പരീക്ഷണങ്ങൾ; സത്യവിശ്വാസികൾ വ്യത്യസ്തരാവുന്നത്

//പരീക്ഷണങ്ങൾ; സത്യവിശ്വാസികൾ വ്യത്യസ്തരാവുന്നത്
//പരീക്ഷണങ്ങൾ; സത്യവിശ്വാസികൾ വ്യത്യസ്തരാവുന്നത്
ആനുകാലികം

പരീക്ഷണങ്ങൾ; സത്യവിശ്വാസികൾ വ്യത്യസ്തരാവുന്നത്

ഹിക ലോകം പരീക്ഷകളുടേയും പരീക്ഷണങ്ങളുടേയും ഗേഹമാണ്. സ്വസ്ഥതയുടേയും സമാധാനത്തിന്‍റേയും മാത്രം ഗേഹമല്ല. ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണതകള്‍ തുടര്‍ തിരമാലകള്‍ പോലെയാണ് ദുനിയാവിലുള്ളത്. ഒരാള്‍ക്കും അതില്‍ നിന്ന് രക്ഷപ്പെടുക സാധ്യമല്ല. മനുഷ്യന്‍റെ സൃഷ്ടിപ്പു തന്നെ പ്രതിസന്ധികളെ നേരിടേണ്ട പ്രകൃതത്തിലാണ്. അല്ലാഹു പറഞ്ഞു:

“തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.” (ബലദ്/4)

ഒരു മനുഷ്യനും സമ്പൂര്‍ണ്ണമായ സൗഭാഗ്യത്തിലാകുക സാധ്യമല്ല. സമ്പന്നനായതുകൊണ്ട് ജീവിതത്തില്‍ സുഖം മാത്രമനുഭവിക്കുന്ന ഒരാളെ കാണുക സാധ്യമാണൊ? ഇല്ല. അവനുമനുഭവിക്കുന്നുണ്ട് ജീവിതത്തിലെ പരീക്ഷണങ്ങളും പ്രതിസന്ധികളും. എല്ലാവിധ സൗഖ്യവും സമാധാനവും മാത്രം ആസ്വദിച്ചു കൊണ്ട് ജീവിക്കുന്ന ഏത് ഭരണാധികാരിയാണ് ലോകത്തുള്ളത്? ആരുമില്ല. ആധിയും വ്യാധിയും ഭയവുമൊക്കെ അവരേയും ബാധിക്കുന്നുണ്ട്.

ദുനിയാവ് സദാ ശാന്തമല്ല. എന്നാല്‍ സദാ കലുഷവുമല്ല. ശാന്തിയും കാലുഷ്യവും മനുഷ്യര്‍ക്കിടയില്‍ മാറ്റിനിര്‍ത്താനാവാത്തവിധം സജീവമാണ്. ദുനിയാവിന്‍റെ ഈ രണ്ടു പ്രകൃതത്തേയും വിവേകപൂര്‍വ്വം നേരിടുന്നതിലാണ് മനുഷ്യന്‍റെ വിജയമിരിക്കുന്നത്. ദുനിയാവിനെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരാണ് മുഅ്മിനുകള്‍. ജീവിതത്തിലെ എല്ലാം ദൈവനിശ്ചയാടിസ്ഥാനത്തിലാണ് നീങ്ങുന്നത് എന്ന് അവര്‍ക്കറിയാം. മാനുഷികമായ കഴിവുകളും നൈപുണികളും എത്രമേല്‍ കൂടെയുണ്ടെങ്കിലും ശരി, പ്രപഞ്ചത്തിലെ പ്രകൃതത്തിലൊന്നിലും സാരമായി ഇടപെടാന്‍ മനുഷ്യന് സാധ്യമല്ലെന്ന ബോധം വിശ്വാസികള്‍ക്കുണ്ട്. അവരുടെ അനുഭവങ്ങള്‍ അതിന്ന് സാക്ഷ്യം നില്‍ക്കുന്നുമുണ്ട്.

ജീവിതത്തിലെ എല്ലാമെല്ലാം, അത് ഗുണമാകട്ടെ ദോഷമാകട്ടെ, മധുരമാകട്ടെ കയ്പാകട്ടെ, പ്രപഞ്ചസ്രഷ്ടാവിന്‍റെ ഖളാഇലും ഖദറിലും അഥവാ നിശ്ചയത്തിലും നിര്‍ണ്ണയത്തിലുമാണ് നടക്കുന്നത്. മുഅ്മിനിന്‍റെ മൗലിക വിശ്വാസങ്ങളില്‍ ഒന്നാണ് ഈ പറഞ്ഞത്. ഇന്ന് മധുരതരമാണെങ്കില്‍ നാളെ കയ്‌പുറ്റതാകാം. എന്നാല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ സാന്നിധ്യമറിയിക്കുന്ന മധുരത്തിനും കയ്‌പിനും സ്ഥായീഭാവമില്ല എന്നതാണ് വാസ്തവം. എന്നും മധുരം എന്നും കയ്‌പ്‌; അങ്ങനെയൊരവസ്ഥ ആരുടെ ജീവിതത്തിലുമില്ല. ദുനിയാവിനെ അങ്ങനെയാണ് പടച്ചതമ്പുരാന്‍ സംവിധാനിച്ചിരിക്കുന്നത്. ഔസ് ബ്നു ഹാരിഥഃ (റ) മരണാസന്ന വേളയില്‍ തന്‍റെ മകനെ ഉപദേശിച്ചത് ഇപ്രകാരമാണ്: “മോനെ, ജീവിതത്തില്‍ രണ്ട് ദിനങ്ങളേ ഉള്ളൂ. ഒരു ദിവസം നിനക്ക് അനുകൂലമാണെങ്കില്‍ ഒരു ദിവസം നിനക്ക് പ്രതികൂലമാകാം. നിനക്ക് അനുകൂലമാണ് ദിനങ്ങളെങ്കില്‍ നീ അഹങ്കരിക്കാതിരിക്കുക. നിനക്ക് പ്രതികൂലമാണ് ദിനങ്ങളെങ്കില്‍ നീ അങ്ങേയറ്റം ക്ഷമകൈക്കൊള്ളുക. രണ്ട് ദിനങ്ങള്‍ക്കും അല്‍പായുസ്സു മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കി ജീവിക്കുക.” (താരീഖു ദിമശ്ഖ് – 3/457)

ഇതാണ് ദുനിയാവെങ്കില്‍, ദുനിയാവിലെ ജീവിതാവസ്ഥകള്‍ ഇപ്രകാരമാണെങ്കില്‍ സ്ഥായിയായ സന്തോഷത്തിനും സ്ഥായിയായ ദുഃഖത്തിനും ഹൃദയത്തില്‍ ഇടം നല്‍കേണ്ടതില്ല. രണ്ടവസ്ഥകളിലും സ്ഥായിയായ ശാന്തതയ്ക്കും സ്ഥായിയായ സംതൃപ്തിക്കുമാകണം ഇടം കൊടുക്കേണ്ടത്. ഹൃദയത്തിന് ശാന്തി ലഭിക്കുന്നതാകട്ടെ, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും അവന്‍റെ വിധികളിലുള്ള പൂര്‍ണ്ണമായ കീഴൊതുക്കവും അവനില്‍ നിന്നുള്ള സഹായ പ്രതീക്ഷയും വിശ്വാസിയില്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ്. അല്ലാഹു പറഞ്ഞു:

“അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവര്‍. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅദ്/28)

ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഭയാന്തരീക്ഷങ്ങളും രോഗപീഢകളുമൊക്കെ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. അവയോടെക്കെയും ആളുകള്‍ക്ക് വെറുപ്പാണ്. പ്രയാസങ്ങളേല്‍ക്കേണ്ടി വരുമ്പോള്‍ നമ്മളൊക്കെ അസ്വസ്ഥരാകുന്നതും വെപ്രാളപ്പെടുന്നതും അതു കൊണ്ടാണ്. മേല്‍പ്പറയപ്പെട്ട പരീക്ഷണങ്ങളെല്ലാം ദുരിതങ്ങള്‍ മാത്രമാണ് ജീവിതത്തിന് സമ്മാനിക്കുന്നത് എന്ന ചിന്തയാണ് അവയോടൊക്കെ നമുക്ക് ഭയവും വെറുപ്പും ഉണ്ടാക്കുന്നത്. ഇഷ്ടകരങ്ങളായവ എത്രയോ വെറുക്കപ്പെട്ടവയിലുണ്ട്. വെറുക്കപ്പെടേണ്ട എത്രയോ ഇഷ്ടകരങ്ങളായവയിലുമുണ്ട്. ഗുണകരമായവയെന്ന് കരുതിയവയാകും ഒരുപക്ഷെ, രോഗം വരുത്തിവെക്കുന്നവയാകുക. രോഗകാരകമെന്ന് നിനച്ചവയിലാകാം ചിലപ്പോള്‍ സൗഖ്യം നിറഞ്ഞു നില്‍ക്കുന്നത്. പ്രയാസങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും എത്രയോ ഗുണങ്ങള്‍ നമുക്ക് വന്നുഭവിക്കാറുണ്ട് എന്നത് അനുഭവമാണ്. അല്ലാഹു പറഞ്ഞു:

“എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ബഖറ/216)

ഉമയ്യത്ത് ബ്നു അബിസ്സ്വലത്തിന്‍റെ കവിതാ ശകലങ്ങള്‍ ഇവിടെ യുക്തിയുക്തമാണ്:

“എല്ലാം വിധിയെപ്രതിയാണ് നടക്കുന്നത്

അപകടങ്ങളുടെ മടിക്കിഴിയില്‍ കാമ്യമായതും

അനിഷ്ടകരമായതുമുണ്ടാകാം

ഞാന്‍ ഭയന്നിരുന്നവയിലായിരിക്കാം

എനിക്കുള്ള സന്തോഷം നിലകൊള്ളുുന്നത്!

ഞാന്‍ കൊതിക്കുന്നവയിലായിരിക്കാം

എനിക്ക് അപകടം പതിയിരിക്കുന്നത്!”

ദുനിയാവ്, ദുനിയാവിലെ ജീവിതം, അതിലെ സുഖ ദുഃഖങ്ങള്‍, അവയുടെ ദൈവ നിശ്ചയ പ്രകാരമുള്ള മാറ്റങ്ങള്‍, ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുടെ ഗുണദോഷങ്ങള്‍, അവ രണ്ടിനേയും അഭിമുഖീകരിക്കേണ്ട മാനുഷികമായ മാനസിക രീതികള്‍ എല്ലാമെല്ലാം മുഅ്മിനുകളെ സംബന്ധിച്ചിടത്തോളം പ്രാമാണികമായി പഠിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. അതു കൊണ്ടുതന്നെ കൈവരുന്ന സന്തോഷങ്ങളില്‍ അമിതാനന്ദം കാണിക്കാനും അഹങ്കരിക്കാനും വിശ്വാസികള്‍ക്കാകില്ല. അനുഭവിക്കുന്ന ഭയ, രോഗ, ദാരിദ്ര്യ പരീക്ഷണങ്ങളില്‍ തീവ്രദുഃഖം പ്രകടിപ്പിക്കാനും നിരാശയില്‍ വീഴാനും അവര്‍ക്കാകില്ല. തങ്ങളുടെ സ്രഷ്ടാവിനെ സംബന്ധിച്ചും, അവന്ന് തങ്ങളിലുള്ള സമ്പൂര്‍ണ്ണമായ കൈകാര്യാധികാരത്തെ സംബന്ധിച്ചുമുള്ള ബോധമുള്ളതുകൊണ്ടാണ് പ്രസ്തുത നിലപാടുകളില്‍ ജീവിക്കാന്‍ മുഅ്മിനുകള്‍ക്ക് സാധ്യമാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള പരിശീലനവും അപ്രകാരമാണ്.

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്.” (ഹദീദ്/22, 23)

വ്യത്യസ്തങ്ങളായ ആപത്തുകളുടെ കാലമാണിത്. പരീക്ഷണങ്ങളാല്‍ പരിക്ഷീണമായിരിക്കുന്ന സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളാണ് നിലവില്‍. എന്തു ചെയ്യണം എങ്ങനെ നേരിടണം എവിടെ നിന്നാണ് രക്ഷയും മോചനവും എന്നീ ആശങ്കകള്‍ മനസ്സിനെ മദിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ ആത്യന്തികമായ ചിന്ത അല്ലാഹുവിനെപ്പറ്റിയും അവനില്‍ നിന്ന് ലഭിക്കാവുന്ന സംരക്ഷണത്തെപ്പറ്റിയുമാണ്. അതുകൊണ്ടു തന്നെ ഒരു പ്രതിസന്ധിയിലും പതറിനില്‍ക്കുന്ന അവസ്ഥ അവര്‍ക്കുണ്ടാകുന്നില്ല. പ്രതിസന്ധികളെ മറികടക്കാനുതകുന്ന ആശാസ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ക്ഷമാപൂര്‍വ്വം സ്വീകരിക്കുകയും അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളെ പാലിക്കുകയും അവനോടുള്ള അനുസരണങ്ങളില്‍ ബോധപൂര്‍വ്വമോ അല്ലാതെയൊ വന്നുപോയിട്ടുള്ള കുറവുകള്‍ നികത്തുകയും സര്‍വദാ അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ക്രിയാത്മകമായ ജീവിത രീതിയാണ് മുഅ്മിനുകളുടേത്.

സത്യവിശ്വാസിയെ രോഗപീഢകള്‍ നിഷേധിയാക്കുകയില്ല. അല്ലാഹുവിനെ സംബന്ധിച്ച മോശമായ ധാരണകള്‍ അവന്‍റെ മനസ്സിലേക്ക് കടന്നു വരുകയുമില്ല. എന്തുകൊണ്ടെന്നാല്‍, ഒരു രോഗം, അത് നിസ്സാരമാകട്ടെ മാരകമാകട്ടെ, തന്നെ ബാധിക്കും മുമ്പ് അല്ലാഹു തന്നെ നല്‍കിയ ആരോഗ്യാവസ്ഥയിലും അതിന്‍റെ ആശ്വാസത്തിലുമായിരുന്നു താന്‍ എന്ന് സത്യവിശ്വാസിക്കറിയാം. അതു കൊണ്ടു തന്നെ ഇന്നലത്തെ ആരോഗ്യാവസ്ഥ ഇന്ന് രോഗാവസ്ഥയിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ഇന്നലത്തെ ആരോഗ്യവസ്ഥയുണ്ടാക്കിയ അല്ലാഹുവിന്‍റെ തന്നെ സംവിധാനമാണ് തന്നിലുണ്ടായിട്ടുള്ള ഇന്നത്തെ രോഗാവസ്ഥ. ആരോഗ്യവസ്ഥയില്‍ മാറ്റമുണ്ടായതു പോലെ അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ രോഗാവസ്ഥക്കും മാറ്റമുണ്ടാകുമെന്നും ആശ്വാസവും സന്തോഷവും തിരിച്ചു കിട്ടുമെന്നും മുഅ്മിനുകള്‍ വിശ്വസിക്കുന്നതും അതിന്നായി അല്ലാഹുവിനോട് മനസ്സാന്നിധ്യത്തോടെ പ്രാര്‍ത്ഥക്കുന്നതും അക്കാരണം കൊണ്ടാണ്. പ്രപഞ്ചനാഥന്ന് തന്‍റെ ജീവിതത്തില്‍ എന്തിനും കൈകാര്യാധികാരമുണ്ട് എന്ന വിശ്വാസമാണ് മൗലികമായി മുഅ്മിനുകളെ വഴിനടത്തുന്നത്. ജീവതത്തിന്‍റെ ഗതിവിഗതികളിലെല്ലാം ക്ഷമയവലംബിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് പ്രസ്തുത വിശ്വാസത്തെ ചോര്‍ന്നുപോകാതെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. മുഅ്മിനുകളെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുളളതും അപ്രകാരമാണ്.

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ അഥവാ ആ ക്ഷമാശീലര്‍ പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (അല്‍ബഖറ/155, 156)

ഈ കൊറോണക്കാലയളവില്‍ കോവിഡിന്‍റെ പിടിയിലായവര്‍ മാത്രമല്ല രോഗികളാകുന്നത്. മറ്റെത്രയോ രോഗകാരണങ്ങളാല്‍ രോഗികളായിക്കൊണ്ടിരിക്കുന്നവര്‍ ഇതിന്നിടയിലും ഉണ്ട്. കൊറോണ വൈറസേറ്റവര്‍ മാത്രമല്ല മരിച്ചു വീഴുന്നത്. മറ്റു രോഗങ്ങളില്‍ കഴിയുന്നവരും ഇതിന്നിടയില്‍ മരണപ്പെടുന്നുണ്ട്. മാത്രമൊ, യാതൊരു രോഗവുമില്ലാത്ത ആരോഗ്യവാന്‍മാരും ഈ നടപ്പു ദിവസങ്ങളില്‍ മരണപ്പെട്ടിട്ടില്ലെ. ഉണ്ട്. ഈ സന്ദര്‍ഭങ്ങളിലൊക്കെ നാം എന്തു നിലപാടാണ് സ്വീകരിച്ചിരുന്നത്? ആ നിലപാടു തന്നെയാണ് കോവിഡിന്‍റെ കാര്യത്തിലും നാം സ്വീകരിക്കേണ്ടത്. രോഗംബാധിച്ചെങ്കില്‍ ചികിത്സിക്കുന്നു. രോഗാവസ്ഥയില്‍ ക്ഷമിക്കുന്നു. രോഗമുക്തിക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അതെ, അതാണു വേണ്ടത്.

രാജ്യാധികാരവും സമ്പത്തും ശാസ്ത്രീയമായ വളര്‍ച്ചയും ഭൗതികമായ അഭിവൃദ്ധിയും അധിനിവേശങ്ങള്‍ സാധ്യമാക്കുന്ന ആള്‍പ്പടയും ആയുധപ്പുരയും കയ്യിലുണ്ടെന്ന അഹങ്കാരവും, ദൈവനിഷേധത്തിനും അഹങ്കാരത്തിനും മാനവവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിഹത്യക്കും മനുഷ്യനെ ധൃഷ്ടനാക്കുമ്പോള്‍ പ്രപഞ്ച സ്രഷ്ടാവിന്‍റെ ഇടപെടലുകള്‍ അനിവാര്യമായി വരും. അത്തരം ഇടപെടലുകളുണ്ടാകുമ്പോള്‍ ബുദ്ധികൊണ്ട് അനുഗൃഹീതനായ മനുഷ്യന്‍ ചെയ്യേണ്ടത് തന്‍റെ നാളിതുവരെയുള്ള നിലപാടുകളേയും ചെയ്തികളേയും സ്വയം വിചാരണക്ക് വിധേയമാക്കുകയാണ്. കുറ്റങ്ങളും കുറവുകളും നികത്തിയും ശരിയായ നിലപാടിലേക്ക് മാറിയും ജീവിക്കാന്‍ വിനയം കാണിക്കുകയാണ് വേണ്ടത്. അതിനും പകരം, കരുണാമയനായ പ്രപഞ്ചനാഥനെ ക്രൂരനായി ചിത്രീകരിച്ച് അവനെ പഴിക്കുകയല്ല. മാരകമായ എയ്ഡ്സ് ബാധയേറ്റവന്‍ തന്‍റെ കുത്തഴിഞ്ഞ ലൈംഗിക ജിവതം കൊണ്ടാണെന്ന് അംഗീകരിക്കാതെ കാരുണ്യവാനായ അല്ലാഹുവിനെ ക്രൂരനെന്ന് പഴിപറയുന്നതില്‍ അര്‍ത്ഥമില്ലല്ലൊ.

ഈ സങ്കീര്‍ണ്ണ ഘട്ടത്തില്‍ മുഅ്മിനുകള്‍ ചെയ്യേണ്ടത് കൂടുതല്‍ റബ്ബിലേക്കടുക്കാനും അവന്‍റെ സമ്പൂര്‍ണ്ണമായ പരിരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ആത്മാര്‍ത്ഥത കാണിക്കുക എന്നതാണ്. അല്ലാഹുവിലുള്ള വിശ്വാസം ദൃഢമാക്കുക. അവന്‍റെ മാര്‍ഗ്ഗദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം കൂടുതല്‍ സജീവമാക്കുക. അവിവേകങ്ങള്‍ തെറ്റുകള്‍ ചെയ്യിച്ചിട്ടുണ്ട് എങ്കില്‍ മനസ്സറിഞ്ഞ് പശ്ചാത്തപിക്കുക. മാപ്പിരക്കുക. അടിമകളെ ശിക്ഷിക്കാനായി മാത്രമുള്ള ഒരു ദൈവമല്ല നാം പഠിച്ചു വിശ്വസിച്ചിരിക്കുന്ന റബ്ബ്. അവന്‍ തന്‍റെ ദാസീ ദാസന്മാരോട് ദയയും അലിവുമുള്ളവനാണ്. ആഗ്രഹങ്ങളും ആവശ്യങ്ങളും പറഞ്ഞ് തന്നിലേക്ക് കൈയ്യുയര്‍ത്തുന്നവന്‍റെ കൈകളെ ഒന്നും നല്‍കാതെ തിരിച്ചുവിടുന്നവനല്ല അല്ലാഹു. എന്നോടു പ്രാര്‍ത്ഥിച്ചോളൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്ന് നമുക്കവന്‍ വാക്കു തന്നിട്ടുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന്ന് അല്ലാഹു മതിയാകുമെന്ന ആശ്വാസവും അവന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. സമീപസ്ഥനായ നാഥനെന്നും, കണ്ഠനാഡിയേക്കാള്‍ അടുത്തുള്ള നാഥനെന്നും സ്വയം പരിചയപ്പെടുത്തിയ പടച്ച തമ്പുരാനിലാകട്ടെ നമ്മുടെ മുഴുവന്‍ ആശ്രയവും. ലോകത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന കൊറോണയുടെ പിടിയില്‍ നിന്നും മനുഷ്യമക്കളെ മുഴുവന്‍ അല്ലാഹു സംരംക്ഷിക്കട്ടെ.

print

2 Comments

  • 👍

    Anonymous 24.03.2020
  • Anonymous 25.03.2020

Leave a comment

Your email address will not be published.