പ്രണയം പൂത്ത നബിജീവിതം

//പ്രണയം പൂത്ത നബിജീവിതം
//പ്രണയം പൂത്ത നബിജീവിതം
സംതൃപ്ത കുടുംബം

പ്രണയം പൂത്ത നബിജീവിതം

വിവാദം കൊണ്ട് കച്ചവടം ചെയ്യുക ഒരു വിപണനതന്ത്രമാണ്. മുതലാളിത്ത വിപണി ലോകവ്യാപകമായി പയറ്റിക്കൊണ്ടിരിക്കുന്ന ഒരു വിലകുറഞ്ഞ തന്ത്രം. സാഹിത്യകാരന്‍മാരും നാടകക്കാരും സിനിമാക്കാരുമാണ് നമ്മുടെ നാട്ടില്‍ ഈ തന്ത്രം പ്രധാനമായി ഉപയോഗി ക്കാറുളളത്. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ ഒരു പ്രവാചകപ്രകീര്‍ത്തനം സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം ഈ വിലകുറഞ്ഞ തന്ത്രത്തില്‍ നിന്നുണ്ടായതാണെന്ന് വ്യക്തമാണ്. അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒരു വിവാദം! ഹൈദരാബാദിലെ ഏതോ ഒരു മൗലാനയുടെ ഫത്‌വയും ഏതാനുമാളുകളുടെ പ്രതിഷേധഹര്‍ജിയും ഇസ്‌ലാമിനുനേരെയുള്ള അമ്പായി ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ വിജയിച്ചത് ഈ തന്ത്രം മെനഞ്ഞവരാണ്. ഒരു സിനിമയിലെ കാമ്പസ് പ്രണയചേഷ്ടകള്‍ക്കിടയില്‍ യാദൃച്ഛികമായി കടന്നുവന്ന ഒരു സ്റ്റേജ് പരിപാടിയിലെ പാട്ടായി മാത്രം കണ്ട് അതിനെ അവഗണിക്കാമായിരുന്നു. എന്നാല്‍ വിവാദമുണ്ടാ യതോടെ പ്രശ്‌നത്തിന്റെ ഗതിമാറി. ടെലിവിഷന്‍ അന്തിച്ചര്‍ച്ചകളില്‍ പ്രസ്തുത ഗാനരംഗവും മുഹമ്മദ് (സ)-ഖദീജ (റ) ദമ്പതിമാരുടെ പ്രണയവുമെല്ലാം വിഷയങ്ങളായിത്തീര്‍ന്നു. അതോടെ ഒരു സിനിമാചാപല്യവും അതിലെ കച്ചവടമെന്നതിലുപരിയായി നബിജീവിത ത്തിന്റെ വികൃതവല്‍ക്കരണത്തിനുള്ള നിമിത്തമായി അവ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. അത്തരമൊരു സാഹചര്യത്തി ലാണ് മുഹമ്മദ് നബി(സ)യും ഖദീജ(റ)യുമായുള്ള വിവാഹത്തെയും പ്രണയത്തെയും കാമ്പസിലെ കണ്ണിറുക്കിയുള്ള പ്രണയചേഷ്ടകളോട് താരതമ്യം ചെയ്യരുതേയെന്ന് നബിസ്‌നേഹികള്‍ക്ക് പറയേണ്ടി വരുന്നത്. സ്ഫടികസമാനമായ നൈര്‍മല്യത്തിലും അത്യഗാധമായ ഹൃദയബന്ധത്തിലും സുഖസംതൃപ്തമായ ദാമ്പത്യത്തിലുമധിഷ്ഠിതമായ നബിപ്രണയത്തിന്റെ ദീപ്തസൗന്ദര്യത്തെ, തൊലിപ്പുറത്തി നകത്തേക്ക് പോകാത്ത കാമ്പസ് പ്രണയക്കെണികളുമായി താരതമ്യം ചെയ്യുമ്പോള്‍ തകരുന്നത് മുസ്‌ലിംകളുടെ മതവികാരം മാത്രമല്ല, മാനവര്‍ക്ക് മുന്നിലുള്ള അത്യുത്തമമായ പ്രേമമാതൃക കൂടിയാണ്. ശരീരാസ്വാദനത്തിന്റെ ആണ്‍കെണികളിലേക്ക് പെണ്ണിനെ ആനയി ക്കാനായി ആണ്‍കോയ്മയുണ്ടാക്കിയ പ്രേമനാടകമെവിടെ?! സമര്‍പ്പണത്തിലൂടെയുള്ള സംതൃപ്തിയെങ്ങനെയെന്ന് ലോകത്തെ പഠിപ്പിച്ച നബിപ്രണയത്തിന്റെ രത്‌നമാതൃകയെവിടെ?! കച്ചവടത്തിനായി ആ മാതൃകയെ വക്രീകരിക്കാനൊരുമ്പെടല്ലേയെന്ന് പറയുന്നത് മതവി കാരം ആളിക്കത്തുന്നതുകൊണ്ടോ കത്തിക്കുന്നതിനുവേണ്ടിയോ അല്ല; സംതൃപ്തരതിക്കായി ഉത്തേജന കേന്ദ്രങ്ങളെയും ഔഷധങ്ങളെയും തേടിപ്പോകേണ്ടി വരുന്ന കപടപ്രണയം പൂത്തുനില്‍ക്കുന്ന പുതിയ കാലത്ത് സംതൃപ്ത ദാമ്പത്യത്തിന്റെ ഉജ്ജ്വലമായ നബിമാതൃക കൂടി ഊതിക്കെടുത്തിയാല്‍ പിന്നെയെല്ലാവരും ഇരുട്ടില്‍ തപ്പേണ്ടി വരുമെന്നതുകൊണ്ടാണ്.

പലരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതുപോലെ ഖദീജ (റ)-മുഹമ്മദ് (സ) പ്രണയം യാഥാര്‍ത്ഥ്യമല്ലെന്നല്ല മുസ്‌ലിംകളാരും കരുതുന്നത്. ‘മാണിക്യമലരായ പൂവി’യെന്നു തുടങ്ങുന്ന ഗാനത്തില്‍ പറയുന്നതുപോലെ ഖദീജ (റ) നബി(സ)യെയും നബി (സ) ഖദീജ(റ)യെയും നന്നായി പ്രണയിച്ചിട്ടുണ്ട്. ആ പ്രണയം ആത്മപ്രധാനമായതുപോലെതന്നെ ശരീരപ്രധാനവുമായിരുന്നു. മുഹമ്മദ് നബി (സ) ഖദീജ(റ)യുടെയും തിരിച്ചും ശരീരം നന്നായി ആസ്വദിച്ചിരുന്നുവെന്നു തന്നെയാണ് ഇങ്ങനെ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്. അങ്ങനെ ആസ്വദിച്ചതു കൊണ്ടാണല്ലോ ഖാസിം, അബ്ദുല്ലാ എന്നീ ആണ്‍കുട്ടികളും സൈനബ്, റുഖയ്യാ, ഉമ്മു കല്‍ഥൂം, ഫാത്വിമ എന്നീ പെണ്‍കുട്ടികളും അവരുടെ ദാമ്പത്യത്തില്‍ ജനിച്ചത്. ദമ്പതിമാര്‍ തമ്മില്‍ നടക്കുന്ന ശാരീരികബന്ധം അല്ലാഹുവില്‍നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമാണെന്ന് പഠിപ്പിച്ചയാളാണ് പ്രവാചകന്‍ (സ) എന്ന് നാം മനസ്സിലാക്കണം. സന്താനോല്‍പാദനത്തിനുവേണ്ടി മാത്രമുള്ളതാണ് രതിയെന്ന ആത്മീയവീ ക്ഷണത്തെ നിരാകരിച്ചയാളാണ് മുഹമ്മദ് നബി (സ) എന്നാണിത് അര്‍ത്ഥമാക്കുന്നത്. സ്‌നേഹവും കാരുണ്യവും പരസ്പരം കൈമാറുകയും സംതൃപ്തിയോടെ ഒരുമിച്ചു ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്നതിനാണ് മനുഷ്യരെ ഇണകളായി സൃഷ്ടിച്ചതെന്ന് പഠിപ്പിക്കുന്ന ക്വുര്‍ആന്‍ ‘സന്താനോല്‍പാദനത്തിനുവേണ്ടി മാത്രമുള്ള രതി’യെന്ന വീക്ഷണത്തെ പൂര്‍ണമായിത്തന്നെ തള്ളിക്കളയുന്നു. ഗുദമൈഥുനവും ആര്‍ത്തവകാല യോനീമൈഥുനവുമൊഴിച്ചുള്ളതെല്ലാം കിടപ്പറയില്‍ അനുവദനീയമാണെന്ന് പഠിപ്പിക്കുക വഴി പ്രണയത്തിന്റെ ശാരീരികഭാവങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കുവാനുള്ള പൂര്‍ണസ്വാതന്ത്ര്യം നല്‍കുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്. രതി പാടില്ലാത്ത വ്രതാനുഷ്ഠാനസമയത്തുപോലും പ്രവാചകന്‍ (സ) തങ്ങളെ ചുംബിക്കാറുണ്ടായിരുന്നുവെന്ന പ്രവാചകപത്‌നിമാരുടെ സാക്ഷ്യം തന്നെ മതി ആ ജീവിതത്തില്‍ പ്രണയത്തിന്റെ ശാരീരികഭാവങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടായി രുന്നുവെന്ന് മനസ്സിലാക്കുവാന്‍. യോനീമൈഥുനം വിരോധിക്കപ്പെട്ട ആര്‍ത്തവനാളുകളില്‍ പോലും മറ്റുമാര്‍ഗങ്ങളിലൂടെ തങ്ങള്‍ സംതൃപ്തി അനുഭവിക്കാറുണ്ടെന്ന നബിഭാര്യമാരുടെ മൊഴികളില്‍ നിന്ന് പ്രേമലീലകളുടെ വൈവിധ്യത്താല്‍ എത്രത്തോളം സമ്പന്നമായിരുന്നു നബിപ്രണയമെന്ന അറിവ് നിര്‍ധരിക്കപ്പെടുന്നുണ്ട്. അതെ! നബി (സ) ഖദീജ(റ)യെ പ്രണയിച്ചിരുന്നു; ഖദീജ (റ) നബി(സ)യെയും നന്നായി പ്രണയിച്ചിരുന്നു. അവരുടെ പ്രണയലീലകളില്‍ ശരീരവും മനസ്സുമെല്ലാം സംതൃപ്തി അനുഭവിച്ചിരുന്നു. പ്രണയസാഫല്യത്തിന്റെ പൂര്‍ണ സംതൃപ്തി !!!

ആണുങ്ങള്‍ക്കനുസരിച്ച് ഒരുങ്ങുകയും ആടുകയും പാടുകയും ചെയ്യുന്നതാണ് പ്രണയമെന്ന ആണ്‍കോയ്മാ സങ്കല്‍പങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ പെണ്ണിന്റെ ശരീരത്തെയും മനസ്സിനെയും പരിഗണിക്കുന്ന പ്രണയമാതൃകയാണ് പ്രവാചകന്‍ (സ) ലോകത്തിനു നല്‍കിയത്. സാധാരണഗതിയില്‍ കള്ളം പറയുന്നത് മഹാപാപമായി പഠിപ്പിച്ചപ്പോള്‍ തന്നെ പെണ്‍മനസ്സിനെ തരളിതമാക്കുന്ന കൊച്ചുവര്‍ ത്തമാനങ്ങളില്‍ വാസ്തവമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നത് അനുവദനീയമാണെന്ന നബിപാഠം അദ്ദേഹം പഠിപ്പിച്ച പ്രണയലീലകളില്‍ സ്ത്രീ എത്രമാത്രം പരിഗണിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. പ്രണയിനിയുമായി സല്ലപിച്ചിരിക്കുന്ന സമയം അവള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നും ആ സമയത്ത് മനസ്സുകള്‍ക്കകത്ത് ദൈവസ്മരണയുടെ മൂര്‍ത്തഭാവങ്ങളില്ലെങ്കില്‍പോലും അതു കുറ്റകരമ ല്ലെന്നും പഠിപ്പിച്ച നബിപ്രണയത്തില്‍ ഖദീജ (റ) അനുഭവിച്ച സംതൃപ്തിയുടെ കൊടുമുടി എത്രത്തോളം ഉയരമുള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. ഇണയോടൊപ്പമുറങ്ങേണ്ട പാതിരാത്രിയിലൊരിക്കല്‍, സംസര്‍ഗത്തിനു മുന്‍പ് ദൈവസ്മരണയില്‍ മുഴുകേണ്ട അനിവാര്യസാഹചര്യമുണ്ടായപ്പോള്‍, ഇണയോടു സമ്മതം വാങ്ങി മാത്രം ദിക്‌റുല്ലയുടെ ആത്മീയഭാവത്തിലേക്കുപോയ പ്രവാചകന്റെ ഇണയാകാന്‍ കഴിയുന്നതിനേക്കാള്‍ വലിയ പ്രണയപൂര്‍ണതയെന്താണ് ! അതുകൊണ്ട് തന്നെ പ്രണയത്തിന്റെ സകലഭാവങ്ങളും ജ്വലിച്ചുനിന്നതായിരുന്നു മുഹമ്മദ് (സ)-ഖദീജ (റ) ദമ്പതികളുടെ ദാമ്പത്യജീവിതം. മുഹമ്മദ് നബി(സ)യുടെ മറ്റു ഇണകളുമായുള്ള ദാമ്പത്യജീവിതവും അങ്ങനെത്തന്നെ! സ്‌നേഹസമ്പന്നമായ ആ ജീവിതങ്ങളാണ് അന്ത്യനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള പ്രണയമാതൃക.

ഇരുപത്തിയഞ്ചു വയസ്സുള്ള മുഹമ്മദി(സ)ന്റെ ജീവിതസഖിയായി ഖദീജ (റ) എത്തുന്നത് അവരുടെ നാല്‍പതാമത്തെ വയസ്സിലായി രുന്നുവെന്നാണ് പ്രമുഖ പണ്ഡിതന്‍മാരുടെയെല്ലാം അഭിപ്രായം. നബി(സ)യെക്കാള്‍ പതിനഞ്ചു വയസ്സ് കൂടുതലായിരുന്നു വിവാഹസമ യത്ത് ഖദീജ(റ)യെന്ന വിധവക്ക് എന്നര്‍ത്ഥം. നബിജീവിതത്തിലേക്ക് കടന്നുവരുന്നതിനുമുമ്പ്  രണ്ടുതവണ വിധവയാവുകയും മൂന്നുതവണ മാതാവാവുകയും ചെയ്തയാളാണ് അവര്‍. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് കുറവുള്ള മുഹമ്മദി(സ)ല്‍ നിന്ന് അവര്‍ക്കു ണ്ടായ ആറു മക്കളും ആ ദമ്പതികളുടെ സംതൃപ്തപ്രണയത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. നീണ്ട പതിനഞ്ചുവര്‍ഷത്തെ ദാമ്പത്യജീവിത ത്തിനുശേഷമാണ് മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നത്. നാല്‍പതാം വയസ്സിലാണ് ചുറ്റുപാടും നടക്കുന്ന തിന്മകളില്‍ മനംനൊന്ത് വീട്ടില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചെങ്കുത്തായ മലക്കുമുകളിലെ ഹിറാ ഗുഹയില്‍ നബി (സ) ഒറ്റയ്ക്കിരിക്കാന്‍ തുടങ്ങിയത്. തന്റെ ദൗത്യമേല്‍പിക്കാനായി അല്ലാഹു തീരുമാനിച്ച ഹിറാ ഗുഹയിലേക്ക് അല്ലാഹു നബി(സ)യെ എത്തിക്കുകയാ യിരുന്നുവെന്നതാണ് നേര്. അപ്പോള്‍ ഖദീജ(റ)ക്ക് അമ്പത്തിഅഞ്ച് വയസ്സ്! നാലോ അഞ്ചോ മക്കളുടെ മാതാവ്! പക്ഷേ, ഒറ്റയ്ക്കിരിക്കുന്ന തന്റെ പ്രിയതമന്‍ ഒരുനേരം പോലും ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കാതിരിക്കാന്‍ ആ മഹതി ശ്രദ്ധിച്ചു! ഏകാന്തവാസത്തിനു പോകുന്ന നബിക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് അവര്‍ അദ്ദേഹത്തെ യാത്രയാക്കി. പ്രിയതമനെ പ്രയാസപ്പെടുത്താതെയും കുടുംബകാര്യങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കിയും അവര്‍ അദ്ദേഹത്തിന്റെ ഏകാന്തവാസത്തില്‍ സഹകരിച്ചു. മക്കളുടെ ഉത്തരവാദി ത്തങ്ങള്‍ അവര്‍ സ്വയം ഏറ്റെടുത്തു. ഇണക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നതിന്റെ പ്രണയസാഫല്യം മനസ്സിലാകണമെങ്കില്‍ സംഗീതത്തിന്റെ ഈരടികള്‍പ്രകാരം ശരീരം ചലിപ്പിച്ചതുകൊണ്ടു കാര്യമില്ല. ഇണയില്‍ നിന്നനുഭവിക്കുന്ന ശാരീരികസുഖത്തെ പ്പോലെത്തന്നെ അവര്‍ക്കുവേണ്ടിയുള്ള ശരീരത്യാഗവും സംതൃപ്തമായ പ്രണയാനുഭവമായിത്തീരുന്ന അപൂര്‍വത പഠിക്കുവാന്‍ നാം നബിജീവിതത്തിലേക്കുതന്നെ നോക്കേണ്ടിവരും. വിവാഹത്തിന്റെ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം, നാലു മക്കളുടെ മാതാപിതാക്ക ളായിക്കഴിഞ്ഞിട്ടും പ്രിയതമനുവേണ്ടി സഹിക്കുന്ന ത്യാഗത്തിലെ പ്രണയസാഫല്യത്തെ അറിയണമെങ്കില്‍ വിവാഹത്തിനുമുമ്പ് പ്രണയവും പ്രണയലീലകളും കാമചേഷ്ടകളും വിവാഹശേഷം പ്രണയദാരിദ്ര്യവും ഔഷധസേവയും വിവാഹബാഹ്യരതിയുമെന്ന പുതിയകാല പ്രണയബോധത്തിന്റെ വാല്‍മീകങ്ങള്‍ പൊളിച്ച് പുറത്തുവരാന്‍ കഴിയണം. അതുകഴിയുമ്പോള്‍ മാത്രമാണ് സഫലപ്രണയത്തിന്റെയും സംതൃപ്തരതിയുടെയുമെല്ലാം പൂര്‍ണത അനുഭവിക്കുവാന്‍ കഴിയുക.

ഏകാന്തവാസത്തിലിരിക്കുന്ന നബി(സ)യുടെ മുന്നിലേക്കുള്ള ജിബ്‌രീലിന്റെ (അ) ആഗമനവും അതോടനുബന്ധിച്ച മാലാഖാഭാഷണവും സൃഷ്ടിച്ച ആശ്ചര്യത്തോടെ ‘എന്നെ പുതപ്പിട്ടു മൂടൂ’യെന്നാവശ്യപ്പെട്ടുകൊണ്ട് വീട്ടിലേക്കോടിയെത്തിയ പ്രവാചകനെ (സ) സാന്ത്വനിപ്പി ക്കുന്ന ഖദീജ(റ)യില്‍ നിന്ന് ഇണകള്‍ തമ്മിലുണ്ടാകേണ്ട കാരുണ്യവര്‍ഷത്തിന്റെ മുഴുവന്‍ പാഠങ്ങളും നമുക്ക് പഠിച്ചെടുക്കാന്‍ കഴിയും. മുഹമ്മദ് നബി(സ)ക്കടുക്കലെത്തിയത് മലക്ക് തന്നെയാണെന്ന് തന്റെ മടിയിലിരുത്തി പരിശോധിച്ച് ബോധ്യപ്പെടുത്തുകയും കുടുംബക്കാ രനായ വേദപണ്ഡിതന്‍ വറഖത്തുബ്‌നു നൗഫലിനോട് ചോദിച്ച് സംശയം തീര്‍ക്കുകയും ചെയ്യുന്ന ഖദീജ (റ), പ്രതിസന്ധിഘട്ടത്തില്‍ പ്രണയിനിയില്‍ നിന്നുണ്ടാകേണ്ട സ്‌നേഹവര്‍ഷമെങ്ങനെയായിരിക്കണമെന്ന് ലോകത്തെ തെര്യപ്പെടുത്തുന്നുണ്ട്. പ്രവാചകത്വത്തി നുശേഷം ആ മാതൃകാപ്രണയിനി പത്തുവര്‍ഷമേ ജീവിച്ചിരുന്നിട്ടുള്ളൂ. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വമംഗീകരിച്ച ആദ്യത്തെയാള്‍ അവരായിരുന്നു. സമൂഹം എതിര്‍ത്തപ്പോള്‍ അവര്‍ അദ്ദേഹത്തിന് സാന്ത്വനമായി. നാട്ടുകാര്‍ വെറുത്തപ്പോള്‍ അവര്‍ സ്‌നേഹവര്‍ഷമായി. കുടുംബക്കാര്‍ ബഹിഷ്‌കരിച്ചപ്പോള്‍ അവര്‍ സഹായിയായി. ഗോത്രക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അവര്‍ പരിചയായി. അവര്‍ മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രിയതമന്റെ മനസ്സില്‍ നിന്ന് അവരുടെ സ്മരണകള്‍ മാഞ്ഞില്ല. ‘അവരേക്കാള്‍ ഉത്തമമായ മറ്റൊന്നിനെയും അല്ലാഹു ഈ ജീവിതത്തിലെനിക്ക് തന്നിട്ടില്ല’യെന്ന് മരണപ്പെടുമ്പോള്‍ അറുപത്തിയഞ്ച് കഴിഞ്ഞിരുന്ന അവരെക്കുറിച്ച് യുവതികളായ മറ്റു ഇണകളോട് അവരുടെ മരണത്തിനു വര്‍ഷങ്ങള്‍ക്കുശേഷമാണ് നബി (സ) പറഞ്ഞത്. തിരുനബി (സ) കൂട്ടിച്ചേര്‍ക്കുന്നു: ‘ലോകം മുഴുവന്‍ എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അവര്‍ എന്റെ കൂടെ നിന്നു. എല്ലാവരുമെന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ മാത്രമെന്നെ വിശ്വസിച്ചു. അതായിരുന്നു പ്രണയം; മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയായിത്തീരേണ്ട സ്ഫടികസമാനമായ പ്രണയം. ശരീരനിമ്‌നോ
ന്നതികളെ പ്രദര്‍ശിപ്പിച്ചും കണ്ണിറുക്കിയും നാവ് ചലിപ്പിച്ചും പുരുഷനെ പ്രലോഭിപ്പിച്ച് കിടപ്പറയിലെത്തിക്കുകയാണ് പ്രണയത്തിന്റെ തുടക്കവും  ഒടുക്കവുമെന്ന് കരുതുന്നവര്‍ക്ക് ഇണകള്‍ പരസ്പരം തങ്ങളുടേതായിത്തീര്‍ന്നതിനുശേഷം മാത്രമുണ്ടാകുന്ന പ്രണയസൗന്ദര്യത്തിന്റെ ഈ മുഗ്ധഭാവം മനസ്സിലാക്കാനേ കഴിയില്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാഹിത്യവും കലയും സിനിമയും നാടകവുമെല്ലാം അവരെ പഠിപ്പിച്ചിരിക്കുന്നത് അതാണല്ലോ!

ജീവിച്ചിരിക്കുമ്പോള്‍ പ്രവാഹമാരംഭിക്കുന്ന പ്രണയത്തിന്റെ നീരുറവ വറ്റാതെ മരണശേഷവും പ്രവഹിച്ചുകൊണ്ടിരിക്കേണ്ട തെങ്ങനെയെന്നും നാം നബി(സ)യില്‍ നിന്നു തന്നെ പഠിക്കണം. ജീവിച്ചിരിക്കുമ്പോള്‍ ഖദീജ (റ) മകള്‍ക്ക് നല്‍കിയ വിവാഹസമ്മാനം മോചനദ്രവ്യമായി നല്‍കാന്‍ വന്ന യുദ്ധത്തടവുകാരനായ പുത്രീഭര്‍ത്താവിനുമുമ്പില്‍ ആ മാല നോക്കി വിതുമ്പിയ പ്രവാചകനില്‍ (സ) നിന്ന് നീതിയുടെയും സ്‌നേഹത്തിന്റെയും ഉയര്‍ന്ന പാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ഖദീജ(സ)യുടെ സഹോദരി വന്ന് സലാം പറഞ്ഞപ്പോള്‍ ‘ഖദീജയുടെ അതേ സ്വരം; ഖദീജയുടെ അതേ ശൈലി’യെന്ന് കണ്ണുനിറച്ച് നബി (സ) പ്രതിവചിച്ചത് അവരുടെ മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണെന്ന് നാം ഓര്‍ക്കണം. പ്രിയതമയുടെ കൂട്ടുകാരികളാരെല്ലാമാണെന്ന് കൃത്യമായി മനസ്സിലാക്കുകയും അവരെ ഓര്‍മിച്ച് അവര്‍ക്കെല്ലാം ഇടയ്ക്കിടക്ക് സമ്മാനങ്ങള്‍ കൊടുത്തയക്കുകയും ചെയ്യുന്ന ദൈവദൂതന്റെ പ്രണയത്തെ ദ്യോതിപ്പിക്കുവാന്‍ തക്ക പദങ്ങള്‍ ഭാഷകളിലേതിലെങ്കിലുമുണ്ടോ?! പ്രണയിനി ജീവിച്ചിരിക്കുമ്പോള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന വൃദ്ധ തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഖദീജ (റ) നല്‍കിയ പരിഗണന തന്നെ അവര്‍ക്ക് നല്‍കണമെന്ന് അന്നുള്ള ഇണയോടു പറഞ്ഞ നബിവാശിയുടെ അര്‍ത്ഥവും ആഴവുമറിയാന്‍ കണ്ണിറുക്കുന്ന ലാഘവത്തില്‍ വരികയും പോവുകയും ചെയ്യുന്നതാണ് പ്രണയമെന്നു കരുതുന്നവരുടെ തലമുറക്ക് കഴിയുകയില്ല. ത്രസിപ്പിന്റെ ആദ്യനാളുകള്‍ കഴിയുകയും ശരീരകാന്തിയുടെ പ്രദര്‍ശനം ആവര്‍ത്തനവിരസതയായി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ രക്ഷപെടാനുള്ള മാര്‍ഗമന്വേഷിക്കുന്നവര്‍ക്കുള്ളതാണ് കണ്ണിറുക്കലിന്റെ പ്രണയം. സിനിമകളില്‍ നിന്നും നാടകങ്ങളില്‍ നിന്നും ജീവിതം പഠിച്ചവര്‍ക്ക് അത്ര അനുഭവിക്കുവാനേ യോഗമുള്ളുവെന്ന് പറയുന്നതാവും ശരി!

മുഹമ്മദ് (സ)-ഖദീജ (റ) ദമ്പതികളുടേതാണ് പ്രണയം. ആ പ്രണയം ലോകത്തിന് മാതൃകയാണെന്നു പറയുന്നത് അവര്‍ ഒരു പ്രത്യേക മതത്തിന്റെ ആളുകളായതുകൊണ്ടല്ല! പ്രണയസാഫല്യവും പ്രണയദാരിദ്ര്യവും വേര്‍പിരിയല്‍ ചടങ്ങുമെല്ലാം ദിവസങ്ങള്‍ക്കകം നടന്നുകൊണ്ടിരിക്കുന്ന നമ്മുടെ സംസ്‌കൃതിയില്‍ പ്രണയമെന്താണെന്നും എങ്ങനെയായിരിക്കണമെന്നും പഠിക്കണമെന്നുള്ളവര്‍ക്കുള്ള ഒരേയൊരു തുരുത്ത് പ്രവാചകജീവിതമായതുകൊണ്ടാണ്. ആ ജീവിതത്തെ വിവാഹപൂര്‍വ പ്രണയമെന്ന വഞ്ചനയ്ക്ക് ഉദാഹരിക്കുന്നത് ക്രൂരതയാണ്. മക്കയിലെ വര്‍ത്തകപ്രമുഖയായ ഖദീജ (റ), സത്യസന്ധനും സല്‍സ്വഭാവിയും സുമുഖനുമായ മുഹമ്മദിനെ (സ) തന്റെ ഇണയായി ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നത് നേരാണ്. അത് അദ്ദേഹത്തെയും രക്ഷകര്‍ത്താക്കളെയും അറിയിക്കുകയാണ് അവര്‍ ചെയ്തത്. ഇസ്‌ലാം പഠിപ്പിക്കുന്ന സംസ്‌കാരവുമതാണ്. പുരുഷന് സ്ത്രീയെയോ പെണ്ണിന് ആണിനെയോ കാണുമ്പോള്‍ തോന്നുന്ന ഇഷ്ടം മനുഷ്യപ്രകൃതിയാണ്. പ്രസ്തുത പ്രകൃതിയെ ഇസ്‌ലാം പൂര്‍ണമായി അംഗീകരിക്കുന്നു. അവര്‍ പരസ്പരം പ്രേമലീലകള്‍ പങ്കുവെക്കു കയും കാമലീലകളിലെത്തുകയും ചെയ്യുന്നത് വികൃതിയാണ്. ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ സമൂഹം അംഗീകരിച്ച രീതിയില്‍ ഒന്നിക്കുകയും പിന്നെ മരണം വരെ പ്രേമലീലകളില്‍ മുഴുകി പ്രണയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് സംസ്‌കൃതി. വികൃതിയെ  ഇസ്‌ലാം വെറുക്കുകയും സംസ്‌കൃതിയെ അംഗീകരിക്കുകയും ചെയ്യുന്നു. വിവാഹപൂര്‍വ പ്രണയലീലകള്‍ വഴി വഞ്ചിക്കപ്പെടുകയും ചൂഷണത്തിന് വിധേയമാവുകയും ചെയ്യുന്നത് സ്ത്രീകളാണ്. അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുകയും അനാഥക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടി വരികയും ചെയ്യുന്ന വനിതകള്‍. വിവാഹപൂര്‍വ പ്രണയം വഴി നഷ്ടമുണ്ടാകുന്നതെല്ലാം പെണ്ണുങ്ങള്‍ക്ക് മാത്രമാണ്. ശാരീരികവും വൈകാരികവുമായി അവള്‍ ചൂഷണം ചെയ്യപ്പെടുന്നു. പെണ്‍ശരീരത്തെ ചൂഷണം ചെയ്യുന്നതിനായി  പെണ്‍മനസ്സിനെ വളച്ചെടുക്കാന്‍ ആണ്‍കോയ്മാ സമൂഹങ്ങള്‍ വിവാഹേതരപ്രണയത്തെ വിഗ്രഹവല്‍ക്കരിക്കുന്നു, അതാണ് ജീവിതവും പ്രണയവുമെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന കലാസൃഷ്ടികളും സാഹിത്യവുമുണ്ടാകുന്നു.  പെണ്ണിനെ കുരുക്കാനായി നിര്‍മിക്കുന്ന അത്തരം സൃഷ്ടികളോട് മാനവികതയുടെ മതത്തിന് പുറം തിരിഞ്ഞുനില്‍ക്കാനേ കഴിയൂ. കാമ്പസ് പ്രണയത്തിന്റെ ചാപല്യങ്ങള്‍ പലപ്പോഴും നശിപ്പിക്കുന്നത് സഹോദരിമാരുടെ ഭാവി ജീവിതത്തെത്തന്നെയായിരിക്കുമെന്ന വസ്തുത വിളിച്ചുപറയുന്ന നിരവധി സംഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ചപലതയുടെ അത്തരം കണ്ണിറുക്കലുകളോട് ‘ഞാനില്ല’ എന്നുപറയാന്‍ കഴിയുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നത്. വ്യാജപ്രണയത്തോടുള്ള ആ ‘അരുത്’ യഥാര്‍ത്ഥ പ്രണയത്തിലേക്കുള്ള വാതായനമായിരിക്കും; മുഹമ്മദ് നബി(സ)യും ഖദീജ(റ)യും അനുഭവിച്ചതുപോലെയുള്ള യഥാര്‍ത്ഥ പ്രണയം. ശരീരാസ്വാദനത്തിന്റെയും മാനസിക സംതൃപ്തിയുടെയും പൂര്‍ണത അനുഭവിക്കുന്ന പ്രണയത്തിലേക്കുള്ള വാതില്‍. വിവാഹത്തോടെ തുടങ്ങുന്ന ആ പ്രണയം മരണത്തിനുശേഷവും നീണ്ടുനില്‍ക്കും. മുഹമ്മദ് നബി (സ)-ഖദീജ (റ) ദമ്പതികള്‍ നമ്മെ പഠിപ്പിച്ചത് അതാണല്ലോ.

print

4 Comments

  • അൽഹംദുലില്ലാഹ് … അക്ബർക്ക വാക്കുകൾ കൃത്യമാണ് … സിനിമയും സംഗീതവും നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ യുവ തലമുറ ….ഒന്നേ പറയാനുള്ളൂ ..മോചനം ഇസ്ലാമിലൂടെ മാത്രം …

    shereef eengari 23.02.2019
  • ma sha alllahu

    amees 23.02.2019
  • Subhanallah.. എത്ര മനോഹരം ഈ പ്രണയം..

    Afsal 07.03.2019
  • Al haqqu

    Haseena majeed 08.03.2019

Leave a comment

Your email address will not be published.