പൗരത്വബിൽ; രാഷ്ട്രനേതാക്കൾ ചരിത്രം പഠിക്കട്ടെ !

//പൗരത്വബിൽ; രാഷ്ട്രനേതാക്കൾ ചരിത്രം പഠിക്കട്ടെ !
//പൗരത്വബിൽ; രാഷ്ട്രനേതാക്കൾ ചരിത്രം പഠിക്കട്ടെ !
ആനുകാലികം

പൗരത്വബിൽ; രാഷ്ട്രനേതാക്കൾ ചരിത്രം പഠിക്കട്ടെ !

“ചിലർ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിൻറെ ദുരന്തമാണിത്.” പൗരത്വബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ശശി തരൂർ എംപി, നമ്മുടെ ആഭ്യന്തര മന്ത്രിയെ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞതാണിത്. തരൂരിന്റെ അർത്ഥപൂർണമായ ആക്ഷേപഹാസ്യം. ഇന്ത്യയുടെ ചരിത്രം പഠിച്ചവർക്കൊന്നും നമ്മുടെ ബഹുസ്വരതാസംസ്കാരത്തെ തകർക്കുന്ന പൗരത്വബില്ലിനെപ്പോലെയുള്ള വിലക്ഷണനിയമങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്ന സന്ദേശം നൽകുന്ന പരാമർശം. യഥാർത്ഥത്തിൽ ചരിത്രക്ലാസിലെ ഉറക്കമല്ല, ചരിത്രത്തെ ബോധപൂർവ്വം തമസ്കരിക്കാനായി സംഘക്ലാസുകളിൽ നിന്ന് ചെറുപ്പം മുതലേ ലഭിക്കുന്ന പരിശീലനമാണ് ഇവിടെയെല്ലാം പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന് അറിയാതെയുള്ളതല്ല ഈ ആക്ഷേപഹാസ്യം. ബോധപൂർവ്വമായ ചരിത്രത്തിന്റെ തമസ്കരണം സംഘബുദ്ധിജീവികളെ പഠിപ്പിച്ചത് ഭിന്നിപ്പിച്ച് ഭരിക്കാൻ വേണ്ടി ചരിത്രരചന നിർവഹിച്ച വെള്ളക്കാരുടെ ഔദ്യോഗിക ചരിത്രമെഴുത്തുകാരാണ്. ഇന്ത്യാചരിത്രത്തെ മൂന്നായി പകുക്കുകയും പുരാതന ഇന്ത്യയുടെ നന്മകളെ തകർത്തത് മധ്യകാലത്ത് ഇങ്ങോട്ട് കടന്നുവന്ന മുസ്‌ലിംകളാണ് എന്നും അവരിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച പോർച്ചിഗീസുകാർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ളവരാണ് ആധുനികഇന്ത്യയിലെ നന്മകളുടെ മുഴുവൻ ദാതാക്കൾ എന്നുമുള്ള പച്ചക്കള്ളത്തിന് ചരിത്രത്തിന്റെ പരിവേഷം നൽകുകയും ചെയ്ത ജെയിംസ് മിൽ മുതലുള്ള യൂട്ടിലിറ്റീരിയൻമാരെഴുതിയ ചരിത്രം തന്നെയാണ് നാം സർക്കാർ വിദ്യാലയങ്ങളിൽ പോലും പഠിപ്പിക്കുന്നത്. ഈ വിഷചരിത്രത്തെ തങ്ങളുടെ പൊടിപ്പും തൊങ്ങലും കൂടി കലർത്തി പഠിപ്പിച്ചുകൊണ്ടാണ് സംഘക്ലാസുകളിൽ പൈതങ്ങളുടെ മനസ്സുകളിൽ പോലും മുസ്‌ലിംവിരോധത്തിന്റെ ബീജാവാപം നടത്തുന്നത്. ചെറുപ്പത്തിലേ മനസ്സുകളിൽ കുടിയേറ്റപ്പെടുന്ന ഈ മുസ്‌ലിംവിരോധം മൂർച്ഛിച്ച് ഭീഭത്സരൂപം പ്രാപിക്കുമ്പോഴാണ് മുസ്‌ലിംകളെ കുടിയിറക്കണമെന്ന ചിന്തയിലേക്ക് യുവാക്കൾ എത്തുന്നത്. ചരിത്രത്തിന്റെ ബോധപൂർവമായ വളച്ചൊടിക്കലിന്റെ സ്വാഭാവികമായ അനുരണങ്ങളാണ് പാർലിമെന്റിൽ മുതൽ അങ്ങാടികളിൽ വരെ ആളിക്കത്തുന്ന മുസ്‌ലിംവിരോധമെന്നതാണ് സത്യം. ഫാഷിസത്തിനെതിരെയുള്ള ബൗദ്ധികപ്രതിരോധം തുടങ്ങേണ്ടത് ചരിത്രപാഠപുസ്തകങ്ങളിൽ നിന്നാണ് എന്നർത്ഥം.

പ്രവാചകന്റെ കാലത്തിനു മുമ്പുതന്നെ അറേബ്യയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്ന മലബാര്‍ തീരത്തേക്ക് അക്കാലത്തുതന്നെ ഇസ്‌ലാം എത്തിയിരിക്കണമെന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായുള്ള നിഗമനം. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദുമായി ബന്ധപ്പെട്ട രേഖകള്‍ പറയുന്നത് ക്രിസ്താബ്ദം 621ല്‍ അത് നിര്‍മ്മിച്ചുവെന്നാണ്. കാസര്‍ഗോഡ് മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള പതിനൊന്ന് സ്ഥലങ്ങളില്‍ രാജകീയമായ അംഗീകാരത്തോടെയും സഹകരണത്തോടെയും മാലിക് ദീനാറും കൂട്ടരും സ്ഥാപിച്ച പള്ളികളാണ് ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക പ്രബോധന കേന്ദ്രങ്ങള്‍. പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നാണ് ഇസ്‌ലാമിക സിദ്ധാന്തങ്ങളുടെ സൗരഭ്യവും സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ക്കര്‍ഹനെന്ന തത്വത്തിന്റെ പ്രയോഗവും മാനവസാഹോദര്യത്തിന്റെ ഇസ്‌ലാമിക മാതൃകയും ഭാരതീയര്‍ അറിയാനും അനുഭവിക്കാനുമാരംഭിച്ചത്. സൃഷ്ടിപൂജയില്‍ നിമഗ്നരാവുകയും തൊട്ടുകൂടായ്മയുടെ ഭാരത്താല്‍ പൊറുതിമുട്ടുകയും ചെയ്തിരുന്ന ഭാരതീയ സാമൂഹ്യക്രമത്തിലേക്ക് ഇസ്‌ലാം കടന്നുവന്നത് രക്തമൊലിപ്പിക്കുന്ന ഖഡ്ഗവുമായിക്കൊണ്ടായിരുന്നില്ല; ദൈവിക ബോധനത്താല്‍ നിര്‍മ്മലമായിത്തീര്‍ന്ന മനസ്സുകളുടെ ഉടമസ്ഥരില്‍ നിന്ന് നിര്‍ഗ്ഗമിച്ച സ്‌നേഹത്തിന്റെയും ശാന്തിയുടെയും നീരൊഴുക്കായിക്കൊണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ തുടങ്ങി കേരളവും തമിഴ്‌നാടും കര്‍ണ്ണാടകയും ആന്ധ്രയുമടങ്ങുന്ന അന്നത്തെ തമിഴകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കും പിന്നീട് ഉത്തരേന്ത്യയിലേക്കും ഇസ്‌ലാം കടന്നുവന്നത് സ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടതെന്ന തത്വത്തിന്റെ ധൈഷണിക സമര്‍ത്ഥനത്തോടെയും ഒരേയൊരു ദൈവം ഒരൊറ്റ ജനതയെന്ന ഇസ്‌ലാമിക സാമൂഹ്യക്രമത്തിന്റെ പ്രയോഗവല്‍ക്കരണത്തോടെയുമായിരുന്നു. ഇസ്‌ലാം ഇങ്ങോട്ടു വന്നതും വളര്‍ന്നതുമെല്ലാം തികച്ചും സാമാധാനപരമായിട്ടായിരുന്നുവെന്ന് സാരം. അറബ് നാടുകളില്‍ നിന്ന് രാഷ്ട്രവികസനം ലക്ഷ്യമാക്കിയുളള രാജാക്കന്‍മാരുടെ വരവുണ്ടാകുന്നതിന് ഒരു നൂറ്റാണ്ട് മുമ്പുതന്നെ തികച്ചും സമാധാനപരമായി ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിക്കുകയും ശക്തമായ ഒരു ഇസ്‌ലാമിക സമൂഹം ഇവിടെ വളര്‍ന്നുവരികയും ചെയ്തിരുന്നു.
ആര്യന്‍മാരും ദസ്യൂക്കുകളും നന്ദന്‍മാരും മൗര്യന്‍മാരും സുംഗന്‍മാരും കലിംഗന്‍മാരും ശതവാഹനന്‍മാരും പാഞ്ചാലന്‍മാരും മധുരന്‍മാരും ഗുപ്തന്‍മാരും പാലന്‍മാരും രാഷ്ട്രകൂടന്‍മാരും ഗുര്‍ജ്ജാര പ്രതിഹാരന്‍മാരുമെല്ലാം തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ വികസിപ്പിക്കുവാനും മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അധീശത്വം സ്ഥാപിക്കുവാനും ശ്രമിച്ചതിന്റെ തുടര്‍ച്ചയായാണ് അറബ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് രാഷ്ട്രവികസനമെന്ന ലക്ഷ്യവുമായി അവിടുത്തെ ഭരണാധികാരികള്‍ കടന്നു വന്നത്. അമവിയ്യാ ഭരണകാലത്ത് ക്രിസ്താബ്ദം 664ല്‍ മുഹല്ല്ബ്‌നു അബീസുഫ്രയുടെ നേതൃത്വത്തില്‍ പഞ്ചാബിലെ മുല്‍ത്താനില്‍ നടത്തിയ ആക്രമണമാണ് അറബ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യത്തെ രാജകീയ മുന്നേറ്റം. സിന്ധു നദീതടത്തിലെ സിന്ധുവും മുള്‍ത്താനും കീഴടക്കികൊണ്ട് ക്രിസ്താബ്ദം 738ല്‍ ഹജ്ജാജ്ബ്‌നു യൂസഫിന്റെ നിര്‍ദേശപ്രകാരം അമവിയ്യാ സൈന്യാധിപനായ മുഹമ്മദ് ബ്‌നു ഖാസിം നടത്തിയ മുന്നേറ്റമാണ് ഇന്ത്യയില്‍ അറബ് ഭരണത്തിന് തുടക്കം കുറിച്ചത്.
ഗസ്‌നവി സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന മഹ്‌മൂദ്‌ ഗസ്‌നിയുടെ കാലത്ത് തെക്കേ ഏഷ്യയിലേക്ക് തന്റെ സാമ്രാജ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം നടത്തിയ പതിനേഴ് സൈനിക മുന്നേറ്റങ്ങളില്‍ മിക്കതും ഇന്ത്യയിലെ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിലാണ് കലാശിച്ചത്. 1206 ജൂണ്‍ പന്ത്രണ്ടിന് തുടങ്ങിയ ഖുത്ബുദ്ദീന്‍ ഐബക്കിന്റെ ഡല്‍ഹി ഭരണം കേവലം നാലു വര്‍ഷം മാത്രമേ നിലനിന്നുള്ളുവെങ്കിലും അവിടെനിന്ന് തുടങ്ങിയ ദല്‍ഹി സുല്‍ത്താന്‍മാരുടെ ഭരണം മൂന്ന് നൂറ്റാണ്ടോളം നിലനിന്നു. മംലൂക്കുകളും ഖില്‍ജിമാരും തുഗ്ലക്കുമാരും സയ്യിദുമാരും ലോദിമാരുമെല്ലാം ക്രിസ്താബ്ദം 1526വരെ ഡല്‍ഹി ഭരിച്ചു. ആ വര്‍ഷം നടന്ന ഒന്നാം പാനിപത്ത് യുദ്ധത്തില്‍ ഇബ്രാഹീം ലോദിയെ പരാജയപ്പെടുത്തികൊണ്ട് ബാബര്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുന്നതോടെ ദല്‍ഹി സുല്‍ത്താനത്തിന് അന്ത്യമാവുകയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളെകൂടി ഉള്‍ക്കൊണ്ടുള്ള കുറേകൂടി വിപുലമായ മുഗള്‍ സാമ്രാജ്യത്തിന്റെ തുടക്കമാവുകയും ചെയ്തു. 1707 ല്‍ ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് മരണപ്പെടുന്നതിന് മുമ്പ് ആധുനിക ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും മുഗള്‍ സാമ്രാജ്യത്തിന് കീഴില്‍വന്നിരുന്നു. പൊതുസ്വത്തില്‍ നിന്ന് സ്വന്തം ജീവിതാവശ്യങ്ങള്‍ക്കുപോലും ഒന്നും സ്വീകരിക്കാതെ, തൊപ്പി തുന്നിയും ക്വുര്‍ആന്‍ പകര്‍ത്തിയെഴുതിയും സ്വന്തത്തിന്റെയും കുടുംബത്തിന്റെയും ജീവസന്ധാരണ മാര്‍ഗ്ഗം കണ്ടെത്തിയ ഔറംഗസീബിന്റെ കാലത്താണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത്. ഇരുപത്തിനാല് പ്രവിശ്യകളില്‍ നിന്നുമായി 1697ല്‍ പിരിച്ചെടുത്തത് നാൽപ്പത്തിയഞ്ച് കോടിയോളം പൗണ്ടിന് തുല്യമായ തുകയായിരുന്നുവെന്ന് സര്‍ വില്യം വില്‍സണ്‍ ഹണ്ടര്‍ തന്റെ ദി ഇന്ത്യന്‍ എംപയര്‍, ഇറ്റ്‌സ് പീപ്പിള്‍, ഹിസ്റ്ററി ആന്റ് പ്രോഡക്റ്റ്‌സ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇത് അന്നത്തെ ലൂയിസ് പതിനാലാമന്റെ കാലത്തെ ഫ്രാന്സിലേതിന്റെ പത്തിരട്ടിയായിരുന്നുവെന്ന് മനസ്സിലാക്കണം. 1707 മാർച്ച് മൂന്നാം തിയതി ഔറംഗസീബ് മരണപ്പെടുമ്പോൾ 24.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായിത്തീർന്നത് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇന്ത്യയെ പരമാവധി കൊള്ള ചെയ്ത ബ്രിട്ടീഷുകാർ അതിനെ തകർത്ത് 4.2 ശതമാനം ജിഡിപിയാക്കിക്കൊണ്ടാണ് ഇന്ത്യ വിട്ടത്. ക്രൂരതയിലധിഷ്ഠിതമായ ബ്രിട്ടീഷ്‌തന്ത്രങ്ങൾക്കു മുന്നിൽ അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് പിടിച്ച് നിൽക്കാനായില്ല. അവരൊന്നും തന്നെ വേണ്ടത്ര പ്രഗല്‍ഭരല്ലാത്തതിനാല്‍ സ്വാഭാവികമായും മുഗള്‍ സാമ്രാജ്യം തകര്‍ച്ചയിലേക്കു നീങ്ങി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷാ സഫര്‍ രണ്ടാമനെ ബര്‍മയിലേക്ക് നാടു കടത്തിയതോടെ മുഗള്‍ ഭരണത്തിന് അന്ത്യമാവുകയും ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കാന്‍ തുടങ്ങുകയും ചെയ്തു.

രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കുകയെന്ന രാജാക്കന്‍മാരുടെ താത്പര്യമാണ് ആര്യന്‍മാര്‍ക്കും ദസ്യൂക്കുകള്‍ക്കും നന്ദന്‍മാര്‍ക്കും മൗര്യന്‍മാര്‍ക്കും സുംഗന്‍മാര്‍ക്കും കലിംഗന്‍മാര്‍ക്കും ശതവാഹനന്‍മാര്‍ക്കും പഞ്ചാലന്‍മാര്‍ക്കും മധുരന്‍മാര്‍ക്കും ഗുപ്തന്‍മാര്‍ക്കും പാലന്‍മാര്‍ക്കും രാഷ്ട്രകൂടന്‍മാര്‍ക്കും ഗൂര്‍ജ്ജാര പ്രതിഹാരന്‍മാര്‍ക്കും ചേരന്‍മാര്‍ക്കും ചോളന്‍മാര്‍ക്കും പാണ്ഡ്യന്‍മാര്‍ക്കുമെല്ലാം ഉണ്ടായിരുന്നതെങ്കില്‍, മുഹമ്മദ് ബിന്‍ ഖാസിം മുതല്‍ ബഹദൂര്‍ ഷാ സഫര്‍ വരെയുള്ള മുസ്‌ലിം ഭരണാധികാരികള്‍ക്കും അതില്‍കവിഞ്ഞ കാര്യമാത്രപ്രസക്തമായ താത്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അവരില്‍ പലരും തങ്ങള്‍ ഭരിച്ച നാടുകളിലെ ജനങ്ങളുടെ നന്മക്കും പുരോഗതിക്കും സുസ്ഥിതിക്കും വേണ്ടി പരിശ്രമിച്ചവരാണ്. സ്വന്തം സുഖഭോഗങ്ങള്‍ക്കു വേണ്ടി നാടിനെ തുലച്ചവരും അവര്‍ക്കിടയിലുണ്ട്. നാടുകളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന് നാട്ടുകാരെ ഭരിക്കുകയെന്ന അധികാര സൂക്തത്തിന്റെ രാജഭരണ രീതികളാണ് ആര്യാധിനിവേശം മുതല്‍ മുഗളകാലം വരെ നമ്മുടെ നാട്ടില്‍ നടന്നത്. ദേശരാഷ്ട്രങ്ങള്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് ലോകത്തെങ്ങും നടന്നുകൊണ്ടിരുന്നതും അതുതന്നെയായിരുന്നു. അവരില്‍ നിന്ന് നന്മകള്‍ പഠിച്ചും അവരുടെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചും ഭാവിയെ കരുപിടിപ്പിക്കുന്നതിനും ജീവസ്സുറ്റതാക്കി നമ്മുടെ നാടിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും വേണ്ടിയാണ് ഓരോ ഭാരതീയനും ശ്രമിക്കേണ്ടത്. അതിനു വേണ്ടിയാണ്, ആകണം നാം ചരിത്രം പഠിക്കേണ്ടത്.

സാമ്രാജ്യങ്ങളുടെ ഉത്ഥാനപതനങ്ങള്‍ക്കിടയിലാണ് ഇന്ത്യയിലെ നമ്മുടെ നാഗരികതയും സാമൂഹ്യ സംസ്‌കാരവും പരിണമിച്ചു വളര്‍ന്നുവന്നത്. അതില്‍ നന്മയും തിന്മയുമുണ്ട്. പൂര്‍വികര്‍ക്ക് സംഭവിച്ച തിന്മകളില്‍ പലതും അവരുടെ പിന്‍ഗാമികള്‍ തിരുത്തുകയും നന്മകളില്‍ നിന്ന് കൂടുതല്‍ നന്മകളിലേക്ക് വളരാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ സംസ്‌കാരം വളര്‍ന്നുവന്നത്. ഒരു വര്‍ഷം മുഴുവനുമുള്ള സൂര്യചലനങ്ങളെ നീരീക്ഷിക്കുവാനായി മോഹന്‍ജദോരാവിലെ നമ്മുടെ പൂര്‍വികന്‍മാര്‍ നിര്‍മ്മിച്ച ശിലാവളയങ്ങള്‍ മുതല്‍ ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കാനായി നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്ത മംഗള്‍യാന്‍ പേടകം വരെയുള്ള ശാസ്ത്രീയമായ നമ്മുടെ മുന്നേറ്റങ്ങളെല്ലാം നമ്മെ അഭിമാനിപ്പിക്കുകയും കൂടുതല്‍ പുരോഗതിക്ക് നമ്മളുടെ സംഭാവനയെന്തായിരിക്കണമെന്ന് സ്വയം നിര്‍ണ്ണയിക്കുകയും അത് നിര്‍വഹിക്കാന്‍ സന്നദ്ധമാവുകയും ചെയ്യുമ്പോഴാണ് ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുള്ള പൗരനായിത്തീരുക. ഹാരപ്പന്‍മാര്‍ മുതല്‍ മുഗളന്‍മാര്‍ വരെയും ആര്യന്‍മാര്‍ മുതല്‍ മറാത്തന്‍മാര്‍ വരെയുമുള്ള ഭരണ സംവിധാനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവികസിച്ചതാണ് നമ്മുടെ നാഗരികതയെന്ന് തിരിച്ചറിയുകയും അതിലെ നന്മകളെല്ലാം എല്ലാ ഭാരതീയരുടേതുമാണെന്ന് വിചാരിക്കുകയും തിന്മകളില്‍ നിന്ന് നാം ഒരുമിച്ച് പാഠങ്ങള്‍ പഠിക്കുകയും ചെയ്യുമ്പോഴാണ് സംവേദനാക്ഷമമായ ഒരു ജനാധിപത്യ മതനിരപേക്ഷ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുക.

ഗുപ്ത കാലത്ത് ജീവിച്ച മഹാനായ ജ്യോതിശാസ്ത്ര ഗണിതജ്ഞന്‍ ആര്യഭട്ട മുതല്‍ നമ്മുടെ രാഷ്ട്രപതിയായിരുന്ന മിസൈല്‍മാന്‍ ഡോ: അബ്ദുല്‍ കലാം വരെയുള്ളവരുടെ നേട്ടങ്ങള്‍ നമ്മുടേതായി മനസ്സിലാക്കുകയും നേട്ടങ്ങളുടെ നിധികുംഭത്തിലേക്ക് ഓരോരുത്തരും തങ്ങളുടെ സംഭാവനകളര്‍പ്പിക്കുവാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് ആത്മാഭിമാനികളായ പൗരന്‍മാരെയും അവരിലൂടെ വികസ്വരമായ ക്ഷേമരാഷ്ട്രത്തെയും നിര്‍മ്മിച്ച് ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കാവുന്ന അവസ്ഥ കൈവരിക്കാനാവുക. വ്യത്യസ്ത ഭാഷക്കാരും പ്രദേശക്കാരും വിശ്വാസങ്ങളുള്‍ക്കൊള്ളുന്നവരും ആചാരങ്ങളനുഷ്ഠിക്കുന്നവരുമായ ഇന്ത്യക്കാരെയെല്ലാം ഒരൊറ്റ ചരടില്‍ ഒരുമിച്ച് ചേര്‍ക്കുകയും നാടിനെ സ്‌നേഹിക്കുന്നവരും നാടിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാക്കിത്തീര്‍ക്കാനാവുമ്പോഴാണ് നേതൃപാടവരംഗത്ത് വിജയിച്ചവരായിത്തീരുവാന്‍ നമ്മുടെ രാഷ്ട്രനേതൃത്വത്തിന് കഴിയുക.

“മുസ്‌ലിംകള്‍ നാടിനെ സ്‌നേഹിക്കുന്നവരും നാടിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യാന്‍ സന്നദ്ധരും നാടിനെതിരെ യാതൊന്നും ചെയ്യാന്‍ ഉദ്യമിക്കാത്തവരുമാണെന്ന്” അഞ്ചു ദിവസങ്ങള്‍ നീണ്ടുനിന്ന തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി, 2014 സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ പ്രധാനമന്ത്രി സിഎൻഎന്നിനോട് പറഞ്ഞിരുന്നു. താൻ പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ തങ്ങള്‍ വേട്ടയാടപ്പെടുന്നവരാണെന്ന മുസ്‌ലിം ഇന്ത്യയുടെ പൊതുബോധത്തെ പരിവര്‍ത്തിപ്പിച്ച് നാടിന്റെ നിര്‍മ്മാണ പക്രിയകളിലേക്ക് കടന്നുവരാന്‍ തക്ക രൂപത്തില്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് കഴിയേണ്ടിയിരുന്നു. പ്രസ്തുത പ്രസ്താവനക്ക് അഞ്ചു വർഷം കഴിയുമ്പോൾ തങ്ങളുടെ മൃഗീയഭൂരിപക്ഷത്തെ മുൻനിർത്തി പാസാക്കിയെടുത്ത പൗരത്വനിയമം വഴി താൻ പറയുന്നതെല്ലാം നാവുകൊണ്ട് മാത്രമാണെന്നും മനസ്സ് കൊണ്ട് താനൊരിക്കലും വർത്തമാനം പറയാറില്ലെന്നും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

ജനിച്ചുവളര്‍ന്ന നാടിനെ സ്‌നേഹിക്കുകയും അതിന്റെ പുരോഗതിക്കായി യത്‌നിക്കുകയും ചെയ്തവരാണ് മുസ്‌ലിംകളെന്ന വസ്തുത ഇന്ത്യാചരിത്രത്തിലെ നാഴികക്കലുകളോരോന്നും വിളിച്ചു പറയുന്നുണ്ട്. ചേരഭരണത്തിനു കീഴില്‍ മുസ്‌ലിംകളായി ജീവിക്കുവാനും ഇസ്‌ലാമിക പ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നതിനാല്‍ മാലിക് ദീനാറും പിന്‍ഗാമികളും ഇവിടുത്തെ അനുസരണയുള്ള പ്രജകളും വിശ്വസ്തരായ നാട്ടുകാരുമായി എല്ലാതരം ജനങ്ങളോടുമൊപ്പം അവരില്‍ ഓരോരുത്തരായി ജീവിച്ചുവരികയായിരുന്നു. സമുദ്രവ്യാപാരികളെന്ന നിലയില്‍ സാമ്പത്തികമായും തൊട്ടുകൂടായ്മയില്ലാത്തവരെന്ന നിലയില്‍ സാമൂഹികമായും ഉന്നതരായി പരിഗണിക്കപ്പെട്ടവരായിരുന്നു മലബാറിലെ മുസ്‌ലിംകള്‍. 1342നും 1347നുമിടയില്‍ ആറു തവണ കോഴിക്കോട് സന്ദര്‍ശിച്ച പ്രസിദ്ധനായ സഞ്ചാരി ഇബ്‌നുബത്തൂത്ത കോഴിക്കോട് തുറമുഖത്തിന്റെ മഹത്വവും അവിടെ ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ നിന്നുള്ള കച്ചവടക്കാരെ കാണാനാകുമെന്ന വസ്തുതയും രേഖപ്പെടുത്തുന്നുണ്ട്. 1403ല്‍ കോഴിക്കോട് തുറമുഖം സന്ദര്‍ശിച്ച ചൈനക്കാരനായ മാഹുയാന്‍ അവിടെ ഇരുപതിനും മുപ്പതിനുമിടയില്‍ പള്ളികള്‍ താന്‍ കണ്ടതായി രേഖപ്പെടുത്തിയതില്‍നിന്നും മലബാര്‍ മുസ്‌ലിംകളുടെ സാമൂഹികവും മതപരവുമായ ഉന്നതാവസ്ഥ വ്യക്തമാവുന്നുണ്ട്.
ചേര സാമ്രാജ്യത്തിന്റെ നാശത്തിനുശേഷം ഏറനാട് നെടിയിരുപ്പിലെ ഏറാടികള്‍ മെല്ലെ മലബാറിന്റെ ഭരണസ്ഥാനത്തെത്തുകയും തങ്ങളുടെ തലസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി സാമൂതിരിയെന്ന പേരു സ്വീകരിച്ച് നാടു ഭരിക്കുകയും ചെയ്തപ്പോഴും മുസ്‌ലിംകള്‍ ഇവിടെ അനുസരണയുള്ള പ്രജകളായിതന്നെ തുടരുകയായിരുന്നു. ലോകം മുഴുവന്‍ ക്രൈസ്തവ വല്‍ക്കരിക്കാനുള്ള പോര്‍ച്ചുഗീസ് രാജാവായ മാനുവല്‍ ഒന്നാമന്റെ നിര്‍ദേശത്തിന് വിധേയമായി ശ്രീലങ്കയിലും ആഫ്രിക്കന്‍ തീരദേശങ്ങളിലുമെത്തിയ പോര്‍ച്ചുഗീസ് നാവികന്‍മാര്‍ നടത്തിയ ക്രൂരതകളെക്കുറിച്ച് മനസ്സിലാക്കിയ സമുദ്രവ്യാപാരികളായ മുസ്‌ലിംകളാണ് പോര്‍ച്ചുഗീസ് അധിനിവേശത്തെപറ്റി സാമൂതിരി രാജാവിന് മുന്നറിയിപ്പ് നല്‍കിയത്. വര്‍ത്തകരായിരുന്ന മലബാറിലെ മാപ്പിളമാര്‍ തങ്ങളുടെ സ്വന്തം സമ്പത്തുപയോഗിച്ച് നിര്‍മ്മിച്ചെടുത്ത കപ്പലുകളെയും അത് നയിക്കുവാനും അതുപയോഗിച്ച് യുദ്ധം ചെയ്യുവാനും പരിശീലിപ്പിച്ചെടുത്ത മരയ്ക്കാന്‍മാരെയും സാമൂതിരിയുടെ നേതൃത്വത്തില്‍ സ്വന്തം നാടു സംരക്ഷിക്കുവാനായി വിട്ടുകൊടുത്തത് വഴിയാണ് സാമൂതിരിയുടെ നാവികരായി മരയ്ക്കാന്‍മാരും നാവികത്തലവന്‍മാരായ കുഞ്ഞാലിമരയ്ക്കാര്‍മാരും മാറിയത്.

1498 മെയ് 20ന് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡിഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങിയതു മുതലാണ് ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ചരിത്രമാരംഭിക്കുന്നത്. അധിനിവേശത്തിനെതിരെയുള്ള മുസ്‌ലിം പോരാട്ടത്തിന്റെയും അതുവഴി ഏറ്റുവാങ്ങേണ്ടി വന്ന പിന്നാക്കത്തിന്റെയുമെല്ലാം ചരിത്രമാരംഭിക്കുന്നതും അന്നു തന്നെയാണ്. നാടിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും വന്ന പോര്‍ച്ചുഗീസുകാരില്‍നിന്ന് നാടിനെ പ്രതിരോധിച്ചതുവഴി മുസ്‌ലിംകള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളാണ് പിന്നാക്കാവസ്ഥയായി മാറിയതെന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. ഗാമക്ക് പിന്‍ഗാമിയായി 1500 സെപ്തംബര്‍ 13ന് കോഴിക്കോട്ടെത്തിയ പട്രോ അല്‍വാറസ് കബ്രാള്‍ മുസ്‌ലിംകളുടെ പത്തു കപ്പലുകളും അതിലെ ചരക്കുകളും അറുനൂറോളം നാവികന്‍മാരെയും കത്തിച്ചുകൊണ്ടാണ് തങ്ങളുടെ മുസ്‌ലിം വിരോധം ശമിപ്പിച്ചത്. 1502 ഒക്ടോബര്‍ 30ന് പതിനഞ്ച് കപ്പലുകളും എണ്ണൂറ് നാവികന്‍മാരുമായി കോഴിക്കോട്ട് രണ്ടാമതെത്തിയ ഗാമ കോഴിക്കോട്ട് നിന്ന് മക്കയിലേക്ക് ഹജ്ജിനു പോകുന്ന കപ്പല്‍ പിടിച്ചെടുക്കുകയും മാടായി കടലില്‍ വെച്ച് 50 സ്ത്രീകളടങ്ങുന്ന 400 തീര്‍ത്ഥാടകരെയും കപ്പലിനുള്ളിലടച്ച് അതിന് തീ വെക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം വെന്തുമരിക്കുന്നത് നോക്കി രസിക്കുകയും ചെയ്തുകൊണ്ട് മുസ്‌ലിംകളെ മാനസികമായി തകര്‍ക്കുവാനാണ് ശ്രമിച്ചത്. അധിനിവേശത്തിനെതിരെ അന്ന് ആരംഭിച്ച സമരം ഒരു നൂറ്റാണ്ട് പിന്നിട്ട് 1600ല്‍ അന്നത്തെ സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിമരക്കാര്‍ നാലാമനെ ചതിച്ചുപിടിക്കുകയും പിന്നെ കൊന്നു കളയുകയും ചെയ്യുന്നതുവരെ തുടര്‍ന്നതിന്റെ ഫലമായാണ് മലബാറിലെ മുസ്‌ലിംകള്‍ പിന്നാക്കമായതും കുടിയാന്‍മാരായിത്തീര്‍ന്നതും. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധങ്ങളിലൂടെ നാടിനെ വീണ്ടെടുക്കുവാനും പ്രതിരോധിക്കുവാനും സ്വന്തമായതെല്ലാം സംഭാവന ചെയ്തവര്‍ക്ക് ദേശസ്‌നേഹവും കൂറുമില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക?

പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ബ്രീട്ടീഷുകാരുമെല്ലാം തങ്ങളുടെ അധിനിവേശ താത്പര്യങ്ങളുമായി ഇന്ത്യയിലേക്കെത്തിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനും നാടിനെ സംരക്ഷിക്കുവാനും മുസ്‌ലിംകള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ഇന്ത്യയുടെ ആത്മാവു കണ്ടെത്തിയ ആദ്യ വ്യക്തിയെന്ന് ഭഗ്‌വാന്‍ ഗിദ്വാനി വിശേഷിപ്പിച്ച ടിപ്പു സുല്‍ത്വാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരോട്ടത്തില്‍ യുദ്ധമുഖത്തുവെച്ചു മരിച്ചുവീണ ഒരേയൊരു ഇന്ത്യന്‍ ചക്രവര്‍ത്തിയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളസിംഹം പഴശ്ശിരാജയോടൊപ്പം മാപ്പിളനേതാക്കളായ ഉണ്ണിമൂസ മൂപ്പനും ചെമ്പന്‍ പോക്കരും അത്തന്‍ കുരിക്കളുമുണ്ടായിരുന്നു. വെള്ളപ്പട്ടാളത്തിന് പിടികൊടുക്കാതിരിക്കാന്‍ ആത്മഹത്യയില്‍ അഭയം തേടിയ പഴശ്ശിരാജയില്‍ നിന്ന് വ്യത്യസ്തമായി അവരോട് പോരാടി പടക്കളത്തില്‍ മരിക്കുകയാണ് മാപ്പിളനേതാക്കള്‍ ചെയ്തത്. ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും സജീവരായ മലബാറിലെ മാപ്പിളമാര്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ അതില്‍ സജീവമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും അവരുടെ ക്രൂരതകള്‍ക്ക് വേദിയൊരുക്കികൊടുക്കുന്നവര്‍ക്കുമെതിരെ നടന്ന സമരങ്ങളെയാണ് ബ്രീട്ടീഷ് ചരിത്രകാരന്‍മാര്‍ മാപ്പിള കലാപങ്ങള്‍ എന്നു വിളിച്ചത്. അത്തരമമൊരു സമരമാണ് നിയന്ത്രണം നഷ്ടപ്പെട്ട് 1921ലെ മലബാര്‍ കലാപമായിത്തീര്‍ന്നത്. വെള്ളക്കാര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ നടന്ന സമരത്തില്‍ പതിനായിരത്തോളം മാപ്പിളമാര്‍ കൊല്ലപ്പെടുകയും അമ്പതിനായിരത്തോളം പേരെ ജയിലിലടക്കുകയും ഇരുപതിനായിരത്തോളമാളുകളെ അന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തു. മലബാര്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയായിരുന്നു സ്വന്തം നാടിനെ സ്‌നേഹിച്ചുകൊണ്ട് അവര്‍ നടത്തിയ ഈ ഐതിഹാസിക സമരങ്ങളുടെ ഫലമായി അവര്‍ക്ക് കിട്ടിയത്.

ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത മുന്നേറ്റമായ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായക നേതൃത്വത്തില്‍ മുസ്‌ലിംകളാണുണ്ടായിരുന്നതെന്ന വസ്തുത നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക? ബഹദൂര്‍ഷാ സഫറിന്റെയും ഭക്ത് ഖാനിന്റെയും മൗലവി ലിയാഖത്ത് അലിയുടെയും മൗലവി അഹ്‌മദുല്ലാ ഷായുടെയും ബീഗം ഹസ്രത്ത് മഹലിന്റെയും ഖാന്‍ ബഹദൂര്‍ ഖാനിന്റെയും ഒപ്പം മംഗള്‍ പാണ്ഡെയും റാണി ലക്ഷ്മി ഭായിയും നാനാ സാഹിബും താന്തിയാ തോപ്പിയും ബാബു കന്‍വര്‍സിംഗുമെല്ലാം ഒരുമിച്ചുചേര്‍ന്നപ്പോഴാണ് ബ്രിട്ടീഷുകാര്‍ ശിപ്പായി ലഹളയെന്ന് പരിഹസിച്ച ഒന്നാം സ്വാതന്ത്ര്യസമരമുണ്ടായത്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വെള്ളക്കാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത മുന്നേറ്റത്തില്‍ തങ്ങളുടെ ജീവന്‍ നല്‍കിയപ്പോള്‍ അതിലെ മുസ്‌ലിംകളുടെ എണ്ണം അന്നത്തെ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായിരുന്നു. പ്രസ്തുത സമരം കാരണമായി അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ പീഡനങ്ങളനുഭവിക്കേണ്ടിവന്നവരുടെ, ജയില്‍ ഭിത്തിയില്‍ പതിച്ച പട്ടികയിലെ മുസ്‌ലിം പേരുകള്‍ വായിച്ചാല്‍ തന്നെ നാടിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചവര്‍ക്ക് മുന്നില്‍ നടന്നത് ഒരു സമുദായമെന്ന നിലക്ക് മുസ്‌ലിംകളായിരുന്നുവെന്ന് വ്യക്തമാവും.

ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനം സജീവമായപ്പോള്‍ സ്വദേശീ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ തന്നെ മുസ്‌ലിംകളുണ്ടായിരുന്നു. മഹാത്മാഗാന്ധിയോടൊപ്പം ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായ് പട്ടേലും രാജഗോപാലാചാരിയുമെല്ലാം അദ്ദേഹത്തിന്റെ അഹിംസയിലധിഷ്ഠിതമായ സത്യാഗ്രഹ സമരത്തിന് കൂടെയുണ്ടായിരുന്നതുപോലെ മൗലാനാ അബുല്‍കലാം ആസാദും ഖാന്‍ മുഹമ്മദ് അബ്ബാസ് ഖാനും ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനും മുഹമ്മദലി ജിന്നയുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് പദം 1923ല്‍ മൗലാനാ അബുല്‍കലാം ആസാദ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 35 വയസ്സായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം തന്റെ യുവത്വകാലത്ത് നടത്തിയ നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയത്. 1923ലും 1940ലും രണ്ടുതവണ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡണ്ടായത് ദേശീയ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവന എത്രയായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവുമധികം കാലം കോണ്‍ഗ്രസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച മൗലാനാ ആസാദ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്നു. വിവിധ കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനമലങ്കരിച്ച റഹ്മത്തുള്ള സയാനി, നവാബ് സയ്യിദ് മഹ്മൂദ് ബഹദൂര്‍, സയ്യിദ് ഹസന്‍ ഇമാം, ഹകീം അജ്മല്‍ഖാന്‍, മൗലാനാ മുഹമ്മദലി ജൗഹര്‍, മുഖ്താര്‍ അഹ്മദ് അന്‍സാരി തുടങ്ങിയ പേരുകള്‍ മുസ്‌ലിംകള്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ എത്രത്തോളം സജീവമായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. അല്‍ ഹിലാല്‍, അല്‍ ബലാഗ് എന്നീ ആനുകാലികങ്ങളിലൂടെ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി തൂലികയെ പടവാളാക്കി ഉപയോഗിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരുന്നതിനാല്‍ നിരവധി തവണ ജയില്‍വാസമനുഭവിക്കുകയും ചെയ്ത ആസാദിനെപ്പോലെത്തന്നെ ഇന്ത്യയിലെങ്ങുമുള്ള മുസ്‌ലിംകള്‍ നാടിനെ സ്‌നേഹിച്ച് നാടിന്റെ സ്വാതന്ത്ര്യത്തിനായി യുവത്വവും സമ്പത്തും ആരോഗ്യവുമെല്ലാം വിനിയോഗിച്ചവരായിരുന്നു.

1930 നവംബര്‍ 30ന് ലണ്ടനില്‍ വെച്ചുനടന്ന വട്ടമേശാ സമ്മേളനത്തിന്റെ നാലാമത്തെ പ്ലീനറി സെഷനില്‍ മൗലാനാ മുഹമ്മദലി ജൗഹര്‍ നടത്തിയ ദീര്‍ഘമായ പ്രസംഗം മുസ്‌ലിംകള്‍ എത്രത്തോളം സ്വാതന്ത്ര്യദാഹികളും നാടിനെ സ്‌നേഹിക്കുന്നവരുമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടണിന്റെ ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭു ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്ത വട്ടമേശാ സമ്മേളനത്തിലെ അധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മെക്‌ഡൊണാള്‍ഡിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള, ഓരോ പദങ്ങളിലും സ്വാതന്ത്ര്യദാഹവും ദേശസ്‌നേഹവും ത്രസിക്കുന്ന പ്രസ്തുത പ്രസംഗത്തിലെ ‘ഒന്നുകില്‍ എന്റെ നാടായ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുക; അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍, ലണ്ടനില്‍ എനിക്കൊരു ശവക്കുഴിക്ക് സ്ഥലം തരിക; എന്റെ നാട്ടിലേക്ക് ഒരു അടിമയായി തിരിച്ചുപോകാന്‍ എനിക്കു കഴിയില്ല’യെന്ന പരാമര്‍ശം ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തെയും രാജ്യസ്‌നേഹത്തെയും പ്രതിനിധീകരിക്കുന്നതാണ്.

പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ തങ്ങളുടെ സമ്പത്തും ഊര്‍ജ്ജവും ചെലവഴിച്ച് ഒരു നൂറ്റാണ്ടു പൊരുതിയ കേരള മുസ്‌ലിംകള്‍ ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാല്‍പത്തിയേഴ് വയസ്സുവരെ മാത്രം നീണ്ടുനിന്ന തന്റെ ആയുസ്സിനിടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനായി പത്രം നടത്തുകയും അഹിംസാ സമരങ്ങളില്‍ പങ്കെടുക്കുകയും നിരവധി തവണ ജയിലിലടക്കപ്പെടുകയും ചെയ്ത മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് കേരള മുസ്‌ലിംകളുടെ ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യവാഞ്ചയുടെയും പ്രതീകമാണ്. 1939ല്‍ കെ.പി.സി.സി പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുമ്പോള്‍ നാല്‍പത്തൊന്നു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി പ്രസിഡണ്ട് എന്ന ഖ്യാതി ഇന്നേവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 1930 ജനുവരി 26ന് നടന്ന ലാഹോര്‍ കോണ്‍ഗ്രസില്‍ വെച്ച് പൂര്‍ണ സ്വരാജ് പ്രഖ്യാപനം നടക്കുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് അവിടെയുണ്ടായിരുന്നത് കെ. എം. സീതിസാഹിബായിരുന്നു. സ്വദേശാഭിമാനി പത്രത്തിലൂടെ നാട്ടില്‍ നിലനിന്ന ദുര്‍ഭരണത്തിനെതിരെ ജനാധിപത്യാവബോധം വളര്‍ത്താനും മുസ്‌ലിം, അല്‍ ഇസ്‌ലാം, ദീപിക എന്നീ ആനുകാലികങ്ങളിലൂടെ മുസ്‌ലിംകളെ അന്ധവിശ്വാസങ്ങളില്‍ നിന്ന് രക്ഷിക്കുവാനും അവരില്‍ ദേശസ്‌നേഹം ജ്വലിപ്പിക്കുവാനും ശ്രമിച്ച വക്കം അബ്ദുല്‍ ക്വാദിര്‍ മൗലവിയായിരുന്നല്ലോ, മതത്തിലും ദേശീയ പ്രവര്‍ത്തനത്തിലുമുള്ള സീതിസാഹിബിന്റെ വഴികാട്ടി. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു വര്‍ത്തക കുടുംബത്തില്‍ ജനിച്ച വക്കം മൗലവിക്ക് നാടിനുവേണ്ടി ജീവിക്കുകയും ചെലവഴിക്കുകയും ചെയ്തതുകൊണ്ടാണ് ദരിദ്രനായി മരിക്കേണ്ടിവന്നത്. നാടിനെ സ്‌നേഹിക്കുകയും നശിപ്പിക്കുന്നവര്‍ക്കെതിരെ പോരാടുകയും ചെയ്യാന്‍ കേരള മുസ്‌ലിംകള്‍ മുന്നിലുണ്ടായിരുന്നുവെന്ന് ഇ. മൊയ്തു മൗലവിയുടെയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെയും ആലി മുസ്‌ല്യാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും കെ. എം. മൗവിയുടെയുമെല്ലാം ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

നമ്മുടെ നാടിന്റെ നന്മകളെല്ലാം എല്ലാ ഇന്ത്യക്കാരുടേതുമാണെന്നും നമ്മുടെ പൂര്‍വികര്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ നമുക്ക് സംഭവിക്കാതിരിക്കുവാനുമാണ് നാം ചരിത്രം പഠിക്കുന്നതെന്നുമുള്ള തിരിച്ചറിവാണ് അഖണ്ഡഭാരത്തിന്റെ പുരോഗതിക്കുവേണ്ടി കൈകോര്‍ക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടാകേണ്ടത്. ഹിന്ദുക്കളും മുസ്‌ലിംകളുമാകുന്ന നമ്മുടെ മുന്‍ഗാമികള്‍ ത്യാഗങ്ങള്‍ സഹിച്ചും ജീവന്‍ നല്‍കിയും വളര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ നാടിനെ സംരക്ഷിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് നമ്മുടെയെല്ലാം ബാധ്യതയാണ്. ഈ ബാധ്യതയെക്കുറിച്ച ബോധം പൗരന്‍മാരില്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് രാഷ്ട്രനേതൃത്വം ഫലവത്തായിത്തീരുക. പരസ്പരം വെറുക്കുകയും വൈരത്തോടെ പെരുമാറുകയും ചെയ്യുന്ന ജനതതികള്‍ക്ക് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ സജീവവും സൃഷ്ടിപരവുമായ പങ്കുവഹിക്കാനാവില്ല. അത് മനസ്സിലാക്കിക്കൊണ്ടുതന്നെയാകണം, സാമ്രാജ്യത്വ ചരിത്രകാരന്‍മാര്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കുവാനുതകുന്ന രീതിയില്‍ നമ്മുടെ ഭൂതകാലത്തെ പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ത്യാ ചരിത്രത്തെ മൂന്നായി വിഭജിക്കുകയും നന്‍മകളുടെ മാത്രം പുരാതന ഇന്ത്യയും തിന്‍മകളുടെ മാത്രം മധ്യകാല ഇന്ത്യയും നാടിനെ പരിഷ്‌കരിക്കുവാനുള്ള സാമ്രാജ്യത്വാഗമനത്തിന്റെ ആധുനിക ഇന്ത്യയും ചരിത്ര പുസ്തങ്ങളില്‍ സ്ഥാനം പിടിച്ചത് അങ്ങനെയാണ്. പൗരാണിക ഹിന്ദുഇന്ത്യയുടെ പ്രോജ്ജ്വല കാലത്തെ തകര്‍ത്തുകൊണ്ടുള്ള മധ്യകാല മുസ്‌ലിം അധിനിവേശത്തെക്കുറിച്ച ചരിത്രത്തിന്റേതല്ലാത്ത അറിവുകള്‍ ചരിത്രഗ്രന്ഥങ്ങള്‍ പേറാന്‍ തുടങ്ങിയപ്പോള്‍ നാടിനുവേണ്ടി ജീവിക്കുകയും നാടിന്റെ നന്‍മക്കായി യത്‌നിക്കുകയും ചെയ്തവരില്‍ പലരും അധിനിവേശകാരികളും അക്രമകാരികളുമായിത്തീര്‍ന്നു. പൗരാണിക ഭാരതത്തെ വിഗ്രഹവല്‍ക്കരിക്കുകയും മധ്യകാല ഭാരതത്തെ തമസ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഭിന്നിപ്പിന്റെയും വൈരത്തിന്റെയും വിഷബീജങ്ങള്‍ ഇന്ത്യന്‍ ധിഷണകളിലേക്ക് ബ്രിട്ടീഷുകാര്‍ കടത്തിവിട്ടത്.

ഈ വിഷബീജങ്ങള്‍ പല രൂപത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. അങ്ങനെ വളര്‍ന്നുവന്ന സംഘടനകളിലൊന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘം. നന്‍മകളുടേത് മാത്രമായ ഒരു ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നുവെന്നും അത് തകര്‍ത്തത് മുസ്‌ലിം അതിക്രമകാരികളാണെന്നും പ്രസ്തുത ഭൂതകാലത്തെ പുനര്‍നിര്‍മിക്കുവാന്‍ അക്രമകാരികളുടെ പുതിയ തലമുറയെ നിഷ്‌കാസനം ചെയ്യണമെന്നുമുള്ള പാഠങ്ങളാണ് സംഘത്തിന്റെ ഉല്‍പത്തിക്കുതന്നെ നിമിത്തമായത്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സാംസ്‌കാരിക ദേശീയതയിലധിഷ്ഠിതമായ നാസി നാടിനെപ്പോലെയുള്ള ഒരു ഹിന്ദു രാഷ്ട്രമായിരുന്നു ആര്‍. എസ്. എസിന്റെ സ്വപ്‌നം. അതുകൊണ്ടാണ് ആര്‍. എസ്. എസ് സ്ഥാപകനായ ഹെഡ്ഗെവാറില്‍ നിന്ന് ദേശീയതയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംഘത്തിന്റെ ഏറ്റവും വലിയ സൈദ്ധാന്തികാചാര്യനായ ഗുരുജി മാധവസദാശിവഗോൾവാള്‍ക്കര്‍ ഇങ്ങനെ എഴുതിയത്: “ബൗദ്ധികമായി ഉയര്‍ന്ന രാഷ്ട്രങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നാം എത്തുന്ന നിലപാട് ഇതാണ്. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്തവര്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദുമതത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ പഠിക്കുകയും ഹിന്ദുരാഷ്ട്രത്തെ വാഴ്ത്തിക്കൊണ്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാതിരിക്കുകയും വേണം. കാലാകാലങ്ങളായി അവര്‍ ഈ നാടിനോടും ഇതിന്റെ ചിരപുരാതന പാരമ്പര്യത്തോടും പുലര്‍ത്തിപ്പോരുന്ന അസഹിഷ്ണുതയും കൃതഘ്‌നതയും അവസാനിപ്പിക്കുകയും അതിനോട് സ്‌നേഹത്തിന്റെയും ഭക്തിയുടേയും സൃഷ്ടിപരമായ സമീപനം വളര്‍ത്തിക്കൊണ്ടുവരികയും വേണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ വിദേശികളായി നില്‍ക്കുന്നത് അവസാനിപ്പിക്കുകയോ ഹിന്ദുരാഷ്ട്രത്തോട് പൂര്‍ണമായും കീഴൊതുങ്ങി ജീവിക്കുകയോ വേണം. യാതൊരു അവകാശങ്ങളും അവര്‍ ആവശ്യപ്പെടരുത്. അവര്‍ക്കിവിടെ യാതൊരു പരിഗണനയുമുണ്ടാവുകയില്ല. പൗരന്‍മാരുടെ അവകാശങ്ങള്‍ പോലും ആവശ്യപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടാവുകയില്ല.” (we or our nationshood defined, page 52)

ഇന്ത്യയെന്ന സങ്കല്‍പ്പത്തെ തന്നെ തകിടം മറിക്കുകയും അതിര്‍ത്തികള്‍ക്കകത്തെ ഒരു ഭൂപ്രദേശം എന്നതിലുപരിയായി സാംസ്‌കാരിക ദേശീയതയാണ് ഭാരതമെന്ന് വാദിക്കുകയും ഹിന്ദുസംസ്‌കാരം സ്വീകരിക്കാത്തവര്‍ക്ക് ആ ദേശീയതയില്‍ അംഗമാകാനാവില്ലെന്ന് സമര്‍ത്ഥിക്കുകയും നാസികള്‍ ജര്‍മനിയില്‍ ചെയ്യുന്നതുപോലെയുള്ള ഒരു സാംസ്‌കാരിക ശുദ്ധീകരണമാണ് ഇന്ത്യയില്‍ ആവശ്യമെന്ന ആര്‍. എസ്. എസ് ആശയം വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഗോള്‍വാള്‍ക്കറുടെ നടേ സൂചിപ്പിച്ച ഗ്രന്ഥം. പുരാതന ഇന്ത്യ സകല നന്‍മകളുടെയും പ്രതീകമായിരുന്നുവെന്ന് വാദിച്ചു തുടങ്ങുന്ന അദ്ദേഹം മുസ്‌ലിംകള്‍ ഇന്ത്യയില്‍ കാലുകുത്തിയതു മുതലാണ് നമ്മുടെ പതനമുണ്ടായതെന്ന് സമര്‍ത്ഥിക്കുകയും അതില്‍ നിന്ന് കരകയറുവാനുള്ള പ്രയത്‌നമാണ് ഹിന്ദുക്കളുടെ പക്ഷത്തുനിന്നുണ്ടാവേണ്ടതെന്ന് വാദിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടക്കുന്ന സമരത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് മുസ്‌ലിംകളെ നശിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരമെന്നും അതിനായി ഒരുങ്ങുകയാണ് ഹിന്ദുജനത വേണ്ടതെന്നുമുള്ള സന്ദേശമാണ് അദ്ദേഹം ഈ പുസ്തകത്തിന്റെ വരികള്‍ക്കിടയിലൂടെ വായനക്കാരന്റെ മസ്തിഷ്‌കത്തിലേക്ക് ഇട്ടുകൊടുക്കുന്നത്. മുസ്‌ലിം ‘അതിക്രമത്തെ’ പ്രതിരോധിക്കുകയല്ല, പ്രത്യുത അവരെ ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. 1942 മെയ് 8ാം തിയതി നടന്ന ഒരു ആര്‍.എസ്.എസ് യോഗത്തില്‍ ഈ വീക്ഷണം അദ്ദേഹം തുറന്നവതരിപ്പിച്ചതായി ചരിത്രകാരനായ ബിപന്‍ ചന്ദ്ര രേഖപ്പെടുത്തുന്നുണ്ട്. യോഗത്തില്‍ വെച്ച് ഗോള്‍വാള്‍ക്കര്‍ പറഞ്ഞതിങ്ങനെയാണ്: ‘ഈ സംഘമാരംഭിച്ചത് മുസ്‌ലിം അതിക്രമങ്ങളെ തടുക്കുവാന്‍ വേണ്ടി മാത്രമല്ല, പ്രസ്തുത രോഗത്തെ വേരോടെ പിഴുതെറിയുന്നതിനുവേണ്ടിയാണ്.’

വിവേകാനന്ദനുശേഷം തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി ഗുരുജി ഗോള്‍വാള്‍ക്കറാണെന്ന് ഗുജറാത്ത് അസംബ്ലി ഇലക്ഷനിലെ തന്റെ രണ്ടാമത്തെ വിജയത്തിനുശേഷം 2008ല്‍ എഴുതിയ ജ്യോതിപുഞ്ച് എന്ന ഗ്രന്ഥത്തില്‍ ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്കകത്തെ ഇന്ത്യയുടെ ശത്രുക്കളാണ് മുസ്‌ലിംകളെന്ന് തന്റെ വിചാരധാരയില്‍ സമര്‍ത്ഥിക്കുന്ന ഗോള്‍വാള്‍ക്കറുടെ അനുയായിയായിത്തീരാന്‍, തന്റെ എട്ടാം വയസ്സുമുതല്‍ അഹമ്മദാബാദിലെ കേരിപിതാ ആര്‍. എസ്. എസ് ശാഖയില്‍ ബാല സ്വയംസേവകനായിത്തീര്‍ന്ന നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബജീവിതം പോലും വേണ്ടെന്നുവെച്ച് തന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ തന്നെ ആര്‍. എസ്. എസിന്റെ മുഴുസമയ പ്രചാരകനായിത്തീര്‍ന്ന അദ്ദേഹത്തിന്റെ മനസ്സിലേക്ക് മുസ്‌ലിം വിരോധവും വിദ്വേഷവും വേണ്ടത്ര നിറയ്ക്കപ്പെട്ടിട്ടുണ്ടാവും. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ഹിന്ദുത്വത്തിന്റെ വക്താവായിത്തീർന്ന അമിത്ഷായുടെ മനസ്സും അങ്ങനെത്തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹമാകട്ടെ, നരേന്ദ്രമോദിക്ക് ഒരു വർഷം മുമ്പേ ബിജെപിയിൽ അംഗത്വം നേടിയയാളുമാണ്. ഗുജറാത്ത് കലാപത്തിലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശീയ ഉന്‍മൂലനത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് പഠിച്ചവരില്‍ പലരും ഇവർ രണ്ട് പേരുടെയും ചെറുപ്പം മുതല്‍ മസ്തിഷ്‌കത്തിലേക്ക് സന്നിവേശിക്കപ്പെട്ട മുസ്‌ലിം വിദ്വേഷത്തിന്റെ ബഹിര്‍പ്രകടനം കൂടിയായിരിക്കണം ഇവരുടെ കര്‍മകാണ്ഡത്തിനു പിന്നിലുള്ളതെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

ഇപ്പോൾ പൗരത്വഭേദഗതി നിയമത്തിലൂടെയും തങ്ങളുടെ മനസ്സുകളിൽ ചെറുപ്പം മുതൽ രൂഢമൂലമായ മുസ്‌ലിംവിരോധത്തെയാണ് നരേന്ദ്രമോദിയും അമിത്ഷായും ബഹിർഗമിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ നേർക്കുനേരെ വെല്ലുവിളിക്കുവാൻ എങ്ങനെയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കഴിയുന്നതെന്ന് ആശ്ചര്യപ്പെടുന്നവർ മനസ്സിലാക്കേണ്ടത്, അവരുടെ പ്രത്യയശാസ്ത്രത്തിന് മതനിരപേക്ഷതയിലധിഷ്ഠിതമായ നമ്മുടെ ഭരണഘടനയോട് യാതൊരുവിധ പ്രതിബദ്ധതയുമുണ്ടാവേണ്ടതില്ലെന്ന സത്യമാണ്. ഇന്ത്യയുടെ ആത്മാവിൽ ഊട്ടപ്പെട്ടിരിക്കുന്ന ബഹുസ്വരതയെന്ന ആശയത്തെ തന്നെ വെറുക്കുന്നവർക്കെന്തിനാണ് ഭരണഘടനയോട് പ്രതിബദ്ധത! വൈവിധ്യങ്ങളുടെ ഇന്ത്യക്കുപകരം തങ്ങൾക്കിഷ്ടപ്പെട്ടവർ മാത്രം ജീവിക്കുന്ന ഇന്ത്യയെ സ്വപ്നം കാണുന്നവരെ ഭരണഘടനയെയും ഇന്ത്യയുടെ ബഹുസ്വരതയെയും കുറിച്ച് ബോധ്യപ്പെടുത്തി തിരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്. രാഷ്ട്രീയവും നിയമപരവും സമാധാനപരവുമായ ബഹുജനമുന്നേറ്റങ്ങളും സമരങ്ങളും വഴിയല്ലാതെ അവരെ തിരുത്താൻ കഴിയുകയില്ല. അധികാരം കൈവശമുള്ള അവരോട് മുതിർന്ന കോൺഗ്രസ് നേതാവും നിയമവിശാരദനുമായ കപിൽ സിബൽ പറഞ്ഞത് നാടിനെ സ്നേഹിക്കുന്നവർക്കെല്ലാം ഒരേ സ്വരത്തിൽ ആവർത്തിക്കാം: “രണ്ട് ദിനോസറുകൾ മാത്രമുള്ള ഒരു റിപ്പബ്ലിക്കായി ഈ റിപ്പബ്ലിക്കിനെ നിങ്ങൾ മാറ്റരുതേ…!!!”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.