പൗരത്വബില്ലിന്റെ പേരിലും നബിനിന്ദ !!!

//പൗരത്വബില്ലിന്റെ പേരിലും നബിനിന്ദ !!!
//പൗരത്വബില്ലിന്റെ പേരിലും നബിനിന്ദ !!!
ആനുകാലികം

പൗരത്വബില്ലിന്റെ പേരിലും നബിനിന്ദ !!!

ചിലർ അങ്ങനെയാണ്; അവരെ എന്താണ് വിളിക്കേണ്ടത് എന്നറിയില്ല. യുക്തിവാദികൾ എന്ന് വിളിച്ചാൽ എ ടി കോവൂരിനോടും എം സി ജോസഫിനോടും എല്ലാം ചെയ്യുന്ന വലിയ അനീതിയാവും. നാസ്തികന്മാർ എന്ന് വിളിച്ചാൽ കലാനാഥൻ മാസ്റ്ററെയും പവനനെയുമെല്ലാം പിന്നെ എന്താണ് വിളിക്കുക? അൽപമെങ്കിലും വിവേകമുള്ള നവനാസ്തികരുടെ ആൾക്കൂട്ടത്തിലും അവരെ പെടുത്താൻ പറ്റുകയില്ല. ഇസ്‌ലാം വിരോധം മാത്രമാണ് അവരുടെ കൈമുതൽ. ലോകത്ത് എന്ത് എങ്ങനെ സംഭവിച്ചാലും അതിന്നിടയിൽ ഇസ്‌ലാമിനെ വിമർശിക്കുവാനും നബിയെ തെറി പറയാനും ഖുർആനിനെ നിന്ദിക്കുവാനും അവസരങ്ങളുണ്ടാക്കുന്നവർ. ഒരു തരം ചൊറിച്ചിൽ! അത് കൊണ്ട് അവർക്ക് സുഖം ലഭിക്കുന്നുവെങ്കിൽ അവർ അത് ചെയ്യട്ടെയെന്ന് വിചാരിച്ച് വെറുതെ വിടാമായിരുന്നു. പക്ഷെ പ്രസ്തുത അത് വഴി അവർ സംക്രമിപ്പിക്കുന്നത് അത്യപകടകരമായ വർഗീയതുടെ വിഷമാണ് എന്നതുകൊണ്ട് തന്നെ സമൂഹനന്മ കാംക്ഷിക്കുകയും ഇന്ത്യയുടെ ബഹുസ്വരത നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മിണ്ടാതിരിക്കാനാവില്ല. അവരിലൂടെ സംക്രമിക്കുന്ന ഇസ്‌ലാംഭീതിയുടെയും ഇസ്‌ലാംവെറുപ്പിന്റെയും കൃമികൾ മതനിരപേക്ഷ ഇന്ത്യക്ക് എത്രത്തോളം മാരകമാണെന്ന് മനസ്സിലാകണമെങ്കിൽ അവർ എഴുതിവിടുന്നത് പുനർവായന നടത്തുന്ന സംഘിശാഖകളിലൂടെ മലീമസമാക്കപ്പെടുന്ന തലച്ചോറുകൾ പരിശോധിച്ചാൽ മതി. ചാനലുകൾക്ക് അകത്തിരുന്നുപോലും നൂറ്റിയൊന്ന് ആവർത്തിച്ച വർഗീയത പറയാൻ മടിയൊന്നുമില്ലാത്ത മുൻ സിവിൽ സർവീസുകാരെ സാംപിൾ ആയി എടുക്കാവുന്നതാണ്.

പൗരത്വപ്രശ്നം കത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. നാടിനെ നശിപ്പിക്കുന്ന ബിൽ. ഇന്ത്യയെന്ന ആശയത്തിന്റെ മരണമണി. ബഹുസ്വരതയെന്ന നാം സഹസ്രാബ്ദങ്ങളായി കൈമാറി വന്ന സംസ്കാരത്തിന്റെ അടിവേരുകൾ പോലും പിഴുതെറിയുന്ന ആശയം. പൗരത്വബിൽ ഒരു മുസ്‌ലിംപ്രശ്‌നമാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അവർക്ക് തെറ്റി. നാടിന്റെ മൊത്തത്തിലുള്ള പ്രശ്‌നമാണത്. അതുകൊണ്ട് തന്നെ അത് ദേശീയപ്രശ്‌നമായി മനസ്സിലാക്കുകയും അങ്ങനെയുള്ള പ്രതികരണങ്ങളുണ്ടാവുകയും വേണം. നമ്മുടെ നാടിനെയും ബഹുസ്വരതയുടെ സംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. ഒറ്റപ്പെട്ട സ്വരങ്ങളല്ല അക്കാര്യത്തിൽ ആവശ്യമെന്ന് കരുതുന്നയാളാണ് ഞാൻ; അത്തരം ഒച്ചപ്പാടുകൾ ഗുണപ്രദമല്ല എന്നും വിശ്വസിക്കുന്നു. ഇന്ത്യയുടെ സ്വരമായി മനുഷ്യത്വരഹിതമായ ഈ ബില്ലിനെതിരെയുള്ള നീക്കങ്ങൾ മാറണം. അങ്ങനെ മാറുന്നുവെന്നതിന്റെ ശുഭസൂചനകളാണ് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്നത്. സമുദായത്തിന്റെ സ്വരവും ഒറ്റപ്പെട്ട സംഘടനാസ്വരങ്ങളായോ വ്യക്തിസ്വരങ്ങളായോ വന്നുകൂടാ. ഒരൊറ്റ സ്വരം; ഒരൊറ്റ നേതൃത്വം; മതനിരപേക്ഷമുന്നണിക്ക് ശക്തി നൽകുന്ന കൂട്ടായ്മ. തങ്ങളുടെ സംഘടനക്ക് ആളെക്കൂട്ടുവാനുള്ള നിമിത്തമാക്കിത്തീർക്കേണ്ട സംഭവങ്ങളിലൊന്നായി ഇതിനെ ആരും കണ്ട്കൂടാ. സ്വന്തമായ അഭിപ്രായങ്ങളില്ലാത്തതുകൊണ്ടല്ല, അത്തരം അഭിപ്രായപ്രകടങ്ങൾക്കല്ല ഇപ്പോൾ പ്രസക്തിയെന്നതുകൊണ്ട് തന്നെയാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാൽ ഈ പ്രശ്നവും ഇസ്‌ലാമിനെയും നബിയെയും നിന്ദിക്കുവാനുള്ള നിമിത്തമായി ഉപയോഗിക്കപ്പെടുമ്പോൾ പ്രതികരിക്കേണ്ടത് അനിവാര്യമായിത്തീരുന്നു; നമ്മുടെ ബാധ്യതയും.

“മുഹമ്മദിന്റെ പാര്‍ലമെന്റ് പാസ്സാക്കിയ മാതൃകാപൗരത്വ ബില്‍ അമിത്ഷാ കോപ്പിയടിച്ച് നടപ്പാക്കി.” എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പറന്നുകൊണ്ടിരിക്കുന്ന പോസ്റ്റ് ഞാൻ നേരത്തെ സൂചിപ്പിച്ച മനോരോഗത്തിന്റെ പുതിയ പതിപ്പാണ്. ഹിജാസിൽ നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് നബി (സ) പറഞ്ഞ ഹദീഥുകളാണ് അമിത് ഷാ കോപ്പിയടിച്ചതെന്നാണ് ആരോപണം! ‘എന്നാലും നബിയങ്ങനെ പറഞ്ഞുവോ?” എന്ന് നിഷ്കളങ്കരായ മതനിരപേക്ഷവാദികൾ പോലും കരുതിപ്പോകുന്ന തരത്തിലാണ് അവതരണം. നബിപ്രസ്താവനയുടെ മുൻപും പിമ്പുമെന്താണെന്ന് മനസ്സിലാകാത്തവർക്ക് സംശയമുണ്ടാക്കുന്ന പ്രസ്താവന! എന്താണ് വസ്തുത?

മദീനയിലെ ഇസ്‌ലാമികരാഷ്ട്രത്തിൽ അവകാശങ്ങളെല്ലാം അനുഭവിച്ചിരുന്നവരായിരുന്നു ജൂതന്മാർ. അവരുടെ ഗോത്രങ്ങളായ ബനൂഖൈനുഖാഉം ബനൂനദീറും ബനൂഖുറൈദയും പ്രവാചകനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു പ്രസ്തുത അവകാശങ്ങൾ. നാടുമായി ശത്രുത പ്രകടിപ്പിക്കാതെ തങ്ങൾ സമാധാനപൂർവ്വം മദീനയിൽ അധിവസിക്കാമെന്ന് ജൂതഗോത്രങ്ങളും അവരുടെ മതമനുസരിച്ച് മറ്റുള്ള മദീനാപൗരന്മാരെപ്പോലെ അവർക്കും ജീവിക്കാമെന്ന് പ്രവാചകനും സമ്മതിച്ചുകൊണ്ടുള്ള കരാർ. അവരിലെ ഓരോ ഗോത്രങ്ങൾ കരാറുകൾ ഓരോന്നായി ലംഘിക്കാൻ തുടങ്ങി. കൊലപാതകിയെ സംരക്ഷിച്ചുകൊണ്ട് നാടിനെതിരെ കലാപം സൃഷ്ടിച്ചതിന് ബനൂഖൈനുഖാഉം പ്രവാചകനെ കൊല്ലാൻ ശ്രമിച്ചുകൊണ്ട് ബനൂനദീറും യുദ്ധത്തിന്റെ നിർണായകഘട്ടത്തിൽ ശത്രുക്കളെ സഹായിച്ചുകൊണ്ട് ബനൂഖുറൈദയും കരാർലംഘനം നടത്തിയപ്പോഴാണ് അവർക്കെതിരെ നടപടികൾ ഉണ്ടായത്. മദീനയിൽ നിന്ന് നാട് കടത്തപ്പെട്ട അവരിൽ ചിലർ ഖൈബറിൽ സംഘടിക്കുകയും മദീനക്കെതിരെ കലാപങ്ങൾ അഴിച്ചുവിടുകയും ചെയ്തപ്പോഴാണ് ഖൈബർയുദ്ധം നടക്കുകയും ആ നാട് ഇസ്‌ലാമിന് കീഴിൽ വരികയും ചെയ്തത്. മദീനക്കെതിരെ കലാപമുണ്ടാക്കാൻ ശ്രമിച്ചവരെ ഖൈബറിൽ നിന്ന് പുറത്താക്കാൻ നബി (സ) ഉദ്ദേശിച്ചുവെന്നത് ശരിയാണ്. എന്നാൽ ആ ഭൂമിയിൽ കൃഷി ചെയ്യുവാൻ തങ്ങളെ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുകയാണ് കാരുണ്യത്തിന്റെ പ്രവാചകൻ (സ) ചെയ്തത്. ഇസ്‌ലാമികരാഷ്ട്രത്തിന്റെ നിബന്ധനകൾക്ക് വിധേയമായി രാജ്യത്തിനെതിരെ കലാപത്തിന് ശ്രമിച്ചവരെ അവർ ജീവിച്ചുവന്ന നാട്ടിൽ തന്നെ താമസിക്കാനും കൃഷി ചെയ്യാനും അനുവദിച്ച നബിതീരുമാനം എത്രത്തോളം മഹത്തരമാണ്! ഉമറിന്റെ(റ) ഭരണകാലം വരെ അവർ അവിടെ സമാധാനപൂർവ്വം ജീവിക്കുകയും അതിന്നു ശേഷം ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) അവരെ മാറിത്താമസിപ്പിക്കുകയുമാണ് ചെയ്തത്. കാരുണ്യത്തിന്റെ ഈ പ്രവാചകചെയ്തിയിൽ എവിടെയാണ് അമിത് ഷാക്ക് മാതൃകയുള്ളത്?!!!

ഖൈബർ യുദ്ധത്തിന് ശേഷം ഹിജാസിലെ ജൂതഗോത്രങ്ങളും ഹുനൈൻ യുദ്ധത്തിന് ശേഷം ക്രൈസ്‌തവഗോത്രങ്ങളും മദീനയോട് ശത്രുതയോട് കൂടി പെരുമാറുകയും തരം കിട്ടുമ്പോഴെല്ലാം കലാപങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്തുപോന്നത് ചരിത്രത്തിൽ സുവിദിതമാണ്. ഇസ്‌ലാമിന്റെ സമാധനഗേഹങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കലാപങ്ങളോ കുഴപ്പങ്ങളോ ഇല്ലാത്ത സ്ഥലങ്ങളാകണമെന്ന് പ്രവാചകന് ആഗ്രഹമുണ്ടായിരുന്നു. മക്കയും മദീനയും ലോകത്തെങ്ങുമുള്ള വിശ്വാസികൾക്ക് കലാപങ്ങളോ കുഴപ്പങ്ങളോ അക്രമങ്ങളോ ഭയക്കാതെ സമാധാനത്തോടെ സന്ദർശിക്കുവാനും ഹജ്ജ് ചെയ്യുവാനും കഴിയുന്ന സ്ഥലങ്ങളാകണമെന്ന പ്രവാചകന്റെ ആഗ്രഹം അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ‘ഹിജാസിൽ നിന്ന് ജൂതക്രൈസ്തവർ പുറത്താകണമെന്നാണ് തന്റെ ആഗ്രഹം” എന്ന പ്രവാചകവചനത്തിൽ നാം കാണുന്നത് അതാണ്. എന്നാൽ ഈ പ്രവാചകനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോടെങ്കിലും എന്തെങ്കിലും അനീതി ചെയ്തതായി ചരിത്രത്തിലെവിടെയുമില്ല. ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഹിജാസ് ‌ഒഴിച്ചുള്ള പ്രദേശങ്ങളിലെല്ലാം ജൂതന്മാരും ക്രൈസ്തവരും മറ്റു മതവിശ്വാസികളുമെല്ലാം സുഖമായി ജീവിച്ചു പോന്നിട്ടുണ്ട്. മക്കയും മദീനയും അടങ്ങുന്ന സ്ഥലങ്ങൾ സമാധാനപൂർണമായ പ്രദേശങ്ങളാകണമെന്ന് ആഗ്രഹിച്ച പ്രവാചകനിൽ നിന്നാണ് മുസ്‌ലിംകളെ നാടില്ലാത്തവരാക്കിത്തീർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പൗരത്വബില്ലിന്റെ ഉപജ്ഞാതാക്കൾ പഠിച്ചതെന്ന് പറയണമെങ്കിൽ കണ്ണില്ലായ്മ കുറച്ചൊന്നും പോരാ. ഇസ്‌ലാംവെറുപ്പ് പ്രസരിപ്പിക്കുന്നവരെല്ലാം ഈ കണ്ണില്ലായ്മ കൊണ്ട് ഏറെ അനുഗ്രഹീതരാണല്ലോ…

നൂറ്റാണ്ടുകളോളം മുസ്‌ലിംകൾ ഭരിച്ച സ്ഥലങ്ങളിൽ ഇന്നും മുസ്‌ലിംകളല്ലാത്തവർ സുഖമായി ജീവിക്കുന്നതിൽ നിന്ന് തന്നെ തങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മറ്റു മതവിശ്വാസികളെയെല്ലാം പുറത്താക്കണമെന്ന് പ്രവാചകനിൽ നിന്ന് മുസ്‌ലിംകളാരും പഠിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഈജിപ്‌തിലും സിറിയയിലും ജോർദാനിലും പലസ്തീനിലുമെല്ലാം ഉയർന്നു നിൽക്കുന്ന ക്രിസ്ത്യൻ-ജൂത ആരാധനാലയങ്ങൾ ഇതിനുള്ള ജീവിക്കുന്ന തെളിവുകളാണ്. അവിടെക്കൊന്നും പോകണമെന്നില്ല, ഇസ്‌ലാംവിരോധം വിളമ്പാൻ തക്കം പാർത്തിരിക്കുന്ന ഇവർക്ക് ഇക്കാര്യം മനസ്സിലാക്കണമെങ്കിൽ. നമ്മുടെ നാടിന്റെ ചരിത്രം മാത്രം ഒന്ന് പഠിച്ചാൽ മതി. ഒരു സഹസ്രാബ്ദത്തോളം മുസ്‌ലിംകൾ ഭരിച്ച ഇന്ത്യയിൽ എത്ര പേരെയാണ് മുസ്‌ലിംകളല്ലാത്തതിന്റെ പേരിൽ നാട് കടത്തിയതെന്ന് പരിശോധിക്കാനെങ്കിലുമുള്ള സാവകാശം കാണിച്ചിരുന്നെങ്കിൽ ഈ സന്ദർഭത്തിൽ ഇത്തരം വൃത്തികെട്ട ആശയാഭാസങ്ങൾ കാണിക്കാൻ ആരും മുതിരുകയില്ലായിരുന്നു. ഇസ്‌ലാമികപാഠങ്ങൾ ഉൾക്കൊള്ളുക വഴി വർഗീയവാദിയായിത്തീർന്നയാളെന്ന് വിമർശിക്കപ്പെടുന്ന ഔറംഗസീബിന്റെ കാലത്തുപോലും അങ്ങനെയൊരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്ന സത്യമെങ്കിലും മനസ്സിലാകുന്നവർക്ക് പ്രവാചകൻ (സ) പഠിപ്പിച്ചത് മുസ്‌ലിംകളല്ലാത്തവരെ നാട് കടത്താനല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകമുണ്ടാകുമായിരുന്നു. ഈ വിമർശകരിൽ നിന്ന് അത്തരം വിവേകങ്ങളെല്ലാം പ്രതീക്ഷിക്കുന്നത് വെറുതെയാണ്. ഇസ്‌ലാംവിരോധത്തിന്റെ വൈറസുകൾ അവരുടെ തലച്ചോറിനകത്തെ വിവേകകോശങ്ങളെ മുഴുവൻ നശിപ്പിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്നാണല്ലോ അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

print

No comments yet.

Leave a comment

Your email address will not be published.