പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2

//പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2
//പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2
ആനുകാലികം

പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -2

ദൈവത്തിന്റെ രണ്ടു സാധ്യതകള്‍

ഭൗതിക പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടലിന് തീരെ സാധ്യതകളില്ലെന്ന് വാദിക്കാന്‍ കഴിയണമെങ്കില്‍ അത്തരമൊരു വ്യാഖ്യാനം എങ്കിലും പ്രപഞ്ചത്തിന്റെ പ്രകൃതത്തെ വിശദീകരിക്കാൻ ഉണ്ടായിരിണം. അത്തരത്തിലൊന്ന് ഇല്ലെന്നതാണ് ഈ വിഷയത്തില്‍ ഭൗതിക ദര്‍ശനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നം. പ്രധാനമായും രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് പ്രപഞ്ചത്തിന്റെ പ്രകൃതത്തെ സംബന്ധിച്ചിട്ടുളള്ളത്. ഒന്നാമത്തേത് എല്ലാം മുന്‍ നിശ്ചിതമാണെന്ന (determinism) ലോക വീക്ഷണമാണ്. രണ്ടാമത്തേത് പ്രപഞ്ചത്തിന്റെ സ്വഭാവം മുന്‍ നിശ്ചയമില്ലായ്മയാണെന്ന (Indeterministic) വ്യാഖ്യാനവും.

ശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും തന്നെ അടിസ്ഥാനത്തില്‍ എത്തുന്നതാണ് ഈ ലോക വീക്ഷണങ്ങള്‍. സ്ഥൂല പ്രപഞ്ചത്തിലേക്ക് നോക്കിയാല്‍ എല്ലാം നിലനിന്നിരുന്ന മുൻ അവസ്ഥയുടെ ഫലമായി ഉണ്ടാകുന്നതാണ്. അടുത്ത നിമിഷത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ പ്രപഞ്ചാവസ്ഥയെ കാര്യ-കാരണപരമായി ആശ്രയിച്ചിരിക്കുന്നു.

അപ്പോള്‍ പ്രപഞ്ചാരംഭത്തിലെ ഭൗതിക അവസ്ഥയുടെ പരിണിത ഫലം മാത്രമാണ് നാം ഇന്ന് കാണുന്നതെല്ലാമെന്ന് തത്ത്വശാസ്ത്രപരമായി ഉറപ്പിക്കേണ്ടി വരും. ഒരു ബോള്‍ എറിയുമ്പോള്‍ അതില്‍ പ്രയോഗിക്കപ്പെട്ട ബലവും, അതിന്റെ പിണ്ഡവും മറ്റു ചുറ്റുപാടുകളുമൊക്കെ ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആ ബോള്‍ എവിടെ ചെന്ന് പതിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നാണ്.
ഇതുപോലത്തന്നെ നിശ്ചിത നിയമങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന കണികകളുടെ കൂട്ടമായി വിലയിരുത്തിയാല്‍  പ്രപഞ്ചാരംഭത്തിലെ ഓരോ കണികയുടെയും സ്വഭാവത്തെ ഗണിതശാസ്ത്രപരമായി മനസ്സിലാക്കുന്നത് കൊണ്ട് അതിന്റെ ഭാവി പ്രവചിക്കാന്‍ കഴിയും. അഥവാ ഇന്ന് നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നും, പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങളുടെ വലതുകൈ എന്തു ചെയ്യുകയായിരുക്കുമെന്നതുമൊക്കെ പ്രപഞ്ചാരംഭത്തിലെ കണികകളില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മുന്‍ നിശ്ചയ വാദത്തിന്റെ (Determinism) ആമുഖ തത്ത്വശാസ്ത്രങ്ങള്‍ ഇതൊക്കെയാണ്. ഈയടിസ്ഥാനത്തില്‍ പ്രപഞ്ചത്തെ നോക്കിക്കണ്ടാല്‍ മുന്‍നിശ്ചിതമായ നിയമങ്ങള്‍ കൊണ്ട് ഘടികാരം കണക്കെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് പ്രപഞ്ചം എന്നു വരും. ഇതുദ്ധരിച്ചാണ് പ്രപഞ്ചത്തില്‍ ദൈവത്തിന് സ്വന്തം ഇച്ഛകള്‍ക്ക്‌ അനുസരിച്ച് ഇടപെടാന്‍ കഴിയില്ലെന്ന വാദം സാധാരണയായി നാസ്തികർ ഉന്നയിക്കാറുള്ളത്.

എന്നാല്‍ ഈയൊരു വ്യാഖ്യാനത്തിന് വലിയ പ്രസക്തിയൊന്നുമില്ല. എല്ലാം മുന്‍ നിശ്ചിതം ആണെന്ന് വന്നാല്‍ പോലും ദൈവത്തിന്റെ ഇച്ഛക്കനുസരിച്ചാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന വാദം അസാധുവാകുന്നില്ല. പ്രപഞ്ചാരംഭത്തില്‍ തന്നെ അതിന്റെ ഭാവി മുന്‍കൂട്ടി രചിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍ ദൈവം തന്റെ ഇച്ഛകള്‍ ആ രചനയില്‍ ഉള്‍പ്പെടുത്തി എന്ന് കരുതാവുന്നതാണ്. അഥവാ ഇത്തരം ഒരു ലോക വീക്ഷണത്തിന് കീഴില്‍ ദൈവത്തിന്റെ തിരക്കഥയാണ് പ്രപഞ്ചം എന്നാകും. ദൈവത്തിന്റെ മുന്‍നിശ്ചയപ്രകാരം ആണ് സര്‍വ്വതും സംഭവിക്കുന്നതെന്ന ചിന്ത പൂര്‍ണമായും ആസ്തിക ദര്‍ശനങ്ങളുമായൊക്കെ ഒത്തു പോകുന്നതാണ്. ഇതനുസരിച്ച് ഭൂമിയില്‍ ആരൊക്കെ എപ്പോഴൊക്കെ ജനിച്ചു മരിക്കണം എന്നതും ഏതൊക്കെ യുഗങ്ങളില്‍ ഏതൊക്കെ ജീവവര്‍ഗങ്ങള്‍ പരിണമിച്ചുണ്ടാകണമെന്നതും എപ്പോഴൊക്കെ ഭൂമിയില്‍ മഴ പെയ്യണം എന്നതു വരെയും ദൈവം മുന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു വാദിക്കാം. പ്രപഞ്ചാരംഭത്തെ സംവിധാനിച്ച ഒരു സ്രഷ്ടാവിന്റെ അസ്ഥിത്വം കൊണ്ട് ഗണിതശാസ്ത്രപരമായി തന്നെ ഇതെല്ലാം സാധ്യമാണ്. അതുകൊണ്ടുതന്നെ പൊതുവില്‍ ദൈവം നിശ്ചയിച്ചിരിക്കുന്ന വിധിയനുസരിച്ച് നിലനില്‍ക്കുന്ന പ്രപഞ്ചം എന്ന വീക്ഷണം പ്രകൃതിയിലെ ദൈവത്തിന്റെ ഇടപെടലിന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. General divine action എന്നാണ് ഇത്തരമൊരു ദൈവിക ഇടപെടലിനെ തത്ത്വശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത് തന്നെ. പ്രപഞ്ചത്തിൽ സംഭവിക്കുന്നത് എന്തായാലും ദൈവത്തിന്റെ മുൻ നിശ്ചയം കൊണ്ട് കൂടിയാണത് എന്ന ചിന്ത ഇസ്‌ലാമിലെ വിധി വിശ്വാസത്തിന്റെ ജനിതകം കൂടിയാണ്.

പ്രപഞ്ചമോ പ്രകൃതിയോ ഒന്നും ഒരു മുന്‍ നിശ്ചയ സ്വഭാവമല്ല കാണിക്കുന്നത് എന്ന ലോകവീക്ഷണം ആണ് രണ്ടാമതായി പ്രപഞ്ചത്തിന് നല്‍കാവുന്ന വ്യാഖ്യാനം. ഇതനുസരിച്ച് ഒരു മുന്‍കഴിഞ്ഞ നിമിഷത്തിന്റെ അനിവാര്യമായ(Necessary) പിന്തുടര്‍ച്ചയാണ് തൊട്ടടുത്ത നിമിഷത്തില്‍ സംഭവിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. മറിച്ച് പല സാധ്യതകളില്‍ ഒന്നാണ് യാദൃശ്ചികമായി തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന് ഒരു നിമിഷത്തില്‍ നിന്നും മറ്റൊരു നിമിഷത്തെ പ്രവചിക്കാന്‍ കഴിയില്ല. മുന്‍ നിശ്ചയമില്ലായ്മയാണ് പ്രപഞ്ചത്തിന്റെ സ്വഭാവം എന്ന ഈ വ്യാഖ്യാനത്തിന് ഡിറ്റര്‍മിനിസത്തിനുമേല്‍ ഒരു മേല്‍ക്കൈ ഉണ്ടാകുന്നത് ക്വാണ്ടം ബലതന്ത്രത്തിന്റെ ഉല്പത്തിയോടെയാണ്. അടിസ്ഥാന കണികകളുടെ (quantum particles) ലോകത്തേക്ക് വന്നാല്‍ യാദൃശ്ചികതയുടെ സ്വഭാവമാണ് ക്വാണ്ടം കണികകള്‍ കാണിക്കുന്നതെന്നും ക്വാണ്ടം പ്രതിഭാസങ്ങള്‍ക്ക് സാധ്യതകളുടെ (Probabilities) പ്രകൃതം ആണുള്ളത് എന്നാണ് നിരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം മുന്‍ നിശ്ചയമില്ലായ്മ ആണെന്ന് ഇവ ഉദ്ധരിച്ച് പറയാവുന്നതാണ്. 

മുന്‍കഴിഞ്ഞ അവസ്ഥ കാരണമായുണ്ടാകുന്ന അനിവാര്യമായ ഫലം മാത്രമേ പ്രപഞ്ചത്തില്‍ സംഭവിക്കുന്നുള്ളൂ എന്ന ധാരണ തെറ്റാണെന്ന് ഈ നിരീക്ഷണങ്ങള്‍ ഉന്നയിച്ചു പറയാവുന്നതാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ ഏതൊരു പ്രത്യേക സമയത്തും ദൈവത്തിന്റെ സവിശേഷ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയെ തുറന്നിടുകയാണിത്. പല സാധ്യതകളില്‍ ഒന്ന് തിരഞ്ഞെടുക്കപ്പെടുകയാണ് ഇതനുസരിച്ച് പ്രപഞ്ചത്തില്‍ എന്നതുകൊണ്ട് ആ സാധ്യത തിരഞ്ഞെടുക്കപ്പെട്ടു എന്നതിന് ഭൗതികമായ ഒരു കാരണത്തെ എടുത്തു പറയാനും കഴിയില്ല. അഥവാ ദൈവത്തിനു തന്റെ ഇച്ഛകള്‍ക്ക് അനുസരിച്ച് പ്രപഞ്ചത്തിലെ ഏതൊരു പ്രത്യേക സമയത്തിലും ഇടപെടാം ഇഷ്ടമുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാം.

ഉദാഹരണത്തിന് DNA തന്മാത്രകളില്‍ ഉത്പരിവര്‍ത്തനങ്ങള്‍ പടച്ച് കുരങ്ങുകളുടെ ലോകത്തുനിന്നും ദൈവത്തിന് മനുഷ്യനെ സൃഷ്ടിക്കാം. ഒരു ഭൗതിക നിയമവും ഇതിനെതിരാകുന്നില്ല. ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലിനുള്ള ഈ സാധ്യതയെ Special Divine Action എന്ന് വിളിക്കുന്നു. ചില പ്രത്യേക നിമിഷങ്ങളിൽ മാത്രം പ്രകൃതിയുടെ സ്വാഭാവിക വ്യവസ്ഥക്ക് വിരുദ്ധമായ അത്ഭുതങ്ങൾ ദൈവത്തിന്റെ ഇടപെടൽ വഴി പ്രപഞ്ചത്തിൽ സംഭവിക്കുന്നു എന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളിൽ പെട്ടതാണ്.
ഇത്രയും വിശദീകരിച്ചതില്‍ നിന്നും എത്താവുന്ന തീര്‍പ്പ് പ്രപഞ്ച നിയമങ്ങളോ പ്രകൃതി വ്യവസ്ഥകളൊ ഒന്നും ഭൗതികലോകത്തെ ദൈവത്തിന്റെ ഇടപെടലിനോ സൃഷ്ടിപ്പിനോ എതിരാകുന്നില്ലെന്നു മാത്രമല്ല അതിനുള്ള സാധ്യതകളെ ഉള്‍ക്കൊള്ളുന്നവയാണ്. നിലനില്‍ക്കുന്ന ഈ ശാസ്ത്ര വീക്ഷണവും ദൈവാസ്തിത്വത്തെ നിരാകരിക്കുന്നില്ല. ഭൗതികശാസ്ത്രം കൊണ്ടതിനാവില്ല.

പ്രപഞ്ചത്തെ സംബന്ധിച്ച ആസ്തിക വീക്ഷണങ്ങളുമായി പൂർണ്ണമായും യോജിച്ചു പോകുന്നവയാണ് നമ്മുടെ പ്രപഞ്ച വീക്ഷണങ്ങള്‍ എല്ലാം. അപ്പോള്‍ ആധുനിക ശാസ്ത്രം തന്നെ നാസ്തികനാക്കി എന്ന ക്‌ളീഷേ ആരെങ്കിലും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് സയന്‍സ് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്ന് ഉറപ്പിക്കുക.

(Divine Intervention in Islamic Perspective)
ഭൗതിക ലോകവും ദൈവത്തിന്റെ ഇടപെടലും ഇസ്‌ലാമിക വീക്ഷണത്തില്‍
 

ഭൗതിക പ്രപഞ്ചവുമായി ദൈവത്തിനുള്ള ബന്ധത്തിന്റെ പ്രകൃതത്തെ സംബന്ധിച്ച ആഴമേറിയ ചര്‍ച്ചകള്‍ക്ക് മുസ്‌ലിംലോകം വേദിയായിട്ടുണ്ട്. പ്രധാനമായും തത്ത്വശാസ്ത്രപരമായ രണ്ടു ചേരികളില്‍ നിന്നാണ് ഈ സംവാദം പുരോഗമിച്ചത്. ഒന്നാമത്തെ വിഭാഗം പരമ്പരാഗത ഇസ്‌ലാമിക വിശ്വാസത്തോടും കര്‍മശാസ്ത്ര വീക്ഷണത്തോടും ചേര്‍ന്നു നിന്ന് കാര്യങ്ങളെ നോക്കികണ്ട പണ്ഡിതരാണ്. എന്നാല്‍ രണ്ടാമത്തെ വിഭാഗം ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ സ്വാധീനം കൊണ്ട് ഇവ വിശദീകരിക്കാന്‍ ശ്രമിച്ചവരാണ്.

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനും നിലനില്‍പ്പിനും അടിസ്ഥാന കാരണമായി വര്‍ത്തിക്കുന്നത് ദൈവം തന്നെയാണ് എന്ന ആശയത്തില്‍ ഇവര്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ല. മറിച്ച് ദൈവം ഭൗതിക ലോകവുമായി ബന്ധപ്പെടുന്നതിന്റെ പ്രകൃതത്തെ സംബന്ധിച്ചാണ് പ്രധാനമായും ഈ വിരുദ്ധ അഭിപ്രായങ്ങള്‍. ഇസ്‌ലാമിന്റെ വീക്ഷണം അനുസരിച്ച് ദൈവത്തിന്റെ ഇച്ഛയാണ് സര്‍വ്വതിന്റെയും നിലനില്‍പ്പിന് അടിസ്ഥാനകാരണം. ദൈവത്തിന്റെ ഇച്ഛയെ സ്വാധീനിക്കുന്നതായി മറ്റൊന്നുമില്ല. അത് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്നു.

ഭൗതികവാദികള്‍ പ്രപഞ്ച നിയമങ്ങളെ ദൈവം ഇല്ലാത്തതിന് തെളിവ് എന്ന് ദുര്‍വ്യാഖ്യാനിക്കുന്നത്തിന്റെ രൂപവും അതിലെ പ്രശ്‌നങ്ങളും മുന്‍കഴിഞ്ഞ ഭാഗങ്ങളില്‍ വിശകലനം ചെയ്തതാണ്. ഈ പ്രശ്‌നം ഇസ്‌ലാമിക പ്രമാണങ്ങളുടെയും തത്ത്വശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഭൗതിക നിയമങ്ങളുടെ അസ്ഥിത്വത്തെ അംഗീകരിക്കൽ ഇസ്‌ലാമിക പ്രമാണങ്ങളുടെ തന്നെ ഭാഗവും തത്ത്വശാസ്ത്രപരമായ അനിവാര്യതയും ആണെന്ന് കാണാം. 

1. ദൈവത്തെ സംബന്ധിച്ച രണ്ടു കാഴ്ചപ്പാടുകളില്‍ ഒന്ന് പ്രപഞ്ചേതരമായി നിലനില്‍ക്കുന്ന പ്രപഞ്ചസൃഷ്ടിപ്പിന് കാരണമായ അസ്തിത്വമാണ് ദൈവം എന്നാണ്. പ്രപഞ്ചം ഒന്നാകെ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ് ദൈവം എന്നതുകൊണ്ട് സ്രഷ്ടാവും സൃഷ്ട്ടിയും രണ്ടല്ലാ എന്ന അഹം ബ്രഹ്മാസ്മി, അനല്‍ഹഖ് നിലവാരത്തിലുള്ള വീക്ഷണമാണ് രണ്ടാമതായുള്ളത്.

ഭൗതികമായ നിയമവ്യവസ്ഥകള്‍ പ്രപഞ്ചത്തിനുണ്ട് എന്ന ശാസ്ത്ര നിരീക്ഷണം ഇതിലെ ഒന്നാമത്തെ ലോകവീക്ഷണത്തോട് ആണ് കൂടുതല്‍ യോജിക്കുന്നത്. ദൈവം പ്രപഞ്ചത്തില്‍ നിന്നും സ്വതന്ത്രമായ മറ്റൊരു അസ്ഥിത്വം ആയതുകൊണ്ടുതന്നെ പ്രപഞ്ചത്തിന് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും അതിന്റേതായ വ്യവസ്ഥകളും നിയമങ്ങളും അനിവാര്യമാണ്. അതുകൊണ്ടുതന്നെ പ്രപഞ്ച നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന നിരീക്ഷണം സൃഷ്ടി വീക്ഷണങ്ങളുമായൊക്കെ സമ്പൂര്‍ണ്ണമായും ഒത്തു പോകുന്നതാണ്.

2. ജീവിതം പരീക്ഷണമാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാടിന്റെ അനിവാര്യമായ ഭാഗമാണ് ഭൗതിക നിയമങ്ങളുടെ വ്യവസ്ഥാപിതമായ നിലനില്‍പ്പ്. കൃത്യമായ കാര്യ-കാരണ ബന്ധങ്ങളുടെ ശൃംഖല നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ ഒരു വ്യക്തിയുടെ കര്‍മ്മത്തെ ശരിയെന്നും ശരികേടെന്നും ധാര്‍മികമായി വിലയിരുത്താന്‍ കഴിയൂ.

ഉദാഹരണത്തിന് തീപ്പൊള്ളല്‍ ഉണ്ടാക്കും എന്ന സ്ഥിര സ്വഭാവം കാണിക്കുന്നത് കൊണ്ടാണ് ഒരു മനുഷ്യനു മേല്‍ തീ കൊടുക്കല്‍ പാപമാകുന്നത്. ചിലപ്പോഴൊക്കെ തീ മനുഷ്യനു മേല്‍ സുഖവും കൊടുക്കാമെന്ന സാധ്യതയിൽ ആണ് ലോകം പ്രവര്‍ത്തിക്കുന്നതെങ്കില്‍ കൃത്യമായ ഒരു ശരിയോ ശരികേടോ ഇതിലുണ്ടാകില്ല. അഥവാ ജീവിതം മനുഷ്യ കര്‍മ്മങ്ങളോടുള്ള   പരീക്ഷണമാണെന്ന ഇസ്‌ലാമിക ലോക വീക്ഷണം തന്നെ ഭൗതിക നിയമ വ്യവസ്ഥകളെ (Natural Laws) അംഗീകരിക്കുന്നതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാന ലോകവീക്ഷണങ്ങള്‍ പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങളെ അംഗീകരിക്കുന്നതാണ് എന്നാണ് പറഞ്ഞു വന്നത്. ഇതുതന്നെയാണ് ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങളില്‍ നിന്നും മനസ്സിലാവുക.

പ്രപഞ്ചസൃഷ്ടിപ്പിനെ കുറിച്ച് സംസാരിക്കുന്ന സൂറത്ത് ഫുസ്സിലത്തിലെ പന്ത്രണ്ടാം വചനം ഉപരി ലോകങ്ങളെ സൃഷ്ടിച്ച ദൈവം അവയ്ക്ക് അവയുടെ നിയമങ്ങളെ കല്പിച്ചതായി പറയുന്നുണ്ട്.  ഇവിടെ ഖുർആൻ പ്രപഞ്ചത്തിന്റെ ഭൗതിക നിയമങ്ങളെ റബ്ബിന്റെ സൃഷ്ടിപ്പിന്റെ തന്നെ ഭാഗമായി പറയുന്നത് കാണാമെന്ന് മാത്രമല്ല വ്യത്യസ്ത നിയമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പ്രപഞ്ചങ്ങള്‍ നിലനില്‍ക്കുന്നതിന്റെ സാധ്യതകളെയും വായിക്കാം. ഉപരി പ്രപഞ്ചങ്ങള്‍ നിങ്ങള്‍ക്ക് കാണാവുന്നതാകാത്ത താങ്ങുകളാല്‍ നിലനില്‍ക്കുന്നവയാണെന്ന സൂറത്തു റ’അദിലെ പരാമര്‍ശത്തില്‍ നിന്നും അദൃശ്യമായ താങ്ങുകൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം പ്രപഞ്ചങ്ങളെ നിലനിര്‍ത്തുന്ന അദൃശ്യമായ ഭൗതിക നിയമങ്ങളെ ആണെന്ന്  പണ്ഡിതാഭിപ്രായങ്ങളുണ്ട്. ആകാശഭൂമികളെ ദൈവം സത്യ(ഹഖ്)പ്രകാരം സൃഷ്ടിച്ചുവെന്ന സൂറത്തു സുമറിലെ വചനത്തില്‍ നിന്നും ഇവിടെ ഉദ്ദേശിച്ച “ഹഖ്” എന്ന പദത്തിന്റെ വിശദീകരണത്തെ സംബന്ധിച്ച വിവിധ ചര്‍ച്ചകള്‍ ഇസ്‌ലാമിക ലോകത്ത് കാണാം. പ്രപഞ്ചമൊന്നാകെ വ്യവസ്ഥാപിതമായ നിയമവ്യവസ്ഥയെ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിനെയാണ് ഇവിടെ “ഹഖ്‌” എന്നതുകൊണ്ട് സൂചിപ്പിച്ചത് എന്നതാണ് അംഗീകരിക്കാവുന്ന പ്രധാന നിലപാട്. ആകാശ ഭൂമികളിലെ പ്രതിഭാസങ്ങളെ ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്ന് പരിചയപ്പെടുത്തുന്ന ഖുർആൻ വചനങ്ങൾ തന്നെ അവയ്ക്ക് അവയുടെതായ ഭൗതിക വ്യവസ്ഥകൾ ഉണ്ടെന്നും പറയുന്നത് കാണാം. ഉദാഹരണത്തിന് ഉപരിലോകത്ത് നിന്നും മനുഷ്യന് അനുഗ്രഹമായി മഴ നൽകുന്നത് അല്ലാഹുവാണ് എന്ന് പറയുന്ന ഖുർആൻ തന്നെ കാറ്റിനും, മേഘങ്ങൾക്കും അതിലുള്ള പങ്കിനെ കുറിച്ചും പറയുന്നുണ്ട്. ഇതിനെ സമന്വയിപ്പിച്ച് വായിക്കുന്നതിൽ നിന്നും ഈ ഭൗതിക നിയമങ്ങളുടെ അടിസ്ഥാന കാരണം ദൈവം ആണെന്നും ദൈവത്തിന്റെ ഇച്ചയ്ക്ക്‌ അനുസരിച്ച് നിലനിൽക്കുന്ന ഭൗതിക വ്യവസ്ഥകൾ പ്രപഞ്ചത്തിനുണ്ട് എന്നും ഇസ്‌ലാമികമായി മനസ്സിലാക്കാം.

അഥവാ ന്യൂട്ടോണിയന്‍ മെക്കാനിക്‌സിന്റെയോ ആപേക്ഷികതാ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ മുസ്‌ലിം ലോകത്ത് പുതിയതായി ഉയര്‍ന്നുവന്ന ആശയമല്ല പ്രപഞ്ചനിയമങ്ങളുടെയും ഭൗതിക വ്യവസ്ഥകളുടെയും നിലനില്‍പ്പ്. അത് അടിസ്ഥാന പ്രമാണങ്ങളുടെ തന്നെ ഭാഗമാണ്.

ഭൗതിക ലോകവുമായുള്ള ദൈവത്തിന്റെ പൊതുവായുള്ള ഇടപെടലായി (General  Divine Action) പ്രപഞ്ച നിയമങ്ങളെ കണക്കാക്കപ്പെടുന്നു. അതുകൊണ്ടെല്ലാ ഭൗതിക പ്രതിഭാസങ്ങളുടെയും അടിസ്ഥാനകാരണം ദൈവമാണ്.

എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍? (ഖുർആൻ 56: 63-64)

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..?നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? (ഖുർആൻ 56:68-69)

നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? (ഖുർആൻ: 71-72)

ഒരു പ്രത്യേക സമയത്ത് ഇത്തരം പൊതു നിയമങ്ങളില്‍ നിന്നും വിഭിന്നമായി ഭൗതിക ലോകത്തില്‍ ദൈവം ഇടപെടുന്ന അവസ്ഥകള്‍ക്കും ഖുർആനിൽ ഉദാഹരണങ്ങളുണ്ട്. അതിനര്‍ത്ഥം അനിവാര്യമായ അസ്തിത്വം ഉള്ളവയായല്ല ഭൗതിക നിയമങ്ങളെ ഇസ്‌ലാം കാണുന്നത്.   

ഭൗതിക ലോകവും ദൈവത്തിന്റെ ഇടപെടലും – ആധുനിക ശാസ്ത്ര വീക്ഷണത്തില്‍.

മുന്‍ നിശ്ചിതമായി നിലനില്‍ക്കുന്ന(Deterministic) പ്രപഞ്ചമെന്ന ധാരണയാണ് ക്ലാസിക്കല്‍ മെക്കാനിക്‌സ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ അത്തരം നിശ്ചിതമായ നിയമങ്ങള്‍ക്ക് വിരുദ്ധമായി സംഭവിക്കാവുന്ന യാതൊന്നിനുമുള്ള പഴുത് ക്ലാസിക്കൽ മെക്കാനിക്‌സിന്റെ  വീക്ഷണത്തില്‍ ഇല്ലായിരുന്നു. എന്നാല്‍  ക്വാണ്ടം മെക്കാനിക്‌സിന്റെ ഉത്പത്തി ഈ സ്ഥിതിയാകെ മാറി. കാര്യകാരണ ബന്ധങ്ങളെ(Case Effect Relations) സംബന്ധിച്ച ക്ലാസിക്കല്‍ മെക്കാനിക്‌സിലെ ധാരണകളെ ചോദ്യചിഹ്നം ആക്കുകയാണ് ക്വാണ്ടം ബലതന്ത്രം ചെയ്തത്. മനുഷ്യ യുക്തിയുടെ പരിമിതികളും പ്രപഞ്ചത്തിലെ അടിസ്ഥാന സ്വഭാവങ്ങളെ സംബന്ധിച്ച നമ്മുടെ അറിവില്ലായ്മകളും ക്വാണ്ടം ബലതന്ത്രം വഴി കൂടുതൽ വ്യക്തമായി. പ്രപഞ്ചത്തില്‍ മൗലിക കണികകളുടെ സൂക്ഷ്മ ലോകത്തേക്ക് വന്നാല്‍ നമ്മുടെ സ്ഥൂല ലോകത്ത് നിന്നെല്ലാം വ്യത്യസ്തമായി വളരെ വിചിത്രമായാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന നിരീക്ഷണത്തില്‍ നിന്നാണ് ക്വാണ്ടം ബലതന്ത്രം ഉണ്ടാകുന്നത്. 
ആകസ്മികതയുടെ(Chance) പ്രകൃതമാണ് സൂക്ഷ്മ ലോകത്ത് കാണുന്ന പ്രധാനസവിശേഷത. എന്നാല്‍ ഈ ആകസ്മികത പ്രകടമാകുന്നത് സ്ഥൂല ലോകത്ത് നമ്മുടെ അറിവില്ലായ്മകൊണ്ട് നാം അനുഭവിക്കുന്ന ആകസ്മികത പോലെയല്ല. മറിച്ച് അതതിന്റെ നൈസര്‍ഗ്ഗികമായ പ്രകൃതം ആയതുകൊണ്ടാണ്.

ക്വാണ്ടം ബലതന്ത്രത്തിന്റെ ലോകം അനിര്‍വചനീയതയുടെ കൂടിയാണ്. ഒരു നിരീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി അവയ്‌ക്കൊരു കൃത്യമായ ഫലത്തെ നിര്‍വ്വചിക്കുക കൂടി പ്രയാസമാണ്. അഥവാ സംഭവ്യതകളുടെ (Eventualities)ഒരു കൂട്ടമാണ് ക്വാണ്ടം ലോകത്ത് നിലനില്‍ക്കുന്നതെന്ന് പറയാം. ഓരോ ക്വാണ്ടം കണികയും അതേസമയം തരംഗങ്ങളും കൂടിയാണ് wave particle duality എന്ന് ഈ സവിശേഷത അറിയപ്പെടുന്നു. ഇത്തരം തരംഗ സാധ്യതകളായാണ് ക്വാണ്ടം ലോകത്തെ സംഭവ്യതകള്‍ (eventualities)  നിലനില്‍ക്കുന്നത്. ഇങ്ങനെ ഒരേ സമയത്ത് തന്നെ പല സംഭവ്യതകൾക്കുള്ള Potentiality ആണ് ക്വാണ്ടം തരംഗങ്ങള്‍ എന്ന് ചുരുക്കം. ഇവയില്‍ ഒരു സംഭവ്യത (Eventualities) തിരഞ്ഞെടുക്കപ്പെട്ടാല്‍ അതെന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന് ഒരു വിശദീകരണവും ഇല്ലാതിരിക്കാം. നമ്മുടെ കാര്യകാരണങ്ങളെ സംബന്ധിച്ച അടിസ്ഥാന ധാരണകള്‍ക്ക് വിരുദ്ധമായാണ് ക്വാണ്ടം കണികകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചുരുക്കം.

അസംഭവ്യതകള്‍ എന്ന് നമ്മള്‍ പൊതുവില്‍ കരുതുന്ന കാര്യങ്ങള്‍ സൂക്ഷ്മ ലോകത്ത് അസംഭവ്യതകള്‍ അല്ല. മറിച്ച് അത്തരം കാര്യങ്ങള്‍ ഭൗതികലോകത്ത് സംഭവിക്കാതിരിക്കാനുള്ള കാരണം അവയ്ക്ക് വളരെ ചെറിയ സാധ്യത (Probabilities) മാത്രമേ ഉള്ളൂ എന്നത് കൊണ്ടാണ്. പൊതുവിലുള്ള ഭൗതിക നിയമങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും സംഭവിക്കില്ലെന്ന പിടിവാശി ഒന്നും വാസ്തവത്തില്‍ പ്രകൃതിക്ക് ഇല്ലെന്നാണ് ഇത് തെളിയിക്കുന്നത്. 

ക്വാണ്ടം ലോകത്തെ സംബന്ധിച്ച Double Slit പരീക്ഷണം കണികയായും തരംഗമായും ഒരേസമയം നിലനിൽക്കുന്ന ക്വാണ്ടം അവസ്ഥ ഒരു നിരീക്ഷകന്റെ സാന്നിധ്യം കൊണ്ട് കണികാ സ്വഭാവം (Partcile Nature) മാത്രം പ്രകടിപ്പിക്കുന്നതായി മാറുന്നത് (Quantum wave collapse) തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരു നിരീക്ഷകന്റെ സാന്നിധ്യം കാര്യകാരണപരമായി നേരിട്ട് ക്വാണ്ടം കണികകളുമായി ബന്ധപ്പെടുന്നതായി നാം കാണുന്നില്ല എന്നത് വിചിത്രമാണ്. പരസ്പരം ഇണക്കപ്പെട്ട (Entangled) കണികകളിലെ നിരീക്ഷണത്തിലും ഇത് കാണാം. ഉദാഹരണത്തിന് ഇങ്ങനെ ബന്ധപ്പെട്ട് കിടക്കുന്ന ക്വാണ്ടം കണികയില്‍  ഒന്നിന്റെ സ്വയം കറക്കത്തിന് നേര്‍ വിപരീത ദിശയിലായിരിക്കും. അതുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റു കണികയുടെ കറക്കം. ഇവയ്ക്കിടയില്‍ എത്ര തന്നെ അകലമുണ്ടെങ്കിലും സമയപരിമിതിയില്ലാതെ തന്നെ ഒന്നില്‍ സംഭവിക്കുന്ന മാറ്റം മറ്റേതിലും പ്രകടമാകും.

ഇത്തരമൊരു മാറ്റത്തിന് ഈ കണികകള്‍ക്കിടയില്‍ നേരിട്ട് എന്തെങ്കിലുമൊരു ബന്ധപ്പെടല്‍ നടക്കുന്നതായും നാം കാണുന്നില്ല. ഇത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ക്വാണ്ടം കണികകളെ പുറത്തു നിന്നും സ്വാധീനിക്കാന്‍ കഴിയുമെന്ന് അംഗീകരിക്കലാണ്.

ഈ വസ്തുതകളില്‍ നിന്നും ഇങ്ങനെ സംഗ്രഹിക്കാം. ക്വാണ്ടം ലോകത്ത് സംഭവ്യതകളുടെ സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് ഒരു ക്വാണ്ടം പ്രതിഭാസം ഒരു ജീവിയുടെ ജനിതക ഘടനയില്‍ ഉള്‍പരിവര്‍ത്തനം (Mutation) സംഭവിപ്പിക്കുകയും ആ ജീവി വര്‍ഗ്ഗത്തില്‍ തന്നെ മാറ്റമുണ്ടാകുന്നതിന് കാരണമാവുകയും ചെയ്തുവെന്ന് കരുതുക. എന്തുകൊണ്ട് അത്തരത്തിലൊരു ക്വാണ്ടം പ്രതിഭാസം സംഭവിച്ചുവെന്നതിനോ, പല സാധ്യതകളില്‍ എന്തുകൊണ്ടതൊന്നു മാത്രം സ്വീകരിക്കപ്പെട്ടുവെന്നതിനോ ഒരു കാരണത്തെ പറയാന്‍ കഴിവില്ല. ഉണ്ടായ റിസള്‍ട്ടിനെ അസംഭവ്യത എന്നും ക്വാണ്ടം ലോകത്ത് വിശേഷിപ്പിക്കാനാവില്ല. നേരിട്ടുള്ള കാര്യകാരണ ബന്ധങ്ങള്‍ ഒന്നുമില്ലാത്ത, പുറത്തു നിന്നുള്ളൊരു അസ്ഥിത്വത്തിന് ക്വാണ്ടം ലോകത്ത് ഇടപെടല്‍ സാധ്യമാണ്. എന്നതു കൊണ്ടു തന്നെ ദൈവത്തിന് പ്രപഞ്ചത്തിലെവിടെയും ഒരു പ്രത്യേക സമയത്ത് ഇടപെടാനും ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംഭവിപ്പിക്കാനുമെല്ലാം കഴിയും. ഉദ്ദേശിക്കുന്നവരെ ജനിപ്പിക്കാനും, ഉദ്ദേശിക്കുന്നവരെ രോഗികളാക്കാനും, മരിപ്പിക്കാനും, പരിണാമത്തിലൂടെ തന്നെ ഒരു ജന്തു വിഭാഗത്തില്‍ നിന്നും മറ്റൊരു വിഭാഗത്തെ കൊണ്ടുവരാനുമൊക്കെ ഇത്തരം ഒരു ക്വാണ്ടം മെക്കാനിക്കല്‍ ലോകത്ത് സാധ്യമാണ്. ദൈവത്തിന്റെ ഇച്ഛകള്‍ യഥാസ്ഥാനത്ത് പാലിക്കപ്പെടുന്ന ലോകമെന്ന വീക്ഷണത്തോട് യോജിച്ചു പോവുകയാണ് ആധുനിക ശാസ്ത്രം എന്നാണിത് തെളിയിക്കുന്നത്.

ദൈവം ഈ രീതിക്കാണ് ഭൗതിക ലോകത്ത് ഇടപെടുന്നതെന്ന് തീര്‍പ്പാക്കുകയല്ല ഇത്രയും പറഞ്ഞതിലൂടെ, മറിച്ച് ദൈവത്തിന് ഇടപെടാവുന്ന പ്രകൃതമാണ് പ്രപഞ്ചത്തിനുള്ളതെന്നാണ് അവതരിപ്പിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവും ദൈവത്തെ അനുസരിക്കുന്നതാണെന്ന ഇസ്‌ലാമിക പ്രപഞ്ച ധാരണയുമായി ചേര്‍ത്തുവായിക്കാവുന്നതാണ് ഈ ആധുനിക ശാസ്ത്ര സാധ്യതകളെയും.

print

2 Comments

  • ഒരു പാട് കാലമായി എന്റെ മനസ്സിലുള്ള ചോദ്യംങ്ങൾക്കുള്ള ഉത്തരം ലഭിച്ചതിൽ സന്തോഷം

    അബ്ദുള്ള കോട്ടയിൽ 13.12.2020
    • Alhamdulillah

      shahul 25.12.2020

Leave a comment

Your email address will not be published.