പെൺ വിമോചനം: സ്ത്രീവാദ ദർശനങ്ങളും ഇസ്‌ലാമും

//പെൺ വിമോചനം: സ്ത്രീവാദ ദർശനങ്ങളും ഇസ്‌ലാമും
//പെൺ വിമോചനം: സ്ത്രീവാദ ദർശനങ്ങളും ഇസ്‌ലാമും
ആനുകാലികം

പെൺ വിമോചനം: സ്ത്രീവാദ ദർശനങ്ങളും ഇസ്‌ലാമും

സ്ത്രീ സ്വാതന്ത്ര്യം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. യഥാർത്ഥത്തിൽ സ്ത്രീക്ക് വിമോചനം നൽകിയത് ഏത് ദർശനമാണ്?

ആധുനികതയുടെ സൃഷ്ടിയാണ് ഫെമിനിസം. ആദ്യ കാലങ്ങളില്‍ സ്ത്രീ പുരുഷ അന്തരം ഇല്ലാതാക്കാനും സ്ത്രീകൾക്കെതിരെയുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കാനുമാണ് ഫെമിനിസം ഉണ്ടായതെങ്കിൽ പിന്നീട് പുരുഷാധിപത്യ ഉന്മൂലനത്തിനും പരിപൂർണ സ്ത്രീ പുരുഷ സമത്വത്തിനും പ്രവർത്തിച്ചു. ഇക്കാലത്ത് ഫെമിനിസം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് സ്വതന്ത്ര ലൈംഗികതക്ക് വേണ്ടിയാണ്. അതിനെയാണ് അവർ വിമോചനം എന്ന് വിളിക്കുന്നത്.

എന്നാല്‍ ഇസ്‌ലാം സ്ത്രീയെ ആദരിക്കുകയും മറ്റേത് ദർശനങ്ങൾക്കും എത്തിക്കാൻ കഴിയാത്ത ഉന്നത സ്ഥനത്ത് അവളെ പ്രതിഷ്ടിക്കുകയും ചെയ്തു. ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച് പരിശോധിക്കേണ്ടത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിലും സുന്നത്തിലുമാണ്. വളരെ ചെറിയൊരുദാഹരണമെടുക്കാം. ഇസ്‌ലാമിന്റ മുമ്പ് ജാഹിലിയാ കാലഘട്ടത്തിലെ അറബികൾ പെൺ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുമായിരുന്നു. ഇതിനെതിരെ ഖുർആൻ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു. “താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടതെന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് ചോദിക്കപ്പെടുമ്പോൾ (സൂറത്തു തക്‌വീർ 8, 9) ഈയൊരു ചോദ്യത്തിലൂടെ പെൺ ശിശുഹത്യ നടത്തുന്ന പിതാവിന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കുകയാണ് ഖുർആൻ ചെയ്തിട്ടുള്ളത്. ചില വേദങ്ങളിലെല്ലാം ആദ്യ പാപം ചെയ്യാനായി ആദമിനെ പ്രേരിപ്പിച്ചത് സ്ത്രീയാണെന്ന് കാണാം. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ പിശാച് അവരെ ഇരുവരെയും പിഴപ്പിച്ചു. അങ്ങനെ അവർ രണ്ടു പേരും കുറ്റക്കാരായി എന്നാണ്. ഇത്തരത്തിൽ സ്ത്രീയെ അവമതിക്കുന്ന യാതൊരു പരാമർശവും ഖുർആൻ നടത്തിയിട്ടില്ല. ഒരിക്കൽ നബി(സ)യോട് ഒരു സ്വഹാബി, തന്റെ നല്ല സഹവാസത്തിന് ഏറ്റവും കൂടുതൽ അർഹനാവേണ്ടത് ആരെന്ന ചോദ്യത്തിന് നബി(സ) നൽകിയ മറുപടി നിന്റെ മാതാവ് എന്നായിരുന്നു. അങ്ങനെ മൂന്നു തവണ ആവർത്തിച്ചതിന് ശേഷമാണ് നിന്റെ പിതാവ് എന്ന് പറഞ്ഞത്. മറ്റൊരിക്കൽ നബി (സ) പറഞ്ഞു: “മൂന്ന് പെൺകുട്ടികളേയോ മൂന്ന് സഹോദരിമാരേയോ ഒരാൾ നന്നായി പോറ്റിയാൽ ആ പെണ്‍കുട്ടികൾ അയാളെ നരകത്തിൽ നിന്ന് സംരക്ഷിക്കുന്ന മറയായി വർത്തിക്കും.” ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ജീവിതലക്ഷ്യമാണ് നരക മോചനവും സ്വർഗ പ്രവേശനവും. ഈ മഹത്തായ ലക്ഷ്യം കൈവരിക്കാൻ തന്റെ കീഴിലുള്ള സ്ത്രീയോട് നന്നായി വർത്തിച്ചാൽ തന്നെ മതിയാകും എന്നാണ് ഇസ്‌ലാം പറയുന്നത്. ഖലീഫ ഉമർ (റ) പറഞ്ഞു: “ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു സ്ഥാനവും കൽപ്പിച്ചിരുന്നില്ല. ഇസ്‌ലാമാണ് ചില ബാധ്യതകളുണ്ടെന്ന് മനസ്സിലാക്കിയത്.”

മുസ്‌ലിം സ്ത്രീ ഏറ്റവും കൂടുതല്‍ വിമർശിക്കപ്പടുന്നത് അവളുടെ പർദ്ദയിലൂടെയാണ്. സ്ത്രീയെന്നാൽ അവളുടെ ശരീര സൗന്ദര്യം മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കുകയും അവളെ വസ്ത്രത്തിനകത്തു നിന്ന് പുറത്തു കൊണ്ടു വരികയും ചെയ്യുന്നത് എന്തിനാണ്? പുരുഷന്റെ കാമാർത്തമായ കണ്ണുകളെ സംതൃപ്തിപ്പെടുത്താനുള്ള ‘വസ്തുവായി’ സ്ത്രീയെ ഗണിച്ചിരിക്കുകയാണ്. സ്ത്രീ തന്റെ വസ്ത്രത്തിന്റെ അളവ് കുറക്കുകയും ശരീരം പരമവധി പുറത്തു കാണിക്കുകയും ചെയ്യുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നത്. സ്വതന്ത്ര ലൈംഗികതയിലൂടെ സ്ത്രീയാണ് അടിച്ചമർത്തപ്പെടുന്നത്. പിതാവാരെന്നറിയാത്ത
സന്താനങ്ങൾ സമൂഹത്തിൽ അധികരിക്കുന്നതിലൂടെ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാശ്ചാത്യൻ നാടുകൾ ഇന്നത് വിളിച്ചു പറയുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാൽ ഇസ്‌ലാം ഇത്തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങൾ ഇല്ലാതാക്കാനും സ്ത്രീയെ സംരക്ഷിക്കാനും വേണ്ടിയാണ് അവളോട് തന്റെ മുഖവും മുൻ കയ്യും ഒഴികെയുള്ള ഭാഗങ്ങൾ മറയ്ക്കുവാനും തന്റെ ശരീരത്തിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് വെളിവാക്കാതിരിക്കാതിരിക്കാനും കൽപ്പിച്ചത്. ഖുർആൻ പറയുന്നൂ: “സത്യവിശ്വാസികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്താനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്തു സൂക്ഷിക്കാനും അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടു കെള്ളട്ടെ. അവരുടെ ഭർത്താക്കൻമാർ, പഠിതാക്കൾ, ഭർത്തൃപിതാക്കൾ, പുത്രൻമാർ, ഭർത്തൃപുതൃൻമാർ സഹോദരൻമാർ, സഹോദര പുത്രൻമാർ, സഹോദരീ പുത്രൻമാർ, മുസ്‌ലിംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈ ഉടമപ്പെടുത്തിയവർ, ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പ്രചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്. തങ്ങൾ മറച്ചു വെക്കുന്ന അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. (സൂറത്തു നൂർ: 31) ഇത്തരത്തില്‍ സ്ത്രീ തന്റെ സൗന്ദര്യം അന്യ പുരുഷന്മാരുടെ മറച്ചു വയ്ക്കുന്നതിലൂടെ എല്ലാവർക്കും ആസ്വദിക്കാനുള്ള ‘വസ്തുവല്ല’ ഞാനെന്ന് പ്രഖ്യാപിക്കുകയാണ്. അതൊരിക്കലും അവളെ അടിച്ചമർത്തലല്ല. മറിച്ച് പല തരത്തിലുള്ള പീഡനങ്ങളിൽ നിന്നും അവളെ മോചിപ്പിക്കലാണ്. ഇവിടെ ഇസ്‌ലാം പ്രഖ്യാപിക്കുകയാണ് ‘സ്ത്രീയെന്നാൽ അവളുടെ ശരീരം മാത്രമല്ല, അവളുടെ വ്യക്തിത്വമാണ്’.

മുതലാളിത്തത്തിന്റെ കടന്നു വരവോടെ ലൈംഗിക സ്വാതന്ത്ര്യമാണ് സ്ത്രീ സ്വാതന്ത്രമെന്ന് പ്രചരിപ്പിക്കപ്പെട്ടു. അതോടെ ഉപഭോഗ സംസ്കാരം വളരുകയായിരുന്നു. സാഹിത്യങ്ങള്‍, ഹോളിവുഡ് സിനിമകൾ, ഫാഷൻ ട്രെൻഡുകൾ തുടങ്ങിയവയെല്ലാം അവിവാഹിത ലൈംഗികതയെ മഹത്വവൽക്കരിക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നു. ഇന്ന് ഏത് ചരക്കും വിൽക്കപ്പടാൻ സ്ത്രീ നഗ്നതയെയാണ് പരസ്യമാക്കുന്നത്. കാരണം സാധനങ്ങൾ വാങ്ങാനുള്ള പണത്തിന്റെ പ്രധാന പങ്കും പുരുഷന്റെ കയ്യിലാണല്ലോ. സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനക്കും പ്രധാന ഉപഭോക്താക്കളായ സ്ത്രീകളെ ആകർഷിക്കാനായി സ്ത്രീ നഗ്നത തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിലൂടെയെല്ലാം സ്ത്രീ തന്നെയാണ് അടിച്ചമർത്തപ്പെടുന്നതെന്ന് സ്ത്രീ സമൂഹമേ നിങ്ങളെന്ന് മനസ്സിലാക്കും? സ്ത്രീകളെന്ന നിലയില്‍ ആദരിക്കപ്പെടാൻ ഒരു സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ മറ്റൊരുദിശയിലേക്ക് നോക്കേണ്ടിയിരിക്കുന്നു. അതാണ് മുസ്‌ലിം സ്ത്രീകൾ. ഫെമിനിസ്റ്റ് ചിന്തകളിൽ നിന്ന് മാറി നിന്നു കൊണ്ട് സ്വയം വിമോചിതയാവാൻ അവൾക്ക് ആർജവമുണ്ട്. നീചരായ സ്ത്രീകളെ പോലെയല്ല തങ്ങളെന്നും ചാരിത്ര്യശുദ്ധി കാത്തു സൂക്ഷിക്കുന്നവളാണെന്നും തിരിച്ചറിയാനാണ് ഇസ്‌ലാം അവൾക്ക് പർദ്ദയെന്ന വസ്ത്രം നൽകിയത്.

കുടുംബത്തെ ഉന്മൂലനം ചെയ്യലും ലിംഗപരമായ പ്രാധാന്യം ഇല്ലാതാക്കലും ഫെമിനിസത്തിന്റെ പ്രധാന അജണ്ടയാണ്. ഇതിനായി സ്വവർഗഭോഗത്തേയും ക്രമരഹിതമായ ലൈംഗിക ബന്ധങ്ങളെയും അവർ പ്രോത്സാഹിപ്പിച്ചു. വിവാഹത്തിലൂടെയാണ് കുടുംബം സ്ഥാപിതമാകുന്നത്. വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ അവജ്ഞയോടെയാണ് ഫെമിനിസം നോക്കിക്കാണുന്നത്. വിവാഹം സ്ത്രീയെ അിച്ചമർത്താനുള്ള മാർഗമായിട്ടാണ് അവർ ഗണിക്കുന്നത്. “വിവാഹം നിലനിൽക്കുന്നത് പുരുഷന്റെ ഗുണത്തിനാണ്. അത് സ്ത്രീകളെ നിയന്ത്രിക്കാനുള്ള നിയമാനുസൃത മാർഗമാണ്. “-ഡിക്ലറേഷൻ ഓഫ് ഫെമിനിസം. 1971. വിവാഹം ഉന്മൂലനം ചെയ്യപ്പെടുന്നതിലൂടെ ഒരു സമൂഹത്തിന്റെ ശാന്തിയാണ് നഷ്ടപെടുന്നത്. സ്ത്രീകൾ പലവിധത്തിലും പീഡനത്തിനിരയാവുകയും ചെയ്യുന്നു. ഭീകരമായ പല രോഗങ്ങളും പടർന്നു പിടിക്കാനും സ്വതന്ത്ര ലൈംഗികത കാരണമാകുന്നു. ഇതിലൂടെ സ്ത്രീ വിമോചനമല്ല സ്ത്രീയെ അടിച്ചമർത്തലാണ് നടക്കുന്നത്. എന്നാൽ ഇസ്‌ലാം വിവാഹത്തെ ഒരു ആരാധനാ കർമമായിട്ടാണ് പരിചയപ്പെടുത്തുന്നത്. അവിവാഹിത ലൈംഗിക ബന്ധങ്ങളെ മഹാ പാപമായിട്ടും. ഖുർആൻ പറയുന്നു. “അല്ലാഹു നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ഠിച്ചു തന്നു. അവരിലേക്ക് നിങ്ങൾ അണഞ്ഞു കൂടുന്നതിനു വേണ്ടി. നിങ്ങൾ തമ്മിൽ സ്നേഹവും കാരുണ്യവും അവൻ ഉണ്ടാക്കുകയും ചെയ്തു. (സൂറത്തു റൂം: 21) സമാധാനപരമായ കുടുംബജീവിതമാണ് സമൂഹത്തിന്റെ ഭദ്രത നിർണയിക്കുന്നത്. നബി (സ) പറഞ്ഞു. “യുവജനങ്ങളേ, നിങ്ങളിൽ വിവാഹച്ചെലവു വഹിക്കാന്‍ കഴിവുള്ളവർ വിവാഹിതരാവുക. അത് മറ്റെന്തിനേക്കാളും കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗികാവയവങ്ങളെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. കഴിവില്ലാത്തവർ വ്രതം ആചരിക്കട്ടെ. അത് വികാരതീക്ഷണത കുറയ്ക്കും”. വിവാഹ സമയത്ത് പുരുഷന്‍ സ്ത്രീക്ക് മഹ്റ്(വിവാഹ ദ്രവ്യം) കൊടുക്കണമെന്ന് ഇസ്‌ലാം നിർബന്ധമാക്കി.” സ്ത്രീകൾക്ക് അവരുടെ വിവാഹദ്രവ്യം നിങ്ങൾ മനസംതൃപ്തിപ്പെട്ട് കൊടുക്കണം. എന്നാല്‍ അതില്‍ വല്ലതും അവർ നിങ്ങൾക്ക് സ്വമേധയാ ഇഷ്ടപ്പെട്ടു തന്നാൽ സന്തോഷമായും സുഖമായും അത് നിങ്ങൾ തിന്നു കൊള്ളുക “(സൂറത്തു നിസാഅ് 4) ഈ ആയത്തിലൂടെ വിവാഹ ദ്രവ്യത്തിന്റെ പൂർണ അവകാശം സ്ത്രീക്കാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അത് ഉപയോഗിക്കുവാൻ ഭർത്താവിനോ പിതാവിനോ യാതൊരു അവകാശവുമില്ല. സ്ത്രീയെ പുരുഷന്റെ അടിമയാക്കുന്ന കർമമല്ല വിവാഹം. ഖുർആൻ പറയുന്നു: അവരുടെ (സ്ത്രീകളുടെ) കടമകൾക്കു തുല്യം ന്യായമായ അവകാശങ്ങളും അവർക്കുണ്ട്. (സൂറത്തുൽ ബഖറ: 228) വളരെ മഹത്തായ ആശയമുൾക്കൊള്ളുന്ന വചനമാണിത്. എല്ലാ അവകാശങ്ങളും സ്ത്രീയും പുരുഷനും തുല്യമാണെന്നുള്ള ഒരു സമഗ്ര തത്ത്വമാണിത്. പുരുഷൻമാർ ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറാൻ ഇസ്‌ലാം കൽപ്പിക്കുന്നു. “നല്ല നിലക്ക് ഭാര്യമാരോട് നിങ്ങൾ പെരുമാറണം” (സൂറത്തു നിസാഅ് 19) ഭാര്യ ഭർത്താവിന്റെ അടിമയല്ല. സ്വസ്തതയും സമാധാനവും പ്രദാനം ചെയ്യുന്ന ഇണയാണെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു.

ഇസ്‌ലാമിക വിവാഹ സമ്പ്രദായം സ്ത്രീയെ അടിച്ചമർത്തുകയല്ല. അവൾക്ക് താങ്ങും തണലും സ്നേഹവും ലഭിക്കാനുള്ള ഒരിടമൊരുക്കുകയാണ്. കിടപ്പറകൾ മാറിയുള്ള ലൈംഗിക അരാജകത്വത്തിന് ഇസ്‌ലാം വിവാഹത്തിലൂടെ അറുതി വരുത്തുകയാണ്. വിവാഹ ജീവിതം തൃപ്തികരമല്ലെങ്കിൽ വിവാഹ ബന്ധം വേർപിരിയാനുള്ള അവകാശവും ഇസ്‌ലാം നൽകുന്നു. ഭർത്താവിന് ഭാര്യയെ ത്വലാഖ് ചെയ്യാമെന്ന പോലെ ഭാര്യക്ക് ഭർത്താവിനേയും ഉപേക്ഷിക്കാം. ഇതിനെ സാങ്കേതികമായി ‘ഖുൽഅ്’ എന്ന് പറയുന്നു. ഇത്തരത്തില്‍ സ്ത്രീയെ ഏറെ ആദരിച്ച ദർശനമാണ് ഇസ്‌ലാം.

സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി നെട്ടോട്ടമോടിക്കൊണ്ടിരിക്കുകയാണിന്ന് ഫെമിനിസം. യഥാർത്ഥത്തിൽ സ്ത്രീയും പുരുഷനും സമമല്ല. പക്ഷേ അവർ പരസ്പരാശ്രിതരാണ്. സ്ത്രീക്ക് അവളുടേതായ മഹത്വങ്ങളും കുറവുകളുമുണ്ട്. അങ്ങനെയിരിക്കെ എങ്ങനെയാണ് പുരുഷൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും അവൾക്ക് ചെയ്യാൻ കഴിയുക ? സ്ത്രീയുടെ ഏതെങ്കിലും പ്രധാനപ്പെട്ട ജോലി പുരുഷന് ചെയ്യാൻ കഴിയുമോ?
ഗൃഹപരിപാലനം, കുട്ടികളെ വളർത്തൽ, ഗർഭധാരണം തുടങ്ങി സ്ത്രീയുടേതായ ബാധ്യതകൾക്ക് പുറമെ സാമൂഹിക പ്രശ്നങ്ങളിലിടപെടാനും കുടുംബത്തിന്റെ വരുമാനത്തിനായി അധ്വാനിക്കാനും പുരുഷന്റെ മറ്റു ബാധ്യതകൾ കൂടി അവളെ ഏൽപ്പിക്കുന്നതിനെ സമത്വം എന്നല്ല അക്രമം എന്നാണ് പറയേണ്ടത്. മനുഷ്യർക്കിടയിൽ ഇത്തരത്തിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സ്രഷ്ടാവായ അല്ലാഹുവിന്റെ അടുത്ത് യാതൊരു അസമത്വവുമില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അടുത്ത് സ്ത്രീ പുരുഷ സമത്വം പ്രഖ്യാപിക്കുക വഴി ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നു. ഖുർആൻ പറയുന്നു: “സൽക്കർമമനുഷ്ടിക്കുന്നവരാരോ പുരുഷനാകട്ടെ സ്ത്രീയാകട്ടെ അവൻ സത്യ വിശ്വാസിയാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗത്തിൽ പ്രവേശിക്കുന്നവർ” (സൂറത്തു നിസാഅ് 124) ശാരീരികമായും മാനസികമായും ഒരുപാട് വ്യത്യാസങ്ങൾ സ്ത്രീ പുരുഷൻമാർ തമ്മിൽ നിലനിൽക്കെ തന്നെ അവർക്ക് ഇസ്‌ലാം തുല്യ അവകാശം നൽകുന്നു. സ്വത്ത് കൈവശം വെക്കാനും കരാറുകളിൽ ഏർപ്പെടാനും പുരുഷന്മാരെ പോലെ മുസ്‌ലിം സ്ത്രീക്കും അവകാശമുണ്ട്. പിതാവിനോ ഭർത്താവിനോ അതിൽ യാതൊരു കൈകടത്തലും നടത്താൻ ഇസ്‌ലാം അനുവദിക്കുന്നില്ല. സ്ത്രീക്ക് സ്വത്തുണ്ടെങ്കിലും ഭർത്താവ് അവൾക്കും കുടുംബത്തിനും ചെലവിനു പണം കൊടുക്കണം എന്നതാണ് ഇസ്‌ലാമിക നിയമം.

“പതിനാല് ശതാബ്ദങ്ങളായി ഇതാണ് മുസ്‌ലിം സ്ത്രീയുടെ സ്ഥിതി. അതേസമയം യൂറോപ്യൻ വനിതകളുടെ സ്ഥിതി നോക്കൂ: മിക്ക യൂറോപ്യൻ നാടുകളിലും വിവാഹത്തോടെ സ്ത്രീയുടെ സകല ആസ്തിയവകാശങ്ങളും ഭർത്താവിലേക്ക് നീങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ നിയമദൃഷ്ട്യാ ഭാര്യയെയും ഭർത്താവിനെയും ഒറ്റക്കക്ഷിയായിട്ടാണ് ഗണിച്ചിരുന്നത്. അവൾക്ക് തനിച്ച് കൈവശാവകാശത്തിന്നോ സാമ്പത്തിക കൈ കാര്യത്തിന്നോ അധികാരമുണ്ടായിരുന്നില്ല. പിന്നീട് വിവാഹിതകൾക്ക് കൈവശാവകാശം അനുവദിച്ചുകൊണ്ടു എ.ഡി. 1882 ൽ നിയമം വന്നു. ഇതോടെ മുമ്പില്ലാത്ത അവകാശം അവൾക്ക് കിട്ടി. സ്വന്തം ആസ്തിയിൽ കവിയാത്ത കരാറുകൾക്കും ബാധ്യതകൾക്കും അവൾ ഉത്തരവാദിയാണെന്നുവന്നു. പക്ഷെ ഭാര്യയുടെ കൈകാര്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു ഈ നിയമം ഭർത്താവിനെ ഒഴിച്ചു നിർത്തിയില്ല. ഭാര്യയെ പ്രതിചേർത്തോ ഭർത്താവിനെക്കൂടി ഉൾപ്പെടുത്തിയോ വ്യവഹാരപ്പെടാൻ അന്യായക്കാരന്നു സ്വാതന്ത്ര്യമുണ്ട്. ഭാര്യയുടെ പേരിൽ സ്വത്തില്ലെങ്കിൽ അവളുടെ കൈകാര്യത്തിന്റെ ഉത്തരവാദി എന്ന നിലക്ക് ഭർത്താവിന്റെ പേരിൽ കേസ്സുകൊടുക്കാൻ അന്യായക്കാരന്നു കഴിയും. ഫ്രാൻസിൽ വിവാഹിതയായ സ്ത്രീക്ക് ചെക്ക് ഒപ്പിടുക, ബേങ്കിൽ കറന്റ് അക്കൗണ്ട് തുടങ്ങുക. പണമുടമ്പടിയിൽ ഒപ്പുവെക്കുക. കോടതിയുടെ അനുവാദമില്ലാതെ അനന്തരസ്വത്ത് നേരിട്ട് കൈവശം വെക്കുക എന്നിവ തടഞ്ഞുകൊണ്ട് ഫ്രഞ്ച് നിയമപത്രിക 1938 ഫെബ്രുവരി 20നു കല്പന പ്രസിദ്ധപ്പെടുത്തി. ഈ വിവരണത്തിന്റെ വെളിച്ചത്തിൽ സ്ത്രീക്ക് സാമ്പത്തികാവകാശം നൽകലാണ് ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീസ്വാതന്ത്ര്യമെങ്കിൽ ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടു മുതൽ മുസ്‌ലിം സ്ത്രീക്ക് ഈ സ്വാതന്ത്ര്യം അനുഭവിക്കാൻ വകയുണ്ട്.” (അഫീഫ് എ എഫ് ത്വബ്ബാറയുടെ ഇസ്‌ലാമിക ചൈതന്യം പേ:465)

സാമ്പത്തിക കൈകാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നൽകുന്ന ഇസ്‌ലാം അനന്തരാവകാശത്തിൽ സമത്വം കൽപിച്ചിട്ടില്ല. സ്ത്രീയുടെ ഇരട്ടി പുരുഷനു കിട്ടും. നീതി പൂർണമായ ഒരു തത്ത്വം ഇതിൽ അടങ്ങിയിരിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭാരം ചുമക്കേണ്ടത് പുരുഷനാണ്. എന്നാൽ സ്ത്രീക്ക് സാമ്പത്തിക ചുമതല ഒന്നും നൽകിയിട്ടില്ലെങ്കിലും പുരുഷന് കിട്ടുന്നതിന്റെ പകുതി അവൾക്ക് നൽകുന്നതിലൂടെ ഇസ്‌ലാം സ്ത്രീക്ക് വലിയ വിമോചനം ആണ് നൽകുന്നത്. പുരുഷനും സ്ത്രീക്കുമിടയിൽ സമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്താനും കുടുംബഭാരം വഹിക്കുന്ന പുരുഷനോട് അനീതി ചെയ്യാതിരിക്കാനും വേണ്ടിയത്രെ ഇത്.

മുസ്‌ലിം വനിതയുടെ സ്ഥിതിയെക്കുറിച്ച് ഡോക്ടർ ഗോസ്റ്റഫ് ലോബനി(1041–1931) ന്റെ വാക്കുകളോടെ ഈ ലേഖനത്തിന്നു വിരാമമിടാം

അദ്ദേഹം രേഖപ്പെടുത്തുന്നു. സ്ത്രീയുടെ പുരോഗതിയിൽ ക്വുർആൻ വഹിച്ച പങ്ക് ഗ്രഹിക്കണമെങ്കിൽ അറബികളുടെ സുവർണ്ണയുഗത്തിൽ അവളുടെ സ്ഥിതി പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനിക യൂറോപ്പിൽ സ്ത്രീകൾക്കുള്ള സ്ഥാനമാണ് അന്നു സ്ത്രീകൾക്കുണ്ടായിരുന്നതെന്നു ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിനിലെ അറബികളിൽ നിന്നാണ് സദ്ഗുണങ്ങളും സദാചാരങ്ങളും യൂറോപ്പ് പകർത്തിയത്. സ്ത്രീയെ ആദരിക്കുക എന്ന ശീലം യൂറോപ്യർ അറബികളിൽ നിന്നാണ് പഠിച്ചതെന്നു മുൻ അധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. ഇസ്‌ലാമാണ് ക്രിസ്തുമതമല്ല വാസ്തവത്തിൽ സ്ത്രീയെ അധോഗതിയിൽ നിന്നു കൈപിടിച്ചു കയറ്റിയത്. മധ്യനൂറ്റാണ്ടുകളിലെ ക്രൈസ്തവ നാടുവാഴികളുടെ ചരിത്രം പരിശോധിക്കുമ്പോൾ അവർ സ്ത്രീകൾക്ക് തെല്ലും വില കൽപിച്ചിരുന്നില്ലെന്നു കാണാം. സ്ത്രീകളോട് മാന്യമായി പെരുമാറാൻ ക്രിസ്ത്യാനികൾ അറബികളെ കണ്ടു പഠിക്കുന്നതിനുമുമ്പ് നാടുവാഴിത്ത യുഗത്തിൽ പുരുഷൻമാർ അവരോട് ക്രൂരമായ നയമാണ് അനുവർത്തിച്ചിരുന്നതെന്നു ചരിത്രകൃതികൾ തെളിവുതരുന്നു.

പിന്തുടർച്ചാവകാശഭരണം നിലവിൽ വന്നപ്പോൾ, തുർക്കികളുടെ കാലത്ത് പ്രത്യേകിച്ചും അറണി സംസ്കാരത്തിന്റെ പ്രഭ മങ്ങിത്തുടങ്ങി. ഇക്കാലത്ത് സ്ത്രീകളുടെ സ്ഥിതിക്ക് കോട്ടം തട്ടി. എന്നിട്ടും അവരുടെ ഇന്നത്തെ അവസ്ഥ യൂറോപ്യൻ വനിതകളെ അപേക്ഷിച്ച് മെച്ചമാണന്നു പിറകെ ഞാൻ വ്യക്തമാക്കാം.

‘സ്ത്രീകളുടെ സ്ഥിതിക്ക് കോട്ടം തട്ടിയത് ഖുർആന്റെ നയത്തിന്നു വിരുദ്ധമായിട്ടാണെന്നും ക്വുർആൻ അതിന്നു ഉത്തരവാദിയല്ലെന്നും മുൻ വിവരണത്തിൽ നിന്നു തെളിയുന്നു. സ്ത്രീയുടെ പദവി വളരെയേറെ ഉയർത്തിയ ഇസ്‌ലാം അവരുടെ അധോഗതിയിൽ നിരപരാധിയാണെന്നു ഇവിടെ ആവർത്തിച്ചു പറയട്ടെ ഈ അഭിപ്രായം ഉറക്കെ പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ഞാൻ, കോസ്സിൻഡി പർസ് വാളും പാർട്ട്ലമിസൺഹീലറും മുമ്പ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചവരാണ് (അത് സംസ്കാരം പേ. 429)

print

5 Comments

  • 👍👍

    Shifa 29.09.2021
  • വളരെ വളെരെ നന്നായി മാശാ അല്ലാഹ് ഇനിയും മെച്ചപ്പെടുത്തുക

    Gafoorputhalath 29.09.2021
  • വളരരെ നല്ല വിവരണം…. സ്ത്രീകളുടെ മഹത്വം നന്നായി വിവരിച്ചു… ഇനിയും എഴുതുക….

    Musfira PP 30.09.2021
  • വളരെ നല്ല രചന.. സ്ത്രീകളുടെ മഹത്വത്തെ പറ്റിയും ഇസ്ലാമിൽ അവരുടെ സ്ഥാനത്തെ
    പറ്റിയും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു.ഇനിയും എഴുതുക… അല്ലാഹു അനുഗ്രഹിക്കട്ടെ
    .
    جزاك الله خيرا في العالمين

    Musfira PP 30.09.2021
  • Mashallah
    Alhamdulillah
    Super
    കൂടുതൽ ലേഖനങ്ങൾ എഴുതാൻ അല്ലാഹു തൗഫിക്ക് ചെയ്യെ ട്ടെ ആമീൻ

    Ayisha paloth 30.09.2021

Leave a Reply to Gafoorputhalath Cancel Comment

Your email address will not be published.