പാഠമാവേണ്ട ലിംഗത്വരാഷ്ട്രീയത്തിന്റെ ചരിത്രം

//പാഠമാവേണ്ട ലിംഗത്വരാഷ്ട്രീയത്തിന്റെ ചരിത്രം
//പാഠമാവേണ്ട ലിംഗത്വരാഷ്ട്രീയത്തിന്റെ ചരിത്രം
ആനുകാലികം

പാഠമാവേണ്ട ലിംഗത്വരാഷ്ട്രീയത്തിന്റെ ചരിത്രം

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -2

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർത്ത് സ്വവർഗ ലൈംഗികത മുതൽ മൃഗരതി വരെയുള്ള ഏത് തരം ലൈംഗികതകളും സ്വാഭാവികമാണെന്ന പൊതുബോധത്തെ നിർമ്മിക്കുവാനായി നടത്തുന്ന എല്ലാ വിധത്തിലുള്ള പരിശ്രമങ്ങളെയും ചേർത്ത് വിളിക്കുന്നതാണ് ജെൻഡർ പൊളിറ്റിക്സ് അഥവാ എൽജിബിറ്റി ആക്ടിവിസം. സ്ത്രീയോട് ലൈംഗികാകർഷണം തോന്നുന്ന പുരുഷൻ, പുരുഷനോട് ലൈംഗികാകർഷണം തോന്നുന്ന സ്ത്രീ എന്നിങ്ങനെ പരമ്പരാഗതമായി വ്യവഹരിക്കപ്പെടുന്ന ദ്വന്ദങ്ങളാണ് പ്രകൃതിപരമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമോ ചികിത്സയാവശ്യപ്പെടുന്ന വൈകല്യങ്ങളോ ആണെന്നുമുള്ള ധാരണകൾ തെറ്റാണെന്ന് പ്രചരിപ്പിക്കുകയും പുരുഷനോട് ആകർഷണം തോന്നുന്ന പുരുഷൻ (gay), സ്ത്രീയോട് ആകർഷണം തോന്നുന്ന സ്ത്രീ(lesbian), സ്ത്രീയോടും പുരുഷനോടും ഒരേപോലെ ആകർഷണം തോന്നുന്ന സ്ത്രീ-പുരുഷന്മാർ (bisexuals), പൊതുവ്യവഹാരങ്ങളിൽ വിചിത്രമെന്ന് തോന്നിക്കുന്ന ലൈംഗികാഭിരുചികൾ പ്രകടിപ്പിക്കുന്നവർ(queer) എന്നീ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതാണ് ജെൻഡർ പൊളിറ്റിക്സ് എന്നാണ് അതിന്റെ വക്താക്കളുടെ നിർവ്വചനം.

എന്നാൽ, ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുകാമം, ബാലരതി, മൃഗരതി, ശവരതി, അഗമ്യഗമനം എന്നിവ വരെയുള്ള വൈകൃതങ്ങളായി ഇത്രയും കാലം മനുഷ്യരാശി കരുതിപ്പോന്ന സകലവിധ ലൈംഗികാഭിനിവേശങ്ങളും സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കുകയും അതിനാൽ അവയെ ചികിൽസിക്കുകയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗികന്യൂനപക്ഷങ്ങളോടുള്ള അക്രമണമാണെന്ന് സിദ്ധാന്തിക്കുകയും അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാൻ കഴിയുമോയെന്ന പഠനങ്ങളെയും അത് പ്രകൃതിപരവും ജനിതകവും തന്നെയാണോയെന്ന് വിമർശനാത്മകമായി പരിശോധിക്കുന്ന ഗവേഷണങ്ങളെയുമെല്ലാം അധികാരവും ശക്തിയും നിയമവും പ്രചാരണങ്ങളുമുപയോഗിച്ച് തകർക്കുകയും ചെയ്യുന്ന അന്താരാഷ്‌ട്രതലത്തിൽ നിലനിൽക്കുന്ന ലോബിയിങ്ങാണ് യഥാർത്ഥത്തിൽ ജെൻഡർ പൊളിറ്റിക്സ്. ഇക്കാര്യം മനസ്സിലാകണമെങ്കിൽ ജെൻഡർ പൊളിറ്റിക്സിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കണം. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം എന്ന പുകമറയുപയോഗിച്ച് അത്യന്തം അപകടകരമായ സമൂഹസൃഷ്ടി നടത്താനാണ് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ പരിശ്രമിക്കുന്നതെന്ന സത്യം അപ്പോഴാണ് മനസ്സിലാവുക.

ജെൻഡർ പൊളിറ്റിക്‌സിന്റെ തുടക്കം

‘സ്വവര്‍ഗലൈംഗികത’ക്ക് ഇംഗ്ലീഷില്‍ പ്രയോഗിക്കുന്ന ‘ഹോമോസെക്‌ഷ്വാലിറ്റി’ (homosexuality) എന്നപദം ആദ്യമായി ഉപയോഗിച്ചത് കാര്‍ലോയ് മരിയ കെര്‍ത്‌ബെനിയെന്ന ഹംഗേറിയന്‍ പത്രപ്രവര്‍ത്തകനാണ്. ജര്‍മനിയിലെ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന കാൾ ഹെൻറിച്ച് ഉള്‍റിച്ച്‌സിന് 1968 മെയ് 6ന് എഴുതിയ ഒരു കത്തിലെ ‘ഹോമോ സെക്‌ഷ്വൽ’ എന്ന പ്രയോഗമാണ് ഇവ്വിഷയകമായി രേഖപ്പെടുത്തപ്പെട്ട ഒന്നാമത്തെ രേഖ (Karl Maria Kertbeny: “Homosexual,” “Heterosexual”, https://outhistory.org) അനന്യമായത് (same)എന്ന് അര്‍ഥം വരുന്ന ‘ഹോമോ’ (homo) എന്ന ഗ്രീക്ക് പദത്തിന്റെയും ലൈംഗികത എന്നര്‍ഥമുള്ള ‘സെക്‌ഷ്വാലിസ്’ (sexualis) എന്ന ലാറ്റിന്‍ പദത്തിന്റെയും സങ്കരമാണ് ‘ഹോമോ സെക്‌ഷ്വല്‍’ എന്നപദം. സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞുകൊണ്ട് ‘ന്യൂമാ ന്യൂമാന്‍ടിയസ്’ എന്ന തൂലികാനാമത്തില്‍ സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരുന്ന ഉള്‍റിച്ച്‌സ് അവരെ വിളിച്ചത് യുര്‍നിംഗ് (urning) അഥവാ യുറേനിയന്‍ (uranian)എന്നായിരുന്നു.(Liam Stack: “Overlooked No More: Karl Heinrich Ulrichs, Pioneering Gay Activist” The New York Times, 01.07. 2020)

ജര്‍മന്‍ ലൈംഗികഗവേഷകനായ റിച്ചാര്‍ഡ് വോണ്‍ ക്രാഫ്റ്റ് എബിങ്ങ് 1886ല്‍ എഴുതിയ ‘സൈക്കോപഥിയ സെക്‌ഷ്വാലിസ്’ എന്ന ഗ്രന്ഥം അമേരിക്കൻ ന്യൂറോളജിസ്റ്റായിരുന്ന ചാള്‍സ് ഗില്‍ബര്‍ട്ട് ചാഡോക്ക് 1894 ല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോടെയാണ് ‘ഹോമോ സെക്‌ഷ്വാലിറ്റി’ എന്ന പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചത്. (Charles Gilbert Chaddock, Richard von Krafft-Ebing: Psychopathia Sexualis, Contrary Sexual Instinct: A Medico Legal Study, London, 1894)ഈ പദത്തിന്റെ ഉപയോഗം ശരിയല്ലെന്നും പുരുഷ സ്വവര്‍ഗരതിക്കാരെ ‘ഗേ’ (gay)യെന്നും പെണ്‍ സ്വവര്‍ഗരതിക്കാരെ ‘ലെസ്ബിയന്‍’ (lesbian) എന്നുമാണ് വിളിക്കേണ്ടതെന്നും സ്വവര്‍ഗാനുരാഗികള്‍ പറയുന്നുണ്ടെങ്കിലും പൊതുവായ ചര്‍ച്ചകളില്‍ അവരെ കുറിക്കുവാന്‍ ‘ഹോമോസെക്‌ഷ്വല്‍സ്’ എന്നു തന്നെയാണ് ഉപയോഗിക്കപ്പെടാറുള്ളത്.

ജര്‍മന്‍ ശിക്ഷാനിയമത്തിലെ ആൺ സ്വവർഗരതിയെയും മൃഗരതിയെയും കുറ്റകൃത്യമായിക്കാണുന്ന 175ാം വകുപ്പ് നീക്കം ചെയ്യുവാനാവശ്യമായ കരുനീക്കങ്ങള്‍ നടത്തുവാൻ വേണ്ടി 1897 മെയ്മാസം 15ാം തീയതി രൂപീകരിച്ച’ സയന്റിഫിക് ഹ്യുമനിറ്റേറിയന്‍ കമ്മറ്റി'(Scientific Humanitarian Committee)യാണ് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി വാദിച്ചുകൊണ്ട് രംഗത്തുവന്ന ലോകത്തെ ഒന്നാമത്തെ സംഘടന. ജര്‍മനിയില്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ രണ്ടാംലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കും അമേരിക്കയിലേക്കുമെല്ലാം കുടിയേറി. ലോകത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗസംഘടനയുണ്ടാക്കിയ ഡോ: മാഗ്‌നസ് ഹിര്‍ച്ച്‌സ്ഫീല്‍ഡ് (Dr. Magnus Hirschfeld) ഒരു ജൂതനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടതാണ് ‘വേള്‍ഡ് ലീഗ്‌ ഫോർ സെക്‌ഷ്വല്‍ റിഫോം'(World League for Sexual Reform). അതിന്റെ സമ്മേളനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് സംഘടിപ്പിക്കപ്പെട്ടു. 1928ല്‍ കോപ്പന്‍ഹേഗനിലും 1929ല്‍ ലണ്ടനിലും 1930ല്‍ വിയന്നയിലും 1932ല്‍ ബ്ര്‌നോയിലും വെച്ചാണ് സമ്മേളനങ്ങള്‍ നടന്നത്. 1919 ല്‍ ഹിര്‍സ്ച്ച് ഫീല്‍ഡ് തന്നെ അഭിനയിച്ചു പുറത്തിറക്കിയ ‘മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തമായത്’’എന്ന് അർഥം വരുന്ന ‘ആന്‍ഡേഴ്‌സ് അല്‍സ് ഡൈ ആന്റേണ്‍’ (Anders als die Andern) എന്ന ജർമ്മൻ സിനിമ ലോകത്തെങ്ങുമുള്ള സ്വവര്‍ഗപ്രേമികളെ സംഘടിക്കുവാനും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിൽ അഭിമാനിക്കുവാനും പ്രേരിപ്പിക്കുന്നതായിരുന്നു.(“Different from the Others (Anders als die Andern)” Director: Richard Oswal Writers: Magnus Hirschfeld, Richard Oswald, https://www.imdb.com)

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോഴേക്ക് ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, അമേരിക്ക, സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍, നെതര്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഫ്രാന്‍സ്, തുടങ്ങിയ നാടുകളിലെല്ലാം സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. സര്‍ക്കാറും നിയമകൂടങ്ങളുമെല്ലാം അനാവശ്യവും അപ്രസക്തവും അപകടകരവുമാണെന്ന് വാദിച്ചിരുന്ന അരാജകത്വവാദികളാണ് (anarchist) സ്വവര്‍ഗാനുരാഗികളെ സംഘടിപ്പിക്കാൻ മുന്നിൽ നിന്നത്. ആദ്യമായ രൂപീകരിക്കപ്പെട്ട അമേരിക്കന്‍ സ്വവര്‍ഗാനുരാഗകൂട്ടായ്മയായ ‘സൊസൈറ്റി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സി’കൂടുതല്‍ കാലം ആയുസ്സുണ്ടായില്ല. അതിന്റെ നേതാക്കളില്‍ ചിലരെപ്പറ്റി അവരുടെ ഭാര്യമാര്‍ തന്നെ പരാതി പറയാന്‍ തുടങ്ങി. സ്വന്തം മക്കളുടെ മുമ്പില്‍ വെച്ച് പിതാക്കന്‍മാര്‍ ലൈംഗികകൂത്താട്ടങ്ങള്‍ നടത്തുന്നുവെന്നതായിരുന്നു പരാതി. പ്രസ്തുത പരാതിയുടെ പേരില്‍ പോലീസ് കേസെടുക്കുകയും നേതാവായിരുന്ന ഹെന്‍ട്രി ഗെര്‍ബറിനെപ്പോലെയുള്ള പലര്‍ക്കും അതുവഴി ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ ആദ്യത്തെ അമേരിക്കന്‍ സ്വവര്‍ഗാനുരാഗസംഘം അസ്തമിച്ചു. പ്രവർത്തനങ്ങൾ നിന്നുപോയിയെങ്കിലും 1924 മുതൽ 1925 വരെ ഒരു വർഷക്കാലം മാത്രം അവര്‍ പ്രസിദ്ധീകരിച്ച ‘ഫ്രണ്ട്ഷിപ്പ് ആന്റ് ഫ്രീഡം’ (Friendship and Freedom) എന്ന ആദ്യ അമേരിക്കന്‍ സ്വവര്‍ഗാനുരാഗ വാർത്താപത്രികയുടെ സ്വാധീനം ഏറെക്കാലം നില നിന്നുവെന്നാണ് മനസ്സിലാകുന്നത്. പിന്നീടുണ്ടായ പല സ്വവർഗാനുരാഗീസംഘങ്ങൾക്കും പ്രചോദനമായത് ഈ പ്രസിദ്ധീകരണമായിരുന്നു. (Vern L. Bullough: Before Stonewall: Activists for Gay and Lesbian Rights in Historical Contex,t New York, 2002)

പിന്നീട് നാം കാണുന്ന പ്രധാനപ്പെട്ട സ്വവർഗാനുരാഗീസംഘം 1950 നവംബര്‍ മാസം 11ാം തീയതി ഹാരി ഹേ (Harry Hay) യുടെ നേതൃത്വത്തിലുണ്ടാക്കിയ ‘വിഡ്ഢികളുടെ സമൂഹ’ (Society of Fools) മാണ്. 1951 ഏപ്രില്‍ മാസത്തില്‍ ഈ സംഘം ”മാട്ടാഷീന്‍ സൊസൈറ്റി” (Mattachine society) യെന്ന പുതിയ പേരിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി. 1987വരെ അതിന്റെ പ്രവര്‍ത്തനം നിലനിന്നു. 1955 സെപ്റ്റംബര്‍ 21 – ാം തീയതിയാണ് ‘ബിലിറ്റ്‌സിന്റെ പുത്രിമാര്‍’ (Daughters of Bilitss) എന്ന പേരിൽ ആദ്യത്തെ അമേരിക്കൻ ലെസ്ബിയൻസംഘം രൂപീകരിക്കപ്പെടുന്നത്. അവരുടെയും മാട്ടാഷീന്‍ സൊസൈറ്റിയുടെയും ദേർ ക്രിസ് (Der Kreis) എന്ന സ്വിസ്സ് മാഗസിനിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ‘വൺ’ (One) ആണ് സ്വവർഗാനുരാഗികളുടെ ആദ്യത്തെ അമേരിക്കൻ ആനുകാലികം. ഡെയില്‍ ജെന്നിംഗ്‌സ്, മാര്‍ട്ടിന്‍ ബ്ലോക്ക്, മെര്‍ട്ടോണ്‍ ബേര്‍ഡ് ഡോര്‍ ലെഗ്ഗ്, ഡോണ്‍ സ്‌ലേട്ടര്‍, ചക്ക് റൗലാന്‍ഡ് എന്നിവരുടെ നേതൃത്വത്തിലാണ് അത് 1953 ജനുവരി മാസം മുതല്‍ പ്രസിദ്ധീകരണമാരംഭിച്ചത്. 1967 ൽ പ്രസാധനം അവസാനിപ്പിക്കുന്നത് വരെ ലോകത്തെങ്ങുമുള്ള സ്വവർഗാനുരാഗികൾക്ക് സംഘടിക്കുവാനുള്ള പ്രചോദനവും തങ്ങളുടെ ലൈംഗികാഭിനിവേശം തുറന്ന് പ്രകടിപ്പിക്കുവാനുള്ള ആത്മവിശ്വാസവും നൽകിക്കൊണ്ടിരുന്നു വൺ മാഗസിൻ. ഡോട്ടേഴ്സ് ഓഫ് ബിലിറ്റ്‌സിന്റെ നേതൃത്വത്തിൽ 1956 ൽ ആരംഭിച്ച ‘ദി ലാഡ്‌ഡർ’ (The Ladder) ആണ് ആദ്യത്തെ ലെസ്ബിയൻ മാഗസിൻ. 1956 മുതൽ 1970 വരെ മാസികയായും 1971-1972 വർഷങ്ങളിൽ ദ്വൈമാസികയായും പ്രസിദ്ധീകരിച്ച് നിലച്ചുപോയ ഈ ആനുകാലികം ലോകത്തെങ്ങുമുള്ള സ്വവർഗാനുരാഗിണികൾക്ക് പ്രചോദനമായിത്തീർന്ന മാധ്യമ ഇടപെടലുകളാൽ ശ്രദ്ധേയമായിരുന്നു.

1960കളിൽ പാശ്ചാത്യലോകത്ത് നിരവധി സ്വവര്‍ഗാനുരാഗസംഘങ്ങള്‍ മുളച്ചുപൊന്തി. അമേരിക്കയില്‍ മാത്രം ഡസന്‍കണക്കിന് സ്വവര്‍ഗാനുരാഗസംഘങ്ങള്‍ രൂപീകരിക്കപ്പെടുകയും അവര്‍ നിരവധി ആനുകാലികങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പുരുഷസ്വവര്‍ഗാനുരാഗികളായ ഗേകളും പെണ്‍സ്വവര്‍ഗാനുരാഗികളായ ലെസ്ബിയനുകളും പരസ്യമായി രംഗത്തുവന്ന് തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കൗമാരക്കാരെ ക്യാന്‍വാസ് ചെയ്യാന്‍ തുടങ്ങി. സ്വവര്‍ഗരതിയുടെ കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തി. അവരെ നിയന്ത്രിക്കാതിരിക്കുവാനോ അവഗണിക്കുവാനോ ചെയ്യാനാവില്ലെന്ന അവസ്ഥ സംജാതമായി. ഗേ ക്ലബ്ബുകളില്‍ പോലീസ് റെയിഡുകള്‍ നടന്നുകൊണ്ടിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗാനുരാഗികള്‍ വാദിച്ചു.

സ്റ്റോൺവാൾ കലാപങ്ങൾക്ക് ശേഷം

അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്‌റ്റോറന്റുമായിരുന്ന ‘സ്റ്റോണ്‍വാള്‍ ഇന്‍’ 1969 ജൂണ്‍ 28ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തിയതിനോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. ‘സ്റ്റോണ്‍ വാള്‍ റയട്ട്സ്’ (Stonewall riots) എന്നറിയപ്പെടുന്ന അഞ്ച് ദിവസങ്ങൾ നീണ്ടു നിന്ന കലാപങ്ങൾ വഴി സ്വവര്‍ഗാനുരാഗികളെ തൊട്ടു കളിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമകൂടങ്ങളുമെല്ലാം അക്രമിക്കപ്പെടുമെന്ന സന്ദേശം നല്‍കുകയായിരുന്നു. ജെൻഡർ പൊളിറ്റിക്സിന്റെ ചരിത്രം പറയുന്നവർ സ്റ്റോൺ വാൾ കലാപങ്ങൾക്ക് മുമ്പും ശേഷവും എന്ന രൂപത്തിലാണ് അത് വിശദീകരിക്കാറുള്ളത്. ലൈംഗികാഭിനിവേശത്തിന്റെ പേരിൽ അടിച്ചമർത്തപ്പെടുന്നവർക്കുള്ള മോചനത്തിന് വേണ്ടിയുള്ള കൂട്ടായ്മ എന്നതിൽ നിന്ന് തങ്ങളാഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു ലോകസൃഷ്ടിക്കുവേണ്ടിയുള്ള മുന്നേറ്റമെന്ന തലത്തിലേക്ക് എൽജിബിറ്റി ആക്ടിവിസം മാറുന്നത് അതിന്ന് ശേഷമാണ്. ജെൻഡർ പൊളിറ്റിക്സ് അതിന്റെ രൗദ്രഭാവം പൂണ്ടത് അതിന്ന് ശേഷമാണെന്ന് പറയാം.

സ്റ്റോണ്‍വാള്‍ കലാപങ്ങളെ മുതലെടുത്തുകൊണ്ട് ജെൻഡർ പൊളിറ്റിക്സ് അതിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നുവെന്നതാണ് യാഥാർഥ്യം; ലോബിയിങ് പൊളിറ്റിക്സ് എന്ന പുതിയ ഘട്ടം. കലാപത്തിന്റെ പരിണിതിയെന്നവണ്ണം എല്ലാ സ്വവര്‍ഗാനുരാഗീസംഘങ്ങളും യോജിക്കുകയും 1969ൽ തന്നെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമാക്കി ‘ഗേ ലിബറേഷന്‍ ഫ്രണ്ട്’ (Gay Liberation Front- GLF) എന്ന ഐക്യവേദി രൂപീകരിക്കപ്പെടുകയും ചെയ്തതോടെയാണ് ആ ഘട്ടം ആരംഭിക്കുന്നത്. അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ വിളയാട്ടകാലമാരംഭിക്കുന്നത് അതോടുകൂടിയാണ്.

സ്റ്റോൺവാൾ കലാപങ്ങളുടെ ഒന്നാം വാർഷികദിനത്തിൽ 1970 ജൂൺ 28ന് സ്വവർഗാനുരാഗികളാണ് തങ്ങളെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ പരേഡുകൾ (Gay Pride Parede) നടന്നു. ചിക്കാഗോ, ലോസ് ആഞ്ചലസ്‌, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്‌കോ തുടങ്ങിയ അമേരിക്കൻ പട്ടണങ്ങളിൽ അന്ന് തുടങ്ങിയതാണ് പ്രൈഡ് പരേഡുകൾ. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങനെയുള്ള സ്വാഭിമാനഘോഷയാത്രകൾ നടക്കുന്നുണ്ട്. വെളിപ്പെടുത്താൻ മടിക്കുന്ന ലൈംഗികവൈകൃതങ്ങൾ ചെയ്യുന്നവരാണ് തങ്ങളെന്ന് സങ്കോചമൊന്നുമില്ലാതെ തുറന്ന് പറയാനുള്ള വേദിയാണത്. വൈകൃതങ്ങളെന്ന് വിളിക്കപ്പെട്ടിരുന്ന ലൈംഗികവർത്തനങ്ങൾ സാധാരണമാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള മഹാവേദികളായാണ് ഇന്ന് പ്രൈഡ് പരേഡുകൾ അറിയപ്പെടുന്നത്. ഹെറ്ററോനോർമേറ്റിവിറ്റിയുടെ ചങ്ങലകളിൽ നിന്ന് ആധുനികസമൂഹത്തെ രക്ഷിക്കാനുള്ള മുന്നേറ്റമായി അത് വാഴ്ത്തപ്പെടുകയും ചെയ്യുന്നു. ബ്രസീലിലെ സോപോളോയിൽ (São Paulo) 2017ൽ നടന്ന അമ്പത് ലക്ഷം പേർ പങ്കെടുത്ത പ്രൈഡ് പരേഡാണ് നടന്നതിൽ ഏറ്റവും വലിയ പ്രൈഡ് പരേഡായി അറിയപ്പെടുന്നത്.

ജെൻഡർ പൊളിറ്റിക്‌സ് ഇന്ത്യയിലേക്ക്

2008 ജൂൺ മുപ്പതിന് ഡൽഹിയിൽ വെച്ചാണ് അഞ്ഞൂറോളം പേർ ഒരുമിച്ച് കൂടിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പ്രൈഡ് പരേഡ് നടത്തിയത് “377, Quit India” എന്നായിരുന്നു പരേഡിലെ പ്രധാന മുദ്രാവാക്യം. അതിന്ന് ശേഷം കൃത്യം ഒരു വർഷം കഴിഞ്ഞ് 2009 ജൂലൈ രണ്ടിനാണ് സ്വവർഗ്ഗരതിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന 377 ആം വകുപ്പ് എടുത്തുകളയുകയും സ്വവർഗ്ഗാനുരാഗത്തെ നിയമവിധേയമാക്കുകയും വേണമെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള ദൽഹി ഹൈക്കോടതിയുടെ വിധിന്യായമുണ്ടായതെന്നത് യാദൃച്‌ഛികമായിരിക്കാം; എന്നാൽ പ്രൈഡ് പരേഡുകളുടെ ലക്ഷ്യങ്ങളിലൊന്ന് നിയമകൂടത്തെയും ഭരണകൂടത്തെയും ഭയപ്പെടുത്തി തങ്ങളോടൊപ്പം നിർത്തുകയാണെന്ന എൽജിബിറ്റി ആക്ടിവിസ്റ്റുകൾ തന്നെ വെളിപ്പെടുത്തിയിട്ടുള്ള സത്യം ഇതോടൊപ്പം കൂട്ടിവായിക്കുമ്പോൾ ആ യാദൃഛികതക്ക് പിന്നിലും ചില ചരടുവലികൾ നടന്നിട്ടുണ്ടാകാമെന്ന് സംശയിക്കാവുന്നതാണ്.

ദൽഹി ഹൈക്കോടതി വിധിയുടെ ഒന്നാം വാർഷികത്തിൽ 2010 ജൂലൈ രണ്ടിന് തൃശൂരിൽ വെച്ചാണ് കേരളത്തിലെ ആദ്യത്തെ പ്രൈഡ് പരേഡ് നടന്നത്. 2016 ആഗസ്റ്റ് പത്തിന് കോഴിക്കോട് വെച്ച് നടന്ന ഏഴാമത് പ്രൈഡ് പരേഡും 2018 നവംബർ 11 ന് തൃശൂരിൽ വെച്ച് നടന്ന ഒമ്പതാമത് പ്രൈഡ് പരേഡും നവംബർ 17ന് കൊച്ചിയിൽ വെച്ച് നടന്ന പത്താമത് പ്രൈഡ് പരേഡും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ‘പ്രണയ വൈവിധ്യങ്ങളുടെ മാരിവിൽ ഉത്സവങ്ങളാ’ണ് തങ്ങൾ നടത്തുന്ന ലൈംഗിക സ്വാഭിമാനഘോഷയാത്രകൾ എന്നാണ് മലയാളികളായ എൽജിബിറ്റി ആക്ടിവിസ്റ്റുകൾ അവകാശപ്പെടുന്നത്.

രാഷ്ട്രീയമായ പിടിമുറുക്കലുകൾ

1970 കളുടെ അവസാനമായപ്പോഴേക്ക് ചിട്ടയായ കൂട്ടായ്മയും വ്യക്തമായ സംഘടനാശക്തിയുമെല്ലാം ഉള്ള പ്രസ്ഥാനങ്ങളായിത്തീർന്നു അമേരിക്കയിലെ സ്വവർഗാനുരാഗീ സംഘങ്ങൾ. പിന്നെയവർ രാഷ്ട്രീയത്തിൽ പിടി മുറുക്കാനാണ് ശ്രമിച്ചത്. സ്വവർഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്തുകൊണ്ടിരുന്ന ഹാർവി ബെർണാഡ് മിൽക്ക് (Harvey Bernard Milk) ആണ് രാഷ്ട്രീയാധികാരത്തിലെത്തിച്ചേർന്ന ആദ്യത്തെ അമേരിക്കൻ എൽജിബിറ്റി ആക്ടിവിസ്റ്റായി അറിയപ്പെടുന്നത്. കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌കോ ബോർഡ് ഓഫ് സൂപ്പർ വൈസേഴ്സ് (San Francisco Board of Supervisors) അംഗമായി അദ്ദേഹം നിയോഗിതനായത് 1978 ജനുവരി എട്ടിനാണ്. 1978 നവംബർ 27ന് ഒരു വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്നതിനാൽ ആകെ ഒമ്പത് മാസങ്ങൾ മാത്രമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂവെങ്കിലും ഈ സമയത്ത് സ്വവർഗ്ഗാനുരാഗികൾക്ക് അനുകൂലമായ പല നടപടികളും തുടങ്ങി വെക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വേണ്ട രൂപത്തിൽ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയാൽ തങ്ങളാഗ്രഹിക്കുന്ന സാമൂഹ്യധാർമ്മികതയെ അടിച്ചേൽപ്പിക്കാനാകുമെന്ന് എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് പ്രായോഗികമായി മനസ്സിലായത് മിൽക്കിന് രാഷ്ട്രീയാധികാരം ലഭിച്ചതിന് ശേഷമാണെന്ന് പറയാം.

സംഘടിതശക്തിയും രാഷ്ട്രീയസ്വാധീനവും കൈവന്നതോടുകൂടി ഹെറ്ററോ നോർമേറ്റിവിറ്റിയിൽ നിന്ന് സമൂഹത്തെ ‘രക്ഷിക്കുന്ന’തിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് സ്വവര്‍ഗാനുരാഗീസംഘങ്ങള്‍ ആക്കം കൂട്ടി. പ്രചാരണങ്ങളിലൂടെയും മസ്തിഷ്‌കപ്രക്ഷാളനത്തിലൂടെയും ആവശ്യമെങ്കില്‍ കയ്യൂക്കുകൊണ്ടും കാര്യങ്ങള്‍ നേടിയെടുക്കുകയെന്നതായിരുന്നു അവരുടെ രീതി. ഇങ്ങനെയാണ് അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ ‘ഡിഎസ്എം’ (Diagnostic and Statistical Manual of Mental Disorders-DSM) എന്ന രേഖയില്‍നിന്ന് സ്വവര്‍ഗരതിയെ എടുത്തുകളയിപ്പിക്കുകയും അത് സ്വാഭാവികവും പ്രകൃതിപരവുമായ ഒരു പ്രതിഭാസമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യാൻ വേണ്ടിയുള്ള കരുക്കൾ നീക്കിയത്. മീഡിയയെയും ശാസ്ത്രജ്ഞരെയും തങ്ങള്‍ക്കനുമൂലമായി സ്വാധീനിക്കുകയും ഗവേഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് ഇത് സാധിച്ചെടുത്തതെന്ന് സ്വവര്‍ഗാനുരാഗികളുടെ രചനകള്‍ തന്നെ അനുധാവനപൂര്‍വ്വം വായിച്ചാല്‍ ബോധ്യപ്പെടും.

മനഃശാസ്ത്രലോകത്ത് ആധിപത്യമുറപ്പിക്കുന്നു

1844 മുതല്‍ പ്രവര്‍ത്തിക്കുന്ന മനോരോഗചികിത്സകന്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ‘അമേരിക്കന്‍ സൈക്ക്യാട്രിസ്റ്റ്‌സ് അസോസിയേഷന്‍ (APA). 1952 മുതല്‍ എപിഎ പുറത്തിറക്കുന്ന മാനസികവ്യതിയാനങ്ങളെയും മനോരോഗങ്ങളെയും കുറിച്ച് അപഗ്രഥിക്കുന്ന രേഖയാണ് ഡിഎസ്എം. 130 പുറങ്ങളിലായി 106 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഡി എസ് എം ന്റെ 1952ല്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. 1968ല്‍ ഡിഎസ് എംന്റെ രണ്ടാംപതിപ്പ് പുറത്തിറങ്ങി. 134 പുറങ്ങളിലായി 182 മനോവൈകല്യങ്ങളെക്കുറിച്ചായിരുന്നു ഇതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നത്. സ്വവര്‍ഗ്ഗലൈംഗികതയെ ഒരു മനോവൈകല്യമായായിരുന്നു ഇതില്‍ പരിചയപ്പെടുത്തിയിരുന്നത്. ഇതിന്റെ പ്രസിദ്ധീകരണ കാലത്ത് സ്വവര്‍ഗാനുരാഗികളുടെ സംഘടനകള്‍ ശക്തിപ്രാപിച്ചു വരികയായിരുന്നുവല്ലോ.

ഡിഎസ്എം ലെ മനോവൈകല്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്വവര്‍ഗലൈംഗികതയെ നീക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുവാന്‍ സ്വവര്‍ഗാനുരാഗികള്‍ ശ്രമങ്ങളാരംഭിച്ചത് 1970 മുതലാണ്. മാന്യമായ പ്രക്ഷോഭപരിപാടികളായിരുന്നില്ല അവരുടേത്. 1970ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍വെച്ചു നടന്ന എപിഎ സമ്മേളനത്തില്‍ പോയി ബഹളമുണ്ടാക്കിക്കൊണ്ട് യോഗം നടത്താന്‍ സമ്മതിക്കാതെയാണ് സ്വവര്‍ഗാനുരാഗികള്‍ തങ്ങളുടെ സമരത്തിന് തുടക്കം കുറിച്ചത്. സ്വവര്‍ഗാനുരാഗം ഒരു മനോവൈകല്യമാണെന്ന് കരുതിയിരുന്ന സൈക്യാട്രിസ്റ്റുകളെ സമ്മേളനത്തിൽ വെച്ച് തെറി വിളിക്കുകയും അവരുടെ പിന്നില്‍ നടന്ന് ബഹളം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു അവര്‍. 1971ല്‍ നടന്ന എപിഎ സമ്മേളനത്തിലും ഇതുതന്നെ ആവര്‍ത്തിച്ചു. ‘ഗേ ലിബറേഷന്‍ ഫ്രണ്ട്’ പ്രവര്‍ത്തകനായ ഫ്രാംഗ് കാംനി (Frank Kameny) വേദിയിലേക്ക് തള്ളിക്കയറി മൈക്ക് കൈക്കലാക്കിക്കൊണ്ട് അലറി ‘ഇത് നിങ്ങള്‍ക്കെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണെന്ന് മനസ്സിലാക്കിക്കൊള്ളുക!” അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷനില്‍ അംഗമായിരുന്ന കെന്റെ റോബിന്‍സണെ സ്വാധീനിച്ചുകൊണ്ട് അടുത്ത വര്‍ഷത്തെ സമ്മേളനത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള ഒരു ബൂത്ത് സ്ഥാപിക്കുവാനുള്ള അനുവാദം അവര്‍ നേടിയെടുത്തു. അങ്ങനെ സ്വവര്‍ഗാനുരാഗികളുടെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങി അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് എപിഎ അധികൃതര്‍ ഉറപ്പുനല്‍കി.

1973ലെ അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷന്‍ മീറ്റിംഗിന് മുമ്പ് സ്വവര്‍ഗാനുരാഗത്തെ ഡിഎസ്എം ല്‍ നിന്ന് നീക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തെ പ്രതിരോധിക്കുവാന്‍ ഡോ: ഇര്‍വിംഗ് ബീബറുടെയും ഡോ: ചാള്‍സ് സൊക്കാറിഡസിന്റെയും നേതൃത്വത്തില്‍ ഒരു സംഘം മനോരോഗവിദഗ്ധന്‍മാര്‍ ശ്രമിച്ചെങ്കിലും സ്വവര്‍ഗാനുരാഗിസംഘങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ അവർക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ‘നാഷണല്‍ ഗേ ടാസ്‌ക് ഫോഴ്‌സ്’ എന്ന സ്വവര്‍ഗാനുരാഗികളുടെ സായുധസംഘം എ പി എ അംഗങ്ങളുടെ വിലാസം കൈക്കലാക്കി സ്വവര്‍ഗലൈംഗികതയെ മനോരോഗമായി പരിഗണിക്കപ്പെടാതിരിക്കുന്നതിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയച്ചു. ഭീഷണിയുടെ സ്വരത്തിലുള്ള കത്ത്!!

1973ല്‍ നടന്ന എ പി എ യോഗത്തില്‍ സ്വവര്‍ഗാനുരാഗികളുടെ ആവശ്യങ്ങള്‍ക്കെതിരെ സംസാരിച്ചവര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുവാന്‍ 15 മിനിട്ട് സമയം മാത്രമാണ് നല്‍കിയത്. സമ്മേളനത്തില്‍വെച്ച് പ്രശ്‌നം വോട്ടിനിടുകയും സ്വവര്‍ഗാനുരാഗത്തെ ഡിഎസ്എം ല്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെയോ അപഗ്രഥനത്തിന്റെയോ വെളിച്ചത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടല്ല അമേരിക്കയില്‍ സ്വവര്‍ഗരതി മനോരോഗമല്ലെന്ന രൂപത്തില്‍ പരിഗണിക്കപ്പെടുന്ന അവസ്ഥയുണ്ടായത്, പ്രത്യുത വ്യക്തമായ രാഷ്ട്രീയക്കളിയുടെ അനന്തരഫലമായിട്ടാണ് എന്ന വസ്തുത മാനവികതയെ സ്‌നേഹിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്.

വോട്ടിനിട്ട് തീരുമാനിച്ച ശാസ്ത്രം !!

ശാസ്ത്രത്തിന് അതിന്റെതായ രീതികളുണ്ട്. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങളെയാണ് നാം ശാസ്ത്രീയമായി അംഗീകരിക്കാറുള്ളത്. ശാസ്ത്രവിഷയങ്ങളിൽ ഒരു തർക്കമുണ്ടായാൽ തെളിവുകൾ ആരുടെ പക്ഷത്താണോ ഉള്ളത് അതാണ് ശാസ്ത്രീയമായി അംഗീകരിക്കപ്പെടുക. ഒരു ശാസ്ത്രതത്ത്വവും ജനാധിപത്യപരമായി തീരുമാനിക്കപ്പെടാറില്ല. ഭൂരിപക്ഷം ശരിയെന്ന് കരുതുന്നതാണ് ശരിയെന്ന വീക്ഷണം ശാസ്ത്രത്തിനില്ല; ഉണ്ടായിക്കൂടാ. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശാസ്ത്രലോകം തീരുമാനങ്ങളെടുക്കുന്നതെങ്കിൽ ഇന്നും നാം ഭൂമി പരന്നതാണെന്നും സൂര്യൻ ഭൂമിക്ക് ചുറ്റും ഓടി നടക്കുകയാണെന്നും വിശ്വസിക്കേണ്ടി വരുമായിരുന്നു. ഭൂരിപക്ഷമല്ല, തെളിവുകളാണ് ഒരു കാര്യം ശാസ്ത്രീയമാണോ അല്ലേ എന്ന് തീരുമാനിക്കുന്നതെന്ന ശാസ്ത്രരംഗത്തെ അടിസ്ഥാനദർശനം കാറ്റിൽ പറത്തിക്കൊണ്ടാണ് സ്വവർഗ്ഗാനുരാഗം മാനസിക വൈകല്യമല്ലെന്ന് തീരുമാനിച്ചതെന്ന സത്യം അമേരിക്കയിലെ ശാസ്ത്രജ്ഞരെല്ലാം അംഗീകരിച്ചതാണ് ഞങ്ങളും പറയുന്നതെന്ന് വീമ്പിളക്കുന്ന മലയാളികളായ എൽജിബിറ്റി അനുകൂലികൾക്കാർക്കെങ്കിലും അറിയുമോ? അറിഞ്ഞാലും ഇല്ലെങ്കിലും അതാണ് സത്യം. വോട്ടിനിട്ട് ശരിയാക്കിയ ശാസ്ത്രമാണ് സ്വവർഗ്ഗാനുരാഗം മനസികവൈകല്യമല്ലെന്ന തത്ത്വം. ജെൻഡർ പൊളിറ്റിക്സിന്റെ ഏറ്റവും കറുത്ത അധ്യായം.

സ്വവർഗ്ഗാനുരാഗം ഒരു മാനസികവൈകല്യമാണെന്ന് മനസ്സിലാക്കുകയും അങ്ങനെയല്ല എന്ന അമേരിക്കൻ സൈക്ക്യാട്രിസ്റ്റ് അസോസിയേഷൻ തീരുമാനത്തിനെതിരെ ശക്തമായി നില കൊള്ളുകയും ചെയ്ത ഡോ: ഇര്‍വിംഗ് ബീബറുടെയും ഡോ: ചാള്‍സ് സൊക്കാറിഡസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധരുടെ എതിർസ്വരത്തെ പൂർണ്ണമായി അവഗണിച്ചുകൊണ്ടാണ് ഡിഎസ്എംല്‍ നിന്ന് സ്വർഗ്ഗരതിയെ നീക്കം ചെയ്തത്. അവരെ അവഗണിച്ചത് അവർ ഈ വിഷയത്തിൽ അറിവില്ലാത്തവരായതുകൊണ്ടായിരുന്നില്ല, മറിച്ച് അവർ ജെൻഡർ പൊളിറ്റിക്സിന് വഴങ്ങാത്തവരാണ് എന്നതുകൊണ്ട് മാത്രമായിരുന്നു. യേൽ മെഡിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, ന്യൂയോർക്ക് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മാനസികാപഗ്രഥനവിദഗ്ധനും സൈക്കോഅനാലിസിസ് പ്രൊഫസറുമായിരുന്നു ഡോ: ഇര്‍വിംഗ് ബീബർ. 106 ആൺസ്വവർഗ്ഗഭോഗികളെ ഒമ്പത് വർഷക്കാലം നിരന്തരമായി പഠനവിധേയമാക്കിക്കൊണ്ട് 1962ൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്നെഴുതിയ ഗവേഷണപഠനമാണ് “സ്വവർഗ്ഗാനുരാഗം: പുരുഷ്വവർഗ്ഗാനുരാഗികളിലെ ഒരു മാനസികാപഗ്രഥന പഠനം”
(Irving Bibber: Homosexuality: A Psychoanalytic Study of Male Homosexuals, New York, 1962). സാഹചര്യങ്ങളിൽ നിന്നും ചെറുപ്പകാലത്തെ മാതാപിതാക്കളുടെ ഇടപെടലുകളിൽ നിന്നുമാണ് സ്വവർഗാനുരാഗത്തിന്റെ ബീജങ്ങൾ മസ്തിഷ്കത്തിൽ പാകപ്പെടുന്നതെന്ന് സ്ഥാപിക്കുന്നതാണീ പ്രബന്ധം. അതുതന്നെയാണ് അദ്ദേഹത്തെ എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് വേണ്ടാത്തവനാക്കിത്തീർത്തത്.

സ്വവർഗ്ഗാനുരാഗത്തെ മനസികവൈകല്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിന് എതിര് നിന്നർക്ക് മുന്നിൽ ഡോ: ഇര്‍വിംഗ് ബീബറോടൊപ്പമുണ്ടായിരുന്ന മറ്റൊരാളാണ് ഡോ: ചാള്‍സ് സൊക്കാറിഡസ് . അദ്ദേഹവും മനോവിശ്ലേഷണ പഠനരംഗത്തെ മഹാവിദഗ്ധരിൽ ഒരാളാണ്. American Medical Association, the American Psychiatric Association, the Association for Psychoanalytic Medicine, International Psychoanalytical Association. Socarides was a life member of the American Psychoanalytic Association എന്നിവയുടെ ഉപദേശകസമിതി അംഗം, Royal Society of Medicine in London അംഗം, Margaret S. Mahler Psychiatric Research Foundation ഡയറക്ടർ, 1988ൽ ഗ്രീസിൽ വെച്ച് നടന്ന Second Delphi International Psychoanalytic Symposium ത്തിന്റെ ഉപദേശക സമിതി അംഗം, Columbia University, State University of New York Downstate Medical Center, Albert Einstein College of Medicine in New York City എന്നിവിടങ്ങളിലെ അധ്യാപകൻ, മനഃശാസ്ത്രരംഗത്തെ നിരവധി അവാർഡുകൾ ലഭിച്ച പ്രഗത്ഭൻ, ലൈംഗികാഭിനിവേശങ്ങളെയും സ്വവർഗ്ഗരതിയെയും ബാലരതിയെയുമെല്ലാം കുറിച്ച പതിമൂന്നോളം ഗവേഷണഗ്രൻഥങ്ങളുടെ കർത്താവ് എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് ചാള്‍സ് സൊക്കാറിഡസ്. ജെൻഡർ പൊളിറ്റിക്സിന് വഴങ്ങാത്തത് കാരണം അദ്ദേഹവും അവഗണിക്കപ്പെടുകയാണ് ചെയ്തത്. സ്വവർഗാനുരാഗം ഒരു മനോവ്യതിയാനമാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും അത് ചികിൽസിച്ച് ഭേദമാക്കുവാൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിക്കുകയും ചെയ്തയാളാണ് അദ്ദേഹം. എൽജിബിറ്റി ആക്ടിവിസ്റ്റുകളുടെ ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി അദ്ദേഹമെഴുതിയ “സ്വവർഗ്ഗാനുരാഗം: വളരെ ദൂരെയുള്ള സ്വാതന്ത്ര്യം. സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സംഘടനകൾ അമേരിക്കൻ സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സ്വാധീനത്തെയും കുറിച്ച ആയിരം ചോദ്യങ്ങൾക്ക് ഒരു മനസികാപഗ്രഥന വിദഗ്ധന്റെ മറുപടി” (Charles W. Socarides: Homosexuality: A Freedom Too Far. A Psychoanalyst Answers 1000 Questions About Causes and Cure and the Impact of the Gay Rights Movement on American Society, New York,1995) അവരെ വല്ലാതെ പ്രതിരോധത്തിലാക്കിയ പുസ്തകമാണ്. 1992 ൽ ജോസഫ് നിക്കോളോസി, ബെഞ്ചമിൻ കോഫ്മാൻ എന്നീ മനഃശാസ്ത്രജ്ഞരോടൊപ്പം ചേർന്ന് അദ്ദേഹം സ്ഥാപിച്ച കാലിഫോർണിയ ആസ്ഥാനമാക്കിയുള്ള നാർത്ത് (National Association for Research & Therapy of Homosexuality-NARTH) അവകാശപ്പെടുന്നത് തങ്ങളുടെ ചികിത്സകൾ വഴി സ്വവർഗ്ഗാനുരാഗികളായിരുന്ന നിരവധി പേരെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ്. അദ്ദേഹത്തെ എൽജിബിറ്റി ആക്ടിവിസത്തിന്റെ കണ്ണിലെ കരടാക്കുന്നതും അത് തന്നെയാണ്.

പ്രഗത്ഭരായ മനഃശാസ്ത്രജ്ഞരുടെയും മനസികാപഗ്രഥനവിദഗ്ധരുടെയും എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ടാണ് അമേരിക്കൻ സൈക്ക്യാട്രിസ്റ്റ്സ് അസോസിയേഷൻ സ്വവർഗ്ഗാനുരാഗം മാനസിക വൈകല്യമല്ലെന്ന തീരുമാനത്തിലെത്തിയത്. ഈ തീരുമാനത്തിന് പിന്നിൽ ശാസ്ത്രീയമായ ഏതെങ്കിലും രൂപത്തിലുള്ള പഠനങ്ങളായിരുന്നില്ല. വോട്ടിനിട്ട് തീരുമാനിച്ച ശാസ്ത്രമാണത്. വോട്ടിനിട്ടത് മനഃശാസ്ത്രജ്ഞരാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബോർഡ് ഓഫ് ട്രസ്റ്റീസിലെ അംഗങ്ങളാണ് വോട്ട് ചെയ്തത്. അവരിൽ പലരും ശാസ്ത്രജ്ഞരായിരുന്നില്ല. പതിനായിരം അംഗങ്ങളിൽ 58 ശതമാനം പേർ സ്വവർഗ്ഗാനുരാഗം മാനസിക വൈകല്യമല്ലെന്ന അഭിപ്രായവും 42 ശതമാനം പേർ വൈകല്യമാണെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. വൈകല്യമല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചവരിൽ മിക്കവരും മനഃശാസ്ത്രജ്ഞരായിരുന്നില്ലെന്നതാണ് വലിയ തമാശ. (Jack Drescher: “Out of DSM: Depathologizing Homosexuality”, Behavioral Sciences, 04.12.2015)

സ്വവർഗ്ഗാനുരാഗം മനോവ്യതിയാനമല്ലെന്നും അടുത്ത ഡിഎസ്എമ്മിൽ നിന്ന് അത് നീക്കം ചെയ്യാമെന്നും വോട്ടിനിട്ട് തീരുമാനിച്ചതിന് ശേഷം സ്വവര്‍ഗാനുരാഗസംഘങ്ങളുടെ നേതാക്കളും അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവരും സന്തോഷം പങ്കുവെക്കുകയും വിജയം ആഘോഷിക്കുകയും ചെയ്തത് കണ്ടവരുണ്ടെന്ന് പ്രസിദ്ധ അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ഡോക്ടർ ജെഫ്‌റി സാറ്റിനൊവേർ ആരോപിക്കുന്നുണ്ട്. (Dr. Jeffry Satinover: Homosexuality and The Politics of Truth, Michigen, 1996 Page 31-40). രണ്ടു കൂട്ടരുടെയും ഒത്തുകളി വ്യക്തമാക്കുന്നതാണ് ഈ വിജയാഹ്ളാദം. ഇത്തരം ഒത്തുകളികളിലൂടെയാണ് ജെൻഡർ പൊളിറ്റിക്സ് മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തിന് നിയമസാധുത നല്‍കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളിലെ ഒരു സവിശേഷസംഭവത്തില്‍ അവര്‍ക്കുണ്ടായ വിജയം ഒത്തുകളിയുടെ ഫലമായിരുന്നുവെന്നാണ് ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്.

അമേരിക്കൻ സൈക്ക്യാട്രിസ്റ്റ്സ് അസോസിയേഷൻ എന്ന ട്രസ്റ്റിലെ അംഗങ്ങളിൽ പകുതിയിലധികം പേർക്ക് സ്വവർഗ്ഗാനുരാഗം മാനസികവ്യതിയാനമല്ലെന്ന് തോന്നിയതിനാൽ ലോകം ഇന്ന് അത് മാനസികവ്യതിയാനമല്ലെന്ന് പറയുന്നു; പഠിക്കുന്നു; പഠിപ്പിക്കുന്നു. 1973 ലെ എപിഎ യോഗത്തിലെ ആകെ വോട്ടുചെയ്തവരിൽ എൺപത്തിയൊന്ന് പേർക്കു കൂടി മാനസികവ്യതിയാനമാണെന്നായിരുന്നു തോന്നിയതെങ്കിൽ നാം ഇന്ന് പറയുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക സ്വവർഗ്ഗാനുരാഗം ചികിൽസിക്കപ്പെടേണ്ട വൈകല്യമാണെന്നാകുമായിരുന്നു. ഇതാണ് ജെൻഡർ പൊളിറ്റിക്സിന്റെ രീതി; അതാണ് അവരുടെ ശക്തി; ഇതാണ് അവരുടെ ശാസ്ത്രം; ജെൻഡർ പൊളിറ്റിക്സിന്റെ സിദ്ധാന്തങ്ങളെല്ലാം ഇങ്ങനെയുള്ളവയാണ്.

ഇഷ്ടക്കാരനെ നഷ്ടമാകുന്നു !

1974ലാണ് ഡി എസ് എം ന്റെ മൂന്നാംപതിപ്പ് തയ്യാറാക്കുന്നതിനുവേണ്ടിയുള്ള കമ്മറ്റി രൂപീകരിക്കപ്പെട്ടത്. സ്വവര്‍ഗാനുരാഗത്തെ മനോവൈകല്യങ്ങളുടെ ഗണത്തില്‍ പെടുത്താനാവില്ലെന്ന് വാദിക്കുകവഴി എൽജിബിറ്റി ആക്ടിവിസ്റ്റുകള്‍ക്ക് ഇഷ്ടതാരമായിത്തീര്‍ന്ന കൊളംബിയ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ റോബര്‍ട്ട് ലിയോപോൾഡ് സ്പിറ്റ്‌സറായിരുന്നു കമ്മറ്റി ചെയര്‍മാന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 494 പുറങ്ങളിലായി 265 മനോചികിത്സാവിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡിഎസ്എം 3 , 1980ല്‍ പുറത്തിറങ്ങി. സ്വവര്‍ഗാനുരാഗം അതില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നതിനാല്‍ ലോകത്തെങ്ങുമുള്ള എൽജിബിറ്റി ആക്ടിവിസ്റ്റുകള്‍ അതിനെ സ്വാഗതം ചെയ്യുകയും ഡോ: റോബര്‍ട്ട് സ്പിറ്റ്‌സറെ വാനോളം പുകഴ്ത്തുകയും ചെയ്തു.

എന്നാല്‍ 2001ല്‍ നടന്ന അമേരിക്കന്‍ സൈക്യാട്രിസ്റ്റ്‌സ് അസോസിയേഷന്‍ മീറ്റിംഗില്‍ അവതരിപ്പിച്ച ‘ചില സ്വവർഗ്ഗാനുരാഗികൾക്കും സ്വവർഗ്ഗാനുരാഗിണികൾക്കും അവരുടെ ലൈംഗികാഭിരുചി മാറ്റാൻ കഴിയുമോ? സ്വവർഗ്ഗാനുരാഗത്തിൽ നിന്ന് എതിർവർഗ്ഗാനുരാഗത്തിലേക്കുള്ള മാറ്റം പങ്കെടുത്ത 200 പേർ പ്രസ്താവിക്കുന്നു (Robert L Spitzer: “Can some gay men and lesbians change their sexual orientation? 200 participants reporting a change from homosexual to heterosexual orientation”, Archives of Sexual Behavior, October 2003) എന്ന ഗവേഷണപ്രബന്ധം അദ്ദേഹത്തെ അവരുടെ ശത്രുവാക്കിത്തീര്‍ത്തു. സ്വവര്‍ഗാനുരാഗക്കാര്‍ക്ക് തീവ്രമായി പരിശ്രമിച്ചാല്‍ എതിർവർഗ്ഗാനുരാഗത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നു സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പ്രബന്ധം.

സ്വവര്‍ഗാനുരാഗം ജന്‍മാവകാശമായി ലഭിക്കുന്നതാണെന്ന എൽജിബിറ്റി വാദത്തിന് എതിരായതുകൊണ്ടുതന്നെ പ്രബന്ധം ശാസ്ത്രീയമല്ലെന്നും സ്പിറ്റ്‌സര്‍ക്ക് മാനസികരോഗങ്ങളെ അപഗ്രഥിക്കാന്‍ കഴിയുകയില്ലെന്നുമെല്ലാം അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഏറെ ആധികാരികമായ രേഖകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ആര്‍ക്കീവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറിന്റെ 2003 ഒക്ടോബര്‍ ലക്കത്തില്‍ പ്രസ്തുത പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ അവരുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. എങ്കിലും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുകയാണ് സ്വവര്‍ഗാനുരാഗികളുടെ വെബ്‌സൈറ്റുകള്‍ ഇപ്പോഴും. ഇതാണാവസ്ഥ. ശാസ്ത്രജ്ഞർ പറയേണ്ടതും ചെയ്യേണ്ടതും എൽജിബിറ്റി ആക്ടിവിസം നിർദ്ദേശിക്കുന്നത് മാത്രമാകണം. അല്ലെങ്കിൽ അവർ എത്ര ഉന്നതരാണെങ്കിലും അവരെ ബഹിഷ്കരിക്കും; അവർക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാവുകയില്ല!!

ലോകവ്യാപകമാകുന്ന ജെൻഡർ പൊളിറ്റിക്സ്

അമേരിക്കയിൽ നിന്നാരംഭിച്ച ജെൻഡർ പൊളിറ്റിക്സ് യൂറോപ്പിലൂടെ ഏഷ്യയിലേക്ക് കടക്കുകയും അവിടുത്തെ നിയമ-രാഷ്ട്രീയ-സാമൂഹ്യ സ്ഥാപനങ്ങളെയെല്ലാം സ്വാധീനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. 1989 ൽ തന്നെ സ്വവർഗാനുരാഗികളായ ഇണകൾക്ക് നിയമസാധുത നൽകിക്കൊണ്ട് നിയമത്തെ ഹെറ്റെറോനോർമേറ്റിവിറ്റിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് മുന്നിൽ നടന്നത് ഡെന്മാർക്കാണ്. നോർവെ (1993), സ്വീഡൻ(1995), ഐസ്‌ലാന്റ് (1996), നെതർലൻഡ്‌സ്‌ (1998), ഇംഗ്ലണ്ട് (2005) അയർലൻഡ് (2011) എന്നീ രാജ്യങ്ങൾ മെല്ലെ അവർക്ക് പിന്നിൽ അണിനിരക്കാൻ തുടങ്ങി. അല്പം കൂടി മുന്നോട്ട് പോയി 2001 ഏപ്രിൽ ഒന്നിന് നെതെർലാന്റ്സ് സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാണെന്ന് പ്രഖ്യാപിക്കുകയും എതിർവർഗ്ഗവിവാഹത്തിൽ ഇണകൾക്ക് ലഭിക്കുന്ന അവകാശങ്ങളെല്ലാം സ്വവർഗ്ഗകാമികളായ ഇണകൾക്കും ലഭിക്കുമെന്ന നിയമം നടപ്പാക്കുകയും ചെയ്തു. അംഗരാജ്യങ്ങളെല്ലാം സ്വവർഗ്ഗവിവാഹങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള നിയമനിർമ്മാണം നടത്തണമെന്ന് 2003 ൽ യൂറോപ്യൻ യൂണിയൻ മാൻഡേറ്റ് നൽകി.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ സ്വവർഗ്ഗ വിവാഹങ്ങളെ നാട് അംഗീകരിക്കണമെന്ന് കരുതിയിരുന്നവർ യൂറോപ്യൻ പൗരന്മാരിലെ അഞ്ചിലൊന്നായിരുന്നെങ്കിൽ ഇന്നത് അഞ്ചിൽ നാലാണ് എന്ന സ്ഥിതി സൃഷ്ടിച്ചത് ശക്തമായ ക്യാമ്പയിനിംഗിലൂടെയാണ്. പരമ്പരാഗത മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുമെന്ന് കരുതിയിരുന്ന നാടുകൾക്ക് പോലും പിടിച്ച് നിൽക്കാനായില്ല. ഇംഗ്ളണ്ടും വെയിൽസും 2013 ലും സ്കോട്ട്ലാന്റ് 2014 ലും നോർതേൺ അയർലന്റ് 2020 ലും സ്വവർഗ്ഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകി. ലോകത്ത് ഇന്ന് 29 രാജ്യങ്ങളിലാണ് സ്വവർഗ്ഗവിവാഹത്തിന് നിയമപരമായ അംഗീകാരമുള്ളത്. 2008 നവംബർ 17 ന്റെ സുപ്രീം കോടതി വിധിയിലൂടെ ഹിന്ദുരാഷ്ട്രമായി അറിയപ്പെട്ടിരുന്ന നേപ്പാൾ സ്വവർഗ്ഗവിവാഹം അംഗീകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ മുന്നിൽ നടന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അതിലേക്കുള്ള പാതയിലാണെന്ന് പറയാം.

ജെൻഡർ പൊളിറ്റിക്സിന്റെ സംഭാവനകൾ

ജെൻഡർ പൊളിറ്റിക്സിന് ലോകത്തിന് നൽകാനുള്ള സംഭാവനയെന്താണ്? ഡോക്ടര്‍ ക്രിസ്റ്റഫര്‍ 1998 നവംബര്‍ മാസത്തിലെ ‘ജേര്‍ണല്‍ ഓഫ് സെക്‌സ് റിസേര്‍ച്ച്’ മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ”1970കളിലെ ഗേ ലിബറേഷന്‍ സ്വവര്‍ഗലൈംഗികതയില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ കൂടുതലായുള്ള ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘അവരുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പുരുഷന്‍മാരും ഒരു വര്‍ഷത്തില്‍ നിരവധി പേരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗികപങ്കാളികളുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു. മേല്‍വിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങള്‍ വ്യാപകമായി. കുളിമുറികള്‍, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍ മുതല്‍ സിനിമാശാലകള്‍ വരെയുള്ള പൊതുസ്ഥലങ്ങള്‍ തുടങ്ങിയിവിടങ്ങളെല്ലാം സ്വവര്‍ഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങള്‍പോലെയായി…. 1970കളുടെ അവസാനം കാണപ്പെട്ട എയിഡ്‌സ് വൈറസിന്റെ ധ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളില്‍ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വര്‍ധിച്ചുകൊണ്ടിരുന്നു…” (http://findarticles.com/p/articles/ml_m2372/Is_4_5_35/ai_53390356 എന്ന ലിങ്കിൽ ഈ ലേഖനം ഉണ്ടായിരുന്നു; ഇപ്പോൾ ലിങ്ക് പ്രവർത്തിക്കുന്നില്ല.)

അമേരിക്കയിലെ ‘സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളി’ന്റെ (CDC) 2019 ലെ കണക്കുകള്‍ പ്രകാരം എയിഡ്‌സ് രോഗികളില്‍ 69 ശതമാനം പുരുഷന്മാര്‍ക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവര്‍ഗസംഭോഗം വഴിയാണ്.(“HIV and Gay and Bisexual Men”,https://www.cdc.gov)

നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിര്‍വീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകള്‍ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്‌ തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15ാം തിയ്യതിയിലെ ‘സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (Sabin Russell: “S.F. gay community an epicenter for new strain of virulent staph”,15. 01. 2008 https://www.sfgate.com) ആന്റിബയോട്ടിക്കുകള്‍ക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിനെ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കന്‍ ആരോഗ്യവകുപ്പ്.

അമേരിക്കയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതല്‍ സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ്‌ രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികളാണെന്നും 2014 ലെ ഒരു പഠനം വ്യക്തമാക്കുന്നു. (Marc M. Solomon, Kenneth H. Mayer:“Evolution of the syphilis epidemic among men who have sex with men”, Sexual Health 17.12. 2014)

ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാന്‍സര്‍ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. (“Sexually Transmitted Diseases” https://www.cdc.gov)

സ്വവര്‍ഗഭോഗികള്‍ക്ക് ഗുദത്തിലും വന്‍കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തില്‍ ഗേ ബവല്‍ സിന്‍ഡ്രോം (gay bowel syndromme) എന്നുവിളിക്കുന്ന സമ്പ്രദായം 1976 മുതല്‍ ഭിഷഗ്വരന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. (M Heller: “The gay bowel syndrome: a common problem of homosexual patients in the emergency department” Annals of Emergency Medicine, 01.09.1980) ശക്തമായ സ്വവര്‍ഗാനുരാഗീ പ്രതിഷേധങ്ങള്‍ വഴി അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ അങ്ങനെ പ്രയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്. (Farhad Cooper, Tristan Barber: “Gay bowel syndrome’: relic or real (and returning) phenomenon?”, Current Opinion in Infectious Diseases, February 2014)

ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എയിഡ്‌സ് രോഗം പകരുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2017 ലെ കണക്കുകൾ പ്രകാരം ഇരുപത്തിയൊന്നു ലക്ഷം ഇന്ത്യക്കാർ എയിഡ്‌സ് ബാധിതരാണ്. ഓരോ വർഷവും പത്ത് ലക്ഷത്തിലധികം ക്ലമിഡിയ രോഗികളാണ് ഇന്ത്യയിൽ പുതുതായി ചികിത്സക്കെത്തുന്നത്. ഇവയ്ക്ക് പിന്നിലായി ഗോണേറിയയും സിഫിലീസുമെല്ലാമുണ്ട്. (“Reducing STD Transmission in India”, The Borgen Project, https://borgenproject.org) പുരുഷസ്വവർഗ്ഗഭോഗികളാണ് ഈ രോഗങ്ങളിലധികവും പ്രസരിപ്പിക്കുന്നതെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇന്ത്യയിലുള്ള ഇരുപത്തിയഞ്ച് ലക്ഷം സവർഗ്ഗഭോഗികളായ പുരുഷന്മാരിൽ പതിനഞ്ച് ശതമാനമെങ്കിലും എയിഡ്‌സ് രോഗികളാണെന്ന് മനസ്സിലായിട്ടുണ്ട്. (Taru Garg, Ram Chander, Arpita Jain, and Meenu Barara: “Sexually transmitted diseases among men who have sex with men: A retrospective analysis from Suraksha clinic in a tertiary care hospital” Indian Journal of Sexually Transmitted Diseases and AIDS., Jan-Jun, 2012).

സ്വവർഗാനുരാഗികൾക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച പുതിയ വിവരങ്ങളിൽ പലതും ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കൾ ബോധപൂർവ്വം മറച്ചുവെക്കുകയും അത്തരം വാർത്തകളെ തമസ്കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്.

ഈ പ്രകടനങ്ങൾ നമുക്കും വേണോ?

2008 സെപ്റ്റംബര്‍ 28ന് ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ചു നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വാനിയയുടെ വക്താവ് ഡയാന്‍ഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത് ”ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?” (http://americansfortruth.com/news/slavery_makes_a_comeback_in_progressive _san_francisco_headed_for_a_city_near_you.html#more_2335എന്ന ലിങ്കിൽ ഈ ലേഖനം ഉണ്ടായിരുന്നു; ഇപ്പോൾ ലിങ്ക് പ്രവർത്തിക്കുന്നില്ല )എന്നാണ്. പൂര്‍ണനഗ്നരും അര്‍ദ്ധനഗ്നരുമായ ആണുങ്ങളും പെണ്ണുങ്ങളും ലിംഗങ്ങള്‍ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തില്‍ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവര്‍ഗാനുരാഗസ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ പ്രകടനം! പൊതുസ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണുംകാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരന്‍ പോലും ഈ പരേഡ് കാണുമ്പോള്‍ ‘ഇത്രയ്ക്കു വേണോ?’യെന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോർമേറ്റീവിറ്റിയിൽ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോയെന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്.

ഹെറ്ററോനോർമേറ്റിവിറ്റി തകർത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവികലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കൻ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച് അമേരിക്കൻ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്‌റി സാറ്റിനൊവേർ തന്റെ 1996 ൽ പുറത്തിറങ്ങിയ ‘സ്വവർഗ്ഗലൈംഗികതയും സത്യത്തിന്റെ രാഷ്ട്രീയവും’ (Dr. Jeffry Satinover: Homosexuality and The Politics of Truth, Michigen,1996) എന്ന ഗ്രൻഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആൾക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്സിനേയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാൽ പൊറുതിമുട്ടുന്നവർ; കുടുംബങ്ങളിൽ നിന്നുള്ള അകൽച്ചയും സാമൂഹ്യബന്ധങ്ങളുടെ തകർച്ചയും സൃഷ്ടിക്കുന്ന സംഘർഷങ്ങളാൽ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാൽ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയിഡ്‌സ് രോഗിയാകുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോയെന്നാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്.

ഹെറ്ററോനോർമേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളിൽ നിന്ന് സ്വാതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വർഗമായ സ്കാന്റിനേവിയൻ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവർക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോയെന്ന് ചിന്തക്കിക്കാൻ മലയാളികൾ സന്നദ്ധമാകണം. നോർവേയിൽ 41% പേരും ഡെൻമാർക്കിൽ 46% പേരും ഫിൻലാന്റിൽ 36% ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളിൽ ഏർപ്പെടുന്നവരാണ് എന്നതാണ് കണക്ക്. വിവാഹിതരായവർക്ക് അതിന്ന് പുറത്തുള്ള ലൈംഗികപങ്കാളികളെ കണ്ടെത്താനായുള്ള ബെൽജിയത്തിലെ വെബ്‌സൈറ്റിൽ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് പുറത്തെ രതി പരസ്യപ്പെടുത്തിക്കൊണ്ടുള്ളതാണ് അവിടെയെന്നർത്ഥം. ആർക്കും ആരുമായും എവിടെവെച്ചും രതിയിലേർപ്പെടാമെന്ന സ്ഥിതിയുണ്ടായാൽ ലൈംഗികാതിക്രമങ്ങൾ കുറയുമെന്ന ലിബറലിസ്റ്റ് വാദത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് സ്വീഡനിലെ സ്ഥിതി. ലൈംഗികമായ കുറ്റകൃത്യങ്ങൾ അവിടുത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണെന്നാണ് സ്വീഡനിലെ ‘ദി ലോക്കൽ’ പത്രം റിപ്പോർട്ട് ചെയ്യുന്നത് (“Sexual harassment is a ‘major public health issue’ in Sweden: survey”, The Local 28.05. 2019). സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി 16 ഉം 84ഉം വയസ്സുള്ളവർക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത നാല്പത്തി രണ്ട് ശതമാനം സ്ത്രീകളും പറഞ്ഞത് അവർ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയമായിട്ടുണ്ട് എന്നാണ്. 16-29 പ്രായത്തിലുള്ള സ്ത്രീകളാണ് അക്രമിക്കപ്പെടുന്നവരിൽ കൂടുതൽ. ഈ വയസ്സിലുള്ളവരിൽ സർവ്വേയിൽ പങ്കെടുത്ത 57 ശതമാനം പേരും ലൈംഗികാക്രമണത്തിന് വിധേയമായവരാണ് എന്ന് കൂടി പത്രം പറയുന്നുണ്ട്.

പരസ്യമായ രതിവൈകൃതങ്ങളുടെ ഫലമായി അവിടെങ്ങളിൽ ലൈംഗിക രോഗങ്ങൾ വ്യാപകമാകുന്നു; സ്വീഡനിൽ ഗൊണോറിയയും സിഫിലിസും 15 നും 24 നും ഇടയിൽ പ്രായമുള്ള യുവതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010 ൽ 60 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. (“Sexually transmitted diseases in the Nordic countries”, Nordic Health and Welfare Statistics, https://nhwstat.org)

സ്വീഡനിൽ ഓരോ വർഷവും 200 മുതൽ 300 വരെ വളർത്തുമൃഗങ്ങൾക്ക് ലൈംഗികാതിക്രമങ്ങൾ കാരണം പരിക്കേൽക്കേണ്ടി വന്നിരുന്നു. മൃഗഭോഗികൾ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കണക്കിലെടുത്ത് 2014 ൽ അവിടെ മൃഗഭോഗം നിരോധിക്കുകയുണ്ടായി. (“Bestiality now illegal in Sweden, The Local, 31.03. 2014)

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പെരുകിയതിനാൽ കുട്ടികളുടെ പോർണോഗ്രാഫി 1970ൽ സ്വീഡനിൽ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയർന്നുകൊണ്ടിരിക്കുകയാണ് അവിടെ. 2010ൽ പൈറേറ്റ് പാർട്ടി ഓഫ് സ്വീഡൻ കുട്ടികളുടെ അശ്ലീല പ്രദർശനം വീണ്ടും നിയമവിധേയമാക്കണമെന്ന് നിർദ്ദേശിക്കുന്ന സ്ഥിതിയുണ്ടായി. (Leigh Phillips: “Pirate Party tackles ultimate taboo of child pornography” Euro Observer, 05.08.2010)

ബെൽജിയം മുതൽ സ്പെയിൻ വരെയുള്ള നാടുകളിൽ പലതിലും അഗമ്യഗമനം നിയമവിധേയമാണ്. (“Shocking incest map of Europe reveals where sex is LEGAL between consenting siblings”, The Sun, 03.02.2018) ഭാര്യയെ ഒഴിവാക്കി മകളെ ഭാര്യയാക്കുന്നതും അവളിൽ മക്കളുണ്ടാവുന്നതും ‘അമ്മ മകനുമായി ശയിക്കുന്നതും സഹോദങ്ങൾ തമ്മിൽ രതിയിലേർപ്പെട്ട് മക്കളുണ്ടാവുന്നതുമെല്ലാം ഈ രാജ്യങ്ങളിൽ സംഭവിക്കുന്നുണ്ടെന്ന് ‘ദി സൺ’ പത്രത്തിലെ വർത്തയിലുണ്ട്.

ആർക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോനോർമേറ്റിവിറ്റി തകർന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്; ഇതേ അവസ്ഥയിലേക്ക് നമ്മുടെ നാടിനെയും നയിക്കേണ്ടതുണ്ടോയെന്നാണ് ഹെറ്ററോ നോർമേറ്റിവിറ്റിയെ പൊളിക്കാനായി ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബ്ബന്ധിക്കുന്നവർ ആലോചിക്കേണ്ടത്. വേണ്ടെന്നാണ് ഉത്തരമെങ്കിൽ ഇപ്പോൾ ഈ വസ്ത്രമാറ്റത്തിൽ തന്നെയാണ് നാം തടയിടേണ്ടത്. ഇല്ലെങ്കിൽ ഇത്തരം വാർത്തകളാൽ മലയാളം മാധ്യമങ്ങളും നിറയാൻ കാലമേറെ എടുക്കുകയില്ല.

കുട്ടികൾക്ക് രക്ഷയില്ലാത്ത സമൂഹനിർമ്മിതി

ബാലരതി (pedophilia)യടക്കമുള്ള സകലവിധ ലൈംഗികതകളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമെന്ന് കൂടി അറിയുമ്പോഴാണ് അടുത്ത തലമുറയെക്കുറിച്ച് പ്രതീക്ഷ വെച്ച് പുലർത്തുന്നവർക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെപ്പോലെയുള്ള അവരുടെ പദ്ധതികളെ എതിർക്കേണ്ടി വരുന്നത്. ജോൺ മണി, മിഷേൽ ഫൂക്കോ തുടങ്ങിയ അവരുടെ സൈദ്ധാന്തികന്മാരെല്ലാം ബാലരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. ബലാൽക്കാരമില്ലാതെയും കുട്ടികളുടെ സമ്പൂർണ്ണമായ സമ്മതത്തോടെയുമാണെങ്കിൽ അവരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്ന തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞവരാണിവർ. (Marie Doezema: “France, Where Age of Consent is up for Debate”, The Atlantic 10.03.2018)

പതിനഞ്ച് വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെതിരെ ഫ്രാൻസിലുണ്ടായിരുന്ന നിയമം തിരുത്തുകയും കുട്ടികളുടെ സമ്മതത്തോടെ അവരുമായി രതിയിലേർപ്പെടാൻ ഫ്രഞ്ചുകാർക്ക് അവകാശം നൽകുകയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് 1977ൽ ഫ്രഞ്ച് പാർലിമെന്റിന് നൽകിയ നിവേദനത്തിൽ ഒന്നാമതായി ഒപ്പു വെച്ചത് മിഷേൽ ഫൂക്കോയായിരുന്നു. Daniel Johnson: “Michel Foucault: the prophet of pederasty” The Critic April 2021)

കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവർക്കെതിരെ 1977 ലും 1979ലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസുകളെടുത്തപ്പോൾ അവയെ ചോദ്യം ചെയ്തുകൊണ്ട് ഫ്രഞ്ച് പത്രങ്ങളിൽ തുറന്ന കത്തുകളെഴുതിയതും ഈ നിവേദനം നൽകിയവർ തന്നെയാണ്. പതിമൂന്നും പതിനാലും വയസ്സുള്ള നിരവധി ആൺകുട്ടികളുമായും പെൺകുട്ടികളുമായും ലൈംഗികബന്ധത്തിലേർപ്പെട്ടതിന് പിടിക്കപ്പെട്ട മൂന്ന് പേരെ 1977ൽ വിചാരണ ചെയ്യുന്നതിന് തലേന്നാണ് Le Monde പത്രത്തിൽ അവരെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് 69 ബുദ്ധിജീവികളുടെ പേര് വെച്ചുകൊണ്ടുള്ള ഒന്നാമത്തെ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടത്. ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിലുള്ള പെൺകുട്ടികളെ തന്റെ പങ്കാളികളാക്കിക്കൊണ്ട് ജീവിച്ച ജെറാൾഡിന്റെ കുറ്റവിചാരണാ സന്ദർഭത്തിൽ, 1979 ൽ Libération പത്രത്തിൽ 63 പേർ ഒപ്പുവെച്ച രണ്ടാമത്തെ കത്തും പ്രത്യക്ഷപ്പെട്ടു. രണ്ടിന്റെയും മുന്നിലുണ്ടായിരുന്നത് എൽജിബിറ്റി സൈദ്ധാന്തികാചാര്യൻമാർ തന്നെയായിരുന്നു. (“Calls for legal child sex rebound on luminaries of May 68″ The Guardian,11.05.2019)

ജെൻഡർ പൊളിറ്റിക്സ് നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്ന് വ്യക്തമാക്കുന്നതാണ് പ്രസിദ്ധീകരിക്കപ്പെട്ട ഈ തുറന്ന കത്തുകൾ.

റാലികള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയുമെല്ലാം എൽജിബിറ്റി ആക്ടിവിസ്റ്റുകൾ ഹെറ്ററോനോർമേറ്റിവിറ്റിക്കെതിരെ ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരുന്ന 1970 കളുടെ അവസാനത്തിൽ തന്നെ അതിന്റെ തിക്തഫലങ്ങളും അമേരിക്കൻ ജനത അനുഭവിക്കാൻ തുടങ്ങിയിരുന്നുവെന്ന് നടേ പരാമർശിച്ച സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതോടനുബന്ധിച്ച് നടന്ന കുറ്റകൃത്യങ്ങൾ പ്രധാനമായും കുട്ടികളെയാണ് ബാധിച്ചത്. 1977 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്‌റ്റണിലെ ഏറെ കോളിളക്കമുണ്ടാക്കിയ കേസ് ജെൻഡർ പൊളിറ്റിക്സ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുകയെന്ന് വ്യക്തമാക്കുന്നു. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആണ്‍കുട്ടികളെ ഇരുപത്തിനാല് സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്ന് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നതായിരുന്നു കേസ്. ബലാല്‍സംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിപ്പിച്ചു കൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണ് സ്വവര്‍ഗാനുരാഗീസംഘങ്ങള്‍ ചെയ്തത്. (“The Boston/Boise Affair, 1977-78” https://www.thefreelibrary.com)

ജെൻഡർ പോളിറ്റ്റിക്സ് എങ്ങനെയാണ് കുട്ടികളെ ബാധിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കാൻ ബോസ്റ്റൻകേസും അനുബന്ധസംഭവങ്ങളും നിരീക്ഷിച്ചാൽ മതിയാകും. 24 പുരുഷന്മാർ മയക്കുമരുന്നുകളും വീഡിയോ ഗെയിമുകളും നൽകി എട്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള നിരവധി കുട്ടികളെ ഒരു വീട്ടിലേക്ക് ആകർഷിക്കുകയും അവിടെ വെച്ച് അവരെ നഗ്നരാക്കി ഫോട്ടോ എടുക്കുകയും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്നതായിരുന്നു കേസ്. കേസ് അന്വേഷിച്ച സാഫോൾക്ക് കൺട്രി ഡിസ്ട്രിക്റ്റ് അറ്റോണി ഗരെറ്റ്‌ എച്ച് ബൈരൻ പറഞ്ഞത് മഞ്ഞുകട്ടയുടെ അറ്റം മാത്രമാണ് ഇതെന്നും ഇത്തരം നിരവധി കുറ്റകൃത്യങ്ങൾ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നുമാണ്. James Aloisi: “The Bonin story: The political persecution of a chief justice and the lessons for today”, CommonWealth Journel, 11.01.2012).

കേസ് വന്നപ്പോൾ കുറ്റവാളികളെ രക്ഷപ്പെടുത്താനായി രംഗത്ത് വന്നത് നാംബ്ല (North American Man-Boy Love Association -NAMBLA) എന്ന സംഘടനയാണ്. ആൺകുട്ടികളെ കാമിക്കുന്ന പുരുഷന്മാരുടെ സംഘടന. 1100 ലധികം അംഗങ്ങളുള്ള നാംബ്ല ഇരുപതോളം രാജ്യങ്ങളിൽ അംഗസംഘടനകളുള്ള ഐപിസിഇയുടെ (International Pedophile and Child Emancipation-IPCE) നോർത്ത് അമേരിക്കൻ ചാപ്റ്ററാണെന്നാണ് എഫ്ബിഐയുടെ അന്വേഷണങ്ങളിൽ നിന്ന് കണ്ടെത്തിയത്. (Mike Pearl: “Whatever Happened to NAMBLA?” https://www.vice.com). സോക്രട്ടീസ് മുതൽ ഓസ്കാർ വൈൽഡ് വരെയുള്ള പാശ്ചാത്യസംസ്കാരത്തെ രൂപപ്പെടുത്തിയവരെല്ലാം ബാലരതിക്കാരായിരുന്നുവെന്നതിനാലും ന്യൂ ഗിനിയ മുതൽ പേർഷ്യ വരെയും സുലു മുതൽ ജപ്പാൻ വരെയുമുള്ളയിടങ്ങളിൽ നിലനിന്നിരുന്ന സ്വവർഗ്ഗാനുരാഗം ബാലരതിയിൽ അധിഷ്ഠിതമായിരുന്നുവെന്നതിനാലും ജനാധിപത്യത്തിന്റെയും ലിബറലിസത്തിന്റെയും പുതിയ കാലത്ത് അത് അനുവദിക്കാതിരുന്നത് ന്യായമല്ലെന്നാണ് നാംബ്ലയുടെ വാദം.

1969 ൽ സ്ഥാപിക്കപ്പെട്ട ആദ്യകാല സ്വവർഗ്ഗാനുരാഗസംഘങ്ങളിലൊന്നായ ജിഎഎ (Gay Activists Alliance-GAA) യുടെ മുൻപ്രസിഡന്റായിരുന്ന ഡേവിഡ് തോർസ്റ്റാർഡ് തന്നെയാണ് നാംബ്ലയുടെയും തുടക്കക്കാരൻ. പ്രസിദ്ധ സ്വവർഗ്ഗാനുരാഗീസംഘമായ മട്ടാച്ചിൻ സൊസൈറ്റിയുടെ സ്ഥാപകനും എൽജിബിറ്റി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ വിപ്ലവകാരികളിലൊരാളായി വാഴ്ത്തപ്പെടുന്നയാളുമായ ഹാരി ഹെയായിരുന്നു നാംബ്ലയെ വളർത്തിക്കൊണ്ടുവന്നരിൽ ഒരാൾ. പ്രസിദ്ധ പത്രപ്രവർത്തകനായ ബിൽ ആൻട്രിയറ്റ്, കവിയും എഴുത്തുകാരനുമായിരുന്ന അലൻ ജിൻസ്ബെർഗ് എന്നിവർ ജൂതറബ്ബിയായിരുന്ന അലൻ ഹോറോവിസ്‌ക് എന്നിവർ നാംബ്ലയുടെ വക്താക്കളായ പ്രമുഖരാണ്. (George E. Haggerty: Gay Histories and Cultures: An Encyclopedia, Oxfordshire, 2000, Page 627-628)

ജെൻഡർ പൊളിറ്റിക്സിന്റെ കാലത്ത് നമ്മുടെ മക്കളുടെ അവസ്ഥയെന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. ഇപ്പോൾ തന്നെ അമ്പത്തിമൂന്ന് ശതമാനത്തിലധികം കുട്ടികൾ ലൈംഗികമായ അതിക്രമങ്ങൾക്ക് വിധേയമാകുന്ന നമ്മുടെ നാട്ടിൽ (“Over 53% Children Face Sexual Abuse: Survey”, Times Of India, 10.04. 2007) ഒന്നിലധികം നാംബ്ലെകൾ കൂടി ഉണ്ടാവുക എന്നതായിരിക്കും ജെൻഡർ പൊളിറ്റിക്സിന്റെ സംഭാവന. നമ്മുടെ നാട്ടിലെ തൊഴിൽരഹിതരായ കുട്ടികളിൽ കണ്ണ് വെച്ചിരിക്കുന്ന സെക്സ് ടൂറിസത്തിന് വളരാൻ ജെൻഡർ പൊളിറ്റിക്സ് നിർമ്മിക്കുന്ന ഭൂമിക വഴി സാധിച്ചേക്കും (“Pedophilia and Indian Tourism Industry” http://www.irenees.net). തീരുമാനിക്കേണ്ടത് നമ്മൾ ഭാരതീയരാണ്; നാടിന്റെ മക്കളെ ടൂറിസ്റ്റുകൾക്ക് പിച്ചിച്ചീന്താൻ തക്ക രൂപത്തിലുള്ള ഒരു സാമൂഹ്യസൃഷ്ടിക്ക് നാം പച്ചക്കൊടി കാണിക്കേണ്ടതുണ്ടോയെന്ന തീരുമാനം.

എട്ടിനും പതിനഞ്ചിനുമിടയിലുള്ള ബാലികാബാലന്മാരാണെങ്കിലും അവരുടെ മാത്രം സമ്മതമുണ്ടായാൽ അവർക്ക് മുകളിൽ കയറാൻ ആരെയും അനുവദിക്കുന്ന ‘സുഖസുന്ദരമായ’ ലോകം സ്വപ്നം കാണുന്നവർക്ക് അനുഭവിക്കാൻ നമ്മുടെ മക്കളെ ഒരുക്കിക്കൊടുക്കണമോയെന്ന ചോദ്യത്തിന് ഉത്തരം കണ്ടതിന് ശേഷമാകണം ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ ഗുണഗണളെക്കുറിച്ച് മന്ത്രി മുതൽ തന്ത്രി വരെയുള്ളവർ വാചാലരാകുന്നത്. മുന്‍ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്‌യാന്റിന്റെ നേതൃത്വത്തില്‍ ”നമ്മുടെ മക്കളെ രക്ഷിക്കുക” (Save our children) എന്ന തലക്കെട്ടോടെ അമേരിക്കയിലെ മാതാപിതാക്കള്‍ക്ക് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ഒരു കാമ്പയിന്‍ തന്നെ സംഘടിപ്പിക്കേണ്ടിവന്നുവെന്ന് നാം മനസ്സിലാക്കണം (Gillian Avrum Frank: “Save Our Children: The Sexual Politics of Child Protection, 1965-1990”, Brown University Library, https://repository.library.brown.edu). സ്വവർഗ്ഗരതിക്കാർക്കെതിരെ നടന്ന ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റമായിരുന്നുവെങ്കിലും എൽജിബിറ്റി ആക്ടിവിസത്തിന് മുമ്പിൽ അതിന്ന് പിടിച്ച് നിൽക്കാനായില്ല. എങ്കിലും വളർന്നു വരുന്ന തലമുറയ്ക്ക് എത്രത്തോളം അപകടകരമാണ് ജെൻഡർ പൊളിറ്റിക്സ് എന്ന് മനസ്സിലാക്കുവാൻ ആ ക്യാമ്പയിൻ നിമിത്തമായി.

സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കൻ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോനോർമേറ്റിവിറ്റി തകർക്കപ്പെടുന്നതോടെ കേരളത്തിലെ മാതാപിതാക്കൾക്കും ഉണ്ടാകാൻ പോകുന്നത് എന്ന ഭയമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോമിനെതിരെ സംസാരിക്കാൻ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.

print

No comments yet.

Leave a comment

Your email address will not be published.