പശ്ചാത്താപം പരിഹാരമാണ്

//പശ്ചാത്താപം പരിഹാരമാണ്
//പശ്ചാത്താപം പരിഹാരമാണ്
സർഗാത്മക രചനകൾ

പശ്ചാത്താപം പരിഹാരമാണ്

തെറ്റുകുറ്റങ്ങൾ സംഭവിക്കുക മാനുഷികമാണ്. കുറ്റം ചെയ്ത് പോകുകയും അത് കുറ്റമാണെന്ന് മനസ്സിലാക്കിയ ശേഷം അതിൽ നിന്ന് വിരമിക്കുകയും അനുതപിക്കുകയും ചെയ്യാതെ വീണ്ടും വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് കടുത്ത ധിക്കാരവും നന്ദികേടും അതിക്രമവുമാണ്. എന്നാൽ പശ്ചാതപിച്ചു മടങ്ങുകയും പാപമോചനം തേടുകയും ചെയ്യുന്നതോടെ ആ മടക്കം ഒരു പുണ്യകർമ്മമായി തീരുകയും ചെയ്യും. ഏതു മനുഷ്യനും എപ്പോൾ വേണമെങ്കിലും അവന്റെ സ്രഷ്ടാവിനോട് പാപമോചനത്തിന് അപേക്ഷിക്കാം. അല്ലാഹുവിനോട് മാത്രമേ പാപമോചനത്തിന് അപേക്ഷിക്കാവൂ.

വിശ്വാസിക്ക് തെറ്റ് പറ്റാം. അങ്ങനെ തെറ്റു പറ്റിയാൽ വിവേകത്തിലേക്ക് തിരിച്ചെത്തണം. വഴുതി വീണാൽ വീണേടത്ത് കിടക്കാതെ വേ​ഗം എഴുന്നേറ്റ് ലക്ഷ്യത്തിലെത്താൻ ശ്രമിക്കണം. അതുകൊണ്ടാണ് തെറ്റു പറ്റുന്ന മനുഷ്യന് അല്ലാഹു മോചനമാർ​ഗമായി പ്രാർത്ഥന നൽകുന്നതും. വിശുദ്ധ ക്വുർആൻ അതിങ്ങനെ പറയുന്നു. “ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവിനോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്.” (4:110)

നബി (സ) പാപം ചെയ്തിട്ടില്ല. അതേ സമയം ധാരാളമായി പാപമോചന പ്രാർത്ഥന നടത്തിയിട്ടുണ്ട് താനും. നബി(സ)യോടും സമുദായത്തോടും അല്ലാഹു പറയുന്നു.
“ആകയാൽ അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക). നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്.” (സൂറ. മുഹമ്മദ്-19)
അബൂഹുറൈറയിൽ(റ) നിന്ന്: റസൂൽ (സ) പറയുന്നത് ഞാൻ കേട്ടു. “അല്ലാഹുവാണെ, തീർച്ചയായും ദിവസത്തിൽ എഴുപതിലധികം തവണ ഞാൻ അല്ലാഹുവോട് പശ്ചാതപിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു”. (ഇമാം ബുഖാരി). നബി(സ)യോട് പോലും പാപമോചനം തേടുവാൻ അല്ലാഹു കൽപിച്ചു. പാപമോചനം തേടുന്നത് അവിടുത്തെ നിത്യപതിവായിരുന്നു എന്നും മനസ്സിലാക്കാം. ഇതിൽ നിന്നും ഈ വിഷയത്തിൽ മറ്റുള്ളവർ കാണിക്കേണ്ട ജാ​ഗ്രതയെക്കുറിച്ചു മനസ്സിലാക്കാം.

സൂറത്തുന്നസ്റിന്റെ അവതരണശേഷം പ്രവാചകൻ (സ) നമസ്കാരത്തിലെ റൂകൂഇലും സുജൂദിലും “സുബ്ഹാനകല്ലാഹുമ്മ റബ്ബനാ, വബിഹംദിക്ക അല്ലാഹുമ്മഗ്‌ഫിർലീ” (ഞങ്ങളുടെ നാഥനായ അല്ലാഹുവേ, നീ പരിശുദ്ധനാണ്. നിന്നെ സ്തുതിക്കുന്നതോടൊപ്പം നീയെനിക്ക് പൊറുത്തു തരേണമേ) എന്ന പ്രാർത്ഥന പതിവാക്കിയിരുന്നതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസിൽ കാണാവുന്നതാണ്. നമസ്കാരത്തിന് ശേഷവും മറ്റു സന്ദർഭങ്ങളിലും നബി(സ) അല്ലാഹുവിനോട് പൊറുക്കലിനെ തേടിയിരുന്നു.
ആത്മാർഥതയോടെ, സ്രഷ്ടാവിനോട് തന്റെ കുറ്റം ഏറ്റു പറയണം. അതവൻ അം​ഗീകരിച്ചു ര​ക്ഷപ്പെടുത്തും. വിശുദ്ധ ക്വുർആനിൽ നമുക്ക് യൂനുസ് നബി(അ)യടെ ചരിത്രം പറഞ്ഞു തരുന്നുണ്ട്. സ്വന്തം ജനതയോട് ദേഷ്യം പിടിച്ചു അദ്ദേഹം ആ നാട് വിട്ടു പോയി. ആ യാത്രയിലുണ്ടായ അപകടത്തെക്കുറിച്ച് അല്ലാഹുവിനോട് അദ്ദേഹം കേണപേക്ഷിച്ചു. ആ സന്നിഗ്‌ദ ഘട്ടത്തിൽ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി. തികഞ്ഞ നിഷ്കളങ്കമായ പ്രാർത്ഥനയായിരുന്നു അതിന്ന് കാരണം. “അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും ദുഃഖത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. വിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നതാണ്.” (അമ്പിയാഅ്: 88)

അല്ലാഹു ആദമിനെ സൃഷ്ടിച്ചു. പിശാചിന്റെ കുതന്ത്രത്തിൽ ആദ്യം തെറ്റ് ചെയ്തപ്പോൾ എന്താണ് ഇനിയുള്ള മാർഗം എന്ന് ചിന്തിച്ചു, അല്ലാഹു ആദമിന് പ്രാർത്ഥനയുടെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു. അതനുസരിച്ച് ആദം അല്ലാഹുവോട് പ്രാർത്ഥിച്ചു. ആ പ്രാർത്ഥന സ്വീകരിച്ച അല്ലാഹു അദ്ദേഹത്തെയും പത്നിയെയും പാപമുക്തരാക്കി. അതിനു ശേഷം ചില നിർബന്ധ നിബന്ധനയോടെ അല്ലാഹു അവരെ ഭൂമിയിലേക്ക് അയച്ചു. ഇതാണ് സ്രഷ്ടാവിനോടുള്ള ആത്മാർഥ പ്രാർത്ഥനയുടെ ഫലം. തെറ്റു ചെയ്തു പോയാൽ ഉടനെ തന്നെ പശ്ചാതപിച്ചു പ്രാർത്ഥിക്കണം. അതാണ് പ്രവാചകന്മാരുടെയും സ്വഹാബത്തിന്റെയും ഇമാമുകളുടെയും മാതൃക. തെറ്റ് സംഭവിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ പടച്ച തമ്പുരാനോട് അവൻ മാപ്പിനായി അഭ്യർത്ഥിക്കണം. അതാണ് ആദാമും ഹവ്വയും ഇവിടെ നിർവഹിച്ചത്. തെറ്റ് ചെയ്തതിനെ ന്യായീകരിക്കുക വഴി മറ്റൊരു തെറ്റിലേക്ക്‌ കൂടി വഴുതി വീഴുന്ന വിധം കാര്യങ്ങൾ ഉണ്ടായിക്കൂടാ.

പടച്ചവനെ വിശ്വാസികൾ എല്ലാം അർപ്പിച്ചു പ്രാർത്ഥിച്ചാൽ മാനസിക പ്രയാസങ്ങൾ ലഘൂകരിക്കാൻ കഴിയുമെന്നാണ്. ഹൂദ് (അ) ജനങ്ങളോട് പറഞ്ഞതും പ്രാർത്ഥിക്കാനായിരുന്നു. “എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നാഥനോട് മാപ്പിരക്കുവിൻ, എന്നിട്ടു അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുവീൻ. അപ്പോൾ അവൻ നിങ്ങൾക്ക് ധാരാളം മഴ വർഷിപ്പിക്കുകയും നിങ്ങൾക്ക് പൂർവ്വോപരി ശക്തി നൽകുകയും ചെയ്യും. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞു പോകരുത്.” (ഹൂദ്: 52)

നൂഹ് നബി (അ) ദൈവധിക്കാരികളായ തന്റെ ജനതയോട് ഉപദേശിച്ചതും സ്രഷ്ടാവിനോട് പ്രാർത്ഥിക്കാനായിരുന്നു. അങ്ങനെ നൂഹ് (അ) പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. അവൻ വളരെ പൊറുക്കുന്നവനാണ്. തീർച്ചയായും നിങ്ങൾക്കവൻ ധാരാളം മഴ വർഷിപ്പിച്ചു തരും. മുതലുകൾ കൊണ്ടും മക്കളെക്കൊണ്ടും അവൻ നിങ്ങളെ അനു​ഗ്രഹിക്കും. നിങ്ങൾക്കവൻ തോട്ടങ്ങളുണ്ടാക്കിത്തരികയും പുഴകൾ ഉണ്ടാക്കിത്തരികയും ചെയ്യും”. (നൂഹ് 10-12).

അല്ലാഹു മനുഷ്യരാശിക്ക് നൽകുന്ന മഹത്തായ ഒരു സന്തോഷവാർത്ത കാണുക: “പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചു പോയ എന്റെ ദാസൻമാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്‌മയോടെ മടങ്ങുകയും അവന് കീഴ്‌പ്പെടുകയും ചെയ്യുവീൻ. പിന്നെ (അത് വന്നതിനു ശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല”. (39:53,54).

അല്ലാഹു പശ്ചാത്താപം സ്വീകരിക്കുവാൻ തയ്യാറാവുന്ന അവസ്ഥയെക്കുറിച്ച് അവിടുന്ന് പറയുന്നു: അബൂമൂസൽ അശ്അരിയിൽ(റ) നിന്ന് നബി (സ) പറഞ്ഞു: ‘പകലിൽ പാപം ചെയ്തുപോയവന്റെ പശ്ചാത്താപം സ്വീകരിക്കാൻ അല്ലാഹു രാത്രിയിൽ കൈനീട്ടും. രാത്രിയിൽ പാപം ചെയ്തു പോയവന്റെ പശ്ചാത്താപം സ്വീകരിക്കാൻ പകലിലും. സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് ഉദിക്കുന്നത് വരെ (ഈ അവസ്ഥ ഉണ്ടായിരിക്കും)’. (ഇമാം മുസ്‌ലിം)

അന്ത്യനാൾ വരെ തൗബയുടെ വാതിൽ തുറന്നു തന്നെ കിടക്കും. കരുണാമയനായ അല്ലാഹു തൗബയുടെയും പശ്ചാത്താപത്തിന്റെയും കവാടങ്ങൾ അടച്ചു പൂട്ടുന്നില്ല.

ഇബ്നു ഉമറിൽ(റ) നിന്നും, അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: “റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ ഒരു ദാസന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.” (തിർമിദി, ഇബ്നുമാജ).
എന്നിട്ടും തൗബക്കും ഇസ്തിഗ്‌ഫാറിനും സമയവും സന്നദ്ധതയും കണ്ടെത്താതെ ജീവിതം ഉന്തി നീക്കുന്നത് തികഞ്ഞ അവിവേകം എന്നല്ലാതെ മറ്റെന്ത് പറയാൻ ?

പ്രവാചകാദ്ധ്യാപനങ്ങളിൽ നിന്നും പശ്ചാത്താപത്തിന് 6 മാർ​ഗനിർദ്ദേശങ്ങൾ കാണാവുന്നതാണ്.

1) ചെയ്ത് പോയ പാപത്തിൽ ഖേദിക്കുക. 2) പാപത്തിൽ നിന്നും വിടപറയുക. 3) പാപത്തിലേക്ക് ഇനിയുമൊരു തിരിച്ചുപോക്കില്ലെന്ന് ദൃഢനിശ്ചയമെടുക്കുക. 4) അല്ലാഹുവിന്റെ മാപ്പിനായി പശ്ചാതപിച്ച് പ്രാർഥിക്കുക. 5) ചീത്ത വൃത്തികൾ ചെയ്തു പൊയെങ്കിൽ സത്കർമ്മങ്ങൾ ഉടൻ ചെയ്യുക. 6) പശ്ചാതപിക്കാൻ വൈകിക്കാതിരിക്കുക.

രാത്രിയിലെ ഒരു പ്രത്യേക സമയത്തെക്കുറിച്ച് നബി (സ) പഠിപ്പിക്കുന്നു. ‘നിശ്ചയമായും രാത്രിയിൽ ഒരു സമയമുണ്ട്. പ്രസ്തുത സമയത്ത് ഒരു മുസ്‌ലിം അല്ലാഹുവിനോട് ഐഹികമോ, പാരത്രികമോ ആയ കാര്യത്തിൽ നന്മക്കായി തേടുന്ന പക്ഷം ആ തേടുന്നത് അല്ലാഹു അവന് നൽകാതിരിക്കയില്ല. ആ സമയം എല്ലാ രാത്രിയിലുമുള്ളതാകുന്നു’. (ഇമാം മുസ്‌ലിം) എല്ലാ സമയവും നല്ലതു തന്നെ. എന്നാൽ അങ്ങിനെ ചില ദിവസങ്ങളും സമയങ്ങളും സ്ഥലങ്ങളും മാസങ്ങളുമെല്ലാം പ്രത്യേകം കുറിക്കപ്പെട്ടതായി കാണാം. പരിശുദ്ധ റമളാൻ അവയിൽ മഹത്തായ മാസമാകുന്നു.

അതുകൊണ്ട് ജീവിത ക്ലേശങ്ങളുടെ നടുക്കടലിൽ വീർപ്പുമുട്ടി കഴിയുന്നവർ അല്ലാഹുവിലേക്ക് മടങ്ങി അവന്റെ കരുണാകടാക്ഷം തേടേണ്ടതാണ്. അല്ലാഹു അവനെ രക്ഷപ്പെടുത്തും. അതിന് അവന്റെ സ്നേഹം കരസ്ഥമാക്കണം. അതിന് അല്ലാഹുവിന്റെ കൽപനാ നിർദേശങ്ങൾ അനുസരിക്കുകയും അവനോട് നിരന്തരം പാപമോചനം നടത്തുകയും വേണം. അതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അതിന് ക്രിസ്ത്യാനികളുടെ കുമ്പസാരവും, മാനസിക ​ഗവേഷകരുടെ മനഃശാസ്ത്ര ചികിത്സയും ആവശ്യമില്ല. നിരന്തരമായ പ്രാർത്ഥന, തെറ്റുകളിലേക്ക് വീണ്ടും മടങ്ങാതിരിക്കൽ, ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അല്ലാഹു അടിമകളോട് കാരുണ്യവാനാണ്. അവനാണ് പാപങ്ങൾ പൊറുത്തു തരുന്നവൻ. ക്വുർആൻ പറഞ്ഞു: “പാപങ്ങൾ പൊറുക്കുവാൻ അല്ലാഹു അല്ലാതെ ആരാണുള്ളത്.”? (ആലു ഇംറാൻ 135)

പശ്ചാതപിച്ച് മടങ്ങുകയും, അതോടൊപ്പം അല്ലാഹുവിന്റെ പ്രീതിക്കായി ജീവിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടാൻ സർവ്വശക്തൻ അനു​ഗ്രഹിക്കട്ടെ. ആമീൻ.

(ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹീസെന്റർ ഇക്കഴിഞ്ഞ റമദാനിൽ വനിതകൾക്കായി നടത്തിയ അൽ-ഇനാബ ഉപന്യാസ മത്സരത്തിൽ ഒന്നാം സമ്മാനർഹമായ രചന.)

print

3 Comments

  • Maasha ALLAH .. well written . May ALLAH increase your knowledge and reward you abundantly 🌺🌺🌺

    Afzal bin Kunhalavi 29.08.2020
  • Aameen..Jazak Allah khair..

    Faseela Mohammed...from Jubail 13.12.2020
  • Sunan an-Nasa’i 2919 പാപം മോചിക്കാൻ ഹജറുൽ അസ്വദിന് കഴിയും എന്നാണല്ലോ? അപ്പൊ ആലു ഇംറാൻ 135 അല്ലാഹുവിനു മാത്രമല്ല പാപം മോചിക്കാൻ കഴിയുന്നത് എന്ന് വരില്ലേ?

    Zen 29.02.2024

Leave a comment

Your email address will not be published.