പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -2

//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -2
//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -2
ആനുകാലികം

പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ് -2

2) മതനിരപേക്ഷ രാജ്യം വേണ്ട; ഹിന്ദുരാഷ്ട്രം മതി!

വേദങ്ങളിൽ നിന്നോ ഉപനിഷത്തുക്കളിൽ നിന്നോ നിർദ്ധരിച്ചെടുക്കാൻ കഴിയാത്ത ഹിന്ദുരാഷ്ട്രസങ്കല്പം സംഘനിർമാതാക്കൾക്ക് ലഭിച്ചത് ദൈവവിശ്വാസിയല്ലാത്ത വിനായക് ദാമോദർ സവർക്കറിൽ നിന്നാണ്. ‘ഹിന്ദുവെന്നാൽ സിന്ധുനദി മുതൽ സമുദ്രങ്ങൾ വരെയുള്ള ഭാരതവർഷത്തെ തന്റെ പിതൃരാജ്യമായി മനസ്സിലാക്കുകയും തന്റെ മതത്തിന്റെ തൊട്ടിൽദേശമായ ഇതിനെ വിശുദ്ധദേശമായി സ്വീകരിക്കുകായും ചെയ്യുന്നവനാണ്” എന്ന് സവർക്കർ ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാനങ്ങൾ’ (Essentials Of Hindutva) എന്ന തലക്കെട്ടിൽ 1923ൽ എഴുതുകയും ‘ഹിന്ദുത്വ: ആരാണ് ഹിന്ദു?” (Hindutva: Who Is a Hindu?) എന്ന തലക്കെട്ടിൽ 1928ൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ചെറുഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്. മക്കയെ വിശുദ്ധദേശമായി അംഗീകരിക്കുന്ന മുസ്‌ലിംകളും യരുശലേമിനെ പുണ്യപ്രദേശമായി ആദരിക്കുന്ന ക്രിസ്ത്യാനികളും ഈ ഹിന്ദുനിർവചനത്തിന് പുറത്താണ്. ഇന്ത്യയിൽ ജനിച്ച ഹിന്ദുമതത്തിന്റെ വ്യത്യസ്തങ്ങളായ ഉൾപ്പിരിവുകളെയും ജൈനമതത്തെയും ബുദ്ധമതത്തെയും സിക്ക് മതത്തെയുമെല്ലാം ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഹിന്ദുനിർവചനം എന്ന് തുടർപുറങ്ങളിൽ സവർക്കർ തന്നെ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുക്കളുടെയും ജൈനന്മാരുടെയും ബുദ്ധന്മാരുടെയും സിക്കുകാരുടെയും മാത്രം നാടാണ് സംഘനിർമ്മാതാക്കൾ സ്വപ്നം കണ്ട ഹിന്ദുരാഷ്ട്രം എന്നർത്ഥം. ഇന്ത്യയിലുള്ള മുഴുവൻ പേരെയും ഉൾക്കൊള്ളുന്നതാണ് സംഘത്തിന്റെ ഹിന്ദുസങ്കൽപ്പമെന്ന ചാനൽജീവികളുടെ വർത്തമാനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം മാത്രമാണെന്ന് മനസ്സിലാവണമെങ്കിൽ 1947ന് മുൻപ് രചിക്കപ്പെട്ട സംഘസാഹിത്യങ്ങൾ മാത്രം വായിച്ചാൽ മതിയാകും. ഇറ്റലിയിലെയും ജർമനിയിലെയും ഫാഷിസ്റ്റ്-നാസീ ചിന്തകരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപീകരിക്കപ്പെട്ടതും ഭാരതത്തിന്റെ പൈതൃകവുമായി യാതൊരു ബന്ധവുമില്ലാത്തതുമായ ഹിന്ദുത്വപ്രത്യയശാസ്ത്രപ്രകാരം മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമെല്ലാം ഇന്ത്യയുടെ ശത്രുക്കളാണെന്ന് അവ വ്യക്തമായി സമർത്ഥിക്കുന്നുണ്ട്; ഇവയുടെയെല്ലാം ആചാര്യന്മാരും വിശുദ്ധദേശങ്ങളും ഇന്ത്യക്ക് പുറത്തുള്ളതാണെന്നതാണ് അതിനുള്ള ന്യായീകരണം.

സ്വാതന്ത്യദിനത്തിന്റെ തലേന്ന് 1947 ആഗസ്ത് 14ന് പുറത്തിറങ്ങിയ ഓർഗനൈസറിന്റെ ‘എങ്ങോട്ട്’ (Whither) എന്ന തലക്കെട്ടിലെഴുതിയ പത്രാധിപക്കുറിപ്പ് എല്ലാ മതവിശ്വാസികളുമടങ്ങുന്ന ഇന്ത്യയെന്ന മതനിരപേക്ഷസങ്കല്പത്തോടുള്ള സംഘനിലപാടെന്താണെന്ന് അർത്ഥശങ്കക്ക് ഇടനൽകാത്ത വിധത്തിൽ പ്രതിപാദിക്കുന്നുണ്ട്. “ദേശീയത്വത്തെക്കുറിച്ച തെറ്റായ കാഴ്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടാൻ നാം നമ്മെ ഇനിയും ഏറെക്കാലം അനുവദിച്ചുകൂടാ. ഒരുവിധം എല്ലാ മാനസികവിഭ്രാന്തിയും ഇപ്പോഴും ഭാവിയിലും ഉണ്ടാവുന്ന പ്രശ്നങ്ങളും ഇല്ലാതെയാക്കാൻ കഴിയുക ഹിന്ദുക്കൾക്ക് ഹിന്ദുസ്ഥാനിൽ മാത്രമാണ് ഒരു രാഷ്ട്രമുണ്ടാക്കാൻ കഴിയുകയെന്നും സുരക്ഷിതവും ബലവത്തുമായ അടിത്തറകളിൽ തന്നെയാണ് രാഷ്ട്രീയഘടന സ്ഥാപിതമാവേണ്ടത് എന്നുമുള്ള സരളമായ വസ്തുത അംഗീകരിക്കുമ്പോഴാണ്. ഹിന്ദുക്കളാൽ ഹിന്ദുപാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും അഭിലാഷങ്ങളുടെയും മേലായിരിക്കണം രാഷ്ട്രം യഥാരൂപത്തിൽ സ്ഥാപിക്കപ്പെടേണ്ടത്.”

ഭാരതത്തിന്റെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നതാണ് മൂവർണ്ണക്കൊടിയെന്നതിനാൽ നമ്മുടെ ദേശീയപതാകയെ എതിർക്കുവാൻ സന്നദ്ധരായവരാണ് സംഘനേതാക്കൾ. ത്രിവർണപതാകയല്ല, പ്രത്യുത കാവിക്കൊടിയാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദില്ലിയിലെ ചെങ്കോട്ടയിൽ ഉയർത്തേണ്ടതെന്ന് സ്ഥാപിച്ചുകൊണ്ടുള്ള ‘കാവിക്കൊടിക്ക് പിന്നിലെ രഹസ്യം’ (Mystery behind the Bhagwadhawaj) എന്ന ഒരു ലേഖനം തന്നെ 1947 ആഗസ്ത് 14ന് പുറത്തിറങ്ങിയ ഓർഗനൈസറിലുണ്ട്. അതിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: “വിധിവൈപരീത്യത്താൽ അധികാരത്തിൽ വന്നവർ നമ്മുടെ കൈകളിൽ ത്രിവർണപതാക തന്നേക്കാം. എന്നാൽ ഹിന്ദുക്കൾ അതിനെ സ്വീകരിക്കുകയോ ആദരിക്കുകയോ ചെയ്യുകയില്ല. മൂന്ന് എന്ന അക്ഷരം തന്നെ ഒരു തിന്മയാണ്. മൂന്ന് നിറങ്ങളുള്ള പതാക വളരെ മോശമായ മാനസികസ്വാധീനമുണ്ടാക്കുകയും അത് നാടിന് ഹാനികരമായിത്തത്തീരുകയും ചെയ്യുമെന്നുറപ്പാണ്”

മതനിരപേക്ഷതയെക്കുറിച്ച് പറയുമ്പോഴെല്ലാം സംഘനേതാക്കൾ കപടമതേതരത്വം എന്നേ പറയാറുള്ളൂവെന്ന് അവരുടെ എഴുത്തുകളും പ്രസംഗങ്ങളും മീഡിയകളിലെ ഇടപെടലുകളും ശ്രദ്ധിച്ചാൽ മനസ്സിലാവും. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമില്ലാത്ത ഇന്ത്യയെന്ന സംഘത്തിന്റെ മാത്രം ഹിന്ദുരാഷ്ട്രത്തെ സ്വപ്നം കാണുവാനും അതിന്റെ നിർമ്മിതിക്കായി ജീവത്യാഗം ചെയ്യുവാനുമാണ് അവർ ശാഖകളിലൂടെ സാധാരണ പ്രവർത്തകരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശാഖകളിൽ ദിനേന നിർവഹിക്കുന്ന പ്രാർത്ഥനയുടെ സാരം നോക്കുക: “വാത്സല്യനിധിയായ മാതൃഭൂമിയേ, എന്നെന്നേക്കുമായി ഞാൻ നിന്നെ വണങ്ങുന്നു; ഹിന്ദുക്കളുടെ ദേശമേ, സൗകര്യങ്ങളോടെ നീയെന്നെ വളർത്തി വലുതാക്കി; സുകൃതങ്ങളുടെ മഹത്തായ സ്രഷ്ടാവായ പുണ്യഭൂമിയേ, എന്റെ ഈ ശരീരം ഞാൻ നിനക്കായി സമർപ്പിക്കട്ടയോ; ഞാൻ വീണ്ടും വീണ്ടും നിന്റെ മുമ്പിൽ നമിക്കുന്നു; സർവശക്തനായ ദൈവമേ, ഹിന്ദുരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമായ ഞങ്ങൾ നിന്റെ മുമ്പിൽ അഭിവാദ്യം ചെയ്യുന്നു; നിനക്കായി ഞങ്ങൾ ഞങ്ങളുടെ അരക്കെട്ടുകൾ മുറുക്കിക്കഴിഞ്ഞു; അതിന്റെ സാക്ഷാൽക്കാരത്തിനായി നിന്റെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകിയാലും” (RSS, Shakha Darshikha, Gyan Ganga, Jaipur, 1997, Page 1)

സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന ഭാരതത്തിന്റെ ബഹുസ്വരസംസ്കാരത്തെ നശിപ്പിച്ചുകൊണ്ടല്ലാതെ ഹിന്ദുരാഷ്ട്രനിർമ്മിതി സാധ്യമല്ലെന്ന് സംഘനേതാക്കൾക്ക് നന്നായറിയാം. സവർക്കർ സ്വപ്നം കണ്ട ഇന്ത്യയിലുണ്ടാവേണ്ടവരെയെല്ലാം ഇപ്പോൾ അവതരിപ്പിക്കപ്പെട്ട പൗരത്വഭേദഗതി ബില്ലിൽ ഇന്ത്യയുടെ പൗരന്മാരാകാൻ അർഹതയുള്ളവരായി എണ്ണിയിട്ടുണ്ട്. ഭാരതത്തിന്റെ ബഹുസ്വരതയെ തകർക്കുകയെന്ന ലക്ഷ്യത്തോട് കൂട്ടിത്തന്നെയാവണം ഇത് ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികൾ മാത്രമാണ് ഇതിന്നപവാദം; അവരെ പൗരന്മാരാകാൻ തൽക്കാലം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലുണ്ടാവരുതെന്ന് സവർക്കർ ആഗ്രഹിച്ചവരാണ് അവരും. അവർക്കു കൂടി പൗരത്വം നൽകാനുള്ള ബില്ലിലെ വ്യസ്ഥക്കുപിന്നിൽ ഒരേ സമയം തന്നെ രണ്ട് പേരെ ശത്രുക്കളാക്കാൻ പാടില്ലെന്ന യുദ്ധതന്ത്രമായിരിക്കാം. ഗുരുജി ഗോൾവാൾക്കറുടെ വിചാരധാര പ്രകാരം ആന്തരിക ശത്രുക്കളിലെ ആദ്യ വിഭാഗമായ മുസ്‌ലിംകൾ കഴിഞ്ഞാൽ രണ്ടും മൂന്നും വിഭാഗമായി എണ്ണിയിരിക്കുന്നത് ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയുമാണ്. ഇക്കാര്യം ‘ബില്ല് ഞങ്ങൾക്കെതിരല്ലല്ലോ’ എന്ന് സമാശ്വസിക്കുന്നവരെല്ലാം മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്.

നാളെ …
(മൂന്നാം ഭാഗം: ഹിന്ദുക്കളല്ലാത്തവരെ പൗരന്മാരല്ലാതാക്കാൻ…)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.