തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
//തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3
ആനുകാലികം

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

പ്രവാചക വൈദ്യത്തിന്റെ പൊരുൾ -3

ഒട്ടക മൂത്രം

ചോദ്യം:
ഉറൈനക്കാർക്ക് രോഗം അസഹ്യമായപ്പോൾ ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാൻ പ്രവാചകൻ (സ) അവരോട് നിർദേശിച്ചതായി ഹദീസിൽ ഉണ്ടല്ലൊ. അപ്പോൾ മൂത്രം കൊണ്ട് -പ്രത്യേകിച്ച് ഒട്ടക മൂത്രം കൊണ്ട്- ചികിത്സിക്കുന്നത് ഇസ്‌ലാമിക ചികിത്സാരീതിയല്ലെ ?

മറുപടി: ഒരിക്കലുമല്ല. മൂത്രം നജസ് (അശുദ്ധം) ആയാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്. മൂത്രം നജസ് (അശുദ്ധം) ആയതിനാൽ തന്നെ, മൂത്രത്തിൽ നിന്ന് ശരീരത്തെയും വസ്ത്രത്തെയും വൃത്തിയായി സൂക്ഷിക്കൽ നിർബന്ധമാണ്.

പ്രവാചകൻ (സ) പറഞ്ഞു: മൂത്രത്തിൽ നിന്ന് നിങ്ങൾ നല്ല പോലെ വൃത്തിയാവുക. കാരണം, (മൂത്രത്തിൽ നിന്ന് ശരീരവും വസ്ത്രവുമൊന്നും നല്ല പോലെ വൃത്തിയാക്കാത്തതാണ്) ഖബർ ശിക്ഷയിൽ ഭൂരിഭാഗത്തിനും കാരണം.” (തൽഖീസുൽ ഹബീർ: 1:312, അമാലിയ: ഇബ്നുസംഊൻ: 296, ശർഹു മുശ്കിലുൽ ആസാർ:13/189)

ഖബർ ശിക്ഷ അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവാചകൻ (സ) പറഞ്ഞു: “…എന്നാൽ മറ്റയാൾ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തിയിരുന്നില്ല.”
(സ്വഹീഹു മുസ്‌ലിം: 292, മുസ്നദു അഹ്മദ്: 1980, സുനനു അബൂദാവൂദ്: 20, ഇബ്നുമാജ: 347, സുനനു നസാഈ: 31, സുനനു ദാരിമി: 766, മുസ്നദുൽ ബസാർ: 4846)

ഈ ഹദീസുകളിൽ ഒന്നും തന്നെ മനുഷ്യ മൂത്രത്തെയൊ മൃഗങ്ങളുടെ മൂത്രത്തെയൊ വേർത്തിരിക്കുന്നില്ല. അതിനാൽ തന്നെ നജസിന്റെ കാര്യത്തിലും ഹറാമിന്റെ (നിഷിദ്ധം) കാര്യത്തിലും എല്ലാ മൂത്രവും തുല്യം തന്നെ. മാംസം ഭക്ഷിക്കൽ അനുവദനീയമായ മൃഗങ്ങളുടെ മൂത്രം നജസ് (അശുദ്ധം) ആണോ അല്ലേ എന്ന കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും പ്രമാണങ്ങളോട് യോജിച്ച അഭിപ്രായം മൂത്രങ്ങളെല്ലാം നജസാണ് എന്നത് തന്നെയാണ്. മാംസം ഭക്ഷിക്കൽ അനുവദിക്കപ്പെട്ട മൃഗങ്ങളുടേതുൾപ്പെടെ എല്ലാ മൂത്രവും അശുദ്ധമാണെന്ന് ജാബിർ ഇബ്നു സൈദ്, ഹസനുൽ ബസ്വരി, സഈദിബ്നുൽ മുസ്വയ്യിബ്, ഹമ്മാദിബ്നു അബീ സുലൈമാൻ, അബൂ ഹനീഫ, അബൂ യൂസുഫ് തുടങ്ങിയവരും ശാഫിഈ മദ്ഹബിലെ ഭൂരിഭക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നു. (അൽ ഹിദായ വൽ ഇനായ: 1:101,102, അൽ മുഹദ്ദബ്: ശീറാസി: 1:46, അൽ മുഹല്ല: 1:222, 239,240, ഉംദത്തുൽ കാരി: 3:33)
(അവലംബം:http://midad.com/article/200416)

ഉറൈനക്കാർക്ക് രോഗം അസഹ്യമായപ്പോൾ ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാൻ പ്രവാചകൻ (സ) അനുവാദം നൽകിയത് ഒട്ടക മൂത്രം അക്കാലഘട്ടത്തിൽ അറബികൾക്കിടയിൽ നിലനിന്നിരുന്ന ഒരു ചികിത്സാ രീതിയെന്ന നിലക്ക് മാത്രമാണ്, മതത്തിന്റെ ഭാഗമായുമല്ല, പൊതുവായ നിയമമായുമല്ല. അക്കാലഘട്ടത്തിൽ എന്നല്ല ഒട്ടുമിക്ക കാലഘട്ടങ്ങളിലും പല നാഗരികതകളിലും സമൂഹങ്ങളിലും മൂത്രചികിത്സ നിലനിന്നിരുന്നു: pubmed.ncbi.nlm.nih.gov (https://bit.ly/3x6N3Zn.)

ഉറൈനക്കാരുടെ വിഷയത്തിൽ ഈ പ്രത്യേകാനുമതി നൽകിയത്, രോഗ ശമനത്തിന് അനുവദനീയമായ മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത നിർബന്ധിതാവസ്ഥയിൽ നിഷിദ്ധമായ വസ്തുക്കൾക്കൊണ്ടും വൈദ്യ പരീക്ഷണത്തിന് അനുവാദം നൽകാം എന്ന നിലയിലാണ്. അഥവാ, നിർബന്ധിതാവസ്ഥയിൽ ഹറാമായവ തിന്നലും കുടിക്കലും അനുവദനീയമാണ് എന്ന ഇസ്‌ലാമിലെ കർമ്മശാസ്ത്ര തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവെ നിഷിദ്ധമായ ഒട്ടക മൂത്രം ഉറൈനക്കാർക്ക് അനുവദിച്ചതും, ഇളവ് നൽകിയതും.

ഒട്ടകമൂത്രം കൊണ്ടും മറ്റേത് മൂത്രം കൊണ്ടും ചികിത്സ നടത്തൽ ഇസ്‌ലാമിൽ നിഷിദ്ധമാണ്.  എന്നാൽ, അനുവദനീയമായ മറ്റൊരു വഴിയും തിരഞ്ഞെടുപ്പിനായി മുന്നിലില്ലാത്ത വിധം നിർബന്ധിത സാഹചര്യത്തിൽ നിഷിദ്ധ വസ്തുക്കൾ ഉപയോഗിക്കുന്നത് പാപമല്ല എന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്.
“നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ.” (കുർആൻ: 6:119) ഈ അടിസ്ഥാനത്തിൽ മാത്രമാണ്, ഉറൈനക്കാർക്ക് മാത്രമായി ഒട്ടക മൂത്രം കുടിക്കാൻ പ്രവാചകൻ (സ) പ്രത്യേക ഇളവ് നൽകിയത് എന്ന് ഹദീസുകളിൽ തന്നെ കാണാം.

ഇമാം സർഖസി (മരണം: ഹിജ്റാബ്ദം: 490) പറഞ്ഞു (ആശയ വിവർത്തനം):

മാംസം ഭക്ഷിക്കൽ അനുവദനീയമായ മൃഗങ്ങളുടെ മൂത്രം നജസ് (അശുദ്ധം) ആണോ അല്ലേ എന്ന കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്… ആ മൃഗങ്ങളുടെ മൂത്രം നജസ് (അശുദ്ധം) ആണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാർ അവലംബിക്കുന്ന തെളിവുകൾ തുടർന്ന് പറയുന്നവയാണ്: പ്രവാചകൻ (സ) പറഞ്ഞു: “മൂത്രത്തിൽ നിന്ന് നിങ്ങൾ നല്ല പോലെ വൃത്തിയാവുക. കാരണം, (മൂത്രത്തിൽ നിന്ന് ശരീരവും വസ്ത്രവുമൊന്നും നല്ല പോലെ വൃത്തിയാക്കാത്തതാണ്) ഖബർ ശിക്ഷയിൽ ഭൂരിഭാഗത്തിനും കാരണം.”

സഅ്ദിബ്നു മുആദ് ഖബറിലെ ഞെരുക്കം കൊണ്ട് പരീക്ഷിക്കപ്പെട്ടതായി പ്രവാചകൻ (സ) അറിയിച്ചപ്പോൾ അതിന്റെ കാരണം പ്രവാചകനോട് ചോദിക്കപ്പെട്ടു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: അദ്ദേഹം (സഅ്ദിബ്നു മുആദ്) മൂത്രത്തിൽ നിന്ന് പൂർണമായും ശുദ്ധിവരുത്തുമായിരുന്നില്ല.

ഇവിടെ പ്രവാചകൻ (സ) ഉദ്ദേശിച്ചത് സഅ്ദിബ്നു മുആദ് സ്വന്തം മൂത്രത്തിൽ നിന്ന് വൃത്തി വരുത്തുമായിരുന്നില്ല എന്നല്ല. കാരണം സ്വന്തം മൂത്രത്തിൽ നിന്ന് വൃത്തി വരുത്തിയില്ലെങ്കിൽ നമസ്ക്കാരം സ്വീകരിക്കപ്പെടില്ലല്ലൊ. മറിച്ച്, ഇവിടെ പ്രവാചകൻ (സ) ഉദ്ദേശിച്ചത് സഅ്ദിബ്നു മുആദിന് ഒട്ടകങ്ങളെ പരിപാലിക്കുമ്പോൾ അവയുടെ മൂത്രത്തിൽ നിന്ന് പൂർണമായും ശുദ്ധിയാവുന്നതിൽ ചില വീഴ്ച്ചകൾ സംഭവിച്ചു എന്നാണ്. മനുഷ്യനും മൃഗവും ഭക്ഷിക്കുന്ന രണ്ട് ഭക്ഷ്യ വസ്തുക്കളും ദുർഗന്ധമുള്ളതും ജീർണതയുമായി പരിണമിക്കുമ്പോൾ അവയിൽ ഒന്ന് മാത്രം (മനുഷ്യ വിസർജ്യം) അശുദ്ധമാവുക എന്നത് അസംഭവ്യമാണ്. മൃഗം ഭക്ഷിക്കുന്ന രണ്ട് ഭക്ഷ്യ വസ്തുക്കളും (തീറ്റയും വെള്ളവും) ദുർഗന്ധമുള്ളതും ജീർണതയുമായി പരിണമിക്കുമ്പോൾ അവയിൽ ഒന്ന് മാത്രം (ചാണകം) അശുദ്ധമാവുകയും മറ്റൊന്ന് (മൂത്രം) അശുദ്ധമാവാതിരിക്കുകയും ചെയ്യുക എന്നതും അസംഭവ്യമാണ്. ഇനി ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ ആവശ്യപ്പെട്ട ഹദീസിന്റെ കാര്യമെടുക്കുകയാണെങ്കിൽ കത്താദ അനസിൽ (റ) നിന്ന് ഉദ്ധരിക്കുന്ന നിവേദനത്തിൽ ഹദീസ് ഇപ്രകാരമാണുള്ളത്: “അവർക്ക് (ഉറൈനക്കാർക്ക്) ഒട്ടകത്തിന്റെ പാല് കുടിക്കുന്നതിൽ പ്രവാചകൻ പ്രത്യേക ഇളവ് നൽകി.”
ഈ നിവേദനത്തിൽ ‘ഒട്ടകത്തിന്റെ മൂത്ര’ത്തെ സംബന്ധിച്ച് സൂചിപ്പിച്ചിട്ടില്ല. ഒട്ടകത്തിന്റെ മൂത്രത്തെ സംബന്ധിച്ച് സൂചിപ്പിച്ചത് ‘ഹുമൈദ്’ എന്ന നിവേദകൻ അനസിൽ നിന്നും ഉദ്ധരിച്ച നിവേദനത്തിൽ മാത്രമാണ്. അപ്പോൾ ഇവിടെ ‘ഒട്ടകത്തിന്റെ മൂത്ര’ത്തെ സംബന്ധിച്ച് പ്രവാചകൻ (സ) സൂചിപ്പിച്ചിട്ടുണ്ടോ, അതൊ ആ പദം നിവേദകന് സംഭവിച്ച തെറ്റാണോ എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കെ ഈ ഹദീസ് തെളിവ് പിടിച്ച് ഒട്ടക മൂത്രം നജസ് (അശുദ്ധം) അല്ല എന്ന് സ്ഥാപിക്കാൻ കഴിയില്ല എന്നത് ഉറപ്പ്.

ഇനി, ഒട്ടകത്തിന്റെ പാലിനോടൊപ്പം മൂത്രവും പ്രവാചകൻ (സ) പ്രസ്ഥാവിച്ചിട്ടുണ്ട് എന്ന് സ്ഥാപിതമായാൽ തന്നെ അവ ഉറൈനക്കാർക്ക് മാത്രമായി പ്രവാചകൻ (സ) ‘പ്രത്യേക ഇളവ് നൽകി’യതാണെന്ന് ഹദീസിൽ തന്നെ (സ്വഹീഹുൽ ബുഖാരി: 1501) സൂചിപ്പിച്ചിട്ടുണ്ട്. അഥവാ, ഉറൈനക്കാരുടെ പ്രത്യേക കേസിൽ അവരുടെ രോഗത്തിനുള്ള ശമനം ഒട്ടകമൂത്രത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അല്ലാഹു പ്രവാചകന് (സ) ദിവ്യബോധനത്തിലൂടെ അറിച്ചപ്പോൾ അദ്ദേഹം അറിയുകയും അത് കുടിക്കാൻ അവർക്ക് പ്രത്യേക ഇളവ് നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ പ്രത്യേകത മറ്റു കാലഘട്ടത്തിലെ (മറ്റു മനുഷ്യർക്ക്) ബാധകമായ ഒരു പൊതുവായ കാര്യമല്ല. സുബൈറിന് (റ) രോഗം ബാധിച്ചപ്പോൾ പട്ട് ധരിക്കാൻ (അദ്ദേഹത്തിനായി മാത്രം) പ്രവാചകൻ (സ) പ്രത്യേക ഇളവ് നൽകിയതും ഈയൊരർത്ഥത്തിലാണ്. (സ്വഹീഹുൽ ബുഖാരി: 2919) (എന്നാൽ പൊതുവായ നിയമം പുരുഷന്മാർ പട്ട് ധരിക്കൽ നിഷിദ്ധമാണ് എന്നതു തന്നെ)
(അൽ മബ്സൂത്വ്: 1:54)

ബദറുദ്ദീൻ അൽ ഐനി പറഞ്ഞു:
ഉറൈനക്കാരുടെ പ്രത്യേക കേസിൽ, അവരുടെ രോഗത്തിനുള്ള ശമനം ഒട്ടകമൂത്രത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അതിലൂടെ അവരുടെ രോഗം മാറിയേക്കുമെന്നും അല്ലാഹുൽ നിന്നുള്ള ദിവ്യബോധനത്തിലൂടെ പ്രവാചകന് (സ) അറിഞ്ഞിരിക്കാം. അതുകൊണ്ടാകാം അവരോട് പ്രവാചകൻ (സ) അത് നിർദേശിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രത്യേകമായ ചികിത്സാനുമതി മറ്റു കാലഘട്ടത്തിലെ (മറ്റു മനുഷ്യർക്ക്) ബാധകമായ ഒരു പൊതുവായ കാര്യമല്ല. ഇനി ഉയർന്ന വൈദ്യ വിജ്ഞാനത്തിലൂടെ ഒരു വൈദ്യൻ ഒരാളുടെ രോഗത്തെ മനസ്സിലാക്കുകയും അതിനുള്ള ശമനം ഒരു ഹറാമായ (മതപരമായി നിഷിദ്ധമായ) കാര്യത്തിലാണ് ഉള്ളത് എന്ന് പഠിക്കുകയും ചെയ്തുവെന്ന് കരുതുക. എങ്കിൽ അത്തരം നിർബന്ധിത ഘട്ടങ്ങളിൽ ഹറാമായവ ഭക്ഷിക്കൽ അനുവദനീയമാണ്. അപകടമുണ്ടാക്കാവുന്ന ദാഹ സന്ധിയിൽ മദ്യം മാത്രമാണ് ഒരാളുടെ മുമ്പിലെങ്കിൽ അത് കുടിക്കലും, നിർബന്ധിത സാഹചര്യത്തിൽ ശവം ഭക്ഷിക്കലും അനുവദിക്കപ്പെട്ടതു പോലെ രോഗ ശമനത്തിന് മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത സമയത്ത് ഹറാമായ വസ്തു (ഒട്ടക മൂത്രം) മരുന്നായി ഉപയോഗിക്കാവുന്നതാണ്. പക്ഷെ (ഈ അസാധാരണ ഘട്ടത്തിലല്ലാത്ത) പൊതുവായ നിയമം മൂത്രം അശുദ്ധമാണെന്ന പ്രവാചകന്റെ ഈ വാക്കാണ്:
“മൂത്രത്തിൽ നിന്ന് നിങ്ങൾ നല്ല പോലെ വൃത്തിയാവുക. കാരണം, (മൂത്രത്തിൽ നിന്ന് ശരീരവും വസ്ത്രവുമൊന്നും നല്ല പോലെ വൃത്തിയാക്കാത്തതാണ്) ഖബർ ശിക്ഷയിൽ ഭൂരിഭാഗത്തിനും കാരണം.”
എല്ലാ മൂത്രവും ഉൾപ്പെടുന്നുവെന്നാണ് ഈ പ്രസ്ഥാവന പ്രത്യക്ഷത്തിൽ ബോധിപ്പിക്കുന്നത്. അതുകൊണ്ട് ഹദീസിൽ സൂചിപ്പിക്കപ്പെട്ട (ഖബർ) ശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ എല്ലാ മൂത്രവും വെടിയുക തന്നെ വേണം.
(ഉംദത്തുൽക്കാരി: 3:155)

ഉറൈനക്കാരുടെ വിഷയത്തിൽ ഒട്ടക മൂത്രം കുടിക്കാൻ പ്രത്യേകാനുമതി നൽകിയത് നിർബന്ധിതാവസ്ഥയിൽ വൈദ്യ പരീക്ഷണത്തിന് അനുവാദം നൽകാം എന്ന നിലയിലാണ്. നിർബന്ധിതാവസ്ഥയിൽ ഹറാമായവ തിന്നലും കുടിക്കലും അനുവദനീയമാണ് എന്ന ഇസ്‌ലാമിലെ കർമ്മശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിലാണ് -പൊതുവെ നിഷിദ്ധമായ – ഒട്ടക മൂത്രം അനുവദിച്ച്, ഇളവ് നൽകിയത് എന്ന് ഇമാം ഇബ്നു ഹസം (ജനനം: 384 ഹി) തന്റെ ഗ്രന്ഥമായ ‘മുഹല്ല:’ (1:175) യിലും, ബുർഹാനുദ്ദീൻ മർഗീനാനി  (ജനനം: 511 ഹി) തന്റെ ഗ്രന്ഥമായ ‘അൽ ഹിദായ:’ (1:102) യിലും വ്യക്തമാക്കുന്നു.

അനുവദനീയമായ മറ്റൊരു വഴിയും തിരഞ്ഞെടുപ്പിനായി മുന്നിലില്ലാത്ത വിധം നിർബന്ധിത ഘട്ടത്തിലാണ് ഹറാമുകൾ ഭക്ഷിക്കുന്നതും, ഹറാമായ വസ്തുക്കൾ കൊണ്ട് ചികിത്സിക്കുന്നതും അനുവദിക്കപ്പെട്ടിട്ടുള്ളത്. അതേസമയം അനുവദനീയമായ മറ്റൊരു വഴി / വസ്തു തിരഞ്ഞെടുപ്പിനായി മുന്നിലുള്ള ഘട്ടത്തിൽ ഹറാമുകൾ ഭക്ഷിക്കുന്നതും, ഹറാമായ വസ്തുക്കൾ കൊണ്ട് ചികിത്സിക്കുന്നതും അനുവദനീയമല്ല.
(ഉംദത്തുൽകാരി: 3:34, ഔനുൽ മഅ്ബൂദ്: 352/10,)

ഇമാം ശൗകാനി പറഞ്ഞു:
നിർബന്ധിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഹറാമായ വസ്തുക്കൾ കൊണ്ട് ചികിത്സിക്കുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ ഒട്ടക മൂത്രം നിഷിദ്ധമാണെങ്കിലും നിർബന്ധിത ഘട്ടത്തിലാണെന്ന് പരിഗണിച്ചു കൊണ്ടാണ് അത് ഉപയോഗിച്ച് ചികിത്സിക്കുന്നത് അനുവദിക്കപ്പെട്ടിട്ടുള്ളത്.  
(നൈലുൽ ഔതാർ: 1:49:50)

ഉറൈനക്കാരുടെ രോഗം മാറാൻ, അറിയാവുന്ന വൈദ്യമെല്ലാം പരീക്ഷിക്കുന്നക്കൂട്ടത്തിൽ ഒരു നാട്ടുവൈദ്യമെന്ന നിലക്ക്, അവർക്ക് മാത്രമായി ഒരു ചികിത്സ പ്രവാചകൻ (സ) ഇളവു നൽകി.
ﻓﺮﺧﺺ ﻟﻬﻢ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻥ ﻳﺄﺗﻮا ﺇﺑﻞ اﻟﺼﺪﻗﺔ، ﻓﻴﺸﺮﺑﻮا ﻣﻦ ﺃﻟﺒﺎﻧﻬﺎ، ﻭﺃﺑﻮاﻟﻬﺎ
ഉറൈനക്കാർക്ക് മാത്രമായി അല്ലാഹുവിന്റെ ദൂതൻ (സ) ‘പ്രത്യേക ഇളവ് നൽകി’… (സ്വഹീഹുൽ ബുഖാരി: 1501) എന്ന് ഹദീസിൽ തന്നെ കാണുന്നു. റുഖ്‌സ (الرخصة) അഥവാ പ്രത്യേക ‘ഇളവ്’ നൽകി എന്ന് പറയുമ്പോൾ പൊതുവായ, അസാധാരണ അവസരത്തിൽ പ്രത്യേകാനുമതിയില്ലാതെ ലംഘിക്കാൻ പാടില്ലാത്ത ഒരു വിധി അതിന് വിപരീതമായി നിലനിൽക്കുന്നു എന്ന് തെളിഞ്ഞല്ലൊ. ഇങ്ങനെ ഇളവിന് (റുഖ്സ الرخصة) നേർ വിപരീതമായി നിലനിൽക്കുന്ന ദൃഢവും കർക്കശവും അലംഘനീയവുമായ പൊതു നിയമത്തെ ഇസ്‌ലാമിക കർമ്മശാസ്ത്ര പ്രകാരം ‘അസീമ’ (العزيمة) എന്നാണ് സാങ്കേതികമായി വിളിക്കുക. (അൽ മുസ്തസ്ഫാ: 1:98, അൽ ഇഹ്കാം : ആമുദി: 1:122)
അസീമ എന്ന പദത്തിന്റെ ഭാഷാർത്ഥം തന്നെ ദൃഢത, കർക്കശം എന്നൊക്കെയാണ്. അപ്പോൾ ഇസ്‌ലാമിലെ അസീമ ഒട്ടക മൂത്രം നജസും ഹറാമും ആണെന്ന് തന്നെയാണ്.

ﻧﺴﺦ اﻟﺨﺎﺹ ﺑﺎﻟﻌﺎﻡ ﺃﻳﻀﺎ ﻛﻤﺎ ﻓﻌﻠﻪ ﻓﻲ ﺑﻮﻝ ﻣﺎ ﻳﺆﻛﻞ ﻟﺤﻤﻪ ﻓﺈﻧﻪ ﺟﻌﻞ اﻟﺨﺎﺹ ﻣﻦ ﺣﺪﻳﺚ اﻝﻋﺮﻧﻴﻴﻦ ﻓﻴﻪ ﻣﻨﺴﻮﺧﺎ ﺑﺎﻟﻌﺎﻡ ﻭﻫﻮ ﻗﻮﻟﻪ ﻋﻠﻴﻪ اﻟﺴﻼﻡ اﺳﺘﻨﺰﻫﻮا ﻋﻦ اﻟﺒﻮﻝ ﻓﺈﻥ ﻋﺎﻣﺔ ﻋﺬاﺏ اﻟﻘﺒﺮ ﻣﻨﻪ
ഇമാം സർഖസി പറഞ്ഞു:
ഒരു പ്രത്യേക വിധിയെ പൊതുവായ വിധി കൊണ്ട് ദുർബലപ്പെടുത്തുക. മാംസം ഭക്ഷിക്കൽ അനുവദനീയമായ മൃഗങ്ങളുടെ മൂത്രം ഉറൈനക്കാർക്ക് മാത്രമായി പ്രവാചകൻ (സ) അനുവദിച്ച വിധി, ഒരു പൊതുവായ വിധിയിലൂടെ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയിട്ടുണ്ട്. “മൂത്രത്തിൽ നിന്ന് നിങ്ങൾ നല്ല പോലെ വൃത്തി വരുത്തുക. കാരണം, (മൂത്രത്തിൽ നിന്ന് ശരീരവും വസ്ത്രവുമൊന്നും നല്ല പോലെ വൃത്തിയാക്കാത്തതാണ്) ഖബർ ശിക്ഷയിൽ ഭൂരിഭാഗത്തിനും കാരണം” എന്ന പ്രവാചകന്റെ (സ) പ്രസ്ഥാവനയാണ് ആ പൊതു നിയമം.
(ഉസൂലു സർഖസി: 1:133)

يا رسول الله قد وقع هذا الوجع ، فلو أذنت لنا فخرجنا إلى الإبل
അല്ലാഹുവിന്റെ ദൂതരേ, ഞങ്ങൾക്ക് ശക്തമായ വേദന ബാധിച്ചിരിക്കുന്നു. താങ്കളൊന്ന് ഞങ്ങൾക്ക് അനുവാദം നൽകണം; എങ്കിൽ ഞങ്ങൾ ഒട്ടകത്തിനടുത്തേക്ക് പുറപ്പെടും. (ഔനുൽ ബാരി: 1:434) എന്ന് പറഞ്ഞ് -ഒട്ടകത്തിന്റെ പാലും മൂത്രവും കുടിക്കാൻ- ഉറൈനക്കാർ പ്രവാചകനോട്(സ) അങ്ങോട്ട് അനുവാദം ചോദിക്കുകയായിരുന്നു ഉണ്ടായത് എന്നും അപ്പോഴാണ് അദ്ദേഹം അവ കുടിക്കാൻ അനുവാദം നൽകിയതെന്നും ചില നിവേദനങ്ങളിൽ കാണാം. ഇതിനർത്ഥം ഒട്ടക മൂത്രം കൊണ്ടുള്ള ചികിത്സ ഉറൈനക്കാരുടെ ആശയമായിരുന്നു എന്നാണ്. അവരത് ആവശ്യപ്പെട്ടപ്പോൾ അത് അവർക്കു മാത്രമായി അനുവദിച്ചു കൊണ്ടുള്ള കൽപ്പന പ്രവാചകൻ (സ) പുറപ്പെടുവിച്ചു എന്നർത്ഥം.

ചുരുക്കത്തിൽ, ഒട്ടക മൂത്രം കൊണ്ടുള്ള ചികിത്സ അറേബ്യൻ വൈദ്യങ്ങളിൽ ഉൾപ്പെടുന്നു. ഉറൈനക്കാരാണ് പ്രവാചകനോട് അങ്ങോട്ട് ഈ ചികിത്സക്ക് അങ്ങോട്ട് അനുവാദം ചോദിച്ചത് എന്നു സൂചിപ്പിക്കുന്ന നിവേദനം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നു. ഉറൈനക്കാരുടെ വിഷയത്തിൽ ആ നാട്ടുവൈദ്യം ഫലം ചെയ്യുമെന്നും അവർക്കു മാത്രമായി അത് അനുവദിക്കാമെന്നും പ്രവാചകന് ദിവ്യബോധത്തിലൂടെ അറിവു ലഭിക്കുകയുണ്ടായി. അപ്പോൾ പ്രവാചകൻ (സ) അവർക്ക് മാത്രമായി ആ വിഷയത്തിൽ ഇളവ് നൽകി. അതുകൊണ്ട് ഒട്ടക മൂത്രം കൊണ്ടുള്ള ചികിത്സയുടെ പൊതുവായ നിയമം നിഷിദ്ധമാണ് എന്നുള്ളത് തന്നെ. രോഗ ശമനത്തിന് അനുവദനീയമായ മറ്റ് മാർഗങ്ങളെല്ലാം ഇല്ലാതാവുന്ന നിർബന്ധിതാവസ്ഥയിൽ നിഷിദ്ധമായ വസ്തുക്കൾക്കൊണ്ട് വൈദ്യ പരീക്ഷണത്തിന് അനുവാദമുണ്ട് എന്ന് മാത്രമാണ് ഉറൈനക്കാരുടെ ഹദീസ് തെളിയിക്കുന്നത്.

അനുബന്ധം: 1

ഉറൈനക്കാരുടെ ഹദീസ്, ഹറാമുകളിൽ (നിഷിദ്ധ വസ്തുക്കളിൽ) അല്ലാഹു ശിഫാഅ് (ശമനം) നിശ്ചയിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്ന ഉമ്മു സലമയുടെ ഹദീസിന് എതിരല്ലെ എന്ന് സംശയം ഉയർന്നേക്കാം. ഇത് കേവലം തെറ്റിദ്ധാരണയാണ്. കാരണം ഉമ്മു സലമയുടെ(റ) ഹദീസ് ഇപ്രകാരമാണ്:
إن الله – تعالى -لم يجعل شفاء أمتي فيما حرم عليها
لم يجعل شفاءكم…

“തീർച്ചയായും അല്ലാഹു ‘എന്റെ സമുദായത്തിന്റെ ശമനം’ അവർക്ക് നിഷിദ്ധമാക്കിയവയിൽ നിശ്ചയിച്ച് തന്നിട്ടില്ല.” മറ്റൊരു നിവേദനത്തിൽ “നിങ്ങളുടെ ശമനം” നിഷിദ്ധമാക്കിയ വസ്തുക്കളിൽ നിശ്ചയിച്ചിയ് തന്നിട്ടില്ല…

ഈ രണ്ട് ഹദീസുകളും അഭിസംബോധന ചെയ്യുന്നത് നിഷിദ്ധ വസ്തുക്കളുടെ സൃഷ്ടിപരമായ ഔഷധ ഘടനയെ സംബന്ധിച്ചല്ല. നിഷിദ്ധ വസ്തുക്കളിൽ പ്രകൃതിപരമായി ശമന കാരണങ്ങൾ നിക്ഷേപിച്ചിട്ടില്ല എന്നല്ല ഹദീസിന്റെ അർത്ഥം എന്ന് ഹദീസ് രണ്ട് വട്ടം വായിച്ചാൽ തന്നെ ബോധ്യമാവും. മറിച്ച്, മതപരമായി (ഒരു മുസലിമിന്) അതിൽ ശിഫാഅ് നിശ്ചയിച്ചിട്ടില്ല എന്നാണ് ഉദ്ദേശ്യമെന്ന് ”എന്റെ സമുദായത്തിന്റെ ശമനം”, “നിങ്ങളുടെ ശമനം” എന്നീ പ്രയോഗങ്ങളിൽ വ്യക്തമാണ്.

അനുവദനീയവും നിഷിദ്ധവുമായ രണ്ട് മരുന്നുകൾ അല്ലെങ്കിൽ ചികിത്സാ രീതികൾക്കിടയിൽ ‘ഇഖ്തിയാർ’ (തെരെഞ്ഞടുപ്പുള്ള) സന്ദർഭത്തിലാണ് (حالة الاختيار) നിഷിദ്ധമായ വസ്തുക്കളിൽ മുസലിം സമുദായത്തിന് (മതപരമായി) അതിൽ ശിഫാഅ് നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം ഒരു രോഗത്തിന് അനുവദനീയമായ മരുന്നൊന്നുമില്ലാത്ത ‘ഇദ്തിറാറിന്റെ’ അഥവാ നിർബന്ധിത അവസ്ഥയിൽ (حال الاضطرار) നിഷിദ്ധമായ വസ്തുക്കളെ കൊണ്ട് മുസലിംകൾക്ക് ചികിത്സയാവാം. ഈ സന്ദർഭത്തിൽ (മതപരമായി) ഒരു മുസ്‌ലിമിന് അതിൽ ശമനമുണ്ട്. കാരണം നിർബന്ധിത അവസ്ഥയിൽ നിഷിദ്ധ വസ്തുക്കളും മതപരമായ ഹറാം അല്ല; ഹലാൽ (അനുവദനീയം) ആണ്.

ഇമാം ബൈഹകി പറഞ്ഞു: “(ഹറാമായ വസ്തുക്കളെ കൊണ്ട് ചികിത്സിക്കരുത്, അതിൽ ശമനം നിശ്ചയിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്ന) ഈ രണ്ടു ഹദീസുകൾ – അവ സ്വഹീഹാണെന്ന് അംഗീകരിക്കപ്പെടുകയാണെങ്കിൽ – ഉദ്ദേശിച്ചിരിക്കുന്നത് മദ്യം കൊണ്ട് ചികിത്സിക്കുന്നതിനേയും, ‘നിർബന്ധിതാവസ്ഥ അല്ലാത്ത, അനുവദനീയവും നിഷിദ്ധവുമായ രണ്ട് മരുന്നുകൾക്കിടയിൽ തെരെഞ്ഞടുപ്പുള്ള സന്ദർഭത്തിൽ ഹറാമുകൾ കൊണ്ട് ചികിത്സിക്കുന്നതിനെ സംബന്ധിച്ചും മാത്രമാണ്.”
(സുനനുൽ ബൈഹകി: 5:10)
(അവലംബം: http://midad.com/article/200416/)

ഇബ്നു ഹസം പറഞ്ഞു:
“ഉമ്മു സലമയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുർബലമാണ്. കാരണം ആ ഹദീസിന്റെ പരമ്പരയിൽ സുലൈമാൻ അശ്ശൈബാനി എന്ന നിവേദകനുണ്ട്. അയാൾ മജ്ഹൂൽ (അജ്ഞാതൻ) ആണ്. (ഇനി ഹദീസ് സ്വഹീഹാണെന്ന് വാദത്തിന് അംഗീകരിച്ചാൽ തന്നെ)
വിശപ്പിനാൽ മരണത്തെയൊ നാശത്തെയെ ഭയപ്പെടുന്ന നിർബന്ധിതാവസ്തയിൽ ശവവും പന്നിമാംസവും അനുവദനീയമാണ് എന്നത് ദൃഢമായ പ്രമാണങ്ങളിലൂടെ സ്ഥാപിതമായ കാര്യമാണ്. അത്തരം നിർബന്ധിത സാഹചര്യത്തിൽ മരണ കാരണമാകാവുന്ന വിശപ്പിൽ നിന്നും ശവത്തിലും പന്നിമാംസത്തിലും അല്ലാഹു നമുക്ക് ശമനം നിശ്ചയിച്ചിരിക്കുന്നു. എന്നാൽ നിർബന്ധിതാവസ്ഥയിൽ അല്ലാത്തപ്പോൾ അവയിൽ ശമനമില്ലെ എന്ന് ചോദിച്ചാൽ നാം പറയും: ഒരു വസ്തു ഹറാമായിരിക്കുന്ന കാലത്തോളം ‘ഞങ്ങൾക്ക്’ അതിൽ ശമനമില്ല. നിർബന്ധിതാവസ്ഥയിൽ ആകട്ടെ, ആ വസ്തുക്കൾ ഹറാമല്ല, ഹലാൽ (അനുവദനീയം) ആകുന്നു. അപ്പോൾ ആ വസ്തുക്കളിൽ ‘ഞങ്ങൾക്ക്’ ശമനമുണ്ട്.”
(മുഹല്ലാ: 1:176,177)

ഇമാം ഇബ്നുൽ ബസ്സാർ പറഞ്ഞു:
“ഹറാമായ വസ്തുക്കളിൽ ശമന കാരണങ്ങൾ ഉണ്ടെന്ന് മനസ്സിലാവുകയും ഹറാമായ വസ്തുക്കൾക്ക് പകരം അനുവദനീയമായ മരുന്നൊന്നും ലഭ്യമാവാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ ഹറാമായ മരുന്നുകളിൽ നിന്ന് നിഷിദ്ധാവസ്ഥ ഇല്ലാതാവുന്നു എന്ന് ഉമ്മു സലമയുടെ ഹദീസിൽ നിന്ന് മനസ്സിലാക്കാം. അപ്പോൾ ഹദീസിന്റെ അർത്ഥം ഇതാണ്:
അല്ലാഹു നിങ്ങൾക്ക് രോഗ ചികിത്സ അനുവദിച്ചിരിക്കുന്നു. എല്ലാ രോഗങ്ങൾക്കും അല്ലാഹു മരുന്നുകൾ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അഥവാ ആ മരുന്നുകളിൽ ചിലതിൽ നിഷിദ്ധമായ വല്ലതുമുണ്ടെന്നും, അതേ സമയം അതിൽ ശമനവും ഉണ്ടെന്നും നിങ്ങൾ മനസ്സിലാക്കിയാൽ അവയിലെ നിഷിദ്ധാവസ്ഥ നീക്കപ്പെട്ടിരിക്കുന്നു. കാരണം നിഷിദ്ധമാക്കപ്പെട്ടവയിൽ ‘നിങ്ങൾക്ക്’ ശമനം അല്ലാഹു നിശ്ചയിച്ചിട്ടില്ല.
(റദ്ദുൽ മുഹ്താർ: 5: 249)

ഇബ്നുൽ ആബിദീൻ പറഞ്ഞു:
“നിങ്ങളുടെ ശമനം നിങ്ങൾക്ക് നിഷിദ്ധമാക്കിയ വസ്തുക്കളിൽ നിശ്ചയിച്ചിട്ടില്ല…” എന്ന ഹദീസ്, ഹറാമായതല്ലാത്ത, അനുവദനീയമായ മരുന്നുകൾ ലഭ്യമായ രോഗങ്ങളെ സംബന്ധിച്ചുള്ളതാണ്. എന്നാൽ നിർബന്ധിതാവസ്ഥയിൽ ഈ വസ്തുക്കളിൽ നിന്ന് നിഷിദ്ധ വിധി ഇല്ലാതാവുന്നു. അപ്പോഴും നിഷിദ്ധമാക്കപ്പെട്ടവയിൽ ശമനം ഇല്ലല്ലൊ, (നിർബന്ധിതാവസ്ഥ മൂലം) അനുവദനീയമായ വസ്തുവിലാണല്ലൊ ശമനം.”
(റദ്ദുൽ മുഹ്താർ: 4:215)

ഇമാം ഐനി പറഞ്ഞു:
“(ഉമ്മു സലമയുടെ ഹദീസ് സംബന്ധിച്ച തെറ്റിദ്ധാരണക്കുള്ള) ഖണ്ഡിതമായ മറുപടി ഇതാണ്:
(ഉമ്മു സലമയുടെ) ഹദീസ് സംസാരിക്കുന്നത്, അനുവദനീയവും നിഷിദ്ധവുമായ രണ്ട് മരുന്നുകൾക്കിടയിൽ ‘ഇഖ്തിയാർ’ (തെരെഞ്ഞടുപ്പുള്ള) സന്ദർഭത്തിൽ (حالة الاختيار) നിഷിദ്ധമായ വസ്തുക്കൾ കൊണ്ട് ചികിത്സിക്കൽ മുസലിം സമുദായത്തിന് പാടുള്ളതല്ല എന്നാണ്. അതേസമയം ഒരു രോഗത്തിന് അനുവദനീയമായ മരുന്നൊന്നുമില്ലാത്ത നിർബന്ധിത അവസ്ഥയിൽ (حال الاضطرار) നിഷിദ്ധമായ വസ്തുക്കൾ (ഇസ്‌ലാമിക വീക്ഷണത്തിൽ) ഹറാം (നിഷിദ്ധം) അല്ല. വിശപ്പിനാൽ മരണത്തെ ഭയപ്പെടുന്ന നിർബന്ധിതാവസ്തയിൽ ശവവും അപകടകരമായ ദാഹ സന്ധിയിൽ മദ്യവും അനുവദനീയമാണ് എന്നത് പോലെ…”
(ഉംദത്തുൽ കാരി: 3:34)

ഇമാം നവവി പറഞ്ഞു:
“(ഉമ്മു സലമയുടെ) രണ്ട് ഹദീസുകൾ സംസാരിക്കുന്നത്, അനുവദനീയവും നിഷിദ്ധവുമായ രണ്ട് മരുന്നുകൾക്കിടയിൽ ‘ഇഖ്തിയാർ’ (തെരെഞ്ഞടുപ്പുള്ള) സന്ദർഭത്തിൽ (حالة الاختيار) നിഷിദ്ധമായ വസ്തുക്കൾ കൊണ്ട് ചികിത്സിക്കുന്നതിനെ സംബന്ധിച്ചാണ്. അതായത് നിഷിദ്ധമായ മരുന്നുകൾക്ക് പകരം, ചികിത്സക്ക് ഉദകുന്ന അനുവദനീയമായ മരുന്നുകൾ ഉള്ള സന്ദർഭത്തിൽ (നിഷിദ്ധമായവയിൽ നമ്മെ സംബന്ധിച്ചിടത്തോളം ശമനമില്ല.)”
(അൽ മജ്മൂഅ്: 9:51,53)

print

No comments yet.

Leave a comment

Your email address will not be published.