പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ്…

//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ്…
//പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ്…
ആനുകാലികം

പൗരത്വഭേദഗതിനിയമം; സംഘസ്വപ്നങ്ങളുടെ പൂർത്തീകരണത്തിനുള്ളതാണ്…

2025 വിജയദശമി ദിനം …

രാഷ്ട്രീയസ്വയം സേവക് സംഘത്തിന്റെ നൂറാം വാർഷികത്തിന് ഇനി അഞ്ചു വർഷങ്ങൾ മാത്രം! ഇന്ത്യയെ ഒരു സമ്പൂർണ ഹിന്ദു രാഷ്ട്രമാക്കണമെന്ന സംഘത്തിന്റെ ലക്‌ഷ്യം അന്നേക്ക് പൂർത്തീകരിക്കപ്പെടുമെന്നാണ് സംഘബുദ്ധിജീവികൾ കരുതുന്നത്. അതിന്നു വേണ്ടിയുള്ള ആസൂത്രണത്തിലാണ് പതിറ്റാണ്ടുകളായി സംഘകുടുംബം. ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നീ രാജ്യത്തിന്റെ മൂന്നു തൂണുകളും ഏകദേശം സംഘവൽക്കരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് സമീപകാല സംഭവങ്ങൾ വിളിച്ചോതുന്നു. രാഷ്ട്രസംവിധാനങ്ങൾക്ക് പുറത്ത് ജനാധിപത്യത്തിന്റെ മൂന്നാം കണ്ണായി വർത്തിക്കേണ്ട മാധ്യമങ്ങളെയും സംഘം വിലക്കെടുത്തുകഴിഞ്ഞു. ഇനി വേണ്ടത് പ്രകടമായ പ്രയോഗവൽക്കരണമാണ്. അതിനുള്ള ഒരുക്കത്തിലാണ് സംഘകുടുംബം. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയത് മുതൽ കാശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞത് വരെ അതിന്റെ ആമുഖനടപടികളായിരുന്നു. പൗരത്വനിയമഭേദഗതിയിൽ നിന്ന് തുടങ്ങി ദേശീയ ജനസംഘ്യാപട്ടികയിൽ എത്തുന്നതോടെ അത് പൂർണമാകും. അപ്പോഴേക്ക് ഇന്ത്യ ഒരു സമ്പൂർണ ഹിന്ദുരാഷ്ട്രമാകുമെന്നാണ് സംഘബുദ്ധിജീവികളുടെ കണക്കുകൂട്ടൽ. അതിനായുള്ള ആസൂത്രണങ്ങളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്.

സംഘകുടുംബത്തിന്റെ ഹിന്ദുരാഷ്ട്രസങ്കൽപ്പത്തിന് വേദോപനിഷത്തുക്കളുടെ സനാതനധർമവുമായി എന്തെങ്കിലും ബന്ധങ്ങളുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ അവർ തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനായി ഉദ്ധരിക്കേണ്ടിയിരുന്നത് വൈദികഗ്രൻഥങ്ങളെയോ ഇതിഹാസങ്ങളെയോ ഭഗവദ്ഗീതയെയോ ചുരുങ്ങിയത് സ്‌മൃതികളെങ്കിലുമോ ആകേണ്ടിയിരുന്നു. എന്നാൽ സവർക്കർ മുതൽ ഗോൾവാൾക്കർ വരെയും എം.ജി വൈദ്യ മുതൽ പി. പരമേശ്വരൻ വരെയുമുള്ള മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ സംഘബുദ്ധിജീവികളൊന്നും അവരുടെ രചനകളിൽ തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനായി ഈ ഗ്രന്ഥങ്ങളിലേതെങ്കിലും ഉദ്ധരിക്കുന്നതായി നാം കാണുന്നില്ല. അവർ ഉദ്ധരിച്ചിരിക്കുന്നതെല്ലാം ഇറ്റലിയിലും ജർമനിയിലും ജീവിച്ച തീവ്രദേശീയവാദികളെയാണ്. ഇതിന്നർത്ഥം സംഘത്തിന്റെ തത്വശാസ്ത്രത്തിന് വേദവ്യാസൻ മുതൽ മഹാത്മാഗാന്ധി വരെയും വാൽമീകി മഹർഷി മുതൽ ശ്രീനാരായണ ഗുരുവരെയും പിൻതുടർന്ന സനാതനധർമ്മവുമായി യാതൊരു ബന്ധവുമില്ലെന്നാണ്.

ഹിന്ദുത്വമെന്ന ആശയത്തിന് ആരോടെങ്കിലും ബന്ധമുണ്ടെങ്കിൽ അത് യൂറോപ്പിൽ ജനിക്കുകയും അധീശത്വത്തിന്റെ യൂറോപ്യൻ ചിന്താഗതിയെ ആവാഹിക്കുകയും ചെയ്ത ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ചിന്തകരുമായാണ്. തികച്ചും വൈദേശികമാണ് ഹിന്ദുത്വമെന്ന ആശയമെന്നും ഹിന്ദുമതവുമായി അതിന് ബന്ധമൊന്നുമില്ലെന്നുമാണ് ഇതിനർത്ഥം. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമതവിശ്വാസികളെ സ്വാധീനിക്കുവാൻ അതിന് കഴിയാത്തത്. വേദവിശ്വാസികളായ യഥാർത്ഥ ഹിന്ദുക്കൾ അതിന്റെ വിമർശകരാവുന്നതും അത് കൊണ്ട് തന്നെ.

പൗരത്വനിയമ ഭേദഗതി ഇന്ത്യൻ പൗരന്മാരെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്ന് പ്രചരിപ്പിക്കുന്നവരും അവരുടെ പ്രചാരണത്തിൽ അകപ്പെട്ടവരും മനസ്സിലാക്കേണ്ടത് വർണാശ്രമവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ രാഷ്ട്രനിർമിതിയെന്ന സംഘസ്വപ്നത്തിന്റെ ഒന്നാമത്തെ പടിയാണിതെന്ന സത്യമാണ്. ഈ ഒന്നാം പടി എങ്ങനെയെങ്കിലും കയറിക്കഴിഞ്ഞാൽ മറ്റു പടികൾ കയറുക എളുപ്പമായിരിക്കും എന്ന് സംഘബുദ്ധിജീവികൾക്ക് നന്നായറിയാം. പൗരത്വഭേദഗതി നിയമം സംബന്ധിച്ച ചർച്ചകൾ പൊടിപൊടിക്കുകയും അത് നിയമമാക്കുകയും ചെയ്യുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണ്?

ഒന്ന്) മതനിരപേക്ഷത തകർക്കപ്പെടുക വഴി ഭരണഘടനയുടെ അടിത്തറ ഇളകുകയും നിയമവാഴ്ച ഇല്ലാതാവുകയും ചെയ്യുന്നു.

രണ്ട്) ഇന്ത്യൻ പൗരന്മാരെല്ലാം തുല്യരാണെന്ന രാഷ്ട്രഘടനയുടെ അടിസ്ഥാന തത്ത്വം തകർക്കപ്പെടുന്നു.

മൂന്ന്) പൗരന്മാർക്കിടയിൽ മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരും എന്ന അപകടകരമായ വേർതിരിവ് ഉണ്ടാവുന്നു.

നാല്) നുഴഞ്ഞുകയറ്റക്കാരനാണെന്ന് ഏതൊരു മുസ്‌ലിമിനെക്കുറിച്ചും ആർക്കും ആരോപിക്കാവുന്ന സ്ഥിതിയുണ്ടാവുന്നു.

അഞ്ച്) മറ്റുള്ളവരുടെ ഔദാര്യത്താൽ മാത്രം ഇന്ത്യയിൽ ജീവിക്കേണ്ടവരാണ് മുസ്‌ലിംകൾ എന്ന വിചാരമുണ്ടാവുന്നു.

ആറ്) നാടിന്റെ ശത്രുക്കളാണെന്ന് സംശയിക്കപ്പെടേണ്ടവരാണ് മുസ്‌ലിംകൾ എന്ന പൊതുബോധം വളരുന്നു.

ഏഴ്) ഏത് സമയത്തും പുറത്താക്കപ്പെടാവുന്നവരാണ് തങ്ങളെന്ന ബോധം മുസ്‌ലിംകൾക്കിടയിൽ ഉണ്ടാവുന്നു.

എട്ട്) രാഷ്ട്രനിർമാണപ്രക്രിയകളിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന ബോധം മുസ്‌ലിംകളെ ബാധിക്കുന്നു.

പൗരത്വനിയമഭേദഗതി എങ്ങനെയാണ് സംഘകുടുംബത്തിന്റെ ഹിന്ദുരാഷ്ട്രനിർമിതിയുമായി ബന്ധപ്പെടുന്നത് എന്നറിയണമെങ്കിൽ സംഘബുദ്ധിജീവികളുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നമെന്തായിരുന്നുവെന്ന് മനസ്സിലാക്കണം. അത് മനസ്സിലാക്കുമ്പോഴാണ് എത്ര സമർത്ഥമായാണ് ഇവരുടെ പദ്ധതികളെല്ലാം ആസൂത്രണം ചെയ്യപ്പെടുന്നതെന്ന് അറിയാൻ കഴിയുക.

1) ഭരണഘടനയെ തകർക്കുക.

മതസ്വാതന്ത്ര്യത്തിലും അവസരസമത്വത്തിലും അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയെ അതുണ്ടായ കാലം മുതൽ വിമർശിക്കുന്നവരാണ് സംഘബുദ്ധിജീവികൾ. സംഘസാഹോദര്യത്തിന്റെ ഏറ്റവും വലിയ ഗുരുജിയായ മാധവ സദാശിവ ഗോൾവാൾക്കർ തന്റെ ‘വിചാരധാര’യിൽ പറയുന്നത് ഇങ്ങനെയാണ്: “പാശ്ചാത്യരാജ്യങ്ങളിലെ വ്യത്യസ്ത ഭരണഘടനകളിലെ വിവിധ വകുപ്പുകളുടെ ഒരു സമ്മിശ്രം മാത്രമാണ് നമ്മുടെ ഭരണഘടന. നമ്മുടേതെന്ന് വിളിക്കാനാകുന്ന യാതൊന്നും തന്നെ യഥാർത്ഥത്തിൽ അതിലില്ല. നമ്മുടെ ദേശീയദൗത്യമെന്താണെന്നും നമ്മുടെ ജീവിതത്തിലെ സാരാംശമെന്താണെന്നും വ്യക്തമാക്കുന്ന മാർഗനിർദേശകതത്ത്വങ്ങളെക്കുറിച്ച ഒരു പരാമർശമെങ്കിലും അതിലുണ്ടോ?” (M.S. Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, Page 238)

ഇന്ത്യയുടെ ഭരണഘടനാ നിർമാണസമിതി(Constituent Assembly of India (CA)യിലെ 284 അംഗങ്ങൾ രണ്ട് വർഷങ്ങളും പതിനൊന്ന് മാസങ്ങളും പതിനെട്ട് ദിവസങ്ങളും രാപ്പകലില്ലാതെ എന്ന് പറയാവുന്ന രീതിയിൽ ഒരുമിച്ച് കൂടി ഓരോ വകുപ്പുകളെയും കുറിച്ച ദീർഘമായ ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തി കഠിനാദ്ധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്തതാണ് നമ്മുടെ ഭരണഘടന. അതിനെക്കുറിച്ച് ‘നമ്മുടേതെന്ന് വിളിക്കാനാകുന്ന യാതൊന്നും തന്നെ യഥാർത്ഥത്തിൽ അതിലില്ല’യെന്ന് സംഘഗുരുജി പറഞ്ഞത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മുകളിലുള്ള ഗോൾവാൾക്കറുടെ ഉദ്ധരണിയിലെ അവസാനത്തെ വാചകം. ‘നമ്മുടെ ദേശീയദൗത്യമെന്താണെന്നും നമ്മുടെ ജീവിതത്തിലെ സാരാംശമെന്താണെന്നും വ്യക്തമാക്കുന്ന മാർഗനിർദേശകതത്ത്വങ്ങളെക്കുറിച്ച’ പരാമർശങ്ങളൊന്നും അതിലില്ല; ഭരണഘടനയെക്കുറിച്ച അദ്ദേഹത്തിന്റെ കാര്യമായ ആവലാതിയാണിത്. ഏതാണീ മാർഗനിർദേശകതത്വങ്ങൾ? 1949 നവംബർ 26 ന് ഭരണഘടനാ നിർമാണസമിതിയിലെ മുഴുവൻ അംഗങ്ങളും ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവെച്ച് മൂന്നു ദിവസങ്ങൾക്ക് ശേഷം, 1949 നവംബർ മുപ്പതിന് പുറത്തിറങ്ങിയ ആർഎസ്എസിന്റെ മുഖപത്രമായ ‘ഓർഗനൈസർ’ വാരികയുടെ പത്രാധിപക്കുറിപ്പ് അവരുടെ ഗുരുജി ഉദ്ദേശിച്ച മാർഗനിർദേശകതത്ത്വങ്ങൾ എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: “പക്ഷെ, നമ്മുടെ ഭരണഘടനയിൽ പുരാതന ഭാരതത്തിലെ അദ്വിതീയമായ ഭരണഘടനാവളർച്ചയെക്കുറിച്ച പരാമർശങ്ങളൊന്നുമില്ല. സ്പാർട്ടയിലെ ലികുർഗ്സോ പേർഷ്യയിലെ സോളോണോ ഉണ്ടാകുന്നതിന് ഏറെക്കാലങ്ങൾക്ക് മുൻപ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങൾ. മനുസ്‌മൃതിയിലൂടെ പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തിന്റെ നിയമങ്ങൾ ഇന്നേ വരെ ലോകത്തിന്റെ ആദരവിന് കാരണമാവുകയും നൈസർഗികമായ അനുസരണവും അനുവർത്തനവും ഉൽപാദിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. പക്ഷെ, നമ്മുടെ ഭരണഘടനാപണ്ഡിതന്മാർക്ക് അവയെല്ലാം അർത്ഥമില്ലാത്തതാണ്”

നൈസർഗികമായ അനുസരണവും അനുവർത്തനവും ഉത്പാദിപ്പിക്കുന്ന നിയമവ്യവസ്ഥയേതാണ്? തന്റെ വിചാരധാരയിൽ സംഘഗുരുജി അത് വിശദമായി ഉപന്യസിക്കുന്നുണ്ട്. വർണാശ്രമവ്യവസ്ഥയുടെ നന്മകളെക്കുറിച്ചുള്ള ആ ഉപന്യാസം ഭാരതത്തിലുണ്ടായതെല്ലാം ശരിയാണെന്ന് കരുതുന്നവരെയേ ആവേശം കൊള്ളിക്കുകയുള്ളൂവെന്ന് മാത്രമേയുള്ളൂ. ചാതുർവർണവ്യവസ്ഥയിൽ അധിഷ്ഠിതമാകണം ഇന്ത്യയുടെ ഭരണഘടനയെന്നാണ് സംഘസ്വപ്നം. സ്ഥിതിസമത്വത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ നിലവിലുള്ള ഭരണഘടനയെ തകർത്ത് മാത്രമേ അത് സാധ്യമാവൂ.

നിലവിലുള്ള ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തകർക്കുകയാണ് ഭരണഘടനയെ തകർക്കുന്നതിന് ആദ്യപടി. തികഞ്ഞ മതനിരപേക്ഷതയുടെ ചൂളയിൽ ചുട്ടെടുത്ത ഭരണഘടനയിലെ വകുപ്പുകളിലൊന്നും മതപരമായ വിവേചനങ്ങൾ കാണുകയില്ല. പൗരന്മാരെ മതം തിരിച്ച് വേർതിരിക്കുന്ന പൗരത്വഭേദഗതി നിയമം മതനിരപേക്ഷതയെന്ന ഭരണഘടനയുടെ അടിവേരിനെയാണ് മുറിക്കുന്നത്. മുഴുവൻ പൗരന്മാർക്കും തണൽ നൽകുന്ന ഭരണഘടനയുടെ സ്വാഭാവികമായ നാശമാണ് അത് മുറിക്കുന്നതിലൂടെ സംഭവിക്കുക. വർണാശ്രമവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടനാനിർമിതിയുടെ തുടക്കമാണിത്. ‘മഹാനായ ഡോ. അംബേദ്ക്കർ ഭരണഘടനയെഴുതിയുണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മൾക്കതിൽ മാറ്റം വരുത്തേണ്ടതുണ്ട്; പുതിയ ബില്ലുകളിലൂടെ അത് നമുക്ക് പ്രാവർത്തികമാക്കണം” എന്ന മഹാരാഷ്ട്രാ ബിജെപി നേതാവും മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെയുടെ കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന ഇതോട് ചേർത്ത് വായിക്കുക. (“Pankaja Munde sparks row with her remarks on the constitution” Apr 16, 2019 https://mumbaimirror.indiatimes.com/)

നാളെ …
(രണ്ടാം ഭാഗം: ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള ഒന്നാം പടി …)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.