പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -3

//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -3
//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -3
ആനുകാലികം

പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -3

മൂന്ന്) ഹിന്ദുക്കളല്ലാത്തവരെ പൗരത്വമില്ലാത്തവരാക്കുക

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ താത്വികാചാര്യനായ ഗോൾവാൾക്കർ തന്നെ തങ്ങളുടെ സ്വപ്നഭൂമിയിലെ ഹിന്ദുക്കളല്ലാത്തവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് വളരെ കൃത്യമായിത്തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്: “ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നാം എത്തുന്ന നിലപാട് ഇതാണ്. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ പഠിക്കുകയും ഹിന്ദുരാഷ്ട്രത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാതിരിക്കുകയും വേണം. കാലാകാലങ്ങളായി അവര്‍ ഈ നാടിനോടും ഇതിന്റെ ചിരപുരാതന പാരമ്പര്യത്തോടും പുലര്‍ത്തിപ്പോരുന്ന അസഹിഷ്ണുതയും കൃതഘ്‌നതയും അവസാനിപ്പിക്കുകയും അതിനോട് സ്‌നേഹത്തിന്റെയും ഭക്തിയുടേയും സൃഷ്ടിപരമായ സമീപനം വളര്‍ത്തിക്കൊണ്ടുവരികയും വേണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ വിദേശികളായി നില്‍ക്കുന്നത് അവസാനിപ്പിക്കുകയോ ഹിന്ദുരാഷ്ട്രത്തോട് പൂര്‍ണമായും കീഴൊതുങ്ങി ജീവിക്കുകയോ വേണം. യാതൊരു അവകാശങ്ങളും അവര്‍ ആവശ്യപ്പെടരുത്. അവര്‍ക്കിവിടെ യാതൊരു പരിഗണനയുമുണ്ടാവുകയില്ല. പൗരന്‍മാരുടെ അവകാശങ്ങള്‍ പോലും ആവശ്യപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടാവുകയില്ല. നാം ചിരപുരാതനമായ ഒരു രാഷ്ട്രമാണ്. നമ്മുടെ നാട്ടിൽ ജീവിക്കാൻ തീരുമാനിച്ച വിദേശജാതികളോട് പുരാതന രാജ്യങ്ങൾ ചെയ്യേണ്ടതെന്താണോ അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്.”
(M. S. Golwalkar: We Or Our Nationhood Defined, Bharat Publications, Nagpur 1939 Page 105 )

പൗരത്വഭേദഗതിനിയമം പ്രാബല്യത്തിൽ വരുമ്പോൾ ഗോൾവാൾക്കറിന്റെ ഈ സ്വപ്നമാണ് പൂവണിയുന്നത്. ‘ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് എത്തുന്ന നിലപാട്’ എന്ന ആമുഖത്തോടെയാണ് ഹിന്ദുക്കളെന്ന് തങ്ങൾ കരുതുന്നവർ അല്ലാത്തവരെല്ലാം പൗരാവകാശങ്ങളില്ലാതെ അടിമകളായി ജീവിക്കേണ്ടവരാണെന്ന മനപ്പായസം അദ്ദേഹം അവതരിപ്പിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാണീ ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങൾ? ഇറ്റലിയും ജർമനിയുമെന്ന ഉത്തരമുൾക്കൊള്ളുന്ന നൂറു പുറങ്ങൾക്ക് ശേഷമാണ് ഇന്ത്യയെക്കുറിച്ച തന്റെ സ്വപ്നം ഗോൾവാൾക്കർ തുറന്നു പറയുന്നത്. ചിരപുരാതനമായ സംസ്കാരമുള്ള ഭാരതത്തിൽ വിദേശികൾ എങ്ങനെയാണോ കഴിയേണ്ടത് അങ്ങനെ യാതൊരു പൗരാവകാശങ്ങളുമില്ലാതെ കഴിയേണ്ടവരാണ് ഹിന്ദുക്കളും ബുദ്ധന്മാരും ജൈനന്മാരും സിക്കുകാരുമല്ലാത്ത എല്ലാവരും എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. പൗരത്വവിഷയത്തിൽ മുസ്‌ലിംകൾ സംശയിക്കപ്പെടേണ്ടവരാണെന്നാണ് പറയാതെ പറയുന്ന പൗരത്വഭേദഗതിനിയമം വഴി ഈ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്. പൗരന്മാരുടെ അവകാശങ്ങളൊന്നുമില്ലാതെ ഹിന്ദുരാഷ്ട്രത്തോട് കീഴടങ്ങി ജീവിക്കേണ്ടവരാണ് അവർ എന്ന് തന്നെയാണ് പൗരത്വഭേദഗതിനിയമം പറയാതെ പറയുന്നത്.

സംഘനിർമാതാക്കളുടെ സ്വപ്നസാക്ഷാൽക്കാരത്തിന് ആദ്യം മുസ്‌ലിംകളുടെ മനസ്സിൽ തങ്ങൾ അന്യരാണെന്ന ബോധം സൃഷ്ടിക്കണം; ഇന്ന് നടക്കുന്ന കോലാഹലങ്ങളുടെ ആത്യന്തികമായ ഫലം തങ്ങൾ ഈ രാജ്യത്തിന് വേണ്ടാത്തവരാണെന്ന ബോധം മുസ്‌ലിംമനസ്സിൽ സൃഷ്ടിക്കുകയാണ്. അന്യവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ നശിപ്പിക്കുക എളുപ്പമാണെന്ന് മുസോളനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും പഠിച്ചവർക്ക് നന്നായി അറിയാം. ഒന്നുകിൽ സ്വന്തം വ്യക്തിത്വം പൂർണമായി പണയം വെച്ച് നാട്ടിൽ അടിമകളെപ്പോലെ ജീവിക്കുക; അതല്ലെങ്കിൽ നാടുമായി പോരടിച്ച് മരിക്കുക. മുസ്‌ലിംകൾക്ക് മുമ്പിൽ രണ്ടേ രണ്ട് മാർഗങ്ങളെയുള്ളൂവെന്ന ധാരണയുണ്ടാക്കുവാനാണ് പരിശ്രമങ്ങൾ മുഴുവൻ. ഈ ബോധം കത്തിച്ചുകൊണ്ടിരിക്കുവാനാണ് ഫാഷിസം അതിന്റെ ശക്തമായ ആയുധത്തെ ഉപയോഗിക്കുന്നത്. മീഡിയയാണ് ആ ആയുധം. അടിമകളെ പോലെ ജീവിക്കാൻ തയാറില്ലാത്തവർക്ക് മുമ്പിൽ കലാപങ്ങളുണ്ടാക്കി നശിക്കുകയെന്ന മാർഗം മാത്രമേയുള്ളൂവെന്ന ബോധം അപകടകരമാണ്. ഈ രണ്ട് മാർഗങ്ങൾ മാത്രമല്ല ഉള്ളതെന്നും അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടിയുള്ള നിയതവും നീതിബോധം ജ്വലിപ്പിക്കുന്നതും ശരിയോടൊപ്പം നിൽക്കുന്നവരെയെല്ലാം ഉൾക്കൊള്ളുന്നതുമായ പോരാട്ടത്തിലൂടെ രാഷ്ട്രനിർമ്മിതിയിൽ അർഹമായ പങ്കാളിത്തം നേടിയെടുക്കാനാവുമെന്ന ബോധം സൃഷ്ടിച്ചുകൊണ്ടാവണം നാടിനെ നേടിയെടുക്കാൻ വേണ്ടിയുള്ള ഈ സമരം മുന്നോട്ടുപോകേണ്ടത് എന്ന് പറയുന്നത് അത് കൊണ്ടാണ്.

പോരാടേണ്ടത് നാടുമായിട്ടല്ലെന്നും നാടിനെ നശിപ്പിക്കുന്നതിനുവേണ്ടി നിർമിച്ച നിയമത്തിനെതിരാണെന്നും മുസ്‌ലിംകളടക്കമുള്ള സമരരംഗത്തുള്ളവർ തിരിച്ചറിയുന്നതിനെയാണ് ഫാഷിസം വെറുക്കുന്നത്. ഇന്ത്യക്കാരായി ജനിച്ചവർക്കെല്ലാം ഇവിടെ അഭിമാനകരമായ അസ്തിത്വമുണ്ടാവുന്നതിനു വേണ്ടിയുള്ളതാണ് ഈ പോരാട്ടമെന്ന തിരിച്ചറിവോട് കൂടിയാണ് ഇത് നയിക്കേണ്ടതും നയിക്കപ്പെടേണ്ടതും. മതം തിരിച്ചുള്ള ആർപ്പുവിളികളല്ല, ബഹുസ്വരതയെന്ന നാടിന്റെ സ്വത്വത്തിനുവേണ്ടിയുള്ള നാടിനെ സ്നേഹിക്കുന്നവരുടെ പടഹധ്വനികളാണ് ഇവിടെ ഉയരേണ്ടത്. അറിയുക, പൗരത്വം നിഷേധിക്കപ്പെടേണ്ടവർ മുസ്‌ലിംകൾ മാത്രമാണെന്നല്ല സംഘനിർമാതാക്കൾ സ്വപ്നം കണ്ടിരിക്കുന്നത്. അടുത്തത് ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ്. അവർ കഴിഞ്ഞാൽ ദളിതുകൾക്ക് നേരെയുണ്ടാവാൻ പോകുന്നത് പൗരത്വഭീഷണിയല്ല; അടിമത്വഭീഷണിയാണ്. മനുസ്‌മൃതിയുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെടുന്ന ഭരണഘടനയിലെ ചണ്ഡാളന്റെ സ്ഥാനമെന്തായിരിക്കുമെന്ന് ഊഹിക്കാൻ ആർക്കാണ് കഴിയാത്തത്!!??

നാളെ …
(നാലാം ഭാഗം: മുസ്‌ലിംകളുടെ സമ്പൂർണമായ ഉന്മൂലനം:)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.