പ്രപഞ്ചവികാസവും ഖുർആൻ വിമർശകരും

//പ്രപഞ്ചവികാസവും ഖുർആൻ വിമർശകരും
//പ്രപഞ്ചവികാസവും ഖുർആൻ വിമർശകരും
ശാസ്ത്രം / തത്ത്വശാസ്ത്രം

പ്രപഞ്ചവികാസവും ഖുർആൻ വിമർശകരും

ന്ന് ലോകത്ത് നിരവധി ഗ്രന്ഥങ്ങളുണ്ട്. ഏതൊരു രചനയിലും അതെഴുതപ്പെട്ട കാലത്തെ അറിവിന്റെ സ്വാധീനം കാണാനാകും. ആ കാലഘട്ടത്തിലെ അറിവിന്റെ പരിമിതിയും ആ രചനകളിൽ പ്രതിഫലിക്കും. ബൈബിൾ മുതൽ ഉപനിഷത്തുകൾ വരെയുള്ള വേദഗ്രന്ഥങ്ങളെ അവ എഴുതപ്പെട്ട കാലത്തെ അബദ്ധധാരണകൾ സ്വാധീനിച്ചതായി കാണാനാകും. ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ ശാസ്ത്രകൃതികളിൽ പോലും ഈ പരിമിതിയുടെ ഫലമായുള്ള അബദ്ധങ്ങൾ ദൃശ്യമാണ്. ടോളമിയുടെ പ്രപഞ്ചസങ്കല്പം ഭൗമകേന്ദ്രീകൃതമായിരുന്നു. ഈ പ്രപഞ്ചസങ്കല്പം ശരിയല്ലെന്നും സൗരകേന്ദ്രീകൃതമാണ് പ്രപഞ്ചമെന്നും സ്ഥാപിച്ചുകൊണ്ട് കോപ്പർ നിക്കസ് രംഗത്ത് വന്നു. പിൽക്കാലത്തെ ഗവേഷണങ്ങൾ ഇതും തെറ്റാണെന്നു സ്ഥിരീകരിച്ചു. ഐസക് ന്യൂട്ടൺ മുതൽ ആൽബർട്ട് ഐൻസ്റ്റീൻ വരെയുള്ളവരുടെ ശാസ്ത്രഗ്രന്ഥങ്ങളിൽ അവ രചിക്കപ്പെട്ട കാലത്തെ അശാസ്ത്രീയധാരണകളുടെ സ്വാധീനം കാണാനാകും. ഇതിനൊരുദാഹരണമാണ് പ്രപഞ്ചം മാറ്റമില്ലാതെ നിലകൊള്ളുകയാണെന്ന (static universe) ധാരണ. പ്രാപഞ്ചിക ഗോളങ്ങൾക്ക് ചലനമുണ്ടെങ്കിലും പ്രാപഞ്ചിക ഘടനയിലോ വലിപ്പത്തിലോ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നതായിരുന്നു ഗലീലിയോയും ന്യൂട്ടനുമെല്ലാമുൾപ്പെടുന്ന ഭൗതികശാസ്ത്രത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ വിശ്വാസം. ന്യൂട്ടൻ തന്റെ ചലനനിയമങ്ങളാവിഷ്‌ക്കരിച്ചതും ആൽബർട്ട് ഐൻസ്റ്റീൻ തന്റെ ആപേക്ഷികതാസിദ്ധാന്തമാവിഷ്ക്കരിച്ചതുമെല്ലാം ഈ ധാരണയെ അടിസ്ഥാനമാക്കിയായിരുന്നു.

എന്നാൽ, 1929ല്‍ അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ജ്യോതിശാസ്‌ത്ര ചരിത്രത്തിലെ തന്നെ നിര്‍ണായകമായൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി. ‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയത്തെ തകർക്കുന്ന കണ്ടെത്തൽ. കൂറ്റന്‍ ടെലസ്‌ക്കോപ്പ്‌ ഉപയോഗിച്ച്‌ നടത്തിയ നിരന്തര നിരീക്ഷണങ്ങളിലൂടെ നമ്മുടെ ഗാലക്സിയായ ആകാശഗംഗയ്ക്കപ്പുറമുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം, പ്രകാശവലയത്തിന്റെ അവസാനത്തിലെത്തുമ്പോള്‍ ചുവപ്പിലേക്ക്‌ നീങ്ങുന്നുവെന്നും അതിനാല്‍ ഈ നക്ഷത്രങ്ങൾ ഭൂമിയില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നുമാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഭൗതികശാസ്‌ത്രത്തിലെ അംഗീകൃത നിയമങ്ങള്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ നിന്ന്‌ പ്രവഹിക്കുന്ന പ്രകാശം, പ്രകാശവലയത്തിന്റെ അന്ത്യത്തിലേക്ക്‌ അടുക്കുന്തോറും വയലറ്റ്‌ നിറത്തില്‍നിന്ന്‌ ചുവപ്പിലേക്ക്‌ മാറ്റപ്പെടുന്നുവെങ്കില്‍, അതിനർത്ഥം ആ പ്രകാശകേന്ദ്രം നമ്മില്‍നിന്ന്‌ ഓരോ നിമിഷവും അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നാണ്‌ (https://www.space.com/25732-redshift-blueshift.html). അതായത്‌ ഈ നക്ഷത്രങ്ങള്‍ തുടര്‍ച്ചയായി നമ്മില്‍ നിന്ന്‌ അകലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. നക്ഷത്രസമൂഹങ്ങളായ ഗാലക്സികൾ പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണ്‌ എന്നർത്ഥം. ഇത് വ്യക്തമാക്കുന്നത് ആകാശലോകം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് (https://en.wikipedia.org/wiki/Expansion_of_the_universe). വീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ബലൂണിനോടാണ്‌ ഹബിള്‍ പ്രപഞ്ചത്തെ ഉപമിച്ചത്‌. ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ വായ്‌വട്ടം മാത്രം ഒരു സ്ഥലത്ത്‌ സ്ഥിരമായി നില്‍ക്കുകയും മറ്റെല്ലാ ഭാഗങ്ങളും വായ്‌വട്ടത്തില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതുപോലെ ഒരു നിശ്ചിത ബിന്ദുവില്‍ നിന്ന്‌ പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും പരസ്‌പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന്‌ ഹബിള്‍ കണ്ടെത്തി. പ്രപഞ്ച വികാസത്തിന്റെ നിരക്കും ഹബിള്‍ കണക്ക് കൂട്ടിയെടുത്തു. അതാണ് ഹബിള്‍ സ്ഥിരാങ്കം(Hubble Constant) എന്നറിയപ്പെടുന്നത്. (https://www.space.com/25179-hubble-constant.html).

ഗലീലിയോയും ന്യൂട്ടനുമെല്ലാമുൾപ്പെടുന്ന, ആധുനികശാസ്ത്രത്തിന്റെ പിതാക്കൾക്കുവരെ പ്രപഞ്ചത്തെക്കുറിച്ച അബദ്ധധാരണകളുണ്ടായിരുന്നു. പ്രസ്തുത ധാരണകൾ അവരുടെ ശാസ്ത്രഗ്രന്ഥങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മനുഷ്യരചനകളിൽ അബദ്ധങ്ങൾ സ്വാഭാവികമാണെന്നർത്ഥം. എന്നാൽ, ഇത്തരം അബദ്ധങ്ങളിൽ നിന്നെല്ലാം മുക്തമായ ഒരു ഗ്രന്ഥം ലോകത്തുണ്ട്. ദൈവികമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേയൊരു ഗ്രന്ഥം. അതാണ് വിശുദ്ധ ഖുർആൻ. ഖുർആനിലെവിടെയും പ്രപഞ്ചം മാറ്റമില്ലാതെ നിലനിൽക്കുന്നതാണെന്ന് പറയുന്നില്ല. മറിച്ച്, ഖുർആനിൽ പറയുന്നതിങ്ങനെയാണ്. “ആകാശമാകട്ടെ നാം(അല്ലാഹു) അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.”(ഖുർആൻ 51:47). ആയിരത്തി നാന്നൂറിലധികം വർഷങ്ങൾക്ക് മുമ്പ്, ശാസ്ത്ര സാങ്കേതികരംഗത്ത് ലോകം വട്ടപ്പൂജ്യത്തിലായിരുന്ന കാലത്താണ് ഖുർആൻ ഇത്ര കൃത്യമായ പ്രസ്താവന നടത്തുന്നതെന്ന് നാം മനസ്സിലാക്കണം!

പ്രപഞ്ചവികാസത്തിന്റെ ഫലമായി പ്രപഞ്ചത്തിലെ എല്ലാം പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. ഹബിളിന്റെ ബലൂണിന്റെ ഉദാഹരണമെടുക്കുക. ബലൂൺ നാം വീർപ്പിക്കുന്ന സമയത്ത് അതിലെ ബിന്ദുക്കളെല്ലാം പരസ്പരം അകന്നുകൊണ്ടേയിരിക്കുമല്ലോ. ഇതുപോലെ പ്രാപഞ്ചികവസ്തുക്കളെല്ലാം അകന്നുകൊണ്ടേയിരിക്കുന്നു. ഇനി ഇത് തിരിച്ചൊന്ന് സങ്കല്പിച്ചുനോക്കുക. കാലചക്രത്തിന്റെ പിറകിലേക്ക് നാം സഞ്ചരിക്കുകയാണെങ്കിൽ ഈ പ്രാപഞ്ചികവസ്തുക്കളെല്ലാം അടുത്തടുത്ത് വന്ന് ഒരൊറ്റ പോയിന്റിൽ ഒന്നായി ചേർന്ന് നിൽക്കുന്നത് കാണാം. ഈ പോയിന്റിൽനിന്നാണ് പ്രാപഞ്ചികവസ്തുക്കളെല്ലാം രൂപംകൊണ്ടത് എന്ന് മനസിലാക്കാം. ഇതാണ് മഹാവിസ്ഫോടന സിദ്ധാന്തം(Big Bang theory) പറയുന്നത്.(https://en.wikipedia.org/wiki/Big_Bang). ഇതനുസരിച്ച് പ്രാപഞ്ചികവസ്തുക്കളെല്ലാം ഒരൊറ്റ ആദിമ പിണ്ഡമായിരുന്നു. പിന്നീടത് പൊട്ടിത്തെറിച്ചാണ് ഈ പ്രപഞ്ചം രൂപപ്പെട്ടത്. അതിശക്തമായ ഈ പൊട്ടിത്തെറിയുടെ ഫലമായാണ് പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് ചർച്ചകളുണ്ടെങ്കിലും ഒരാദിമ പദാർത്ഥത്തിൽനിന്നാണ് എല്ലാ പ്രാപഞ്ചിക വസ്തുക്കളും ഉണ്ടായതെന്ന കാര്യത്തിൽ ഗോളശാസ്ത്രജ്ഞർക്ക് ഭിന്നാഭിപ്രായമില്ല. നാല് പ്രമുഖ ശാസ്ത്രജ്ഞന്മാർ ചേർന്ന് 1976 മാർച്ചിലെ ‘സയന്റിഫിക് അമേരിക്കനി’ൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ കാണാം:
“Thus it appears that the Universe began from a state of infinite density about one Hubble time ago. Space and time were created in that event and so was all the matter in the universe.”
“അനന്തമായ അളവിൽ സാന്ദ്രമായിരുന്ന ഒരവസ്ഥയിൽ നിന്നാണ് പ്രപഞ്ചം ഉത്ഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. ഏകദേശം ഒരു ഹബിൾ സമയം മുമ്പാണ് ഇത് നടന്നത്. സ്പെയ്സും സമയവും ആ സംഭവത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത്. അതുപോലെത്തന്നെ പ്രപഞ്ചത്തിലെ മുഴുവൻ പദാർത്ഥവും.” (‘Will the Universe Expand forever?’ Scientific American, March 1976).

ആകാശഗോളങ്ങളും ഭൂമിയുമെല്ലാം ഒന്നിച്ച് ഒരൊറ്റ ആദിപദാർത്ഥത്തിന്റെ ഭാഗമായിരുന്നുവെന്നത് ഇന്ന് ശാസ്ത്രലോകത്ത് ഏതാണ്ട് തർക്കമില്ലാത്ത വിഷയമാണ്. വിശുദ്ധ ഖുർആനിലെ ഒരു വചനം കാണുക: “ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?”(ഖുർആൻ 21:30).

എത്ര കൃത്യമാണ് ഖുർആനിന്റെ പ്രസ്താവന! ഇതര വേദഗ്രന്ഥങ്ങളിൽ അശാസ്ത്രീയമായ പരാമർശങ്ങളുണ്ടായത് അവ മനുഷ്യകൈക്കടത്തലിനു വിധേയമായതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച് ബൈബിളിലെ ഉൽപ്പത്തിപുസ്തകത്തിലെ പരാമർശങ്ങൾ ബഹുമാന്യനായ മാർപ്പാപ്പയ്ക്കുപോലും പൂർണമായും സ്വീകാര്യമല്ലാതെവന്നത്.(https://www.disciplesnews.com/global/467/). വിശുദ്ധ ഖുർആൻ ഇവിടെ വ്യതിരിക്തത പുലർത്തുന്നു. ദൈവികവചനങ്ങൾ മാത്രമടങ്ങിയ ഈ ഗ്രന്ഥത്തിൽ അബദ്ധങ്ങളുടെ നേരിയ ലാഞ്ചനപോലുമില്ല!

വിമർശനങ്ങൾ

“ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു” (51:47) എന്ന ഖുർആൻ സൂക്തവുമായി ബന്ധപ്പെട്ട് നാസ്തികർ വിമർശനമുന്നയിക്കാറുണ്ട്. ഈ സൂക്തത്തിന്റെ അറബി മൂലത്തിന്റെ മലയാള ലിപ്യന്തരണം ഇങ്ങനെയാണ്: “വസ്സമാഅ ബനയ്‌നാഹാ ബിഐദിൻ വഇന്നാ ലമൂസിഊൻ.” ഇതിലെ ‘മൂസിഊൻ'(موسعون) എന്ന പദത്തെ കേന്ദ്രീകരിച്ചാണ് വിമർശനം. ‘വികസിപ്പിക്കുന്നവൻ’ എന്ന അർഥം ഈ പദത്തിനില്ലെന്നും ‘വിപുലമായ കഴിവുള്ളവൻ’ എന്ന അർത്ഥം മാത്രമേയുള്ളു എന്നുമാണ് വിമർശകർ വാദിക്കുന്നത്. ഹബിളിന്റെ പ്രപഞ്ചവികാസത്തിനു മുമ്പുള്ള (എ.ഡി.1929നു മുമ്പുള്ള) ഖുർആൻ വ്യാഖ്യാന(തഫ്സീർ) ഗ്രന്ഥങ്ങളിലൊന്നും ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥമില്ലെന്നാണ് മറ്റൊരു വിമർശനം.

ഇതാണ് യാഥാർത്ഥ്യം

‘ഔസഅ'(اوسع) എന്ന ക്രിയയില്‍നിന്നുള്ള കര്‍തൃനാമമാണ് ‘മൂസിഅ്’. ഈ ക്രിയ അകര്‍മകമായും സകര്‍മകമായും പ്രയോഗിക്കാറുണ്ട്. അകര്‍മകമാകുമ്പോള്‍ അതിന്റെ അര്‍ത്ഥം ‘ജീവിത സൗകര്യവും ഐശ്വര്യവും ഉള്ളവനായിത്തീര്‍ന്നു’ എന്നാണ്. സകര്‍മകമാകുമ്പോള്‍ അതിന്റെ അര്‍ഥം ‘വിശാലമാക്കി’ എന്നും ‘വികസിപ്പിച്ചു’ എന്നുമാണ്. ബൈറൂത്തിലെ കാത്തലിക് പ്രസ് പ്രസിദ്ധീകരിച്ച ‘അല്‍മുന്‍ജിദ്’ എന്ന നിഘണ്ടുവില്‍ ‘ദ്വയ്യക്വ’ (ഇടുങ്ങിയതാക്കി) എന്നതിന്റെ വിപരീതമാണ് ‘ഔസഅ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ‘മൂസിഅ്'(موسع) എന്നതിന്റെ അര്‍ത്ഥം ‘വിശാലമാക്കുന്നവന്‍’ അഥവാ ‘വികസിപ്പിക്കുന്നവന്‍’ എന്നാകുന്നു. ‘മൂസിഊന്‍'(موسعون) എന്നത് പൂജക ബഹുവചനമാകുന്നു.(https://qrgo.page.link/fk9qC). ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ എഡ്വാർഡ് വില്യം ലെയ്നിന്റെ അറബിക്-ഇംഗ്ലീഷ് ലെക്സിക്കണിൽ ‘ഔസഅ'(اوسع) എന്ന പദത്തിന് ‘വിശാലമാക്കി’ എന്നും അർത്ഥം നൽകിയിട്ടുണ്ട് (http://lexicon.quranic-research.net/data/27_w/115_wsE.html). ഇതനുസരിച്ചും ‘മൂസിഅ്'(موسع) എന്ന പദത്തിന്റെ അര്‍ത്ഥം ‘വിശാലമാക്കുന്നവന്‍’ അഥവാ ‘വികസിപ്പിക്കുന്നവന്‍’ എന്നാകുന്നു. THE HANS WEHR DICTIONARY OF MODERN WRITTEN ARABIC എന്ന മറ്റൊരു അറബിക്-ഇംഗ്ലീഷ് നിഘണ്ടുവിൽ ‘വസഅ്'(وسع) എന്ന പദത്തിന് vastness(വിശാലത) എന്നും ‘തൗസീഅ്'(توسيع) എന്ന പദത്തിന് expansion(വികാസം) എന്നും അർത്ഥമുള്ളതായി കാണാം. അമുസ്ലിം സഹോദരന്മാർ തയ്യാറാക്കിയ പ്രശസ്ത നിഘണ്ടുകളനുസരിച്ചുപോലും ‘മൂസിഊന്‍’ എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്നർത്ഥമുണ്ട് എന്ന് സാരം. ഇനി വിമർശകർക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനും മാർഗമുണ്ട്. ഗൂഗിൾ ട്രാൻസ്ലേറ്റിൽ موسعون(മൂസിഊന്‍) എന്ന പദം ടൈപ്പ് ചെയ്താൽ Expanders(വികസിപ്പിക്കുന്നവർ) എന്ന അർത്ഥം മാത്രമാണ് കാണിക്കുക.(‘മൂസിഊന്‍’ എന്നത് പൂജക ബഹുവചനമാണെന്ന് നേരത്തെ വ്യക്തമാക്കിയത് ഓർക്കുക). അതിനാൽ, ഈ പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥമില്ലെന്ന വിമർശകരുടെ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തം.

എ.ഡി. 1929ൽ എഡ്വിന്‍ ഹബിൾ പ്രപഞ്ചവികാസമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നതിന് മുമ്പുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നും മൂസിഊൻ എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥമില്ലെന്നാണ് വിമർശകരുടെ മറ്റൊരാരോപണം. ഇതിലും കഴമ്പില്ല. ചില വ്യാഖ്യാതാക്കൾ ‘മൂസിഊൻ’ എന്ന പദത്തിന് ‘വിപുലമായ കഴിവുള്ളവൻ’ എന്നും അർത്ഥം നൽകിയിട്ടുണ്ടെന്നത് ശരിയാണ്. മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാനങ്ങളിലൊന്നായ ‘വിശുദ്ധ ഖുർആൻ വിവരണ’ത്തിൽ (അമാനി തഫ്സീർ) ‘വിപുലമായ കഴിവുള്ളവൻ’ എന്ന അർത്ഥത്തിലാണ് വിശദീകരിച്ചിട്ടുള്ളതെങ്കിലും ‘വിശാലപ്പെടുത്തുന്നവൻ’ എന്നും വാക്കർത്ഥം നൽകിയിട്ടുണ്ട്.(http://malayalamqurantafsir.com/thafseer.php). മലയാളത്തിലടക്കം ലഭ്യമായ മറ്റൊരു ആധുനിക ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആനിൽ ഈ സൂക്തത്തെ(51:47) വിശദീകരിച്ചുകൊണ്ടിങ്ങനെ പറയുന്നു: “وَاِنَّا لَمُوسِعُونَ എന്നാണ് മൂലത്തിലുള്ളത്. مُوسع എന്ന പദത്തിനര്‍ഥം കഴിവും ശക്തിയുമുള്ളവന്‍ എന്നാകാം. വികസിപ്പിക്കുന്നവന്‍ എന്നുമാകാവുന്നതാണ്. ആദ്യത്തെ അര്‍ഥമനുസരിച്ച് വാക്യത്തിന്റെ ആശയമിതാണ്: നാം ഈ വാനലോകം സൃഷ്ടിച്ചത് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. അതിന്റെ സൃഷ്ടി നമ്മുടെ കഴിവിനതീതമല്ല; എന്നിരിക്കെ, നമുക്ക് നിങ്ങളെ വീണ്ടും സൃഷ്ടിക്കാന്‍ സാധിക്കുകയില്ലെന്ന തോന്നല്‍ നിങ്ങളുടെ തലയിലെങ്ങനെ കയറിക്കൂടി? രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍ ആശയം ഇപ്രകാരമാകുന്നു: വമ്പിച്ച ഈ പ്രപഞ്ചത്തെ നാം ഒറ്റയടിക്കങ്ങു സൃഷ്ടിച്ചു വിട്ടുകളഞ്ഞിരിക്കുകയല്ല. പ്രത്യുത, നാമതിനെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും നമ്മുടെ സൃഷ്ടിപ്രക്രിയയുടെ നവംനവങ്ങളായ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയും നിപുണനായ സ്രഷ്ടാവ് നിങ്ങളെ പുനഃസൃഷ്ടിക്കാന്‍ അശക്തനാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടാണ്?”(http://www.thafheem.net/thafheem/M). ‘ഔസഅ'(اوسع) എന്ന ക്രിയയുടെ വിവിധ രൂപങ്ങൾ ഖുർആനിൽത്തന്നെ വ്യത്യസ്ത അർത്ഥങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി രണ്ടാം അധ്യായമായ അൽബഖറയിലെ സൂക്തം 236ൽ ‘മൂസിഅ്'(موسع) എന്ന പദം ഉപയോഗിച്ചിട്ടുള്ള ഭാഗത്തിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്-“…..കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും….” ഇവിടെ ‘മൂസിഅ്’ എന്ന പദത്തിനർത്ഥം ‘കഴിവുള്ളവൻ’ എന്നാണ്. അതെസമയം, ഈ അധ്യായത്തിൽത്തന്നെയുള്ള മറ്റൊരു സൂക്തമായ ആയത്തുൽ കുർസിയ്യിൽ(സൂക്തം 255) ‘വസിഅ'(وسع) എന്ന പദം ഉപയോഗിച്ചിട്ടുള്ള ഭാഗത്തിന്റെ മലയാളപരിഭാഷ കാണുക-“അവന്റെ അധികാരപീഠം ആകാശഭൂമികളിലാകെ വിശാലമായിരിക്കുന്നു….” ഇവിടെ ‘വസിഅ’ എന്ന പദം ‘വിശാലമായിരിക്കുന്നു’ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്(http://malayalamqurantafsir.com/thafseer.php). ഖുർആനിൽത്തന്നെ ‘ഔസഅ'(اوسع) എന്ന ക്രിയയിൽനിന്നുള്ള പദങ്ങൾ കഴിവുമായി ബന്ധപ്പെട്ടും വിശാലതയുമായി ബന്ധപ്പെട്ടും ഉപയോഗിച്ചിട്ടുണ്ട് എന്നർത്ഥം. എന്നാൽ, ഖുർആനിലെ “ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു” (51:47) എന്ന സൂക്തത്തിലെ ‘മൂസിഊന്‍'(موسعون) എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥകല്പന പ്രപഞ്ചം വികസിക്കുന്നുവെന്ന് ഹബിൾ കണ്ടെത്തിയതിനു ശേഷം മുസ്ലിംകൾ കൊടുത്തതാണെന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണ്. പൗരാണിക കാലഘട്ടത്തിലെഴുതപ്പെട്ട ചില തഫ്സീറുകൾ (ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ) ഈ ഖുർആൻ സൂക്തത്തെ (51:47) വിശദീകരിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത് കാണുക:

1) തഫ്സീർ മുഖാതിൽ ഇബ്നു സുലൈമാൻ (A.D. 767)
تفسير مقاتل بن سليمان/ مقاتل بن سليمان (ت 150 هـ)
وَإِنَّا لَمُوسِعُونَ} [آية: 47] يعني نحن قادرون على أن نوسعها كما نريد}
“നമുക്ക്(അല്ലാഹുവിന്) ആവശ്യമുള്ളതുപോലെ അതിനെ(ആകാശത്തെ) വികസിപ്പിക്കുവാൻ നമുക്ക് കഴിയും.”

2) തഫ്സീർ അൽ ത്വബ്റാനി (A.D. 970)
تفسير التفسير الكبير / للإمام الطبراني (ت 360 هـ)
وَإِنَّا لَمُوسِعُونَ}؛ في السَّماء على الأرضِ في كلِّ جهاتٍ}
“ഭൂമിക്ക് മുകളിലുള്ള ആകാശത്തെ നാം എല്ലാ ദിശകളിലേക്കും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.”

3) തഫ്സീർ ബഹ്റുൽ ഉലൂം (A.D. 985)
تفسير بحر العلوم/ السمرقندي (ت 375 هـ)
وَإِنَّا لَمُوسِعُونَ } يعني نحن قادرون على أننوسعهاكما نريد}
“നാം ഇച്‌ഛിക്കുന്ന രീതിയിൽ അതിനെ വികസിപ്പിക്കുവാൻ നമുക്ക് കഴിയും.”

4) തഫ്സീർ അൽ ഫൈറൂസ് ആബാദി (A.D. 1414)
تفسير تفسير القرآن/ الفيروز آبادي (ت817 هـ)
وَإِنَّا لَمُوسِعُونَ} لها ما نشاء}
“നാം ഇച്‌ഛിക്കുന്ന രീതിയിൽ നാമതിനെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” (www.altafsir.com)

വേറെയും പല പുരാതന തഫ്സീറുകളും ഇതേ അർത്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. പ്രപഞ്ചവികാസമെന്ന ആശയം ശാസ്ത്രലോകത്ത് രൂപപ്പെടുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പാണ് ഈ വ്യാഖ്യാനങ്ങളെന്ന് നാം മനസിലാക്കണം. എ.ഡി.പന്ത്രണ്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ഇമാം റാസിയുടെ തഫ്സീറുൽ കബീറിൽ ‘മൂസിഊൻ’ എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥത്തെക്കുറിച്ച് പ്രതിപാദിച്ചശേഷം പറയുന്നത് കാണുക:
بحيث صارت الأرض وما يحيط به من الماء والهواء بالنسبة إلى السماء وسعتها كحلقة في فلاة
“അപ്പോൾ ഭൂമി – കരയും കടലും അന്തരീക്ഷവുമുൾപ്പെടെ – ആകാശത്തെയപേക്ഷിച്ച് മരുഭൂമിയിലിട്ട ഒരു മോതിരംപോലെയാണ്.”
(https://www.noorlib.ir/view/en/book/bookview/text/12176/1/188)
നമ്മുടെ അതിവിശാലമായ ഈ ഭൂഗോളം പ്രപഞ്ചത്തിന്റെ വലിപ്പത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ചെറുതാണെന്ന കാര്യവും ഈ ഖുർആൻ സൂക്തത്തിൽ നിന്ന് ചില വ്യാഖ്യാതാക്കൾ നിർദ്ധരിച്ചെടുത്തിരുന്നുവെന്നർത്ഥം.

നമുക്കുൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണീ പ്രപഞ്ചം. നമ്മുടെ ഭൂമിയുടെ ചുറ്റളവ്(ഭൂമദ്ധ്യരേഖയിലൂടെ) 40,075 കിലോമീറ്ററാണ്. ഇത്രയും വലിയ ഈ ഭൂമി സൂര്യനെ അപേക്ഷിച്ച് വളരെ ചെറുതാണ്. പതിമൂന്ന് ലക്ഷം ഭൂമികളെ ഉൾക്കൊള്ളാൻ മാത്രം വലുതാണ് സൂര്യൻ! സൂര്യനെക്കാൾ എത്രയോ വലിപ്പമുള്ള നിരവധി നക്ഷത്രങ്ങൾ നമ്മുടെ പ്രപഞ്ചത്തിലുണ്ട്! സൂര്യനുൾപ്പെടെ കോടാനുകോടി നക്ഷത്രങ്ങളുള്ള ഗ്യാലക്സിയാണ് നമ്മുടെ ആകാശഗംഗ (Milky Way). ഒരു കേന്ദ്രത്തിനു ചുറ്റും സഞ്ചരിക്കുന്ന നക്ഷത്രങ്ങളുടെ സഞ്ചയമാണ് ക്ഷീരപഥം (Galaxy). അങ്ങനെയുള്ള കോടാനുകോടി ഗാലക്സികളുണ്ട് ഈ പ്രപഞ്ചത്തിൽ! ഓരോ ഗാലക്സിയിലും കോടാനുകോടി നക്ഷത്രങ്ങൾ! പ്രപഞ്ച വിജ്ഞാനീയത്തിൽ ഗവേഷണം നടത്തുന്നവർ പ്രപഞ്ചത്തിന്റെ ഘടകങ്ങളായെടുക്കുന്നത് ഗാലക്സികളെയോ അവയുടെ കൂട്ടങ്ങളെയോ ആണ്. നമ്മൾ ആകാശത്തു കാണുന്ന നക്ഷത്രങ്ങളെല്ലാം നമ്മുടെ ഗാലക്സിയായ ആകാശഗംഗയുടെ ഘടകങ്ങളാണ്. എന്നാൽ നമ്മുടെ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് അവ്യക്തമായി കഷ്ടിച്ചു കാണാവുന്ന വേറൊരു സംഗതി നമ്മുടെ ആകാശഗംഗയോളം പോന്ന മറ്റൊരു ഗാലക്സിയാണെന്നു മനസ്സിലായിട്ട് നൂറു വർഷം പോലും ആയിട്ടില്ല. അതാണ് ആൻഡ്രോമീഡ ഗാലക്സി (Andromeda Galaxy). അതിലേക്കുള്ള ദൂരം അളന്നപ്പോഴാണ് അതു നമ്മുടെ ഗാലക്സിയുടെ ഭാഗമല്ല എന്നു ബോദ്ധ്യമായത്. അടുത്തുകൂടി പോകുന്ന എന്തിനെയും പിടിച്ചുവിഴുങ്ങുന്ന അനേകം ചതിക്കുഴികളും ആകാശത്തുണ്ട്. ചെറിയ പൊടിപടലങ്ങളെ മുതൽ വമ്പൻ ഗ്രഹങ്ങളെ വരെ അകത്താക്കാൻ പോന്ന ഇവക്ക് എത്ര വലിപ്പമുണ്ടെന്ന് ആർക്കുമറിയില്ല. കാരണം, ഇവരെ ആർക്കും കാണാനാവില്ല. ഇവരാണ് ‘ബ്ലാക് ഹോളുകൾ’ അഥവാ ‘തമോഗർത്തങ്ങൾ.’നക്ഷത്രങ്ങളാണ് തമോഗർത്തങ്ങളായി മാറുന്നത്. നമുക്കുൾക്കൊള്ളാൻ കഴിയാത്തത്ര സങ്കീർണമാണ് പ്രപഞ്ചത്തിലെ ദൂരങ്ങളും. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലെ പ്രകാശം ഭൂമിയിലെത്താൻ 4.21 വർഷങ്ങൾ വേണം! പ്രകാശം ഒരു സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നോർക്കണം!! കൃത്യമായി പറഞ്ഞാൽ 299792.458 km. ഇതാണ് ശൂന്യതയിലൂടെ പ്രകാശത്തിന്റെ വേഗത. ഇങ്ങനെ ഒരു വർഷംകൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെയാണ് ‘പ്രകാശവർഷം’ എന്ന് വിളിക്കുന്നത്. അതായത് ഒരു ദിവസത്തിൽ ആകെ 86400 സെക്കന്റുകളാണല്ലോ ഉള്ളത് [60×60×24=86400]. അപ്പോൾ ഒരു ദിവസം പ്രകാശം സഞ്ചരിക്കുന്ന ദൂരം = 86400×299792.458 = 25902068371.2 km. ഒരു സൗരവർഷം എന്നാൽ 365.25 ദിവസങ്ങൾ. അപ്പോൾ പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം = 25902068371.2×365.25 = 9460730472580.8 km. ഏതാണ്ടു പത്തു ട്രില്യൺ (പത്തുലക്ഷം കോടി) കിലോമീറ്റർ! ഇതാണ് ഒരു ‘പ്രകാശവർഷം.’ 384403 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ നിന്ന് പ്രതിഫലന പ്രകാശം ഭൂമിയിലെത്താൻ 1.3 സെക്കന്റും 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ പ്രകാശം ഭൂമിയിലെത്താൻ 8.3 മിനിറ്റും മതി എന്നറിയുമ്പോഴാണ് പ്രോക്സിമാ സെന്റോറി നമ്മളിൽനിന്ന് എത്ര അകലെയാണെന്ന് ബോധ്യപ്പെടുക. രാത്രിയിൽ ആകാശത്തു കാണുന്ന ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ തിരുവാതിര 587 പ്രകാശവർഷം അകലെയാണ്. അതായത് 587 വർഷങ്ങൾക്കുമുമ്പ് തിരുവാതിരയിൽനിന്ന് പുറപ്പെട്ട പ്രകാശമാണ് നാം ഇന്ന് കാണുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 587 വർഷങ്ങൾക്കു മുമ്പുള്ള തിരുവാതിരയെയാണ് നാം കാണുന്നത്! നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് 30000 പ്രകാശവർഷം അകലെയാണ് സൂര്യനുള്ളത്. സൂര്യനും ഏറ്റവും അകലെയുള്ള നക്ഷത്രവും തമ്മിൽ 30000 പ്രകാശവർഷം ദൂരമുണ്ട്. ഇനി ഈ പ്രപഞ്ചത്തെയപേക്ഷിച്ച് ഭൂമിയുടെ വലിപ്പം ഒന്ന് സങ്കല്പിച്ചുനോക്കുക. പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയുടെ വലിപ്പം എത്രയുണ്ടായിരിക്കുമെന്ന് ഒരു ധാരണ നൽകുന്ന വീഡിയോ കാണുക-https://www.youtube.com/watch?v=1Eh5BpSnBBw. നക്ഷത്രങ്ങൾ ഒന്നാനാകാശത്തിന്റെ ഭാഗമാണെന്ന് ഖുർആൻ പറയുന്നു (37:6, 41:12, 67:5). ഭീമന്മാരായ നക്ഷത്രങ്ങളോടും നക്ഷത്രക്കൂട്ടങ്ങളായ ഗാലക്സികളോടും കൂടിയ ഈ ആകാശലോകം അപാരമായ വേഗതയിൽ ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു-വഇന്നാ ലമൂസിഊൻ! അല്ലാഹു എത്ര പരിശുദ്ധൻ! നക്ഷത്രങ്ങളുടെ ലോകമായ ഈ ആകാശമുൾപ്പെടെ ആകെ ഏഴ് ആകാശങ്ങളുണ്ടെന്ന് ഖുർആൻ വ്യക്തമാക്കുന്നു(2:29, 17:44, 23:17, 23:86, 41:12, 65:12, 67:3, 71:15, 78:12). ഗ്രഹങ്ങളും നക്ഷത്രങ്ങളും തമോഗർത്തങ്ങളുമെല്ലാമടങ്ങിയ വിശാലമായ ഈ പ്രപഞ്ചത്തിന്റെ-ഖുർആനിന്റെ ഭാഷയിൽ പറഞ്ഞാൽ ഒന്നാനാകാശത്തിന്റെ-തന്നെ കുറച്ച് ഭാഗം മാത്രമേ നാമിതുവരെ കണ്ടെത്തിയിട്ടുള്ളുവെന്നാണ് ജ്യോതിശാസ്ത്രജ്ഞന്മാരുടെ നിഗമനം.

പ്രപഞ്ച വികാസത്തെ ശാസ്ത്രീയമായി വിശദീകരിക്കുന്ന അറബിഭാഷയിലെ ലേഖനങ്ങളിലും ‘ഔസഅ'(اوسع) എന്ന ക്രിയയുടെ വിവിധ രൂപങ്ങൾ ഉപയോഗിച്ചതായി നമുക്ക് കാണാൻ കഴിയും. അറബിക് വിക്കിപീഡിയയിൽ പ്രപഞ്ചവികാസത്തെക്കുറിച്ച് വിവരിക്കുന്ന അധ്യായത്തിന് നൽകിയിട്ടുള്ള തലക്കെട്ട്തന്നെ تسارع توسع الكون എന്നാണ്.(https://qrgo.page.link/X2FKN). ഇവിടെ ‘തവസ്സുഅ്'(توسع) എന്ന പദമാണ് ‘വികാസം'(Expansion) എന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

‘മൂസിഊന്‍’ എന്നാൽ വിശാലമായി നിർമ്മിച്ചവൻ എന്നുമാത്രമല്ലേ ഉദ്ദേശിക്കുന്നത് എന്ന് ചിലർ ചോദിച്ചേക്കാം. അല്ലെന്നു തന്നെയാണ് മറുപടി. ‘മൂസിഊന്‍'(موسعون) അഥവാ ‘വികസിപ്പിക്കുന്നവൻ’ എന്നത് തുടർച്ചയായ വിപുലീകരണത്തെ കുറിക്കുന്ന വർത്തമാനകാല (Present tense) ക്രിയാനാമമാണ്. നിരന്തരം നടക്കുന്ന പ്രക്രിയയല്ലെങ്കിൽ ഭൂതകാലരൂപത്തിൽ (Past tense) ‘നാം വികസിപ്പിച്ചു’ എന്നർത്ഥം വരുന്ന ‘ഔസഅ്നാ'(أوسعنا) എന്നായിരുന്നു പ്രയോഗിക്കേണ്ടിയിരുന്നത്. എന്നാൽ, വിശുദ്ധ ഖുർആൻ വളരെ കൃത്യമായി ‘മൂസിഊന്‍'(موسعون) എന്നുതന്നെ പ്രയോഗിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ ഭൗതികശാസ്ത്രരംഗത്തെ പ്രതിഭകൾ പോലും ‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയക്കാരായിരുന്നു. എന്നാൽ, പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ കൃത്യവും സൂക്ഷ്മവുമായി നിലനിൽക്കുന്നു. ആധുനികശാസ്ത്രത്തിന്റെ പിതാക്കന്മാർക്കുണ്ടായിരുന്ന അബദ്ധധാരണകൾപോലും ഖുർആനിലില്ല എന്നർത്ഥം! ഏറെ അത്ഭുതകരമാണിത്. ആയിരത്തിനാന്നൂറ് വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് നബിﷺയുടെ കാലത്ത് വൈജ്ഞാനികമായി ഏറെ പുരോഗമിച്ചിരുന്ന റോമിലും ഗ്രീസിലുമെല്ലാം പ്രപഞ്ചത്തെ സംബന്ധിച്ച് നിലനിന്നിരുന്ന പല ധാരണകളും ഇന്നത്തെ പ്രൈമറി വിദ്യാർത്ഥികൾ പോലും പുച്‌ഛിച്ചു തള്ളുന്നവയാണ്. എന്നാൽ, ആ കാലഘട്ടത്തിലെ ഒരബദ്ധധാരണപോലും വിശുദ്ധ ഖുർആനിൽ സ്ഥാനം പിടിച്ചില്ല എന്നതും അത്ഭുതകരമാണ്! പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളാണ് ഖുർആൻ എന്നതിനാലാണ് അത് അബദ്ധമുക്തമായത്. അല്ലാഹു പറയുന്നത് കാണുക: “അവര്‍ ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” (ഖുർആൻ 4:82)

print

8 Comments

  • 51-47 ന് അമാനി മൗലവിയുടെ തഫ്സീസീറിൽ കൊടുത്ത അർത്ഥം വിമർശകർ പറയുന്നത് പോലെ തന്നെയാണല്ലോ ? വെബ് എഡിഷൻ

    وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٍ وَإِنَّا لَمُوسِعُونَ

    ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും

    shareef mt thiroorkad Riyadh 28.04.2020
  • സഹോദര, ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ പോയപ്പോൾ (www.altafsir.com) ഈ ലേഖനത്തിൽ സൂചിപ്പിച്ച ആ നാല് പുരാതന തഫ്സീറുകൾ എനിക്ക് കാണാൻ സാധിച്ചില്ല. ഈ തഫ്സീറുകൾ ഓണ്ലൈനില് കാണാൻ ഏതെങ്കിലും ലിങ്ക് ഉണ്ടെങ്കിൽ തരാൻ അപേക്ഷിക്കുന്നു.

    Sahad T H 28.04.2020
  • സഹദ് എന്ന സഹോദരൻ പ്രസ്തുത വെബ്‌സൈറ്റിലെ (www.altafsir.com) ഇംഗ്ലീഷ് വിഭാഗത്തിലായിരിക്കും തിരഞ്ഞിട്ടുണ്ടാവുക. അറബിക് വിഭാഗത്തിലാണ് ലേഖനത്തിൽ പരാമർശിച്ച തഫ്സീറുകൾ ഉള്ളത്. അതിനാൽ altafsir.com-ലെ The Tafsirs എന്ന ഒപ്‌ഷനിൽ കയറിയ ശേഷം عربى എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന التفاسير-ൽ ഈ നാലു പുരാതന തഫ്സീറുകളും ലഭ്യമാണ്.

    പ്രപഞ്ചവികാസവുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തത്തിന് അമാനി മൗലവിയുടെ തഫ്സീറിൽ നൽകിയിട്ടുള്ള പരിഭാഷയെക്കുറിച്ചാണ് ശരീഫ് എന്ന സുഹൃത്തിന്റെ ചോദ്യം. ഇക്കാര്യത്തെക്കുറിച്ച പരാമർശം ലേഖനത്തിൽ തന്നെയുണ്ടല്ലോ.. < <<എ.ഡി. 1929ൽ എഡ്വിന്‍ ഹബിൾ പ്രപഞ്ചവികാസമെന്ന ആശയം മുന്നോട്ടു വയ്ക്കുന്നതിന് മുമ്പുള്ള ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നും മൂസിഊൻ എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥമില്ലെന്നാണ് വിമർശകരുടെ മറ്റൊരാരോപണം. ഇതിലും കഴമ്പില്ല. ചില വ്യാഖ്യാതാക്കൾ ‘മൂസിഊൻ’ എന്ന പദത്തിന് ‘വിപുലമായ കഴിവുള്ളവൻ’ എന്നും അർത്ഥം നൽകിയിട്ടുണ്ടെന്നത് ശരിയാണ്. മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാനങ്ങളിലൊന്നായ ‘വിശുദ്ധ ഖുർആൻ വിവരണ’ത്തിൽ (അമാനി തഫ്സീർ) ‘വിപുലമായ കഴിവുള്ളവൻ’ എന്ന അർത്ഥത്തിലാണ് വിശദീകരിച്ചിട്ടുള്ളതെങ്കിലും ‘വിശാലപ്പെടുത്തുന്നവൻ’ എന്നും വാക്കർത്ഥം നൽകിയിട്ടുണ്ട്.(http://malayalamqurantafsir.com/thafseer.php). മലയാളത്തിലടക്കം ലഭ്യമായ മറ്റൊരു ആധുനിക ഖുർആൻ വ്യാഖ്യാനമായ തഫ്ഹീമുൽ ഖുർആനിൽ ഈ സൂക്തത്തെ(51:47) വിശദീകരിച്ചുകൊണ്ടിങ്ങനെ പറയുന്നു: “وَاِنَّا لَمُوسِعُونَ എന്നാണ് മൂലത്തിലുള്ളത്. مُوسع എന്ന പദത്തിനര്‍ഥം കഴിവും ശക്തിയുമുള്ളവന്‍ എന്നാകാം. വികസിപ്പിക്കുന്നവന്‍ എന്നുമാകാവുന്നതാണ്. ആദ്യത്തെ അര്‍ഥമനുസരിച്ച് വാക്യത്തിന്റെ ആശയമിതാണ്: നാം ഈ വാനലോകം സൃഷ്ടിച്ചത് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. അതിന്റെ സൃഷ്ടി നമ്മുടെ കഴിവിനതീതമല്ല; എന്നിരിക്കെ, നമുക്ക് നിങ്ങളെ വീണ്ടും സൃഷ്ടിക്കാന്‍ സാധിക്കുകയില്ലെന്ന തോന്നല്‍ നിങ്ങളുടെ തലയിലെങ്ങനെ കയറിക്കൂടി? രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍ ആശയം ഇപ്രകാരമാകുന്നു: വമ്പിച്ച ഈ പ്രപഞ്ചത്തെ നാം ഒറ്റയടിക്കങ്ങു സൃഷ്ടിച്ചു വിട്ടുകളഞ്ഞിരിക്കുകയല്ല. പ്രത്യുത, നാമതിനെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും നമ്മുടെ സൃഷ്ടിപ്രക്രിയയുടെ നവംനവങ്ങളായ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയും നിപുണനായ സ്രഷ്ടാവ് നിങ്ങളെ പുനഃസൃഷ്ടിക്കാന്‍ അശക്തനാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടാണ്?”(http://www.thafheem.net/thafheem/M). ‘ഔസഅ'(اوسع) എന്ന ക്രിയയുടെ വിവിധ രൂപങ്ങൾ ഖുർആനിൽത്തന്നെ വ്യത്യസ്ത അർത്ഥങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണമായി രണ്ടാം അധ്യായമായ അൽബഖറയിലെ സൂക്തം 236ൽ ‘മൂസിഅ്'(موسع) എന്ന പദം ഉപയോഗിച്ചിട്ടുള്ള ഭാഗത്തിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്-“…..കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും….” ഇവിടെ ‘മൂസിഅ്’ എന്ന പദത്തിനർത്ഥം ‘കഴിവുള്ളവൻ’ എന്നാണ്. അതെസമയം, ഈ അധ്യായത്തിൽത്തന്നെയുള്ള മറ്റൊരു സൂക്തമായ ആയത്തുൽ കുർസിയ്യിൽ(സൂക്തം 255) ‘വസിഅ'(وسع) എന്ന പദം ഉപയോഗിച്ചിട്ടുള്ള ഭാഗത്തിന്റെ മലയാളപരിഭാഷ കാണുക-“അവന്റെ അധികാരപീഠം ആകാശഭൂമികളിലാകെ വിശാലമായിരിക്കുന്നു….” ഇവിടെ ‘വസിഅ’ എന്ന പദം ‘വിശാലമായിരിക്കുന്നു’ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്(http://malayalamqurantafsir.com/thafseer.php). ഖുർആനിൽത്തന്നെ ‘ഔസഅ'(اوسع) എന്ന ക്രിയയിൽനിന്നുള്ള പദങ്ങൾ കഴിവുമായി ബന്ധപ്പെട്ടും വിശാലതയുമായി ബന്ധപ്പെട്ടും ഉപയോഗിച്ചിട്ടുണ്ട് എന്നർത്ഥം. എന്നാൽ, ഖുർആനിലെ “ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു” (51:47) എന്ന സൂക്തത്തിലെ ‘മൂസിഊന്‍'(موسعون) എന്ന പദത്തിന് ‘വികസിപ്പിക്കുന്നവൻ’ എന്ന അർത്ഥകല്പന പ്രപഞ്ചം വികസിക്കുന്നുവെന്ന് ഹബിൾ കണ്ടെത്തിയതിനു ശേഷം മുസ്‌ലിംകൾ കൊടുത്തതാണെന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണ്.>>>

    Silshij 29.04.2020
  • സഹോദര, നന്ദി. http://www.altafsir.com ഈ ലിങ്കിൽ അറബി എടുത്തപ്പോൾ എനിക്ക് ആ തഫ്സീറുകൾ കാണാനായി. പക്ഷെ ആ തഫ്സീറുകൾ പൂർണമായി അറബിയിൽ ആയതിനാൽ എനിക്ക് തനിയെ പരിഭാഷപ്പെടുത്തി ഗ്രഹിക്കാൻ എന്റേതായ പരിമിതികൾ ഉണ്ട്. സമാനമായ തഫ്സീറുകളുടെ ഇംഗ്ലീഷ്/മലയാള പരിഭാഷ കിട്ടുന്ന site ഉണ്ടെങ്കിൽ കൂടുതലും ഉപകരപ്പെട്ടേനെ. ഞാൻ കൂടുതലും altafsir. com അല്ലെങ്കിൽ quranx. com എന്നീ സൈറ്റുകളിലെ ഇംഗ്ലീഷ് തഫ്സീറുകളെയാണ് അശ്രയിക്കാറ്. വീട്ടിൽ അമാനി തഫ്സീറും ഉണ്ട്. ഇതിലൊന്നും ഞാൻ ഈ ലേഖനത്തിൽ ഉള്ള വിശദീകരണം കണ്ടില്ല, ഏറ്റവും ആധികാരികം എന്ന് പൊതുവെ പറയാറുള്ള ibn kathir തഫ്സീർ ഉൾപ്പെടെ. അതു കൊണ്ട് സംശയ ദൂരീകരിക്കാനായി ചോദിച്ചതാണ്.

    Sahad T H 29.04.2020
  • സഹോദരൻ സഹദ്,
    പ്രസ്തുത തഫ്സീറുകളുടെ ഇംഗ്ലീഷ് പരിഭാഷ അടങ്ങിയ വെബ്‌സൈറ്റുകൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പൗരാണിക തഫ്‌സീറുകളിൽ വളരെ കുറച്ചു മാത്രമേ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതാണല്ലോ വസ്തുത. ലേഖനത്തിൽ കൊടുത്തിട്ടുള്ള തഫ്സീറുകളുടെ പരിഭാഷ അറിയുന്നതിന് ഗൂഗിൾ ട്രാൻസ്ലേറ്റിനെ ആശ്രയിക്കാവുന്നതാണ്. വാചകങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റിന് പലപ്പോഴും അത്ര കൃത്യത ലഭിക്കാറില്ല എന്ന കാര്യം അറിയാമല്ലോ.. എങ്കിലും ഒരു ധാരണ ലഭിക്കുന്നതിന് ഇത് സഹായിക്കും. ഉദാഹരണമായി مقاتل بن سليمان എന്ന തഫ്സീറിൽ നൽകപ്പെട്ടിട്ടുള്ള വ്യാഖ്യാനത്തിന്റെ (نحن قادرون على أن نوسعها كما نريد) പരിഭാഷ “We are able to expand it as we want” എന്ന് കൃത്യമായിത്തന്നെ ഗൂഗിൾ ട്രാൻസ്ലേറ്റ് കാണിക്കുന്നുണ്ട്.

    Silshij 30.04.2020
  • നന്ദി സഹോദര. ഞാൻ ആവർത്തിച്ചു സംശയങ്ങൾ ചോദിച്ചതിൽ താങ്കൾക്ക് കുഴപ്പം ഇല്ലെന്നു വിചാരിക്കുന്നു. ഈ വിഷയത്തെ പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്. 🙂

    Sahad T H 30.04.2020
    • ഖുർആനിക പരാമർശങ്ങളെ അടുത്തറിയുന്നതിനുള്ള സഹോദരന്റെ പരിശ്രമത്തെ അല്ലാഹു പ്രതിഫലാർഹമായ സൽക്കർമമായി സ്വീകരിക്കട്ടെ.. വിശുദ്ധ ഗ്രന്ഥത്തിലൂടെ സഞ്ചരിക്കുവാൻ നടത്തുന്ന ഓരോ ശ്രമവും ഏറെ വിലപ്പെട്ടതാണ്. പ്രിയ സുഹൃത്തിന് അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകളുണ്ടാവട്ടെ..ആമീൻ.

      Silshij 01.05.2020
  • ദാ മുസ്ലീം വെബ്സൈറ്റ് പറയുന്നു ഖുറാനിലെ ചില ആയത്തുകൾ സ്പഷ്ടവും ലളിതവും ആണ്, അത് ഈ പുസ്തകത്തിന്റെ അടിസ്ഥാനമാകുന്നു മറ്റു ചില ആയത്തുകൾ വ്യക്തമല്ല, അതിലെ അറിവ് അല്ലാഹുവിനു മാത്രമേ ഉളളൂ – https://qurananswers.me/2017/06/10/is-the-quran-clear-or-not/comment-page-1/?unapproved=6083&moderation-hash=ca3c51ffebbac9af1de79616a1a8f833#comment-6083

    നിങ്ങൾ ഇവിടെ പ്രതിപാദിച്ച ആയത്തുകൾ രണ്ടാമത്തെ വകുപ്പിൽ പെടുന്നവ ആയിരിക്കുമല്ലോ? ആ ആയത്തുകൾ കാലങ്ങൾക്കനുസരിച്ചു മാറ്റി എഴുതുന്നവർക്കുള്ള ശിക്ഷ നരകമാകുന്നു എന്നാണ് ആ ആർട്ടിക്കിൾ പറയുന്നത്.

    മറ്റു മതസ്ഥരെപ്പോലെ എന്തിനാണ് മുസ്‌ലീങ്ങളും നരകത്തിലെ വിറകുകൊള്ളി ആകാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്?

    Ben 09.01.2021

Leave a Reply to Silshij Cancel Comment

Your email address will not be published.