പൊതുബോധ നിർമ്മിതിയാണ് ലക്ഷ്യം

//പൊതുബോധ നിർമ്മിതിയാണ് ലക്ഷ്യം
//പൊതുബോധ നിർമ്മിതിയാണ് ലക്ഷ്യം
ആനുകാലികം

പൊതുബോധ നിർമ്മിതിയാണ് ലക്ഷ്യം

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് – 1

“We are in the works of creating a new Kerala — one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations.”

“സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ ഹെറ്ററോനോർമേറ്റിവ് പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത സ്വതന്ത്രമായ ഒരു അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശനമാർഗം തുറന്നു കൊടുക്കണം”

ഉന്നതവിദ്യാഭ്യസ- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആർ ബിന്ദുവിന്റെ വരികളാണിത്. ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിർവ്വഹിച്ച അതേ ദിവസം, 2021 ഡിസംബർ 15 വൈകുന്നേരം 4: 25 ന് ട്വിറ്ററിൽ കുറിച്ച വരികൾ. ഹെറ്ററോനോർമേറ്റിവ് പ്രതീക്ഷകളുടെ ഭാരത്തിൽ നിന്ന് അടുത്ത തലമുറയെ രക്ഷിക്കാനാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപിപ്പിക്കുന്നത് എന്നാണ് മന്ത്രി പറയുന്നത്.

എതിർവർഗ ലൈംഗികത(heterosexuality)യാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന പൊതുബോധത്തെയാണ് ഹെറ്ററോനോർമേറ്റിവ് എന്ന് വിളിക്കുന്നത്. അതിനെ തകർക്കുകയുമാണ് ഈ അടിച്ചേൽപ്പിക്കലിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ കേരളത്തിൽ ജെൻഡർ പൊളിറ്റിക്സ് പിടിമുറുക്കിയിരിക്കുന്നുവെന്നാണർത്ഥം. സ്വവർഗ്ഗാനുരാഗം മുതൽ മൃഗരതി വരെയുള്ള ഏത് തരം ലൈംഗികാസ്വാദനങ്ങളും അവ ആരുടെ മേലും അടിച്ചേൽപ്പിക്കുന്നതല്ലെങ്കിൽ യാതൊരു കുഴപ്പവുമില്ലെന്നും അവയെല്ലാം സ്വാഭാവികവും പ്രകൃതിപരവുമാണെന്നുമുള്ള പൊതുബോധത്തെയാണ് ക്വിയർനോർമേറ്റിവ് (queer normative) എന്ന് വിളിക്കുക. ഹെറ്ററോ നോർമേറ്റിവ് അല്ലെങ്കിൽ പിന്നെ സമൂഹം ക്വിയർനോർമേറ്റിവ് ആയിരിക്കും. കേരളത്തിന്റെ സാംസ്കാരികമേഖലകളിൽ മാത്രമല്ല, രാഷ്ട്രീയനേതൃത്വത്തിൽ പോലും ജെൻഡർ പൊളിറ്റിക്സിന്റെ ദ്രംഷ്ടങ്ങൾ ആഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്ന സത്യമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച മന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ഹെറ്ററോനോർമേറ്റിവ് സമൂഹത്തെ ഉടച്ചുവാർത്ത് പകരം ക്വിയർനോർമേറ്റിവ് ആയ സമൂഹം സൃഷ്ടിക്കുകയാണ് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യം. അത്തരമൊരു സമൂഹനിർമ്മിതിക്ക് ആവശ്യമായ കരുക്കൾ നീക്കുന്നത് നിയമപരം, രാഷ്ട്രീയം, സാമൂഹികം എന്ന ക്രമത്തിലാണ്. ഇന്ത്യയടക്കമുള്ള ജനാധിപത്യരാജ്യങ്ങളിൽ നിയമം പൂർണ്ണമായിത്തന്നെ ക്വിയർനോർമേറ്റിവ് ആയിക്കഴിഞ്ഞു. രാഷ്ട്രീയം അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അത് നല്ലൊരു പരിധി വരെ ക്വിയർനോർമേറ്റിവ് ആയിക്കഴിഞ്ഞതിന് ശേഷമാണ് ജെൻഡർ പൊളിറ്റിക്സ് സമൂഹത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കാൻ തുടങ്ങുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് അതിന്റെ ഒന്നാം ഘട്ടമാണ്; ക്വിയർനോർമേറ്റിവിറ്റിയിലേക്ക് സമൂഹത്തെ നയിക്കുന്നതിന്റെ ഒന്നാം ഘട്ടം.

നിയമയുദ്ധങ്ങളുമായി തുടക്കം

നിയമങ്ങൾ ക്വിയർനോർമേറ്റിവ് ആക്കുന്നതിന് വേണ്ടി നടത്തിയ നിയമയുദ്ധങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് ഇന്ത്യയിൽ എങ്ങനെയാണ് ജെൻഡർ പൊളിറ്റിക്സ് ശക്തമാകുന്നതെന്ന് മനസ്സിലാവുക. ഇന്ത്യയിലെ എൽ. ജി. ബി. ടി സമരങ്ങളുടെ നാൾവഴി പരിശോധിച്ചാൽ അതിനു പിന്നിലെ ആസൂത്രണവും ഉദ്ദേശ്യവും ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിയും.

എയിഡ്‌സ് ബോധവൽക്കരണത്തിന്റെയും രോഗികളുടെ പുനരധിവാസത്തിന്റെയും മുഖമറയണിഞ്ഞാണ് ലോകത്തിന്റെ വിവിധ വശങ്ങളിൽ സ്വവർഗ്ഗാനുരാഗികളുടെ സംഘങ്ങളെല്ലാം രംഗത്ത് വരാനാരംഭിച്ചത്. ഇന്ത്യയിലും അങ്ങനെത്തന്നെ. 1989 ൽ രൂപീകരിക്കപ്പെട്ട ‘എയിഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളൻ'(എയിഡ്‌സ് വിവേചന വിരുദ്ധ സംഘടന) ആണ് ഇന്ത്യയിൽ ഇങ്ങനെയുണ്ടായ ആദ്യസംഘടന. ആൾ ഇന്ത്യാ ഇന്സ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെയും ഡോക്ടർമാർ പോലീസിന്റെ സഹായത്തോടെ ഡൽഹിയിലെ ചുവന്ന തെരുവിലുളള ലൈംഗികത്തൊഴിലാളികളെ നിർബന്ധിച്ച് എയിഡ്‌സ് പരിശോധന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് അതിനെതിരെ ശബ്‌ദിക്കുന്നതിനു വേണ്ടിയാണ് ഈ സംഘമുണ്ടായത്. 1991ൽ ഇവർ പുറത്തിറക്കിയ ‘സ്വവർഗ്ഗാനുരാഗിയേക്കാൾ ഹീനം: ഇന്ത്യയിലെ സ്വവർഗ്ഗലൈംഗികതയുടെ അവസ്ഥയെയെക്കുറിച്ച ഒരു പൗരപ്രസ്താവന'(Less Than Gay: A Citizens’ Report on the Status of Homosexuality in India, NewDelhi, 1991 https://s3.amazonaws.com) യാണ് സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കുവേണ്ടി പരസ്യമായി സംസാരിക്കുന്ന ആദ്യ ഇന്ത്യൻ രേഖ. തിഹാർ ജയിലിലെ അന്തേവാസികൾക്കിടയിൽ സ്വവർഗ്ഗരതി പടർന്നപ്പോൾ അതിനെ നിയന്ത്രിക്കാനെന്നവണ്ണം അന്നത്തെ ജയിൽ ഐജിയായിരുന്ന കിരൺ ബേദി അവിടേക്കുള്ള ഉറ വിതരണം നിർത്തിവെച്ചതിനെതിരെ 1994 ൽ ഈ സംഘടന നടത്തിയ പ്രതിഷേധം ദേശീയശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. Kai Friese: “Tihar jail bans condoms”, India Today, 31.05.1994)

1994 ൽ ‘നാസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ രൂപീകരിക്കപ്പെട്ടതോടെ എയിഡ്‌സ് ഭേദ്ഭാവ് വിരോധി ആന്ദോളൻ അറിയപ്പെടാതെയായി. 1994ല്‍ ചെന്നൈക്കാരിയായ അഞ്ജലി ഗോപാലന്‍ സ്ഥാപിച്ചതാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ്. ഇന്ത്യയിലും അമേരിക്കയിലും വെച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍ മാസ്റ്റേഴ്‌സും കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ എയിഡ്‌സ് ബാധിതര്‍ക്കിടയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു അവരെന്ന് അഞ്ജലിയെക്കുറിച്ച ബ്ലോഗ് പറയുന്നു. 1995ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം നാസ് ഫൗണ്ടേഷന്റെ മുഴുസമയപ്രവര്‍ത്തകയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഞ്ജലി ഗോപാലന്‍. 2005ലെ നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആയിരം പേരില്‍ ഒരാളായിരുന്നുവത്രെ അവര്‍. എച്ച് ഐ വി ബാധിതര്‍ക്കിടയിലെ സേവനപ്രവര്‍ത്തനങ്ങളാണ് പ്രസ്തുത നാമനിര്‍ദ്ദേശത്തിന് പിന്നിലെന്ന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെ കുറിച്ച് വിവരിക്കുന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. (www.1000peacewomen.org)

സ്വവർഗലൈംഗികബന്ധങ്ങളെ കുറ്റമായി കാണുന്ന ഐ പി സി 377ാം വകുപ്പിനെതിരെ നടത്തിയ നിയമപോരാട്ടങ്ങളിലൂടെയാണ് നാസ് ഫൗണ്ടേഷൻ ശ്രദ്ധിക്കപ്പെട്ടത്. എയിഡ്‌സ് ബാധിതര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ചികില്‍സിക്കാനും പുനഃരധിവസിപ്പിക്കാനുമെല്ലാം ഐപിസി 377ാം വകുപ്പ് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് നാസ് ഫൗണ്ടേഷന്‍ 2001ൽ നൽകിയ പാരാതിയോടെയാണ് ഇന്ത്യയിൽ ഈ രംഗത്തെ നിയമപോരാട്ടമാരംഭിച്ചത്. എയിഡ്‌സ് രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നാസ് ഫൗണ്ടേഷൻ പ്രവർത്തകർക്കാർക്കെങ്കിലും നേര്‍ക്കുനേരെ ഐ പി സി 377ാം വകുപ്പിന്റെ ദുഷ്ടത അനുഭവിക്കേണ്ടി വന്നതായി അവരുടെ വെബ്‌സൈറ്റിലോ അവര്‍ കോടതിയില്‍ നല്‍കിയ പരാതിയിലോ സംഭവങ്ങളുദ്ധരിച്ചുകൊണ്ട് പ്രസ്താവിക്കുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇല്ലാത്ത പീഡനം ഊതിവീർപ്പിച്ച് കോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നുവെന്നതാണ് സത്യം. ലൈംഗികന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ നടക്കുന്നുവെന്ന് വെറുതെ പറഞ്ഞുണ്ടാക്കി അതിന്റെ പേരിലുള്ള സഹതാപതരംഗം സൃഷ്ടിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക അന്താരാഷ്ട്രീയമായി ജെൻഡർ പൊളിറ്റിക്സ് ചെയ്തുകൊണ്ടിരിക്കുന്ന നടപ്പു രീതികളിലൊന്നാണ്. എയിഡ്‌സ് രോഗികള്‍ക്കിടയിലുള്ള സേവനപ്രവര്‍ത്തനങ്ങൾക്ക് ഐ പി സി 377ാം വകുപ്പാണ് തടസ്സമാകുന്നതെന്ന രീതിയിൽ നാസ് ഫൗണ്ടേഷൻ നൽകിയ പരാതിയിൽ തീര്‍പ്പുകല്‍പ്പിച്ചു കൊണ്ട് 2009 ൽ സ്വവർഗാനുരാഗികൾക്കനുകൂലമായി ദൽഹി ഹൈക്കോടതി നൽകിയ വിധിയാണ് സ്വവർഗലൈംഗികതക്ക് ഇന്ത്യയിൽ നിയമാംഗീകാരം ലഭിക്കുന്നതിന്റെ ആദ്യപടി. http://www.nazindia.org/judgement_377.pdf എന്ന വെബ്‌വിലാസത്തിൽ കോടതി വിധിയുടെ കോപ്പി ലഭിക്കും)

സ്വവർഗ്ഗരതി കുറ്റകരമല്ലെന്ന ദൽഹി ഹൈക്കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മതസംഘടനകൾ നൽകിയ ഹർജിയിൽ തീർപ്പുകല്പിച്ചുകൊണ്ട് ഭരണഘടനപ്രകാരം സ്വവർഗരതി കുറ്റകൃത്യമാണെന്നും അതിനെ കുറ്റവിമുക്തമാക്കുന്നതിന് നിയമനിർമ്മാണം നടത്തേണ്ടത് പാർലമെന്റാണെന്നും 2013 ൽ സുപ്രീംകോടതി പ്രസ്താവിച്ചു. 2015 ൽ സ്വവർഗരതി നിയമവിധേയമാക്കുന്നതിനു വേണ്ടി ശശി തരൂർ രണ്ട് തവണ ബിൽ അവതരിപ്പിച്ചെങ്കിലും അവ പരാജയപ്പെടുകയാണുണ്ടായത്. ഇക്കാര്യം 2016 ൽ വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ വരികയും അത് അഞ്ചംഗ ഡിവിഷൻ ബെഞ്ചിന് വിടുകയും ചെയ്തു. പ്രസ്തുത ബെഞ്ച് ആണ് സെപ്തംബർ ആറിന് ചരിത്രപസിദ്ധമെന്ന് വാഴ്ത്തപ്പെടുന്ന വിധി പ്രസ്താവിച്ചുകൊണ്ട് സ്വവർഗരതി ഇന്ത്യയിൽ നിയമവിധേയമാക്കിയത്. ഹെറ്ററോനോർമേറ്റിവ് ആയിരുന്ന ഇന്ത്യയിലെ നിയമസംവിധാനം ക്വിയർനോർമേറ്റിവ് ആയ ചരിത്രനിമിഷമാണ് 2016 സെപ്റ്റംബർ ആറ് എന്ന് പറയാം. എതിർവർഗാനുരാഗം പോലെ സ്വാഭാവികവും ജനിതകവുമാണ് സ്വവർഗാനുരാഗവുമെന്നും അതിനാൽ അതിനെ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നുമാണ് സുപ്രീം കോടതി അന്ന് വിധിച്ചത്.

ലൈംഗികന്യൂനപക്ഷങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ യഥാവിധി സംരക്ഷിക്കപ്പെടുന്നതിനായി തങ്ങള്‍ 2001 മുതല്‍ നടത്തിവരുന്ന നിയമപോരാട്ടത്തിന്റെ വിജയമാണ് സ്വവർഗവിവാഹങ്ങളെ അനുവദിച്ചുകൊണ്ടുള്ള കോടതിവിധി എന്നു നാസ് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. ലോയേര്‍സ് കളക്ടീവ്, ഹ്യൂമണ്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഗേ ആന്റ് ലെസ്ബിയന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ എന്നീ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ സഹായസഹകരണങ്ങളോടെയാണ് തങ്ങള്‍ ഈ നിയമയുദ്ധം നടത്തിയെതെന്നും, ലൈംഗികാവകാശങ്ങളുടെ നിഷേധത്തിനെതിരെ ഇവരെയെല്ലാം ഒന്നിപ്പിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും നാസ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.

എയിഡ്‌സ് പുനരിധിവാസത്തിന്റെ മറവിൽ

എയിഡ്‌സ് ബോധവല്‍ക്കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം വിദേശപണം ലഭിക്കുന്ന എന്‍ ജി ഓകളില്‍ ഒന്നാണ് നാസ് ഫൗണ്ടേഷന്‍ (ഇന്ത്യ) ട്രസ്റ്റ്. യുനൈറ്റെഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലെപ്‌മെന്റ് (USAID), ഫാമിലി ഹെല്‍ത്ത് ഇന്റര്‍നാഷണല്‍ (FHI), ദി ഫോര്‍ഡ് ഫൗണ്ടേഷന്‍, ജോണ്‍ ഡി ആന്റ് കാതറിന്‍ ടി മെക് ആര്‍തര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയാണ് നാസ് ഫൗണ്ടേഷനെ സഹായിക്കുന്ന പ്രധാനപ്പെട്ട വിദേശ ഏജന്‍സികള്‍. എല്ലാം അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളാണ്. നാസ് ഫൗണ്ടേഷനെ സഹായിക്കുന്ന അമേരിക്കന്‍ കുത്തകയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന് പ്രസ്തുത കമ്പനിയുടെ എയിഡ്‌സിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്ന ബ്രോഷര്‍ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കന്‍ സ്‌പോണ്‍സര്‍മാരുടെ ധനസഹായം കൈപ്പറ്റി ‘സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന’, അമേരിക്കന്‍ വിദ്യാഭ്യാസം വഴി ധാര്‍മ്മികമായി ‘ഉല്‍ബുദ്ധയായ’, ഒരാളുടെ നേതൃത്വത്തിലുള്ള സമരമായിരുന്നു ഐ പി സി 377ാം വകുപ്പിനെതിരെയുള്ള പോരാട്ടമെന്ന തിരിച്ചറിവാണ് ഇക്കാര്യങ്ങളെല്ലാം നമുക്ക് നല്‍കുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശസംരക്ഷണമോ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ സന്നദ്ധസേവനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുകയോ ചെയ്യുകയല്ല, പ്രത്യുത ആർക്കും എപ്പോഴും എവിടെവെച്ചും ലൈംഗികതയുടെ വർണ്ണവൈവിധ്യങ്ങളെല്ലാം ആസ്വദിക്കാനാവുന്ന വിധത്തിലുള്ള ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കുകയായിരുന്നു ഐ പി സി 377ാം വകുപ്പിനെതിരെയുള്ള പോരാട്ടത്തിന് പിന്നിലെന്നതാണ് വസ്തുത.

സ്വവർഗ്ഗാനുരാഗമടക്കമുള്ള ലൈംഗികവൃത്തികളെ ലൈംഗിക അരാജകത്വം എന്ന് വിളിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലാത്ത (politically incorrect) രീതിയാണെന്നാണ് ജെൻഡർ പൊളിറ്റിക്സ് പറയുക. നമ്മിൽ പലരും അങ്ങനെ വിളിക്കുന്നത് നാം ഹെറ്ററോനോർമേറ്റിവ് സമൂഹത്തിൽ ജനിച്ചു വളർന്നതുകൊണ്ടാണ്. ലൈംഗികാസ്വാദനത്തിന്റെ വർണ്ണരാജിയിലെ എല്ലാ വർണ്ണങ്ങളെയും നോർമൽ ആയി അംഗീകരിക്കുന്ന സമൂഹത്തെ വാർത്തെടുക്കാൻ കഴിയുമ്പോൾ ഇത്തരം പ്രയോഗങ്ങളെല്ലാം ഇല്ലതെയാകും. നിയമത്തെ ക്വിയർനോർമേറ്റിവ് ആക്കുക അതിന്റെ ഒന്നാമത്തെ പടിയാണ്. അതായിരുന്നു നാസ് ഫൗണ്ടേഷന്റെ ലേബലിൽ നടന്ന നിയമപോരാട്ടത്തിന്റെ ലക്ഷ്യം. ആവശ്യമുള്ളവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആവശ്യമുള്ള തരത്തിലുള്ള ഏത് ലൈംഗികവൈകൃതങ്ങളും യാതൊരുവിധ വൈക്ലബ്യവുമില്ലാതെ ആസ്വദിക്കുവാൻ കഴിയുന്ന ഭാരതാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പടി.

ഇന്ത്യൻ നിയമസംഹിതയെ ക്വിയർനോർമേറ്റിവ് ആക്കിക്കൊണ്ട് ജെൻഡർ പൊളിറ്റിക്സ് അതിന്റെ വെന്നിക്കൊടി സുപ്രീം കോടതിയുടെ തിരുമുറ്റത്ത് പാറിച്ചതോടെ നമ്മുടെ നാട് ഹെറ്ററോ നോർമേറ്റിവിറ്റിയിൽ നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്. വലിയ ദുരന്തം ക്ഷണിച്ചു വരുത്തുന്ന ഈ മാറ്റത്തിന്റെ പിന്നിലെ ചാലകശക്തി അമേരിക്കയിൽ നിന്ന് സഹായം ലഭിക്കുന്ന എൻജിഒ കളാണ്. നിയമത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയുമെല്ലാം സമർത്ഥമായി ഹെറ്റെറോനോർമേറ്റിവിറ്റിയിൽ നിന്ന് മുക്തമാക്കുകയാണ് അവരെ ഏൽപ്പിച്ച ദൗത്യം.

എൻജിഒകളിലൂടെ രാഷ്ട്രീയത്തിലേക്ക്

ഇന്ത്യൻ നിയമസംഹിതയെ ക്വിയർനോർമേറ്റിവ് ആക്കുന്നതിനായി പണിയെടുത്ത എൻ. ജി.ഒ കളുടെ ഇപ്പോഴുള്ള ദൗത്യമെന്താണ്?

അപരലിംഗത്വമുള്ളവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണോ അവ പരിശ്രമിക്കുന്നത്?

എയിഡ്‌സ് ബോധവൽക്കരണത്തിന്റെയും പുനരധിവാസത്തിന്റെയും മേലങ്കിയണിയുന്ന ഇവർക്ക് മറ്റു ലക്ഷ്യങ്ങളെന്തെങ്കിലുമുണ്ടോ?

സൈനികനടപടികളിലൂടെ രാഷ്ട്രീയമായ അധീശത്വത്തിനും, ഐ എം എഫിനേയും ലോകബാങ്കിനേയും പോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളിലൂടെ സാമ്പത്തിക മേല്‍ക്കോയ്മക്കും പരിശ്രമിക്കുന്നതുപോലെ സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകളിലൂടെ (non-governmental organizations-NGO) സാമ്രാജ്യത്വം പരിശ്രമിക്കുന്നത് സാംസ്‌കാരികമായ അധീശത്വത്തിനാണെന്ന വസ്തുത ഇത്തരം സംഘടനകളെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ ബോധ്യപ്പെടും. പ്രകൃതിവാദവും, മനുഷ്യാവകാശവും, പുനരധിവാസവും സന്നദ്ധസേവനവുമെല്ലാം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഒകളില്‍ മിക്കതും ക്വിയർനോർമേറ്റിവിറ്റിയാണ് മൂന്നാം ലോകത്തിലുള്ളവരുടെ മസ്തിഷ്കത്തിലേക്ക് കുത്തിക്കയറ്റിക്കൊണ്ടിരിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയമായ അധീശത്വത്തിന്റേയും സാമ്പത്തിക മേല്‍ക്കോയ്മയുടേയും ദുരിതങ്ങളനുഭവിക്കുന്നവര്‍ക്കിടയിലേക്ക് സാമ്രാജ്യത്വവിരുദ്ധ അജണ്ട എന്ന മുഖംമൂടിയിട്ടുകൊണ്ടാണ് എന്‍ജിഒകള്‍ കടന്നു വരിക. മൂന്നാംലോകത്തിലെ തെരുവോരങ്ങളില്‍ മാത്രം നടക്കുന്ന സാമ്രാജ്യത്വവിരുദ്ധസമരങ്ങളെക്കൊണ്ട് അധികാരത്തിനോ, അധീശത്വത്തിനോ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കൃത്യമായി അറിയുന്നവരാണ് എന്‍ ജി ഓകളെ തീറ്റിപ്പോറ്റുന്നവര്‍. സാമ്രാജ്യത്വാധീശത്വത്തിന്റെ ദുരിതങ്ങള്‍ പേറുന്നവര്‍ക്കിടയില്‍ എളുപ്പം കടന്നുകയറാന്‍ കഴിയുന്ന സാമ്രാജ്യത്വവിരുദ്ധ അജണ്ടകളുമായി തുടങ്ങുന്ന എന്‍ജിഓകള്‍ അടിസ്ഥാനവര്‍ഗങ്ങളുടെ മസ്തിഷ്‌കത്തിലും രക്തത്തിലും ക്വിയർനോർമേറ്റിവ് ആശയങ്ങൾ കുത്തിക്കയറ്റി അവരെ സാംസ്‌കാരികമായി അടിമകളാക്കിത്തീര്‍ക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

എൻജിഒകളെ എന്തിന് ഉപയോഗിക്കുന്നു?

1999ലെ കണക്കുപ്രകാരം മൂന്നാംലോകത്തു പ്രവര്‍ത്തിക്കുന്ന അമ്പതിനായിരത്തിലധികം എന്‍ജിഓകളിലൂടെ ഒരോ വര്‍ഷവും ചുരുങ്ങിയത് നൂറു കോടി ഡോളറാണ് പാശ്ചാത്യലോകം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അത് എത്രയോ കൂടുതലായിരിക്കും. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോര്‍പ്പറേറ്റ് കമ്പനി മാനേജര്‍മാരോട് കിട പിടിക്കുന്ന ശമ്പളവും നല്‍കി എന്‍ജിഓകളെ നയിക്കാന്‍ ആളുകളെ നിയമിക്കുന്ന പാശ്ചാത്യന്‍ ഏജന്‍സികള്‍ ഇതെല്ലാം ചെയ്യുന്നത് മൂന്നാംലോകത്തുള്ളവരുടെ ദുരിതങ്ങള്‍ തീര്‍ക്കാനാണെന്ന് കരുതുന്നവര്‍ക്കു തെറ്റുപറ്റി. ഈ വസ്തുത ന്യൂയോര്‍ക്ക് ബിംഗാംപ്ട്ടണ്‍ സര്‍വ്വകലാശാലയിലെ അധ്യാപകനായ ജെയിംസ് പെട്രാസ് തന്റെ ‘എൻജിഒകൾ: സാമ്രാജ്യത്വത്തിന്റെ സേവനത്തിൽ’ (“NGOs: In the Service of Imperialism”, Journal of Contemporary Asia, Vol 29, Issue4, 1999 pages 429-440 https://www.tandfonline.com) എന്ന പഠനത്തിൽ തുറന്നെഴുതുന്നുണ്ട്. പാശ്ചാത്യസര്‍ക്കാറുകളും അവയെ പിന്താങ്ങുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുമാണ് ഇടയാളസംഘങ്ങളിലൂടെ മൂന്നാംലോകത്തെ സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതെന്നും പ്രസ്തുത സഹായങ്ങള്‍ വഴി തങ്ങളുടെ സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കുകയാണ് സാമ്രാജ്യത്വം ചെയ്യുന്നതെന്നുമാണ് പെട്രാസ് വസ്തുതകള്‍ നിരത്തി സമര്‍ഥിക്കുന്നത്.

ജര്‍മനിയിലെ ട്രയര്‍ സര്‍വ്വകലാശാല സാമൂഹ്യശാസ്ത്രാധ്യാപകനായ ഡോ: ബേര്‍ണ്ഡ് ഹാമും കാനഡയിലെ മനിട്ടോവ സര്‍വ്വകലാശാല സാമൂഹ്യശാസ്ത്രാധ്യാപകനും ക്രിമിനോളജിസ്റ്റുമായ ഡോ: റസ്സല്‍ ചാള്‍സ് സ്മാന്‍ഡിക്കും ചേര്‍ന്ന് ക്രോഡീകരിച്ച ‘സാംസ്‌കാരിക സാമ്രാജ്യത്വം’ (Bernd Hamm and Russel Smandych: Cultural Imperialism, Toronto, 2005) എന്ന ലേഖനസമാഹാരത്തിന്റെ ”സാംസ്‌ കാരിക സാമ്രാജ്യത്വം: ചരിത്രവും ഭാവിയും” എന്ന തലക്കെട്ടിലുള്ള രണ്ടാം ഭാഗത്ത് (47മുതൽ 49 വരെ പുറങ്ങൾ) ശ്രീലങ്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ സൂസാന്ത ഗോനാതിലകെ സാമ്രാജ്യത്വം എങ്ങിനെയാണ് എന്‍ ജി ഓകളെ ഉപയോഗിച്ച് സാംസ്‌കാരികമായ അധീശത്വത്തിന് പരിശ്രമിക്കുന്നത് എന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ബുദ്ധമത സംഘടനയെന്ന മുഖംമൂടിയുമായി 1970കളില്‍ ശ്രീലങ്കയില്‍ സജീവമായിരുന്ന ‘സര്‍വ്വോദയ’യെന്ന എന്‍ ജി ഒ എങ്ങിനെയാണ് പാശ്ചാത്യന്‍ സാമ്പത്തികസഹായങ്ങളുപയോഗിച്ച് ശ്രീലങ്കന്‍ സാധാരണക്കാരിലേക്ക് സാംസ്‌കാരികമായ അധിനിവേശം സാധിച്ചതെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും സര്‍വ്വോദയ ശ്രമദാന മൂവ്‌മെന്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളാണ് ശ്രീലങ്കയിലെ ഏറ്റവും വലിയ ജനകീയ സംഘടനയെന്ന് അവകാശപ്പെടുന്ന അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായിത്തന്നെ അവരുടെ വെബ്‌സൈറ്റിലുണ്ട്.

ഇന്ത്യയില്‍ നൂറുകണക്കിന് എന്‍ ജി ഓകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അമ്പത് സന്നദ്ധസംഘടനകളുടെ ലിസ്റ്റ് ‘എന്‍ജിഓസ് ഇന്ത്യ’ എന്ന വെബ്‌സൈറ്റിലുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍ ജി ഓകളില്‍ മിക്കതിനും വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ വിദേശസഹായം ലഭിക്കുന്ന 104 സംഘടനകള്‍ എയിഡ്‌സ് രോഗികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 1998ലെ കണക്ക്. ഇവര്‍ക്ക് ധനസഹായം നല്‍കുന്നത് പ്രധാനമായും 22 വിദേശ ഏജന്‍സികളാണ്.

ഇന്ത്യന്‍ ശിക്ഷാനിയമം 377ാം വകുപ്പ് നിലനിന്നിരുന്ന കാലത്ത് അതിന്റെ അടിസ്ഥാനത്തില്‍ പീഡനത്തിനിരയായി എന്നു പറയുന്ന കേസുകളിലെ എന്‍ ജി ഓകളെല്ലാം വിദേശസഹായം പറ്റുന്നവയാണ്. പ്രസ്തുത കേസുകളില്‍ പോലീസ് തയ്യാറാക്കിയ ഫയലുകള്‍ പരിശോധിച്ചാല്‍ ഇവയൊന്നും എയിഡ്‌സ് രോഗികളെ ബോധവല്‍ക്കരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന നിരുപദ്രവസേവനം മാത്രമായിരുന്നില്ല നിർവ്വഹിച്ചിരുന്നതെന്ന് മനസ്സിലാവും. എന്‍ ജി ഓകള്‍ പറയുന്നത് അപ്പടി സ്വീകരിച്ചാല്‍പോലും ബോധവല്‍ക്കരണത്തിന്റെ പേരില്‍ ഏറ്റവും ചുരുങ്ങിയത് സ്വവര്‍ഗ്ഗരതിയെ പാപമുക്തമാക്കി അവതരിപ്പിക്കുകയും അത് ചെയ്യുന്നവരെ അതില്‍ തന്നെ ഉറച്ചുനില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും, അത്തരം ആളുകള്‍ക്ക് ‘ഇണ’കളെ കണ്ടെത്താനുള്ള സഹായങ്ങള്‍ നല്‍കുകയും കൂടി അവര്‍ ചെയ്തിരുന്നുവെന്ന് തന്നെയാണ് മനസ്സിലാവുന്നത്. ക്വിയർനോർമേറ്റിവ് വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുവാനും ഇന്ത്യയിലുള്ളവര്‍ക്ക് അതുവരെ അന്യമായിരുന്ന ആശയങ്ങളും സംസ്കാരവും അടിച്ചേല്‍പ്പിക്കാനുമാണ് വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന എന്‍ ജി ഓകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അവരുടെ തന്നെ വാദങ്ങള്‍ അതേപടി സ്വീകരിച്ചാല്‍ പോലും സമ്മതിക്കേണ്ടിവരും.

ലൈംഗികതയുടെ വർണ്ണങ്ങളെല്ലാം ആസ്വദിക്കുവാൻ അനുവദിക്കുന്ന തരത്തിലുള്ള നിയമനിർമ്മാണങ്ങൾ നടത്തുവാൻ കോടതിയെ നിർബന്ധിക്കുക, ഹെറ്റെറോനോർമേറ്റിവിറ്റിയിൽ നിന്ന് ക്വിയർനോർമേറ്റിവിറ്റിയിലേക്ക് സമൂഹത്തെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുക എന്നീ ദൗത്യങ്ങൾ നിർവ്വഹിക്കുവാൻ ജെൻഡർ പോളിറ്റിക്സ് ഉപയോഗിച്ചിരുന്നത് എൻജിഒകളെയായിരുന്നു. എൻ.ജി.ഓകളിലൂടെ യൂറോപ്യൻ എജൻസികൾ നടത്തുന്ന സാംസ്കാരികാധിനിവേശത്തിന്റെ അപകടങ്ങൾ അറിയുന്നതുകൊണ്ടാണ് നാടിനെ സ്നേഹിക്കുന്നവർ അവരുടെ പ്രവർത്തനങ്ങളെ ഭയപ്പാടോടുകൂടി നോക്കിക്കണ്ടിരുന്നത്. തങ്ങളുടെ ഏഷ്യൻ സുഖദായകകേന്ദ്രങ്ങളായ ബാങ്കോക്കും പട്ടായയും പെനാങ്ങും മനിലയും സുരബായയും ബാലിയും മടുത്തവർ ലൈംഗികവൈകൃതങ്ങളുടെ കഴുകക്കണ്ണുകളുമായി ഇന്ത്യൻ ഗ്രാമങ്ങൾക്ക് മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അവരാഗ്രഹിക്കുന്ന ‘പക്വത’ ഇന്ത്യൻമനസ്സ് ഇനിയും നേടിയെടുത്തു കഴിഞ്ഞിട്ടില്ല. ആ പക്വതയുടെ പേരാണ് യഥാർത്ഥത്തിൽ ക്വിയർനോർമേറ്റിവിറ്റി. ഹെറ്ററോ നോർമേറ്റിവിറ്റി തകർന്നാൽ സ്വാഭാവികമായി ഉണ്ടായിവരുന്നതാണിത്. എയിഡ്‌സ് പുനരധിവാസത്തിന്റെയും ബോധവൽക്കരണത്തിന്റെയും മുഖങ്ങളുള്ള പല എൻ.ജി.ഓകളെയും ഏൽപ്പിച്ചിരിക്കുന്ന ജോലി ഈ പക്വതയിലേക്ക് ഇന്ത്യൻ മനസ്സിനെ പരിവർത്തിപ്പിക്കുകയെന്നതാണ്. അതിന് അനുകൂലമായ നിയമനിർമ്മാണം നടന്നത് അതിന്റെ ഒന്നാം ഘട്ടമാണ്.

രാഷ്ട്രീയനേതൃത്വങ്ങളുടെ മസ്തിഷ്കപ്രക്ഷാളനം

എൻജിഒകളുടെ രണ്ടാമത്തെ ദൗത്യം രാഷ്ട്രീയ നേതൃത്വത്തെ ക്വിയർനോർമേറ്റിവ് ആക്കുകയാണ്. ഹെറ്ററോ നോർമേറ്റിവിറ്റിയെ പരസ്യമായി വിമർശിക്കുവാൻ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് സന്നദ്ധമാകുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ ജെൻഡർ പൊളിറ്റിക്സിന്റെ മസ്തിഷ്കപ്രക്ഷാളനത്തിന് പൂർണ്ണമായും വിധേയമായിക്കഴിഞ്ഞുവെന്നാണ്. വ്യത്യസ്തമായ സാംസ്കാരിക ഇടപെടലുകൾ വഴിയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ക്വിയർനോർമേറ്റിവിറ്റിയിലേക്ക് നയിക്കുക. തീവ്രഇടതുപക്ഷം മുതൽ തീവ്രവലതുപക്ഷം വരെയുള്ള വർണ്ണരാജിയിലെ ഒരുവിധം എല്ലാ രാഷ്ട്രീയകക്ഷികളിലുമുള്ളവർ അറിഞ്ഞോ അറിയാതെയോ ക്വിയർനോർമേറ്റിവ് ആശയങ്ങളെ വഹിക്കുന്നവരാക്കിത്തീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത്തരം വിഷയങ്ങളിലുള്ള അവരുടെ പ്രതികരണങ്ങൾ പറഞ്ഞു തരുന്നത്. സ്വവർഗ്ഗരതിയെയും സ്വവർഗ്ഗവിവാഹത്തെയുമെല്ലാം വ്യക്തിസ്വാതന്ത്ര്യമായാണ് അവരിൽ പലരും വിലയിരുത്തുന്നത്. അതിന് മതങ്ങൾ എതിരുനിൽക്കുന്നത് ആധുനികത ഉൾക്കൊള്ളാത്തതുകൊണ്ടാണെന്ന് വിലയിരുത്തുന്നവരാണവർ. സ്വവർഗ്ഗാനുരാഗം വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറഞ്ഞു തുടങ്ങുന്നവർ അവസാനം എത്തുന്നത് ബാലരതിയും ശിശുകാമവുമെല്ലാം അതേ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വരുതിയിൽ കൊണ്ടുവരണമെന്ന ആശയത്തിലേക്കാണെന്ന സത്യം അവരിൽ പലരും മനസ്സിലാക്കുന്നില്ല. അത് മനസ്സിലാക്കുമ്പോഴേക്ക് അവരും ആ ആശയങ്ങളുടെ പ്രചാരകരായി മാറിയിട്ടുണ്ടാകുമെന്നതാണ് പാശ്ചാത്യരിൽ നിന്ന് നാം പഠിക്കേണ്ട സത്യം.

കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയകക്ഷികളുടെ യുവനേതാക്കളോട് ഇവ്വിഷയകമായ ആശയവിനിമയം നടത്തിയാൽ അവർ എത്രത്തോളം ആഴത്തിൽ ക്വിയർ നോർമേറ്റിവ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത സുതരാം ബോധ്യമാകും. മതനാമങ്ങൾ പേറുകയോ മതപശ്ചാത്തലത്തിൽ വളരുകയോ ചെയ്ത സംഘടനകളുടെ യുവനേതൃത്വങ്ങൾ പോലും ഇതിന്നപവാദമല്ല. അവകാശങ്ങൾ ലഭിക്കേണ്ട ലൈംഗികന്യൂനപക്ഷങ്ങളിലൊന്നായി സ്വവർഗ്ഗാനുരാഗികളെ കാണുന്നവർ മുതൽ സ്വവർഗ്ഗവിവാഹങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്ന മതനേതൃത്വത്തെ സ്വപ്നം കാണുന്നവർ വരെ അവർക്കിടയിലുണ്ട്. എൻജിഒകളുടെ സാംസ്കാരിക വിനിമയ പരിപാടികളിലൂടെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവർ. പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ എല്ലാവരും തിന്മയാണെന്ന് കരുതിയിരുന്ന സ്വവർഗാനുരാഗത്തെ നന്മയായി അംഗീകരിപ്പിക്കാൻ കഴിഞ്ഞുവെങ്കിൽ ശിശുരതി മുതൽ ശവരതി വരെയുള്ള എന്തിനെയും നോർമ്മലായി സ്വീകരിപ്പിക്കുവാൻ കഴിയുമെന്ന് തന്നെയാണ് ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ കരുതുന്നത്. എൻജിഒ കളിലൂടെയും ഇലക്ട്രോണിക് മീഡിയകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം അത് ലക്ഷ്യമാക്കിയുള്ള മസ്തിഷ്കപ്രക്ഷാളനമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

ആരെയും ഭയക്കാതെയും യാതൊരുവിധ സങ്കോചവുമില്ലാതെയും ഓരോരുത്തർക്കും ആഗ്രഹമുള്ള ഏത് തരം ലൈംഗികതയും ആസ്വദിക്കാനും ഇന്ത്യൻ മനസ്സിനെ പാകപ്പെടുത്തുകയെന്ന ദൗത്യമാണ് എൻജിഒകളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ കാമ്പയിനിംഗിന് നിർവ്വഹിക്കാനുള്ളത്. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്നത് ആ ദൗത്യത്തിന്റെ ഭാഗമായാണ് എന്നാണ് അതിന്റെ ലക്ഷ്യം ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയാണ് എന്ന് പറഞ്ഞാൽ അതിന്നർത്ഥം. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും സമാധാനപൂർണമായ കുടുംബജീവിതത്തിലൂടെ മാത്രമേ വൈകാരികവും മാനസികവും ആത്മീയവുമായ ആരോഗ്യമുള്ള അടുത്ത തലമുറയെ വളർത്താനാവൂവെന്ന് കരുതുകയും ചെയ്യുന്നവർക്ക് അതിന്ന് എതിര് നിൽക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

print

1 Comment

  • Excellent

    സിയാദ് മറ്റത്തിൽ, ഇടപ്പള്ളി, എറണാകുളം. 05.03.2022

Leave a comment

Your email address will not be published.