രശ്‌നമാക്കാൻ ശ്രമിക്കുന്നവർക്ക് വളമിട്ടുകൊടുക്കുന്നതാവരുത് ഇരകളായ മുസ്‌ലിംകളുടെ സമരരീതികളും പ്രതികരണങ്ങളുമെന്ന് പക്വതയുള്ളവർ പറയുമ്പോൾ അവരുടെ ആത്മാർത്ഥതയെ സൂക്ഷ്മദർശിനിയിൽ പരിശോധിച്ച് വിമർശിക്കുന്നതിന് പകരം അതിലെ സന്ദേശം മനസ്സിലാക്കാനാണ് എല്ലാ മുസ്‌ലിംകളും സംഘടനകളും സന്നദ്ധമാകേണ്ടത്. ഇന്ത്യക്കാരുടെ മൊത്തം പ്രശ്നമാണിതെന്ന സത്യം വർത്തമാനത്തിലൂടെ മാത്രമല്ല വർത്തനങ്ങളിലൂടെയും തെളിയിക്കാൻ പ്രാഥമികമായ ഇരകളെന്ന നിലയ്ക്ക് മുസ്‌ലിംകൾക്ക് ബാധ്യതയുണ്ട്. ശബരിമലയിലെ ആരാധനാസ്വാതന്ത്ര്യം തടയപ്പെട്ടാൽ വിശ്വാസികളുടെ അവകാശങ്ങൾക്കു വേണ്ടി നമുക്ക് സംസാരിക്കാം; അതിനുവേണ്ടിയുള്ള സമരങ്ങൾക്ക് മുന്നിൽ നിൽക്കാം; പക്ഷെ, അവകാശസംരക്ഷണത്തിനു വേണ്ടി നടക്കുന്ന പ്രക്ഷോഭത്തിലെ മുദ്രാവാക്യം ‘സ്വാമിയേ, ശരണമയ്യാപ്പാ’യെന്നാണെങ്കിൽ അതോടൊപ്പം നിൽക്കാൻ എത്ര മുസ്‌ലിംകൾക്ക് കഴിയുമെന്ന് ചിന്തിക്കുവാൻ എല്ലാവർക്കും കഴിയണം. അതിനുള്ള വിവേകം യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമില്ലെങ്കിൽ അവരെ ബോധ്യപ്പെടുത്തുവാൻ കൂടെയുള്ള മുതിർന്നവർക്ക് സാധിക്കേണ്ടതാണ്. മുസ്‌ലിംകളെ ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുകയെന്ന സംഘപദ്ധതി വിജയിക്കുകയാണ് സമരം മുസ്‌ലിംകളുടേത് മാത്രമാകുമ്പോൾ ചെയ്യുകയെന്ന സത്യം എല്ലാവരും മനസ്സിലാക്കണം. അത് തിരിച്ചറിയാതെയുള്ള നടപടികൾക്ക് സമുദായം നൽകേണ്ട വില വളരെ വലുതായിരിക്കുമെന്ന് ഉൾക്കൊള്ളുകയാണ്, പ്രയോജനപ്രദമല്ലാത്ത വിഷയങ്ങളിൽ വെറുതെ വികാരം കൊള്ളുകയല്ല നമ്മളൊന്നും ഇത്തരുണത്തിൽ ചെയ്യേണ്ടത്.

സമരങ്ങൾക്കകത്ത് വികാരപ്രകടനങ്ങൾ സ്വാഭാവികമാണ്; പക്ഷെ നയങ്ങളെ നയിക്കേണ്ടത് വികാരമല്ല; വിവേകമാണ്. വൈകാരികസമരങ്ങൾ വഴിയുള്ള വീരചരിതങ്ങളല്ല, വിവേകത്തോടെയുള്ള പോരാട്ടങ്ങൾ വഴിയുണ്ടാവുന്ന നേരായ ദിശയിലെ പരിവർത്തങ്ങളിലായിരിക്കണം. നയങ്ങൾ രൂപീകരിക്കുന്നവർ ശ്രദ്ധയൂന്നേണ്ടത് അപ്പോഴാണ്. “സംഘ്പരിവാറിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ അവരെ അനുവദിക്കരുത്. ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്‌പൂരിലേക്കുള്ള മടക്ക ടിക്കറ്റ് നല്‍കിക്കൊണ്ടായിരിക്കണം ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടത്.” എന്ന് പറഞ്ഞ സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ രവി നായരെപ്പോലെയുള്ളവർക്ക് ഇന്ത്യയെ നേടിയെടുക്കാൻ വേണ്ടിയുള്ള ഈ പോരാട്ടത്തിൽ നമ്മുടെ മുന്നിൽ നിൽക്കാനാവുക. അദ്ദേഹം പറഞ്ഞ ലക്‌ഷ്യം പൂർത്തീകരിക്കുവാൻ ഇന്ത്യക്കാർക്ക് കഴിയുകയും ചെയ്യുക അപ്പോൾ മാത്രമായിരിക്കും.

(ഓർഗനൈസറിലെ ഉദ്ധരണികളെല്ലാം ഡോ. ശംസുൽ ഇസ്‌ലാമിന്റെ “Know the RSS: Based on Rashtriya Swayamsevak Sangh Documents” (Delhi, 2017) ൽ നിന്നെടുത്തതാണ്)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • super…

    AFREEN 24.01.2020

Leave a Reply to AFREEN Cancel Comment

Your email address will not be published.