തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -4

അജ്‌വ

അജ്‌വ കാരക്കക്ക് ഔഷധഗുണങ്ങൾ വിശേഷിപ്പിച്ചു കൊണ്ടുള്ള ഹദീസുകൾ പരിശോധിക്കുമ്പോൾ ‘ആലിയയിലെ അജ്‌വ’ക്കുള്ള ഈ സവിശേഷതകൾ ദിവ്യബോധനത്തിന്റെ വെളിച്ചത്തിലാണ് പ്രവാചകൻ (സ) സംസാരിച്ചത് എന്ന് മനസ്സിലാവുന്നു. സാമ്പ്രദായിക ഔഷധങ്ങളെയും ചികിത്സകളെയും സംബന്ധിച്ച പ്രവാചകന്റെ ലൗകീക ജ്ഞാനങ്ങളെ അവലംബിച്ചല്ല ‘ആലിയയിലെ അജ്‌വ’യെ സംബന്ധിച്ച് പ്രവാചകൻ (സ) സംസാരിച്ചത്. കാരണം ഹദീസിൽ വിഷത്തിന് പുറമെ, സിഹ്റിനും (മാരണം) ‘ആലിയയിലെ അജ്‌വ’ മൂലം പ്രതിരോധം സൃഷ്ടിക്കാമെന്ന് കൂടിയുണ്ടല്ലൊ. മാരണം ഒരു അദൃശ്യകാര്യമാണ്. വൈദ്യശാസ്ത്ര പരീക്ഷണങ്ങളിലൂടെ ശമന – പ്രതിരോധ തോത് നിർണയിക്കാൻ കഴിയുന്ന ഒരു സാധാരണ രോഗമല്ല. സ്വാഭാവികമായും അതിനുള്ള പ്രതിരോധത്തെ സംബന്ധിച്ച അറിവ് ദൃശ്യജ്ഞാനങ്ങൾക്കും അപ്പുറമുള്ള പ്രപഞ്ച രഹസ്യങ്ങളറിയുന്ന ദൈവത്തിൽ നിന്ന് മാത്രമെ ലഭിക്കു. അതുകൊണ്ട് തന്നെ
‘ആലിയയിലെ അജ്‌വ’ക്കുള്ള ഈ സവിശേഷതകളെ സംബന്ധിച്ച് പ്രവാചകൻ (സ) സംസാരിച്ചത് ദിവ്യബോധനത്തിന്റെ വെളിച്ചത്തിലാണ് എന്ന് സ്ഥാപിതമാവുന്നു.
ബാക്കിയുള്ളത് ഈ പ്രസ്ഥാവനയുടെ സംഭവ്യതയാണ്. അത് ചർച്ച ചെയ്യാൻ അജ്‌വയുടെ സവിശേഷതയെ സംബന്ധിച്ച ഹദീസിന്റെ വ്യത്യസ്ഥ നിവേദനങ്ങളെല്ലാം ചേർത്തുവെച്ച് നാം വായിക്കേണ്ടതുണ്ട്:

1. ﻣﻦ اﺻﻄﺒﺢ ﻛﻞ ﻳﻮﻡ ﺗﻤﺮاﺕ ﻋﺠﻮﺓ، ﻟﻢ ﻳﻀﺮﻩ ﺳﻢ، ﻭﻻ ﺳﺤﺮ ﺫﻟﻚ اﻟﻴﻮﻡ ﺇﻟﻰ اﻟﻠﻴﻞ

“ആരെങ്കിലും എല്ലാ ദിവസവും ‘അജ്‌വ’ കാരക്കകൾ തിന്നാൽ ഒരു വിഷവും സിഹ്റും അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല.”
(സ്വഹീഹുൽ ബുഖാരി: 5768)

2. إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً

“‘ആലിയ’യിലെ അജ്‌വ’ (ഈത്തപ്പഴത്തിൽ) ശമനമുണ്ട്.”
(സ്വഹീഹു മുസ്‌ലിം: 2048, മുസ്നദു അഹ്‌മദ്: 24735)

‘ആലിയ’: മദീനക്ക് സമീപമുള്ള ഒരു സ്ഥലം.
(കശ്ഫുൽ മുശ്കിൽ മിൻ ഹദീസി സ്വഹീഹൈൻ: അബുൽ ഫറജ് ഇബ്നുൽ ജൗസി: 1: 235)
കാദി ഇയാദ് പറഞ്ഞു: മദീനയിൽ മൂന്ന് മൈൽ ദൂരത്തിലാണ് ആലിയയുടെ ഏറ്റവും അടുത്ത ഭാഗം. മദീനയിൽ നിന്ന് എട്ട് മൈൽ ദൂരമുണ്ട് ആലിയയുടെ അറ്റം.
(ശർഹു മുസ്‌ലിം: 13:201)

3. ﻣﻦ ﺃﻛﻞ ﻣِﻤَّﺎ ﺑَﻴﻦ لابتي اﻟْﻤَﺪِﻳﻨَﺔ

“മദീനയിലെ രണ്ട് ‘ലാബിത്തു’ കൾക്കിടയിലുള്ള (അജ്‌വ ഈത്തപ്പഴത്തിൽ)…”
(അൽ ഇലൽ: ദാറകുത്നി, ഉംദത്തുൽ കാരി: 21:71)

“രണ്ട് ലാബിത്തുകൾക്കിടയിലുള്ളത്” എന്നതിലെ ലാബിത്ത് കൊണ്ട് ഉദ്ദേശിക്കുന്ന കരിമ്പാറ കൊണ്ട് പൊതിയപ്പെട്ട (മദീനക്കടുത്ത) സ്ഥലങ്ങളാണ്.
(കശ്ഫുൽ മുശ്കിൽ മിൻ ഹദീസി സ്വഹീഹൈൻ: അബുൽ ഫറജ് ഇബ്നുൽ ജൗസി: 1: 235)

4. من تصبح بسبع تمرات عجوة لم يضره ذلك اليوم سم ولا سحر

“ആരെങ്കിലും (‘ആലിയ’യിലെ) ‘അജ്‌വ’ (ഈത്തപ്പഴം) ഏഴെണ്ണം രാവിലെ പതിവായി കഴിച്ചാൽ അന്നേ ദിവസം ഒരു വിഷവും സിഹ്റും അയാൾക്ക് ഉപദ്രവമേൽപ്പിക്കില്ല.”
(സ്വഹീഹു മുസ്‌ലിം: 2047)

5. أَوَّلَ الْبُكْرَةِ عَلَى الرِّيقِ

“പ്രഭാതത്തിന്റെ ആദ്യ സന്ധിയിൽ (സ്വന്തം) ഉമിനീർ ചേർത്ത് കഴിക്കുന്നതിൽ (ശമനമുണ്ട്)”
(മുസ്നദു അഹ്‌മദ്: 25187)

ഇനി ഈ പ്രസ്ഥാവനയുടെ സംഭവ്യതയെ പറ്റി ചർച്ച ചെയ്യാം. ഹദീസിൽ പറഞ്ഞ കാര്യങ്ങളുടെ സംഭവ്യതയെ സംബന്ധിച്ച് പണ്ഡിതന്മാർ രണ്ട് രീതിയിലാണ് മറുപടി നൽകിയിട്ടുള്ളത്:

1. അജ്‌വയുടെ സവിശേഷത പ്രസ്ഥാവിക്കപ്പെട്ട ഹദീസിന്റെ അഞ്ച് നിവേദനങ്ങൾ ചേർത്തു വെക്കുമ്പോഴാണ് ഹദീസിന്റെ പൂർണ രൂപം മനസ്സിലാക്കാൻ സാധിക്കുക. അത് ഇപ്രകാരം സംഗ്രഹിക്കാം:

“മദീനയിലെ ‘ആലിയ’യിലെ, രണ്ട് ‘ലാബിത്തു’കൾക്കിടയിലുള്ള ‘അജ്‌വ’, ഏഴെണ്ണം വീതം, പ്രഭാതത്തിന്റെ ആദ്യ ദശയിൽ (സ്വന്തം) ഉമിനീർ ചേർത്ത്, വെറും വയറ്റിൽ, പതിവായി കഴിക്കുന്ന ഒരാൾക്ക്, പതിവു പോലെ അവ കഴിക്കുന്ന ഒരു ദിവസം രാത്രി വരെ, അത് വിഷ പ്രതിരോധമായി വർത്തിക്കും.” ഇതാണ് പ്രസ്ഥാവനയുടെ ആകത്തുക. ആലിയയിലെ അജ്‌വ ഒരാൾ സ്ഥിരമായി ഭക്ഷിച്ചാൽ വിഷങ്ങളിൽ നിന്നുള്ള നിരുപാധിക സംരക്ഷണം നൽകപ്പെട്ട് അയാൾ അമാനുഷികത കൈവരിക്കും എന്നല്ല പ്രവാചകൻ (സ) ഉദ്ദേശിച്ചത് എന്ന് “അന്നെ ദിവസം രാത്രി വരെ അവന് ഉപദ്രവമേൽപ്പിക്കില്ല.” (സ്വഹീഹുൽ ബുഖാരി: 5768) എന്ന വാചകത്തിൽ നിന്നും സുതരാം വ്യക്തമാണ്. ഒരു പരിധി വരെ വിഷത്തെ തടുക്കാനുള്ള പ്രതിരോധ ശേഷി കൈവരിക്കും എന്ന് മാത്രമാണ് ഉദ്ദേശം. (അതുകൊണ്ട് തന്നെ, അജ്‌വ തിന്ന് വിഷം കഴിച്ച്, ഹദീസ് തെളിയിക്കാനുള്ള വിമർശകരുടെ വികാരഭരിതമായ വെല്ലുവിളികൾ വെറും ബാലിശമാണ്)

മാത്രമല്ല, മറ്റു ചില നിവേദനങ്ങളിൽ ﻓﻴﻬﺎ ﺷﻔﺎء ﻣﻦ اﻟﺴﻢ

“അതിൽ (അജ്‌വയിൽ) വിഷത്തിൽ നിന്നുള്ള ശമനമുണ്ട്” (സുനനു തുർമുദി: 2066, ശർഹു സുന്ന: ബഗ്‌വി: 2890) എന്നും
“‘ആലിയ’യിലെ അജ്‌വയിൽ ശമനമുണ്ട്”
(സ്വഹീഹു മുസ്‌ലിം: 2048, മുസ്നദു അഹ്‌മദ്: 24735)
എന്നുമാണ് വന്നിരിക്കുന്നത്. അഥവാ ഒരേ ഹദീസിന്റെ ചില നിവേദനങ്ങളിൽ ‘ഒരു വിഷവും ഉപദ്രവമേൽപ്പിക്കില്ല’ എന്ന് പൊതുവൽക്കരണത്തെ (العموم) തോന്നിപ്പിക്കുന്ന പദ പ്രയോഗമുണ്ടെങ്കിലും മറ്റു ചില നിവേദനങ്ങളിൽ ‘അതിൽ ശമനമുണ്ട്’ എന്നല്ലാതെ ‘ഒരു വിഷവും’ എന്ന പ്രയോഗമില്ല. അഥവാ ഹദീസിന്റെ പദങ്ങളിൽ കേട്ടവരുടെ ഓർമ്മക്കനുസരിച്ച് ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നു. അപ്പോൾ ഹദീസിന്റെ ഒരു രൂപത്തിലുള്ള നിവേദനത്തിലെ പദപ്രയോഗത്തെ ഭൂതക്കണ്ണാടി വെച്ച് നിരീക്ഷിക്കുകയും മറ്റൊരു നിവേദനത്തെ അവഗണിക്കുകയും ചെയ്യുന്നത് എന്ത് ന്യായമാണ് ?! രണ്ടു തരത്തിലുമുള്ള നിവേദനങ്ങളിൽ ഒരുമിച്ച് വെച്ച് നോക്കുമ്പോൾ, പല തരം വിഷങ്ങളിൽ നിന്നും പൊതുവെ അവ പ്രതിരോധ ശേഷി നൽകുന്നു എന്നതാണ് ഹദീസിന്റെ ആകത്തുകയായി മനസ്സിലാക്കാൻ സാധിക്കുക. അല്ലാതെ എല്ലാ വിഷത്തിൽ നിന്നും നിരുപാധികം പ്രതിരോധമുണ്ട് എന്നല്ല.

കൂടാതെ, സുമ്മ് (السم) അഥവാ വിഷം എന്ന അറബി പദം പറയപ്പെടുമ്പോൾ ഉടനെ ആർസെനിക്കും സയനൈഡുമാണ് വിമർശകർക്ക് ഓർമ്മ വരുന്നത്. സുമ്മ് എന്ന അറബി പദത്തിന് poison എന്ന ഇംഗ്ലീഷ് പരിഭാഷ മാത്രമാണോ ഉള്ളത് ?! toxin എന്ന പരിഭാഷ എന്ത് കൊണ്ട് നൽകിക്കൂടാ?! ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.

Poisons are substances that cause harm to organisms when sufficient quantities are absorbed, inhaled or ingested. A toxin is a poisonous substance produced within living cells or organisms.

ഒരു നിശ്ചിത അളവിൽ ആഗിരണം ചെയ്യുമ്പോഴോ ശ്വസിക്കുമ്പോഴോ കഴിക്കുമ്പോഴോ ജീവികൾക്ക് ദോഷം വരുത്തുന്ന വസ്തുക്കളാണ് പോയ്സൻ (Poison). ജൈവകോശങ്ങളിലോ ജീവികളിലോ ഉൽ‌പാദിപ്പിക്കപ്പെടുന്ന വിഷ പദാർത്ഥമാണ് ടോക്സിൻ (toxin).
(https://www.sciencelearn.org.nz/resources/364-poisons-and-toxins#:~:text=Poisons%20are%20substances%20that%20cause,within%20living%20cells%20or%20organisms)

ഇത്തരം പ്രകൃതിപരവും മനുഷ്യ നിർമിതവുമായ വിഷവസ്തുക്കൾക്ക് (toxins & Toxicants) ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ നിത്യവും പല രൂപത്തിലും വിധേയമാവുന്നുണ്ട്. നമ്മുടെ ദൈനംദിന വിഷ ഉപഭോഗത്തിന്റെ 90% വരുന്നത് നമ്മുടെ വീടുകളുടെയും ജോലിസ്ഥലങ്ങളുടെയും ഉള്ളിലെ വായുവിൽ നിന്നാണ്. അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും.
(https://www.doctorsbeyondmedicine.com/listing/living-healthy-in-a-toxic-environment)

കൂടാതെ അന്തരീക്ഷം, വായു, ജീവിത രീതികൾ തുടങ്ങി വേറേയും പല സ്രോതസ്സുകളും പലതും…

ഇത്തരം വിഷങ്ങളെയാണ് ഹദീസ് ചർച്ച ചെയ്യുന്നത്. അല്ലാതെ, ആർസെനിക്കും സയനൈഡും എലി വിഷവുമൊന്നുമല്ല. മനുഷ്യരുടെ ആരോഗ്യ സ്വസ്ഥിതിയുടെ പ്രവാചക വൈദ്യത്തിന്റെ ഉൾപ്രേരണ അമാനുഷികത കൈവരിക്കലല്ല. അതുകൊണ്ട് തന്നെ പരിസ്ഥിതിയിൽ നിന്നും, വായു, വെള്ളം, സഹജീവജാലങ്ങൾ, രോഗങ്ങൾ, ചികിത്സകൾ എന്നിവയിൽ നിന്നും മനുഷ്യന് ഏൽക്കാൻ സാധ്യതയുള്ള വിഷവസ്തുക്കൾക്ക് (toxins & Toxicants) എതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്ന ഒരു പ്രകൃതിദത്ത മാർഗം പ്രവാചകൻ (സ) അനുചരന്മാർക്ക് പറഞ്ഞു കൊടുത്തു. അത്രയെ അജ്‌വയുടെ ഹദീസിൽ ഉള്ളു.

ഹദീസ് വൈദ്യശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് വാദിക്കണമെങ്കിൽ “മദീനയിലെ ‘ആലിയ’യിലെ, രണ്ട് ‘ലാബിത്തു’കൾക്കിടയിലുള്ള ‘അജ്‌വ’, ഏഴെണ്ണം വീതം, പ്രഭാതത്തിന്റെ ആദ്യ ദശയിൽ (സ്വന്തം) ഉമിനീർ ചേർത്ത്, വെറും വയറ്റിൽ, പതിവായി കഴിക്കുന്ന ഒരാൾക്ക്, പതിവു പോലെ അവ കഴിക്കുന്ന ഒരു ദിവസം രാത്രി വരെ, വിഷ പ്രതിരോധത്തിൽ അവ യാതൊരുവിധത്തിലും സഹായിക്കില്ല.” എന്ന് വൈദ്യശാസ്ത്ര പരീക്ഷണങ്ങളിലൂടെ ആദ്യം തെളിയിക്കേണ്ടതുണ്ട്. ആ തെളിവ് മുന്നിൽ വെച്ച് കൊണ്ടല്ലെ ഹദീസ് നിരൂപണ വിധേയമാക്കേണ്ടത്.

അതേസമയം, ഹദീസ് വൈദ്യശാസ്ത്രത്തിന് വിരുദ്ധമല്ല എന്നതിന് അനുകൂലമായ ചില ഗവേഷണ പഠനങ്ങൾ നമുക്ക് ലഭ്യമാണ് താനും. ഉദാഹരണത്തിന്, ഡോ. അബ്ദുൽ കരീം സല്ലാൽ, ഡോ. സുഹൈർ, ഡോ.അഹ്‌മദ് ദൈസി എന്നിവർ സംഘമായി നടത്തിയ ഒരു വൈദ്യശാസ്ത്ര ഗവേഷണ പ്രബന്ധം ‘ബയോ മെഡിക്കൽ ലെറ്റേഴ്സ്’ (Biomedical Letters) മാഗസിനിൽ, കാംബ്രിഡ്ജ് സർവകലാശാലയിൽ (Cambridge) പ്രസിദ്ധീകരിക്കുകയുണ്ടായി. “ഈത്തപ്പഴ സത്ത്‌ ഉപയോഗിച്ച് പാമ്പിന്റെയും തേളിന്റെയും വിഷത്തിന്റെ ഹീമോലിറ്റിക് പ്രവർത്തനങ്ങളെ തടയൽ” (Inhibition of haemolytic activity of snake and scorpion venom by date extract) എന്നായിരുന്നു ഗവേഷണ പ്രബന്ധത്തിന്റെ ശീർഷകം.
ഗവേഷണത്തിന്റെ സംഗ്രഹം ഇപ്രകാരമായിരുന്നു:

സെറസ്റ്റസ് സെറസ്റ്റെസ് (Cerastes cerastes) എന്ന ഒരിനം സർപ്പത്തിന്റെയും, ലിയൂറസ് ക്വിൻക്വെസ്ട്രിയാറ്റസ് (Leiurus quinquestriatus) ഒരു ഇനം തേളിന്റെയും  വിഷത്തിന്റെ ഹീമോലിറ്റിക് പ്രവർത്തനത്തെ തടയുന്നതിൽ ഈത്തപ്പഴ സത്തിന്റെ വിവിധ സാന്ദ്രതക്ക് സാധ്യമായി.

പരീക്ഷണത്തിനായി ഉപയോഗിച്ച എലികളിൽ ഓരോന്നിനും പ്രത്യേക തോതിൽ ഈത്തപ്പഴസത്ത് നൽകുകയുണ്ടായി. ഈ എലികളിൽ എല്ലാത്തിന്റേയും രക്തസാമ്പിളുകൾ ഈത്തപ്പഴ സത്ത് നൽകുന്നതിന് മുമ്പും ശേഷവും ശേഖരിച്ചു. ഈത്തപ്പഴ സത്ത് നൽകിയതിന് ശേഷമുള്ള രക്തസാമ്പിളുകളിൽ വിഷ പ്രതിരോധ ശേഷി 83% ആയി കണ്ടെത്തി.

പാമ്പിന്റെ വിഷം ഹീമോഗ്ലോബിൻ ആഗിരണം ചെയ്യുന്നതിന്റെ ശതമാനവും ഈത്തപ്പഴ സത്ത നൽകിയതിനുമുമ്പ് വിഷത്തിന് (3%) ചുവന്ന രക്താണുക്കളിൽ ഉണ്ടായ ഫലവും (0.542) ആണ്. ഈത്തപ്പഴസത്ത നൽകിയതിന് ശേഷം അത് (0.09) ആയി മാറി.

ഈത്തപ്പഴ സത്തിന്റെ 5% നൽകിയതിലൂടെ വിഷ പ്രവർത്തനത്തിന്റെ 34% മുതൽ 71% വരെ അസാധുവാക്കപ്പെട്ടു. ഈത്തപ്പഴ സത്തിന്റെ 20% നൽകിയതിലൂടെ 87% മുതൽ 100% വരെ അസാധുവാക്കപ്പെട്ടതായും പഠനം നിരീക്ഷിച്ചു.
(Abdul-karim j. sallal. A Zuhair S. Amr. A Ahmad M Disi, Inhibition of haemolytic activity of snake and scorpion venom by date extract, Biomedical Letters, 55, 51 – 56, 1997.)

കീമോതെറാപ്പിയുടെ ഫലമായി ശരീരത്തെ ബാധിക്കുന്ന പല തരം വിഷബാധകൾക്ക് പ്രതിരോധം തീർക്കാൻ ‘ഫീനിക്സ് ഡാക്റ്റൈലിഫെറ’ (Phoenix dactylifera) അല്ലെങ്കിൽ ഈന്തപ്പന ഫലത്തിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
(https://www.ncbi.nlm.nih.gov/pmc/articles/PMC4691153/ fbclid=IwAR0IxXwesBKWyh1qjoFbT5HRBn3rmHnVcz2cKZzSKbjCH32d73FP4EYy1Rc)

ഈത്തപ്പഴത്തിന്റെ ഫലങ്ങൾ കോശങ്ങളുടെ കേടുപാടുകൾ തടയുന്നതിനും കാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിനും പരമ്പരാഗത കീമോതെറാപ്പി മൂലം ശരീരത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈന്തപ്പഴം ശക്തമായ ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു. ഓക്സിഡേറ്റീവ് കോശ കേടുപാടുകളിൽ നിന്ന് ആന്തരിക സംരക്ഷണം കുറയുന്നത് തടയാനും കോശ കേടുപാടുകൾ കുറയ്ക്കുന്നതിന് പ്രതിരോധ സംവിധാനങ്ങളെ സഹായിക്കാനും ഇത് ഈന്തപ്പഴത്തെ അനുവദിക്കുന്നു.

ഹെപ്പറ്റോട്ടോക്സിസിറ്റി, നെഫ്രോടോക്സിസിറ്റി, ഗ്യാസ്ട്രോടോക്സിസിറ്റി, പെരിഫറൽ ന്യൂറോപ്പതി എന്നിവയുൾപ്പെടെയുള്ള കീമോതെറാപ്പി മൂലമുണ്ടാവുന്ന വിവിധ പ്രതികൂല വിഷലിപ്തതകളിൽ നിന്ന് ഈത്തപ്പഴ സത്തിന് ഫലപ്രദമായ പ്രതിരോധം തീർക്കാൻ സാധിക്കുന്നു എന്ന്
“കീമോതെറാപ്പി-പ്രേരിത വിഷാംശം തടയുന്നതിൽ ‘ഫീനിക്സ് ഡാക്റ്റൈലിഫെറ’യുടെ (ഈന്തപ്പഴം) പങ്ക്” (The Role of Phoenix dactylifera in Prevention of Chemotherapy-Induced Toxicities) എന്ന വൈദ്യ പ്രബന്ധം വിശദീകരിക്കുന്നു.

(പല ക്യാൻസർ കീമോതെറാപ്പിക് മരുന്നുകൾക്കും -സാധാരണ ചികിത്സാ ഡോസുകളിൽ പോലും- മനുഷ്യ ശരീരത്തിൽ അപകടകരമായ വിഷാംശങ്ങൾ ബാധിപ്പിക്കാൻ കഴിയും)

ആമാശയത്തിലെ വിഷ സ്വാധീനമാണ് ഗ്യാസ്ട്രോടോക്സിസിറ്റി (Gastrotoxicity). (Segen’s Medical Dictionary. © 2012 Farlex, Inc.)

‘ഗ്യാസ്ട്രോടോക്സിസിറ്റി’ വിഷ സ്വാധീനത്തിന് എതിരായ പോരാട്ടത്തിൽ ഈന്തപ്പഴത്തിന് വലിയ പങ്കുണ്ട്.

കീമോതെറാപ്പിയുടെ മറ്റൊരു സാധാരണ പ്രതികൂല ഫലമായ ‘പെരിഫറൽ ന്യൂറോപ്പതി’യെ (Peripheral neuropathy) തടയുന്നതിലും ഈ ഫലം ഉപയോഗിക്കപ്പെടുന്നു. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും (പെരിഫറൽ ഞരമ്പുകൾ) പുറത്തുള്ള ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമാണ് പെരിഫറൽ ന്യൂറോപ്പതി. ഇത് പലപ്പോഴും കൈകളിലും കാലുകളിലും ബലഹീനത, തരിപ്പ്‌, വേദന എന്നിവയ്ക്ക് കാരണമാകുന്നു.)

ഈത്തപ്പഴം പോളിഫെനോളുകളുടെ (polyphenols) ഒരു പ്രധാന ഉറവിടമാണ്. അജ്‌വയിൽ പോളിഫെനോളുകളുടെ അളവ് (P < 0.001) വളരെ കൂടുതലാണ് (https://pubs.acs.org/doi/10.1021/jf303951e) പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കാൻ കഴിയും, അതായത് കോശങ്ങളെ തകരാറിലാക്കുകയും ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ അവയ്ക്ക് കഴിയും. പോളിഫെനോളുകൾ പല വിട്ടുമാറാത്ത രോഗങ്ങൾക്കും മൂലകാരണമാണെന്ന് കരുതപ്പെടുന്ന വീക്കം കുറയ്ക്കുമെന്ന് കരുതപ്പെടുന്നു. (https://www.healthline.com/nutrition/polyphenols) പോളിഫെനോളുകൾ, അൾട്രാവയലറ്റ് വികിരണത്തിനെതിരായോ പകർച്ചരോഗാണുക്കളുടെ ആക്രമണത്തിനെതിരായോ പ്രതിരോധത്തിൽ ഏർപ്പെടുന്നു. (https://www.ncbi.nlm.nih.gov/pmc/articles/PMC2835915/) ഈന്തപ്പനയുടെ പഴങ്ങളിൽ (Phoenix dactylifera L.) ഉയർന്ന ശതമാനം കാർബോഹൈഡ്രേറ്റ് (ഷുഗർ, 44-88%), ഫാറ്റ് (0.2-0.5%), 15 ലവണങ്ങൾ, ധാതുക്കൾ, പ്രോട്ടീൻ (2.3-5.6%), വിറ്റാമിനുകളും ഉയർന്ന അളവിലുള്ള ഫൈബറുകളും (6.4-11.5%) അടങ്ങിട്ടുണ്ട്. ഈത്തപ്പഴ കഴമ്പിൽ 0.2-0.5% ഓയിലും വിത്തിൽ 7.7-9.7% ഓയിലും അടങ്ങിയിരിക്കുന്നു. ഈത്തപ്പഴത്തിൽ കുറഞ്ഞത് 15 ധാതുക്കളെങ്കിലും ഉള്ളടങ്ങിയിട്ടുണ്ട്. ബോറോൺ, കാൽസ്യം, കോബാൾട്ട്, കോപ്പർ, ഫ്ലൂറിൻ, അയേൺ, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് എന്നിവ വിവിധ അനുപാതങ്ങളിൽ മറ്റ് ധാതുക്കളും ലവണങ്ങളും ഈത്തപ്പഴത്തിൽ ഉൾപ്പെടുന്നു. ഈത്തപ്പഴങ്ങളിൽ എലമെൻറൽ ഫ്ലൂറിൻ അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകൾ ക്ഷയിക്കാതിരിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതും, ക്യാൻസറിനെ തടയാൻ സഹായിക്കുമെന്ന് കരുതപ്പെടുകയും ചെയ്യുന്ന സെലിനിയം ഈത്തപ്പഴത്തിലെ മറ്റൊരു ഘടകമാണ്. ഈത്തപ്പഴത്തിലെ പ്രോട്ടീനിൽ 23 തരം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അവയിൽ ചിലത് ഏറ്റവും പ്രചാരമുള്ള പഴങ്ങളായ ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവയിൽ ഇല്ല. വിറ്റാമിൻ സി, വിറ്റാമിൻ ബി (1) തയാമിൻ, ബി (2) റൈബോഫ്ലേവിൻ, നിക്കോട്ടിനിക് ആസിഡ് (നിയാസിൻ), വിറ്റാമിൻ എ തുടങ്ങി കുറഞ്ഞത് ആറ് വിറ്റാമിനുകളെങ്കിലും ഈത്തപ്പഴത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. 14 ഇനം ഈത്തപ്പഴങ്ങിലെ ഭക്ഷണ നാരുകൾ 6.4-11.5% വരെ ഉയർന്നതാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ വൈവിധ്യമാർന്ന അവശ്യ പോഷകങ്ങളും ആരോഗ്യപരമായ പ്രയോജനങ്ങളും ഈത്തപ്പഴത്തിൽ ഉള്ളടങ്ങിയിരിക്കുന്നു. (https://pubmed.ncbi.nlm.nih.gov/12850886/#:~:text=Abstract,fibre%20(6.4%2D11.5%25).) ഈത്തപ്പഴത്തിൽ സെലിനിയം ഉള്ളടങ്ങിയിട്ടുണ്ട് എന്ന് സൂചിപ്പിച്ചല്ലൊ. മെർക്കുറി വിഷ സ്വാധീനത്തിന്റെ ചികിത്സയിൽ ഒരു മറുമരുന്നായി സെലിനിയം (Selenium) ഉപയോഗിക്കപ്പെടുന്നു. (https://pubmed.ncbi.nlm.nih.gov/25947386/) ഭക്ഷണത്തിലൂടെയോ പരിസ്ഥിതിയിലൂടെയോ വളരെയധികം മെർക്കുറിക്ക് വിധേയമാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മറ്റൊരു വിഷബാധയാണ് മെർക്കുറി വിഷബാധ. മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷാംശമായി വർത്തിക്കുന്ന ഒരു ശക്തിയേറിയ ലോഹമാണ് മെർക്കുറി. (https://www.medicalnewstoday.com/articles/320563) കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ഊർജ്ജമാക്കി മാറ്റാൻ മറ്റ് 'ബി വിറ്റാമിനു'കളെപ്പോലെ തന്നെ, 'നിയാസിൻ' (Niacin) ശരീരത്തെ സഹായിക്കുന്നു എന്ന് 'യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ' (University of Maryland Medical Center) ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. അഡ്രീനൽ ഗ്രന്ഥികളിൽ ചില ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലും കരളിൽ നിന്ന് ദോഷകരമായ രാസവസ്തുക്കൾ നീക്കംചെയ്യുന്നതിലും നിയാസിന് വളരെ വലിയ പങ്കുണ്ട്. (https://www.livescience.com/51825-niacin-benefits.html) അസാധാരണമായ അളവിലുള്ള രക്തത്തിലെ കൊഴുപ്പുകളെ ചികിത്സിക്കുന്നതിൽ ചില നിയാസിൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് 'ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ' (FDA) അംഗീകാരം നൽകുന്നു. (https://medlineplus.gov/druginfo/natural/924.html) ചുരുക്കത്തിൽ, രക്തത്തിലും കരളിലും ബാധിക്കുന്ന വിഷവസ്തുക്കൾക്ക് എതിരെയും അൾട്രാവയലറ്റ് വികിരണങ്ങൾ, പകർച്ചരോഗാണുക്കൾ തുടങ്ങിയ പരിസ്ഥിതിയിൽ നിന്നും വന്നുചേരുന്ന വിഷബാധകൾക്ക് എതിരെയും പ്രതിരോധം തീർക്കുക, മെർക്കുറി വിഷബാധ, ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുക, ഹെപ്പറ്റോട്ടോക്സിസിറ്റി, നെഫ്രോടോക്സിസിറ്റി, ഗ്യാസ്ട്രോടോക്സിസിറ്റി, പെരിഫറൽ ന്യൂറോപ്പതി എന്നിവയുൾപ്പെടെയുള്ള, കീമോതെറാപ്പി മൂലമുണ്ടാവുന്ന വിവിധ ഇനം വിഷലിപ്തതകളെ ചെറുക്കുക... എന്നിങ്ങനെ പ്രകൃതിപരവും മനുഷ്യ നിർമിതവുമായ വിഷവസ്തുക്കൾക്ക് (toxins & Toxicants) എതിരെയുള്ള പോരാട്ടങ്ങളിലെ ശക്തമായ ആയുധമാണ് ഈത്തപ്പഴം. ഈ വൈദ്യ ഗവേഷണങ്ങളെല്ലാം തന്നെ വിഷചികിത്സയിൽ ഈത്തപ്പഴത്തിന്റെ ഫലപ്രദമായ സ്വാധീനത്തെ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച വേറെയും, ഒട്ടനവധി വൈദ്യശാസ്ത്ര പഠനങ്ങളെ സംബന്ധിച്ച് ഡോ. ജമീൽ അബൂസാറ, 2012 ൽ ജോർഡാൻ സർവ്വകലാശാലയിൽ സമർപ്പിച്ച 'ഹദീസിനെ വിധിക്കുന്നതിൽ ശാസ്ത്ര ഗവേഷണങ്ങളുടെ സ്വാധീനം' (أثر العلم التجريبي في الحكم على الحديث) എന്ന ഡോക്ടറേറ്റ് തിസീസ് അനാവരണം ചെയ്യുന്നുണ്ട്. (അവലംബം: https://www.google.com/amp/s/islamqa.info/amp/ar/answers/195581) അപ്പോൾ, ഹദീസ് വൈദ്യശാസ്ത്രത്തിന് വിരുദ്ധമാണ് എന്ന് വാദിക്കുന്നവർ ആദ്യം അത് വിരുദ്ധമാണെന്നതിന് തെളിവ് അവതരിപ്പിക്കേണ്ടതുണ്ട്. അതിനായി "മദീനയിലെ 'ആലിയ'യിലെ, രണ്ട് 'ലാബിത്തു' കൾക്കിടയിലുള്ള 'അജ്‌വ', ഏഴെണ്ണം വീതം, പ്രഭാതത്തിന്റെ ആദ്യ ദശയിൽ (സ്വന്തം) ഉമിനീർ ചേർത്ത്, വെറും വയറ്റിൽ, പതിവായി കഴിക്കുന്ന ഒരാൾക്ക്, പതിവു പോലെ അവ കഴിക്കുന്ന ഒരു ദിവസം രാത്രി വരെ, വിഷ പ്രതിരോധത്തിൽ അവ യാതൊരുവിധത്തിലും സഹായിക്കില്ല." എന്ന് വിമർശകർ ആദ്യം സ്ഥാപിക്കണം. 2. ആലിയയിലെ അജ്‌വക്കുള്ള ഈ സവിശേഷതകൾ പ്രവാചകന്റെ (സ) കാലഘട്ടത്തിലെ പ്രത്യേക ഈത്തപ്പനകൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാർ വിശദീകരിക്കുന്നത്.

മദീനയിലെ ‘ആലിയ’യിലെ, രണ്ട് ‘ലാബിത്തു’ കൾക്കിടയിൽ പ്രവാചകൻ (സ) കുറച്ച് അജ്‌വ പന തൈകൾ നട്ടു. അവക്ക് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഈ അജ്‌വകൾക്കാണ് ഹദീസിൽ പറയപ്പെട്ടിട്ടുള്ള വൈദ്യ സവിശേഷതകളുള്ളത്. അല്ലാതെ, എല്ലാ കാലത്തേയും, എല്ലാ പ്രദേശത്തേയും, എല്ലാ അജ്‌വകൾക്കും ഈ സവിശേഷതകൾ ഇല്ല എന്നർത്ഥം.

അബുൽ ഫറജ് ഇബ്നുൽ ജൗസി (മരണം: 597 ഹി) പറയുന്നു:

അബൂ സുലൈമാൻ അൽ ഖത്വാബി (ജനനം:319 ഹി) പറഞ്ഞു :
ആലിയയിലെ അജ്‌വ വിഷത്തിൽ നിന്നും സിഹ്റിൽ നിന്നും ശരണമാകാനുള്ള കാരണം അല്ലാഹുവിന്റെ ദൂതന്റെ പ്രാർത്ഥന നിമിത്തം അനുഗ്രഹ പൂർണമായത് കൊണ്ട് മാത്രമാണ്. അല്ലാതെ അവ പ്രകൃത്യാ അത്തരം സവിശേഷതകൾ ഉൾകൊള്ളുന്നത് കൊണ്ടല്ല.
(കശ്ഫുൽ മുശ്കിൽ മിൻ ഹദീസി സ്വഹീഹൈൻ: അബുൽ ഫറജ് ഇബ്നുൽ ജൗസി: 1: 235, ശർഹുൽ ക്വസ്ത്വല്ലാനി: 8:241 )

മദീനയിലെ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളാണ് ആലിയ…
അജ്‌വക്ക് പ്രത്യേകമായി ഈ വിശേഷണം പറയപ്പെട്ടതിലെ രഹസ്യം അവ നട്ടത് പ്രവാചകനായിരുന്നു എന്നതാണ്…

ഖത്വാബി പറഞ്ഞു:
ആലിയയിലെ അജ്‌വ വിഷത്തിൽ നിന്നും സിഹ്റിൽ നിന്നും ശരണമാകാനുള്ള കാരണം അല്ലാഹുവിന്റെ ദൂതന്റെ പ്രാർത്ഥന നിമിത്തം അനുഗ്രഹ പൂർണമായത് കൊണ്ട് മാത്രമാണ്. അല്ലാതെ അവ പ്രകൃത്യാ അത്തരം സവിശേഷതകൾ ഉൾകൊള്ളുന്നത് കൊണ്ടല്ല…
ഇബ്നു തീൻ പറഞ്ഞു: അവ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട അജ്‌വ) മദീനയിലുണ്ടായിരുന്ന -ഇന്ന് അറിയപ്പെടാത്ത- പ്രത്യേകമായ ഈത്തപനകളെ സംബന്ധിച്ചാവാനാണ് സാധ്യത.
ആ ഈത്തപ്പനകളിലെ ഈത്തപ്പഴങ്ങൾക്കാണ് ഈ പ്രത്യേകതകൾ എന്ന് പറയപ്പെടുന്നു. പ്രവാചകന്റെ കാലഘട്ടത്തിൽ മാത്രമാണ് ഈ സവിശേഷതകൾ എന്നും പറയപ്പെടുന്നു…

മാസുരി (ജനനം:453 ഹി) പറഞ്ഞു:
ഹദീസിൽ പറയപ്പെട്ട അജ്‌വയുടെ സവിശേഷതകൾ വൈദ്യശാസ്ത്ര മാർഗത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. അവ അദ്ദേഹത്തിന്റെ കാലഘട്ടക്കാർക്ക് മാത്രം പ്രത്യേകം ബാധകമായ കാര്യമാണ്.
(ഉംദത്തുൽകാരി: 21:287 )

ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട അജ്‌വ മദീനയിലുണ്ടായിരുന്ന -ഇന്ന് അറിയപ്പെടാത്ത- പ്രത്യേകമായ ഈത്തപനകളെ സംബന്ധിച്ചാണെന്ന് ഇബ്നു തീൻ പറഞ്ഞിരിക്കുന്നു.
ആലിയയിലെ അജ്‌വ വിഷത്തിൽ നിന്നും സിഹ്റിൽ നിന്നും ശരണമാകാനുള്ള കാരണം അല്ലാഹുവിന്റെ ദൂതന്റെ പ്രാർത്ഥന നിമിത്തം അനുഗ്രഹ പൂർണമായത് കൊണ്ട് മാത്രമാണെന്നും അവക്ക് പ്രകൃത്യാ അത്തരം സവിശേഷതകൾ ഇല്ലെന്നും ഖത്വാബി പറഞ്ഞിരിക്കുന്നു.
(ഫത്ഹുൽ ബാരി: 10:239)

ഇമാം മുനാവി പറഞ്ഞു:
ആലിയയിലെ അജ്‌വ വിഷത്തിൽ നിന്നും സിഹ്റിൽ നിന്നും ശരണമാകാനുള്ള കാരണം അല്ലാഹുവിന്റെ ദൂതന്റെ പ്രാർത്ഥന നിമിത്തം അനുഗ്രഹ പൂർണമായത് കൊണ്ട് മാത്രമാണ്. അല്ലാതെ അവ പ്രകൃത്യാ അത്തരം സവിശേഷതകൾ ഉൾകൊള്ളുന്നത് കൊണ്ടല്ല എന്ന് ഖത്വാബി പറഞ്ഞിരിക്കുന്നു.

ഇബ്നു തീൻ പറഞ്ഞു: അവ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട അജ്‌വ) മദീനയിലുണ്ടായിരുന്ന -ഇന്ന് അറിയപ്പെടാത്ത- പ്രത്യേകമായ ഈത്തപനകളാവാനാണ് സാധ്യത. അല്ലെങ്കിൽ, ഈ സവിശേഷതകൾ പ്രവാചകന്റെ കാലഘട്ടത്തിലെ പ്രത്യേക ഈത്തപ്പഴങ്ങൾ മാത്രമാണ് ഉദ്ദേശിക്കപ്പെടുന്നത്.
(ഫൈദുൽ കദീർ: 4:457)

ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് പറയുന്നു:
“പണ്ഡിതന്മാരുടെ ഈ രണ്ട് അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാലഘട്ടത്തിലും അജ്‌വയിലൂടെ വിഷ സംരക്ഷണം സിദ്ധിക്കുമെന്ന് പൊതുവായ വിധിയായി പറയാൻ കഴിയില്ല.
(ഇസ്‌ലാം: സുആൽ വൽജവാബ്: 195581)

അബുൽ അബ്ബാസ് അൽ കുർത്വുബി (ജനനം: 578 ഹി) പറഞ്ഞു:

മദീനയിലെ അജ്‌വയുടെ പ്രത്യേകത ആയി കൊണ്ടെ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകളെ) പറയാൻ കഴിയൂ. എന്നാൽ ഈ സവിശേഷത പ്രവാചകൻ (സ) സംസാരിച്ച കാലഘട്ടത്തിലെ പ്രത്യേക അജ്‌വ പനകളെ സംബന്ധിച്ചാണൊ അതല്ല എല്ലാ കാലഘട്ടത്തിലെയും അജ്‌വ പനകളെ സംബന്ധിച്ചാണൊ എന്ന് ചോദിക്കുകയാണെങ്കിൽ അതിനുള്ള ഉത്തരം ഇത് രണ്ടിൽ ഏതിനും സാധ്യതയുണ്ടെന്നതാണ്. ഈ സംശയം നീക്കാനുള്ള മാർഗം വൈദ്യ പരീക്ഷണങ്ങളാണ്. ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകൾ എല്ലാ കാലഘട്ടത്തിലേയും അജ്‌വ പനകൾക്കും ഉണ്ടെന്ന് ഈ വൈദ്യ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടാൽ അവ അജ്‌വ പനകളുടെ സാർവകാലികമായ സവിശേഷതയാണെന്ന് നമ്മുക്ക് മനസ്സിലാക്കാം. ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകൾ വൈദ്യ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞില്ലെങ്കിൽ അവ പ്രവാചകൻ (സ) സംസാരിച്ച കാലഘട്ടത്തിലെ പ്രത്യേക അജ്‌വ പനകളെ സംബന്ധിച്ചാണെന്ന് നമുക്ക് മനസ്സിലാക്കാം.
(അൽ മുഫ്ഹിം: 5:322, അൽ മുഅ്ലിം ബി ഫവാഇദിമുസ്‌ലിം: 3:121)

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.