പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?

//പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?
//പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?
ആനുകാലികം

പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?

മേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പബ്ലിക് സ്കൂളുകളിലെ സയന്‍സ് ക്ലാസുകളില്‍ എവല്യൂഷന്‍ തിയറി(പരിണാമ സിദ്ധാന്തം)ക്ക് പകരം Intelligent Design (ബുദ്ധിപൂര്‍വമായ രൂപസംവിധാനം), Creationism(സൃഷ്ടിവാദം) എന്നിവ പഠിപ്പിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ഓറിഗണ്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഫിസിക്സ് ബിരുദധാരിയായ ബോബി ഹെന്‍ഡെഴ്സണ്‍ എന്ന ഇരുപത്തിനാലുകാരന്‍ നിരീശ്വരവാദി 2005 ജനുവരിയില്‍ കാന്‍സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന് ഒരു കത്തെഴുതി. പറക്കുന്ന Spaghetti എന്ന നൂഡില്‍സാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്നും ഈ ചിന്താധാര ഉള്‍ക്കൊള്ളുന്ന Flying Spaghetti Monsterism വും സൃഷ്ടിവാദത്തിന്‍റെയും പരിണാമസിദ്ധാന്തത്തിന്‍റെയും കൂടെ പഠിപ്പിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. സൃഷ്ടിവാദത്തെ പരിഹസിക്കാന്‍ വേണ്ടിയായിരുന്നു കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവമായ Spaghetti എന്ന നൂഡില്‍സിനെ അദ്ദേഹം പ്രപഞ്ചസ്രഷ്ടാവായി ചിത്രീകരിച്ചത്. കത്തിന് മറുപടി ലഭിക്കാതിരുന്നപ്പോള്‍ ഹെന്‍ഡെഴ്സണ്‍ അത് തന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പല ബ്ലോഗര്‍മാരും വെബ്സൈറ്റുകളും ഇതിന്‍റെ പ്രചാരണം ഏറ്റെടുത്തതോടെ സൃഷ്ടിവാദത്തെ പരിഹസിച്ചുകൊണ്ടുള്ള ഹെന്‍ഡെഴ്സണിന്‍റെ ചിന്താധാരക്ക് പ്രസിദ്ധി ലഭിച്ചു. തുടര്‍ന്ന് ദ ന്യൂയോര്‍ക്ക് ടൈംസ്, ദ വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ചിക്കാഗോ സണ്‍ ടൈം തുടങ്ങിയ പത്രങ്ങള്‍ ഹെന്‍ഡെഴ്സണിന്‍റെ കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. വൈകാതെ ഈ ചിന്താധാരക്ക് അനുയായികള്‍ വര്‍ധിച്ചു. ഇതാണ് പാസ്റ്റാഫറിയനിസം, ചര്‍ച്ച് ഓഫ് ഫ്ളയിങ് സ്പെഗറ്റി മോണ്‍സ്റ്റാര്‍, ഫ്ളയിങ് സ്പെഗറ്റി മോണ്‍സ്റ്ററിസം തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടത്.

സൃഷ്ടിവാദത്തെ പരിഹസിച്ച് ആരംഭിച്ച ഈ ആശയം പിന്നീട് മതങ്ങളിലെ മുഴുവന്‍ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്നതിലേക്ക് വ്യാപിച്ചു. Flying Spaghetti Monstar നെ കുറിച്ച് പത്രങ്ങളില്‍ വന്ന ലേഖനങ്ങളില്‍ ആകൃഷ്ടരായി ചില പ്രസിദ്ധീകരണ വിഭാഗക്കാര്‍ ഇതേക്കുറിച്ച് പുസ്തകമിറക്കാന്‍ ഹെന്‍ഡെഴ്സനെ സമീപിച്ചു. തുടര്‍ന്ന് 2006 മാര്‍ച്ച് 28-ന് മതഗ്രന്ഥങ്ങളെ പരിഹസിച്ചു കൊണ്ട് പാസ്റ്റാഫറിയനിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം ‘The Gospel of Flying Spaghetti Monster’ ബോബി ഹെന്‍ഡെഴ്സണ്‍ രചിച്ചു. ഈ ഗ്രന്ഥത്തിന്‍റെ ഒരു ലക്ഷം കോപ്പികള്‍ വിറ്റതായി അദ്ദേഹത്തിന്‍റെ വെബ്സൈറ്റ് അവകാശപ്പെടുന്നു. 2010-ല്‍ ക്രൈസ്തവരുടെ ബൈബിളിനോട് സമാനമായ ‘The Loos Canon’ എന്ന പുസ്തകം ‘Church Flying Spaghetti Monster’ന്‍റെ മറ്റൊരു വിശുദ്ധ ഗ്രന്ഥമായി രചിക്കപ്പെട്ടു. വെള്ളിയാഴ്ച ഇവരുടെ വിശുദ്ധ ദിനമായും ആചരിക്കുന്നു. അതുപോലെ Passover (പെസഹ) Pastover എന്ന പേരിലും Ramadan (റമദാന്‍) Remendan എന്ന പേരിലും ഇവര്‍ ആചരിക്കുന്നു. ക്രിസ്തുമസിന്‍റെയും ജൂതരുടെ ആഘോഷമായ ഹാനക്കയുടെയും സമയത്ത് ‘Holiday’ എന്ന പരിഹാസ പരിപാടികള്‍ നടത്തുന്നു. ക്രിസ്തുമസ് ആശംസകള്‍ നടത്തുന്നതു പോലെ ‘Happy Holidays’ എന്ന ആശംസകള്‍ ഇവര്‍ നടത്താറുണ്ട്. 2005 ഓഗസ്റ്റില്‍ നിക്ലാസ് ജോണ്‍സണ്‍ എന്ന സ്വീഡന്‍ ചിത്രകാരന്‍ ‘ആദമിന്‍റെ സൃഷ്ടി’ എന്ന മൈക്കലാഞ്ചലോയുടെ ചിത്രത്തെ പരിഹസിച്ച് ദൈവത്തിന്‍റെ സ്ഥാനത്ത് flying speghetti monster ചിത്രീകരിച്ചു പടം വരച്ചു. ഇത്തരത്തില്‍ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഹാസ്യമായി അവതരിപ്പിക്കുന്ന പാസ്റ്റാഫറിയനിസം ബെര്‍ട്രാന്‍റ് റസ്സലിന്‍റെ ‘ചായക്കപ്പ്’ (Russel’s teapot)ന്‍റെ ആധുനിക രൂപമായാണ് കണക്കാക്കുന്നത്.

ആഗോളതലത്തില്‍ മതവിമര്‍ശനത്തിന് ഉപയോഗിക്കുന്ന രീതികള്‍ നിരീക്ഷിക്കുന്ന കേരളത്തിലെ യുക്തിവാദികള്‍ പാസ്റ്റാഫറിയനിസത്തെ കേരളീയ പശ്ചാത്തലത്തില്‍ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തിലെ ‘ഡിങ്കനി’ ലൂടെ അവതരിപ്പിക്കുകയായിരുന്നു. പ്രപഞ്ചം സൃഷ്ടിച്ചത് ഡിങ്കനാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വിശ്വാസം. പാസ്റ്റാഫറിയനിസത്തെ പോലെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഹാസ്യരൂപത്തില്‍ വിമര്‍ശിക്കുക എന്നതാണ് ഡിങ്കോയിസത്തിന്‍റെ ലക്ഷ്യം. ഡിങ്കന്‍റെ വാസസ്ഥലമായ പങ്കിലക്കാടും എലിപ്പൊത്തും പുണ്യസ്ഥലമായും ഡിങ്കന്‍റെ ഇഷ്ടഭക്ഷണമായ കപ്പ ദിവ്യ വസ്തുവായും ഡിങ്കോയിസ്റ്റുകള്‍ കണക്കാക്കുന്നു. ഡിങ്കമതം പ്രചരിപ്പിക്കാനുള്ള സേന ‘മൂഷിക സേന’ എന്നാണറിയപ്പെടുന്നത്. ‘ബാലമംഗള’മാണ് ഡിങ്കമതത്തിന്‍റെ വിശുദ്ധഗ്രന്ഥം. മഹാഭാരതത്തിന് പകരം മൂഷിക ഭാരതം, ഉപനിഷത്തുകള്‍ക്ക് പകരം ഡിങ്കോപനിഷത്ത് എന്നിവ പാരഡിയായി നിര്‍മിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ ‘മാഷാഅല്ലാഹ്’ എന്ന് പറയുന്നതിനു പരകം ‘മാഷാഡിങ്കാ’ എന്നു പ്രയോഗിക്കുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് ഡിങ്കോയിസ്റ്റുകള്‍ മതവിമര്‍ശനം നടത്തിയിരുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചലച്ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ഡിങ്കഭക്തരുടെ മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് 2016 ജനുവരി 30-ന് ഈ സിനിമയിലെ പ്രധാന നടന്‍ ദിലീപിന്‍റെ ‘ദേ പുട്ട്’ എന്ന ഭക്ഷണശാലയുടെ മുമ്പില്‍ മൂഷികസേന പ്രതിഷേധം നടത്തിയതോടെ പൊതുരംഗത്ത് കൂടി ഡിങ്കോയിസ്റ്റുകളുടെ പ്രവര്‍ത്തനമാരംഭിച്ചു.

2016 ഫെബ്രുവരി 28-ന് ഡിങ്കോയിസ്റ്റുകള്‍ കൊച്ചിയില്‍ ഡിങ്കമത രോഗശാന്തി ശുശ്രൂഷ നടത്തി. 2016 മാര്‍ച്ച് 20-ന് കോഴിക്കോട് മാനാഞ്ചിറയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് ഡിങ്കോയിസ്റ്റുകള്‍ ഡിങ്കമത സംസ്ഥാന സമ്മേളനം നടത്തുകയും ചെയ്തു. യുക്തിവാദി ഇ. എ. ജബ്ബാര്‍ ഈ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. ഇസ്‌ലാമിലെ ദൈവസങ്കല്‍പത്തെയും പ്രവാചകനെ(സ്വ)യെയും പരിഹസിച്ചു കൊണ്ടുള്ള കോമാളി പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. കപ്പപ്പാട്ട്, ഡിങ്കോപനിഷത്ത് വ്യാഖ്യാനം, ചക്കയേറ്, ജീവന്‍റെ ഉല്‍പത്തി തുടങ്ങിയ മറ്റു പരിഹാസ പരിപാടികളും നടക്കുകയും ചെയ്തു. വാറ്റുകാല്‍ ഡിങ്കാല (ആറ്റുകാല്‍ പൊങ്കാല), ഡിങ്കരാത്രി, ഡിങ്കായണ മാസം, ശ്രീഡിങ്ക ജയന്തി, ഓം ഡിങ്കായ നമ തുടങ്ങിയവ ഹൈന്ദവ ദര്‍ശനത്തെ പരിഹസിക്കാന്‍ ഡിങ്കോയിസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ്. ഹൈന്ദവ സ്വാമിമാരെ പരിഹസിച്ച് ഡിങ്കോയിസ്റ്റു നേതാക്കളുടെ പേര് വക്രീകരിക്കുന്നരീതിയും നിലവിലുണ്ട്. ഡിങ്കാചാര്യ ശ്രീ സമൂസ ത്രികോണാനന്ദമയി സ്വാമികള്‍ പോലുള്ളവ ഉദാഹരണം. മായാവിസമാണ് ഡിങ്കോയിസത്തിന്‍റെ ശത്രു. മായാവിസത്തിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരുവാന്‍ ‘പങ്കിലക്കാട് വാപസിയും’ ഇവര്‍ നടത്തിയിരുന്നു.

2008-ല്‍ ആരംഭിച്ച ഡിങ്കോയിസം കേരളത്തിലെ പ്രധാന നിരീശ്വര പ്രസ്ഥാനമാണ്. അടുത്ത കാലത്തായി ഡിങ്കന് പകരം ‘ങ്യാഹൂ’വാണ് ദൈവമെന്ന് വാദിച്ച് ചില യുക്തിവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. മതവിമര്‍ശനത്തിനും പരിഹാസത്തിനും സംവാദങ്ങള്‍ക്കും വേണ്ടി അറുപതിലധികം ‘ങ്യാഹൂ’ വാട്സാപ്പ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്. താന്തോന്നികളും ആര്‍ഭാടക്കാരുമായി ജീവിക്കാന്‍, സ്വന്തമായി ദൈവങ്ങളും നിയമങ്ങളും സൃഷ്ടിക്കുകയാണ് നിരീശ്വരവാദികള്‍. സമൂഹത്തെ സ്വാധീനിക്കാന്‍ മതരീതികളുടെ കോപ്പിയടിയെ കൂട്ടുപിടിക്കുന്നതാണിത്.

കടപ്പാട് സുന്നിവോയ്‌സ്

print

2 Comments

  • നല്ല ഒരു ആർട്ടിക്കിൾ ആണ്. ഒരു suggestion തോന്നിയത് Conclusion ഒന്നും കൂടി വിപുലീകരിച്ചു അതിന്റെ തിന്മകൾ കൂടി വിലായിരുതമായിരുന്നു

    Sayed 20.06.2019
  • ലേഖകൻ റെ പേരെന്താണ്

    Vaseem 23.06.2019

Leave a Reply to Vaseem Cancel Comment

Your email address will not be published.